‘പണ്ട് ദേവന്മാരും അസുരന്മാരും തമ്മില്‍ നടന്ന യുദ്ധത്തില്‍ അസുരന്മാര്‍ പരാജയപ്പെടുകയും പതിനായിരക്കണക്കിന് അസുരന്മാര്‍ മരിക്കുകയും ചെയ്തു. ആ സന്ദര്‍ഭത്തില്‍ അസുരമാതാവായ ദിതി സങ്കടം സഹിക്കവയ്യാതെ കണ്ണീരൊലിപ്പിച്ചുകൊണ്ട് ഭൃഗു പത്‌നിയായ പുലോമയുടെ അടുത്തെത്തി പൊട്ടിക്കരഞ്ഞു. അതുകണ്ട് മനസ്സലിഞ്ഞ പുലോമ ഇതിന് ഒരു പരിഹാരമുണ്ടാക്കാമെന്ന് ദിതിയെ ആശ്വസിപ്പിച്ചു.’
‘പുലോമ ദേവനിഗ്രഹം എന്ന ലക്ഷ്യത്തോടെ വനത്തില്‍പോയി അതികഠിനമായ തപസ്സ് ആരംഭിച്ചു. പുലോമയുടെ തപസ്സില്‍ ദേവന്മാര്‍ പരിഭ്രാന്തരായി. അവര്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ച് പുലോമയെ തപസ്സില്‍നിന്ന് പിന്‍തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.’
‘ദേവന്മാരുടെ അപേക്ഷ സ്വീകരിച്ച മഹാവിഷ്ണു പുലോമയെ സമീപിച്ച് തപസ്സില്‍നിന്ന് പിന്‍തിരിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പുലോമ മഹാവിഷ്ണുവിന്റെ വാക്കുകള്‍ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. പലവട്ടം പറഞ്ഞിട്ടും അനുസരിക്കാന്‍ തയ്യാറാകാത്തതില്‍ കോപാക്രാന്തനായ വിഷ്ണു ചക്രായുധം പ്രയോഗിച്ച് പുലോമയെ വധിച്ചു.’
വിശ്വാമിത്രന്‍ അത്രയും പറഞ്ഞു പെട്ടെന്ന് നിര്‍ത്തിയശേഷം യാത്രയ്ക്കായി എഴുന്നേറ്റു. മഹാവിഷ്ണു സ്ത്രീവധം നടത്തിയതിനോട് വിശ്വാമിത്രനു യോജിക്കാന്‍ കഴിഞ്ഞില്ലെന്ന് രാമന് മനസ്സിലായി. വിശ്വാമിത്രന്റെ മനോഗതം മനസ്സിലാക്കി ശിഷ്യന്മാര്‍ ഭാണ്ഡം തോളത്തേറ്റി നടക്കാന്‍ തുടങ്ങി. വിശ്വാമിത്രന്റെ പിന്നാലെ മൗനമായി രാമനും നടന്നു.
നിസ്സാരമായ കാര്യത്തിനാണ് മഹാവിഷ്ണു സ്ത്രീവധം നടത്തിയത്. എങ്കിലും അതേക്കുറിച്ച് കൂടുതലൊന്നും രാമന്‍ ചോദിച്ചില്ല. താടകയെ വധിക്കണം എന്നാണ് മുനി ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് പുലോമയുടെ വധത്തെക്കുറിച്ച് പറഞ്ഞത്. വിശ്വാമിത്രന്റെ വാക്കുകള്‍ നിരസിക്കാന്‍ ഇനി കഴിയില്ല. അതിനാല്‍ താടകയെ നേരിടാന്‍ തയ്യാറായിട്ടാണ് രാമന്‍ ഓരോ ചുവടും വച്ചത്.
ഘോരമായ കാട്ടിലൂടെ നടക്കുമ്പോള്‍ എല്ലാവരും നിശ്ശബ്ദരായിരുന്നു. താടകയെ വധിക്കാന്‍ വില്ലുയര്‍ത്തി നടക്കുമ്പോഴും സ്ത്രീവധം ചെയ്യേണ്ടതോര്‍ത്ത് രാമന്‍ അസ്വസ്ഥനായിരുന്നു. മ്ലാനവദനനായ ജ്യേഷ്ഠനെ കണ്ടപ്പോള്‍ തന്റെ ശക്തി ചോര്‍ന്നുപോയതുപോലെ ലക്ഷ്മണനു തോന്നി.
