പ്രഭാതത്തില്‍ പ്രകൃതിയെ സ്തുതിക്കുംമട്ടില്‍ പക്ഷികള്‍ പാടുന്നത് കേട്ടാണ് രാമന്‍ ഉണര്‍ന്നത്. രാജകൊട്ടാരത്തില്‍ സ്ഥിരമായി കേള്‍ക്കുന്ന ഉണര്‍ത്തു പാട്ടുകളെക്കാള്‍ ശ്രേഷ്ഠമായി ആ കളകൂജനം രാമന്‍ ആസ്വദിച്ചു. ലക്ഷ്മണനെ അപ്പോള്‍ അവിടെ കണ്ടില്ല. രാമന്‍ എഴുന്നേറ്റ് പുറത്തേയ്ക്കിറങ്ങി. കാനനത്തിന്റെ പ്രഭാത സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ലക്ഷ്മണന്‍ ആശ്രമമുറ്റത്ത് നില്‍ക്കുന്നു.
”ലക്ഷ്മണന് നന്നായി ഉറങ്ങാന്‍ കഴിഞ്ഞില്ലേ?” രാമന്‍ ലക്ഷ്മണന്റെ അടുത്തേയ്ക്കുചെന്നു പതുക്കെ തോളത്ത് കൈവച്ചുകൊണ്ട് ചോദിച്ചു.
”ഇത്രയും സുഖമായി ഞാന്‍ മുമ്പൊരിക്കലും ഉറങ്ങിയിട്ടില്ല ജ്യേഷ്ഠാ…” ലക്ഷ്മണന്‍ സന്തോഷത്തോടെ പറഞ്ഞു.
”രാമന്‍ പതിവിലും വൈകിയാണ് എഴുന്നേറ്റതെന്നു തോന്നുന്നു. ‘ബ്രാഹ്മേ മുഹുര്‍ത്തേ ഉത്തിഷ്ഠ, സ്വസ്ഥോ രക്ഷാര്‍ത്തമായുഷഃ.” ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് ദിനചര്യ പൂര്‍ത്തിയാക്കിയ വിശ്വാമിത്രന്‍ അപ്പോള്‍ അവരുടെ അടുത്തേയ്ക്കു നടന്നുകൊണ്ട് പറഞ്ഞു.
പതിവ് തെറ്റിയതിലുള്ള കുറ്റബോധം രാമന്റെ മുഖത്ത് നിഴലിച്ചു. രാവണനെക്കുറിച്ചുള്ള ചിന്തയാല്‍ ഏറെ വൈകിയാണ് ഉറങ്ങിയത്. വൈകി ഉറങ്ങിയാലും ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കുന്ന പതിവ് തെറ്റിയിരുന്നു.
”ഇന്ന് നമുക്ക് ദുഷ്‌ക്കരമായ ഘോരവനത്തിലൂടെയാണ് സഞ്ചരിക്കാനുള്ളത്.” വിശ്വാമിത്രന്‍ അത്രയും പറഞ്ഞശേഷം ശിഷ്യന്മാര്‍ താമസിക്കുന്ന കുടീരത്തിലേയ്ക്കാണ് പോയത്.
രാമനും ലക്ഷ്മണനും വേഗത്തില്‍ ദിനചര്യകള്‍ പൂര്‍ത്തിയാക്കി. ആശ്രമത്തിലെ അന്തേവാസികളെയും മുനിമാരെയും സന്ദര്‍ശിച്ച് അവരുടെ അനുഗ്രഹംവാങ്ങി യാത്രയ്ക്ക് തയ്യാറായിനിന്നു.
വനവാസികളോടൊപ്പംവന്ന കാമാശ്രമത്തിലെ ശിഷ്യന്മാര്‍ യാത്രയ്ക്കായി ഒന്നിലധികം വഞ്ചികളുമായി നദിക്കരയില്‍ കാത്തുനിന്നു. വഞ്ചിയില്‍ കയറാന്‍ വിശ്വാമിത്രന്‍ നദീതീരത്തേയ്ക്കു നടന്നപ്പോള്‍ ശിഷ്യന്മാരെല്ലാം മുനിയെ അനുഗമിച്ചു.
വിശ്വാമിത്രനുവേണ്ടി ഒരുക്കിയ വഞ്ചിയിലാണ് പതിവുപോലെ രാമനും ലക്ഷ്മണനും കയറിയത്. ആചാര്യനെ സ്ഥിരമായി അനുഗമിക്കാറുള്ള ശിഷ്യന്മാരുടെ വഞ്ചിയാണ് ആദ്യം പുറപ്പെട്ടത്. പിന്നാലെ ആചാര്യന്റെ വഞ്ചിയും പിന്നിലായി കാമാശ്രമത്തിലെ ശിഷ്യന്മാരുടെ വഞ്ചിയും പതുക്കെ നീങ്ങി.
