- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- സൂര്യ സെന്‍, പ്രീതിലത വദ്ദേദാര്‍, വീണാ ദാസ് (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 28)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
ബ്രിട്ടീഷുകാരില്‍ നിന്നു സ്വാതന്ത്ര്യം നേടാനുള്ള ഭാരതത്തിന്റെ ദീര്‍ഘകാലത്തെ പരിശ്രമത്തില്‍ രാജ്യത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള ജനങ്ങളും പങ്കെടുത്തിരുന്നു. വിവിധ നാട്ടുരാജ്യങ്ങളായി ഭരണ നിര്‍വ്വഹണം നടന്ന സമയത്തും ഭാരതം നമ്മുടെ മാതൃഭൂമിയാണെന്ന കാഴ്ചപ്പാട് ജനങ്ങള്‍ സ്വാംശീകരിച്ചിരുന്നു. അനേകായിരം വര്‍ഷത്തെ അവിച്ഛിന്നമായ പാരമ്പര്യവും സംസ്‌കാരവുമാണ് അടിമത്ത കാലഘട്ടത്തിലും ജനങ്ങളുടെ മനസ്സില്‍ ഭാരതത്തെ മാതൃഭൂമിയായി കാണുന്ന കാഴ്ചപ്പാട് നിലനിര്‍ത്തിയിരുന്നത്. ഉറങ്ങിക്കിടന്ന ഈ സ്വത്വബോധത്തെ ഉണര്‍ത്തുകയാണ് മിക്ക സ്വാതന്ത്ര്യ സമരനായകരും ചെയ്തത്.
ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ വടക്കു കിഴക്കന്‍ മേഖലയിലും സ്വാതന്ത്ര്യസമരം ശക്തമായി നടന്നിരുന്നു. വിപ്ലവപ്രസ്ഥാനവും ഇതിന് ഒരപവാദമായിരുന്നില്ല. ഇന്നത്തെ ബംഗ്ലാദേശ് കൂടി ഉള്‍പ്പെടുന്ന ഈ മേഖലയില്‍ നിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ ഒട്ടനവധി വിപ്ലവകാരികള്‍ മുന്നോട്ടു വന്നു. അവരില്‍ പ്രഥമ ഗണനീയനാണ് ചിറ്റഗോങ്ങ് കലാപത്തിനു നേതൃത്വം നല്‍കിയതിന് ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്ന സൂര്യ സെന്‍.
1894 മാര്‍ച്ച് 21 ന് ചിറ്റഗോങ്ങിലെ റൗസാനിലെ നോപാര ഗ്രാമത്തില്‍ രാജ് മോണി സെന്നിന്റെയും ഷില ബാല ദേവിയുടെയും മകനായി സൂര്യ സെന്‍ ജനിച്ചു. അദ്ദേഹത്തിന്റെ മുഴുവന്‍ പേര് ഷൂര്‍ജ കുമാര്‍ സെന്‍ എന്നായിരുന്നു.
1916 -ല്‍ ഹറംപൂര്‍ കോളേജില്‍ ബി.എ. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ദേശീയ ആശയങ്ങളോട് സൂര്യ സെന്നിന് താല്പര്യം തോന്നിയത്. പിന്നീട് അദ്ദേഹം അനുശീലന്‍ സമിതി എന്ന വിപ്ലവ സംഘടനയില്‍ ചേരുകയായിരുന്നു. അദ്ദേഹത്തിന്റെ മഹത്തായ പ്രവര്‍ത്തനവും നേതൃത്വഗുണവും കാരണം ചിറ്റഗോങ്ങില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോളേജിലെ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും സെന്നിനെ സ്‌നേഹപൂര്‍വ്വം ‘മാസ്റ്റര്‍ ദാ…’ എന്ന് വിളിച്ചു. 1926 മുതല്‍ 1928 വരെ രണ്ട് വര്‍ഷം ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സെന്‍ ജയിലിലടക്കപ്പെട്ടു.
