ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഭാരതം പൊതു തിരഞ്ഞെടുപ്പിലേക്ക് കടന്നിരിക്കുന്നു. പതിനെട്ടാം ലോകസഭയിലെ 543 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെയുള്ള കാലയളവില്‍ ഏഴ് ഘട്ടങ്ങളായാണ് ഭാരതത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. തങ്ങളുടെ വോട്ടവകാശത്തെക്കുറിച്ച് കൂടുതല്‍ ബോധവതികളാകുന്ന സ്ത്രീകള്‍ വോട്ടിന്റെ ശക്തി മനസ്സിലാക്കി, പലപ്പോഴും പുരുഷാധിപത്യപരമായിരുന്ന ഭാരത രാഷ്ട്രീയത്തെ ഗതിതിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണ്ണയിക്കുന്നു.
2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരുടെ പങ്കാളിത്തം പുരുഷന്മാരെക്കാള്‍ കൂടുതലായിരുന്നു. 1962ല്‍ 16.71 ശതമാനത്തില്‍ അധികം പുരുഷന്മാര്‍ വോട്ട് രേഖപ്പെടുത്തിയെങ്കില്‍ 2019 എത്തുമ്പോള്‍ അത് 0.17 ശതമാനത്തില്‍ അധികം സ്ത്രീകള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തുന്ന തലത്തിലേക്ക് എത്തി.
2014 ല്‍ പ്രധാനമന്ത്രി പദത്തിലേക്ക് വന്ന നരേന്ദ്രമോദി, ഈ രാജ്യത്തിന്റെ വികസനവും പുരോഗതിയുമാണ് നാം ലക്ഷ്യം വെക്കുന്നതെങ്കില്‍ 50 ശതമാനത്തോളം വരുന്ന ഭാരതത്തിലെ സ്ത്രീ ജനങ്ങളുടെ കരുത്തും കഴിവും കണക്കിലെടുത്തുകൊണ്ട് മാത്രമേ അത് നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് പ്രസ്താവിച്ചത് കേവലം യാദൃച്ഛികമായിരുന്നില്ല എന്ന് കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ദേശീയ ജനാധിപത്യ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ നമുക്ക് മനസ്സിലാകുന്നു. ഇന്‍ഡി മുന്നണിയുടെ റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ‘ശക്തി’ക്കെതിരായ പോരാട്ടത്തിന് കൃത്യമായ മറുപടി നല്‍കിക്കൊണ്ട് ഓരോ അമ്മയും മകളും തനിക്ക് ശക്തിയുടെ രൂപമാണെന്നും അവരുടെ സുരക്ഷയ്ക്കായി തന്റെ ജീവന്‍ ബലി അര്‍പ്പിക്കുമെന്നും പ്രധാനമന്ത്രി നടത്തിയ പ്രസ്താവന കേവലം വെറും വാക്കല്ല.
നവഭാരതം എന്ന ലക്ഷ്യത്തോടെ വനിതാ ശാക്തീകരണ രംഗത്ത് വിപ്ലവപരമായ മുന്നേറ്റമാണ് കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഭാരത സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ സുരക്ഷിതത്വത്തിനും അന്തസ്സിനുമായി അഭൂതപൂര്‍വ്വമായ നിരവധി നയപ്രഖ്യാപനങ്ങളും സംരംഭങ്ങളും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി.
‘ബേഠി ബചാവോ ബേഠി പഠാവോ’ എന്ന സന്ദേശവുമായി ആരംഭിച്ച സുകന്യ സമൃദ്ധി യോജന, ധനലക്ഷ്മി സ്‌കീം, ലാഡ്‌ലി സ്‌കീം തുടങ്ങിയവ ഭാരതത്തിലെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി ആരംഭിച്ച പദ്ധതികളാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമ്പത്തികമായി സുരക്ഷിതമായ ഭാവി ഉറപ്പാക്കാനും മാതാപിതാക്കളെ ഈ പദ്ധതികള്‍ സഹായിക്കുന്നു. പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങള്‍ സംരക്ഷിക്കേണ്ടതും അവരെ അവസരങ്ങളുടെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ച് ഉയരാന്‍ സഹായിക്കേണ്ടതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നു.