വഞ്ചി പുഴയിലൂടെ ഒഴുകി പോകുമ്പോള്‍ കിഴക്കേ ദിക്കില്‍നിന്ന് പതിനായിരക്കണക്കിന് സ്വര്‍ണ്ണനൂലുകള്‍ മരങ്ങളുടെ ഇടയിലൂടെ കടന്നുവന്ന് അവരുടെ ദേഹത്ത് ദിവ്യമായ അനുഭൂതി പകര്‍ന്നു. മഞ്ഞിലൂടെ സൂര്യപ്രകാശം കടന്നുവന്നപ്പോള്‍ മഴവില്ല് രൂപപ്പെട്ടത് ആകാശത്തല്ല പുഴയുടെ മേല്‍പ്പരപ്പിലായിരുന്നു. രാമനും ലക്ഷ്മണനും അതുവരെ കാണാത്ത കാഴ്ചയില്‍ ലയിച്ച് തണുത്ത കാറ്റിനെ അവഗണിച്ച് സന്തോഷത്തോടെ ചുറ്റുപാടും വീക്ഷിച്ചുകൊണ്ട് വഞ്ചിയില്‍ എഴുന്നേറ്റുനിന്നു. ഇരു കരകളിലും ഉയര്‍ന്നുനില്‍ക്കുന്ന നിബിഡമായ വൃക്ഷങ്ങളുടെ മുകള്‍പ്പരപ്പില്‍വീണ സൂര്യരശ്മികളുടെ സൗന്ദര്യം കണ്ണുകള്‍കൊണ്ട് മനസ്സില്‍ കോരിനിറച്ച് അവര്‍ മതിമയങ്ങിനിന്നു.
വഞ്ചി ഒഴുക്കിനു അനുകൂലമായി നീങ്ങുന്നതിനാല്‍ തുഴക്കാര്‍ വഞ്ചിയെ നിയന്ത്രിക്കാനാണ് തുഴ കയ്യിലെടുത്തത്. കൂറെ ദൂരം സഞ്ചരിച്ചപ്പോള്‍ അതിശക്തമായി വെള്ളം വന്നു തള്ളുന്ന ശബ്ദം കേട്ട് ഇത്ര വലിയ ശബ്ദത്തിന്റെ ഉറവിടം എവിടെയാണെന്ന് അറിയാന്‍ രാമന്‍ ആകാംക്ഷയോടെ ചുറ്റുപാടും നോക്കി.
”മഹര്‍ഷേ, വെള്ളം തള്ളുന്ന വലിയ ശബ്ദം കേള്‍ക്കുന്നുണ്ട്. പക്ഷേ, അത് എവിടെ നിന്നാണെന്ന് മനസ്സിലാകുന്നില്ല?” ലക്ഷ്മണന്റെ വാക്കുകളില്‍ ഉത്ക്കണ്ഠ പ്രകടമായിരുന്നു.
”കുമാരാ, അയോദ്ധ്യയെ പുണര്‍ന്നുകൊണ്ട് ഒഴുകുന്ന സരയൂനദി ഗംഗയുമായി ചേരുമ്പോള്‍ ഉണ്ടാകുന്ന വെള്ളത്തള്ളലിന്റെ നാദമാണ് നാം ഇപ്പോള്‍ കേള്‍ക്കുന്നത്.”
കൈലാസ പര്‍വ്വതത്തില്‍ ബ്രഹ്മാവ് മനസ്സുകൊണ്ട് നിര്‍മ്മിച്ച മാനസസരസ്സില്‍നിന്നും പ്രവഹിച്ച് അയോദ്ധ്യയെ ചുറ്റിപ്പുണര്‍ന്നൊഴുകുന്ന നദിയാണ് സരയൂ എന്ന് രാമനറിയാം. വിശ്വാമിത്രന്‍ പറഞ്ഞത് വ്യക്തമായി കേള്‍ക്കാത്തതിനാല്‍ മുനിയുടെ അടുത്തേയ്ക്ക് രാമന്‍ നീങ്ങിയിരുന്നു.