‘ദുഷ്ടയായ താടക എപ്പോള്‍ വേണമെങ്കിലും നമ്മളെ ആക്രമിക്കാം’ വിശ്വാമിത്രന്‍ പറഞ്ഞു.
മഹര്‍ഷിയുടെ വാക്കുകള്‍കേട്ട്, രാമനും ലക്ഷ്മണനും അമ്പും വില്ലും മുറുകെപിടിച്ച് ശ്രദ്ധയോടെ നടന്നു. വളരെ അകലെനിന്ന് എന്തോ ഒരു ശബ്ദം അവര്‍ കേട്ടു. അതുവരെ വഴികാട്ടിയായി മുന്നില്‍ നടന്ന ശിഷ്യന്മാര്‍ പെട്ടെന്ന് തിരിഞ്ഞുനടന്ന് മുനിയോട് വളരെ പതുക്കെ എന്തോ പറഞ്ഞു. ആ ഭാഷ രാമന് മനസ്സിലായില്ല. വഴിയില്‍ എന്തോ അപകടം പതിയിരിക്കുന്നു എന്ന് വ്യക്തമായി. താടക സമീപത്തെവിടെയോ ഉണ്ട്.
‘രാമാ, നീ വില്ലു കുലച്ചോളൂ’വിശ്വാമിത്രന്‍ തറപ്പിച്ചു പറഞ്ഞു.
രാമന്‍ ഊര്‍ജ്ജസ്വലനായി പ്രാര്‍ത്ഥനാപൂര്‍വ്വം വില്ലിനെ വണങ്ങിയശേഷം വിശ്വാമിത്രനെ നോക്കി.
‘അങ്ങയുടെ ആജ്ഞ നിര്‍വ്വിശ്ശങ്കം ഞാന്‍ നിറവേറ്റുന്നതാണ്. ഗുരുജനമദ്ധ്യത്തില്‍വച്ച് പിതാശ്രീയും വസിഷ്ഠാചാര്യനും അങ്ങയുടെ ആജ്ഞ ശിരസ്സാവഹിക്കണമെന്നു പറഞ്ഞിട്ടുള്ളത് ഞാനെന്റെ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അതിനാല്‍ രാജ്യത്തിന്റെ ശ്രേയസ്സിനായും സജ്ജന നന്മയ്ക്കായും അങ്ങയുടെ അഭീഷ്ടം ഞാനിപ്പോള്‍ത്തന്നെ നിറവേറ്റുന്നതാണ്.’
സ്ത്രീവധം ചെയ്യേണ്ടിവരുമല്ലോ എന്ന ചിന്തയെ മാറ്റിനിര്‍ത്തി അത് സജ്ജന നന്മയ്ക്കാണെന്ന് ചിന്തിച്ച രാമന്‍ തന്റെ മനസ്സിനെ കൂടുതല്‍ കരുത്തുള്ളതാക്കി. ഇനിമേല്‍ തന്റെ കര്‍മ്മത്തില്‍നിന്നോ ധര്‍മ്മത്തില്‍നിന്നോ വ്യതിചലിക്കുന്നതല്ലെന്ന് മനസ്സില്‍ ഉറപ്പിച്ചു.
‘നിന്നില്‍ വിശാമിത്രന്‍ ഏല്‍പ്പിക്കുന്ന ചുമതല വലുതാണ്. നീ ഏറ്റെടുത്തിരിക്കുന്ന ദൗത്യം വളരെ പ്രധാനപ്പെട്ടതും. അതിനോടു വളരെ വിനീതമായി, സത്യസന്ധതയും നീതിയും എപ്പോഴും പുലര്‍ത്തണം. അപ്പോഴും നീ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളെ അംഗീകരിക്കാത്ത ഒന്നിനോടും വിനീതനാകേണ്ടതില്ല’ വസിഷ്ഠഗുരുവിന്റെ വാക്കുകള്‍ രാമന്റെ മനസ്സില്‍ മുഴങ്ങി.
