പ്രതിലോമകരമായ പ്രാദേശികവാദങ്ങള്‍ ഭാരതത്തിന്റെ അസ്മിതയെയും അഖണ്ഡതയെയും തുരങ്കം വെക്കുന്ന പ്രവണതകളിലൊന്നാണ്. തമിഴ്‌നാട്ടില്‍ ദ്രാവിഡരാഷ്ട്രീയത്തിന്റെ പ്രയോക്താക്കളെന്ന് അവകാശപ്പെട്ടുകൊണ്ട് ഡിഎംകെ നടത്തുന്ന പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും ഭാരതത്തിന്റെ പൊതുവായ ഏകതയ്ക്കും ഐക്യത്തിനും വിഘാതം സൃഷ്ടിക്കുന്നവയാണ്. ഏറ്റവുമൊടുവില്‍ സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കിയ പ്രതിഷേധാര്‍ഹമായ നടപടിയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ബജറ്റിനു മുന്നോടിയായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പുറത്തിറക്കിയ ബജറ്റ് ലോഗോയില്‍ രൂപയുടെ ഔദ്യോഗിക ചിഹ്നത്തിന് പകരം തമിഴില്‍ രൂ എന്നാണെഴുതിയത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കറന്‍സി ചിഹ്നം ഒരു സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുന്നത് സ്വാഭാവികമായ ഒരു സംഭവമല്ല.
വിഘടനവാദത്തിന്റെ വിത്തുകള്‍ വിതച്ചുകൊണ്ടാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂമികയില്‍ ഡിഎംകെ വേരുറപ്പിച്ചത്. ദേശീയ സ്വത്വത്തെയും സംസ്‌കാരത്തെയും നിരാകരിച്ചുകൊണ്ടും പ്രാദേശികവാദത്തെ നയരേഖയായി സ്വീകരിച്ചുകൊണ്ടുമാണ് അവിടെ അവര്‍ വളരാന്‍ ശ്രമിച്ചത്. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പ് തന്നെ തമിഴകത്ത് തുടര്‍ച്ചയായി ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. അക്കാലത്ത് തന്നെ സ്വതന്ത്രരാജ്യം സ്വപ്‌നം കണ്ടുള്ള സമരരൂപങ്ങള്‍ തമിഴ് രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 1940-ല്‍ കാഞ്ചീപുരത്ത് ഇ.വി.ആര്‍. വിളിച്ചു ചേര്‍ത്ത ദ്രാവിഡനാട് സമ്മേളനത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവയും ബംഗാളിന്റെ ചില ഭാഗങ്ങളും അടങ്ങുന്ന ദ്രാവിഡനാടിന്റെ ഭൂപടം അവതരിപ്പിക്കപ്പെട്ടിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും അകല്‍ച്ചയും ഉണ്ടായെങ്കിലും പെരിയാറിന്റെ പ്രായോഗിക രാഷ്ട്രീയത്തില്‍ നിന്ന് പ്രേരണ സ്വീകരിച്ചുകൊണ്ടാണ് പില്‍ക്കാലത്ത് അണ്ണാദുരൈ തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോയത്. സനാതനധര്‍മ്മത്തെ ആക്ഷേപിച്ചുകൊണ്ടും ആക്രമിച്ചുകൊണ്ടും അവിടെ തുടര്‍ച്ചയായി പ്രസംഗങ്ങളും പ്രതികരണങ്ങളും അരങ്ങേറി. ഡിഎംകെ സ്ഥാപകനായ അണ്ണാദുരൈ 1943 മെയ് 9 ന് നടത്തിയ ഒരു പ്രസംഗത്തില്‍ ‘സനാതനം’ പൊളിച്ചെഴുതാന്‍ ആഹ്വാനം ചെയ്തു. പിന്നീട് കരുണാനിധിയും ഇപ്പോള്‍ സ്റ്റാലിനുമൊക്കെ ഇതേ രാഷ്ട്രീയ പാരമ്പര്യമാണ് മുറുകെപ്പിടിക്കുന്നത്. രൂപീകരണ കാലം മുതല്‍ ഡി.എം.കെ അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചത് ദ്രാവിഡനാട് രൂപീകരണമായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് നീലഗിരിയില്‍ നടന്ന സമ്മേളനത്തില്‍ ഡി.എം.കെ എം.പിയായ ആണ്ടിമുത്തുരാജ ദ്രാവിഡനാട് എന്ന ആശയം പുനരവതരിപ്പിക്കാന്‍ ഡിം.എം.കെ നിര്‍ബ്ബന്ധിതമാകുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെ പുരോഗമന കലാ-സാഹിത്യ പ്രവര്‍ത്തകരുടെ ഒരു സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ സനാതനധര്‍മ്മം മലേറിയ, ഡെങ്കി എന്നിവ പോലെയാണെന്നും അതുകൊണ്ട് തന്നെ അതിനെ എതിര്‍ക്കുകയല്ല, മറിച്ച് ഉന്മൂലനം ചെയ്യുകയാണ് വേണ്ടത് എന്നും അഭിപ്രായപ്പെട്ടു. ഈ പരാമര്‍ശം വിവാദമായതിന് പിന്നാലെ സനാതനധര്‍മ്മത്തെ എച്ച്.ഐ.വിയോടും കുഷ്ഠരോഗത്തോടും ഉപമിച്ചുകൊണ്ട് ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ എ.രാജ രംഗത്ത് വന്നു.
