- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- ശ്രവണസഹായി എന്ന നോക്കുകുത്തി (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 7)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
പോളിടെക്‌നിക്കില്‍ എല്ലാം പഴയതുപോലെ ആയിരുന്നു. ഒരു മാസത്തോളം നീണ്ട എന്റെ അസാന്നിധ്യം ആരാലും ശ്രദ്ധിക്കപ്പെട്ടില്ല. ആരാലും ചര്‍ച്ച ചെയ്യപ്പെട്ടുമില്ല. ഞാന്‍ അവര്‍ക്ക്ആരുമല്ലെന്ന് ഒരിക്കല്‍കൂടി എനിക്ക് ഉറപ്പായി.
രവി മാത്രം അന്വേഷിച്ചു. ”കുറച്ചു ദിവസം നീ ഉണ്ടായിരുന്നില്ലല്ലോ. എവിടെ പോയി?”
”സുഖമില്ലായിരുന്നു. വൈറല്‍ ഫീവര്‍.”
ഞാന്‍ ഒഴിഞ്ഞുമാറി. കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. വില്‍സന്‍ ഉപദേശിച്ചത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം. ഭൂതകാലത്തെ കുഴിച്ചുമൂടുക. തിരുവനന്തപുരം സന്ദര്‍ശനത്തെപ്പറ്റി ഓര്‍ക്കരുത്. പാസ്റ്റ് ഈസ് പാസ്റ്റ്.
ഉച്ചയ്ക്കു വിധുടീച്ചര്‍ ആളയച്ചു ലാബിലേക്കു വിളിപ്പിച്ചു. ”എന്തുണ്ടായി സുനില്‍. ആര്‍ യു ഓക്കെ?”
ഞാന്‍ മറുപടി പറഞ്ഞില്ല. തലകുനിച്ചു നിന്നു. മറക്കാന്‍ ശ്രമിക്കുന്തോറും തിരുവനന്തപുരം കൂടുതല്‍ തെളിഞ്ഞു വരികയാണ്.
ക്ലാസ്മുറിയില്‍ ടീച്ചേഴ്‌സിന്റെ ലക്ചറുകള്‍ക്ക് ഞാന്‍ ശ്രവണസഹായി വീണ്ടും ധരിച്ചു. അവ പ്രവര്‍ത്തനക്ഷമമായിരുന്നെങ്കിലും അവയിലൂടെ കേള്‍ക്കുന്ന ശബ്ദങ്ങള്‍ എനിക്കു മനസ്സിലാക്കാനായില്ല. ശ്രവണസഹായിയും എന്റെ ശ്രവണവ്യൂഹവും തമ്മില്‍ എവിടെയോ കലഹിച്ചു. അവ ഒരിക്കലും പൊരുത്തപ്പെട്ടില്ല. അതിനുമുമ്പുള്ള മാസങ്ങളും അങ്ങനെ തന്നെയായിരുനു. ശ്രവണസഹായി അതു കേള്‍ക്കുന്ന ശബ്ദങ്ങള്‍ (ഈ ശബ്ദങ്ങള്‍ ശ്രവണസഹായി ഇല്ലാതെ തന്നെ എനിക്ക് കേള്‍ക്കാം) ചെവിയിലേക്കു കൂടുതല്‍ ഉച്ചത്തില്‍ പ്രതിവചിച്ചു. തലച്ചോറിന് ഈ ശബ്ദങ്ങള്‍ വേര്‍തിരിച്ചെടുക്കാനായില്ല. തലച്ചോര്‍ ഒരു ചോദ്യചിഹ്നമായി നിലകൊണ്ടു. മൃദുവായി സംസാരിച്ച് ക്ലാസെടുക്കാറുള്ള ടീച്ചേഴ്‌സിന്റെ സംഭാഷണം ശ്രവണസഹായി പിടിച്ചെടുത്തില്ല. അതേസമയം റോഡിലൂടെ അനുസ്യൂതമായി പോകുന്ന വാഹനങ്ങളുടെ ശബ്ദങ്ങള്‍ ഉച്ചത്തില്‍ എന്നിലേക്കു കടത്തിവിട്ടു. അങ്ങനെ ശ്രവണസഹായിയും എന്നില്‍ ചോദ്യചിഹ്നമായി. കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനിലെ ഇരുമ്പുപാളത്തില്‍, ആ ചോദ്യചിഹ്നം ഞാന്‍ ചെവിയില്‍നിന്ന് ഊരിവച്ച് തിരിഞ്ഞു നടന്നു. എനിക്കു പിന്നില്‍ തീവണ്ടി കൂകിപ്പാഞ്ഞു. കണ്‍കോണില്‍ ഒരിറ്റു ജലം ഉരുണ്ടുകൂടി. ചോദ്യചിഹ്നത്തില്‍നിന്നു ഞാന്‍ അങ്ങനെ മോചനം നേടി. പക്ഷേ പലരുടേയും സ്‌നേഹപൂര്‍ണമായ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി പിന്നീടും, പലപ്പോഴായി ശ്രവണസഹായികള്‍ ധരിക്കേണ്ടിവന്നു. അപ്പോഴെല്ലാം ചോദ്യചിഹ്നങ്ങള്‍ എന്നില്‍ പുനഃസ്ഥാപിക്കപ്പെട്ടു.
ടീച്ചറില്ലാത്ത ക്ലാസ് മുറികള്‍ എന്റെ മൗനത്തെ പുഷ്ടിപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ വരാന്തയും ഏകാന്തത വളര്‍ത്തി. ടീച്ചേഴ്‌സും വിദ്യാര്‍ത്ഥികളും എത്തിയിട്ടില്ലാത്ത പ്രഭാതങ്ങളില്‍, പോര്‍ട്ടിക്കോവിലെ ചില്ലുവാതിലിനു താഴെയിരുന്ന് രവി മാത്രം എന്നോടു സംസാരിച്ചു.
”അര്‍ത്ഥശൂന്യമായ വാക്കുകളേക്കാള്‍ നല്ലത് സംസാരിക്കാതിരിക്കുന്നതാണ്.”
വാക്കുകളുടെ ധര്‍മ്മം, വാക്കുകള്‍ കേള്‍ക്കുന്ന വ്യക്തിയില്‍ ഉളവാക്കേണ്ടത്, പരിമിതമാണെങ്കില്‍ രവി പറഞ്ഞതു ശരിയാണ്. എങ്കിലും സത്യം അതല്ലല്ലോ. മറ്റുള്ളവരുമായുള്ള ഇടപഴകലും, സംസാരവുമാണ് ഓരോ വ്യക്തിയുടെയും മാനസികനിലയെ നോര്‍മലായി നിലനിര്‍ത്തുന്നത്. പ്രസക്തമായ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നത് മനസ്സില്‍ സമ്മര്‍ദ്ദം കൂട്ടും. സംശയമില്ല. അവ നമ്മുടെ ‘അറിയുക’ എന്ന ചോദനയെ തൃപ്തിപ്പെടുത്തിയേക്കാമെങ്കിലും മനസ്സിനെ ലാഘവമാക്കുന്നതില്‍ പരാജയമാണ്. പ്രസക്തമല്ലാത്ത കൊച്ചുവര്‍ത്തമാനങ്ങള്‍ക്കും കളിചിരി സംഭാഷണങ്ങള്‍ക്കും നമ്മിലുള്ള സ്വാധീനത്തെ അവഗണിക്കുക വയ്യ. നമ്മള്‍ എകനല്ല, സുഹൃത്തുക്കള്‍ക്കിടയിലാണ് എന്ന ബോധമുളവാക്കുന്നത് അത്തരം സംഭാഷണങ്ങളാണ്. കാര്യമാത്ര പ്രസക്തമായ ‘ഉച്ചാരണങ്ങള്‍’, ഇത്തരത്തില്‍ നോക്കിയാല്‍, മനസ്സിന് ആഘാതമാണ്.
പോളിടെക്‌നിക്കിലെ അവസാനകാലം രസകരമായിരുന്നു. അന്നുവരെ അകന്നു നിന്ന സഹപാഠികളില്‍ ചിലര്‍, തോളില്‍ കയ്യിട്ടു നടക്കാന്‍ ഉത്സാഹം കാട്ടി. ഉച്ചസമയത്തു പോര്‍ട്ടിക്കോയിലിരുന്നു ഗോവിന്ദാ… ഗോവിന്ദാ… പാടുന്ന സംഘത്തില്‍ ഞാനും അംഗമായി. വോളിബോള്‍ കോര്‍ട്ടില്‍ ലിഫ്റ്റ് പൊസിഷന്‍ എന്നും എനിക്കായി ഒഴിഞ്ഞു കിടന്നു., അങ്ങനെ കുറച്ചധികം മാറ്റങ്ങള്‍. എന്നെ സംബന്ധിച്ചു പോളിടെക്‌നിക് ജീവിതം ആരംഭിച്ച്, ആസ്വദിച്ചു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. പക്ഷേ മറ്റുള്ളവര്‍ക്ക് അതു അവസാനിച്ചു കഴിഞ്ഞിരുന്നു. എനിക്കായി ആരും കാത്തുനിന്നില്ല. അതിനു വയ്യല്ലോ.
മൂന്നാം ടേമിലെ അവസാന പരീക്ഷയെഴുതി ഓരോരുത്തരായി കലാലയത്തിന്റെ പടിയിറങ്ങി. അവസാനം പോര്‍ട്ടിക്കോയിലെ ചില്ലുവാതിലിനു താഴെനിന്നു ‘പ്രയാസപ്പെട്ട്’ എഴുന്നേറ്റ്, രവിയും മുഖം തുടച്ചു. ഒരുമിച്ച് ബസ്‌റ്റോപ്പിലേക്കു നടക്കുമ്പോള്‍ രവി എന്നോടു ചോദിച്ചു.
‘ആര്‍ യു സാറ്റിസ്‌ഫൈഡ്?’
ആ ചോദ്യം അനാവശ്യമായിരുന്നു. മറുപടിയും. ഞാന്‍ ഒന്നും മിണ്ടിയില്ല.
***************
തിരുവനന്തപുരത്ത് എനിക്കു രണ്ടു എപ്പിസോഡുകള്‍ അവതരിപ്പിക്കാനുണ്ടായിരുന്നു. ഹോളിസ്റ്റിക് ചികിത്സ ഒന്നാംഘട്ടത്തില്‍ നിറഞ്ഞാടി. ഞാന്‍ അന്ന് ഏകനായിരുന്നു. നഗരത്തില്‍ അലയുമ്പോള്‍ ചുറ്റും കാണുന്നവയെക്കുറിച്ചു പറഞ്ഞു രസിക്കാനും മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചു പറഞ്ഞു സങ്കടപ്പെടാനും ആരും കൂട്ടില്ലായിരുന്നു. അതിനാല്‍ തന്നെ രണ്ടാം എപ്പിസോഡില്‍ അഭിനയിക്കാന്‍, വീണ്ടുമൊരിക്കല്‍ കൂടി തിരുവനന്തപുരത്തു എത്തേണ്ടി വരുമെന്നു മനസ്സിലായപ്പോള്‍ മനസ്സ് ചെറുത്തുനിന്നു. ഒരുവര്‍ഷം നീണ്ട കെല്‍ട്രോണിലെ അപ്രന്റീസ് ഷിപ്പ് ട്രെയിനിങ്ങ്. ഈ രണ്ടാംഘട്ടത്തെ അതിജീവിക്കാന്‍ എനിക്കു പക്ഷേ കൂട്ടുണ്ടായിരുന്നു. രാജു ആ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.
E-mail: [email protected]