Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

നവമാധ്യമങ്ങളിലെ കാണാക്കുരുക്കുകള്‍

ജിതേന്ദ്രന്‍ എസ്.മംഗലത്ത്ജിതേന്ദ്രന്‍ എസ്.മംഗലത്ത്
3 May 2024

മാധ്യമങ്ങള്‍ വിവരശേഖരണത്തിനുള്ള ഉപാധികളാണ്. റേഡിയോ, ടെലിവിഷന്‍, പത്രങ്ങള്‍, മാസികകള്‍ തുടങ്ങിയവ ഇവയെല്ലാം നിലവിലുണ്ടെങ്കിലും ഇന്ന് പുതുതലമുറ ഈ മാധ്യമങ്ങളെ ആശ്രയിക്കുന്നത് വിരളമാണ്. അവരെ സംബന്ധിച്ച് ഇത് ഇന്റര്‍നെറ്റിന്റെ ലോകമാണ്. ഏത് വിവരവും ഞൊടിയിടയില്‍ 24 മണിക്കൂറും വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ നൂതന സംവിധാനങ്ങള്‍ വന്നതോടുകൂടി പരമ്പരാഗത മാധ്യമങ്ങള്‍ അപ്രസക്തമായിത്തുടങ്ങി. പ്രത്യേകിച്ചും 3ജിയും 4ജിയും 5ജിയും ഒക്കെയായ സ്മാര്‍ട്ട് ഫോണുകള്‍ വന്നതോടുകൂടി ലോകം മുഴുവനും കൈപ്പിടിയിലൊതുങ്ങുന്ന അവസ്ഥയുമായി. ഇവയെല്ലാം ലഭ്യമാകുന്നത് ഈ ഉപകരണത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്‌സ്(ആപ്പുകള്‍) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നിരവധിയായ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകളിലൂടെയാണ്. ഈ ആപ്പുകള്‍ (ആപ്പ്‌സ്), ഇന്റര്‍നെറ്റില്‍ നിന്ന് ആര്‍ക്കുവേണമെങ്കിലും തങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം. കമ്പ്യൂട്ടറിലുള്ള വിന്‍ഡോസ് എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം (ഒഎസ്) പോലെ സ്മാര്‍ട്ട് ഫോണില്‍ ഉള്ള ആന്‍ഡ്രോയിഡ് എന്ന ഒഎസ് വഴി ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ഏതു വെബ്‌സൈറ്റും ഉപയോഗിക്കാം. ചില ആപ്പുകള്‍ സൗജന്യമാണ്. ചിലത് പണം കൊടുക്കേണ്ടവയാണ്. ചില പൊതുവായ ആപ്പുകള്‍ ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ അതില്‍ ഉണ്ടായിരിക്കും. അത്തരത്തില്‍ ഇന്നു വ്യാപകമായി നമ്മള്‍ ഉപയോഗപ്പെടുത്തുന്ന വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ട്വിറ്റര്‍ (എക്‌സ്) തുടങ്ങിയവയാണ് സാമൂഹ്യ മാധ്യമങ്ങള്‍ അഥവാ ‘നവമാധ്യമങ്ങള്‍’ എന്നറിയപ്പെടുന്നത്. ഇവ കൂടാതെ എണ്ണിയാലൊടുങ്ങാത്ത ആപ്പുകളുണ്ട്. പുതിയവ വന്നുകൊണ്ടേയിരിക്കുന്നു. ഇവയിലൂടെയെല്ലാം നിരവധിയായ വിവരങ്ങളുടെ (information) കുത്തൊഴുക്കാണ് ഉണ്ടാവുന്നത്. ഇവയെല്ലാം ചേര്‍ന്നതാണ് നവ മാധ്യമ ലോകം. ഈ നവമാധ്യമങ്ങളിലൂടെയാണ് പുതുതലമുറ വാര്‍ത്തകള്‍, സംഗീതം, സിനിമ, ആശയവിനിമയം, വിദ്യാഭ്യാസം എന്നിവയെല്ലാം തേടുന്നത്. ഇവയില്‍ വേണ്ടതേത് വേണ്ടാത്തതേത്, നല്ലതേത്, ചീത്തയേത് എന്നു തിരിച്ചറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ ഈ ആപ്പുകള്‍ പലതും നമുക്ക് ‘ആപ്പാ’ യി മാറാന്‍ ഇടയുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

