മന്ദപാല മഹാമുനി പിതൃലോകത്തെത്തിയിട്ടും സുഖലേശം സിദ്ധിക്കാതെ ദു:ഖിച്ചു. എന്താണതിനു കാരണം എന്നന്വേഷിച്ചപ്പോള്‍ ദേവകള്‍ ഇങ്ങനെ പറഞ്ഞു:
‘മൂന്ന് ഋണത്തോടെ മാനവന്‍ ജനിക്കുന്നു
മൂന്നും വീട്ടീടുന്നവനൂര്‍ദ്ധ്വലോകങ്ങളുണ്ടാം
ബ്രഹ്‌മചര്യത്തെക്കൊണ്ടും നിത്യയജ്ഞത്തെക്കൊണ്ടും
നിര്‍മ്മല പ്രജ കൊണ്ടും വീട്ടേണമവ മൂന്നും
എന്നതില്‍ പുത്രോത്പത്തി ചെയ്തീല ഭവാന്‍ മുന്ന-
മെന്നത് വിരോധമാകുന്നതു ഗതിക്കിപ്പോള്‍…’
ങ് ങ്ങാ… അങ്ങനെയോ..
എങ്കില്‍ ഞാന്‍ ഇപ്പോള്‍ത്തന്നെ ഭൂമിയില്‍ മടങ്ങിപ്പോയി പുത്രരെ ഉത്പാദിപ്പിച്ചു വരാം എന്നായി മുനി. പെട്ടെന്ന് കുട്ടികളുണ്ടാവാന്‍ ഏത് ജീവനെടുക്കണം എന്ന് ചിന്തിച്ചാണ് ശാര്‍ങ്ഗക പക്ഷിയായത്. ജരിത എന്നൊരു ഇണപ്പക്ഷിയെ കണ്ടുപിടിച്ചു ഖാണ്ഡവ വനത്തില്‍ സുഖിച്ചു വാണു. നാല് പുത്രരുമുണ്ടായി. അങ്ങനെയിരിക്കവെയാണ് ഖാണ്ഡവ വനത്തിനു തീ പിടിച്ചത്.
മഹാഭാരത വായനയില്‍ മുഴുകിയ ഞാന്‍ ഖാണ്ഡവ ദഹനത്തില്‍ എത്തിയതാണ് . കഥയില്‍ തീയാളിക്കത്തവേ മുറിയില്‍ ടിവിയിലും തീ ആളിക്കത്തുന്ന ചിത്രം. ഇസ്രായേല്‍ ഹമ്മാസ് യുദ്ധം. സര്‍വ്വത്ര നാശനഷ്ടം, ഖാണ്ഡവ ദഹനം പോലെ.
കുറച്ചുനേരം ചിന്താധീനനായി ഇരിക്കവേ, തീയില്‍ വെന്തുരുകാതെ നിന്ന് ജാതവേദസ്സിനെ സ്തുതിക്കുന്ന നാല് പക്ഷിക്കുഞ്ഞുങ്ങളെ കണ്ടു. ജരിതാരി, സാരിസൃക്കന്‍, സ്തംബമിത്രന്‍, ദ്രോണന്‍. ഓരോരുത്തരും അവനവന് ആവുംവിധം ജാതവേദസ്സിനെ സ്തുതിക്കുന്നു. അങ്ങനെ പാവകനില്‍ നിന്ന് രക്ഷപ്പെടുന്നു.
പിന്നെ അവര്‍ പെട്ടെന്ന് യൗവ്വനം പ്രാപിച്ചു ഉന്മേഷവാന്മാരായി പറന്നു പോകുന്ന ദൃശ്യമാണ് കണ്ടത്. പിന്നെ തീയെല്ലാം കെട്ടടങ്ങി. കാലം മാറി. ഇപ്പോള്‍ അവര്‍ ധാരാളം അനുഭവജ്ഞാനമുള്ള മധ്യവയസ്‌കരാണ്. അതില്‍ രണ്ടെണ്ണം ഒരു ഉണക്കമരക്കൊമ്പിലിരുന്ന് വര്‍ത്തമാനം പറയുകയാണ്. അവരെന്തൊക്കെയാണ് പറയുന്നത് എന്ന് ഞാന്‍ ശ്രദ്ധിച്ചു.
