1993ലെ വിരസമായ ഒരു ആഴ്ചയറുതിയില്‍, കലാകൗമുദിയിലെ സാഹിത്യവാരഫലത്തിനു ശേഷം ഒരു ചെറുകഥയില്‍ കണ്ണുടക്കി നിന്നു. പിതൃതര്‍പ്പണം.. കഥാകൃത്തിനെ നേരത്തെ കേട്ടിട്ടില്ല. എം.സുകുമാരന്‍. വായിച്ചു തുടങ്ങിയപ്പോള്‍ ഹൃദയത്തെ കൊളുത്തിവലിക്കുന്ന ഭാഷയും ശൈലിയും കണ്ട് അന്തം വിട്ടുപോയി.
1991-92 വര്‍ഷങ്ങളിലാണ് ലോകഭൂപടങ്ങളില്‍ ഒരു കൊടുങ്കാറ്റ് ആഞ്ഞുവീശിയത്. ചരിത്രത്തിന്റെ കലിതുള്ളല്‍ ഒരു മലവെള്ളപ്പാച്ചിലായി സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്പിലേയും കമ്മ്യൂണിസ്റ്റ് ഏകാധിപത്യങ്ങളെ കാലത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞത്. ഇരുമ്പുമറകളും, ബര്‍ലിന്‍ മതിലുകളും തകര്‍ന്നു വീണത്.
എന്നെന്നും താലോലോച്ചിരുന്ന സങ്കല്‍പ്പസ്വര്‍ഗ്ഗങ്ങള്‍ കണ്‍മുമ്പില്‍ തകര്‍ന്നടിയുമ്പോള്‍ അതിന്റെ അലയൊലികള്‍ കേരളത്തിലും അലയടിച്ചു. ഇഎംഎസ്സും ഗോവിന്ദപ്പിള്ളയുമടക്കമുള്ള കമ്മ്യൂണിസ്റ്റ് താത്വികര്‍ വാക്കുകള്‍ക്ക് വേണ്ടി തപ്പിത്തടയുന്നത് എതിര്‍പക്ഷത്തുള്ള ഞങ്ങളെപ്പോലുള്ള ഇളമുറക്കാര്‍ ആഘോഷിക്കുന്നതിനിടയിലാണ് ഈ ചെറുകഥയും വരുന്നത്.
സോഷ്യലിസ്റ്റ് സ്വപ്‌നങ്ങള്‍ക്കെല്ലാം എന്നോ അവധി കൊടുത്ത് തന്റെ കുടുംബമെന്ന വാല്മീകത്തിലേക്ക് ഒതുങ്ങിയ ഒരു മുന്‍നക്‌സലൈറ്റിന്റെ ജീവിതം മകളുടെ ദൃഷ്ടിയില്‍ എഴുതിയതാണ് ഈ കഥ. താന്‍ കണ്ട മഹാസ്വപ്‌നങ്ങള്‍ ഒരു ചീട്ടുകൊട്ടാരമായി തകര്‍ന്നു വീഴുമ്പോഴുള്ള ആശങ്കയും നിരാശയുമെല്ലാം ഇതിലുണ്ട്. അവസാനം തന്റെ പ്രത്യയശാസ്ത്ര ഗ്രന്ഥങ്ങളെ സ്ഥാനഭ്രഷ്ടമാക്കി അവിടെ ഭഗവദ്ഗീതയും, രാമായണവും വെച്ച്, ഒരു ഗാന്ധിത്തൊപ്പി അണിഞ്ഞു കൊണ്ട് അദ്ദേഹം ആത്മഹത്യ ചെയ്യുമ്പോള്‍ എം.സുകുമാരന്‍ കോറിയിടുന്നത് ഒരു വലിയ ചരിത്രത്തിന്റെ ചോര കൊണ്ടെഴുതിയ ഒരു വലിയ യാഥാര്‍ഥ്യമാണ്.
പിന്നെ കുറച്ചു ദിവസം എല്ലാ മാധ്യമങ്ങളും ആഘോഷമായിരുന്നു. എം. സുകുമാരന്‍ തിരിച്ചു വന്നിരിക്കുന്നു. അപ്പോഴാണ് പത്തു വര്‍ഷം മുന്‍പ് എഴുത്തു നിര്‍ത്തിയ ഒരു ജീനിയസ് ആണ് ഇദ്ദേഹമെന്നു മനസ്സിലായത്. പിന്നെ ഒരു ഓട്ടമായിരുന്നു. സുകുമാരന്റെ കഥാസമാഹാരം ശേഷക്രിയ എന്ന ലഘുനോവല്‍ എന്നിവ തേടിപ്പിടിച്ചു വായിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആശയ ജീര്‍ണതയും, ഫാസിസ്റ്റ് മുതലാളിത്ത മനോഭാവവും കുഞ്ഞയ്യപ്പന്‍ എന്ന കഥാപാത്രത്തിലൂടെ ചുരുളഴിയുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇങ്ങനെ നടക്കുമെന്ന് അക്കാലത്ത് ഞാന്‍ പോലും വിശ്വസിച്ചിരുന്നില്ല. പക്ഷേ കഥാകാരന്റെ തൂലികയുടെ ദീര്‍ഘദര്‍ശനം എത്ര വലുതാണ് എന്നതിനുദാഹരണമായി കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും അവരുടെ മക്കളുടെയും ഉദാഹരണങ്ങള്‍ നമ്മെ നോക്കി പല്ലിളിക്കുന്നു. ഓര്‍ക്കുക, ഈ നോവല്‍ എഴുതപ്പെട്ടത് 1979ലാണ്.
ശേഷക്രിയയുടെ പ്രസിദ്ധീകരണത്തെ തുടര്‍ന്ന് എം. സുകുമാരനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. ആ കറകളഞ്ഞ കമ്മ്യൂണിസ്റ്റിനെ വളഞ്ഞിട്ട് ആക്രമിക്കാനും ശാരീരികമായി കൈകാര്യം ചെയ്യാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു മടിയുമുണ്ടായില്ല. അന്ന് എഴുത്ത് നിര്‍ത്തിയ സുകുമാരന്‍ പിതൃതര്‍പ്പണവുമായി എത്തുമ്പോഴേക്കും വോള്‍ഗയിലൂടെ ഒരുപാട് വെള്ളം കമ്മ്യൂണിസ്റ്റ് സ്വപ്‌നങ്ങളെയുമെടുത്തു ഒഴുകിക്കഴിഞ്ഞിരുന്നു. അവയെല്ലാം കാലത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എന്നന്നേക്കുമായി മറഞ്ഞു കഴിഞ്ഞിരുന്നു.
ഓര്‍ക്കണം. എം.സുകുമാരന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നതും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതും സര്‍ഗ്ഗധനനായ ആ എഴുത്തുകാരന്‍ എഴുത്തവസാനിപ്പിക്കുന്നതുമെല്ലാം ഒരു നോവല്‍ എഴുതിയതിനാണ്. തന്റെ സര്‍ഗ്ഗവൈഭവം പ്രകടിപ്പിച്ചതിനാണ്. അതും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ വിളഭൂമിയായ കേരളത്തില്‍. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ സ്വയംപ്രഖ്യാപിത പടയാളികളാല്‍.
എം.സുകുമാരനെപ്പോലെ കമ്മ്യൂണിസ്റ്റ് പകയില്‍ ഒടുങ്ങിപ്പോയ പ്രതിഭാശാലികള്‍ ഏറെയുണ്ട്. അവരുടെ വെല്ലുവിളികളെയും ഭീഷണികളെയും അതിജീവിച്ച് തലയുയര്‍ത്തി വ്യക്തിത്വത്തോടെ ജീവിക്കാന്‍ വേണ്ട ധൈര്യവും ആദര്‍ശശുദ്ധിയുമൊന്നും ഇല്ലാത്തത് കൊണ്ടാണ് കേരളത്തിലെ എഴുത്തുകാരില്‍ ബഹുഭൂരിപക്ഷവും ആ എക്കോ സിസ്റ്റത്തോട് ചേര്‍ന്ന് നില്ക്കാന്‍ നിര്‍ബന്ധിതരാകുന്നത്. പണം, അംഗീകാരം, നിലനില്‍പ്പ് എന്നതിനൊക്കെ മുന്‍ഗണന വരുമ്പോള്‍ സത്യസന്ധത എന്നത് ഒരു എടുക്കാച്ചരക്കായി മാറുന്ന ദുരന്തത്തിലേക്ക് കേരളം വഴുതിവീണിട്ട് പതിറ്റാണ്ടുകളായി എന്ന് എം.സുകുമാരന്‍ നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.