ഇവയിലെല്ലാം പലപ്പോഴും ചില ‘കാണാക്കുരുക്കുകള്‍’ പതിയിരിപ്പുണ്ടാകും. എന്നുവച്ച് ആധുനിക ലോകത്തില്‍ ഇവ ഉപയോഗിക്കാതിരിക്കാനാവില്ല. ചെയ്യാവുന്നത്, ഈ കുരുക്കുകളെ കുറിച്ച് ബോധവാന്മാരായിരിക്കുകയും അതില്‍ അകപ്പെടാതെ ജാഗ്രത പാലിക്കുകയും ചെയ്യുക എന്നുള്ളതാണ്. എന്താണ് ഈ കുരുക്കുകള്‍? നമ്മെ അപകടത്തില്‍പ്പെടുത്തുന്ന ചില കാര്യങ്ങള്‍. അവ കാണാവുന്നതാണെങ്കില്‍, പെട്ടെന്ന് തിരിച്ചറിയപ്പെടാവുന്നവയാണെങ്കില്‍ നമുക്ക് അവയില്‍ പെടാതെ ഒഴിഞ്ഞു മാറിപ്പോകാം. കാണാന്‍ കഴിയാത്തവയാണെങ്കിലോ? നാം കുരുങ്ങിപ്പോകും. ഇത്തരം ചതിക്കുഴികള്‍, കുരുക്കുകള്‍ തിരിച്ചറിയാനായാല്‍ നമുക്ക് അവയെ ഒഴിവാക്കാനാകും. പക്ഷെ തിരിച്ചറിയണമെങ്കില്‍ ചില ‘സൂചനാ ബോര്‍ഡുകള്‍’ വേണം. ‘ഇവിടെ കുഴിയുണ്ട് സൂക്ഷിക്കുക’ എന്ന ഒരു ജാഗ്രതാ ബോര്‍ഡുണ്ടെങ്കില്‍ യാത്രക്കാര്‍ ശ്രദ്ധിക്കും. ആ കുഴി ഒഴിവാക്കി യാത്ര ചെയ്യും. ഒരു വീടിനു മുന്നില്‍ ‘നായയുണ്ട് സൂക്ഷിക്കുക’ എന്ന ഒരു ബോര്‍ഡു കണ്ടാല്‍ നമ്മള്‍ അല്പം ജാഗ്രത പാലിക്കും. എന്നാല്‍ ഈ നവമാധ്യമങ്ങളിലെ കാണാക്കുരുക്കുകളെ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ എവിടെയെങ്കിലും വയ്ക്കാന്‍ സാധിക്കുമോ? ഒരു സാങ്കല്പിക മുന്നറിയിപ്പു ബോര്‍ഡാണ് അത്. മൊബൈല്‍ ഫോണിലോ മുറിയുടെ ഭിത്തിയിലോ വയ്ക്കാന്‍ സാധിക്കില്ല. പിന്നെ എങ്ങനെ ഇത്തരം കാണാക്കുരുക്കുകളില്‍ വീഴാതെ ജാഗ്രത പാലിക്കുവാന്‍ സാധിക്കും?

കുറച്ചു നാള്‍ മുന്‍പ് തിരുവനന്തപുരത്ത് ഒരു പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. എസ്.എസ്.എല്‍.സിയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് വാങ്ങി പാസ്സായ കുട്ടിയാണ്. വളരെ അച്ചടക്കമുള്ള കുട്ടിയായിരുന്നു. പ്രണയനൈരാശ്യമോ, മയക്കുമരുന്നിന് അടിമയായതോ ഒന്നുമായിരുന്നില്ല മരണകാരണം. അവള്‍ വിശദമായ ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിട്ടുണ്ടായിരുന്നു. അതിലവള്‍ പറയുന്നു, ‘എനിക്ക് പഴയതുപോലെ പഠനത്തില്‍ ശ്രദ്ധിക്കുവാന്‍ കഴിയുന്നില്ല. പ്ലസ് വണ്‍ പരീക്ഷയ്ക്ക് മാര്‍ക്കു വളരെ കുറഞ്ഞു. ഞാന്‍ മൊബൈല്‍ ഫോണിന് അടിമയാണ്. അതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുന്നില്ല. പഠിക്കാനിരിക്കുമ്പോള്‍ കൈകള്‍ തനിയേ മൊബൈലിലേക്ക് പോകും. പിന്നെ സമയത്തെ കുറിച്ചു ബോധമില്ലാതെ അതില്‍ മുഴുകും ഉറക്കമില്ലാതായി. എന്റെ അനുജത്തിക്ക് ഒരിക്കലും മൊബൈല്‍ഫോണ്‍ വാങ്ങികൊടുക്കരുത്. അവളെങ്കിലും രക്ഷപ്പെടട്ടെ.’ അവളുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ അസാധാരണമായി ഒന്നും കണ്ടില്ല. അവള്‍ ഏതെങ്കിലും ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ടായിരുന്നില്ല. ഒരു പ്രത്യേക സംഗീത ബാന്റിന്റെ മ്യൂസിക് വീഡിയോസ് നിരന്തരം കാണുന്നുണ്ടായിരുന്നു. കൊറിയന്‍ സംഗീതബാന്റായ ബിടിഎസ്സ് യുവാക്കളുടെ ഹരമായ ഒരു മ്യൂസിക് ബാന്റ് ആണ്. അതിന് അവള്‍ അടിമപ്പെട്ട് പോയിരുന്നു എന്നു മനസ്സിലായി. സദാസമയവും അവര്‍ ആ സംഗീതത്തില്‍ മുഴുകി. ഇയര്‍ഫോണ്‍ വച്ചു കേള്‍ക്കുന്നത് കൊണ്ട് വീട്ടിലാരും അറിഞ്ഞതുമില്ല. തനിക്കതില്‍ നിന്നും മോചനമില്ല എന്നവള്‍ ചിന്തിച്ചു. ഈ വിവരം ആരോടും പങ്കുവച്ചതുമില്ല.
നമ്മുടെ കുട്ടികളില്‍ പലരും ഇത്തരം സംഗീത ബാന്റുകളിലും ഡാന്‍സ് വീഡിയോസിലും കില്ലര്‍ ഗെയിംസിലും മുഴുകുന്നവരാണെന്ന് നമുക്ക് എത്ര പേര്‍ക്കറിയാം? ഇതു കുരുക്കാണ്, ചതിക്കുഴിയാണ് എന്നറിയാതെ ഇവയിലകപ്പെട്ടുപോകുന്ന യുവതയെ രക്ഷപ്പെടുത്തുവാന്‍ ഈ ജാഗ്രതാ ബോര്‍ഡ് ആരുവെയ്ക്കും? എവിടെ വെയ്ക്കും?