ജയില്‍ മോചിതനായ ശേഷം, 1930 ഏപ്രില്‍ 18 -ന് ചിറ്റഗോങ്ങ് ആയുധശാലയില്‍ നിന്ന് പൊലീസിന്റെയും സഹായസേനയുടെയും ആയുധശേഖരം ഒരുകൂട്ടം വിപ്ലവകാരികളുമായി ചേര്‍ന്ന് സെന്‍ കൊള്ളയടിച്ചു. എല്ലാ കോണുകളില്‍ നിന്നും ബ്രിട്ടീഷുകാരെ അക്രമിക്കാന്‍ കഴിയുന്ന വിപ്ലവ സൈന്യത്തിന് അടിത്തറ പാകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആയുധശാലയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതിനും നഗരത്തിലെ ആശയവിനിമയ സംവിധാനം നശിപ്പിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. അതുവഴി ചിറ്റഗോങ്ങിനെ ബ്രിട്ടീഷ് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ അദ്ദേഹം ലക്ഷ്യമിട്ടു. സംഘത്തിന് ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ കഴിഞ്ഞെങ്കിലും, വെടിമരുന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല!
ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ആര്‍മി ചിറ്റഗോങ്ങ് ബ്രാഞ്ചിന്റെ പേരില്‍ നടത്തിയ ആ കൊള്ളയില്‍ അറുപത്തിയഞ്ച് വിപ്ലവകാരികള്‍ പങ്കെടുത്തു. ബ്രിട്ടീഷുകാരുടെ ആയുധങ്ങള്‍ കൈക്കലാക്കിയ വിപ്ലവകാരികള്‍ ആയുധശാലയ്ക്ക് പുറത്ത് തടിച്ചുകൂടി. അവിടെ വെളുത്ത ഖാദി ധോത്തിയും നീളന്‍ കോട്ടും ഗാന്ധി തൊപ്പിയും ധരിച്ച സൂര്യ സെന്‍ കെട്ടിടത്തിന് വെളിയില്‍ ദേശീയ പതാക ഉയര്‍ത്തി. വിപ്ലവകാരികള്‍ ‘വന്ദേമാതരം’ മുഴക്കി അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.
വെടിമരുന്ന് ഇല്ലാതെ, ബ്രിട്ടീഷുകാരുമായി ഒരു തുറന്ന യുദ്ധത്തില്‍ ഏര്‍പ്പെടുന്നത് ബുദ്ധിയല്ല എന്നവര്‍ക്ക് തോന്നി. ഏപ്രില്‍ 22 -ന് ആയിരക്കണക്കിന് ബ്രിട്ടീഷ് സൈനികര്‍ ജലാലാബാദ് കുന്നില്‍ വച്ച് അവരെ വളഞ്ഞു. തുടര്‍ന്നു നടന്ന യുദ്ധത്തില്‍ 12 വിപ്ലവകാരികളും 80 ബ്രിട്ടീഷ് ആര്‍മി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. തോല്‍ക്കുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന്, സെന്നും കൂട്ടരും അയല്‍ഗ്രാമങ്ങളിലേക്ക് രക്ഷപ്പെട്ടു. അവിടെ അവര്‍ ചെറിയ ഗ്രൂപ്പുകളായി ഗറില്ലാ യുദ്ധരീതിയില്‍ ബ്രിട്ടീഷുകാരെ നേരിട്ടു. റെയ്ഡുകള്‍ നടത്തുകയും കൊളോണിയല്‍ ഉദ്യോഗസ്ഥരെ കൊല്ലുകയും അവരുടെ സ്വത്ത് നശിപ്പിക്കുകയും ചെയ്തു.
എന്നാല്‍, ഒടുവില്‍ സെന്നിന്റെ കൂട്ടാളിയായ നേത്ര അദ്ദേഹത്തെ ഒറ്റിക്കൊടുത്തു. തന്റെ വീട്ടില്‍ സെന്‍ ഒളിച്ചിരിക്കുകയാണെന്ന് നേത്ര ബ്രിട്ടീഷുകാരെ അറിയിച്ചു. അങ്ങനെ 1933 ഫെബ്രുവരി 16 -ന് അവര്‍ സെന്നിനെ അറസ്റ്റ് ചെയ്തു. ഒറ്റിക്കൊടുത്തതിന് നേത്രയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പക്ഷേ അത് വാങ്ങുന്നതിന് മുമ്പ് സൂര്യ സെന്നിന്റെ കൂട്ടത്തിലെ ഒരു വിപ്ലവകാരി നേത്രയെ വധിച്ചു. സൂര്യ സെന്നിനെ പിന്തുണച്ചിരുന്ന നേത്രയുടെ ഭാര്യ ഒരിക്കലും ഭര്‍ത്താവിനെ കൊന്നതാരാണെന്ന് വെളിപ്പെടുത്തിയില്ല.