”ബ്രഹ്മദേവന്റെ കല്പനപ്രകാരം ആകാശത്തുനിന്നും മഹാമേരുവില്‍ വീണ സമുദ്രം, നാലായി ഒഴുകി, അരുണോദം, മാനസം, സിതോദം, മഹാഭദ്രം എന്നിങ്ങനെ നാലു തടാകങ്ങള്‍ രൂപപ്പെട്ടു. ഈ തടാകങ്ങളില്‍ ഒന്നാണ് മാനസസരസ്സ്.” വിശ്വാമിത്രന്‍ പറഞ്ഞു.
തടാകങ്ങളുടെ പേരുപറഞ്ഞപ്പോള്‍ ഈ തടാകങ്ങളില്‍നിന്നാണ് ഗംഗ ഉദ്ഭവിച്ചുട്ടുള്ളതെന്ന് വസിഷ്ഠന്‍ പറഞ്ഞകാര്യം രാമന്‍ ഓര്‍ത്തു. വഞ്ചി സരയൂവിന്റെ തെക്കേക്കരയിലേക്കാണ് നീങ്ങുന്നത്. ഇരുവശത്തും ഇടതൂര്‍ന്നു നില്‍ക്കുന്ന മഹവൃക്ഷങ്ങളുടെ ഇടയിലൂസൂര്യരശ്മി മഞ്ഞുകണങ്ങളില്‍ത്തട്ടി വര്‍ണ്ണരേണുക്കള്‍ ഉണ്ടാകുന്നതും, ഉയര്‍ന്നു നില്‍ക്കുന്ന മരത്തലപ്പുകളില്‍ സ്വര്‍ണ്ണം പൂശിയതുപോലെ ഇലകള്‍ ശോഭിക്കുന്നതുമായ മനോഹരമായ കാഴ്ച അവര്‍ ഇമവെട്ടാതെ നോക്കി രസിച്ചു. പ്രകൃതിയുടെ സൗന്ദര്യം വാക്കുകളാല്‍ വര്‍ണ്ണിക്കാനാവില്ലെന്ന് രാമന് ബോധ്യപ്പെട്ടു. എഴുന്നേറ്റുനിന്നും ഇരുന്നും ഇരുപുറവുമുള്ള കാഴ്ചകള്‍ കണ്ണുകള്‍ക്ക് വിശ്രമം കൊടുക്കാതെ അവര്‍ ഒപ്പിയെടുത്തപ്പോള്‍ സമയം പോയത് അറിഞ്ഞില്ല.
കുറേദൂരം സഞ്ചരിച്ചശേഷം വഞ്ചി നദീതീരത്ത് അടുത്തപ്പോള്‍ ഇനിയും കരയിലൂടെയാണ് യാത്രയെന്ന് ഊഹിച്ചു. തോണി കരയിലേക്ക് അടുത്തപ്പോള്‍ എല്ലാവരും തോണിയില്‍നിന്നിറങ്ങി കാനനത്തിലേയ്ക്കു കടക്കാനുള്ള ഇടുങ്ങിയ പാതയെ ലക്ഷ്യമാക്കി നടന്നു. കരയിലേയ്ക്കിറങ്ങിയ വിശ്വാമിത്രന്‍ ജലസ്പര്‍ശം നടത്തിയശേഷം മുന്നേ നടക്കുന്നവര്‍ക്കൊപ്പമെത്താന്‍ വേഗത്തില്‍ നടന്നപ്പോള്‍ രാമനും ലക്ഷ്മണനും മൗനമായി മുനിയെ അനുഗമിച്ചു.
”ജേ്യഷ്ഠാ, മനുഷ്യവാസമില്ലാത്ത ഘോരവനമാണിതെന്നു തോന്നുന്നു. വനത്തിനുള്ളിലൂടെ നടക്കുക പ്രയാസമാകുമോ?” വള്ളിപ്പടര്‍പ്പുകളെ വകഞ്ഞുമാറ്റി നടക്കുമ്പോള്‍ ലക്ഷ്മണന്‍ ആശങ്കയോടെ പതുക്കെ ചോദിച്ചു.
രാമന്‍ പുഞ്ചിരിച്ചുകൊണ്ട് അനുജന്റെ ദേഹത്ത് തട്ടി. ആ സ്പര്‍ശനത്തില്‍ ലക്ഷ്മണന്റെ ചോദ്യത്തിനുള്ള ഉത്തരം ഉണ്ടായിരുന്നു.
