കര്‍ണാടക സംഗീതം അതിന്റെ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ടി.എം. കൃഷ്ണയെപ്പോലുള്ള ഗായകര്‍ കാണിക്കുന്ന കോമാളിത്തരങ്ങള്‍ കൊണ്ട് ഒരിക്കലും ഈ മഹത്തായ സംഗീതരീതിയെ സംരക്ഷിക്കാനാവില്ല. പഴയതുപോലെ പൂര്‍ണ്ണസമയ ഗായകരോ ആസ്വാദകരോ ഇന്നില്ല. ഒരുകൂട്ടം ബ്രാഹ്‌മണര്‍ ഈ കലയെ കയ്യടക്കിവച്ചിരിക്കുന്നതു കൊണ്ടാണ് കര്‍ണാടകസംഗീതം ജനകീയമാകാത്തതെന്നൊക്കെ ടി.എം. കൃഷ്ണയെപ്പോലുള്ളവര്‍ പറഞ്ഞു നടക്കുന്നു. അതില്‍ സത്യത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? ഹിന്ദുസ്ഥാനി സംഗീതജ്ഞരില്‍ മഹാഭൂരിപക്ഷവും മുസ്ലീങ്ങളാണ്. അതിനു ചരിത്രപരമായ ഒരു കാരണമുണ്ട്. ദല്‍ഹിയിലെ മുസ്ലീം ഭരണാധികാരികളുടെ കാലത്ത് ലഭിച്ച പ്രോത്സാഹനം മൂലമാണ് മുസ്ലീങ്ങളില്‍ നിന്നും വലിയ ഒരു വിഭാഗം ഹിന്ദുസ്ഥാനി സംഗീതത്തിലേയ്ക്ക് ആകൃഷ്ടരായത്. എന്നാല്‍ അതിനുവേണ്ടി പ്രത്യേക സംവരണമൊന്നും ആരും നല്‍കിയില്ല. ടാന്‍സെനെപോലുള്ള ഹിന്ദുക്കളായിട്ടുള്ള ഗായകരും അന്നുണ്ടായിരുന്നു. സംഗീതത്തിലേയ്ക്ക് അവര്‍ സ്വേച്ഛയാ ആകര്‍ഷിക്കപ്പെട്ടതാണ്.
ദക്ഷിണേന്ത്യയിലെ രാജാക്കന്മാരില്‍ ബ്രാഹ്‌മണര്‍ വിരലില്‍ എണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. കര്‍ണാടക സംഗീതത്തിലേക്ക് ബ്രാഹ്‌മണരെ ഏതെങ്കിലും ഭരണാധികാരി പ്രത്യേകിച്ച് ആകര്‍ഷിച്ചതൊന്നുമല്ല. ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരൊന്നും ബ്രാഹ്‌മണരായിരുന്നില്ല. എന്നിട്ടും ചെന്നൈയിലും തഞ്ചാവൂരിലും ഒക്കെയായി കര്‍ണ്ണാടകസംഗീതം വളര്‍ന്നു. അതില്‍ ഭൂരിപക്ഷം ബ്രാഹ്‌മണരായിരുന്നെങ്കിലും മറ്റുവിഭാഗങ്ങളില്‍പെട്ടവരുമുണ്ടായിരുന്നിട്ടുണ്ട്. സ്വാതിതിരുനാളിന്റെ കാലത്ത് ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ ഗായകനായി വളര്‍ന്ന ഗോവിന്ദസ്വാമികള്‍ ഗോവിന്ദമാരാര്‍ എന്ന അബ്രാഹ്‌മണനായിരുന്നല്ലോ! അക്കാലത്ത് അദ്ദേഹത്തെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തവരില്‍ നല്ലൊരു പങ്കും ബ്രാഹ്‌മണരായിരുന്നു താനും. നെയ്യാറ്റിന്‍കര വാസുദേവനും യേശുദാസും ചേര്‍ത്തല ഗോപാലന്‍നായരും മാവേലിക്കര കൃഷ്ണന്‍കുട്ടി നായരും മാവേലിക്കര വേലുക്കുട്ടിനായരും വൈക്കം വാസുദേവന്‍നായരും നമ്മുടെ ജയവിജയന്മാരും തുടങ്ങി എത്രയോ അബ്രാഹ്‌മണര്‍ കര്‍ണാടക സംഗീത മേഖലയില്‍ കേരളത്തില്‍ വിരാജിച്ചു.