‘രാമാ ഏതു സമയവും അവള്‍ നമ്മുടെ നേരെ ചാടീവീഴാം..’ വിശ്വാമിത്രന്‍ മുന്നറിയിപ്പു നല്‍കി.
‘ദുഷ്ടയായ താടകയെ വധിക്കുന്നതിന് ഞാന്‍ സന്നദ്ധനാണ് ഗുരോ. അവളെന്റെ മുന്നില്‍പ്പെട്ടാല്‍ അപ്പോള്‍ത്തന്നെ ഞാനവളെ വധിക്കുന്നതാണ്.’ രാമന്‍ വില്ലിന്റെ മദ്ധ്യത്ത് ബലമായി പിടിച്ചുകൊണ്ട് യുദ്ധസന്നദ്ധനായി, ദിക്കുകള്‍ മുഴങ്ങുമാറ് ഉച്ചത്തില്‍ ഞാണൊലിയിട്ടുകൊണ്ട് പറഞ്ഞു.
രാമന്‍ മുഴക്കിയ ഞാണൊലി കാന്താരമാകെ നടുങ്ങി. വിശ്വാമിത്രന്റെ മുഖത്തുവിടര്‍ന്ന പുഞ്ചിരിയില്‍നിന്ന് രാമന് കൂടുതല്‍ ഊര്‍ജ്ജം ലഭിച്ചു. ജ്യേഷ്ഠന്റെ പിന്നില്‍നിന്ന ലക്ഷ്മണനും ഞാണ്‍ വലിച്ചു യുദ്ധസന്നദ്ധനായി.
‘എന്തോ പന്തികേടുണ്ട് ജ്യേഷ്ഠാ’ പരിഭ്രമത്തോടെ ലക്ഷ്മണന്‍ രാമന്റെ ചെവിയില്‍ പതുക്കെ പറഞ്ഞു.
അനുജനോടു മിണ്ടാതിരിക്കാന്‍ കണ്ണുകൊണ്ട് രാമന്‍ ആംഗ്യം കാണിച്ചു. ലക്ഷ്മണന്‍ പെട്ടെന്നു സംസാരം നിര്‍ത്തി. അതികായനായ ഒരു യോദ്ധാവിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമാക്കിക്കൊണ്ട് വേണ്ടിവന്നാല്‍ താടകയെ താന്‍തന്നെ നേരിടും എന്ന മട്ടില്‍ ആയുധം കയ്യിലെടുത്തു ശരീരത്തെ ആയാസരഹിതമാക്കി വിശ്വാമിത്രനും നിവര്‍ന്നുനിന്നു.
രാമന്‍ ശ്വാസക്രമം വളരെ മന്ദഗതിയിലാക്കിയശേഷം കുടത്തിലേയ്ക്ക് വെള്ളം നിറയ്ക്കുന്നതുപോലെ കൂടുതല്‍ ശ്വാസം ഉള്ളിലേയ്‌ക്കെടുത്തു. അനിഷ്ടകരമായ കാര്യമാണ് ചെയ്യാന്‍ പോകുന്നതെന്ന ചിന്തയെ മനസ്സിലേയ്ക്ക് കടക്കാന്‍ അനുവദിച്ചില്ല. ശാന്തമായി ആത്മവിശ്വാസത്തോടെ ഇടംകാല്‍ പിന്നിലേയ്ക്കുവച്ച്, വലംകാല്‍ മുന്നില്‍ ഉറപ്പിച്ചുനിര്‍ത്തി നിവര്‍ന്നു നിന്നുകൊണ്ട് ഞാണൊലി മുഴക്കി.
