ലോകത്തില്‍ എല്ലാ രാജ്യങ്ങളിലും ‘വാട്ടര്‍ ഫ്രണ്ട്‌ലി’ നിര്‍മ്മിതികള്‍ ഉണ്ടാക്കാറുണ്ട്. കടലിലും കായലിലും ജലത്തില്‍ ഇറക്കി നിര്‍മ്മിതികള്‍ നടത്തുന്നതിനെയാണ് ‘വാട്ടര്‍ ഫ്രണ്ട്‌ലി നിര്‍മ്മിതി’ എന്നു പറയുന്നത്. ബഹ്‌റിന്‍, ഖത്തര്‍, സൗദി തുടങ്ങി ഗള്‍ഫ് രാജ്യങ്ങള്‍ വളരെ ദൂരം കടലുനികത്തി നിര്‍മ്മിതികള്‍ നടത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഇറ്റലിയിലെ മിലാനില്‍ കായലില്‍ ഇറക്കി നിര്‍മ്മിച്ചിരിക്കുന്ന സൗധങ്ങള്‍ കാഴ്ചയ്ക്ക് മനോഹരമാണ്. ഹോളണ്ട് എന്ന രാജ്യം തന്നെ സമുദ്രനിരപ്പില്‍ നിന്നു താഴെയായതിനാല്‍ കടല്‍ഭിത്തി കെട്ടി സംരക്ഷിച്ചു നിര്‍ത്തിരിയിക്കുകയാണത്രേ! ഈ രാജ്യങ്ങളിലൊക്കെ ഇതൊക്കെ സാധ്യമാണെങ്കിലും ഇന്ത്യയില്‍ മാത്രം തീരദേശ സംരക്ഷണമെന്ന പേരില്‍ അത്തരം കാര്യങ്ങളൊക്കെ വിലക്കിയിരിക്കുന്നു. പകരം കണ്ടല്‍ ക്കാട് നട്ടുവളര്‍ത്തലാണ് ഇവിടുത്തെ വിനോദം.
കണ്ടല്‍ക്കാടുകള്‍ പ്രയോജനമില്ലാത്ത പ്രദേശങ്ങളില്‍ നട്ടുവളര്‍ത്തുന്നതും അതിനെ ഉപജീവിച്ചു കഴിയുന്ന ജീവികളെ സംരക്ഷിക്കുന്നതുമൊക്കെ നല്ല കാര്യങ്ങള്‍ തന്നെ. എന്നാല്‍ രാജ്യത്തിനാവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയൊക്കെ ഇത്തരം പരിസ്ഥിതിഭ്രാന്തുകൊണ്ടു തടയുന്നതില്‍ ഒരു പ്രയോജനവുമില്ല. വിഴിഞ്ഞം തുറമുഖത്തിനെതിരേയും അത്തരക്കാര്‍ നടത്തുന്ന ഗൂഢാലോചനയെ സമൂഹം കാണാതെ പോകരുത്.