തമിഴ്‌നാട്ടിലും മധുരൈ സോമസുന്ദരത്തെപ്പോലുള്ള അബ്രാഹ്‌മണഗായകര്‍ വലിയ പ്രശസ്തി നേടിയിട്ടുണ്ട്. നാദസ്വരത്തില്‍ തിരുവാടുതുറൈ രാജരത്‌നം പിള്ളയും ഷേക്ചിന്നമൗലാനാസാഹിബും ഷേക്മീര സാഹിബും തുടങ്ങി വലിയ വിദ്വാന്മാര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെയുണ്ടായിരുന്നു. ഇവരെല്ലാം ബ്രാഹ്‌മണരല്ല എന്ന കാരണം കൊണ്ടു പ്രശസ്തരായവരല്ല. വളരെ അധ്വാനിച്ചു പരിശീലനം നടത്തി സ്വന്തം കഴിവു തെളിയിച്ചു പ്രശസ്തരായവരാണ്. അതാണു വേണ്ടത്. കര്‍ണ്ണാടകസംഗീതം വളരെ സങ്കീര്‍ണ്ണമാണ്. ആ സങ്കീര്‍ണതയാണ് അതിന്റെ സൗന്ദര്യം. ലക്ഷക്കണക്കിനു രാഗങ്ങളും സങ്കീര്‍ണ്ണമായ താളങ്ങളും ഒക്കെ സ്വായത്തമാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു മനുഷ്യായുസ്സ് പൂര്‍ണ്ണമായും അതിനുവേണ്ടി സമര്‍പ്പിച്ചേ കഴിയൂ. സപ്തസ്വരങ്ങളും താളങ്ങളും ഒന്നും ആരും കയ്യടക്കിവച്ചിട്ടില്ല. അത് പരിശീലനം വഴി ആര്‍ക്കും നേടിയെടുക്കാവുന്നവ തന്നെ. ബ്രാഹ്‌മണര്‍ക്ക് അതില്‍ എന്തുചെയ്യാന്‍ കഴിയും. ഏതാനും സംഗീതസഭകളുടെ നിയന്ത്രണം ചില ബ്രാഹ്‌മണരുടെ കൈവശം ഉണ്ട് എന്നല്ലാതെ ഈ മേഖലയില്‍ അവര്‍ക്ക് പ്രത്യേക മേല്‍ക്കൈ ഒന്നുമില്ല.
സ്വയം ഒരു ബ്രാഹ്‌മണന്‍ തന്നെയായ ടി.എം. കൃഷ്ണയ്ക്ക് ഇത്തരം കാര്യങ്ങള്‍ അറിയാത്തതല്ല. സ്വയം മേനി നടിക്കാന്‍ വേണ്ടി ബ്രാഹ്‌മണര്‍ കയ്യടക്കിവച്ചിരിക്കുന്നുവെന്നൊക്കെ തട്ടിവിടുന്നതാണ്. ചെമ്മാങ്കുടി, ചെമ്പൈ, പാലക്കാട്ടു നാരായണസ്വാമി, ടി.എന്‍. ശേഷ ഗോപാലന്‍, മധുരൈ മണിഅയ്യര്‍, ഡോക്ടര്‍ ബാലമുരളീകൃഷ്ണ, എം.ഡി.രാമനാഥന്‍ തുടങ്ങി അസംഖ്യം വിദ്വാന്മാരായ ഗായകര്‍ ബ്രാഹ്‌മണരില്‍ നിന്നുണ്ടായിട്ടുണ്ട്. അത് ഒരു കുറ്റമല്ല. വളരെ കഷ്ടപ്പെട്ടു പരിശീലിച്ചതിന്റെ ഫലമാണത്. എന്നാല്‍ ശബ്ദസൗകുമാര്യത്തില്‍ ഇവര്‍ക്കാര്‍ക്കും യേശുദാസിനൊപ്പം എത്താന്‍ കഴിയാത്തതുകൊണ്ട് ആ ഗന്ധര്‍വ്വഗായകനു ലഭിച്ച അംഗീകാരം ഇവര്‍ക്കാര്‍ക്കും ലഭിച്ചില്ല എന്നതും നമ്മള്‍ കാണണം. സാധാരണക്കാര്‍ക്കൊക്കെ ആസ്വദിക്കാന്‍ ലളിതസംഗീതവും നാടന്‍ പാട്ടുമൊക്കെയുണ്ടല്ലോ. ശാസ്ത്രീയസംഗീതത്തെ ലളിതവല്‍ക്കരിക്കണം എന്നൊക്കെ പറയുന്നതു വിഡ്ഢിത്തമല്ലേ. ശാസ്ത്രീയസംഗീതത്തെ ലളിതമാക്കുന്നതാണല്ലോ സിനിമാഗാനവും ലളിതസംഗീതവുമെല്ലാം. അല്ലാതെ ഇനി കൃഷ്ണ പറയുന്നതു പോലുള്ള ലളിതമാക്കല്‍ എന്തിനാണ്? ലോകത്തെല്ലായിടത്തും ശാസ്ത്രീയസംഗീതത്തെ അതിന്റെ നിയമങ്ങളില്‍ തന്നെ നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. അങ്ങനെ തന്നെയാണു വേണ്ടതും. ഇതൊക്കെ കൃഷ്ണയ്ക്ക് അറിയാത്ത കാര്യമല്ല. അദ്ദേഹം ആര്‍ക്കോ എന്തിനോ വേണ്ടി കപടമായ ബ്രാഹ്‌മണ വിരോധം അഭിനയിക്കുകയാണ്.