രാമന്റെ ശാന്തമായ ഭാവം പെട്ടെന്നു മാറി. ആയിരം ആനയുടെ ശക്തിയുള്ള താടകയെ നേരിടാന്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാനായി മനസ്സിനെയും ശരീരത്തെയും സജ്ജമാക്കി. ഒരു വിട്ടുവീഴ്ചയ്ക്കും വഴങ്ങാത്ത നിര്‍ബ്ബന്ധബുദ്ധിയും ദേഷ്യവും മനസ്സിലും ശരീരത്തിലും ആവാഹിച്ചുകൊണ്ട് രുദ്രദേവനെപ്പോലെ രാമന്‍ നിലയുറപ്പിച്ചു.
താന്‍ മുഴക്കിയ ഞാണൊലികേട്ട്, മാനിന്റെ പിന്നാലെ കുതിക്കുന്ന സിംഹികയെപ്പോലെ ശബ്ദം കേട്ട ദിക്ക് ലക്ഷ്യമാക്കി പാഞ്ഞു വരുന്ന താടകയെ രാമന്‍ കണ്ടു.
അകലെനിന്ന് പാഞ്ഞുവന്ന കോപാക്രാന്തയായ താടക, രാമനെ കണ്ട് ഒരു നിമിഷം അമ്പരന്നു നിന്നു. ആക്രമിക്കാനുള്ള സന്നദ്ധ വെടിഞ്ഞ് ഒരു പ്രതിമ കണക്കേ തന്നെ നോക്കിനില്‍ക്കുന്ന താടകയെ രാമന്‍ ശ്രദ്ധിച്ചു. അവളെ കണ്ടതും രാമനും ഒരുനിമിഷം അവളെ നോക്കിനിന്നു. പെട്ടെന്ന് തന്റെ മനസ്സിനെ നിയന്ത്രിച്ച് അവളെ നേരിടാനായി രാമന്‍ വായുവേഗത്തില്‍ അവളുടെ അടുത്തേയ്ക്കു കുതിച്ചു. രാമന്റെ പിന്നാലെ ലക്ഷ്മണനും പായുന്നതുകണ്ട് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന് ഭയന്ന് പിന്നില്‍ നിന്ന വിശ്വാമിത്രനും ആ ദിക്കിലേയ്ക്ക് തിടുക്കത്തില്‍ നടന്നു. വില്ലുകുലച്ചുകൊണ്ട് താടകയുടെ അടുത്തേയ്ക്കുപോയ രാമന്‍ അപ്പോഴേയ്ക്കും വിശ്വാമിത്രനില്‍നിന്ന് ബഹുദൂരം അകന്നു കഴിഞ്ഞിരുന്നു.
‘ലക്ഷ്മണാ, ഇവള്‍തന്നെയാവും മഹര്‍ഷി പറഞ്ഞ ദുഷ്ട രാക്ഷസി’താടകയെ നോക്കി രാമന്‍ പറഞ്ഞു.
‘ജ്യേഷ്ഠാ. വികൃതരൂപത്തോടുകൂടിയ അവളുടെ മുഖം നോക്കൂ. അവളെ കണ്ടാല്‍ ആരാണ് ഭയന്നുപോകാത്തത്.’
‘ലക്ഷ്മണാ, ഇവളെ കൊല്ലാതെ ഇവളുടെ ശക്തിയെ ചോര്‍ത്തിയെടുത്ത് ഇവളെ നമുക്ക് ഇവിടെനിന്നു തല്‍ക്കാലം തുരത്താം. അതിനായി ഇവളുടെ മൂക്കും കാതും അറുത്ത് ഇവളെ നമുക്ക് ഓടിക്കാം’ താടകയുടെനേരെ അസ്ത്രം തൊടുത്തുകൊണ്ട് രാമന്‍ പറഞ്ഞു.
ഒരു സ്ത്രീയെ വധിക്കാന്‍ ജ്യേഷ്ഠന്റെ മനസ്സ് ഇപ്പോഴും സജ്ജമായിട്ടില്ലെന്ന് അതുകേട്ടപ്പോള്‍ ലക്ഷ്മണന്‍ ഊഹിച്ചു.