കോടിക്കണക്കിനു മനുഷ്യന്‍ പാര്‍പ്പിടമില്ലാതെ വലയുമ്പോഴാണ് വലിയ ഫ്‌ളാറ്റുകള്‍ നിര്‍ദ്ദാക്ഷിണ്യം പരിസ്ഥിതിയുടെ പേരുപറഞ്ഞ് പൊളിച്ചുകളയുന്നത്. ഒരിക്കല്‍ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ നിയമവിരുദ്ധമായി അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ മാത്രമല്ലേ അതില്‍ കുറ്റക്കാര്‍? ഫ്‌ളാറ്റ് വിലയ്ക്കു വാങ്ങി താമസിച്ചവര്‍ എന്തു പിഴച്ചു? നിയമവിരുദ്ധമായ കെട്ടിടങ്ങള്‍ ഫൈന്‍ ഈടാക്കിയശേഷം പിടിച്ചെടുത്ത് പാര്‍പ്പിടമില്ലാത്തവര്‍ക്ക് വിതരണം ചെയ്യുകയോ മറ്റോ ചെയ്യാതെ ഇടിച്ചുതള്ളുന്നത് കൊണ്ട് ആര്‍ക്കാണു പ്രയോജനം? മലയാളം വാരികയില്‍ (നവം.13) കണ്ടല്‍ നട്ടുപിടിപ്പിച്ച പരിസ്ഥിതി സ്‌നേഹികളെക്കുറിച്ച് ഒരു ലേഖനമുണ്ട്. കണ്ടല്‍ക്കാട് നട്ടുപിടിപ്പിക്കുന്നതൊക്കെ നല്ലതുതന്നെ. എന്നാല്‍ നമുക്കു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. പ്രകൃതി സംരക്ഷിച്ചു നിര്‍ത്തണം. അതിനുവേണ്ടി വികസനപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കേണ്ട ആവശ്യമില്ല. ലോകത്തെല്ലായിടത്തും രാഷ്ട്രപുരോഗതി സ്വകാര്യവ്യവസായികളെക്കൂടി ആശ്രയിച്ചാണു നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ വ്യവസായികളെ പൊതുസമൂഹത്തിന്റെ ശത്രുക്കളായി കാണുന്ന മലയാളിയുടെ മനസ്സ് മാറിയേ പറ്റൂ.
ശാസ്ത്രജ്ഞന്‍ സമൂഹത്തിന് വലിയ സംഭാവനകളാണ് നല്‍കുന്നത്. ആ മേഖലയില്‍ ലോകപ്രശസ്തര്‍ തന്നെ ആയിട്ടുള്ള മലയാളികള്‍ ധാരാളമുണ്ട്. എം.എസ്.സ്വാമിനാഥന്‍, താണു പത്മനാഭന്‍, ഡോക്ടര്‍ ജോര്‍ജ്ജ് സുദര്‍ശന്‍, ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്ന മാധവന്‍ നായര്‍, എം.ജി.കെ. മേനോന്‍ എന്നിവരൊക്കെ വലിയ ശാസ്ത്രജ്ഞരായിരുന്നു. എന്നാല്‍ അവരെയൊന്നും ആരും ബുദ്ധിജീവികള്‍ എന്ന് വിളിച്ചു കണ്ടിട്ടില്ല. ഉള്ളൂര്‍, വടക്കുകൂര്‍, ഇളംകുളം, ശൂരനാട് കുഞ്ഞന്‍പിള്ള, ഡോക്ടര്‍ കെ.എം. ജോര്‍ജ്ജ്, എ.ആര്‍.രാജരാജവര്‍മ്മ, പന്മന രാമചന്ദ്രന്‍നായര്‍, നടുവട്ടം ഗോപാലകൃഷ്ണന്‍ ഇവരൊക്കെ പണ്ഡിതരാണ് ഇവരേയും ആരും പക്ഷേ ബുദ്ധിജീവി എന്നു വിളിക്കാറില്ല. ഇംഗ്ലീഷിലും സ്‌കോളര്‍, ഇന്റലക്ച്ചല്‍ എന്നീ പദങ്ങള്‍ ഒരേ അര്‍ത്ഥത്തിലല്ല പ്രയോഗിക്കുന്നത്. പാശ്ചാത്യരുടെ ഇടയില്‍ ബുദ്ധിജീവികള്‍ക്കു വലിയ പഞ്ഞമൊന്നുമില്ല. എന്നാല്‍ നമ്മുടെ കേരളത്തില്‍ ആ പേരു നല്‍കി വിളിക്കാന്‍ കഴിയുന്ന എത്രപേരുണ്ട്? സൂക്ഷ്മവിശകലനത്തില്‍ നമുക്ക് ഒരേ ഒരാള്‍ മാത്രമേ ആ ഗണത്തില്‍ പെടുത്താന്‍ സര്‍വ്വാത്മനാ യോഗ്യനായി ഉള്ളൂ. അതു കേസരി ബാലകൃഷ്ണപിള്ളയാണ്. അക്കാര്യത്തില്‍ എനിക്കു സംശയമില്ല. മാതൃഭൂമിയില്‍ (നവം.26 – ഡിസം.2) പി.പി.രവീന്ദ്രനും ഈ ലേഖകന്റെ അഭിപ്രായം തന്നെയാണ്. ‘ആധുനിക ഇന്ത്യയിലെ പൊതു ബുദ്ധിജീവി’ എന്ന ലേഖനത്തില്‍ അദ്ദേഹം കേസരിയുടെ സര്‍വ്വതല സ്പര്‍ശിയായ പാണ്ഡിത്യത്തേയും ഉള്‍ക്കാഴ്ചയേയും വിലയിരുത്തുന്നു.