ചില ബ്രാഹ്‌മണ കുടുംബങ്ങള്‍ പരമ്പരാഗതമായി ശാസ്ത്രീയസംഗീതം അഭ്യസിക്കുകയും അതിനുവേണ്ടി വലിയ ത്യാഗം അനുഷ്ഠിക്കുകയും ചെയ്യുന്നത് മഹത്തായ ആ കല നിലനില്‍ക്കുന്നതിന് വലിയ ഒരു കാരണമാണ്. ഹിന്ദുസ്ഥാനി പാടുന്നതില്‍ കൂടുതല്‍ പേരും മുസ്ലീങ്ങളാണ് എന്നതുകൊണ്ട് ആര്‍ക്കും പ്രത്യേക ദോഷമൊന്നും സംഭവിക്കുന്നില്ല എന്നതുപോലെ കര്‍ണ്ണാടക സംഗീതത്തില്‍ അഞ്ചു ബ്രാഹ്‌മണര്‍ അധികമായി പാടിപ്പോയാല്‍ ഒന്നും സംഭവിക്കാനില്ല. അതിനെതിരെ ഇത്തരം’പ്രൊപ്പഗന്‍ഡ’കള്‍ തട്ടിവിടുന്നത് നല്ല ഉദ്ദേശ്യത്തോടെയാണെന്നു പറയാന്‍ പറ്റില്ല. കഷ്ടപ്പെട്ടു പരിശീലിക്കുന്ന ആര്‍ക്കും ഈ കലയില്‍ ഔന്നത്യത്തിലെത്താന്‍ കഴിയും. അതു തടയാന്‍ ബ്രാഹ്‌മണര്‍ക്കെന്നല്ല ഇന്നത്തെ സാഹചര്യത്തില്‍ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. കൃഷ്ണയുടെ സഹാനുഭൂതി വെറും തട്ടിപ്പാണ്. 2006ല്‍ അരവിന്ദ് കെജ്‌രിവാള്‍ മഗ്‌സസെ അവാര്‍ഡു നേടിയതുപോലെ 2016ല്‍ കൃഷ്ണയ്ക്കും ആ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. റോക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ മുന്‍കയ്യെടുത്തു നല്‍കുന്ന ഈ അവാര്‍ഡ് ആചാര്യ വിനോബാഭാവെയ്‌ക്കൊക്കെ ലഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ആര്‍ക്കും നല്ല അഭിപ്രായമില്ല. അവാര്‍ഡു നേടുന്നവര്‍ പലരും പല രഹസ്യ അജണ്ടകളും ഉള്ളവരാണെന്ന സംശയം ഉളവാകുന്നുണ്ട്.