ഭക്ഷണം പാചകം ചെയ്യാന്‍ ശരിയായ ഇന്ധനം ലഭ്യമാകാത്തതുകൊണ്ട് പരിസ്ഥിതിക്കും ആരോഗ്യത്തിനും ഹാനികരമായ വിറക്, മണ്ണെണ്ണ തുടങ്ങിയ പരമ്പരാഗത രീതികളെ ആശ്രയിച്ചിരുന്ന കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്വല്‍ യോജന. ഈ പദ്ധതി ഒന്‍പത് കോടിയിലധികം സ്ത്രീകളെയാണ് അടുക്കളയിലെ പുകയില്‍ നിന്ന് രക്ഷിച്ചത്.
സംരംഭകത്വവും ചെറുകിട ബിസിനസ് സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരംഭിച്ച നിര്‍ണായ സാമ്പത്തിക പദ്ധതിയായിരുന്നു മുദ്രാ യോജന. ഭാരതത്തിലെ വനിതാ സംരംഭകരില്‍ ഈ പദ്ധതി ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും സ്ത്രീകളാണെന്നതും മൂന്നര കോടിയിലധികം വനിതാ സംരംഭകര്‍ ഈ അവസരം പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഗര്‍ഭിണികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും വരുമാന നഷ്ടം നികത്തുന്നതിനും മാതൃശിശു മരണനിരക്ക് കുറയ്ക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത പദ്ധതികളാണ് പ്രധാനമന്ത്രി മാതൃവന്ദന യോജനയും, ജനനി സുരക്ഷ യോജനയും. ഗര്‍ഭകാലത്തും പ്രസവസമയത്തും സഹായം നേരിട്ട് ലഭിച്ച കോടിക്കണക്കിന് ജന്‍ ധന്‍ ബാങ്ക് അക്കൗണ്ട് ഉടമകളായ സ്ത്രീകള്‍ ഈ രാജ്യത്തുണ്ട്.
പ്രസവമുറികളുടെയും ഓപ്പറേഷന്‍ തീയേറ്ററുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്ന ലേബര്‍ റൂം ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ്, ലക്ഷ്യ (LaQshya) ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പോഷക് അഭിയാന്‍ എന്നീ പദ്ധതികളും ശ്രദ്ധേയമാണ്. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന മുന്നേറ്റമായിരുന്നു ഒരു രൂപയ്ക്ക് ജന്‍ ഔഷധി സുവിധ ബയോ ഡിഗ്രേഡബിള്‍ സാനിറ്ററി നാപ്കിനുകള്‍ രാജ്യത്തുടനീളം പതിനായിരത്തിലധികം ജനൗഷധി കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കിയത്. ഇതിലൂടെ സ്ത്രീകളുടെ ഇടയില്‍ ആര്‍ത്തവ ശുചിത്വത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കാനും, ഉയര്‍ന്ന നിലവാരമുള്ള സാനിറ്ററി നാപ്കിന്റെ ലഭ്യതയും ഉപയോഗവും വര്‍ദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹൃദമായ രീതിയില്‍ സാനിറ്ററി നാപ്കിനുകളുടെ സുരക്ഷിതമായ സംസ്‌കരണം ഉറപ്പാക്കാനും സാധിച്ചു.