ശത്രുവിന്റെ ശക്തിയെ മനസ്സിലാക്കാനോ, തിരിച്ച് ആക്രമിക്കാനോ കൂട്ടാക്കാതെ മുന്നില്‍ വന്നുപെട്ടവരെ ഭക്ഷണമാക്കാനുള്ള തയ്യാറെടുപ്പിലാണ് താടക നിന്നത്. പെട്ടെന്ന് അവള്‍ കൈകളുയര്‍ത്തി ആര്‍ത്തട്ടഹസിച്ചുകൊണ്ട് ഒരു പര്‍വ്വത ശിഖരം അടര്‍ന്നു വീഴുന്നതുപോലെ രാമന്റെ അടുത്തേയ്ക്കു ഓടിയടുത്തു. അപകടം മനസ്സിലാക്കിയ വിശ്വാമിത്രന്‍ ആ സമയം ഓടിയെത്തി ഉച്ചത്തില്‍ എതോ മന്ത്രധ്വനി മുഴക്കി രാമനും ലക്ഷ്മണനും സ്വസ്തി നേര്‍ന്നു. വിശ്വാമിത്രന്‍ പറഞ്ഞതെന്തെന്ന് രാമന് സ്പഷ്ടമായില്ല.
ഇരുകൈകളിലും വലിയ പാറക്കഷ്ണങ്ങള്‍ മണ്ണോടെ വാരിയെടുത്ത് രാമന്റേയും ലക്ഷ്മണന്റേയും നേര്‍ക്ക് എറിയാനായി താടക കൈ ഉയര്‍ത്തിയതു വിശ്വാമിത്രന്‍ ശ്രദ്ധിച്ചു. എന്നാല്‍ അവയെ പ്രതിരോധിച്ചുകൊണ്ട് അവളുടെ അടുത്തേയ്ക്ക് നീങ്ങാനായി രാമന്‍ ഇടതടവില്ലാതെ ശരങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു. അവള്‍ വലിയ പാറക്കഷ്ണങ്ങള്‍ അവരുടെ നേരെ വലിച്ചെറിഞ്ഞപ്പോള്‍ അടുത്തേയ്ക്കു വന്ന പാറക്കഷണങ്ങളെ രാമന്‍ അസ്ത്രത്താല്‍ അകലേയ്ക്ക് തള്ളിമാറ്റി. പൊടിപടലംകൊണ്ടു അവിടെമാകെ നിറഞ്ഞു. പര്‍വ്വതശരീരയായ അവള്‍ രാമനെയും ലക്ഷ്മണനെയും കൈകൊണ്ട് വാരിയെടുക്കാനുള്ള ശ്രമത്തോടെ അടുത്തുവന്നു. അവളോടുള്ള ദയാദാക്ഷിണ്യം മറന്ന് രാമന്‍ അവളുടെ ഇരുകൈകളും അരിഞ്ഞുവീഴ്ത്തി. കൈകളറ്റ് അവള്‍ നിലത്തുവീണപ്പോള്‍ ലക്ഷ്മണന്‍ അവളുടെ കാതും മൂക്കും അമ്പിനാല്‍ അരിഞ്ഞുവീഴ്ത്തി. അംഗഭംഗം സംഭവിച്ച് നിലത്തുവീണതും എതിര്‍ക്കാന്‍ നില്‍ക്കാതെ തന്റെ സര്‍വ്വ ശക്തിയും വീണ്ടെടുത്തുകൊണ്ട് അവള്‍ എഴുന്നേറ്റ് പെട്ടെന്ന് കാട്ടിലേയ്ക്കു തിരിഞ്ഞോടി. രാമന്‍ പിന്നാലെ ഓടിയെങ്കിലും അവളെ കാണാന്‍ കഴിഞ്ഞില്ല.’
