അതിധന്യമായ വൈശാഖോത്സവത്തിന് തിരിതെളിയിക്കുന്ന ചോതിവിളക്ക് അക്കരകൊട്ടിയൂര്‍ സ്ഥാനത്തെ മണിത്തറയില്‍ തെളിഞ്ഞു കഴിഞ്ഞു. തുടര്‍ന്നുള്ള ദിനരാത്രങ്ങള്‍ മഹാകര്‍മ്മങ്ങളുടെ ഉര്‍വരഭൂമിയാകുന്നു. കൊട്ടിയൂര്‍ നിറഞ്ഞു കവിയുന്ന ബാവലിപ്പുഴയുടെ തീരങ്ങള്‍ ഭക്തമനസ്സുകളില്‍ മഹാദേവചൈതന്യം ചൊരിയുന്നു. നാനാത്വങ്ങളുടെ കളിയാട്ടവേദിയില്‍ ഏകത്വത്തിന്റെ അനശ്വരത ദര്‍ശിക്കപ്പെടുന്നു. കര്‍മ്മകലാപങ്ങളുടെ ഒച്ചപ്പാടുകളില്‍ നിന്ന് സുകൃതകര്‍മ്മങ്ങളിലൂടെ മനുഷ്യമനസ്സിനെ അദ്വൈത ചൈതന്യത്തിന്റെ പരമമായ അനുഭൂതിയിലേക്ക് ആനയിക്കുന്നതിന് ഉപയുക്തമായ ആചാരപദ്ധതിയാണ് കൊട്ടിയൂരിലേത്. നമഃശിവായ മന്ത്രത്തിന്റെ തത്വജ്ഞാന വ്യാഖ്യാനങ്ങളാണ് ഇവിടുത്തെ ഓരോ കര്‍മ്മവും. ഭൗതികദൃഷ്ട്യാ ദര്‍ശിച്ചു പോരുന്ന കൊട്ടിയൂരിലെ മഹാകര്‍മ്മങ്ങളുടെ ആഴവും പരപ്പും വര്‍ണ്ണിക്കാന്‍ ആയിരം നാവുള്ള അനന്തനു പോലും അസാദ്ധ്യമാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കൂടിച്ചേരലിലെ താളാത്മകതയെ ഈശ്വരോന്മുഖമാക്കി അനവദ്യസുന്ദരമായ വഴിത്താരയിലൂടെ പരമാത്മ ചൈതന്യപ്പൊരുളിലേക്ക് ആനയിക്കുന്നു വൈശാഖോത്സവം. ഉത്സവങ്ങളുടെ ഉത്സവമായ വൈശാഖോത്സവം, ഉത്സവങ്ങളുടെ രാജപദവിക്കര്‍ഹമാണ്. എങ്ങനെയെന്നാല്‍, ആര്‍ഭാടങ്ങളുടെ വര്‍ണ്ണപ്പൊലിമ കൊണ്ടോ ആള്‍ബലത്തിന്റെ വൈഭവം കൊണ്ടോ അല്ലാതെ ആചാരപ്പൊലിമയുടെ അന്തരാളങ്ങളിലൂടെ പരമാത്മ തത്വജ്ഞാനത്തിന്റെ ആഴങ്ങളിലേക്ക് മനുഷ്യമനസ്സിനെ സന്നിവേശിപ്പിക്കുന്നു. ഒരു നാടിന്റെ മണ്ണിലേക്ക് ഇത്രയേറെ വേരൂന്നിയ ഒരു സംസ്‌കാരം കൊട്ടിയൂര്‍ പോലെ വേറെയുണ്ടാവില്ല. വിവിധ മനുഷ്യസമുദായങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിതമായിരിക്കുന്ന ഏകചൈതന്യത്തെ, അവര്‍ക്കുപയുക്തമായ തനത് കര്‍മ്മപ്രവാഹങ്ങളിലൂടെ സഞ്ചരിപ്പിച്ച, ബുദ്ധിയിലും മനസ്സിലും ഈശ്വരീയതയെ സന്നിവേശിപ്പിച്ച് പ്രകൃതീശ്വരിയുടെ ചൈതന്യത്തിലൂടെ ഏകത്വത്തിലേക്ക് ആനയിക്കുവാനുള്ള വഴിത്താരകളാവുന്നു കൊട്ടിയൂരേക്കുള്ള ഓരോ വീഥികളും. വൈശാഖോത്സവത്തിലെ വാദ്യത്തിലും വാണിഭത്തിലും വഴിയാത്രയിലും വിശേഷകര്‍മ്മങ്ങളിലും ഈ ധന്യതയുണ്ട്. സകല കര്‍മ്മങ്ങളുടെയും സൂക്ഷ്മകര്‍മ്മങ്ങളാവുന്നു കൊട്ടിയൂര്‍.
‘ഇതിഹാസ പുരാണാത്മം ച വേദം സമുപബൃംഹയേത്’ എന്ന ആപ്തവാക്യം അനുസരിച്ച് ഇതിഹാസപുരാണങ്ങളെ കൊണ്ട് വേദത്തെ നല്ലവണ്ണം മനസ്സിലാക്കുക എന്ന താത്പര്യം. ഭാഗവത മഹാപുരാണത്തിലെ ദക്ഷയാഗം എന്ന കഥ ഉത്തര മലബാറിലെ പ്രട്ടാരഭൂമിയില്‍ വിത്തായി വീണ് മുളച്ച് ആഴത്തില്‍ വേരൂന്നി വളര്‍ന്ന് ഒരു മഹാവൃക്ഷമായി ഭക്തമനസ്സുകള്‍ക്ക് വേദത്തിന്റെ താങ്ങും തണലും അനുഭവവേദ്യമാക്കുന്നു. ദക്ഷയാഗ ഭൂമിയാണ് കൊട്ടിയൂര്‍ എന്ന ഒരു കേട്ടുകേള്‍വിയെ ഒരു നാടിന് ലഭിച്ച അലിഖിതമായ ഒരു വരദാനമായി പരിവര്‍ത്തനം ചെയ്ത്, ആ നാട്ടിലെ നാനാവിധ മനുഷ്യജാതികളെയും നായാടി മുതല്‍ നമ്പൂതിരി വരെ, ഒരേ ലക്ഷ്യത്തിലേക്ക്, അവരുടേതായ ആചാര പദ്ധതികളിലൂടെ സഞ്ചരിപ്പിച്ച് ശൈവതത്വത്തിലേക്ക് എത്തിക്കുന്നു. വ്യത്യസ്ത ജാതികളെ അവരുടെ വഴിത്താരകളിലൂടെ നടക്കാനനുവദിച്ചു കൊണ്ട്, അവരവരുടെ ജാത്യാചാരം ആചരിച്ചുകൊണ്ട് എന്നാല്‍ പെരുമാള്‍തത്വം മുഖ്യമാക്കിക്കൊണ്ട് ഒരേ ലക്ഷ്യത്തിലേക്ക് ആനയിക്കപ്പെട്ടു. തന്മൂലം ഓരോ ജനസമുദായങ്ങളും പെരുമാളെ ഹൃദയത്തിലേറ്റി. നായരും തീയ്യരും പുലയനും കാടനും നമ്പൂതിരിയും വാര്യരും നമ്പീശനും, ആശാരിയും മൂശാരിയും കൊല്ലനും കൊട്ടിയൂരിലെ പെരുമാളുടെ അവിഭാജ്യമായ അംഗങ്ങളായി മാറി. തന്മൂലം ഓരോ സ്ഥാനപ്പേരും നല്‍കപ്പെട്ടു. പൂണൂലില്ലാത്ത തന്ത്രി എന്നറിയപ്പെടുന്ന കുറിച്യസ്ഥാനികന്‍ ഒറ്റപ്പിലാനും ആശാരി ജന്മാശാരിയും കൊല്ലന്‍ പെരുങ്കൊല്ലനും വാര്യര്‍ തേടന്‍ വാര്യരും മാരാര്‍ സ്ഥാനികര്‍ ഓച്ചറും അങ്ങനെ ഓരോ സ്ഥാനപ്പേരും ലഭിച്ചു. ആരും ആരെക്കാളും വലുതല്ല; എന്തെന്നാല്‍ ഇവിടുത്തെ ഓരോ മഹാകര്‍മ്മത്തിനും അനേകം സ്ഥാനികര്‍ ഭാഗഭാക്കാവണം. തന്മൂലം പ്രാട്ടരദേശത്തെ മിക്ക സമുദായങ്ങള്‍ക്കും പെരുമാളും മഹാദേവിയും കുലാരാധനാ മൂര്‍ത്തിയായി ഗണിക്കപ്പെടുകയും ചെയ്തു. തത്ഫലമായി വാര്‍ഷികമായ കൊട്ടിയൂര്‍ വൈശോഖോത്സവത്തിലേക്ക് അരയും തലയും മുറുക്കിയെത്തുകയും ചെയ്യുന്നു. ഇവിടുത്തെ ഉത്സവത്തിലേക്ക് നായര്‍, കുറുപ്പ്, നമ്പ്യാര്‍ മുതലായവര്‍ നറുനെയ്യും തീയര്‍ ഇളനീരും കുലാലര്‍ മണ്‍കലവും ചെട്ടിയാര്‍ വിളക്ക് തിരിയും എന്നിങ്ങനെ തങ്ങളുടെ കുലത്തൊഴിലുമായി ബന്ധപ്പെട്ട വിഭവങ്ങള്‍ ഭക്തിയോടെയും ശ്രദ്ധയോടെയും എത്തിക്കുന്നു. വേദതത്വപ്പൊരുളായ പ്രണവം അഥവാ ഓങ്കാരധ്വനിയുടെ അകമ്പടിയോടെയാണ് കൊട്ടിയൂരേക്ക് എത്തിക്കുക. കൊട്ടിയൂരേക്കുള്ള നാട്ടുവഴികളോരോന്നും ഓങ്കാരത്തിന്റെ മഹിതമഹോന്നതിയില്‍ അലിഞ്ഞ് ഇടവിടാതെ പെയ്യുന്ന മഴയില്‍ കുളിച്ച് ഈശ്വരീയ മഹിമ അനുഭവിക്കുന്നു. വിവിധ ജാതി വൈജാത്യങ്ങള്‍ക്ക് അവരുടേതായ വഴിയിലൂടെ സഞ്ചരിച്ച് ഭഗവാനെ സാത്മീകരിക്കാന്‍ കഴിയുമെങ്കില്‍
‘ഏകം സദ് വിപ്രാ ബഹുധാവദന്തി’
എന്ന ശ്രുതി വചനത്തിന്റെ അനുഭവ സാക്ഷ്യം കൂടിയാണ് കൊട്ടിയൂര്‍. ജാതിപുരാണം പറഞ്ഞ് തമ്മിലടിപ്പിക്കുന്ന വര്‍ത്തമാന രാഷ്ട്രീയ ശരീരങ്ങള്‍ക്ക് ഈശ്വരനെ മുന്‍നിര്‍ത്തിയുള്ള ഈ പൂര്‍വ്വകാല ഭരണസംവിധാനം മാതൃകായാക്കാന്‍ കഴിയാത്തത് എന്തെന്ന് ആഴത്തില്‍ ചിന്തിക്കേണ്ടതാണ്.
പഴയ പ്രാട്ടരദേശത്തെ വിവിധ ഭൂമികളിലേക്ക് വ്യാപിച്ചു കിടക്കുന്ന ഉത്സവമാണ് കൊട്ടിയൂര്‍ വൈശാഖോത്സവം. കാര്‍ഷിക സംസ്‌കൃതിയെ തഴുകി താലോലിക്കുന്നു കൊട്ടിയൂര്‍ സംസ്‌കൃതി. ഇളനീരും നെയ്യും പഞ്ചഗവ്യവും എള്ളെണ്ണയും ഞെട്ടിപ്പനയോലയും മുളന്തണ്ടും ഓലക്കുടകളും കൂമയിലയും കാട്ടുവാഴയും മണ്‍കലങ്ങളും ഓടപ്പൂവുകളും ഒക്കെ കൊട്ടിയൂരിനെ സംബന്ധിച്ച് അവിഭാജ്യ ഘടകങ്ങളാണ്. തന്മൂലം തെങ്ങ് കൃഷിയും പശുവളര്‍ത്തലും കുലാലവൃത്തികളും സംരക്ഷിക്കുന്നതോടൊപ്പം പ്രകൃതിയെയും സംരക്ഷിക്കാന്‍ ഈ ദേശക്കാര്‍ ശ്രദ്ധകൊടുക്കുന്നു. സ്ഥലനാമങ്ങളില്‍ പോലും കൊട്ടിയൂര്‍ പെരുമ നിലനില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്. സതീദേവിയുടെ ദക്ഷയാഗഭൂമിയിലേക്കുള്ള യാത്രാമദ്ധ്യേ കാളയെ കെട്ടിയ ഇടം കേളകവും, ഭര്‍ത്താവില്ലാതെ പോകേണ്ടി വന്നതിനാല്‍ ദുഃഖത്താല്‍ കണ്ണീര്‍ പൊഴിച്ച ഇടം കണ്ണീര്‍ച്ചാലും ആശ്ചര്യഭരിതയായി യാഗഭൂമിയിലേക്ക് എത്തി നോക്കിയ ഇടം നീണ്ടുനോക്കിയായും പരിണമിച്ചു. യാഗത്തിന് തീ കൊണ്ടുപോയ ഇടം യാഗത്തീയൂര് അഥവാ ജാതിയൂര്‍ എന്നും ആയി. ഈശ്വരീതയെ സന്നിവേശിപ്പിച്ച ഒരു സംസ്‌കൃതി ആ ദേശത്തെ മണ്ണിലേക്കും മനസ്സിലേക്കും എത്ര കണ്ട് വേരൂന്നി എന്നത് ആശ്ചര്യം തന്നെ.