സ്വന്തമായി ഒരു വീട് എന്ന സുപ്രധാനമായ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സ്ത്രീകളെ സഹായിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. റേഷന്‍ കാര്‍ഡിന്റെയും വീടിന്റെയും ഉടമസ്ഥയാവുക എന്നതിലൂടെ നിശബ്ദമായ വനിതാ ശാക്തീകരണ വിപ്ലവമാണ് ഭാരതത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ത്രീ പങ്കാളിത്തമുള്ള പദ്ധതികളില്‍ ഒന്നാണ് പതിനാലരക്കോടി ജനങ്ങള്‍ ജോലി ചെയ്യുന്ന തൊഴിലുറപ്പ് പദ്ധതി അഥവാ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി സ്‌കീം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങിയ ശേഷം കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയുടെ കൂലി 200 രൂപയ്ക്ക് താഴെയായിരുന്നത് 374 രൂപ വരെയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. പുതുക്കിയ കൂലി ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും. ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്ന 25 ശതമാനത്തിലധികം ജനങ്ങളെ മുകളിലേക്ക് എത്തിക്കാന്‍ സാധിച്ചത് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ടായ ശ്രദ്ധേയമായ മുന്നേറ്റമാണ്.
ഒന്നാം ലോകസഭയില്‍ നിന്ന് പതിനേഴാം ലോകസഭയിലേക്ക് എത്തുമ്പോള്‍ 5 ശതമാനത്തില്‍ നിന്നും 15 ശതമാനത്തിലേക്ക് വനിതാ പ്രാതിനിധ്യം ഉയരുന്നു. നിലവില്‍ ലോകസഭയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനവും രാജ്യസഭയില്‍ അത് 13 ശതമാനവും ആണ്. നിയമസഭകളില്‍ എത്തുമ്പോള്‍ 20% വനിതാ പ്രാതിനിധ്യം ഭാരതത്തിലെ ഒരു നിയമസഭയിലും ഇല്ല. 18 ശതമാനം വനിതാ പ്രാതിനിധ്യവുമായി ഛത്തീസ്ഗഡ് മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളത്തില്‍ അത് ഒന്‍പത് ശതമാനമാണ്. മിസോറാമില്‍ വനിതാ പ്രാതിനിധ്യം ഇല്ലാത്ത അവസ്ഥയാണ്.
അമൃത കാല്‍ വര്‍ഷത്തിലേക്കുള്ള ഭാരതത്തിന്റെ മുന്നേറ്റത്തിന് സ്ത്രീശക്തിക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വപ്‌നം കാണുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം ആഗോള അജണ്ടയായി പ്രഖ്യാപിച്ച് ജി-ട്വന്റി ഉച്ചകോടി ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുകയുണ്ടായി. ജി-ട്വന്റിക്ക് കൊടി ഇറങ്ങിയ അടുത്ത ദിവസം തന്നെ വനിതാ സംവരണ ബില്‍ പുതിയ പാര്‍ലമെന്റിലെ ആദ്യ ബില്ലായി സെപ്റ്റംബര്‍ 19 നാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ 128-ാം ഭേദഗതിയായി കൊണ്ടുവന്ന ബില്ല് ‘നാരീ ശക്തി വന്ദന്‍ അധിനിയമ്’ എന്നപേരിലാണ് അവതരിപ്പിക്കപ്പെട്ടത്. പാര്‍ലമെന്റില്‍ 454 എം.പിമാരുടെ വോട്ടോടു കൂടി ബില്ല് പാസായപ്പോള്‍ കേവലം രണ്ട് എംപിമാര്‍ മാത്രമാണ് എതിരായി വോട്ട് ചെയ്തത്. എന്നാല്‍ രാജ്യസഭയില്‍ 215 വോട്ട് നേടി ഐകകണ്‌ഠ്യേനയാണ് ബില്‍ പാസായത്. സംസ്ഥാന നിയമസഭകളിലേക്കും ലോകസഭയിലേക്കും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നിയമംമൂലം ഉറപ്പാക്കുന്ന ബില്ല് ലോകസഭയിലും തുടര്‍ന്ന് രാജ്യസഭയിലും പാസ്സാക്കിയതിലൂടെ ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയുടെ ശാക്തീകരണത്തിനുള്ള പ്രതിബദ്ധത എത്രത്തോളം വലുതാണെന്ന് രാജ്യം തെളിയിക്കുകയായിരുന്നു. 2047 ഓടു കൂടി വികസിത ഭാരതം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിന് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം. വനിതാ സംവരണ ബില്‍, സ്ത്രീശക്തി രൂപീകരണത്തില്‍ ഇനി വലിയ പങ്കാണ് ചെലുത്തുക.
നിരവധി വര്‍ഷങ്ങള്‍ക്കുശേഷം രാജ്യത്ത് സ്ത്രീപുരുഷ അനുപാതം മെച്ചപ്പെട്ടുവെന്ന് സമീപകാല കണക്കുകള്‍ സൂചിപ്പിക്കുന്നു. ലക്ഷക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം സ്വാതന്ത്ര്യസമരത്തില്‍ സ്ത്രീശക്തിയുടെ സംഭാവനകളെ രാജ്യം ഇന്ന് സ്മരിക്കുകയും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിനാല്‍, സൈനിക് സ്‌കൂളുകളില്‍ പഠിക്കാനുള്ള അവരുടെ സ്വപ്‌നങ്ങള്‍ പെണ്‍മക്കള്‍ സാക്ഷാത്കരിക്കുന്നു. ഇപ്പോള്‍ ഏത് പെണ്‍കുട്ടിക്കും രാജ്യത്തിന്റെ പ്രതിരോധത്തിനായി സൈന്യത്തില്‍ പോകാനും സുപ്രധാന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും കഴിയും.
വിവാഹപ്രായം 19ല്‍ നിന്ന് 21 ലേക്ക് മാറ്റുന്നതിനുള്ള ശ്രമവും കോടിക്കണക്കിന് മുസ്ലിം സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തിയ മുത്തലാഖ് നിരോധന നിയമവും എല്ലാം കേന്ദ്രസര്‍ക്കാരിന്റെ വിപ്ലവകരമായിട്ടുള്ള സ്ത്രീപക്ഷ തീരുമാനങ്ങളായിരുന്നു. 2015 മുതല്‍ 2024 വരെ 231 വനിതകളെയാണ് രാജ്യം പത്മ ബഹുമതി നല്‍കി ആദരിച്ചത്. ചാന്ദ്രയാന്‍ പദ്ധതിയിലൂടെ ചാന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമെത്തിയ രാജ്യം എന്ന ഖ്യാതി നേടിയെടുത്തുകൊണ്ട് വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന ഔദ്യോഗിക നാമകരണം നടത്തിയത് ആസേതുഹിമാചലം സ്ത്രീശക്തിയ്ക്ക് അഭിമാന നേട്ടമാണ്.
എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം എല്ലാവരുടെയും പരിശ്രമം എന്ന മന്ത്രമാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുന്നോട്ടുവയ്ക്കുന്നത്. വര്‍ത്തമാന ഭാരതം അതിന്റെ ഭാവി നിര്‍ണയിക്കുന്നതിനുള്ള നിര്‍ണായകമായ മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ തങ്ങളുടെ സമ്മതിദാനാവകാശം ശരിയായ രീതിയില്‍ വിനിയോഗിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. സാമ്പത്തികം കൈകാര്യം ചെയ്യാന്‍ ജന്‍ധന്‍ അക്കൗണ്ട്, വീടിന്റെയും പൊതുവിതരണസംവിധാനത്തിന്റെ ഭാഗമായുള്ള റേഷന്‍ കാര്‍ഡിന്റെയും ഉടമസ്ഥ, ലോകസഭയിലും നിയമസഭയിലും 33% ശതമാനം സംവരണം, ശുദ്ധമായ കുടിവെള്ളം, ശുചിത്വ പദ്ധതികള്‍, പാചകവാതക ലഭ്യത, ആരോഗ്യ പരിപാലന പദ്ധതികള്‍, വിദ്യാഭ്യാസ പദ്ധതികള്‍, സാമ്പത്തിക സംരംഭക പദ്ധതികള്‍ തുടങ്ങി സര്‍വസ്പര്‍ശിയായ സ്ത്രീ ശാക്തീകരണ മുന്നേറ്റത്തിലൂടെയുള്ള യാത്ര രാജ്യത്തെ തന്നെ ശാക്തീകരിക്കുക എന്ന ഉദാത്ത ലക്ഷ്യത്തോടെയുള്ളതാണ്. ഇതാണ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലവും. നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി വരുമെന്ന് സംശയലേശമെന്യേ ഏവര്‍ക്കും ബോധ്യമുള്ളതാണ്. അതിനു പ്രധാന കാരണം ആബാലവൃദ്ധം വരുന്ന സ്ത്രീ സമൂഹം അദ്ദേഹത്തിന് നല്‍കുന്ന പിന്തുണയാണ്. പ്രധാനമന്ത്രിമാരുടെ മകനോ രാജകുടുംബത്തില്‍ പിറന്ന മകനോ ആകാതിരുന്നിട്ട് കൂടി ആഗോള നേതാവായി നരേന്ദ്രമോദി മാറ്റപ്പെട്ടിരിക്കുന്നത് സമഗ്രവും സര്‍വ്വസ്പര്‍ശിയുമായ ഭരണനേട്ടം കൊണ്ടാണ്. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ കസര്‍ത്തിന്റെ ഭാഗമായുള്ള പ്രകടനപത്രിക ഇറക്കി ജനങ്ങളെ കബളിപ്പിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇന്നലെകളെ മാറ്റിമറിച്ചു കൊണ്ട് നടപ്പാക്കിയ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ട് ഇതാണ് മോദിയുടെ ഗ്യാരണ്ടി എന്ന് പറയാനുള്ള ചങ്കൂറ്റവും കരുത്തുമാണ് ഇന്ന് പ്രധാനമന്ത്രിയെ വ്യത്യസ്തനാക്കുന്നത്. അതിലൂടെ രാജ്യത്തിന് ആകെ കിട്ടുന്ന ആത്മവിശ്വാസം അനിര്‍വ്വചനീയമാണ്. കേവലം ഒരു തിരഞ്ഞെടുപ്പ് വിജയിക്കും എന്നതിനപ്പുറം 2047ല്‍ ഒരു വികസിത ഇന്ത്യ എന്നുള്ള സ്വപ്‌നമാണ് ഈ രാജ്യത്തിനുള്ളത് എന്ന പ്രഖ്യാപനം ദീര്‍ഘവീക്ഷണത്തിന്റെ ഉജ്ജ്വലമായ ശബ്ദമാണ്. ഇത് തലമുറകളെ തന്നെ സംരക്ഷിക്കാന്‍ പോകുന്ന മുദ്രാവാക്യമായും വികസന പദ്ധതിയായും ജനം ഹൃദയത്തില്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഭരണവിരുദ്ധ വികാരമില്ലാതെ ഭരണാനുകൂല തരംഗം ആഞ്ഞടിക്കുന്ന ലോക ജനാധിപത്യത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ ഒരു തിരഞ്ഞെടുപ്പിനെയാണ് നാമിപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഭരണസംവിധാനത്തില്‍ മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനും ബദലായി ഏകാത്മമാനവദര്‍ശനത്തിലൂടെ ഭാരതം മുന്നോട്ടുവെച്ച കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കാനുള്ള പരിശ്രമത്തിന്റെ വൈജയന്തി കൂടിയാണ് നവഭാരതം. വീടുകളില്‍ നിന്നും പണിശാലകളില്‍ നിന്നും ഇറങ്ങി ആധുനിക ഭാരതത്തിനുവേണ്ടി നമ്മുടെ സമ്മതിദാന അവകാശം അഭിമാനത്തോടെ നാം രേഖപ്പെടുത്തുകയാണ് വേണ്ടത്.