‘ബുദ്ധിജീവി’ എന്ന സങ്കല്പത്തെ, അല്ലെങ്കില്‍ സംജ്ഞയെ കൃത്യമായി നിര്‍വ്വചിക്കുക എളുപ്പമല്ല. ഒരു സംസ്‌കൃതിയെ ചരിത്രപരമായിത്തന്നെ ഉള്‍ക്കൊള്ളുകയും അതിനെ ആധുനികവല്‍ക്കരിക്കുന്നതിനുവേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുകയും ചെയ്യുന്ന മഹാവ്യക്തിത്വങ്ങളെ മാത്രമേ നമുക്ക് ബുദ്ധിജീവി എന്നു വിളിക്കാന്‍ കഴിയൂ. സമ്പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ആ വിളിപ്പേരിനു സര്‍വ്വഥാ യോഗ്യനായി കേസരി മാത്രമേ നമ്മുടെ നാട്ടിലുണ്ടായിരുന്നിട്ടുള്ളൂ. അദ്ദേഹത്തിന്റെ തലപ്പൊക്കമുള്ള ഒരു പണ്ഡിതനും ബുദ്ധിജീവിയും നമുക്കു പിന്നെ ലഭിച്ചിട്ടില്ല. മലയാളത്തിലെ ആദ്യത്തെ ബുദ്ധിജീവി, അവസാനത്തേയും എന്നു പറയേണ്ടി വരുമോ എന്നു സംശയമുണ്ട്. കാരണം കേസരിയ്ക്കുശേഷം ബഹുമുഖമായി അദ്ദേഹത്തിനുണ്ടായിരുന്നതുപോലുള്ള പാണ്ഡിത്യവും ഉള്‍ക്കാഴ്ചയും ചരിത്രബോധവും എല്ലാം ഉള്‍ച്ചേര്‍ന്ന മറ്റൊരു പ്രതിഭാശാലി കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാന്‍ സാധ്യതയുമില്ല. അമിതമായ രാഷ്ട്രീയവല്‍ക്കരണവും മതവല്‍ക്കരണവും നടന്നു കഴിഞ്ഞിരിയ്ക്കുന്ന കേരളത്തില്‍ നിന്ന് ഇന്നത്തെ സാഹചര്യത്തില്‍ ഒരു സ്വതന്ത്രബുദ്ധിജീവിക്കു വളര്‍ന്നുവരുക സാധ്യമല്ല. കാരണം അത്തരക്കാരെ പിന്‍തുണക്കുന്ന പ്രസിദ്ധീകരണങ്ങളോ പ്രസാധകശാലകളോ നമുക്കില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വാലായി നടക്കുന്ന ബുദ്ധിജീവിനാട്യക്കാര്‍ക്കു കൈയടിക്കുന്ന പൊതുജനങ്ങളും നമ്മുടെ സമൂഹത്തിന്റെ സ്വതന്ത്രവികാസത്തിന് തടസ്സമായി നില്‍ക്കുന്നവരാണ്.
