ഹിന്ദു സമൂഹത്തിന് ക്ഷേത്രങ്ങള്‍ കേവലം ആരാധനാ കേന്ദ്രങ്ങള്‍ മാത്രമായിരുന്നില്ല. അത് കലയുടെയും സാഹിത്യത്തിന്റെയും ആതുരശുശ്രൂഷയുടെയും നീതിന്യായത്തിന്റെയും ഭരണനിര്‍വ്വഹണത്തിന്റെയും നിധി നിക്ഷേപങ്ങളുടെയുമെല്ലാം കേന്ദ്രങ്ങളായിരുന്നു പണ്ട്. ക്ഷേത്രങ്ങള്‍ ജീര്‍ണ്ണിച്ചപ്പോഴെല്ലാം ഹൈന്ദവ സമൂഹം അധ:പതിച്ചിട്ടുണ്ട്. അതിര്‍ത്തി ഭേദിച്ചു വന്ന പരദേശികളെല്ലാം ക്ഷേത്രങ്ങളെ ആക്രമിച്ച് തകര്‍ക്കുവാനും കൊള്ളചെയ്യാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കേരളത്തിലേയ്ക്ക് പട നയിച്ചെത്തിയ ഹൈദരാലിയും ടിപ്പുവുമെല്ലാം ക്ഷേത്രങ്ങള്‍ തകര്‍ത്ത് കൊള്ളയടിച്ചിരുന്നു. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരുമെല്ലാം ക്ഷേത്രങ്ങള്‍ തകര്‍ക്കുന്ന നയമാണ് സ്വീകരിച്ചു പോന്നത്.ക്ഷേത്രങ്ങള്‍ തകര്‍ന്നപ്പോള്‍ ശിഥിലമായിപ്പോയ ഹിന്ദു സമൂഹത്തെ നിര്‍ബാധം മതം മാറ്റാനും ഈ നാട്ടില്‍ വൈദേശിക മതശക്തികള്‍ക്ക് ഭരണം നടത്താനും കഴിഞ്ഞു. പില്‍ക്കാലത്ത് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തില്‍ ആധിപത്യം ചെലുത്തിയ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും ഹിന്ദുത്വത്തിനും ക്ഷേത്രങ്ങള്‍ക്കും എതിരായിട്ടാണ് എല്ലാ കാലത്തും പ്രവര്‍ത്തിച്ച് പോന്നിട്ടുള്ളത്. ക്ഷേത്ര വിരുദ്ധ നിലപാടുകളെ പുരോഗമന ചിന്തയെന്ന് വരുത്തിത്തീര്‍ക്കുന്നതിനും ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ കാലഹരണപ്പെട്ട അന്ധവിശ്വാസങ്ങളാണെന്ന് പ്രചരിപ്പിക്കുന്നതിലും കമ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ചു. ഹിന്ദുവായിരിക്കുക എന്നത് അങ്ങേയറ്റം അപകര്‍ഷതാബോധമുണര്‍ത്തുന്ന കാര്യമായി കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ വരുത്തി ത്തീര്‍ക്കുവാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രചാരണങ്ങള്‍ കൊണ്ടായി. ഒരു ക്ഷേത്രം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം തകര്‍ന്നു എന്നു വരുത്തുവാന്‍ കമ്യൂണിസ്റ്റ് കുബുദ്ധിജീവികള്‍ക്കായി. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ കമ്യൂണിസ്റ്റുകള്‍ കേരളത്തിലെ സംഘടിത ക്രൈസ്തവ ഇസ്ലാം മതങ്ങളോട് അത്യുദാരമായാണ് ഇടപെട്ടു പോന്നിട്ടുള്ളതെന്ന് കാണാന്‍ കഴിയും. ഹിന്ദുവിന്റെ ദൈവ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും എതിര്‍ക്കാന്‍ കാണിക്കുന്ന വാശിയൊന്നും ഇതര മതങ്ങളോട് കമ്യൂണിസ്റ്റുകള്‍ കാട്ടിയിട്ടില്ല. ടിപ്പുവിന്റെയും പോര്‍ച്ചുഗീസുകാരുടെയും പടയോട്ടങ്ങളും കമ്യൂണിസ്റ്റ് മതവാദികളുടെ കടന്നാക്രമണങ്ങളുമെല്ലാം ചേര്‍ന്ന് കേരളത്തിലെ ക്ഷേത്രങ്ങളെയും ഹൈന്ദവ സാമൂഹ്യ ജീവിതത്തെയും തകര്‍ത്ത് തരിപ്പണമാക്കിക്കളഞ്ഞു.