കാനന പാതയിലൂടെ നടക്കുമ്പോള്‍ ആയിരം വീണകള്‍ ഒരുമിച്ചുമീട്ടുന്നതുപോലെ ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം എവിടെനിന്ന് എന്ന് വ്യക്തമാകാത്തവിധം അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അകലെ എവിടെയോ നിന്ന് ആനയുടെ അലര്‍ച്ച വ്യക്തമായി കേട്ടു. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ സിംഹ ഗര്‍ജ്ജനവും കേട്ടു. കുയിലിന്റെ നീട്ടിയുള്ള കൂകല്‍ മറ്റു പക്ഷികളുടെ ശബ്ദത്തെ ഭേദിച്ചുകൊണ്ട് മുഴങ്ങുന്നുണ്ട്. വിശ്വാമിത്രന്‍ ചിരപരിചിതഭാവത്തില്‍ ശിഷ്യന്മാരുടെ പിന്നാലെ നടക്കുമ്പോള്‍ ഈ കാട്ടിലൂടെ എങ്ങനെയാണ് ദീര്‍ഘദൂരം സഞ്ചരിക്കുക എന്നാണ് ലക്ഷ്മണന്‍ ചിന്തിച്ചത്.
”ഇവിടം സിംഹങ്ങളുടെയും ആനകളുടെയും വിഹാരഭൂവാണ്” വിശ്വാമിത്രന്‍ പറഞ്ഞു.
ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന നാനാതരം വൃക്ഷങ്ങള്‍ നിറഞ്ഞ കാട്ടിലൂടെ എത്രദൂരം സഞ്ചരിക്കേണ്ടിവരും എന്നറിയാതെ സന്തോഷത്തോടെയും എന്നാല്‍ തെല്ലൊരു ഭയത്തോടെയും ചുറ്റുപാടും വീക്ഷിച്ചുകൊണ്ട് വിശ്വാമിത്രന് പിന്നാലെ രാമനും ലക്ഷ്മണനും നടന്നു.
”ഈ വിശിഷ്ടമായ വനഭൂമി ഏതാണ് ഗുരോ?” രാമന്‍ ചോദിച്ചു.
”വത്സാ, ഈ ഭൂവിഭാഗം പണ്ട് മലദം എന്നും കരൂഷം എന്നും പേരായ രണ്ടു ജനപദങ്ങളാല്‍ പ്രസിദ്ധമായിരുന്നു. ദേവന്മാര്‍ക്കുപോലും പണ്ട് ഏറെ ഇഷ്ടമുള്ള ഒരു പ്രദേശമായിരുന്നു ഇവിടം. ദേവന്മാര്‍ ഇന്ദ്രന്റെ ബ്രഹ്മഹത്യാപാപം ഇവിടെവച്ചാണ് തീര്‍ത്തത്” വിശ്വാമിത്രന്‍ പറഞ്ഞു.
”ഈ കൊടുംകാട് ഒരു കാലത്ത് ജനപദമായിരുന്നു എന്നു വിശ്വസിക്കാനാവുന്നില്ല.” പ്രകൃതി വരുത്തുന്ന മാറ്റങ്ങള്‍ എന്ത് അത്ഭുതമാണെന്ന മട്ടില്‍, ലക്ഷ്മണന്‍ ജ്യേഷ്ഠനോട് പതുക്കെ പറഞ്ഞു. അതേഭാവം രാമന്റെ മുഖത്തും നിഴലിച്ചിരുന്നു.
”ഇന്ദ്രന്‍, ബ്രാഹ്മണഹത്യ നടത്തിയത് എപ്പോഴാണ് ഗുരോ..?” ലക്ഷ്മണന്‍ പതുക്കെ ചോദിച്ചു.
വിശ്വാമിത്രന്‍ മുന്നോട്ടെടുത്തുവച്ച കാല്‍ പിന്നിലേയ്ക്ക് വയ്ക്കാതെ തലമാത്രം തിരിച്ചുകൊണ്ട് ലക്ഷ്മണനെ പരുഷമായി നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല. ഹിംസ്രമൃഗങ്ങളുള്ള കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ നിശ്ശബ്ദത പാലിക്കണമെന്ന് മുനി മുമ്പ് പറഞ്ഞത് അനുസരിക്കാത്തതുകൊണ്ടാവും മുനി പരുഷമായി നോക്കിയതെന്ന് ലക്ഷ്മണന്‍ കരുതി.
ഇന്ദ്രനെക്കുറിച്ച് പറഞ്ഞപ്പോള്‍ വിശ്വാമിത്രനില്‍ ഉണ്ടായ ഭാവമാറ്റം രാമന്‍ ശ്രദ്ധിച്ചു. ഇന്ദ്രനോട് പണ്ടേ മുനിക്ക് അതൃപ്തിയുണ്ടെന്ന് രാമനറിയാം. അതുകൊണ്ട് അനുജനോട് അതേക്കുറിച്ച് ചോദിക്കാതെ മിണ്ടാതെ നടക്കാന്‍ രാമന്‍ ആംഗ്യഭാഷയില്‍ പറഞ്ഞു.