‘രാമാ, താടകയോട് നീ കനിവ് കാട്ടരുത്. അവളുടെ കൈകള്‍ അരിഞ്ഞു വീഴ്ത്തിയതുകൊണ്ട് അവള്‍ ഭയന്നു പിന്മാറില്ല. ദുഷ്ടയാണ് അവള്‍. ഇനിയും പ്രത്യക്ഷപ്പെടും. സന്ധ്യയാകാന്‍ തുടങ്ങുന്നു. സന്ധ്യ കഴിഞ്ഞാല്‍ അവളെ നേരിടാന്‍ നമുക്ക് കഴിയില്ല. എത്രയും പെട്ടെന്ന് അവളെ നീ വധിക്കണം’ വിശ്വാമിത്രന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
‘മഹര്‍ഷേ, അവള്‍ ഇനി തപസ്സ് മുടക്കാന്‍ അങ്ങയുടെ ആശ്രമത്തില്‍ എത്തില്ല. അവള്‍ ഭയന്ന് ഓടിപ്പൊയില്ലേ. അവളെ എന്തിന് ഉന്മൂലനം ചെയ്യണം? നിയമം ലംഘിച്ചതിനുള്ള ശിക്ഷ നമ്മള്‍ കൊടുത്തു കഴിഞ്ഞു. ജീവനെടുക്കാന്‍ തക്കവിധമുള്ള എന്തു നിയമമാണ് അവര്‍ ലംഘിച്ചത്?’ സ്ത്രീവധം നടത്താനുള്ള മടികൊണ്ട് രാമന്‍ അല്പം പരുഷമായി ഉച്ചത്തില്‍ വിശ്വാമിത്രനോടു പറഞ്ഞു.
അവര്‍ സംസാരിച്ചു അല്പസമയം നിന്നപ്പോഴേയ്ക്കും അവിടെ ആകമാനം മഴപെയ്യുന്നതുപോലെ വലിയ കല്ലുകള്‍ വീഴാന്‍ തുടങ്ങി. ദുഷ്ടയായ താടക മായകൊണ്ട് കുമാരന്മാരെ അപായപ്പെടുത്തുമോ എന്ന് വിശ്വാമിത്രന്‍ ഭയന്നു. ആ സന്നിഗ്ദ്ധ ഘട്ടത്തില്‍ വേണ്ടിവന്നാല്‍ അവളെ നേരിടാം എന്നുറച്ച് വിശ്വാമിത്രനും വില്ലുകുലച്ച് നിന്നു.
‘രാമാ, അവളെ നീ വിശ്വസിക്കരുത്. അവള്‍ ഭയന്ന് ഓടിയതല്ല. ശക്തി സംഭരിച്ച് ഉടന്‍ എത്തിച്ചേരും. അവളെ നീ നിഗ്രഹിക്കണം. എന്റെ ആശ്രമം തകര്‍ത്തപ്പോഴൊക്കെ പലതവണ അവളെ ഞാന്‍ കൊല്ലാതെ ഓടിച്ചിട്ടുണ്ട്. എന്നിട്ടും അവള്‍ എന്നേയും എന്റെ ശിഷ്യന്മാരേയും നിരന്തരം ദ്രോഹിച്ചവളാണ്. ഇപ്പോള്‍ത്തന്നെ നീ അവളെ വധിക്കണം.’
അവളെ വധിക്കാന്‍ രാമന്‍ മടിക്കുന്നതിലുള്ള പ്രതിഷേധം വിശ്വാമിത്രന്റെ ശബ്ദത്തിലുണ്ടായിരുന്നു. അവളെ നേരില്‍ കണ്ടപ്പോള്‍ രാമന്റെ മനസ്സ് മാറുന്നത് എന്തുകൊണ്ടാണെന്ന് വിശ്വാമിത്രന് മനസ്സിലായില്ല.
‘പക്ഷെ, അവള്‍ ആശ്രമത്തിലെ അങ്ങയുടെ എത്ര ശിഷ്യരെ കൊന്നിട്ടുണ്ട് മഹര്‍ഷേ? ആരേയും കൊന്നിട്ടില്ല എന്നതല്ലേ സത്യം. അവള്‍ അങ്ങയുടെ ആശ്രമം തകര്‍ത്തു എന്നതു ശരിയായിരിക്കാം. ഏതെങ്കിലും സ്മൃതിയനുസരിച്ചു ഈ കുറ്റങ്ങള്‍ മരണശിക്ഷ അര്‍ഹിക്കുന്നതാണോ? ഇല്ലെന്നാണ് അയോദ്ധ്യയിലെ നിയമങ്ങളില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്, ദുര്‍ബലര്‍ നിയമം ലംഘിച്ചിട്ടില്ലെങ്കില്‍ ശക്തരുടെ കടമയല്ലേ അവരെ സംരക്ഷിക്കുക എന്നത്.” സ്ത്രീയെ കൊല്ലാന്‍ മനസ്സ് അനുവദിക്കാത്തതിനാല്‍ കൊല്ലാതിരിക്കാനുള്ള ഓരോരോ ന്യായങ്ങള്‍ രാമന്‍ പറഞ്ഞു.