രൂപയുടെ ചിഹ്നം ഒഴിവാക്കാന്‍ ഡി.എം.കെ സര്‍ക്കാര്‍ തീരുമാനമെടുക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് വിസ്മരിക്കാന്‍ പാടില്ലാത്ത ചില വസ്തുതകളുണ്ട്. മുന്‍ ഡി.എം.കെ എം.എല്‍.എയുടെ മകനായ ഡി.ഉദയകുമാര്‍ എന്ന ഐ.ഐ.ടി പ്രൊഫസറാണ് ഈ ചിഹ്നമുണ്ടാക്കിയതെന്ന കാര്യമാണ് അതില്‍ പ്രധാനം. നമ്മുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാനും, ശ്രീലങ്കയും രൂപയെ സമാനമായാണ് ചുരുക്കിയെഴുതുന്നത് എന്നതിനാല്‍ ഇന്ത്യന്‍ രൂപയെ ആര്‍.എസ് എന്നും ഐ.എന്‍.ആര്‍ എന്നും വിശേഷിപ്പിക്കുന്നത് നേരത്തെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. ഇതിനുള്ള പരിഹാരമെന്ന നിലയില്‍ കൂടിയാണ് രൂപയ്ക്ക് പുതിയ ചിഹ്നം തേടുന്നതിലേക്ക് അന്നത്തെ കേന്ദ്രസര്‍ക്കാരിനെ നയിച്ചത്. 2009 ലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം രൂപയുടെ ചിഹ്നം തേടിക്കൊണ്ട് ദേശീയതലത്തില്‍ മത്സരം സംഘടിപ്പിക്കുകയും അതില്‍ ഡി. ഉദയകുമാറിന്റെ ചിഹ്നം സ്വീകരിക്കപ്പെടുകയും ചെയ്തത്.
തമിഴ്‌നാട് സ്വദേശി രൂപകല്പന ചെയ്ത ചിഹ്നം ദേശീയ അടയാളമായി മാറിയത് ആ സംസ്ഥാനത്തിന് ലഭിച്ച അംഗീകാരമായി കരുതുന്നതിന് പകരം അതിനെ തിരസ്‌കരിക്കാനുള്ള ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനം അനുചിതവും അപലപനീയവുമാണ്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് ലോഗോയിലെ രൂപ ചിഹ്നം മാറ്റിയത് ഭാഷാ നയത്തോടുള്ള പ്രതിബദ്ധത കാണിക്കാനാണെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വിശദീകരണം അപഹാസ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി സംസാരിക്കാത്ത ആളുകളില്‍ ആ ഭാഷ അടിച്ചേല്‍പ്പിക്കുകയാണെന്ന് അടുത്തിടെ സ്റ്റാലിന്‍ ആരോപിച്ചിരുന്നു. തമിഴ്‌നാട് സംസ്ഥാനത്തിന് മാത്രമായി മെഡിക്കല്‍-എന്‍ജിനിയറിങ് കോഴ്‌സുകള്‍ ആരംഭിക്കണമെന്നും റിക്രൂട്ട്‌മെന്റ് നടപടികളില്‍ പ്രദേശിക ഭാഷ ഉള്‍പ്പെടുത്തിയത് കേന്ദ്ര സര്‍ക്കാരാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ് റിക്രൂട്ട്‌മെന്റില്‍ ഇതുവരെ മാതൃഭാഷയ്ക്ക് സ്ഥാനമുണ്ടായിരുന്നില്ലെന്നും എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നമ്മുടെ യുവാക്കള്‍ അവരുടെ ഭാഷയില്‍ ഇത്തരം പരീക്ഷകള്‍ എഴുതട്ടെയെന്ന് തീരുമാനിച്ചതെന്നും തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഈ പരീക്ഷകള്‍ എഴുതാനാകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എത്രയും പെട്ടെന്ന് സംസ്ഥാനത്തിനായി തമിഴില്‍ ഒരു മെഡിക്കല്‍-എന്‍ജിനീയറിങ് കരിക്കുലം ആരംഭിക്കണമെന്നും കൂടി അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ തമിഴകത്തിന്റെ ശൈവ പാരമ്പര്യം പേറുന്ന ചോള കാലഘട്ടത്തിന്റെ പുന:സ്മരണയുടെ പ്രതീകമായ ചെങ്കോല്‍ രാമേശ്വരത്തെ തിരുവാടുതുറൈ മഠത്തിന്റെ മഠാധിപതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറുകയും, ദല്‍ഹിയില്‍ സമാപിച്ച ജി 20 ഉച്ചകോടിയുടെ മുഖ്യവേദിക്കു മുന്നില്‍ തമിഴ്‌നാട്ടില്‍ നിന്നു തന്നെയുള്ള സ്ഥപതി കുടുംബത്തിലെ ശില്പികള്‍ പണിത നടരാജ വിഗ്രഹം സ്ഥാപിക്കപ്പെടുകയും ചെയ്തത് ഭാരതത്തിന്റെ സാംസ്‌കാരിക ദേശീയതയുടെ വിളംബരഘോഷവും തമിഴ് പാരമ്പര്യത്തിന് രാജ്യം നല്‍കുന്ന പരിഗണനയുടെ സൂചനയുമായിരുന്നു. ഇതെല്ലാം അവഗണിച്ചുകൊണ്ട് ‘ദ്രാവിഡസ്ഥാന്‍’ യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമങ്ങളുമായി ഡിഎംകെ മുന്നോട്ടു നീങ്ങുകയാണ്.
ദക്ഷിണ ഭാരതത്തെ ദേശീയതയില്‍ നിന്നു വേര്‍പെടുത്താനുള്ള സംഘടിത ശ്രമങ്ങള്‍ അടുത്ത കാലത്തായി ശക്തിപ്പെടുകയാണ്. ഇക്കാര്യത്തില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി അണിചേരുകയാണ്. ഇതിനുപിന്നില്‍ ഭാരതവിരുദ്ധരായ ചില വിദേശശക്തികളുടെ കരങ്ങളുണ്ടെന്ന് സംശയിക്കേണ്ടിവരും. നേരത്തെ എറണാകുളത്ത് ‘കട്ടിംഗ് സൗത്ത്’ എന്ന പേരിലുള്ള മാധ്യമ സെമിനാറിന്റെ ഉദ്ഘാടകന്‍ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെയായിരുന്നു. ഡിഎംകെയില്‍ നിന്നും 25 കോടി കൈപ്പറ്റിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്നണിയുമായി സഹകരിക്കുന്നതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പൗരത്വ വിഷയവും വിദേശകാര്യവുമൊന്നും സംസ്ഥാന വിഷയങ്ങളല്ലെന്നത് വ്യക്തമാണെന്നിരിക്കെ തൊഴില്‍ വകുപ്പ് സെക്രട്ടറിയായിരുന്ന ഡോ. കെ.വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ച് കേരളത്തിന്റെ പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ പലതവണ പരസ്യമായി പ്രസ്താവിക്കുകയുണ്ടായി. വിശിഷ്ട സേവനങ്ങള്‍ക്ക് രാജ്യം നല്‍കുന്ന പത്മ പുരസ്‌കാര മാതൃകയില്‍ സംസ്ഥാന മന്ത്രിസഭ നേരത്തെ സമാന്തര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രൂപയുടെ ചിഹ്നം ഒഴിവാക്കാനുള്ള ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനം. ഭാരതത്തിലെ ദേശീയതയുടെ പുതിയ തരംഗത്തിന്റെ പശ്ചാത്തലത്തില്‍, രാഷ്ട്രവിരുദ്ധതയുടെ പുതിയ രൂപമാറ്റങ്ങളോടെയുള്ള രംഗപ്രവേശം രാഷ്ട്രീയത്തില്‍ നിന്ന് അവരെ നാമാവശേഷമാക്കാനേ ഉപകരിക്കുകയുള്ളൂ.