നിശ്ശബ്ദമായി ഏറെ ദൂരം അവര്‍ നടന്നു. ഇടുങ്ങിയ വഴിയിലൂടെ പോകുമ്പോള്‍ ഇതല്ലാതെ മറ്റു വഴികളൊന്നുമില്ലേ എന്ന് ലക്ഷ്മണന്‍ ചിന്തിച്ചു. വീണ്ടും സിഹഗര്‍ജ്ജനം കേട്ടപ്പോള്‍ ലക്ഷ്മണന്‍ വില്ല് കയ്യിലെടുത്തു. എന്നാല്‍ അതൊന്നും കേള്‍ക്കാത്തമട്ടില്‍ യാതൊരു കൂസലുമില്ലാതെയാണ് വിശ്വാമിത്രനും ശിഷ്യന്മാരും നടന്നത്. അവര്‍ സഞ്ചരിച്ചപാത അവസാനിച്ചത് വലിയൊരു കുന്നിന്റെ താഴ്‌വരയിലാണ്. ശിഷ്യന്മാര്‍ കുന്നിന്റെ നെറുകയിലേക്ക് അനായാസമായി കയറിയപ്പോള്‍ രാമനും ലക്ഷ്മണനും അവരെ അനുഗമിച്ചു. വിശ്വാമിത്രന്‍ ഒരു കുട്ടിയെപ്പോലെ യാതൊരു പ്രയാസവുമില്ലാതെയാണ് കുന്നു കയറിയത്. കുന്നിന്റെ മുകള്‍പ്പരപ്പില്‍ എത്തിയപ്പോള്‍ ഗുരുവിന്റെ മനോഗതം മനസ്സിലാക്കിയ ശിഷ്യന്മാര്‍ അവിടെയുള്ള ഒരു വലിയ വൃക്ഷത്തിന്റെ ചുവട്ടില്‍ തങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ ഇറക്കിവച്ച് വല്ല അപകടവും പതിയിരിക്കുന്നുണ്ടോ എന്ന് നോക്കാന്‍ പരിസരം സൂക്ഷ്മമായി വീക്ഷിച്ചു.
”ഇനിയും നമുക്ക് പോകാനുള്ളത് കടന്നുവന്ന കാടിനെക്കാള്‍ ഘോരമായ കാട്ടിലൂടെയാണ്. അതുകൊണ്ട് അല്പം വിശ്രമിച്ചിട്ടാകാം യാത്ര” വിശ്വാമിത്രന്‍ കുന്നിന്റെ മുകളില്‍നിന്ന് ചുറ്റുപാടും വീക്ഷിച്ചുകൊണ്ട് പറഞ്ഞു.
വിശ്വാമിത്രന്‍ വൃക്ഷത്തിന്റെ ഉയര്‍ന്ന ഒരു വേരില്‍ ഇരുന്നപ്പോള്‍ രാമനും ലക്ഷ്മണനും ആയുധങ്ങള്‍ നിലത്തുവച്ച് മുനിയുടെ അടുത്തു നിന്നു.
”താഴേയ്ക്കു നോക്കൂ, നമ്മള്‍ കയറിവന്ന വഴി എത്ര ദുര്‍ഘടമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നില്ലേ?” വിശ്വാമിത്രന്‍ ചോദിച്ചു.
മറുപടി പറയാതെ താഴേയ്ക്കുനോക്കി കടന്നുവന്ന കൊടുംകാടിന്റെ സൗന്ദര്യം രാമന്‍ ആസ്വദിച്ചു. സൂര്യന്‍ തലയ്ക്കുമുകളില്‍ എത്തിയിട്ടും തെല്ലും ചൂട് അനുഭവപ്പെട്ടില്ല. പല പല കുന്നുകള്‍ അടുക്കും ചിട്ടയുമില്ലാതെ അവിടവിടെ ഉയര്‍ത്തിവച്ചതുപോലെ തോന്നി. ചെറുമേഘങ്ങള്‍ വെള്ളപ്രാവുകളെപ്പോലെ പതുക്കെ പറന്നു നടക്കുന്നു. സൂര്യനെ മേഘങ്ങള്‍ മറച്ചതുകൊണ്ട് മലയുടെ അടിഭാഗം തെളിച്ചമില്ലാതെ കാണപ്പെട്ടു.
മുനി നല്‍കിയ മന്ത്രസിദ്ധിയാല്‍ വിശപ്പും ദാഹവും രാമനും ലക്ഷ്മണനും തെല്ലും അനുഭവപ്പെട്ടില്ല. വിശ്രമിക്കാം എന്നു മുനി പറഞ്ഞാല്‍, ആ ദേശത്തെ സംബന്ധിച്ചുള്ള ഏന്തെങ്കിലും പൂര്‍വ്വചരിത്രം വിശദീകരിക്കാനാവും എന്ന് വ്യക്തമാണ്. ആയുധവുമേന്തി കുത്തനെയുള്ള കയറ്റം കയറിയിട്ടും മുനിക്ക് തെല്ലും ക്ഷീണമുള്ളതായി തോന്നിയില്ല.
”ഇന്ദ്രന്റെ ബ്രഹ്മഹത്യാപാപം തീര്‍ത്തത് ഇവിടെവച്ചാണെന്ന് അങ്ങ് പറഞ്ഞല്ലോ….” താന്‍ ചോദിക്കുന്നതില്‍ വല്ല അപാകതയുമുണ്ടോ എന്ന് സംശയിച്ച് വിശ്വാമിത്രനെയും ജ്യേഷ്ഠനെയും മാറിമാറി നോക്കി ലക്ഷ്മണന്‍ ചോദിച്ചു.
”ബ്രാഹ്മണനായ വൃത്രാസുരനെ കൊന്നതുമൂലമാണ് ഇന്ദ്രന്റെ മേല്‍ ബ്രഹ്മഹത്യാപാപം വന്നു ഭവിച്ചത്” വിശ്വാമിത്രന്‍ പറഞ്ഞു.
ബ്രാഹ്മണനായ വൃത്രാസുരന്‍ എന്ന് മുനി പറഞ്ഞപ്പോള്‍ വൃത്രാസുരന്‍ ബ്രാഹ്മണനാണോ എന്ന മട്ടില്‍ ലക്ഷ്മണന്‍ ജ്യേഷ്ഠനെ നോക്കി. വിശ്വകര്‍മ്മാവിന്റെ പുത്രനായ ത്വഷ്ടാവ് എന്ന പ്രജാപതി, ഇന്ദ്രനെ വധിക്കാനായി അഥര്‍വ്വണമന്ത്രംകൊണ്ട് ഹോമം നടത്തി ഉണ്ടായ പുത്രനാണ് വൃത്രാസുരന്‍ എന്ന് വസിഷ്ഠഗുരുവില്‍നിന്നു കേട്ട കഥ ലക്ഷ്മണന്‍ ഓര്‍ത്തെടുത്തു.
”വൃത്രാസുരന്‍ ത്വഷ്ടാവിന്റെ പുത്രനല്ലേ?”ലക്ഷ്മണന്‍ ചോദിച്ചു.
”അതെ, ഇന്ദ്രനെ വധിക്കാന്‍ ശക്തിയുള്ള പുത്രനുണ്ടാകാന്‍വേണ്ടി യാഗം നടത്തി ഉണ്ടായ പുത്രനാണ് വൃതാസുരന്‍…”
വിശ്വാമിത്രന്റെ ശബ്ദം വീണ്ടും പരുഷമായതു രാമന്‍ ശ്രദ്ധിച്ചു. ലക്ഷ്മണന്റെ അസ്ഥാനത്തുള്ള ചോദ്യമാണോ അതോ ഇന്ദ്രനോടുള്ള വെറുപ്പാണോ മുനിയെ ചൊടിപ്പിച്ചതെന്ന് മനസ്സിലായില്ല.
”ത്വഷ്ടാവ് എന്ന പ്രജാപതി ഇന്ദ്രന്റെ സഹോദരനല്ലേ? സഹോദരനോട് ഇന്ദ്രന് ശത്രുത ഉണ്ടാകാന്‍ എന്താണ് കാരണം ഗുരോ?” ആ സംഭവം വിശ്വാമിത്രനില്‍നിന്ന് കേള്‍ക്കണം എന്ന ആഗ്രഹത്തേടെ രാമന്‍ സൗമ്യമായി ചോദിച്ചു.
