2025 മാര്‍ച്ച് 21 മുതല്‍ 23 വരെ കര്‍ണാടകയിലെ ചെന്നനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തില്‍ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ പ്രതിനിധിസഭ ആര്‍.എസ്.എസ്. ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ സ്വീകരിച്ച പ്രതിജ്ഞ
അനാദികാലം മുതല്‍, ഹിന്ദുസമൂഹം മാനവ ഏകതയും വിശ്വ മംഗളവും ലക്ഷ്യമിട്ടുള്ള സുദീര്‍ഘവും അവിസ്മരണീയവുമായ ഒരു യാത്രയില്‍ സമര്‍പ്പിതരാണ്. മഹത്തായ മാതൃശക്തിയുടെയും സന്ന്യാസി ശ്രേഷ്ഠരുടെയും ധാര്‍മ്മികാചാര്യന്മാരുടെയും മഹത്തുക്കളുടെയും അനുഗ്രഹങ്ങളും പരിശ്രമങ്ങളും കാരണം, നമ്മുടെ രാഷ്ട്രം പല തരത്തിലുള്ള ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും നിരന്തരം മുന്നോട്ട് പോകുന്നു.
കാലപ്രവാഹത്തില്‍ ദേശീയ ജീവിതത്തില്‍ കടന്നുവന്ന നിരവധി ദോഷങ്ങളെ അകറ്റി സംഘടിതവും സ്വഭാവശുദ്ധിയും ശക്തിമത്തുമായ ഒരു രാഷ്ട്രമെന്ന നിലയില്‍ ഭാരതത്തെ പരമ വൈഭവത്തിലേക്ക് നയിക്കുന്നതിനായി, പരം പൂജനീയ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ 1925-ല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. സംഘപ്രവര്‍ത്തനത്തിന്റെ വിത്തുകള്‍ പാകിയ ഡോ. ഹെഡ്‌ഗേവാര്‍, ദൈനംദിന ശാഖയുടെ രൂപത്തില്‍ വ്യക്തി നിര്‍മ്മാണത്തിന്റെ ഒരു സവിശേഷ കാര്യപദ്ധതി വികസിപ്പിച്ചെടുത്തു. നമ്മുടെ സനാതന പാരമ്പര്യങ്ങളുടെയും മൂല്യങ്ങളുടെയും പരിപ്രേക്ഷ്യത്തില്‍, രാഷ്ട്രനിര്‍മ്മാണത്തിനായുള്ള നിസ്വാര്‍ത്ഥ തപസ്സായി ഇത് മാറി. ഡോക്ടര്‍ജിയുടെ ജീവിതകാലത്ത് തന്നെ ഈ പ്രവര്‍ത്തനം രാഷ്ട്രവ്യാപകമായ രൂപം കൈവരിച്ചു. ദ്വിതീയ സര്‍സംഘചാലക് പൂജനീയ ശ്രീഗുരുജിയുടെ (മാധവ സദാശിവ ഗോള്‍വല്‍ക്കര്‍) ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തില്‍, ദേശീയ ജീവിതത്തിന്റെ വിവിധ മേഖലകളില്‍, സനാതന ചിന്തകളുടെ വെളിച്ചത്തില്‍ കാലാനുസൃതവും യുഗാനുകൂലവുമായ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 100 വര്‍ഷത്തെ ഈ യാത്രയില്‍, ദൈനംദിന ശാഖയിലൂടെ നേടിയെടുത്ത മൂല്യങ്ങളിലൂടെ സംഘം സമൂഹത്തിന്റെ അചഞ്ചലമായ വിശ്വാസവും സ്‌നേഹവും നേടിയിട്ടുണ്ട്. ഈ കാലയളവില്‍, സ്‌നേഹത്തിന്റെയും ഹൃദയബന്ധത്തിന്റെയും ശക്തിയില്‍, സംഘസ്വയംസേവകര്‍ മാനാപമാനങ്ങള്‍ക്കും രാഗദ്വേഷങ്ങള്‍ക്കും അതീതമായി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു. സംഘപ്രവര്‍ത്തനത്തിന്റെ ശതാബ്ദി വേളയില്‍, എല്ലാ സാഹചര്യങ്ങളിലും നമ്മുടെ ശക്തിയായി മാറിയ, അനുഗ്രഹങ്ങളും സഹകരണവും നല്‍കിയ ആദരണീയരായ സന്ന്യാസിമാരെയും സമൂഹത്തിലെ സജ്ജനങ്ങളെയും ജീവിതം സമര്‍പ്പിച്ച നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരെയും സ്വയംസേവക കുടുംബങ്ങളെയും ഓര്‍ക്കേണ്ടത് നമ്മുടെ കടമയാണ്. പുരാതനമായ സംസ്‌കൃതിയും സമൃദ്ധമായ പാരമ്പര്യവും കൊണ്ട് ചലിക്കുന്ന, സൗഹാര്‍ദ്ദപൂര്‍ണമായ ലോകം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ അനുഭവജ്ഞാനം ഭാരതത്തിനുണ്ട്. നമ്മുടെ ചിന്തകള്‍ ഭിന്നിപ്പിക്കുന്നതും ആത്മഹത്യാപരവുമായ പ്രവൃത്തികളില്‍ നിന്ന് മനുഷ്യനെ സുരക്ഷിതമാക്കുകയും ഈ ചരാചര ജഗത്തില്‍ ഏകാത്മഭാവനയും ശാന്തിയും ഉറപ്പാക്കുകയും ചെയ്യുന്നു.
ധര്‍മ്മത്തില്‍ അധിഷ്ഠിതമായ, ആത്മവിശ്വാസം നിറഞ്ഞ, സംഘടിതമായ ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഹിന്ദു സമൂഹത്തിന് അതിന്റെ ആഗോള ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റാന്‍ കഴിയൂ എന്ന് സംഘം വിശ്വസിക്കുന്നു. അതുകൊണ്ട്, എല്ലാത്തരം ഭിന്നതകളെയും നിരാകരിക്കുന്ന, ഒന്നെന്ന ഭാവത്തോടെയുള്ള പെരുമാറ്റത്തിന്റെയും, പരിസ്ഥിതി സൗഹൃദ ജീവിതശൈലിയില്‍ അധിഷ്ഠിതമായ ഒരു മൂല്യാധിഷ്ഠിത കുടുംബത്തിന്റെയും സ്വഅവബോധത്താല്‍ സമ്പുഷ്ടവും പൗരന്റെ കടമകളില്‍ പ്രതിജ്ഞാബദ്ധവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ ദൃഢനിശ്ചയം ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഈ അടിസ്ഥാനത്തില്‍, സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനും വെല്ലുവിളികള്‍ക്ക് ഉത്തരം നല്‍കാനും, ഭൗതിക സമൃദ്ധിയും ആത്മീയതയും നിറഞ്ഞ ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനും നമുക്ക് കഴിയും. സജ്ജന ശക്തിയുടെ നേതൃത്വത്തില്‍, മുഴുവന്‍ സമൂഹത്തെയും ഒപ്പം ചേര്‍ത്ത് ലോകത്തിന് മാതൃകയാകുന്ന സംഘടിത ഭാരതം കെട്ടിപ്പടുക്കാന്‍ അഖില ഭാരതീയ പ്രതിനിധി സഭ ദൃഢനിശ്ചയം ചെയ്യുന്നു.