എന്നാല്‍ 1942ല്‍ കേരളത്തിലെ സാമൂഹ്യ ജീവിതത്തിലേക്ക് രാഷ്ട്രീയ സ്വയംസേവക സംഘം കടന്നുവരുകയും ഹിന്ദുസ്വാഭിമാനം വീണ്ടെടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. അന്തിത്തിരി കത്തിക്കാന്‍ പോലും ശേഷിയില്ലാതെ തകര്‍ന്നടിഞ്ഞ അമ്പലങ്ങളുടെ മുറ്റത്താരംഭിച്ച സംഘ ശാഖകള്‍ ക്ഷേത്ര നവോത്ഥാന പരിശ്രമങ്ങളിലൂടെ ഹിന്ദുസമൂഹത്തെ സ്വാഭിമാനത്തിലേയ്ക്കും ക്ഷേത്ര കേന്ദ്രീകൃത സാമൂഹ്യ ജീവിതത്തിലേയ്ക്കും മടക്കി കൊണ്ടുവന്നു. ക്ഷേത്രോത്സവങ്ങളുടെ മറവില്‍ വി.സാംബശിവനും കമ്യൂണിസ്റ്റ് നാടകവേദികളും നടത്തിപ്പോന്നിരുന്ന ഹിന്ദു വിരുദ്ധ കലാഭാസങ്ങള്‍ക്ക് തടയിടാനും ക്ഷേത്ര കലകളും ആചാരങ്ങളും മടക്കിക്കൊണ്ടുവരുവാനും ഹൈന്ദവ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിഞ്ഞു. പി.മാധവജിയും കേളപ്പജിയും ക്ഷേത്ര സംരക്ഷണ സമിതിയുമൊക്കെയായി കേരളത്തിലെ ഹിന്ദു സമൂഹത്തില്‍ ക്ഷേത്ര വിശ്വാസം രൂഢമൂലമാക്കി. ഹിന്ദു വിരുദ്ധ പ്രചാരണങ്ങളിലൂടെ മതപരിവര്‍ത്തന ശക്തികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തങ്ങളുടെ രാഷ്ട്രീയ അടിത്തറയ്ക്ക് ഇളക്കം തട്ടിത്തുടങ്ങിയതായി മനസ്സിലായി. ഇതോടെ നിരീശ്വരവാദികളെന്ന് മേനി നടിച്ചവര്‍ ഏത് വിധേനയും അമ്പലഭരണം പിടിച്ചെടുക്കാന്‍ തീരുമാനിച്ചു. ദേവസ്വം ബോര്‍ഡുകളില്‍ അവിശ്വാസികളും ഹിന്ദു വിരുദ്ധരുമായ കമ്യൂണിസ്റ്റ് സഖാക്കള്‍ കടന്നു കൂടുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരിക്കുകയാണ്. ഗുരുവായൂര്‍, ശബരിമല തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളെ എപ്പോഴും വിവാദ കേന്ദ്രമാക്കി നിലനിര്‍ത്താനും ഇവിടങ്ങളിലെ കണക്കറ്റ സ്വത്തുവകകള്‍ അന്യാധീനപ്പെടുത്താനും കൊണ്ടുപിടിച്ച് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഇതുകൂടാതെ ക്ഷേത്രോത്സവങ്ങളെ അലങ്കോലമാക്കി ഹിന്ദുക്കളുടെ ഒത്തുകൂടലുകളെ അസാധ്യമാക്കുക എന്ന പുതിയ തന്ത്രം കമ്യൂണിസ്റ്റുകള്‍ അധികാരത്തിന്റെ തിണ്ണമിടുക്കില്‍ നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. സുവിശേഷ വേലക്കാരില്‍ നിന്നും ജിഹാദികളില്‍നിന്നും അച്ചാരം വാങ്ങി ക്ഷേത്രോത്സവങ്ങളെ അലങ്കോലമാക്കുന്ന കമ്യൂണിസ്റ്റ് പദ്ധതി വിജയന്‍ മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ ഹിന്ദു വിരുദ്ധ നീക്കമാണ്. കേരളത്തിലെ പല ജില്ലകളിലും രാത്രി പത്തു