”രാമാ, ത്വഷ്ടാവും ഇന്ദ്രനും ശത്രുക്കളായി മാറിയത് പല കാരണങ്ങളാലാണ്. ത്വഷ്ടാവ് ബ്രാഹ്മണരോട് കൂടുതല്‍ പ്രിയമുള്ളയാളും ദേവന്മാരുടെ കാര്യങ്ങളില്‍ തല്‍പ്പരനും ആയിരുന്നു. ഇന്ദ്രന്റെ പല രീതിയോടും യോജിക്കാന്‍ കഴിയാത്ത ത്വഷ്ടാവിന് ഇന്ദ്രനോട് വെറുപ്പായിരുന്നു. ആ വെറുപ്പ് പതുക്ക പതുക്കെ വര്‍ദ്ധിച്ച് ഇന്ദ്രനെ നശിപ്പിക്കണമെന്ന ചിന്ത ത്വഷ്ടാവില്‍ വളര്‍ന്നുവന്നു. അതിനായി ശക്തനായ ഒരു പുത്രന്‍ തനിക്ക് ഉണ്ടാകണമെന്ന ആഗ്രഹത്തോടെ രേചനയെ ത്വഷ്ടാവ് ഭാര്യയായി സ്വീകരിച്ചു. ത്വഷ്ടാവിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി രേചനയില്‍ വിശ്വരൂപന്‍ എന്ന അതിശക്തിമാനായ പുത്രന്‍ ജനിച്ചു” വിശ്വാമിത്രന്‍ പറഞ്ഞു.
”ത്രിശിരസ്സ് എന്നറിയപ്പെട്ടത് ഈ വിശ്വരൂപന്‍ തന്നെയല്ലേ?”രാമന്‍ പെട്ടെന്ന് ഇടയ്ക്കുകയറി ചോദിച്ചു.
വസിഷ്ഠമഹര്‍ഷി പണ്ടെപ്പോഴോ പറഞ്ഞത് എത്ര കൃത്യമായിട്ടാണ് ജ്യേഷ്ഠന്‍ ഓര്‍ത്തിരിക്കുന്നത് എന്ന മട്ടില്‍ അതിശയ ഭാവത്തോടെ ലക്ഷ്മണന്‍ ജ്യേഷ്ഠനെ നോക്കി.
”രാമാ, നീ പറഞ്ഞത് ശരിയാണ്. വിശ്വരൂപന് മൂന്നു തലകള്‍ ഉള്ളതിനാല്‍ ത്രിശിരസ്സ് എന്നും അയാള്‍ അറിയപ്പെട്ടു. ചെറുപ്പത്തില്‍തന്നെ ലൗകിക ജീവിതത്തോട് വിരക്തി തോന്നിയ ത്രിശിരസ്സ് തപസ്സിനായി പുറപ്പെട്ടു. ആഹാരം ഉപേക്ഷിച്ചും ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചും കഠിനമായ തപസ്സ് ചെയ്തു. ഉഷ്ണകാലത്ത് പഞ്ചാഗ്നി മദ്ധ്യത്തിലും ഹേമന്തകാലത്തും ശിശിരകാലത്തും തണുത്തജലത്തില്‍ തലകീഴായ്‌നിന്നും അതിഘോരമായ തപസ്സുചെയ്യാന്‍ തുടങ്ങിയതോടെ ഇന്ദ്രന്‍ ഭയന്നു.”
‘ഒരേസമയത്തുതന്നെ മൂന്നു പ്രവൃത്തികള്‍ ചെയ്യാനുള്ള ശേഷിയും വിശ്വരൂപനുണ്ടായിരുന്നു. ഒരു മുഖം കൊണ്ട് മൂന്നു ലോകങ്ങളും നോക്കി ആനന്ദിക്കുമ്പോള്‍, മറ്റൊരു മുഖംകൊണ്ട് വേദമന്ത്രങ്ങള്‍ ഉരുവിട്ടു. ആ സമയത്തുതന്നെ മൂന്നാമത്തെ മുഖംകൊണ്ട് മദ്യവും കുടിച്ചു.’