വേദവ്യാഖ്യാനങ്ങള്‍ എന്ന് മുന്‍സൂചിപ്പിച്ച കര്‍മ്മങ്ങള്‍ കടല്‍പോലെ വ്യാപിച്ചു കിടക്കുന്നു. പ്രക്കൂഴം, നീരെഴുന്നള്ളത്ത്, വാവലിക്കെട്ട്, നെയ്യാട്ടം, ഇളനീരാട്ടം, വാളെഴുന്നള്ളത്ത്, ഭണ്ഡാരം എഴുന്നള്ളത്ത്, നാല് ആരാധനകള്‍, നാല് ചതുഃശ്ശതങ്ങള്‍, മഹത്തായ ആലിംഗന പുഷ്പാഞ്ജലി, വാളാട്ടം, തൃക്കൂര്‍ അരിയളവ്, വുടി, തൃക്കലശ്ശാട്ട് തുടങ്ങി അനന്തമായി വ്യാപിച്ചു കിടക്കുന്നു. ആയിരം കുടം അഭിഷേകം, സ്വര്‍ണ്ണക്കുടം, വെള്ളിക്കുടം ഇവയൊക്കെ അതിവിശേഷമാണ്. മഹാദേവചൈതന്യവും മഹാദേവീ ചൈതന്യവും മുഖ്യമാണെങ്കിലും ഹരിഗോവിന്ദാ വിളികളാണ് കൊട്ടിയൂരില്‍ മുഴങ്ങിക്കേള്‍ക്കുക എന്നത് അതീവ ഹൃദ്യമാണ്. സതിദേവിക്കുണ്ടായ അപമാനഭാരത്താല്‍ കോപപരവശനായ മഹാദേവനെ തണുപ്പിക്കാന്‍ മഹാവിഷ്ണു സ്‌നേഹാലിംഗനം ചെയ്തപ്പോള്‍ ദേവകളും മുനിമാരും ഹരിഗോവിന്ദാ എന്ന മന്ത്രം ജപിച്ചത്രേ. ആ സങ്കല്പത്തിലാണ് കൊട്ടിയൂരില്‍ ഇന്നും ഹരിഗോവിന്ദ മന്ത്രമുഖരിതമാകുന്നത്.
പ്രകൃതിസ്വരൂപിണി മഹാദേവി ചൈതന്യമായി ഇവിടെ പെയ്തിറങ്ങുന്നു. പാലുകാച്ചിമലകളുടെ വര്‍ണ്ണഭംഗിക്ക് കീഴെ പെയ്‌തൊഴിയാത്ത പെരുമഴ, ഇലത്താളുകളില്‍ അടര്‍ന്നു വീഴുമ്പോള്‍ ശിവപഞ്ചാക്ഷരീമന്ത്രമുതിര്‍ക്കുന്നു. ഇങ്ങനെ വാക്കുകള്‍ക്ക് വര്‍ണ്ണനാതീതമായ കൊട്ടിയൂര്‍പ്പെരുമ അനുഭവിച്ചറിയാനെ കഴിയൂ. അനുഭൂതിയെ വാക്കാല്‍ വിവരിക്കാന്‍ ഉതകുന്നില്ല. വൈവിധ്യങ്ങളുടെ വൈശാഖോത്സവം ഏകതത്വത്തിലേക്ക് സമന്വയിക്കപ്പെടുന്നതായി കൊട്ടിയൂരില്‍ നമുക്ക് ദര്‍ശിക്കാം. ഈശ്വരീയതയെ മുന്‍നിര്‍ത്തിയ ഭരണസംവിധാനം പ്രജാക്ഷേമത്തില്‍ എത്ര കണ്ട് പുരോഗമനാത്മകമാണ് എന്ന് കൊട്ടിയൂര്‍ വിളിച്ചോതുന്നു. പുല്ലുമാടം തൊട്ട് പൂമണിമേട വരെ വൈശാഖോത്സവ ധ്വനികളുണ്ടാക്കുന്ന പരിണാമത്തിന്റെ വ്യാപ്തി എത്ര സുന്ദരമാണ്. പെരുമാളെയും മഹാദേവിയെയും വണങ്ങി ഓടപ്പൂവുമായി തിരികെ വരുമ്പോള്‍ അടുത്ത വര്‍ഷം വീണ്ടും വരാനുള്ള ഓര്‍മ്മപ്പെടുത്തലായി അവശേഷിക്കുന്നു ഓടപ്പൂവുകള്‍.