ഒരു സ്വതന്ത്ര ബുദ്ധിജീവിയ്ക്ക് വളര്‍ന്നുവരണം എന്നുണ്ടെങ്കില്‍ അറിവിനെ ബഹുമാനിക്കുന്ന ഒരു പൊതുസമൂഹം ഉണ്ടായാലേ കഴിയൂ. കേരളത്തിന് അങ്ങനെയുള്ള ഒരു പൊതുസമൂഹം നഷ്ടപ്പെട്ടു കഴിഞ്ഞു. ഇന്നു കാണുന്ന ഈ ജഡാവസ്ഥ താല്‍ക്കാലികമാകാം. വൈകാതെ കേരള സമൂഹം പഴയതുപോലെ ജ്ഞാനോല്‍പ്പാദനത്തിലും സ്വീകരണത്തിലും ശ്രേഷ്ഠത കൈവരിക്കുമെന്നു നമുക്കു പ്രത്യാശിക്കാം.
മലയാളത്തില്‍ ഒരാളെ ബഹുഭാഷാപണ്ഡിതന്‍ എന്നു വിളിച്ചാല്‍ അതിനര്‍ത്ഥം അയാള്‍ക്കു മലയാളം കൂടാതെ ഇംഗ്ലീഷും സംസ്‌കൃതവും കൂടി അറിയാമെന്നാണ്; ഏറിയാല്‍ മറ്റേതെങ്കിലും ഒരു ഭാഷകൂടി. എന്നാല്‍ കേസരിയാകട്ടെ ഹീബ്രു, ലാറ്റിന്‍, ഗ്രീക്ക്, അസീറിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, സംസ്‌കൃതം, ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, കന്നട, ചൈനീസ് എന്നീ ഭാഷകളെല്ലാം നന്നായി മനസ്സിലാക്കുകയും ആ ഭാഷകളില്‍ നിന്ന് മലയാളത്തിലേയ്ക്കു തര്‍ജ്ജമ ചെയ്യുകയും പതിവായിരുന്നത്രേ. പാശ്ചാത്യ സാഹിത്യത്തെ പരിചയപ്പെടുത്തി എന്നതുകൊണ്ട് അദ്ദേഹത്തെ പലരും പടിഞ്ഞാറിന്റെ വക്താവായി തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാലത് ശരിയല്ല എന്ന കാര്യം പി.പി.രവീന്ദ്രന്‍ തന്റെ ലേഖനത്തിലൂടെ സമര്‍ത്ഥിക്കുന്നുണ്ട്. ഭാരതീയമായ ജ്ഞാനപാരമ്പര്യത്തെ നന്നായി അറിയുകയും അതില്‍ അഗാധ പാണ്ഡിത്യമാര്‍ജ്ജിക്കുകയും ചെയ്ത ആളായിരുന്നു കേസരി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്റെ പല നിലപാടുകളോടും നമുക്കു വിയോജിപ്പു തോന്നാമെങ്കിലും ആ നിലപാടുകള്‍ പൊള്ളയായ ഊഹങ്ങളല്ല വ്യക്തമായ അടിത്തറയില്‍ നിന്നും രൂപപ്പെടുത്തിയവയാണെന്ന് ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ നമുക്കു മനസ്സിലാകും.
ഹെക്ടര്‍ അബാദ് ഫാസിയോലിന്‍സ് കൊളംബിയയിലെ ഒരു പ്രശസ്തനായ എഴുത്തുകാരനാണ് (Hector Abad Faciolin). അദ്ദേഹത്തിന്റെ ഒരു കൃതിയുടെ പേര് Basura എന്നാണ്. അതിന്റെയര്‍ത്ഥം ചവറ് – (Garbage, or trash എന്നിംഗ്ലീഷില്‍) എന്നാണ്. ഈ കൃതിയിലെ കഥാപാത്രം ബര്‍ണാഡേ ദവാന്‍സ്തി (ഉമ്മി്വമശേ) ഒരു അപ്രശസ്ത നോവലിസ്റ്റാണ്. അദ്ദേഹം രണ്ടു നോവലുകള്‍ എഴുതി അവയൊന്നും ശ്രദ്ധിക്കപ്പെടാത്തതുകൊണ്ട് അവയെ കീറിയെറിഞ്ഞശേഷം ഭ്രാന്തവും ഏകാന്തവുമായ ജീവിതം നയിക്കുകയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ പേരില്‍ ഇതേ അനുഭവങ്ങളുള്ള ഒരാള്‍ നോവലിസ്റ്റിനെ തേടിയെത്തിയത്രേ! ജി.ശങ്കരപ്പിള്ളയുടെ തിരുമ്പി വന്താന്‍ തമ്പിനാടകത്തിലെ കഥാപാത്രങ്ങളായ വേലുത്തമ്പിയും പപ്പുത്തമ്പിയും തെരുവിലിറങ്ങുന്നതായാണ് നാടകകൃത്ത് സങ്കല്പിക്കുന്നത്. ഒ.വി. വിജയന്റെ കഥാപാത്രങ്ങള്‍ പലതും തസ്രാക്കില്‍ ഉള്ളവരായിരുന്നുവത്രേ! എം.ടിയുടെ കഥാപാത്രങ്ങളും കൂടല്ലൂരും പരിസരത്തും ഉള്ളവരായിരുന്നു.