ADVERTISEMENT

ഈ സന്ദേശം ആദ്യം നല്‍കേണ്ടത് സ്വന്തം വീട്ടില്‍ നിന്നാണ്. ഇന്ന് മാതാപിതാക്കളുടെ കൈയിലും കുട്ടികളുടെ കൈയിലും സ്മാര്‍ട്ട് ഫോണുകളുണ്ട്. എല്ലാവരും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. വീട്ടില്‍ വന്നാല്‍ ഓരോരുത്തരും അവരവരുടെ തുരുത്തുകളിലാണ്. ഇവിടെയാണ് ഈ ജാഗ്രത തുടങ്ങേണ്ടത്. മാതാപിതാക്കളും കുട്ടികളും തമ്മില്‍ കഴിയുന്നത്ര സംസാരിക്കണം. ആശയവിനിമയം നടത്തണം. പരസ്പരം അന്നന്നത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കണം. തന്റെ കുട്ടികളുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. ക്ലാസ്സിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കണം. ഭയമോ സങ്കോചമോ ഇല്ലാതെ എല്ലാ കാര്യങ്ങളും തുറന്നു പറയുവാനും പങ്കുവയ്ക്കുവാനും ശീലിക്കണം. ഒന്നിച്ചിരിക്കാന്‍ സമയം കണ്ടെത്തണം. കഴിയുന്നതും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം. ആ സമയത്തെങ്കിലും പരസ്പരം ഹൃദയം തുറന്നു സംസാരിക്കണം. ഇതുതന്നെയാണ് ജാഗ്രതാ ബോര്‍ഡ്. മാതാപിതാക്കളുടെ ടെന്‍ഷനും കഷ്ടപ്പാടുകളും കുട്ടികള്‍ അറിയണം. കുട്ടികളുടെ പരാതികളും വിഷമതകളും മാതാപിതാക്കളും അറിയണം. തന്റെ കൂട്ടുകാര്‍ എങ്ങനെ പെരുമാറുന്നു, അദ്ധ്യാപകര്‍ എങ്ങനെ പെരുമാറുന്നു, സ്‌കൂള്‍ ബസ്സിലെ ജീവനക്കാര്‍ എങ്ങനെ ഇടപെടുന്നു- ഇതെല്ലാം തുറന്നു ചര്‍ച്ച ചെയ്യാന്‍ ഈ സംഭാഷണങ്ങള്‍ ഉപകാരപ്പെടും. അതുവഴി പല കുരുക്കുകളിലും വീഴാതെ ജാഗ്രത പാലിക്കാന്‍ നമ്മുടെ കുട്ടികള്‍ക്കാകും. അതുപോലെ ദിവസേന 10 മിനിറ്റെങ്കിലും കഴിയുന്നതും ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കാന്‍ നീക്കിവയ്ക്കണം. അതുവഴി മാറ്റമുണ്ടാകും. ഇന്നു കുടുബാംഗങ്ങള്‍ പലരും പല സമയത്തുവന്ന് അവരുടെ ഭക്ഷണം എടുത്തു കഴിച്ചു പോകുന്ന ശീലമുണ്ട്. പരസ്പരം യാതൊരു ആശയവിനിമയവുമില്ല. അതു ശരിയായ പ്രവണതയല്ല. സംസാരം എല്ലാം സമൂഹ മാധ്യമം വഴി മാത്രമാകും.

