സമകാലീന ചരിത്രസത്യങ്ങളുടെയിടയില്‍ സുവര്‍ണലിപികളാല്‍ ആലേഖിതങ്ങളാണ് ശ്രീ ചട്ടമ്പിസ്വാമികളുടെയും ശ്രീ നാരായണഗുരുവിന്റെയും ജീവിതകാലവും ചര്യകളും പന്ഥാവുകളും. വടക്ക് പശ്ചിമബംഗാളില്‍ ശ്രീരാമകൃഷ്ണപരമഹംസനും ശ്രീ വിവേകാനന്ദസ്വാമികള്‍ക്കുമുള്ള സ്ഥാനം ദക്ഷിണേന്ത്യയില്‍ ഇവര്‍ക്കു രണ്ടുപേര്‍ക്കുമുണ്ട്. വ്യത്യസ്തങ്ങളായ ശൈലികളെക്കൊണ്ടും പ്രവര്‍ത്തനസമ്പ്രദായങ്ങളെക്കൊണ്ടും രണ്ടുപേരും സമുന്നതമായ നിലയിലേക്ക് കേരളീയ ഹിന്ദു സമൂഹത്തെയും ഇതര മതവിഭാഗങ്ങളെയും സമുദ്ധരിക്കാന്‍ ശ്രമിച്ചവരാണ്. സ്വയം അതില്‍ ജനങ്ങളോടൊപ്പം സംതൃപ്തരാവുകയും സമാദരണീയരാവുകയും ചെയ്തു.
ഇവര്‍, വ്യവസ്ഥാപിതമായ ചട്ടക്കൂടുകളുള്ള സന്ന്യാസി സമൂഹങ്ങളില്‍ ചെന്ന് നിഷ്ഠാപരമായ ജീവിതം നയിച്ച് സന്ന്യാസവും ചര്യകളും അഭ്യസിച്ച്, കാവി വസ്ത്രം ധരിച്ച,് സന്ന്യാസികള്‍ക്കു പൊതുവെയുള്ള നാമവും സ്വീകരിച്ച്, സന്ന്യാസികളായവരല്ല. സന്ന്യാസം എന്ന വാക്കിന്റെ സാരവത്തായ സമ്പ്രദായങ്ങളെ സ്വയം കണ്ടെത്തി സ്വതന്ത്രരായി സഞ്ചരിച്ചവരാണിവര്‍. കാവിവസ്ത്രവും കമണ്ഡലുവുമുപേക്ഷിച്ചുള്ള സന്ന്യാസജീവിതം. ഉടുക്കാനും പുതയ്ക്കാനും ഓരോ വെള്ളവസ്ത്രവും ഒരു വടിയും കാലന്‍കുടയുമാണ് സ്വാമികള്‍ സ്വീകരിച്ച വേഷം. ശ്രീനാരായണഗുരുവാകട്ടെ കുടയില്ലാതെ മറ്റെല്ലാ വസ്ത്രധാരണശീലങ്ങളും അനുസരിച്ചിരുന്നു. സിലോണിലേക്കുളള രണ്ടാം യാത്രയിലാണ് രാമേശ്വരത്തുവെച്ച് നാരായണഗുരുവിനെ ശിഷ്യന്മാര്‍ നിര്‍ബ്ബന്ധിച്ച് കാവിയുടുപ്പിക്കുന്നത്. അന്ന് ഗുരുവിന് 63 വയസ്സ്. പിന്നീടദ്ദേഹം പലപ്പോഴും കാവി ധരിച്ചിട്ടുണ്ട്. ചട്ടമ്പിസ്വാമികള്‍ സമാധിവരെയും വെള്ളവസ്ത്രധാരിയായിരുന്നു.
അദമ്യമായ ജ്ഞാനതൃഷ്ണയോടെ ദൂരങ്ങളെയും കാലത്തെയും അതിജീവിച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ താളിയോലഗ്രന്ഥങ്ങള്‍ (അന്ന് ജ്ഞാനം താളിയോലകളില്‍നിന്നു മാത്രമേ ലഭ്യമായിരുന്നുള്ളു) തേടിപ്പോകുകയും അവ ലഭ്യമാകുന്ന സ്ഥലങ്ങളില്‍വെച്ചോ അല്ലാതെയോ പഠിച്ച് അറിവിന്റെ അങ്ങേത്തലക്കലേക്കെത്താന്‍ ശ്രമിക്കുകയും ചെയ്തവരാണിവര്‍ രണ്ടുപേരും. അവര്‍ നേടിയ അറിവിന് പരിമിതികളില്ലായിരുന്നു. അവര്‍ ‘അറിവിലും ഏറിയ അറിവ്’ നേടിയവരായിരുന്നു. ”ചട്ടമ്പിസ്വാമികള്‍ക്ക് അറിയാത്ത വിഷയങ്ങളുണ്ടോ,” എന്നു ശ്രീനാരായണഗുരു പലതവണ പറഞ്ഞതായി ശിഷ്യനായ ബോധേശ്വരന്റെ അനുഭവസാക്ഷ്യമുണ്ട്.