പിന്നീടങ്ങോട്ട് ഒരു മനുഷ്യനും സഹിക്കാന്‍ കഴിയാത്ത കൊടുംപീഡനങ്ങളാണ് അദ്ദേഹത്തിന് ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്ന് അനുഭവിക്കേണ്ടി വന്നത്. 1934 ജനുവരി 12 ന് തൂക്കിലേറ്റുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് വരെ, കണ്ണില്‍ച്ചോരയില്ലാതെ ബ്രിട്ടീഷുകാര്‍ സെന്നിനെ ക്രൂരമായി പീഡിപ്പിച്ചു. അവര്‍ അദ്ദേഹത്തിന്റെ അസ്ഥികള്‍ ഒന്നൊന്നായി ഒടിച്ചു. താടിയെല്ലുകള്‍ അടിച്ചു തകര്‍ത്തു. പല്ലും നഖവും പിഴുതെടുത്തു. ഒടുവില്‍ അദ്ദേഹത്തിന്റെ സന്ധികളും തകര്‍ത്തു. നടക്കാനോ സംസാരിക്കാനോ കഴിയാത്ത ഒരു ജീവച്ഛവമായി അദ്ദേഹം മാറി. അപ്പോള്‍ മാത്രമാണ് അവര്‍ അദ്ദേഹത്തെ കൊണ്ടുപോയി തൂക്കിലേറ്റിയത്. അവര്‍ അദ്ദേഹത്തോട് കാണിച്ച ഏക ദയയും അതായിരുന്നു.
എന്നാല്‍, ഇത്രയൊക്കെ ചെയ്തിട്ടും അദ്ദേഹത്തിന്റെ രാജ്യസ്‌നേഹത്തെയും, ആവേശത്തെയും കെടുത്താന്‍ അവര്‍ക്കായില്ല. ”മരണം എന്റെ വാതില്‍ക്കല്‍ മുട്ടുന്നു. എന്റെ മനസ്സ് നിത്യതയിലേക്ക് പറക്കുകയാണ്. അത്ര സുഖകരമായ, ഗംഭീരമായ നിമിഷത്തില്‍, എന്റെ കല്ലറയില്‍ ഞാന്‍ നിങ്ങള്‍ക്കായി എന്താണ് ഉപേക്ഷിക്കുക? ഒരേയൊരു കാര്യം, അതാണ് എന്റെ സ്വപ്‌നം, ഒരു സുവര്‍ണ്ണ സ്വപ്‌നം – സ്വതന്ത്ര ഭാരതത്തിനായുള്ള സ്വപ്‌നം . ചിറ്റഗോംഗിലെ കലാപത്തിന്റെ ദിവസമായ 1930 ഏപ്രില്‍ 18 ഒരിക്കലും മറക്കരുത്. ഭാരതത്തിന്റെ സ്വാതന്ത്ര്യ ബലിപീഠത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ദേശസ്‌നേഹികളുടെ പേരുകള്‍ നിങ്ങളുടെ ഹൃദയത്തില്‍ ചുവന്ന അക്ഷരങ്ങളില്‍ എഴുതുക.’ വധശിക്ഷയ്ക്ക് മുമ്പ് വിപ്ലവകാരികള്‍ക്ക് സെന്‍ എഴുതി അയച്ച കത്തിലെ വാചകങ്ങളാണ് ഇവ.
1934 ജനുവരി 12 ന് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ തൂക്കിലേറ്റി. സ്വജീവിതം ഭാരതമാതാവിന്റെ മോചനത്തിനായി അര്‍പ്പണം നടത്തിയ സൂര്യ സെന്നിന്റെ ഓര്‍മ്മകള്‍ വടക്കു കിഴക്കന്‍ ഭാരതത്തില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു.