”ദേവലോകത്തെ സുന്ദരിമാരെ നിയോഗിച്ച് ത്രിശിരസ്സിന്റെ തപസ്സുമുടക്കാന്‍ ഇന്ദ്രന്‍ ശ്രമം ആരംഭിച്ചു. എന്നാല്‍ ത്രിശിരസ്സിന്റെ മനസ്സിളക്കാന്‍ ദേവാംഗനമാര്‍ക്കൊന്നും കഴിഞ്ഞില്ല. ത്രിശിരസ്സുകാരണം തന്റെ ദേവേന്ദ്രസ്ഥാനം നഷ്ടമാകുമെന്നു ഭയന്ന ഇന്ദ്രന്‍ ഐരാവതത്തിന്റെ മുകളില്‍ കയറി ത്രിശിരസ്സ് തപസ്സുചെയ്യുന്ന സ്ഥലത്തെത്തി വജ്രായുധത്താല്‍ നിഷ്ഠൂരമായി അദ്ദേഹത്തെ വധിച്ചു. വധിച്ചിട്ടും തൃപ്തനാകാത്ത അനുചരന്മാരോട് അദ്ദേഹത്തിന്റെ മുന്നു തലകളും വേര്‍പെടുത്താന്‍ കല്പിച്ചു. അനുചരന്മാര്‍ മൂന്നു തലകളും വെട്ടി വേര്‍പെടുത്തി. അപ്പോള്‍ മൂന്നു തലകളില്‍നിന്നു വെവ്വേറെയായി ആയിരക്കണക്കിന് പക്ഷികള്‍ ഉദയം ചെയ്തു. വേദം ചൊല്ലിയ ശിരസ്സില്‍നിന്ന് കപിഞ്ജലപക്ഷികളും, മദ്യപാനം ചെയ്ത ശിരസ്സില്‍നിന്ന് കലപിംഗപക്ഷികളും, ലോകമെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന ശിരസ്സില്‍നിന്ന് തിത്തിരിപക്ഷികളും ഉണ്ടായി. പക്ഷികളെല്ലാം ആകാശത്ത് പറന്നുയര്‍ന്നപ്പോള്‍ ത്രിശിരസ്സ് മരിച്ചുവെന്ന് ഇന്ദ്രന് മനസ്സിലായി.”
”ധര്‍മ്മിഷ്ഠനായ തന്റെ പുത്രനെ യാതൊരു കാരണവുമില്ലാതെ ഇന്ദ്രന്‍ വധിച്ചു എന്നറിഞ്ഞ ത്വഷ്ടാവ് അഥര്‍വ്വണമന്ത്രംകൊണ്ട് ഹോമം തുടങ്ങി. ഹോമത്തിന്റെ എട്ടാംദിവസം രാത്രി ഹോമകുണ്ഡത്തില്‍നിന്ന് അതിതേജസ്വിയായ ഒരു പുരുഷന്‍ ആവിര്‍ഭവിച്ചു.’
”ഞാന്‍ ആരാണെന്ന് എനിക്ക് അറിയില്ല. എന്റെ പേരെന്താണ്? എന്തിനാണ് എനിക്ക് ജന്മം നല്‍കിയത്” തീജ്വാലപോലെ ആകാശത്തോളം ഉയര്‍ന്നുനിന്നുകൊണ്ട് തന്റെ ജന്മത്തിന് കാരണീഭുതനായ പിതാവിനോട് അവന്‍ ചോദിച്ചു.
”വൃത്രന്‍ എന്നാണ് നിന്റെ പേര്” ത്വഷ്ടാവ് മകന്റെ മുഖത്തു നോക്കി വ്യസനത്തോടെ പറഞ്ഞു.
തന്റെ പിതാവ് വ്യസന സമേതനായി കാണപ്പെടുന്നത് എന്തുകൊണ്ടാണെന്ന് വൃത്രന് മനസ്സിലായില്ല. അദ്ദേഹം പുത്രനെ കണ്ണെടുക്കാതെ നോക്കിയതല്ലാതെ കൂടുതലൊന്നും പറഞ്ഞില്ല.
”എന്തുകൊണ്ടാണ് അങ്ങ് വ്യസനിക്കുന്നത്? എന്റെ പിതാവിനുവേണ്ടി കടല്‍വെള്ളം കുടിച്ചുവറ്റിയ്ക്കാനും, പര്‍വ്വതങ്ങളെ തല്ലിത്തകര്‍ക്കാനും, സൂര്യചന്ദ്രന്മാരെ തടഞ്ഞുനിര്‍ത്താനും, എനിക്ക് കഴിയും. എന്താണ് ഞാന്‍ അങ്ങേയ്ക്കുവേണ്ടി ചെയ്യേണ്ടത്?” വൃത്രന്‍ പിതാവിനോടു ചോദിച്ചു
”മകനെ, നീ ഇന്ദ്രനെ വധിക്കണം. അതാണ് എന്റെ ആഗ്രഹം.” ത്വഷ്ടാവ് പറഞ്ഞു.
”പിതാവിന്റെ ആഗ്രഹം ഞാന്‍ നിറവേറ്റുന്നതാണ്” മറ്റൊന്നും ആലോചിക്കാതെ വൃത്രന്‍ പറഞ്ഞു.