ക്ഷേത്ര പ്രവേശനവും പന്തിഭോജനവും സവര്‍ണ്ണ ജാഥയും കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലുകള്‍ ആയിരുന്നു. എന്നാല്‍ ആ പൈതൃകത്തെ ചോലനായ്ക്കനും സ്വഗൃഹത്തില്‍ പ്രവേശം നല്‍കി പുതിയ അധ്യായം കുറിച്ച മഹാത്മാവാണ് നമ്മെ വിട്ടു പോയ മഞ്ചേരി ഭാസ്‌ക്കരപ്പിള്ള എന്ന് പരക്കെ അറിയപ്പെടുന്ന കെ.ആര്‍. ഭാസ്‌ക്കരപ്പിള്ള.
സംസ്ഥാന രൂപീകരണത്തെ തുടര്‍ന്ന് തിരുവിതാംകൂറില്‍ നിന്നും ജോലിയും ഭൂമിയും തേടി മലബാറിലേക്ക് വന്ന കൂട്ടത്തിലാണ് തിരുവല്ലക്കടുത്ത്, പുല്ലാട് ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഭാസ്‌ക്കരപ്പിള്ള നിലമ്പൂരിലെ ഉള്‍ഗ്രാമമായ പാലേമാട് എല്‍.പി.സ്‌കൂള്‍ എന്ന സ്വകാര്യ വിദ്യാലയത്തിലെ അധ്യാപകനായി 1964-ല്‍ മലബാറില്‍ എത്തിയത്. മന്നത്ത് പത്മനാഭന്റെ സാമൂഹ്യ പരിവര്‍ത്തന പ്രവര്‍ത്തനത്തിന്റെ തീഷ്ണതയും, ആഗമാനന്ദസ്വാമികളില്‍ നിന്ന് പകര്‍ന്നുകിട്ടിയ തെളിവാര്‍ന്ന ജീവിതദൗത്യ ബോധവും മലബാറില്‍ വന്ന യുവ അദ്ധ്യാപന്റെ മനസ്സിനെ മദിച്ചുകൊണ്ടിരുന്നു. മലയാണ്‍മയുടെ കളിത്തൊട്ടിലായ ഏറനാട് – വള്ളുവനാട് പ്രദേശത്ത് ഖിലാഫത്ത് – മാപ്പിളലഹള ഏല്‍പ്പിച്ച വലിയ ആഘാതത്തില്‍ തകര്‍ന്നടിഞ്ഞ ഹിന്ദു സമൂഹത്തെയാണ് അദ്ദേഹം കണ്ടത്.
അങ്ങാടിപ്പുറം തളിക്ഷേത്ര വിമോചന സമരത്തിലൂടെ സടകുടഞ്ഞെണീറ്റ ഹിന്ദു സമൂഹത്തിന്റെ മൂര്‍ച്ചയുള്ള ജിഹ്വയും സമരനായകനുമായി ഭാസ്‌ക്കരപ്പിള്ള മാറി. മലപ്പുറത്തെ ജനസംഘം നേതാവും നിലമ്പൂര്‍ കോവിലംഗവുമായ ടി.എന്‍. ഭരതന്‍ എന്ന ഭരതേട്ടന്റെ സ്വാധീനത്തില്‍ യുവ അധ്യാപകന്‍ ജനസംഘം പ്രവര്‍ത്തകനായി. ഭയചകിതനായ മാനേജ്‌മെന്റിന്റെ തിട്ടൂരങ്ങളെ കൂസാതെ ”ജനകീയ അധ്യാപകന്‍” ജനപക്ഷത്ത് നിന്നു. മലപ്പുറം ജില്ലാ രൂപീകരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്നും ജനസംഘം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തു. അങ്ങിനെ കെ.ആര്‍ ഭാസ്‌ക്കരപ്പിള്ള മാഷ്, മഞ്ചേരി ഭാസ്‌ക്കരപ്പിള്ളയായി ശ്രദ്ധേയനായി.
പ്രത്യക്ഷ രാഷ്ട്രീയമല്ല തന്റെ ജീവിത പാത എന്ന ഈശ്വരനിയോഗം തിരിച്ചറിഞ്ഞ്, പൂട്ടി പോകാന്‍ ഇടയുണ്ടായിരുന്നതും താന്‍ ജോലി ചെയ്തിരുന്നതുമായ വിദ്യാലയം പണം കൊടുത്ത് വാങ്ങി, സേവന ഭാവത്തോടെ ഒരു വിദ്യാഭ്യാസ സ്ഥാപനം എങ്ങിനെ വളര്‍ത്തിയടുക്കാം എന്ന് അദ്ദേഹം കാട്ടിത്തന്നു. സേവാഭാവത്തിലുള്ള ആദ്ധ്യാത്മിക വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ജീവിതകഥയാണ് ഭാസ്‌ക്കരപ്പിള്ളയെ എല്ലാവരുടെയും പിള്ള സാറാക്കിയത്. എല്ലാവരുടേയും മുന്നില്‍ തുറന്നിട്ട വീടും വിദ്യാലയവും ആത്മീയതയുടെ ആവിഷ്‌ക്കാരമായി.
തന്റെ മൂത്ത പുത്രന്‍ അഡ്വ. സുനില്‍ എന്ന വേണുവിലൂടെ പാര്‍ശ്വവല്‍കൃത വനവാസി സമൂഹത്തിന്റെ വിമോചനത്തിനായി ആ കുടുംബവും അക്ഷീണം പ്രവര്‍ത്തിച്ചു. മകന്‍ തന്റെ അല്പജീവിതം വിട്ട് പിരിഞ്ഞത്, പിള്ള സാറെ തളര്‍ത്തുകയല്ല ചെയ്തത്, ആ സമൂഹത്തെ ചേര്‍ത്തു പിടിക്കുന്ന പുത്തന്‍ മാതൃകയാണ് ആയത്. വയനാട്ടിലേയും അട്ടപ്പാടിയിലെയും വനവാസി കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നതില്‍ നിന്നും തുടങ്ങി, നായാടിയായ ചോലനായിക്കനെ തന്റെ വീട്ടില്‍ പുത്രതുല്യം സ്വീകരിച്ച് പഠിപ്പിച്ചതോടെ പിള്ള സാര്‍ ആദ്ധ്യാത്മിക ജീവിതത്തിന്റെ അദ്വൈത ദര്‍ശനം ജീവിച്ചു കാണിക്കയായിരുന്നു. നവോത്ഥാനത്തിന്റെ പുത്തന്‍ അദ്ധ്യായം രചിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പ്രാക്തന ഗോത്ര അംഗമായ മഞ്ചേരി വിനോദ് എന്ന ചോലനായിക്ക ബാലന്‍ കേരളത്തിലെ ആദ്യത്തെ ഡോക്ടറേറ്റ് ബിരുദധാരിയായി പുറത്തു വന്നപ്പോള്‍ മാത്രമാണ് അയ്യങ്കാളിയിലൂടെയും നാരായണ ഗുരുവിലൂടെയും ആരംഭിച്ച വിദ്യാഭ്യാസ നവോത്ഥാനപര്‍വ്വം പൂര്‍ത്തീകരിക്കപ്പെട്ടത്. അത് മഞ്ചേരി ഭാസ്‌ക്കരപ്പിള്ള സാറിന്റെ പരിശ്രമത്താലായിരുന്നു.
കേളപ്പജിയുടെ ക്ഷേത്രപുനരുദ്ധാരണ പ്രവര്‍ത്തനം മലബാറില്‍ പുതുതരംഗം സൃഷ്ടിച്ചപ്പോള്‍, ക്ഷേത്രാവശിഷ്ടങ്ങളുടെ കൂമ്പാരത്തിനടുത്ത് ക്ഷേത്ര നിര്‍മ്മാണത്തെ കുറിച്ച് ഓര്‍ത്ത് നെടുവീര്‍പ്പിട്ടിരുന്ന ഹിന്ദു പുനരുദ്ധാന പ്രവര്‍ത്തകരുടെ എന്നത്തേയും ആശ്രയവും ആവേശവും പിള്ള സാര്‍ ആയിരുന്നു. വിദ്യഭ്യാസരംഗത്തും, ആദ്ധ്യാത്മിക – സാംസ്‌കാരിക രംഗത്തും ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ പിള്ള സാര്‍ പ്രവര്‍ത്തിച്ചു. മന്നത്ത് പത്മനാഭന്റെ വീരതയും, ആഗമാനന്ദസ്വാമികളുടെ തപോനിഷ്ഠയും ജീവിതത്തിലുടനീളം പാലിച്ചു പോന്ന മഞ്ചേരി ഭാസ്‌ക്കരപ്പിള്ളയുടെ ജീവിതം ഹിന്ദു ഗൃഹസ്ഥാശ്രമിയുടെ മകുടോദാഹരണവും ജാതിയുടേയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വിഭജനം വിതക്കുന്ന ശക്തികള്‍ക്കുള്ള ശക്തമായ താക്കീതും കൂടിയാണ്. പാലേമാട് വിവേകാനന്ദ വിദ്യാകേന്ദ്രവും അവിടുത്തെ രാമകൃഷ്ണാശ്രമവും ആ ധന്യ ജീവിതത്തിന്റെ ദീപപ്രഭ ചൊരിഞ്ഞ് പരിലസിക്കട്ടെ! പിള്ള സാറിന്റെ ജീവിത മാതൃക പിന്തുടര്‍ന്ന് ആ ധന്യാത്മാവിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാം.