(ഇന്ന് (2024 മെയ് 8) വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ നൂറാം സമാധിദിനം)
ഛാത്രത്വ കാലമതിലുന്നത വൃത്തനായീ
ചട്ടമ്പിയായതിലുമെങ്ങെവിടൊക്കെയങ്ങും
ഛത്രങ്ങൾ, ചാമരമതൊക്കെ മനസ്സിലേറ്റാ-
തുത്തുംഗ ഭാവമൊടു, കൃത്യതയോടെ നീണ്ടൂ
ശാസ്ത്രങ്ങളൊക്കെ വശമാക്കിയഭൂതപൂതം
തത്ത്വങ്ങളുജ്ജ്വലിതമുണ്ട,വ,യൂട്ടി നാട്ടിൽ
ഏറ്റേണ്ടതൊക്കെയുമറിഞ്ഞവ നെഞ്ചിലേറ്റീ
കൃത്യം, ഗണിച്ചവകൾ ഭാവി വിളക്കുമായീ
വേദങ്ങൾ വിദ്യ, യതിലെങ്ങനെ മറ്റൊരാൾക്ക്-
ചേർക്കും വിലക്ക്? ശരിയല്ലറിയിച്ചു വ്യക്തം
വേദാധികാര,മധികാരമദത്തിനാലേ
വേറിട്ടു നിർത്തിടുക മൂഢതയെന്നു ചൊല്ലീ
ആരിപ്രപഞ്ചഗതി നിശ്ചയമായ് തിരിപ്പൂ!
ആർക്കായിടുന്നപരനുന്നതി തട്ടി നീക്കാൻ?
ആരാർക്കുമേലെ? യരുതങ്ങനെ ജീവികൾ പോ-
ന്നാരാണുറുമ്പ്, മനുജൻ, സമമാണ് പ്രാണൻ
എന്താണ് ഭാവന വരയ്ക്കുക? ചിത്രമാണ-
തെന്താണതിന്ന് തറ?യുണ്ട്, ചരിത്ര, മർത്ഥം-
കണ്ടെത്തി വേണമവ വിശ്വസനീയമാക്കാൻ
കണ്ടേ പഠിക്കണ, മതങ്ങനെ കാഴ്ചയാക്കീ
ആരാണു ചൊന്നത് മനം,മതമൊക്കെയോരോ-
ഭേദം നിറഞ്ഞവ, മുഴുത്തവ, മൂത്തതെന്നും?
ആരും നിനയ്ക്കുക വിശേഷമലൗകിത്വം-
ചേരുന്നൊരാത്മവഴിയൊന്ന്, വെളിച്ചമൊന്ന്.
യോഗിക്കുതോന്നുമത്; ഭോഗികളായ് വളർന്ന്-
യോജിച്ച് മൃത്യുവിലലിഞ്ഞ്, വലഞ്ഞു വീണ്ടും-
മോഹിച്ച് ജീവികളതായി ജനിച്ചുവീണ്ടും-
ഹോമിച്ചിടുന്നവരൊടോതി,യതല്ല ധർമ്മം.
തോളിൽ ചുമന്നു മരവും മണലും സമോദം,
തോളൊത്തുനിന്നു തൊഴിലാളിയുമായ് ചരിച്ചൂ
ദിവ്യത്വമങ്ങ് തെളിയിച്ചു, മഹത്വമേതും-
ദുർവൃത്തിയല്ലയവയെങ്കിലെവർക്കുമെന്നും.
ഭാഷയ്ക്ക് വ്യാകരണമെങ്ങനെ,യങ്ങനൊന്ന്
ഭൂഷയ്ക്കുതുല്യമെതിരല്ലത് ജീവികൾക്കും
വേഷത്തിനല്ലവ,യശേഷ വിശേഷമോരോ-
ശേഷിപ്പിനും കരുതണം, തിരു തത്ത്വമാക്കീ
വേഷത്തിലല്ല, പലവിദ്യയിലല്ല ധർമ്മ-
ബോധം നിറഞ്ഞവരകർമ്മ വിശേഷമല്ലോ
തോഷം വളർത്തിടുമനശ്വരരാക്കുമെന്നും
ഘോഷിച്ചിതങ്ങ്, വരജീവിതവൃത്തിയാലേ
പാദം പതിച്ച വഴിയൊക്കെയുമാർദ്രമാക്കീ
പാരം ലഭിച്ചു വര തീർത്ഥ ഗുണപ്രസാദം
പാഴായിടാതെയിഹ ലൗകിക ജീവിതത്തെ
പ്രാണൻ്റെ പ്രാണനിലണച്ചിടുവാൻ തുണച്ചൂ
ആരാരറിഞ്ഞ,വരിലാരു തിരിച്ചറിഞ്ഞൂ,
ആരാലറിഞ്ഞൊരരയാലിനെ വിത്തിനുള്ളിൽ!
ആരില്ല,യത്തരു പകർന്ന വിശേഷ ഛായാ-
ശൈത്യം നുകർന്നവർ, ശ്വസിച്ചവർ ജീവവായു!!
….
കാവാലം ശശികുമാർ
9446530279