ജ്യേഷ്ഠനായ ജരിതാരിയോട് അനുജന്‍ സാരിസൃക്കന്‍ ചോദിക്കുന്നു.
‘1948 ന് മുന്നേ മദ്ധ്യേഷ്യയില്‍ മനുഷ്യരുണ്ടായിരുന്നില്ലേ? അവര്‍ക്ക് അവകാശങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലേ?’
ജരി ഒന്ന് ഇളകിയിരുന്നു പറഞ്ഞു.
‘ഉവ്വ്. അനേകായിരം പേര് വ്യത്യസ്ത മതസ്ഥര്‍. 1948 ല്‍ ബ്രിട്ടന്‍ അവിടം വിട്ടുപോകുമ്പോള്‍ ജൂതന്മാര്‍ക്ക് സ്വല്‍പ്പം ഭുരിപക്ഷമുള്ള ഇടത്തിന് സ്വാതന്ത്ര്യം നല്‍കി പോകയും അമേരിക്കയുടെ പിന്തുണയോടെ അതൊരു സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കയും ചെയ്തത് ജൂതന്മാരെ മാത്രം ഓര്‍ത്തായിരിക്കില്ല. മൊറോക്കൊ മുതല്‍ യുഎ.ഇ വരെ പരന്ന് കിടക്കുന്ന അറബ് പ്രദേശത്തിനിടയില്‍ ജെറുസലേം പെട്ടുപോയാല്‍ ഒരുപക്ഷെ തങ്ങള്‍ക്ക് ഭാവിയില്‍ അവിടം സന്ദര്‍ശിക്കാന്‍ സാധിച്ചെന്ന് വരില്ല എന്ന വിചാരത്താലുമാവാം.’
സാരിയുടെ ആകാംക്ഷ വര്‍ദ്ധിച്ചു.
‘ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷമാണോ ജൂതന്മാരുടെ ദുരിതം തുടങ്ങിയത് ?’
‘അതെ. ഇഋ 610 ന് ശേഷം ആയിരം വര്‍ഷങ്ങളായി അറേബിയയിലെ അമുസ്ലീംകള്‍ വിശിഷ്യ ജൂതസമൂഹങ്ങള്‍ അനുഭവിച്ച തീരാനോവുകള്‍ ആരറിയാന്‍? 1500 കളില്‍ തുര്‍ക്കികള്‍ ഭരണമേറ്റെടുത്തപ്പോള്‍ ഓട്ടോമന്‍ എംപയറിന്റെ ഭാഗമായപ്പോള്‍ മാത്രമാണ് ജൂതന്മാര്‍ക്ക് കുറച്ചെങ്കിലും ശ്വാസം വീണത്. അതിനിടയില്‍ കൊല്ലും കൊലയും നടത്തി മിക്കവരേയും മതം മാറ്റിക്കഴിഞ്ഞിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തിന്‍ കീഴിലും ജൂതന്മാര്‍ നാലാംകിട പൗരന്മാരായിരുന്നു. വില കുറഞ്ഞ ജീവനുകള്‍ – ധിമ്മി- കളായിരുന്നു. മറുവശത്ത് യൂറോപ്പില്‍ സ്പാനിഷ് ഇന്‍ക്വിസിഷന്റെ ഭാഗമായി ആ പ്രദേശത്തുള്ള ജൂതന്മാരെ പിടിച്ച് ക്രിസ്ത്യാനികളാക്കുകയായിരുന്നു ഒരു കൂട്ടര്‍. യമനില്‍ സുല്‍ത്താന്‍ ഭരണം ജൂതന്മാരെ കീടങ്ങളെ പോലെ കണക്കാക്കി. സ്വീവേജ് ക്ലീനേര്‍സ്, വിസര്‍ജ്ജ്യം കോരുന്ന തോട്ടികളാക്കി. എല്ലാവരും എല്ലായിടത്തും ജസിയ നടപ്പിലാക്കി. തുര്‍ക്കികളില്‍ നിന്ന് 1917 ല്‍ ബ്രിട്ടന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ ജൂതന്മാര്‍ ആശ്വസിച്ചു. കൊടിയ യാതന അനുഭവിച്ചാണെങ്കിലും 1948 വരെ അറേബിയയിലെ മിക്ക പ്രവിശ്യകളിലും ജൂതന്മാര്‍ പാര്‍ത്തു വന്നു. ഇസ്രായേല്‍ എന്ന സ്വതന്ത്രരാജ്യത്തിന്റെ പിറവിയോടെ എല്ലാവരും അങ്ങോട്ട് ചേക്കേറി. നൂറ്റാണ്ടുകളുടെ ദുരനുഭവത്തില്‍ നിന്നുണ്ടായ പകയും വിദ്വേഷവും തലമുറകളിലൂടെ പകര്‍ന്ന് കിട്ടിയത് ഉള്ളിലൊതുക്കി. അത് ഇടയ്ക്ക് പുറത്ത് വരുക സ്വാഭാവികമാണ്. ജര്‍മ്മനിയില്‍ നടന്ന നരഹത്യകള്‍ – ഹോളോകാസ്റ്റ് -ആര് മറക്കാന്‍? ലോകത്തിന്റെ നാനാ ഭാഗത്തും പോകട്ടെ കൊച്ചിയില്‍ പോലും ഈ അടുത്ത കാലത്ത് ജൂതന്മാരുടെ അവശിഷ്ടങ്ങള്‍ക്ക് നേരെ ഭര്‍ത്സനങ്ങള്‍ ഉണ്ടായി.’
സാരിയ്ക്ക് ദു:ഖം വന്നു.
‘ഒരു വിശ്വാസി സമൂഹം എന്ന നിലയ്ക്ക് ഇത്രയധികം സഹിച്ചവര്‍ ഭാരതത്തിലെ ഹിന്ദുക്കള്‍ മാത്രമായിരിക്കാം. അല്ലെ?’
‘ഏറെക്കുറെ ശരിയാണ്. മറ്റുള്ളവര്‍ മായന്‍സ്, ഇങ്കന്‍സ് കഥ പറയാന്‍ ആരും ഇല്ലാതായി. എങ്കിലും ഭാരതീയരെപ്പോലെ എല്ലാ മറക്കാനും പൊറുക്കാനും ജൂതര്‍ തയ്യാറായി. ഒന്നവര്‍ മനസ്സിലാക്കി. തങ്ങളെ നോക്കാന്‍ തങ്ങളേ ഉള്ളൂ എന്ന്. അങ്ങനെ അവര്‍ സ്വാശ്രയരായി. ശക്തരായി.’
സാരിയ്ക്ക് കുറേശ്ശേ അരിശം വരാന്‍ തുടങ്ങി.
‘എന്താണിത്? ഒരു വിശ്വാസത്തെ അത്രമേല്‍ എതിര്‍ക്കുകയോ? ഇല്ലാതാക്കാന്‍ ശ്രമിക്കുകയോ? കലി പൂണ്ട് ഇന്നും അതിന് വേണ്ടി ശ്രമിക്കുകയോ? എന്നിട്ടും ഇസ്ലാമോഫോബിയ എന്നാണല്ലോ നാം കേള്‍ക്കുന്നത്?’
ജരി ഉറച്ച നിലപാടെടുത്തു പറഞ്ഞു
‘എല്ലാം പ്രൊപോഗാണ്ട..ധനശക്തിപ്രകടനം. അക്കാര്യത്തില്‍ ഇസ്ലാമിസ്റ്റുകളില്‍ കടുത്ത വിരോധികളായ സുന്നി – ശിയാകള്‍ പോലും ഒറ്റക്കെട്ടാണ്. നോക്കൂ ഹെസ്ബൊള്ള ശിയാകള്‍ ഗാസയിലെ സുന്നികളെ സംരക്ഷിക്കുന്നത്. ഇറാനിലെ ഒരു ചെറിയ പ്രദേശത്ത് ഇന്നും പാര്‍സികള്‍ – സൊരാഷ്ട്രീയന്‍മാര്‍ – പാര്‍ക്കുന്നുണ്ടെന്ന് കരുതുക. അത് സ്വതന്ത്രരാജ്യമായി നിലനില്‍ക്കുന്നുണ്ടെന്നും കരുതുക. തങ്ങളുടെ ഭൂമി എന്ന് അവകാശപ്പെടുന്നതിന് അവിടെ പാര്‍ക്കുന്നതിന് ആ സൊരാഷ്ട്രീയരെ ലോകമുസ്ലിങ്ങള്‍ അനുവദിക്കില്ല. മാത്രമല്ല ലോകരെ തങ്ങളുടെ ചിന്തയ്ക്കനുകൂലമായി മാറ്റാനും അവര്‍ക്ക് സാധിക്കും.
എന്തിന് 1000 വര്‍ഷത്തെ അധിനിവേശ ഭരണം കൊണ്ട് ഭാരതത്തില്‍ ഹിന്ദുക്കള്‍ ഇല്ലാതായി ഒരു ചെറിയ മൂലയ്‌ക്കൊതുങ്ങി എന്ന് കരുതുക. അവിടെ സ്വസ്ഥമായി ജീവിക്കാന്‍ മറ്റുള്ളവര്‍ അനുവദിക്കുമോ? ഇന്ന് 80% ജനസംഖ്യയും വിശാല ഭൂഭാഗവും ഉണ്ടായിട്ട് പോലും ഇവിടെ സ്വസ്ഥതയുണ്ടോ?
ഒറ്റ ദിവസം പോലീസ് മാറി നിന്നാല്‍ മതി, അവിലും മലരും വാങ്ങിച്ച് വെച്ചോ എന്നൊക്കെ എത്ര ധൈര്യപ്പെട്ട് പറയുന്നു?’
സാരി തലകുലുക്കി സമ്മതിച്ചു.
‘ശരിയാണ്. അതേ ഗതിയാണ് ജൂതന്മാരുടെതും. ആദി അബ്രഹാമിക് മതമായിട്ടു പോലും അവരങ്ങനെ അനുഭവിക്കുമ്പോള്‍ അബ്രഹാമിക് മതമായി പുലബന്ധം പോലുമില്ലാത്ത സ്വതന്ത്രദൈവ (ബഹുദൈവമല്ല) വിശ്വാസികളെ, ചിന്തകരെ എങ്ങനെ വെറുതെ വിടാന്‍?’
‘ആ കണക്കില്‍ ഇന്ത്യ എക്കാലത്തും ഇസ്രായേലിനൊപ്പം തന്നെ ആവണം. ചരിത്രം ചിലര്‍ക്ക് ചില കാലത്ത് നിന്നേ തുടങ്ങാന്‍ പാടൂ എന്നുണ്ട്.’
സാരി പറഞ്ഞു
‘ചില ഇടത്ത് നിന്നുള്ളത് മാത്രമേ ചരിത്രമാവൂ. ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ചരിത്രം ഉറങ്ങിക്കിടക്കും. പലസ്തീനില്‍ ഉണരും.’
ജരിയ്ക്ക് ആശ്വാസമായി. അനുജന്‍ സാരി കാര്യങ്ങള്‍ പഠിച്ച് വരുന്നു.
