പഞ്ഞമാസമെന്നു (അപ)ഖ്യാതി നേടിയ കര്‍ക്കിടകം, തമിഴ് കലണ്ടറില്‍ ആടി എന്നറിയപ്പെടുന്ന മാസമാണ്. ദക്ഷിണായനാരംഭം കുറിക്കുന്ന ഈ മാസം പ്രതിസന്ധിയുടെയും പ്രതീക്ഷയുടെയും മാസമാണ്. പ്രതീക്ഷിക്കാതെയെത്തുന്ന മഴ ഈ മാസത്തിന് കള്ളനെന്ന വിളിപ്പേരും നേടിക്കൊടുത്തു.താളം തെറ്റി, ഇടം കോലിട്ടു തകര്‍ത്തു ചെയ്യുന്ന മഴ കര്‍ഷകര്‍ക്കു കര്‍ക്കിടകത്തിലെ പേടിസ്വപ്‌നമാണ്. പഴമയുടെ താളുകളില്‍ വിശപ്പിന്റെ മുഖമുദയുള്ള കള്ള കര്‍ക്കിടകം, പട്ടിണിയും പരിവട്ടവും രോഗപീഡകളും കൊണ്ട് ആതുരത നിറഞ്ഞ ആകുലതകളിലേക്ക് മനുഷ്യനെ തള്ളിവിടുമ്പോള്‍ അവന് ഏക ആശ്രയമായിരുന്നത് പ്രപഞ്ചനാഥനായ ആ ദിവ്യചൈതന്യത്തിന്റെ ചിന്തകളും സാമീപ്യവുമായിരുന്നു. ലോകം ഏറെ മുന്നോട്ടു പോയെങ്കിലും കാര്യങ്ങള്‍ ഇന്നും അങ്ങിനെ തന്നെ. പട്ടിണിയും ദാരിദ്ര്യവും പഴങ്കഥയായി എന്ന് ഒരു പരിധി വരെ പറഞ്ഞു വയ്ക്കാം. ആധുനിക ലോകത്തില്‍ ആകുലതകളുടെ വിഷയങ്ങള്‍ വര്‍ദ്ധിച്ചു, ആഴവും പരപ്പും കൂടി എന്നതല്ലാതെ മറ്റെല്ലാം പഴയതു പോലെ തന്നെ. കര്‍ക്കിടക മാസത്തില്‍ പ്രകൃതിയില്‍ തന്നെ ചില മാറ്റങ്ങള്‍ നമുക്ക് പ്രകടമായി കാണാം. പകല്‍ കുറവും രാത്രി കൂടുതലുമായി അനുഭവപ്പെടുന്ന ഈ ആറു മാസം ദക്ഷിണായന (പിതൃയാനം) കാലമെന്നറിയപ്പെടുന്നു. ദക്ഷിണായനം സ്വാദ്ധ്യായത്തിന്റെ കാലമെന്നും പറയപ്പെടുന്നു. കര്‍ക്കിടകം ദക്ഷിണായനത്തിന്റെ ആരംഭമായതിനാല്‍ ആദ്ധ്യാത്മിക ചൈതന്യം ഗൃഹത്തിലും പരിസരങ്ങളിലും നിറയ്ക്കുകയെന്ന സങ്കല്പത്തിലാകണം ജ്യേഷ്ഠയെ പുറന്തള്ളലും ശ്രീഭഗവതിയെ ഗൃഹത്തിലേയ്ക്ക് ആനയിക്കലും എന്ന ചടങ്ങ് നടത്തി വന്നിരുന്നത്. കര്‍ക്കിടകം ഒന്നു മുതല്‍ 31 വരെ പണ്ടുകാലത്ത് മുത്തശ്ശിമാര്‍ രാമായണം വായിക്കുന്നത് പതിവായിരുന്നു. ഭവസാഗരത്തിലാണ്ടുകിടക്കുന്ന മനുഷ്യ ജന്മങ്ങള്‍ക്കു ‘രാ’ മായണമെന്ന ഉദ്ദേശ്യത്തോടെ പൂര്‍വ്വികര്‍ തുടങ്ങിവച്ചതാകാം. സ്വയം നരജന്മം കൈക്കൊണ്ട ഭഗവാന്‍ കാണിച്ചു തന്ന മാതൃകയേക്കാള്‍ മറ്റെന്തുണ്ട് ലോകത്തില്‍ മികച്ചതായിട്ട്? രാമോ വിഗ്രഹവാന്‍ ധര്‍മ്മ: വാത്മീകി രാമായണത്തിന്റെ പ്രമേയം തന്നെ ഇതാണ്. ധര്‍മ്മം രൂപം കൊണ്ടവനാണ് രാമന്‍, ഇതു പറയുന്നത് വാത്മീകിയോ വസിഷ്ഠനോ വിശ്വാമിത്രനോ അല്ല, രാമനെ ശത്രുവായിക്കാണുന്ന മാരീചനാണെന്നതാണ് രാമായണത്തിന്റെ മാറ്റുകൂട്ടുന്നത്. പുത്ര ധര്‍മ്മം, സഹോദരധര്‍മ്മം, പത്‌നീധര്‍മ്മം, ഭര്‍തൃധര്‍മ്മം, രാജധര്‍മ്മം ഇതെല്ലാം രാമായണം ചര്‍ച്ച ചെയ്യുന്നു. ധര്‍മ്മാധര്‍മ്മങ്ങള്‍ മാറ്റുരയ്ക്കുമ്പോള്‍ രാമായണം അവിടെ റഫറന്‍സ് ഗ്രന്ഥമായി പരിഗണിക്കുന്നു. രാമരാജ്യ സങ്കല്പം മഹാത്മജി മുന്നോട്ടുവക്കുന്നത് തന്നെ ഭാരതം ധര്‍മ്മാധിഷ്ഠിതമായ രാഷ്ട്രമായിരുന്നു, ഇനിയും അങ്ങിനെ ആയിരിക്കണമെന്ന വിശ്വാസത്തിലും ആഗ്രഹത്തിലുമാണ്. ഇന്നു പക്ഷെ, രാമരാജ്യമെന്നു പറയാന്‍ കോണ്‍ഗ്രസ്സിനു പോലും ഭയമാണ്.
അഭിനവ ഗാന്ധിമാര്‍ക്ക് രാമ രാജ്യത്തേക്കാള്‍ പ്രിയം വോട്ടുബാങ്ക് രാഷ്ട്രീയത്തോടായതിനാല്‍ രാമനും രാമസേതുവും അവര്‍ക്ക് വര്‍ഗീയവും കെട്ടുകഥയുമായി മാറി. ഗാന്ധിജിയുടെ ഹേ റാം കോണ്‍ഗ്രസ്സുകാര്‍ക്ക് ഹറാമായി. രാമായണവും രാമനും സീതയും ഹനുമാനെപ്പോലെ ഭാരതീയരുടെ ഹൃദയത്തില്‍ തന്നെ കുടികൊള്ളുന്നു. അതിവിടത്തെ സംസ്‌കാരവും സാധാരണ ജനജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കേവലം വിശ്വാസത്തിലുപരി ജീവിത സന്ധികളില്‍ അവന് ആശ്രയിക്കാവുന്ന ശക്തിചൈതന്യമായി നിലകൊള്ളുന്നു. രാമനവമിയും, ദസറയും ഹനുമദ്ജയന്തിയും ഭാരതം മുഴുവന്‍ ആഘോഷിക്കുന്നു. കേരളത്തിലും ഇന്ന് രാമനവമിയും മറ്റും ഏറെ വിപുലമായിത്തന്നെ ആഘോഷിക്കപ്പെടുന്നു. ആധികളും വ്യാധികളും കൂടുതലുള്ള കര്‍ക്കിടകമാസത്തില്‍ കേരളക്കര ആശ്വാസം കണ്ടെത്തിയിരുന്നത് രാമമന്ത്രത്തിലായിരുന്നു. മലയാള ദേശം രാമമന്ത്രോച്ചാരണത്താല്‍ മുഖരിതമായിരുന്നു എന്നു പറയാം. സങ്കടമോചന മന്ത്രമെന്ന നിലയിലായിരിക്കണം രാമായണ പാരായണം കേരളത്തിലെ ഭവനങ്ങളില്‍ തുടങ്ങിയത്. വാത്മീകി രാമായണത്തേക്കാള്‍ ഭക്തിക്കു പ്രാധാന്യം നല്‍കുന്ന എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണമാണ് കര്‍ക്കടമാസ വായനയ്ക്കായി തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. വാത്മീകി രാമായണത്തില്‍ രാമനെന്ന മനുഷ്യന്റെ അയനം 6 കാണ്ഡങ്ങളിലായി 24000 ശ്ലോകങ്ങളിലൂടെ തുടരുമ്പോള്‍ ഒരു ഉപഭൂഖണ്ഡത്തിന്റെ ആദിമ ചരിത്രം അനുവാചക മനസ്സില്‍ തെളിഞ്ഞു നില്ക്കും. രാമന് അപഖ്യാതി വരുത്തുവാന്‍ വിമര്‍ശകരും നിരീശ്വരവാദികളും പറയുന്ന ശംബൂക വധം വാത്മീകി രാമായണത്തിലില്ല തന്നെ. മൂലകൃതിയില്‍ ഇല്ലാത്ത ഈ സംഭവം രാമന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ചിലരുടെ ശ്രമം സ്വന്തം ഇതിഹാസങ്ങളിലോ പുരാണങ്ങളിലോ ആചാര വിശ്വാസങ്ങളിലോ പാരമ്പര്യത്തിലോ അറിവോ അഭിമാനമോ ഇല്ലാത്ത സാധാരണ ഹിന്ദുവിനെ ലക്ഷ്യം വച്ചുള്ളതാണ്. ഒരു കാലത്ത് അറിവുകളെ കയ്യടക്കി വയ്ക്കുകയും മറ്റൊരു വിഭാഗത്തിനു നിഷേധിക്കുകയും ചെയ്ത ഭരണ/പുരോഹിത വര്‍ഗ്ഗം ഇവിടെ പ്രതിക്കൂട്ടിലാണ്. എങ്കിലും ഈശ്വരന്‍ രാമനെന്ന മനുഷ്യനായി അവതരിച്ച് മണ്ണിലെ ദു:ഖങ്ങള്‍ സ്വയം വരിച്ച് മാനവരാശിക്കു മുഴവന്‍ ആരാധനാപാത്രവും സന്താപ ഹാരിയുമായി എന്ന് സര്‍വ്വരും വിശ്വസിക്കുന്നു. അമാനുഷ പരിവേഷമുള്ള വാത്മീകിയുടെ രാമന്‍, എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തില്‍ ഈശ്വരാവതാരമാണ്. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരം. അതുകൊണ്ടു തന്നെയാകണം അദ്ധ്യാത്മ രാമായണം വായനയ്ക്കായി തിരഞ്ഞെടുത്തതും. അങ്ങേയറ്റത്തെ ഭക്തി പാരവശ്യത്തോടെയാണ് മുത്തശ്ശിമാര്‍ രാമായണ പരായണം നടത്തിയിരുന്നത്. ഓരോ ദിവസവും വായിക്കേണ്ട ഭാഗങ്ങള്‍ കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കാലാന്തരത്തില്‍ പുരോഗമന ചിന്തയുടെ കുത്തൊഴുക്കില്‍ ഈ രാമായണ പാരായണം ക്രമേണ വീടുകളില്‍ നിന്നും അപ്രത്യക്ഷമായി എന്നതു മാത്രമല്ല, രാമായണം പഴഞ്ചനും പിന്തിരിപ്പനുമാണെന്ന ചിന്താഗതിയും വളര്‍ന്നു വന്നു( വളര്‍ത്തി). ‘ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു’ എന്ന നിരീശ്വരവാദിയായ സി.കേശവന്റെ അഭിപ്രായത്തിന് വലിയ രീതിയിലുള്ള പ്രചരണം കൊടുക്കുവാന്‍ പുരോഗമന രാഷ്ട്രീയക്കാര്‍ പ്രത്യേകം ശ്രദ്ധ കൊടുത്തു.
ഹൈന്ദവ വിശ്വാസങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും നേരെ വിപുലമായ കടന്നാക്രമണങ്ങളും നടന്നു. 1950 ലെ ശബരിമല തീവെയ്പ്പ് അതിലൊന്നായിരുന്നു. 1983-ല്‍ നിലയ്ക്കലില്‍, ശബരിമല പൂങ്കാവനത്തില്‍ അതിക്രമിച്ചു കടന്നു കുരിശു നാട്ടിയതും അവര്‍ക്ക് ഓശാന പാടിയതും ഇതേ ശക്തികളും രാഷ്ട്രീയ കുഴലൂത്തുകാരുമായിരുന്നു. അക്കാലത്തെ സംഭവങ്ങള്‍ ആത്മാഭിമാനമുള്ള ഏതു ഹിന്ദുവിനാണ് മറക്കാന്‍ കഴിയുക? മണത്തല വിശ്വനാഥ ക്ഷേത്ര സമരം, 1967-ലെ തളിക്ഷേത്ര സമരം – ഹൈന്ദവ വിരുദ്ധതയുടെ ഉദാഹരണങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഇത് ഇവിടെ തുടങ്ങിയിട്ടു കാലം കുറെയായി. കലകളിലും സാഹിത്യങ്ങളിലും അതു പ്രതിധ്വനിച്ചു. 1980 കളില്‍ ‘പിന്തിരിപ്പന്‍’ രാമായണം പരസ്യമായി കത്തിയ്ക്കുന്ന അവസ്ഥ വരെ എത്തിയപ്പോഴാണ് 1982 ല്‍ സ്വര്‍ഗ്ഗീയ പി.പരമേശ്വര്‍ജി, മാധവ്ജി എന്നിവരുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ വിശാലഹിന്ദു സമ്മേളനം നടത്തുകയും ആ സമ്മേളനത്തില്‍ എല്ലാ കര്‍ക്കിടമാസവും രാമായണമാസമായി ആചരിക്കുവാനും, ആഘോഷങ്ങള്‍ സംഘടിപ്പിക്കുവാനും, വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരയണം നടത്തുവാനും ആഹ്വാനം ചെയ്തത്. അന്ന് വര്‍ഗ്ഗീയത പറഞ്ഞ്, ആ തീരുമാനത്തെ നഖശിഖാന്തം എതിര്‍ത്ത് മുഖപ്രസംഗമെഴുതിയ കേരളത്തിലെ പ്രമുഖ മുഖ്യധാരാ പത്രങ്ങളും (അന്ന് ദൃശ്യമാധ്യമങ്ങള്‍ ഇല്ല), വിമര്‍ശിച്ചവരും, പരിഹസിച്ചവരും ഇന്ന് രാമായണ മാസം ആഘോഷമാക്കാന്‍ മത്സരിക്കുന്നു