തിരുവനന്തപുരത്ത് കൂപക്കരപ്പോറ്റിമാരുടെ മഠത്തില്‍ മന്ത്രതന്ത്രസംബന്ധികളായ അനേകം ഗ്രന്ഥങ്ങളുണ്ടെന്നറിഞ്ഞ ചട്ടമ്പിസ്വാമികള്‍ അവിടെച്ചെന്ന് ഊണും ഉറക്കവുമുപേക്ഷിച്ച് മൂന്നു ദിനരാത്രങ്ങള്‍ ആ അക്ഷരപ്പുരയിലിരുന്ന്് ജ്ഞാനസമ്പത്തുമുഴുവനും അകത്താക്കിയെന്നു ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തത്സംബന്ധമായ അനേകം ചോദ്യങ്ങള്‍ക്ക് ഉടനടി അസ്തശങ്കം മറുപടി നല്‍കിയപ്പോള്‍ ”ആരിതു വിദ്യാധിരാജനോ” എന്നു മഠാധിപതി അത്ഭുതപ്പെട്ടുവത്രെ. അന്നുമുതല്‍ സ്വാമിയുടെ പേരിനോട് ‘വിദ്യാധിരാജ’ എന്നു ചേര്‍ത്തു വിളിക്കാനും തുടങ്ങി. പണ്ഡിതനായ സുബ്ബാജടാപാഠികളുടെ തമിഴ്‌നാട്ടിലെ വീട്ടില്‍ അദ്ദേഹത്തോടൊപ്പം നാലുവര്‍ഷം താമസിച്ച് പഠിക്കുകയും തൈക്കാട്ട് അയ്യാവു സ്വാമികളുടെ അടുക്കല്‍നിന്ന് ഹഠയോഗവും വേദോപനിഷത്തുകളും നിരവധി ശാസ്ത്രങ്ങളും പഠിക്കുകയും ചെയ്തു.
കവിത, സംഗീതം, ചിത്രകല, ചരിത്രം, വേദാന്തം, വ്യാകരണം, തര്‍ക്കശാസ്ത്രം, മര്‍മ്മശാസ്ത്രം, ഗ്രന്ഥരചന, വൈദ്യം, മന്ത്രം, ജ്യോതിഷം, ഗുസ്തി, കഥകളി, വാദ്യകല എന്നീ വൈവിദ്ധ്യമാര്‍ന്ന കലകളിലും ശാസ്ത്രങ്ങളിലും സ്വാമികള്‍ക്ക് ഗഹനമായ അറിവ് ഉണ്ടായിരുന്നു. വീണ, തംബുരു, ഉടുക്ക്, ചെണ്ട, മൃദംഗം, ഗഞ്ചിറ, നന്തുണി, എന്നിങ്ങനെയുള്ള സംഗീതോപകരണങ്ങള്‍ വാദനം ചെയ്യുന്നതിന് സ്വാമികള്‍ക്ക് അതീവ കഴിവായിരുന്നു. ‘ലാഭാങ്കലാഭൗ ജയാങ്കജയൗ’ തുല്യചിന്തയുള്ളവര്‍ക്ക് ഖേദത്തിന്റെ ലേശചിന്തപോലുമുണ്ടാവുകയില്ല. അങ്ങനെയുള്ളവര്‍ക്ക് പഠിക്കുന്നതെന്തും ഓര്‍മ്മയില്‍ പൂര്‍ണമായി നിര്‍ത്താന്‍ സാധിക്കും.
വലിയ മഹര്‍ഷിമാരുടെ ജീവിതത്തില്‍ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാനാവാത്തത്ര നിഗൂഢതകളുണ്ട്. ഹഠയോഗമാര്‍ഗങ്ങളെ അവലംബിച്ചു കഴിയുന്നവര്‍ക്ക് അമാനുഷികമായ ചില നേട്ടങ്ങളുണ്ടാകും. അവ സമൂഹത്തിനിടയിലേക്ക് വാരിവലിച്ചെറിഞ്ഞ് തന്റെ അമാനുഷത്വം അവര്‍ വെളിപ്പെടുത്താറില്ല. എന്നാല്‍ അത്യപൂര്‍വ്വമായി ചില അവസരങ്ങളില്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമാറ്, ആ ദിവ്യശക്തിയുടെ പ്രകടനം അവര്‍ നടത്തിയിട്ടുമുണ്ട്. ബ്രഹ്‌മചര്യം ദീക്ഷിക്കുന്നതിലൂടെ എല്ലാത്തരം അറിവുകളും വേഗം വശത്താക്കാമെന്നും മറ്റാരെക്കാളുമുപരി അവയെ ഹൃദിസ്ഥമാക്കി ഓര്‍മ്മയുടെ ഭണ്ഡാരത്തില്‍ സൂക്ഷിക്കാമെന്നും യോഗികള്‍ കാണിച്ചുതന്നിട്ടുണ്ട്. ചട്ടമ്പിസ്വാമികള്‍ അത്തരത്തിലുള്ള ഒരു അത്ഭുത പ്രതിഭയായിരുന്നു.
അനിതരസാധാരണമായ സ്‌നേഹംകൊണ്ട് ജന്തുക്കളെപ്പോലും നിസ്സീമ സ്‌നേഹവായ്‌പ്പോടെ തന്നിലേക്കാകര്‍ഷിക്കാന്‍ സ്വാമികള്‍ക്ക് കഴിയുമായിരുന്നു. ജീവജന്തുജാലങ്ങളെ നാം സ്‌നേഹിക്കുന്നുണ്ടെങ്കില്‍, അവയ്ക്കതു ബോധ്യപ്പെട്ടാല്‍, അവ നമ്മളെയും സ്‌നേഹിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുമെന്ന് സ്വാമികള്‍ കാട്ടിക്കൊടുത്തിട്ടുണ്ട്. കോടനാട് വനത്തിനടുത്തുവെച്ച് ഒരു പശുവിന്റെ നേര്‍ക്ക് ചാടിവീണ കടുവയെ പിടിച്ച് അതിന്റെ ചെവിയില്‍ സ്വാമികള്‍ എന്തോ ശാന്തിവാക്കുകള്‍ പറഞ്ഞപ്പോള്‍ ആ കടുവ ശാന്തനായി കുഞ്ഞാടിനെപ്പോലെ തിരിച്ചുപോയത്രെ. ഇപ്രകാരമുള്ള അനേകം പ്രവൃത്തികള്‍ക്ക് അത്ഭുതത്തിന്റെ പരിവേഷം ചാര്‍ത്താന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിട്ടില്ല.
അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാമികള്‍ നിശിതമായി പരിഹസിക്കുമായിരുന്നു. തിരുവനന്തപുരത്ത് സവര്‍ണാഢ്യത്വം പുലര്‍ത്തിയ ഒരു സര്‍ക്കാരുദ്യോഗസ്ഥന്റെ ക്ഷണമനുസരിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍ സദ്യയുണ്ണാനെത്തിയ സ്വാമികളുടെ കൂട്ടത്തില്‍ അമ്പതോളം പട്ടികളുമുണ്ടായിരുന്നു. സ്വാമിയോടൊപ്പം ഓരോ പട്ടിക്കും ഓരോ ഇലയിട്ട് വിഭവങ്ങളെല്ലാം വിളമ്പാന്‍ കല്പിച്ചു. ഊണു തുടങ്ങുമ്പോള്‍ പട്ടികളെയെല്ലാം വിളിച്ച് ഊണുകഴിച്ചോളാന്‍ കല്പിച്ചു. എന്നിട്ട് സവര്‍ണനെന്ന അഹന്തയുണ്ടായിരുന്ന ആതിഥേയന്റെ മുഖത്തുനോക്കിയിട്ട് പറഞ്ഞു, – ”ഈ പട്ടികള്‍ കഴിഞ്ഞ ജന്മത്തില്‍ തിരുവിതാംകൂറിലെ ഉദ്യോഗസ്ഥരായിരുന്നു. ദുഷ്‌ക്കര്‍മ്മങ്ങളുടെ ഫലമായി ഇജ്ജന്മത്തില്‍ തെണ്ടിപ്പട്ടികളായി ജനിച്ചിരിക്കുകയാണ്.” ആതിഥേയന്റെ അഹന്തയ്ക്കും അഴിമതിക്കാരായ സര്‍ക്കാരുദ്യോഗസ്ഥരുടെ അക്രമങ്ങള്‍ക്കും സ്വാമികള്‍ കൊടുത്ത കനത്ത അടിയായിരുന്നു അത്.
എസ്.എന്‍.ഡി.പി. യോഗത്തിന്റെ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആര്‍. ശങ്കറിന്റെ നേതൃത്വത്തില്‍ ഒരു കനകജൂബിലി സ്മാരകഗ്രന്ഥം (1953 ല്‍) പ്രസിദ്ധീകരിച്ചിരുന്നു. സമുന്നതരായ അനേകം ലേഖകന്മാരുടെ കൂട്ടത്തില്‍ കുമ്പളത്തു ശങ്കുപ്പിള്ള എഴുതിയ ‘ചട്ടമ്പിസ്വാമി തിരുവടികള്‍’ എന്ന ലേഖനത്തിലെ ചില ഭാഗങ്ങള്‍ ഈ ലേഖനത്തിന്റെ തലക്കെട്ടിനോട് നീതിപുലര്‍ത്തുന്നു. പന്മനയിലാണ് ശങ്കുപ്പിള്ളയുടെ വീട്. അവിടെ സ്വാമികള്‍ പലപ്പോഴായി താമസിച്ചു വിശ്രമിക്കാറുണ്ട്. പന്മനയില്‍ സ്വാമികള്‍ വിശ്രമിക്കാറുള്ള കാവിന്റെ കിഴക്കുഭാഗത്ത് മറ്റൊരു കാവും ഉണ്ടായിരുന്നു. ഒരിക്കല്‍ ശങ്കുപ്പിള്ളയുടെ ഭവനത്തില്‍ താമസിക്കവെ സ്വാമികള്‍ ആ കിഴക്കേകാവൊന്നു കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന്, ശങ്കുപ്പിള്ളയെയും കൂട്ടിപ്പോയി കാവുകണ്ടു. ”ഇതു വളരെ പുരാതനവും പരിശുദ്ധിയുമുള്ള ഒരു കാവാണ്. അവിടെ സമാധിപീഠം ആക്കുന്നതുകൊള്ളാം,” എന്നു ശങ്കുപ്പിള്ളയോടു പറഞ്ഞു. കുറെദിവസങ്ങള്‍ കഴിഞ്ഞ് സ്വാമികള്‍ തിരുവനന്തപുരത്തേക്ക് യാത്രയായി. ”എല്ലാവരോടും യാത്രചോദിച്ചിട്ടുവരാം,” എന്നും പറഞ്ഞു പോകാനിറങ്ങുമ്പോള്‍ ”കാരണവരെ! കിഴവന്‍ ചാകാനിങ്ങു വരും,” എന്നും ശങ്കുപ്പിള്ളയോടു പറഞ്ഞു.
സമീപകാലത്തായിരുന്നു സ്വാമികളുടെ ഷഷ്ട്യബ്ദിപൂര്‍ത്തി കഴിഞ്ഞിരുന്നത്. അദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരുന്നു. തിരുവനന്തപുരത്തെത്തിയതിനുശേഷം അല്പദിവസം കഴിഞ്ഞപ്പോള്‍ ഉദരസംബന്ധമായ എന്തോ അസുഖം തോന്നി. ആഹാരം കുറച്ചു. ചികിത്സകള്‍ പലതും ചെയ്തുനോക്കിയിട്ടും രോഗത്തിനു ശമനമുണ്ടായില്ല. പന്മനക്കു പോരാനാഗ്രഹിച്ചുള്ള സ്വാമികളുടെ കത്തുകിട്ടിയ ഉടനെ ശങ്കുപ്പിള്ള തിരുവനന്തപുരത്തെത്തി. ശിഷ്യന്മാര്‍, ഭക്തന്മാര്‍, മഹാവൈദ്യന്മാര്‍, സേവകന്മാര്‍ ഒക്കെ അവിടെ തടിച്ചുകൂടിയിരുന്നു. സ്വാമികള്‍ അവരോടൊക്കെ യാത്രപറഞ്ഞ് പന്മനയ്ക്കു തിരിച്ചു. വരുംവഴി ശങ്കുപ്പിള്ളയുടെ നിര്‍ബ്ബന്ധപ്രകാരം പ്രാക്കുളത്തുള്ള തോട്ടുവയലില്‍ ബംഗ്ലാവില്‍ അല്പദിവസം താമസിച്ചു. തിരുവടികളുടെ ശിഷ്യന്‍ ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളും കൂടെയുണ്ടായിരുന്നു. വിവരമറിഞ്ഞ് നാരയണഗുരുസ്വാമികളും അവിടെയെത്തി. ശിഷ്യന്മാരുടെയും മറ്റും നിര്‍ബ്ബന്ധമനുസരിച്ച് സ്വാമികള്‍ ഒരു ഫോട്ടോ എടുക്കുന്നതിനു അനുവാദം തന്നു. സ്വാമികളുടെ വലതുവശത്ത് നാരായണഗുരുസ്വാമികളും ഇടതുവശത്ത് തീര്‍ത്ഥപാദസ്വാമികളും ഇരുന്നു. അത് സ്വാമികളുടെ രണ്ടാമത്തേതും അവസാനത്തേതുമായ ഫോട്ടോ ആയിരുന്നു.
സ്വാമികള്‍ കുറെദിവസം പ്രാക്കുളത്തു കഴിഞ്ഞു. ഇനി പന്മനയിലെത്തിയിട്ടേ ഔഷധംപോലും കഴിക്കുകയുള്ളു എന്നു ശാഠ്യംപിടിച്ചു. വെയിലിനെ ഭയന്ന് സ്വാമികളെ രാത്രിയിലാണ് വള്ളത്തില്‍ പന്മനയിലെത്തിച്ചത്. സ്വാമികളെ തിരുവനന്തപുരം, ആദിനാട്, കൊല്ലം എന്നീ സ്ഥലങ്ങളിലേക്കു കൊണ്ടുപോയി അദ്ദേഹത്തിന്റെ മഹാസമാധിയുടെ ഫലം അനുഭവിക്കുവാന്‍ പലരും ശ്രമിച്ചുകൊണ്ടിരുന്നു. നിര്‍ബ്ബന്ധം വര്‍ദ്ധിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു, ”ഏതായാലും ഇരുപത്തിമൂന്നാം തീയതി കഴിയട്ടെ, തെക്കോട്ടുവന്നേക്കാം,”എന്ന്. കേട്ടുനിന്നവര്‍ക്കാര്‍ക്കും അതിന്റെ പൊരുള്‍ അപ്പോള്‍ മനസ്സിലായില്ല.
മേടം 22-ാം തീയതി സ്വാമികള്‍ ശങ്കുപ്പിള്ളയെവിളിച്ചു പറഞ്ഞു, ”എങ്ങും പോകരുത്, ഇന്നോര്‍ക്കൊക്കെ എഴുത്തയക്കണം.” അദ്ദേഹം അതനുസരിച്ചു ചെയ്തു. പലരും വന്നുചേര്‍ന്നു. അന്നേദിവസം, 1099- ാമാണ്ട് മേടമാസം 23-ാം തീയതി കാര്‍ത്തികദിവസം, ശ്രീ ചട്ടമ്പിസ്വാമിത്തിരുവടികള്‍ അവിടുത്തെ ഇച്ഛപോലെ, പന്മന പ്രാക്കുളം ശ്രീ പത്മനാഭപിള്ളസ്മാരകവായനശാലയില്‍വെച്ച് ദിവ്യസമാധിവഴി പരമപദത്തിലെത്തി.
99 ലെ വെള്ളപ്പൊക്കത്തെക്കുറിച്ച് ഇന്നും പലരും ഭീതിയോടെ പറയാറുണ്ട്. പെരുമാരിയും വെള്ളപ്പൊക്കവുംകൊണ്ട് വഞ്ചിരാജ്യത്തിനെ കണ്ണീരിലാഴ്ത്തിയതിനൊപ്പം മറ്റുചില ദുഃഖചിഹ്നങ്ങളും വന്നുചേര്‍ന്ന വര്‍ഷമായിരുന്നു അത്. യതീശ്വരനായ ചട്ടമ്പിസ്വാമികള്‍, കവീശ്വരനായ കുമാരനാശാന്‍, രാജര്‍ഷിയായ ശ്രീമൂലംതിരുനാള്‍, എല്ലാവരും നാടുനീങ്ങി. എല്ലാംകൂടി 99 ല്‍ തിരുവിതാംകൂറിന്റെ നഷ്ടം വളരെ വലുതായിരുന്നു.
അവലംബം:
(1) ചട്ടമ്പിസ്വാമികള്‍, ജീവിതവും പഠനവും, പ്രോഫ. സി. ശശിധരക്കുറുപ്പ്, 2015, കറന്റ് ബുക്‌സ്.
(2) എസ്സ്.എന്‍.ഡി.പി. യോഗം, കനകജൂവിബി സ്മാരകഗ്രന്ഥം, 1953.