സാരി ചോദിച്ചു:
‘ഇത്രയും കാലം പലസ്തീനിയന്‍സിനെ ഇന്ത്യ പിന്‍തുണച്ചത് എന്ത് കണ്ടിട്ടായിരുന്നു? എന്തിനാണ് ക്യാംപ് ഡേവിഡ് ഉടമ്പടിയ്ക്ക് യാസര്‍ അറാഫത്തിന് നൊബേല്‍ സമ്മാനം നല്‍കിയത്?’
ജരി പറഞ്ഞു.
‘അത് പാശ്ചാത്യലോകത്തിന് മൂല കാരണം പിടികിട്ടാത്തതോണ്ടാണ്. എത്ര വലിയ അവാര്‍ഡിനും പരിഹരിക്കാന്‍ പറ്റാത്ത സംഗതിയാണ് അത്. ഗള്‍ഫ് രാജ്യത്ത് ഏതെങ്കിലും ഒരു രാജ്യം അമുസ്ലിം രാജ്യമാണ് എന്ന് കരുതുക. എന്തായിരിക്കും സ്ഥിതി?’
‘അല്ലെങ്കില്‍ പ്രശ്‌നമില്ലേ? യമനില്‍ എത്ര കാലമായി യുദ്ധം തുടങ്ങിയിട്ട് ?’
ഇപ്പോള്‍ ജരി ചിരിച്ചു. ‘അതാണ് ഞാന്‍ പറഞ്ഞത്. സംഗതി മൂലകാരണം വേറെ ചിലതാണ്.’
അപ്പോഴേയ്ക്കും മറ്റു രണ്ടു പക്ഷികള്‍ ദൂരെ നിന്ന് പറന്നു വന്ന് മരക്കൊമ്പിലിരുന്നു. അത് സ്തംബമിത്രനും ദ്രോണനുമായിരുന്നു.
‘എന്തൊക്കെയുണ്ട് വിശേഷം മക്കളെ? എവിടെപ്പോയിരുന്നു നിങ്ങള്‍?’ജ്യേഷ്ഠ വാത്സല്യത്തോടെ ജരി ചോദിച്ചു.
‘പാകിസ്ഥാനിലെ ചോളിസ്ഥാന്‍ വന്യമൃഗ സങ്കേതത്തില്‍.. ‘
‘ങ്ങ ഹാ ..എങ്ങനെയുണ്ട്? ഭക്ഷണം സൈ്വരവിഹാരം?’
‘ഭക്ഷണം.. മഹാ ദാരിദ്ര്യം സൈ്വര വിഹാരവും നാസ്തി. അതിര്‍ത്തിയില്‍ കൂട്ടം കൂടിയവര്‍ ഹമാസിനെപ്പോലെ ഇന്ത്യയിലേയ്ക്ക് കടന്ന് അടിക്കണം എന്നൊക്കെ പറയുന്നത് കേട്ടു.. യുദ്ധമുണ്ടാവുമോ ജ്യേഷ്ഠാ?’ സ്തംബമിത്രന്‍ ചോദിച്ചു.
‘എന്റെ സ്തംബാ ഇവിടെ ഉരുക്കു മനുഷ്യനാണ് ഭരിക്കുന്നത് എന്ന് അറിയില്ലേ?..’
‘അവറ്റകള്‍ അജ്ഞാതനെ പേടിച്ച് കഴിഞ്ഞോട്ടെ.. വീരവാദം ഒന്നും വേണ്ട.’
നാല്‍വരും ചിരിച്ചു.. ക്വക്ക് ക്വക്ക്.. എന്ന് ശബ്ദമുണ്ടാക്കി ദൂരേയ്ക്ക് പറന്നുപോയി.
ഞാന്‍ ഞെട്ടി ഉണര്‍ന്നപ്പോള്‍ ടി വി വാര്‍ത്ത അവസാനിച്ചിരുന്നു. മഹാഭാരതം കയ്യില്‍ നിന്ന് ഊര്‍ന്നു സോഫയില്‍ വീണിരുന്നു.