എന്താണ് സംസാരിക്കുക എന്നു പലരും ചിന്തിച്ചേക്കാം. മാതാപിതാക്കള്‍ അവരുടെ തൊഴിലിടത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കട്ടെ. കുട്ടികള്‍ സ്‌കൂളിലോ കോളേജിലോ നടന്ന സംഭവങ്ങള്‍ പങ്കു വയ്ക്കട്ടെ. അപ്പോള്‍ അവരുടെ പല ആഗ്രഹങ്ങളും സ്വപ്‌നങ്ങളും വിഷമതകളുമെല്ലാം പുറത്തുവരും. കൂട്ടുകാരന്റെ ബൈക്കിന്റെ വിശേഷമാകാം. അതിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത അനുഭവമാകാം. അപ്പോള്‍ മാതാപിതാക്കള്‍ക്ക് ഒരു സന്ദേശം പകരുകയാണ് അവിടെ. അവന് ബൈക്ക് യാത്ര ഇഷ്ടമാണെന്നും ഒന്നു ലഭിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്നും അത് പറയാതെ പറയുകയാണെന്നും അപ്പോള്‍ അതിന്റെ വരുംവരായ്കകളെപ്പറ്റി അവനെ പറഞ്ഞു മനസ്സിലാക്കാനുള്ള അവസരം ലഭിക്കുന്നു. കൂട്ടുകാരിയുടെ വസ്ത്രത്തെപ്പറ്റി, ഹെയര്‍ സ്റ്റൈലിനെപ്പറ്റി, ടാറ്റുവിനെപ്പറ്റി ഒക്കെ കുട്ടികള്‍ വിശേഷകള്‍ പങ്കുവയ്ക്കുമ്പോള്‍ അവയെല്ലാം താല്പര്യപൂര്‍വ്വം കേള്‍ക്കാന്‍ മനസ്സുവയ്ക്കുകയും അതുവഴി അവയിലെല്ലാം പതിയിരിക്കുന്ന ഗുണദോഷങ്ങളെപ്പറ്റി പറഞ്ഞു മനസ്സിലാക്കുവാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് അവസരം ലഭിക്കുകയും ചെയ്യുന്നു. ഉപദേശം എന്നു തോന്നാത്തവിധത്തില്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക. അതുതന്നെയാണ് ഈ ജാഗ്രതാ ബോര്‍ഡ്.

ഒരു പെണ്‍കുട്ടി തന്റെ സുന്ദരനായ ചെറുപ്പക്കാരനായ അദ്ധ്യാപകനെപ്പറ്റിയും ഒരാണ്‍കുട്ടി ചെറുപ്പക്കാരിയായ അദ്ധ്യാപികയെ പറ്റിയും വാചാലയാകുന്നുവെങ്കില്‍ അവര്‍ അത്തരത്തില്‍ ചിന്തിക്കാന്‍ പ്രായമായി എന്ന് മനസ്സിലാക്കുക. തുറന്നു സംസാരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തരുത്. ഒപ്പം ജാഗ്രത കൈവിടുകയുമരുത്. പ്രത്യേകിച്ചും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ആശയവിനിമയങ്ങള്‍ രഹസ്യമാക്കിവയ്ക്കാതെ കുട്ടികള്‍ രക്ഷിതാക്കളുമായി തുറന്നു ചര്‍ച്ച ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുക. അപ്പോള്‍ അവയിലെ കാണാക്കുരുക്കുകള്‍ തിരിച്ചറിയുവാന്‍ കഴിയും. വളരെ അടുത്തു പെരുമാറുന്നവര്‍, സ്ഥിരം സന്ദേശം അയക്കുന്നവര്‍, കൂടുതല്‍ പുകഴ്ത്തുന്നവര്‍ ഇവരെയൊക്കെ ജാഗ്രതയോടെ കൈകാര്യം ചെയ്യുവാന്‍ പഠിപ്പിക്കണം. അദ്ധ്യാപകരാകട്ടെ കൂട്ടുകാരാകട്ടെ കൂട്ടുകാരുടെ സഹോദരന്മാരോ അച്ഛന്മാരോ ആകട്ടെ കൂടുതല്‍ പരിചയവും അടുപ്പവും കാണിക്കുന്നുവെങ്കില്‍ ശ്രദ്ധിക്കുക. അവര്‍ ഏതു പ്രായത്തിലുള്ളവരുമാകട്ടെ, രസകരമായി സംസാരിക്കുന്നവര്‍ ഒരു പക്ഷെ അപകടകാരികളായേക്കാം. അടുപ്പം കൂടുതലായാല്‍ ‘നോ’ പറയാനുള്ള കഴിവുപോലും നഷ്ടമായേക്കാം.

ഒരു പരിചയപ്പെടലിലൂടെയാകും തുടക്കം. പല ഘട്ടങ്ങളിലൂടെ അടുപ്പം വളരും. ഇടയ്ക്ക് ഒരു ‘ഹായ്’ സന്ദേശമാകും തുടക്കം. പിന്നെ സന്ദേശം കൂടുന്നു. ചാറ്റിംഗ് തുടരുന്നു. പുകഴ്ത്തുന്ന വാക്കുകള്‍ പറയുന്നു, ചിലപ്പോള്‍ ദുഃഖം അഭിനയിക്കുന്നു, സിമ്പതി പിടിച്ചുപറ്റുന്നു. ബൈക്കിലോ കാറിലോ ഇടയ്ക്ക് വീട്ടിലോ കോളേജിലോ ഡ്രോപ് ചെയ്യുന്നു. ഇത്രയും ആകുമ്പോള്‍ ‘വേണ്ട’ എന്നു പറയാന്‍ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കും. പിന്നെ ഒരു ഐസ്‌ക്രീം പാര്‍ലര്‍, ഒരു സോഫ്റ്റ് ഡ്രിങ്ക്, പതുക്കെ നല്ല കുട്ടി ചമഞ്ഞ് വീട്ടുകാരുമായിപ്പോലും സൗഹൃദത്തിലാകുന്നു. വിശ്വാസം പിടിച്ചുപറ്റുന്നു. എല്ലാവരും ദുരുദ്ദേശ്യത്തോടെയാകണമെന്നില്ല. പക്ഷെ അത്തരക്കാരായിരിക്കും അധികവും. ചിലപ്പോള്‍ വീട്ടിലെ ഒരംഗത്തേപ്പോലെ പെരുമാറുന്നു. പതിയെ സ്വന്തം വീട്ടിലേക്കു ക്ഷണിക്കുന്നു. മാതാപിതാക്കളെ പരിചയപ്പെടാമെന്നു പറയുന്നു. ഒപ്പം പോകുന്നു. കുരുക്കില്‍ അകപ്പെടുന്നു. ഈ ഓരോ ഘട്ടത്തിലും എവിടെയെങ്കിലും വച്ച് ഈ ചതിക്കുഴി മനസ്സിലാക്കുകയും ‘നോ’ പറയുകയും ചെയ്തില്ലെങ്കില്‍ പെട്ടതു തന്നെ. അതിന് തുടക്കത്തിലേ തന്നെ ജാഗ്രത പാലിക്കുക. സൗഹൃദത്തിലായി കഴിഞ്ഞാല്‍ അടുത്തപടി സ്പര്‍ശനമാണ്. അറിയാത്തപോലെ ഒരു തട്ടല്‍, മുട്ടല്‍, ഒരു സോറി. വീണ്ടും ആവര്‍ത്തിക്കുന്നു. ഇതെല്ലാം ടെസ്റ്റ് ഡോസ് ആണ്. നിങ്ങള്‍ പ്രതികൂലമായി പ്രതികരിക്കുന്നില്ല എന്നു കണ്ടാല്‍ കൂടുതല്‍ സ്വാതന്ത്ര്യം എടുക്കുന്നു. പതിയെ വലയിലാകുന്നു. ഇത്തരം സ്പര്‍ശനങ്ങളെ തിരിച്ചറിയുക. ഗുഡ് ടെച്ചും ബാഡ് ടെച്ചും തിരിച്ചറിയുക. അറിയാത്ത ഭാവത്തിലുള്ള ടെച്ച് ആവര്‍ത്തിക്കുന്നുവെങ്കില്‍ അയാളുടെ ഉദ്ദേശ്യം നല്ലതല്ലെന്ന് മനസ്സിലാക്കുക. ‘ഞാ ന്‍ അത്തരത്തിലുള്ള ഒരു വ്യക്തിയല്ല’ എന്ന സന്ദേശം ശരീര ഭാഷയിലൂടെ അറിയിക്കുക. എത്ര അടുത്ത സുഹൃത്തായാലും ബന്ധുവായാലും ഏതു പ്രായത്തിലുള്ളവരായാലും ഇത്തരം സ്‌നേഹപ്രകടനങ്ങള്‍ അതിരു കടക്കാതെ ശ്രദ്ധിക്കണം. ഇത്തരം എന്തെങ്കിലും അനുഭവങ്ങളുണ്ടായാല്‍ ഒരിക്കലും മറച്ചു വയ്ക്കരുത്. രക്ഷിതാക്കളുമായി പങ്കുവയ്ക്കണം. ചര്‍ച്ച ചെയ്യണം. അതുകൊണ്ടാണ് രക്ഷിതാക്കളും കുട്ടികളും തമ്മില്‍ നിരന്തരം ആശയവിനിമയം വേണം എന്നു പറയുന്നത്. തുടക്കത്തിലേ ജാഗ്രത പാലിക്കാന്‍ കഴിയും. കുരുക്കില്‍ പെടാതെ ശ്രദ്ധിക്കുവാന്‍ കഴിയും.

ഇത്തരം പ്രവൃത്തികളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം. നമ്മളില്‍ നിന്നും അനുകൂലമായ ഒരു പ്രതികരണം ഉണ്ടായാല്‍ അത് അടുത്ത ഘട്ടത്തിലേക്കു കടക്കും. സംശയം തോന്നിയാല്‍ ഉടന്‍ തടയുക. വാട്‌സ്ആപ്പിലും മറ്റും അത്തരത്തിലുള്ള എന്തെങ്കിലും മെസ്സേജുകളോ ചാറ്റുകളോ ഉണ്ടായാല്‍ അത്തരക്കാരെ ഉടന്‍ ബ്ലോക്ക് ചെയ്യുക. അല്ലെങ്കില്‍ നെഗറ്റീവ് മറുപടിയിലൂടെ തടയിടുക.

സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ബാഗുകള്‍ രക്ഷിതാക്കള്‍ ഇടയ്ക്കു പരിശോധിക്കണം. അസാധാരണമായ ഏതെങ്കിലും വസ്തുക്കള്‍ ബാഗിലോ, ഇന്‍സ്ട്രുമെന്റ് ബോക്‌സിലോ ഉണ്ടോ എന്നു പരിശോധിക്കണം. ഒരു മിഠായിപൊതിപ്പോലും അധികമായി കണ്ടാല്‍ അത് ആരു തന്നു എന്നന്വേഷിക്കണം. എല്‍കെജി ക്ലാസ് മുതല്‍ ഇന്നു കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്നുണ്ട്. പെണ്‍കുട്ടികള്‍ മാത്രമല്ല. ആണ്‍കുട്ടികളും ഇന്നു പലവിധത്തില്‍ പീഡനത്തിനിരയാകുന്നുണ്ട്. സ്‌കൂളിലായാലും കോളേജിലായാലും ഓവര്‍ സ്മാര്‍ട്ട് ആകുന്നവരെ സൂക്ഷിക്കണം. പലപ്പോഴും ആകര്‍ഷകമായി ഹെയര്‍ സ്റ്റൈലും സൂപ്പര്‍ ബൈക്കുകളുമായി ചെത്തി നടക്കുന്ന ചുള്ളന്മാരെ കുട്ടികള്‍ ആരാധനയോടെ നോക്കിക്കാണും. അതുപോലെയാകാന്‍ ആഗ്രഹിക്കും. ഒരുപക്ഷെ അതു കുരുക്കായേക്കാം. നിങ്ങളെ അവരുടെ സുഹൃദ്‌വലയത്തില്‍ പെടുത്തിയേക്കാം. പതിയെപതിയെ ചെറിയ ലഹരി നുണയാന്‍ തന്നെന്നുവരും. ജാഗ്രത പാലിച്ചില്ലെങ്കില്‍ നിങ്ങള്‍ കുരുക്കില്‍ പെട്ടതുതന്നെ. മയക്കുമരുന്നിന്റെ വിശാലമായ ലോകത്തേക്ക് നിങ്ങള്‍ പതിയെ ചെന്നുവീഴും. ആദ്യം സൗജന്യമായി തന്നതിന് പിന്നീട് പണം ആവശ്യപ്പെടും. നിങ്ങള്‍ എങ്ങനെയും പണം കണ്ടെത്താന്‍ ശ്രമിക്കും. വീട്ടില്‍ നിന്നും മോഷ്ടിക്കും. അതിനുപറ്റിയില്ലെങ്കില്‍ അവര്‍ തന്നെ വഴി പറഞ്ഞു തരും. നിങ്ങള്‍ ഒരു ദൂതന്‍ ആവുക. പുതിയ കുറച്ചു പേരേ നിങ്ങള്‍ വലയിലാക്കുക. അങ്ങനെ നിങ്ങളുടെ കയ്യിലും പണമായി. അങ്ങനെ ഈ ദൂഷിതവലയം വളരുന്നു. നിങ്ങള്‍ തകരുന്നു. അതുകൊണ്ട് തുടക്കത്തില്‍ തന്നെ ഇത്തരം പ്രലോഭനങ്ങളില്‍ വീഴാതെ നോക്കുക. ഒരിക്കല്‍ ഈ കുഴിയില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടല്‍ അസാദ്ധ്യമാകും. നിങ്ങള്‍ വേണ്ടെന്നുവച്ചാലും ഈ കഴുകന്മാര്‍ നിങ്ങളെ വിടില്ല നിങ്ങള്‍ നാശത്തിന്റെ പടുകുഴിയിലേക്കു പതിക്കും.

അതുകൊണ്ട് കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കുക. അവരെ മനസ്സിലാക്കി, നന്മയുടെ വഴിക്കുപോകുന്നവരാണെങ്കില്‍ മാത്രം സുഹൃത്തുക്കളാക്കുക. രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ കൂട്ടുകാര്‍ എങ്ങനെയുള്ളവരാണെന്നു മനസ്സിലാക്കിയിരിക്കണം. അതുകൊണ്ടാണ് കുടുംബം ഒന്നിച്ചിരുന്ന് വിശേഷങ്ങള്‍ പരസ്പരം പങ്കുവയ്ക്കണം എന്നു പറയുന്നത്. ഇന്റര്‍നെറ്റ് യുഗത്തില്‍ ലോകമാകെ ഒരു ഗ്ലോബല്‍ വില്ലേജ് ആണ്. ആരും അകലെയല്ല. ലോകത്തിന്റെ ഏതു കോണിലുള്ളവരുമായും ബന്ധപ്പെടാം. നമ്മള്‍ നാലു ചുമരുകള്‍ക്കകത്തിരുന്നു ചെയ്യുന്ന, പറയുന്ന കാര്യങ്ങള്‍ പല കോണുകളില്‍ നിന്നും പലരും വീക്ഷിക്കുന്നുണ്ടെന്നു മനസ്സിലാക്കുക. അപകടം പതിയിരിക്കുന്ന മേഖലയാണ് ഈ വേള്‍ഡ് വൈഡ് വെബ്. ഇതൊരു ചിലന്തിവല (ംലയ) തന്നെയാണ്. കുരുങ്ങാതെ ശ്രദ്ധിക്കണം. പലതരം പ്രലോഭനങ്ങളുള്ള മേഖലയാണ്. പലതരം ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണവും ജീവനും നഷ്ടപ്പെട്ട അനേകം കുട്ടികളുണ്ട്. ഇന്ന് ഇന്റര്‍നെറ്റ് ഇല്ലാതെ ഒരു കാര്യവും നടക്കില്ല. ജീവിതത്തിന് അത് ആവശ്യവുമാണ്. അതുപോലെ അപകടം നിറഞ്ഞതുമാണ്. നാം അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. ഉപയോഗിക്കാം ദുരുപയോഗം ആവരുത്.
ഇന്ന് പഠനത്തിന്റെ ഭാഗമായി ചെറിയ ക്ലാസ്സിലുള്ള കുട്ടികള്‍ പോലും ലാപ്‌ടോപും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നുണ്ട്. മാതാപിതാക്കള്‍ ഇടയ്‌ക്കൊന്നു ശ്രദ്ധിക്കുന്നതാണ് ഉത്തമം. കുട്ടികളില്‍ ഏതെങ്കിലും തരത്തില്‍ അസ്വാഭാവികമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. മുഖഭാവം, നോട്ടം, സ്വഭാവമാറ്റം, സംസാരരീതി, വേഷമാറ്റം, നടപ്പ്, ഇടപഴകാന്‍ മടി, അധിക നേരം ഒറ്റയ്ക്കിരിക്കുക, സംസാരിക്കാനും മടി, ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ കാരണമന്വേഷിക്കുകയും പരിഹരിക്കുകയും വേണം. ഇവിടെയാണ് തുറന്ന സംവാദത്തിന്റെ പ്രാധാന്യം. ഒറ്റയ്ക്കു മുറിയടച്ചു കുറ്റിയിട്ട് ഇരുന്ന് പഠിക്കുന്ന ശീലമുണ്ടെങ്കില്‍ അതു നിരുത്സാഹപ്പെടുത്തുക ഇത് ഒരു ജാഗ്രതാ സൂചികയാണ്.