വിപ്ലവ രംഗത്തെ ഝാന്‍സി റാണിമാര്‍
പ്രീതിലത വദ്ദേദാര്‍
ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ച വിപ്ലവകാരികളില്‍ വനിതകളും ഉണ്ടായിരുന്നു എന്ന കാര്യം പലര്‍ക്കും അറിവില്ലാത്തതാണ്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയയായ ഒരു വ്യക്തിയായിരുന്നു ബംഗാളിലെ വിപ്ലവകാരിയായ പ്രീതി ലത വദ്ദേദാര്‍.
1911 മെയ് 5 ന് ചിറ്റഗോങ്ങിലെ ധോലാഘട്ട് ഗ്രാമത്തിലാണ് പ്രീതിലത ജനിച്ചത്. 1927-ല്‍ ഡോ. ഖസ്‌തോഗിര്‍ ഗേള്‍സ് കോളേജില്‍ നിന്ന് ഒന്നാം ഡിവിഷനില്‍ എസ്എസ്സി നേടി. തുടര്‍ന്ന് എച്ച്എസ്സി പഠനത്തിനായി ധാക്കയിലേക്ക് മാറി. ഈഡന്‍ കോളേജില്‍ ചേര്‍ന്നു. ഈഡന്‍ ഗേള്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന പ്രീതിലത ധാക്ക ആസ്ഥാനമായുള്ള ദീപാലി സംഘത്തില്‍ ചേര്‍ന്നു. 1929-ല്‍ എച്ച്എസ്സി പരീക്ഷയില്‍ വിദ്യാര്‍ത്ഥിനികളില്‍ ഒന്നാമതെത്തി.
ഉപരിപഠനത്തിനായി കൊല്‍ക്കത്തയിലെ പ്രധാനപ്പെട്ട ബെഥൂണ്‍ കോളേജില്‍ ചേരുന്നതില്‍ പ്രീതിലത വിജയിച്ചു. ചിറ്റഗോങ്ങ് ആസ്ഥാനമായുള്ള വിപ്ലവകാരികളെ പിന്തുണയ്ക്കുന്നതിനായി പ്രീതിലത പണം സ്വരൂപിക്കുകയും കോളേജ് വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു റീഡര്‍ ഫോറം സംഘടിപ്പിക്കുകയും ചെയ്തു. വിപ്ലവകാരികളുടെ നിര്‍ദ്ദേശപ്രകാരം പ്രീതിലത കൊല്‍ക്കത്തയിലെ രഹസ്യ ഫാക്ടറികളില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ വാങ്ങി ചിറ്റഗോങ്ങിലേക്ക് കൊണ്ടുപോയി. ബെഥൂണ്‍ കോളേജിലെ സഹപ്രവര്‍ത്തകരായ കല്‍പന ദത്ത, സരോജിനി പാല്‍, കുമുദിനി രഖിത്, രേണുക റേ, കമലാ മുഖര്‍ജി എന്നിവര്‍ പ്രീതിലതയെ ഈ ദൗത്യത്തില്‍ സഹായിച്ചു. രഹസ്യ വിപ്ലവ സംഘടനയായ ജുഗന്തറിലെ അംഗമായിരുന്നു പ്രീതിലത.
1930 ഏപ്രില്‍ 22-ന് ജലാലാബാദ് മലയോര യുദ്ധത്തില്‍ അര്‍ധേന്ദു ദസ്തിദാറിന്റെ മരണം പ്രീതിലതയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതികാരാഗ്നി വര്‍ദ്ധിപ്പിച്ചു. 1932 ജൂണ്‍ 13-ന് ധോലാഘട്ടിലെ സാബിത്രി ദേബിയുടെ വസതിയില്‍ വെച്ച് പ്രശസ്ത വിപ്ലവകാരിയായ സൂര്യ സെന്നിനെ പ്രീതിലത രഹസ്യമായി കണ്ടു. സായുധ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് തുല്യ പങ്കാളിത്തം നല്‍കണമെന്ന് യോഗത്തില്‍ പ്രീതിലത നിര്‍ദ്ദേശിച്ചു. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി മുമ്പ് നിരവധി യുവാക്കള്‍ തങ്ങളുടെ ജീവന്‍ നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ പെണ്‍കുട്ടികളും അതേ പാത സ്വീകരിക്കേണ്ട സമയമാണിതെന്നും അവര്‍ വാദിച്ചു.
ചിറ്റഗോങ്ങിലെ യൂറോപ്യന്‍ ക്ലബ്ബിനെ ആക്രമിക്കുന്നതിനുള്ള ചുമതല ആദ്യം ശൈലേശ്വര്‍ ചക്രവര്‍ത്തിയെ ഏല്‍പ്പിച്ചു. അത് വ്യത്യസ്ത കാരണങ്ങളാല്‍ രണ്ടുതവണ പരാജയപ്പെട്ടു. 1932 സപ്തംബറില്‍ സൂര്യ സെന്‍ തെക്കന്‍ കട്ടാലി ഗ്രാമത്തിലെത്തി യൂറോപ്യന്‍ ക്ലബ്ബിനെ ആക്രമിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. 1932 സപ്തംബര്‍ 23 ന് യൂറോപ്യന്‍ ക്ലബ്ബിന് നേരെയുള്ള ആക്രമണത്തിന് നേതൃത്വം നല്‍കാന്‍ പ്രീതിലത നിയോഗിക്കപ്പെട്ടു.
സപ്തംബര്‍ 23-ന് പ്രീതിലതയും സംഘവും യൂറോപ്യന്‍ ക്ലബിലെത്തി, ക്ലബ്ബിനടുത്തുള്ള കുറ്റിക്കാട്ടില്‍ സ്ഥാനം പിടിച്ചു. ബ്രിട്ടീഷുകാരുടെ ആയുധപ്പുരയില്‍ നിന്ന് കൊള്ളയടിച്ച റൈഫിളുകളും അരയില്‍ പിസ്റ്റളുകളും മാരകായുധങ്ങളും ഹാര്‍സാക്കുകളില്‍ ബോംബുകളും അവര്‍ വഹിച്ചിരുന്നു. പ്രീതിലതയുടെ ടീം ആക്രമണത്തിന് തയ്യാറെടുക്കുമ്പോള്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഓഫീസര്‍മാര്‍ ക്ലബ്ബിനുള്ളില്‍ യാതൊന്നുമറിയാതെ സമയം ചെലവഴിക്കുകയായിരുന്നു. ക്ലബ്ബിന്റെ ഗേറ്റ് സായുധരായ കാവല്‍ക്കാര്‍ സംരക്ഷിച്ചു. ക്ലബ് കിച്ചണിലെ ഷെഫില്‍ നിന്ന് മോഴ്സ് കോഡ് ചെയ്ത സിഗ്‌നല്‍ ലഭിച്ചപ്പോള്‍ പ്രീതിലത ഗേറ്റിലെ സായുധരായ ഗാര്‍ഡുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ‘ചാര്‍ജ്ജ്’ എന്ന് ഒച്ച വെക്കുകയും ചെയ്തു. അവളുടെ സഹപ്രവര്‍ത്തകര്‍ അവളോടൊപ്പം ചേര്‍ന്ന് ക്ലബ്ബില്‍ വെടിവെപ്പ് തുടര്‍ന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയ പ്രീതിലത ഗേറ്റിലെത്തിയ ഉടന്‍ പ്രധാന ഗേറ്റിലൂടെ ബോംബ് എറിഞ്ഞു. പെട്ടെന്നുള്ള സായുധ ആക്രമണത്തില്‍ ബ്രിട്ടീഷുകാര്‍ അന്ധാളിച്ചു.
എന്നാല്‍ വെടിയൊച്ചയും മറ്റും കേട്ടതിനെ തുടര്‍ന്ന് സമീപത്തെ കന്റോണ്‍മെന്റില്‍ നിന്നുള്ള ബ്രിട്ടീഷ് സേന പ്രീതിലതയേയും സംഘത്തേയും നേരിടാനെത്തി. ഇത് മനസ്സിലാക്കിയ പ്രീതിലത തന്റെ സഹപ്രവര്‍ത്തകരോട് പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടു. അവരുടെ കല്‍പ്പന അനുസരിച്ചു സഹപ്രവത്തകര്‍ പിന്‍വാങ്ങി. തന്റെ സഹപ്രവര്‍ത്തകരെ സുരക്ഷിതമാക്കിയ ശേഷം പിന്‍വാങ്ങാന്‍ ഒരുങ്ങിയ പ്രീതിലതക്ക് നേരെ ഗട്ടറില്‍ ഒളിച്ചിരുന്ന ഒരു ബ്രിട്ടീഷുകാരന്‍ വെടിയുതിര്‍ത്തു. വെടിയുണ്ട പ്രീതിലതയുടെ കൈയില്‍ പതിക്കുകയും അവര്‍ ചോരയൊഴുകി റോഡിലേക്ക് വീഴുകയും ചെയ്തു. ചന്ദ്രശേഖര്‍ ആസാദിനെയും പ്രഫുല്ല ചാക്കിയെയും പോലെ ബ്രിട്ടീഷുകാരുടെ കൈകളാല്‍ മരണം ആഗ്രഹിക്കാതിരുന്ന പ്രീതിലത തന്റെ കഴുത്തില്‍ തൂക്കിയിരുന്ന സയനൈഡ് എടുത്ത് കഴിച്ച് വീരമൃത്യു വരിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരു വ്യക്തിത്വത്തിനുടമയാണ് പ്രീതിലത വദ്ദേദാര്‍ എന്ന് നിസ്സംശയം പറയാം.
വീണാ ദാസ്
1932 ഫെബ്രുവരിയില്‍ കൊല്‍ക്കത്ത സര്‍വ്വകലാശാലയിലെ കോണ്‍ വൊക്കേഷന്‍ ഹാളില്‍ നടന്ന ബിരുദദാന സമ്മേളത്തില്‍ വെച്ച് ബംഗാള്‍ ഗവര്‍ണര്‍ സ്റ്റാന്‍ലി ജാക്‌സനെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചതോടെയാണ് വീണാദാസിന്റെ പേര് നാടെങ്ങും അറിയപ്പെട്ടത്. ഗവര്‍ണര്‍ രക്ഷപ്പെട്ടെങ്കിലും ഈ സംഭവത്തിന്റെ പേരില്‍ അവര്‍ക്ക് ഒന്‍പതു വര്‍ഷം കഠിന തടവ് അനുഭവിക്കേണ്ടി വന്നു. അന്തമാനിലേക്ക് നാടുകടത്തപ്പെട്ട വീണാ ദാസിനെ ടാഗൂറിന്റെ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചു കൊണ്ടുവന്ന് ഭാരതത്തിലെ ജയിലിലാക്കി.
ജയില്‍ മോചിതയായ ശേഷം 1942 ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വീണ്ടും ജയിലിലായി. അങ്ങനെ സായുധ മാര്‍ഗ്ഗത്തിലും സമാധാന മാര്‍ഗ്ഗത്തിലും സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച് ജയില്‍വാസം വരിച്ചു എന്ന പ്രത്യേകതയും വീണാദാസിനുണ്ട്.
1911 ഓഗസ്റ്റ് 24 ന്, ബംഗാളിലെ കൃഷ്ണനഗര്‍ എന്ന ഗ്രാമത്തിലാണ് വീണാദാസ് ജനിച്ചത്. ബേനി മാധവ് ദാസും സരളാ ദേവിയുമായിരുന്നു മാതാപിതാക്കള്‍. പിതാവ് ഒരു അദ്ധ്യാപകനായിരുന്നു. സുഭാഷ് ചന്ദ്ര ബോസ് മാധവ്ദാസിന്റെ വിദ്യാര്‍ത്ഥിയായിരുന്നു. പിതാവ് അദ്ധ്യാപകനായിരുന്നതുകൊണ്ട് വിദ്യാഭ്യാസം കുറേക്കാലം വീട്ടില്‍ തന്നെയായിരുന്നു. ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത് സെന്റ്‌ജോണ്‍സ് ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു. പുരാണ കഥകളും ഇതിഹാസങ്ങളും കേട്ടാണ് വീണ വളര്‍ന്നത്. അമ്മ സരളാദേവി ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയായിരുന്നു. അടുത്തുള്ള വീടുകളിലെ സ്ത്രീകളെ സംഘടിപ്പിച്ച് അവര്‍ തുന്നല്‍ പരിശീലനം നടത്തിയിരുന്നു.
ദേശീയപ്രസ്ഥാനത്തിന്റെ ചലനങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും അലയടിച്ചിരുന്ന ഒരു വീടായിരുന്നു വീണയുടേത്. സഹോദരന്‍ പഠനമുപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി. വീട്ടില്‍ ചര്‍ക്കയും ഖാദി വസ്ത്രവും നിര്‍ബന്ധമാക്കി. സൈമണ്‍ കമ്മീഷന്‍ ഇന്ത്യയില്‍ വന്നതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠിപ്പുമുടക്കില്‍ മെട്രിക്കുലേഷന്‍ വിദ്യാര്‍ത്ഥിയായിരുന്ന വീണയും പങ്കെടുത്തു. സെന്റ് ജോണ്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പഠനത്തിനു ശേഷം ബെതൂണ്‍ കോളേജിലാണ് അവര്‍ ഉപരിപഠനം നടത്തിയത്.
മൂത്ത സഹോദരി കല്യാണി ദാസ് സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. സഹോദരിയെ പിന്തുടര്‍ന്ന് വീണാദാസും ‘ഛേത്രി സംഘ്’ എന്ന വിപ്ലവ സംഘടനയില്‍ 1928 ല്‍ അംഗമായി. സ്ത്രീകള്‍ മാത്രം അംഗങ്ങളായുള്ള ഒരു വിപ്ലവപ്രസ്ഥാനമായിരുന്നു ഛേത്രി സംഘ്.
1932 ഫെബ്രുവരി 6 ന് ബംഗാള്‍ ഗവര്‍ണ്ണര്‍ സ്റ്റാന്‍ലി ജാക്‌സണ്‍ കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയിലെ കണ്‍വൊക്കേഷന്‍ ഹാളില്‍ നടന്ന ബിരുദദാന സമ്മേളത്തില്‍ പങ്കെടുക്കാനെത്തി. അതീവ രഹസ്യമായി ഹാളിലെത്തിയ വീണാ ദാസ് ഗവര്‍ണര്‍ക്കു നേരെ നിറയൊഴിക്കാന്‍ ശ്രമിച്ചു. അഞ്ചുതവണ വെടിയുതിര്‍ത്തെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. വീണയുടേത് ഒരു ഒറ്റയാള്‍ ആക്രമണമായിരുന്നു. ഗവര്‍ണര്‍ക്കു നേരെ വീണ നിറയൊഴിക്കുമ്പോള്‍ വൈസ് ചാന്‍സലര്‍ അവരെ പിടിച്ചു വെച്ചതു കൊണ്ടാണ് ഗവര്‍ണര്‍ രക്ഷപ്പെട്ടത്. ഗവര്‍ണര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ സമയത്താണ് വീണ വെടിയുതിര്‍ത്തത്.
വീണയുടെ പേരില്‍ കൊലക്കുറ്റത്തിനു കേസെടുത്ത അധികൃതര്‍ ഒരാഴ്ച കൊണ്ട് പ്രത്യേക ട്രൈബ്യൂണലില്‍ നടപടി പൂര്‍ത്തിയാക്കി ആ യുവതിയെ ഒന്‍പതു കൊല്ലത്തെ കഠിന തടവിനു ശിക്ഷിച്ചു. കോടതിയില്‍ വീണ കൊടുത്ത മൊഴി ശ്രദ്ധേയമായിരുന്നു. അതില്‍ അവര്‍ ഇങ്ങനെ പറഞ്ഞു: ‘അടിച്ചമര്‍ത്തപ്പെട്ട എന്റെ രാജ്യത്തോടുള്ള സ്‌നേഹമാണ് ഗവര്‍ണറെ വെടിവെക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. മാതൃഭൂമിയുടെ കാല്‍ക്കല്‍ ഈ പ്രവൃത്തിയിലൂടെ ഞാന്‍ എന്റെ ജീവിതം സമര്‍പ്പിക്കുകയായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ദുര്‍നടപടികളുടെ ഫലമായി രാജ്യം നേരിടുന്ന യാതനകളിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഭാരതത്തിന്റെ സ്ത്രീ പാരമ്പര്യത്തിലൂടെ വളര്‍ന്ന ഒരു യുവതിയായ എനിക്കു പോലും സഹിക്കാവുന്നതിന് അപ്പുറമായിരുന്നു ഈ യാതനകള്‍. ഗവര്‍ണറോട് എനിക്ക് വ്യക്തിപരമായ ഒരു വിദ്വേഷവും ഉണ്ടായിരുന്നില്ല എന്നു കൂടി പറയട്ടെ. ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹം എനിക്ക് എന്റെ പിതാവിനെ പോലെ നല്ലയാളാണ്. എന്നാല്‍ ബംഗാള്‍ ഗവര്‍ണര്‍ എന്ന നിലയില്‍ രാജ്യത്തെ മുപ്പതു കോടി സ്ത്രീ പുരുഷന്മാരെ അടിമകളാക്കിയ സംവിധാനത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം.’
‘അഗ്‌നികന്യ’ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. ഒന്‍പതു വര്‍ഷത്തെ നരകയാതനയാണ് ജയിലില്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വന്നത്. ജയിലിലെ ക്രൂരതക്കെതിരെ നിരാഹാര സമരം നടത്തിയ വീണാ ദാസിനെ അധികൃതര്‍ ഏറ്റവും കടുത്ത ശിക്ഷ ലഭിക്കുന്ന ആന്തമാനിലേക്ക് നാടു കടത്തി. വീണയുടെ കാര്യത്തില്‍ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗൂറിന്റെ ശക്തമായ ഇടപെടലുണ്ടായി. തുടര്‍ന്ന് അവരെ ഭാരതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് ഇവിടുത്തെ ജയിലില്‍ പാര്‍പ്പിച്ചു. ശിക്ഷയുടെ കാര്യത്തില്‍ യാതൊരു ഇളവും ബ്രിട്ടീഷുകാര്‍ വീണ ദാസിനു നല്‍കുകയുണ്ടായില്ല.
ജയില്‍ മോചനത്തിനു ശേഷവും അവര്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത വീണ ദാസിന് വീണ്ടും ജയിലേക്ക് പോകേണ്ടി വന്നു. മൂന്നു വര്‍ഷമാണ് രണ്ടാം തവണ ജയിലില്‍ കഴിയേണ്ടി വന്നത്. ഇന്ത്യ സ്വതന്ത്രമായതിനുശേഷവും വീണ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. വീണയുടെ ആത്മകഥാപരമായ രചനകളാണ് ശൃംഗാല്‍ ജംഗാര്‍, പിതൃധാന്‍ എന്നിവ. സ്വാതന്ത്യ സമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ വീണാദാസ് നിരസിച്ചിരുന്നു. 1946-47 കാലത്ത് ബംഗാള്‍ നിയമസഭാംഗമായും 1947-51 കാലത്ത് പശ്ചിമ ബംഗാള്‍ നിയമസഭാംഗമായും വീണ പ്രവര്‍ത്തിച്ചു. 1947-ല്‍ വീണയും സ്വാതന്ത്ര്യ സമര ഭടനായ ജതീഷ് ചന്ദ്ര ഭൗമിക്കും വിവാഹിതരായി. സ്വതന്ത്ര ഭാരതത്തിലെ ഒന്നാമത്തെ പൊതു തിരഞ്ഞെടുപ്പിനു മുമ്പു തന്നെ അവര്‍ രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ചു. 1960 ല്‍ പൊതുപ്രവര്‍ത്തക എന്ന നിലയില്‍ പത്മശ്രീ ബഹുമതിക്ക് അര്‍ഹയായി. ഭര്‍ത്താവിന്റെ മരണശേഷം ഋഷികേശില്‍ ഏകാന്ത ജീവിതം നയിച്ചു. 1986 ഡിസംബര്‍ 26 ന് അവര്‍ മരണമടഞ്ഞു. ഋഷികേശിലെ റോഡുവക്കില്‍ നിന്നും പാതി അഴുകിയ നിലയില്‍ ലഭിച്ച ജഡം വീണയുടേതാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു. ജീവിതം മുഴുവന്‍ രാഷ്ട്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച വീണാദാസിന് നമ്മുടെ ചരിത്ര പാഠപുസ്തകങ്ങള്‍ വേണ്ട പരിഗണന നല്‍കിയില്ല എന്നത് അത്യന്തം ഖേദകരമാണ്.
(തുടരും)