എന്നതാണ് കൗതുകകരം. എന്തായാലും ഹൈന്ദവ ജനത ഒന്നാകെ ഏറ്റെടുത്ത രാമായണ മാസവും, നാലമ്പല ദര്‍ശനവും, ഔഷധക്കഞ്ഞിയും മറ്റു ആഘോഷങ്ങളും കര്‍ക്കിടക മാസത്തെ പഞ്ഞമാസമെന്ന ദുഷ്‌പേരില്‍ നിന്നു രക്ഷപ്പെടുത്തിയെന്നു തീര്‍ച്ച. രാമായണവുമായി ബന്ധപ്പെട്ട നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തുന്നത് പുണ്യമായി കരുതുന്നു. കര്‍ക്കിടക മാസത്തില്‍ വന്‍ തിരക്കാണ് നാലമ്പലങ്ങളില്‍ അനുഭവപ്പെട്ടു വരുന്നത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഔഷധക്കഞ്ഞി വിതരണവും കര്‍ക്കടകത്തില്‍ നടന്നു വരുന്നു. മുക്കുറ്റി, പൂവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും കര്‍ക്കിടകക്കഞ്ഞി തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്നു. കര്‍ക്കിടക കഞ്ഞിക്കൂട്ട് (ഔഷധക്കഞ്ഞി) ഇന്ന് വിപണിയില്‍ വലിയ സാധ്യത ഉള്ള ഒരു ഉത്പന്നമായി മാറിക്കഴിഞ്ഞു. ഹൈന്ദവ ഭവനങ്ങളില്‍ നടന്നു വരുന്ന രാമായണ പാരായണവും, ക്ഷേത്രങ്ങളിലും പൊതു ഇടങ്ങളിലും നടന്നു വരുന്ന പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, രാമായണ പാരായണ – ക്വിസ് മത്സരങ്ങള്‍, നാലമ്പല ദര്‍ശനം, മറ്റു ആഘോഷങ്ങള്‍ എല്ലാം ഇന്നു ഹൈന്ദവ സമൂഹത്തിന്റെ സ്വത്വം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായേ കാണാന്‍ കഴിയൂ. ഒരു കാലത്ത് നിഷേധിച്ച, അഭിശപ്ത നിമിഷത്തില്‍ തള്ളിപ്പറഞ്ഞ സ്വന്തം പൈതൃകത്തെ ഹിന്ദു തിരിച്ചറിയുകയും ഇരു കൈകളും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു എന്നതാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ മഹത്വം.
നാലമ്പല ദര്‍ശനത്തിനുള്ള ക്ഷേത്രങ്ങള്‍
തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം (ശ്രീഭരതന്‍), പായമ്മല്‍ ശ്രീ ശത്രുഘ്‌ന ക്ഷേത്രം എന്നിവയും കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയും എറണാകുളം ജില്ലയില്‍ മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവയും മലപ്പുറം ജില്ലയിലെ രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂര്‍ ചൊവ്വണയില്‍ ഭരത ക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണ ക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയില്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവയും കണ്ണൂര്‍ ജില്ലയിലെ നീര്‍വേലി ശ്രീരാമക്ഷേത്രം, എളയാവൂരിലെ ഭരതക്ഷേത്രം, പെരിഞ്ചേരിയിലെ ലക്ഷ്മണ ക്ഷേത്രം, പായത്തെ ശത്രുഘ്‌ന ക്ഷേത്രം എന്നിവയുമാണ് കര്‍ക്കിടക മാസത്തില്‍ നാലമ്പല ദര്‍ശനത്തിനുള്ള ക്ഷേത്രങ്ങള്‍.