കോഴിക്കോട്: എല്ലാവര്‍ക്കും മനസ്സിലാക്കാനും സ്വാംശീകരിക്കാനും സാധിക്കുന്നതാണ് ഭാരതീയ ദര്‍ശനമെന്ന് മുന്‍ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് പറഞ്ഞു. കേസരിഭവനിലെ നവരാത്രി ആഘോഷപരിപാടികളുടെ ഉദ്ഘാടനവേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വേദാന്തത്തിനു നിത്യജീവിതവുമായി ബന്ധമില്ലെന്ന ചിന്ത ശരിയല്ല. മനുഷ്യനെ അപരിമേയമായ സ്വാതന്ത്ര്യത്തിലേക്കു നയിക്കുക എന്നതാണ് വേദാന്തത്തിന്റെ പരമമായ ലക്ഷ്യം. ജന്മവാസന, ധിഷണാശക്തി, സൗമനസ്യം, ശുദ്ധബോധം എന്നിവയെ പിന്നിട്ട് ശുദ്ധ സാര്‍വലൗകികബോധത്തിലേക്കു മനുഷ്യമനസ്സിനെ ഉയര്‍ത്താന്‍ വേദാന്തത്തിനു സാധിക്കും. ആ തലത്തിലേക്ക് ഉയരുന്നതോടെ അഭയമെന്ന, ഭയമില്ലാതെയാകുന്ന മാനസികാവസ്ഥയിലേക്കു മനുഷ്യന്‍ ഉയരും. ശാസ്ത്രമെന്നതുപോലെ വേദാന്തവും സത്യാന്വേഷണമാണ്. സത്യം സങ്കീര്‍ണമാണ്. സത്യമാണ് ഈശ്വരനെങ്കില്‍ എങ്ങനെ ഈശ്വരനിലേക്ക് എത്താന്‍ കഴിയുമെന്ന അന്വേഷണമാണ് ഉപനിഷത്തുക്കള്‍. സത്യാന്വേഷികളായ ഋഷിമാര്‍ ആദ്യം കണ്ടെത്തിയത്, തങ്ങള്‍ അന്വേഷിച്ചുപോയ പ്രപഞ്ചത്തിലെ ഏറ്റവും അടിസ്ഥാന യാഥാര്‍ഥ്യം തങ്ങളില്‍തന്നെ കുടികൊള്ളുന്നു എന്നാണ്. ഓരോരുത്തരിലും അന്തര്‍ലീനമായ കരുത്തിനെ തിരിച്ചറിയുന്നതിനു വേദാന്തം സഹായിക്കുന്നു. മനുഷ്യനെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്ന വഴികാട്ടികളാണ് ഉപനിഷത്തുക്കള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രം എത്രത്തോളം പുരോഗമിച്ചാലും മനുഷ്യര്‍ അന്യഗ്രഹങ്ങളില്‍ ജീവിക്കുന്ന കാലമെത്തിയാലും സനാതനധര്‍മ്മം നിലനില്‍ക്കുമെന്ന് ചടങ്ങില്‍ ഉദ്ഘാടനപ്രസംഗം നടത്തിയ പി.ആര്‍.നാഥന്‍ പറഞ്ഞു. മുപ്പത്തി മുക്കോടി ദേവതകള്‍ എല്ലാവരിലുമുണ്ട്. എന്നാല്‍, ഇഷ്ടമുള്ള ദേവതകളെ മാത്രമാണ് മനുഷ്യര്‍ ഉത്തേജിപ്പിച്ചെടുക്കുക. നവരാത്രി ആഘോഷത്തിന്റെ പ്രസക്തി അദ്ദേഹം വിവരിച്ചു. കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു ആമുഖ പ്രഭാഷണം നടത്തി. കല, സംസ്‌കാരം, അനുഷ്ഠാനം എന്നീ മൂന്നു മേഖലകളിലായാണ് നവരാത്രി സര്‍ഗ്ഗോത്സവം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ.എ.കെ.അനില്‍ കുമാര്‍ സ്വാഗതവും സ്വാഗതസംഘം ഉപാദ്ധ്യക്ഷന്‍ ടി.വി. ഉണ്ണിക്കൃഷ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ശ്രീരഞ്ജിനി കോടമ്പള്ളിയും സംഘവും സംഗീതക്കച്ചേരി അവതരിപ്പിച്ചു. നേരത്തേ കൃഷ്ണഗീതി ഭജന്‍സംഘ് ഭജന അവതരിപ്പിച്ചു.