കഥാപാത്രങ്ങള്‍ കഥാകൃത്തിനെ കണ്ടുമുട്ടുന്ന കഥകള്‍ നമ്മള്‍ ധാരാളം വായിച്ചിട്ടുണ്ട്. കെ.ജി.ജോര്‍ജ്ജിന്റെ സിനിമ ‘ആദാമിന്റെ വാരിയെല്ലില്‍’ സൂര്യയുടെ കഥാപാത്രം ക്യാമറ തകര്‍ത്ത് പൊതു മദ്ധ്യത്തിലേയ്ക്ക് ഇറങ്ങുമ്പോഴാണ് ചിത്രം അവസാനിക്കുന്നത്. മാതൃഭൂമിയില്‍ വിനു എബ്രഹാമിന്റെ കഥ ‘ഹാ സുഖങ്ങള്‍ വെറും ജാലം’. പാറപ്പുറത്തിന്റെ കഥാപാത്രമായിത്തീരാനായി അമേരിക്കയില്‍ നിന്നെത്തുന്ന ആരാധികയെ കുറിച്ചാണ്.
‘പാറപ്പുറത്ത്’ എന്ന വലിയ കഥയെഴുത്തുകാരനെ ഹൃദയസമക്ഷം എത്തിക്കാന്‍ വിനുവിനു കഴിയുന്നു. വളരെ പുതിയ രീതിയിലൂള്ള ഒരു കഥാകഥനരീതി അവതരിപ്പിക്കുകയാണിവിടെ. പാറപ്പുറത്തിന്റെ അവസാന നോവലാണ് ‘കാണാപ്പൊന്ന്’. അതുപൂര്‍ത്തിയാക്കും മുന്‍പ് അദ്ദേഹം മരിച്ചെന്നും, നോവല്‍ മുഴുമിപ്പിച്ചത് കെ.സുരേന്ദ്രനാണെന്നും കേട്ടിട്ടുണ്ട്. കാണാപ്പൊന്നിനുശേഷം എഴുതാനിരുന്ന നോവലിലെ നായിക നേരിട്ടുവന്ന് കഥാകൃത്തിനെ കാണുന്നു. വരുന്നതോ അമേരിക്കയില്‍ നിന്ന് മെഴ്‌സിയെന്നു പേരുള്ള അവള്‍ നോവലിസ്റ്റിന്റെ ‘ഹ ാസുഖങ്ങള്‍ വെറും ജാലം’ എന്ന കഥയിലെ നായികയായ റോസമ്മയായി സ്വയം മാറുന്നു. പക്ഷേ ആ നോവല്‍ എഴുതും മുമ്പ് നോവലിസ്റ്റ് യാത്രയായി. ഈ പേരില്‍ ഒരു കഥ പാറപ്പുറത്തിനുണ്ടോ എന്നെനിക്കറിയില്ല. ചെറുകഥാകൃത്തിന്റെ സങ്കല്പമാണോ എന്തോ? എന്തായാലും അസാധാരണമായ ആവിഷ്‌ക്കാരരീതി.