മാതൃഭൂമിയില്‍ ഏപ്രില്‍ (14-20) ജി.പ്രമോദ്കുമാര്‍ ”മദ്രാസ് മ്യൂസിക് അക്കാദമിയില്‍ വീശുന്നത് മാറ്റത്തിന്റെ കാറ്റോ” എന്ന പേരില്‍ എഴുതിയിരിക്കുന്ന ലേഖനത്തിലെ നിലപാടുകള്‍ നിര്‍ദ്ദോഷമായ സംഗീതപ്രേമമോ ബ്രാഹ്‌മണ വിരോധമോ ഒന്നുമല്ല. അതിനും മുകളിലുള്ളതാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ബ്രാഹ്‌മണര്‍ക്ക് എന്തെങ്കിലും പ്രത്യേക താല്പര്യം ഉണ്ടെങ്കിലും അവരുടെ ജനസംഖ്യയുടെ കുറവുകാരണം അവര്‍ക്ക് അതൊന്നും നടപ്പാക്കാന്‍ കഴിയില്ല. ചില അവാര്‍ഡുകളൊക്കെ തട്ടിക്കൂട്ടാന്‍ കഴിഞ്ഞേയ്ക്കും എന്നു കരുതി ആസ്വാദകരുടെ അംഗീകാരമില്ലെങ്കില്‍ നിലനില്‍ക്കാനാവില്ല. കഷ്ടപ്പെട്ട് വയലാര്‍ അവാര്‍ഡും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും സരസ്വതി സമ്മാനവുമൊക്കെ നേടിയെടുക്കുന്ന ചിലരുണ്ടല്ലോ. അതൊക്കെ നിഷ്ഫലമാണെന്ന് അത്തരക്കാര്‍ക്കു തന്നെയിപ്പോള്‍ തോന്നുന്നുണ്ട്. ആസ്വാദകര്‍ അംഗീകരിച്ചേ കവിയും ഗായകനും ഒക്കെ ആകാന്‍ കഴിയൂ.
അരുണ്‍ കൊലാട്ക്കര്‍ മാറാഠിയിലും ഇംഗ്ലീഷിലും എഴുതിയിരുന്ന ഒരു കവിയായിരുന്നു. മറാഠിക്കവിതകള്‍ വായിക്കാനറിയാത്തതിനാല്‍ അതേക്കുറിച്ച് ഒന്നും പറയാന്‍വയ്യ. ഇംഗ്ലീഷ് കവിതകള്‍ ചിലത് വായിച്ചിട്ടുണ്ട്. ദി ബസ്, ബട്ടര്‍ഫ്‌ളൈ, എ ലോ ടെമ്പിള്‍, സ്‌ക്രാച്ച്, ദ ഡോര്‍ സ്റ്റെപ്, ഹാര്‍ട്ട് ഓഫ് റൂയിന്‍, സ്റ്റേഷന്‍ ഡോഗ്, ദ ഇന്‍ഡിക്കേറ്റര്‍, ദ മനോഹര്‍, ദ റ്റീ സ്റ്റാള്‍ അങ്ങനെ കുറെ കവിതകള്‍.
“The Manohar’ എന്ന കവിതയില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു.
The door was open Manohar thought it was one more temple.
He looked inside Wondering which god he was going to find.
He quickly turned away when a wide eyed calf looked back at him.
It isn’t another temple he said it’s just a cowshed.
ആര്‍ക്കും ഒറ്റ വായനയില്‍ മനസ്സിലാകുന്നതാണീ കവിതയിലെ വ്യംഗ്യം. ഭാരതീയരുടെ വിശ്വാസങ്ങളെ കവിതയില്‍ പുച്ഛത്തോടെയാണ് കാണുന്നത്. എല്ലാ കവിതയും അങ്ങനെയല്ല. എങ്കിലും മൊത്തത്തില്‍ ഭാരതീയമായ എല്ലാത്തിനോടും ഒരു പുച്ഛം കൊലാട്ക്കര്‍ക്ക് ഉണ്ട്. ആ പുച്ഛമായിരിക്കും പാശ്ചാത്യരാജ്യങ്ങളില്‍ അദ്ദേഹത്തെ സ്വീകാര്യനാക്കിയത്. നല്ല ഒരു ചിത്രകാരന്‍ കൂടിയായിരുന്ന അരുണ്‍ കൊലാട്ക്കറെക്കുറിച്ചെഴുതാന്‍ അനിതാതമ്പിയെ പ്രേരിപ്പിച്ചത് ഈ പുച്ഛമായിരിക്കാം. എന്തായാലും മറ്റൊരിന്ത്യന്‍ ഭാഷയിലെ കവിയെ പരിചയപ്പെടുത്താന്‍ തയ്യാറായത് തീര്‍ത്തും നല്ല കാര്യമാണ്. ലളിതമാണെങ്കിലും അദ്ദേഹത്തിന്റെ കവിതകളൊന്നും മോശമല്ല. അനിത അരുണിന്റെ നാലുകവിതകള്‍ മൊഴിമാറ്റം നടത്തിക്കൊടുത്തിട്ടുണ്ട് (മാതൃഭൂമി). എന്തായാലും നല്ല ശ്രമം തന്നെ. ഭാരതീയര്‍ പരസ്പരം അറിയട്ടേ! മറാത്തിയില്‍ നല്ല എഴുത്തുകാരുണ്ട്. നമുക്കു പലരേയും അറിയില്ല.
മലയാള നാടകവേദിയ്ക്ക് വലിയസംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് തോപ്പില്‍ഭാസി. അക്കാര്യത്തില്‍ സംശയമേതുമില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് എന്തുതന്നെയായാലും കെ.പി.എ.സിയും ഭാസിയും ചേര്‍ന്ന് കലയുടെ ഒരു പൂക്കാലം തന്നെയാണ് നമുക്കു പകര്‍ന്നുതന്നത്. മാക്‌സിം ഗോര്‍ക്കി റഷ്യയില്‍ ചെയ്തതിനോടു താരതമ്യപ്പെടുത്താനൊന്നും നില്‍ക്കേണ്ടതില്ല. ഭാസിക്കു തന്റേതായ മഹത്വമുണ്ട്; ഒരുപക്ഷേ ഗോര്‍ക്കിക്ക് ഉണ്ടായിരുന്നതിനേക്കാള്‍. സുലോചന, കെ.സി.ജോര്‍ജ്ജ്, ആന്റോ, ശാന്താ പി.നായര്‍ തുടങ്ങിയ ഗായകരും വയലാര്‍, ഓയെന്‍വി, പി.ഭാസ്‌കരന്‍ തുടങ്ങിയ പാട്ടെഴുത്തുകാരും ഭാസിയെപ്പോലുള്ളവരുടെ നാടകങ്ങളും എല്ലാം കൂടി ഒത്തുചേര്‍ന്ന് സൃഷ്ടിച്ചത് കലയുടെ ഒരു സുവര്‍ണ കാലഘട്ടത്തെത്തന്നെയാണ്. അവര്‍ മുന്നോട്ടുവച്ച രാഷ്ട്രീയത്തോടു യോജിക്കാനാവില്ലെങ്കിലും ഭാസിയും കൂട്ടരും നല്‍കിയ കലാസദ്യയെ നമുക്ക് ആസ്വദിക്കാതിരിക്കാനാവില്ല. രംഗവേദിയെക്കുറിച്ച് ഭാസിയോളം ധാരണയുള്ള സംവിധായകര്‍ കേരളത്തില്‍ അധികം പേരില്ല. എങ്കിലും അദ്ദേഹത്തിന്റെ നാടകപ്രവര്‍ത്തനങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ നമ്മള്‍ പഠിച്ചിട്ടില്ല. അദ്ദേഹം മുന്നോട്ടുവച്ച രാഷ്ട്രീയം വൈകാതെ തന്നെ കേരളത്തില്‍ നിന്നും തുടച്ചു നീക്കപ്പെട്ടേയ്ക്കാം. എന്നാല്‍ ആ കലാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശോഭയോടെ വിലയിരുത്തപ്പെടുക തന്നെ ചെയ്യും. ഈ ഏപ്രില്‍ 8 ഭാസിയുടെ നൂറാമത് ജന്മദിനമായിരുന്നത്രേ! അത് ഓര്‍മ്മിപ്പിച്ചുകൊണ്ട് മാതൃഭൂമിയില്‍ വള്ളിക്കുന്നം രാജേന്ദ്രന്‍ എഴുതിയ ലേഖനം തീരെ ചെറുതാണെങ്കിലും ശ്രദ്ധേയം തന്നെ.
മാധ്യമം വാരികയില്‍ (ഏപ്രില്‍ 8-15) നല്ല കവിതകളൊന്നുമില്ല. രേഖസി.ജിയുടെ ‘പുഴയെപ്പൊലൊരുവള്‍’, വി.ആര്‍.സന്തോഷിന്റെ ‘ഹ്യൂമണ്‍ സ്യൂ’, അരുണ്‍ കൊടുവള്ളിയുടെ ‘സെല്ല്’ എന്നിവയാണ് കവിതയെന്ന പേരില്‍ കൊടുത്തിരിക്കുന്ന ഗദ്യ ഖണ്ഡങ്ങള്‍. ഒന്നില്‍ നിന്നും എടുത്തെഴുതാന്‍ ഒരു വരി പോലും കിട്ടുന്നില്ല. ‘ഹ്യൂമണ്‍ സ്യൂ’ വിലെ ‘സ്യൂ’ എന്താണോ എന്തോ? ഇനി ‘സൂ’ (ദീീ) ആണോ എന്തോ? അതിന്റെ ശരിയായ ഉച്ചാരണം ‘സ്യൂ’ എന്നാണല്ലോ. കവി തനി സായിപ്പായതാണോ, എന്തോ അറിയില്ല.