മണിക്ക് ശേഷം ക്ഷേത്രോത്സവ കലാപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ക്ഷേത്രോത്സവങ്ങളും ആചാരാനുഷ്ഠാനങ്ങളും പോലീസ് തേര്‍വാഴ്ചയില്‍ നിര്‍ത്തിച്ച നിരവധി സംഭവങ്ങളാണ് അടുത്തിടെ കേരളത്തില്‍ അരങ്ങേറിയിട്ടുള്ളത്. ലോക പ്രസിദ്ധമായ തൃശ്ശൂര്‍പൂരം വരെ കമ്യൂണിസ്റ്റ് പോലീസിന്റെ അഴിഞ്ഞാട്ടത്തില്‍ മുടങ്ങിയത് നാം കണ്ടതാണ്. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ക്ഷേത്രത്തിലേക്കുള്ള കലശം വരവിനെ വരെ പാര്‍ട്ടി പ്രകടനങ്ങളുടെ വേദിയാക്കി മാറ്റിയിരിക്കുകയാണ്. മുഴപ്പിലങ്ങാട് കുറുംബ ഭഗവതിക്കാവിലെ താലപ്പൊലി കലശം വരവില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം വച്ച രക്തസാക്ഷി സ്തൂപം മുദ്രാവാക്യത്തിന്റെ അകമ്പടിയില്‍ എഴുന്നള്ളിച്ചു എന്നു പറഞ്ഞാല്‍ കാര്യങ്ങളുടെ അവസ്ഥ മനസ്സിലാക്കാവുന്നതേ ഉള്ളു. കതിരൂര്‍ കൂര്‍മ്പക്കാവിലെ താലപ്പൊലിക്ക് ചെഗുവേരയുടെയും പി.ജയരാജന്റെയും ചിത്രം വച്ച കലശങ്ങള്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിച്ചത് വിശ്വാസഹത്യ ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. ഇക്കഴിഞ്ഞ ദിവസം കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് ഉത്സവ പറമ്പില്‍ തയ്യാറാക്കിയ വേദിയില്‍ ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും കൊടിതോരണങ്ങള്‍ നിരന്നിരുന്നു. ഭക്തിഗാനങ്ങള്‍ക്കു പകരം രാഷ്ട്രീയ ഗാനങ്ങള്‍ ഉയര്‍ന്ന വേദി പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ കൊണ്ട് മുഖരിതമായിരുന്നു. ഹൈക്കോടതി വിമര്‍ശിക്കുന്നിടം വരെ കാര്യങ്ങള്‍ എത്തിയെങ്കിലും പാര്‍ട്ടി പിന്നോട്ടില്ല എന്നു വേണം അനുമാനിക്കാന്‍. കടയ്ക്കല്‍ ദേവീക്ഷേത്രോപദേശക സമിതി പ്രസിഡന്റായി പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത് പത്തൊമ്പത് കേസില്‍ പ്രതിയായ തെരുവു ഗുണ്ടയെ ആണ് എന്നറിയുമ്പോഴാണ് ഒന്നും യാദൃച്ഛികമായിരുന്നില്ലെന്ന് നാം മനസ്സിലാക്കുന്നത്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രഗോപുരത്തില്‍ ഓങ്കാരം സ്ഥാപിച്ചാല്‍ അത് മതേതരത്വം തകര്‍ക്കുമെന്നു പറയുന്ന ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലാണ് ഈ കമ്യൂണിസ്റ്റ് പേക്കൂത്തുകള്‍ അരങ്ങേറുന്നതെന്നോര്‍ക്കണം. ശഠനോട് ശാഠ്യമല്ലാതെ വേദാന്തമോതിയിട്ട് കാര്യമില്ലാത്തതുകൊണ്ട് ഹിന്ദുസമൂഹം അവരുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ കരുത്തിന്റെ ഭാഷ പുറത്തെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.