‘രാമ, എന്റെ കല്‍പന അനുസരിക്കാനല്ലേ, നിങ്ങളെ ഞാന്‍ കൂട്ടിക്കൊണ്ടുവന്നത്? ഇപ്പോള്‍ എന്തുകൊണ്ടാണ് നിന്റെ മനസ്സിന് ചാഞ്ചല്യമുണ്ടായതെന്നു എനിക്ക് മനസ്സിലാകുന്നില്ല’ തന്റെ വാക്കുകള്‍ അനുസരിക്കാന്‍ മടികാണിക്കുന്ന രാമനെ പരുഷമായി നോക്കിക്കൊണ്ട് വിശ്വാമിത്രന്‍ പറഞ്ഞു.
കോപംകൊണ്ടു തുടുത്ത വിശ്വാമിത്രന്റെ മുഖം കണ്ടപ്പോള്‍ രാമന്‍ ഭയന്നു.
‘ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ അങ്ങ് ക്ഷമിക്കണം. ഇവരെ കൊല്ലാനുള്ള കരുത്ത് അങ്ങേയ്ക്കുണ്ടെന്ന് എനിക്കറിയാം. അവരെ അകറ്റാനുള്ള ആയുധവിദ്യയും അങ്ങേയ്ക്കറിയാം. എന്നിട്ടും എന്തിനാണ് ഞാന്‍ തന്നെ ആ ദുഷ്‌കര്‍മ്മം അനുഷ്ഠിക്കണമെന്നു അങ്ങ് പറയുന്നത്?’
ജ്യേഷ്ഠനിലെ ധാര്‍മ്മികബോധം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ ലക്ഷ്മണന് സന്തോഷം തോന്നി. ജ്യേഷ്ഠന്‍ പറയുന്നത് പൂര്‍ണ്ണമായും ശരിയാണ്. എങ്കിലും വിശ്വാമിത്രന്റെ മുഖത്തുനിന്നുയരുന്ന കോപാഗ്നി കണ്ടപ്പോള്‍ ലക്ഷ്ണന്‍ ഭയന്നു.
‘രാമാ, നീ അയോദ്ധ്യയില്‍നിന്ന് എന്നോടൊപ്പം പുറപ്പെടുമ്പോള്‍ പിതാവും ഗുരുവും പറഞ്ഞത് നീ പെട്ടെന്ന് മറക്കുന്നത് എന്തുകൊണ്ടാണ്? അവള്‍ നീ കരുതുന്നതുപോലെ ദയ അര്‍ഹിക്കുന്നവളല്ല. അതിശക്തയായി ഉടന്‍ അവള്‍ തിരിച്ചുവരും. അപ്പോഴെങ്കിലും അവളെ കൊല്ലാന്‍ നീ മടിക്കരുത്. അവളെ കൊന്നാല്‍ നിനക്ക് ഞാന്‍ ആര്‍ജ്ജിച്ച എല്ലാ ആയുധങ്ങളും എല്ലാ വിദ്യകളും നല്‍കുന്നതാണ്. ഇത് നിന്റെ ധര്‍മ്മമായി കണ്ട് അവളെ നീ നിഗ്രഹിക്കണം’ വിശ്വാമിത്രന്‍ ഉറപ്പിച്ചു പറഞ്ഞു.
എന്താണ് വേണ്ടത് എന്ന ചിന്ത രാമനെ കുഴക്കി. വിശ്വാമിത്രന്‍ തനിക്ക് വാഗ്ദാനം ചെയ്യുന്നത് വര്‍ഷങ്ങളോളം കഠിനതപംചെയ്തു നേടിയ വിദ്യയും ആയുധങ്ങളുമാണ്. അതുകേട്ടപ്പോള്‍ ഒരു നിമിഷം രാമന്‍ ആലോചനയില്‍ മുഴുകി.
താടകയുടെ ശക്തമായ അലര്‍ച്ച അവര്‍ കേട്ടു. മഹര്‍ഷി പറഞ്ഞത് ശരിയാണ്. അകലെനിന്നു വലിയ പാറക്കല്ലുകള്‍ കാറ്റില്‍ പറന്നുവരുന്നതുപോലെ ഇടതടവില്ലാതെ അവരുടെ നേരെ വന്നു. അമ്പുകള്‍കൊണ്ട് അവയെല്ലാം രാമന്‍ തടഞ്ഞുനിര്‍ത്തി. ഇനിയും കൂടുതല്‍ സമയം അവള്‍ക്കു നല്‍കുന്നത് ശരിയല്ല. വിശ്വാമിത്രനെ അനുസരിക്കാന്‍ തീരുമാനിച്ച രാമന്‍ പെട്ടെന്ന് വില്ല് വലിച്ച് താടകയെ വധിക്കാന്‍ തയ്യാറായിനിന്നു. അപ്പോഴും അവിടെയാകെ വലിയ കല്ലുകള്‍ വന്നു പതിച്ചുകൊണ്ടിരുന്നു.
പെട്ടെന്ന് ഒരു പര്‍വ്വതം അടര്‍ന്നു വീഴുന്നതുപോലെ ലക്ഷ്മണന്റെ നേരെ താടക ചീറിയടുത്തു. ആ സമയം സര്‍വ്വ ദേവന്മാരേയും മനസ്സില്‍ സ്മരിച്ചുകൊണ്ട് അവളുടെ മാറിലേയ്ക്കുതന്നെ രാമന്‍ തന്റെ അസ്ത്രം പായിച്ചു. രാമന്റെ അസ്ത്രമേറ്റ് തല്‍ക്ഷണം ഒരു പര്‍വ്വതശിഖരം നിലംപതിക്കുന്നതുപോലെ താടക പിടഞ്ഞുവീണു.
രാമന്‍ അവളുടെ അടുത്തേയ്ക്കു ഓടിച്ചെന്നു. ശ്വാസം നിലച്ചുവെന്നു തോന്നിയെങ്കിലും തുറന്നിരുന്ന കണ്ണുകളില്‍ ജീവന്റെ കണം രാമന്‍ കണ്ടു. ആ കണ്ണുകള്‍ തന്നെ നോക്കുന്നതുപോലെ രാമനു തോന്നി. താന്‍ അരുതാത്തതെന്തോ ചെയ്‌തെന്ന തോന്നല്‍ അപ്പോള്‍ രാമനിലുണ്ടായി. അവളുടെ ജീവന് മനസ്സുകൊണ്ട് രാമന്‍ നിത്യശാന്തി നേര്‍ന്നു.
ദേഹം വെടിഞ്ഞ് ദേഹി, അതിന്റെ പ്രയാണം ആരംഭിച്ചു. രാമന്‍ ഒരു നിമിഷം കണ്ണടച്ച് ദേവകളെ മനസ്സില്‍ ധ്യാനിച്ച് താന്‍ ചെയ്തത് അപരാധമാണെങ്കില്‍ പൊറുക്കേണമേ, എന്ന് പ്രാര്‍ത്ഥിച്ചു. അല്പനേരം കണ്ണടച്ച് നിന്നപ്പോള്‍, ദേവകള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട് തന്നെ അനുഗ്രഹിക്കുന്നതായി രാമന് തോന്നി. താന്‍ ചെയ്തത് പാപമല്ലെന്ന് അപ്പോള്‍ ബോധ്യമായി. കണ്ണുതുറന്നപ്പോള്‍ അകലെ വിശ്വാമിത്രനും ധ്യാനനിരതനായി നില്‍ക്കുന്നതു കണ്ടു.