മൊബൈല്‍ഫോണ്‍, ലാപ്‌ടോപ് പോലെയുള്ള ഉപകരണങ്ങള്‍ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം? എത്രസമയം നിങ്ങള്‍ അവയുടെ മുന്നില്‍ ചിലവഴിക്കുന്നു എന്നൊക്കെ? സ്വയം വിലയിരുത്തുക. തീര്‍ച്ചയായും പഠനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സമയം ഗുണപരമാണ്. അതുപോലെ ഹോസ്റ്റലില്‍ താമസിക്കുന്നവരാണെങ്കില്‍, രക്ഷിതാക്കളുമായി ആശയവിനിമയം ചെയ്യുന്ന സമയം ഒഴിവാക്കാനാകാത്തതാണ്. ഇത്തരം ആവശ്യങ്ങള്‍ ഒഴികെ, മറ്റു കാര്യങ്ങള്‍ക്ക് മൊബൈല്‍ഫോണ്‍ എത്ര സമയം ഉപയോഗിക്കുന്നു? സമൂഹ മാധ്യമങ്ങളില്‍ എത്ര സമയം ചിലവഴിക്കുന്നു? സ്വയം പരിശോധിക്കുക. അത് അത്ര അത്യാവശ്യമുള്ളവയാണോ? എന്തുകാര്യം മാറ്റിവച്ചിട്ടാണ് ഞാന്‍ ഈ മീഡിയയില്‍ സമയം ചിലവഴിക്കുന്നത്? ഇതെല്ലാം സ്വയം വിലയിരുത്തുക. അത് എന്റെ പഠനത്തെ ബാധിക്കുന്നുണ്ടോ? കുടുംബ ബന്ധങ്ങളെ, വ്യക്തിബന്ധങ്ങളെ ബാധിക്കുന്നുണ്ടോ? ഉണ്ടെന്നു തോന്നുന്നുവെങ്കില്‍, അതിന് സ്വയം ഒരുപരിധി നിശ്ചയിക്കുക. ഒരു ദിവസത്തില്‍ ഇത്ര സമയത്തില്‍ കൂടുതല്‍ സമൂഹ മാധ്യമത്തില്‍ ഞാന്‍ ചിലവഴിക്കില്ല എന്ന് ഉറച്ച് തീരുമാനിക്കുക. അതുപോലെ എപ്പോഴൊക്കെ ഉപയോഗിക്കാം? പഠനത്തിനിടയില്‍ ഒരു കാരണവശാലും സമൂഹ മാധ്യമത്തില്‍ നോക്കാതിരിക്കുക. അതുപോലെ ഭക്ഷണസമയത്ത്, പ്രാര്‍ത്ഥനസമയത്ത്, അതിഥികളുമായി സംസാരിച്ചിരിക്കുമ്പോള്‍ യാത്രാസമയത്ത് എല്ലാം ഇത് ഒഴിവാക്കുക. വാഹനം ഓടിക്കുന്നവര്‍ ലൊക്കേഷന്‍ മാപ്പ് ഇട്ടു പോകാതെ കഴിവതും വഴി ചോദിച്ചു പോവുക. വഴിയെപ്പറ്റിയും ചുറ്റുപാടിനെപ്പറ്റിയും ഒരു ധാരാണയുണ്ടാക്കാന്‍ അതു സഹായിക്കും. ബസ്സില്‍, ട്രെയിനില്‍ ഒക്കെ സഞ്ചരിക്കുമ്പോള്‍ മുഴുവന്‍ സമയവും ഇയര്‍ഫോണ്‍ ചെവിയില്‍ വെച്ച് മൊബൈലില്‍ മുഴുകാതിരിക്കുക. ചുറ്റുമുള്ള നാടിന്റെ കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യുക. ആരോഗ്യത്തിനും അറിവിനും അതാണ് നല്ലത്.

മറ്റു പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ഇല്ലാത്തപ്പോള്‍ മാത്രം സ്‌ക്രീന്‍ ടൈം ഉപയോഗപ്പെടുത്തുക. അതു ഗുണപരമായ രീതിയില്‍ ആകാന്‍ ശ്രദ്ധിക്കുക. ഗുണം ഉള്ളത്, നമ്മുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നത്, പോസീറ്റിവ് എനര്‍ജി തരുന്നത് ഇത്തരത്തിലുള്ളവ മാത്രം കാണുക. തലച്ചോറ് ചപ്പു ചവറുകള്‍ കൊണ്ടു നിറയ്ക്കാതിരിക്കുക. സമയം ദുരുപയോഗം ചെയ്യാതിരിക്കുക, പാഴാക്കാതിരിക്കുക. സമയനഷ്ടം എന്നാല്‍ ജീവിതനഷ്ടം തന്നെയാണ്. ഉദാഹരണത്തിന് ടിവിയിലോ യൂട്യുബിലോ നമ്മള്‍ ലോകവാര്‍ത്തകള്‍ കാണുന്നുവെങ്കില്‍ അതു ഗുണമുള്ളതാണ്. സഞ്ചാരം പോലെയുള്ള വിജ്ഞാനപ്രദമായ ചാനലുകള്‍ കാണുന്നുവെങ്കില്‍ അത് സമയനഷ്ടമാകില്ല. അതുപോലെ ദിവസം മുഴുവനും നീളുന്ന ക്രിക്കറ്റ് മാച്ച് മുഴുവന്‍ സമയവും കണ്ടുകൊണ്ടിരിക്കുന്നത് ആശാസ്യമല്ല. ഇടവേളകളില്‍ അല്പസമയം കാണുക. കളിയുടെ സ്‌കോര്‍ അറിയുക, നമ്മുടെ മറ്റു പ്രധാന ജോലികളില്‍ ഏര്‍പ്പെടുക. സ്‌ക്രീന്‍ ടൈമിന് മുന്‍ഗണന നിശ്ചയിക്കുക. അത്യാവശ്യം വേണ്ട കാര്യങ്ങള്‍ മാറ്റിവെച്ച് സോഷ്യല്‍ മീഡിയ ഉപയോഗിക്കാതിരിക്കുക. ഗുണപരമായ ഉപയോഗം പരിശീലിക്കുക. ആരോഗ്യപരമായ വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും പരിപോഷിപ്പിക്കുക. ‘നോ’ പറയേണ്ടിടത്ത് ‘നോ’ പറയുവാന്‍ ശീലിക്കുക. ഒരിക്കല്‍ അനുവദിച്ചാല്‍ പലതവണ ആവര്‍ത്തിക്കും. അതുകൊണ്ട് പ്രലോഭനങ്ങളോട് ‘നോ’ പറയുക. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ കമന്റ്‌സ് ഇടാതിരിക്കുക. ലഹരിയുടെ ലോകത്തെക്കുറിച്ച് ജാഗരൂകരായിരിക്കുക. ഇതിനെല്ലാം പരിഹാരമാണ് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം, ആരോഗ്യകരമായ ചര്‍ച്ച ഒത്തുചേരല്‍ എന്നിവ. രക്ഷിതാക്കളോട്, സഹോദരങ്ങളോട്, സുഹൃത്തുക്കളോട്, മുതിര്‍ന്നവരോട് തുറന്ന മനസ്സോടെ സംസാരിക്കാന്‍ പഠിക്കുക. നല്ല കുടുംബാംഗമായിരിക്കുക. കുടുംബത്തിന് മുതല്‍ക്കൂട്ടാകാന്‍ ശ്രമിക്കുക. വീട്ടില്‍ ജയിച്ചാലേ നാട്ടില്‍ ജയിക്കൂ. വീട്ടില്‍ നിന്നു തുടങ്ങുക. രക്ഷിതാക്കളാണെങ്കിലും കുട്ടികളെ കുറ്റപ്പെടുത്താതെ അവരെ മനസ്സിലാക്കുക. അവരുടെ ചെറിയ വിജയങ്ങളില്‍ അഭിനന്ദിക്കുക. ഒന്ന് ആശ്ലേഷിക്കുക. പരസ്പരം ആശ്ലേഷിക്കുന്ന എത്ര കുട്ടികളും മാതാപിതാക്കളുമുണ്ട്? ആ ഒരു സ്പര്‍ശം, അത് വലിയ അദ്ഭുതങ്ങള്‍ സൃഷ്ടിക്കും. കൂടുമ്പോള്‍ ഇമ്പമുള്ളതാകണം കുടുംബം. ഭൂകമ്പമുണ്ടാക്കുന്നതാകരുത്. നവമാധ്യമങ്ങളിലെ ചതിക്കുഴികളെ കുറിച്ചുള്ള ജാഗ്രതാ ബോര്‍ഡ് നല്ല കുടുംബ ബന്ധങ്ങള്‍ തന്നെയാണ്. അതുകൊണ്ട് നമുക്ക് സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ ജാഗരണം തുടങ്ങാം.

Tags: ലഹരി
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies