- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
- സനാതന ധര്‍മ്മത്തിന്റെ ശംഖൊലി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 7)
ധനശേഖരണവും ആയുധശേഖരണവുമായിരുന്നു വാസുദേവിന്റെ അടുത്ത ലക്ഷ്യം. ഡയറിയില്‍ അദ്ദേഹം ഇങ്ങനെ എഴുതി. ”എനിക്ക് 5000 രൂപ കിട്ടിയാല്‍ രാജ്യത്താകമാനം കലാപം സംഘടിപ്പിക്കാനുള്ള ആളുകളെ അയക്കാന്‍ കഴിയും. ഒരേ സമയത്ത് അനേകം സ്ഥലങ്ങളില്‍ കലാപമുയരുമ്പോള്‍ തീര്‍ച്ചയായും ഇംഗ്ലീഷുകാര്‍ പരിഭ്രമിക്കും. നമുക്ക് ഇനിയും കൂടുതല്‍ സ്ഥലങ്ങളില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ സാധിച്ചാല്‍ തപാലാപ്പീസുകള്‍ സ്തംഭിപ്പിക്കാന്‍ കഴിയും. അതോടെ വാര്‍ത്താവിനിമയം നിലക്കും. തീവണ്ടികള്‍ ഓടില്ല. ടെലിഗ്രാഫ് ലൈനുകള്‍ വിച്ഛേദിക്കപ്പെടും. സന്ദേശങ്ങള്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് അയക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ഭരണം നടത്താന്‍ സര്‍ക്കാറിന് വലിയ വിഷമങ്ങള്‍ ഉണ്ടാകും. നാം ജയിലറകള്‍ തുറക്കും. അല്‍പകാലതടവുകാര്‍ നമ്മുടെ കൂടെ ചേരില്ലായിരിക്കും. എന്നാല്‍ ദീര്‍ഘകാലതടവുകാര്‍ തീര്‍ച്ചയായും സഹകരിക്കും. ബ്രിട്ടീഷ് ഭരണം വീണ്ടും വന്നാല്‍ കൂടുതല്‍ നീണ്ട ശിക്ഷ ലഭിക്കുമെന്ന ഭയം മൂലം അവര്‍ ധീരതയോടെ വിപ്ലവത്തില്‍ പങ്കെടുക്കും. ഇത്ര ധൈര്യമുള്ള 200 പേരുണ്ടെങ്കില്‍ എനിക്കു പലതും ചെയ്യാന്‍ കഴിയും. ഖജാനകള്‍ പിടിക്കാന്‍ കഴിയില്ലായിരിക്കാം. എന്നാല്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ഈ വിധംകലാപമുണ്ടായാല്‍ സര്‍ക്കാരിന് അതു നേരിടാന്‍ കഴിയാതെ വരും. അപ്പോള്‍ ബഹുജനങ്ങളും ഇളകിവശായിവരും. അങ്ങിനെ അത്ഭുതങ്ങളുണ്ടായാല്‍ എന്തുകൊണ്ട് ഞങ്ങള്‍ക്ക് വിജയിച്ചു കൂടാ? ഈശ്വരഹിതം അനുകൂലമാണെങ്കില്‍ ഭാരതത്തില്‍ ഒരു റിപ്പബ്ലിക്ക് സ്ഥാപിക്കുക എന്ന ലക്ഷ്യം നാം നേടും.”
വിപ്ലവകാരികള്‍ക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും അതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് വാസുദേവിന്റെ വാക്കുകള്‍. ഭാരതത്തിന്റെ ദേശീയതയെക്കുറിച്ചും രാഷ്ട്രബോധത്തെക്കുറിച്ചും വികലമായ ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്ക് വിപ്ലവകാരികള്‍ക്കുണ്ടായിരുന്ന ദേശീയബോധവും സ്വാതന്ത്ര്യാഭിവാഞ്ചയും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് ഭാരതത്തെ രൂപം കൊള്ളുന്ന രാഷ്ട്രം എന്നൊക്കെ അവര്‍ വിളിച്ചത്.
മാതൃഭൂമിക്കു വേണ്ടി പട്ടിണിയും ത്യാഗവും സഹിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ വാസുദേവ് തയ്യാറായെങ്കിലും വിപ്ലവ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ആവശ്യമായ ധനം നല്‍കാന്‍ ആരും സന്നദ്ധരായില്ല. എങ്കിലും ലക്ഷ്യത്തില്‍ നിന്ന് പിന്മാറിയില്ല. ആയുധങ്ങളും സേനയും സ്വരൂപീകരിക്കുന്നതിനാവശ്യമായ ധനം സമ്പന്നരില്‍ നിന്ന് കവര്‍ന്നെടുക്കുക എന്ന തീരുമാനത്തിലാണ് അദ്ദേഹം എത്തിയത്. അതീവരഹസ്യമായി ഇതിനാവശ്യമായ കരുക്കള്‍ നീക്കി.
പദ്ധതികളൊക്കെ തയ്യാറാക്കി അതിനുള്ള ഒരുങ്ങള്‍ പൂര്‍ത്തിയാക്കിയ വാസുദേവ് ആദ്യം ചെയ്തത് സ്വന്തം വീടും കുടുംബവും ഉപേക്ഷിക്കുക എന്ന അങ്ങേയറ്റം വേദനാജനകമായ കൃത്യമാണ്. പ്രിയപത്‌നിയുടെ ഭാവി ഇരുളടഞ്ഞതാകുമെന്ന വിചാരം പോലും ആ ധീര വിപ്ലവകാരിയെ കര്‍മ്മപഥത്തില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. 1879ല്‍ ഏതാനും അനുചരന്മാരുമൊത്ത് ധമരി ഗ്രാമത്തെ വാസുദേവ് ആക്രമിച്ചു. തുടര്‍ന്ന് വാല്‍ഹെ, പലാസ്‌പെ എന്നീ ഗ്രാമങ്ങളും ആക്രമിച്ചു. പണം പലിശക്കു കൊടുക്കുന്നവരുടെ വീടുകളാണ് അധികവും ആക്രമിച്ചത്. അദ്ദേഹം പണക്കാരോട് ഇങ്ങനെ പറഞ്ഞു. ”നിങ്ങള്‍ സമ്പാദിച്ചുകൂട്ടിയ സമ്പത്തിന്റെ ഒരു ഭാഗം നിങ്ങളുടെ നിസ്സഹായരായ നാട്ടുകാരുടെ സ്വാതന്ത്ര്യം നേടാനും ആശ്വാസത്തിനും നല്‍കിക്കൂടെ? അതു നിങ്ങള്‍ ചെയ്യാത്തതുകൊണ്ടാണ് എനിക്ക് ഇങ്ങനെ പിടിച്ചെടുക്കേണ്ടിവരുന്നത്. സ്വരാജ്യം സ്ഥാപിതമായശേഷം തിരിച്ചുകിട്ടത്തക്കവിധം നല്‍കുന്ന ഒരു വായ്പയായി ഇതിനെ കണക്കാക്കിയാല്‍ മതി.”
ഒട്ടേറെ ഗ്രാമങ്ങള്‍ കൊള്ള ചെയ്ത് അവര്‍ ധാരാളം സമ്പത്തു പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ ഏഴു ഗ്രാമങ്ങളില്‍ അവര്‍ ഒരേ സമയത്ത് ഭീതിപരത്തി. സഹ്യാദ്രിയുടെ ചരിവുകളില്‍ താമസിച്ച് ഒളിപ്പോര്‍ മാതൃകയില്‍ ശിവാജിയെപ്പോലെ പ്രവര്‍ത്തിച്ച വാസുദേവിനെ വെള്ളക്കാര്‍ അങ്ങേയറ്റം ഭയപ്പെട്ടിരുന്നു. അദ്ദേഹത്തെ പിന്തുടര്‍ന്ന് പിടിക്കുന്നതിന് ഒരു സൈന്യത്തെ നിയോഗിച്ചു. അദ്ദേഹത്തെ പിടിക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല പല വെള്ളക്കാരുടെയും തല അപ്രത്യക്ഷമാകുകയാണ് ചെയ്തത്. വാസുദേവിന്റെ നീക്കങ്ങളെ കുറിച്ച് പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സൈനികോദ്യോഗസ്ഥരെ കിടുകിടാ വിറപ്പിച്ചിരുന്നു.
ക്രമേണ സാധാരണക്കാരുടെ പിന്തുണയും വാസുദേവിനു ലഭിച്ചു. വെള്ളക്കാരില്‍ നിന്നു നമ്മുടെ നാടിനെ രക്ഷിക്കാന്‍ ദൈവം നിയോഗിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് അവര്‍ വിശ്വസിക്കാന്‍ തുടങ്ങി. ഇതോടെ വാസുദേവിന്റെ നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ പോലും ബ്രിട്ടീഷുകാര്‍ വിഷമിച്ചു. ഒടുവില്‍ വാസുദേവിന്റെ തലയ്ക്ക് 4000 രൂപ അവര്‍ വിലയിട്ടു. നാട്ടിലെങ്ങും പോസ്റ്ററുകള്‍ പതിച്ച് ഗവര്‍ണറുടെ തലയ്ക്ക് 8000 രൂപ വാസുദേവും വിലയിട്ടു.
സര്‍ക്കാര്‍ ഓഫീസുകളായി പ്രവര്‍ത്തിച്ചിരുന്ന വിശ്രാംബാഗ്, ബുധവാര്‍ കൊട്ടാരങ്ങള്‍ 1879 മെയ് 13ന് ഒരേസമയം അഗ്നിക്കിരയാക്കിയത് ബ്രിട്ടീഷുകാരില്‍ പരിഭ്രാന്തി പരത്തി.
സര്‍ക്കാര്‍ ഓഫീസുകള്‍ അഗ്നിക്കിരയാക്കിയ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ബ്രിട്ടീഷുദ്യോഗസ്ഥര്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടംതിരിഞ്ഞു. വാസുദേവ ബല്‍വന്തിന്റെ സാഹസികകൃത്യങ്ങളെപ്പറ്റി ലണ്ടന്‍ ടൈംസ് സുദീര്‍ഘ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. നാട്ടിലെങ്ങും നിശാനിയമം ഏര്‍പ്പെടുത്തി. വാസുദേവിനും ഇതൊരു കഠിന പരീക്ഷണമായിരുന്നു. ഭക്ഷണമോ വിശ്രമമോ ഇല്ലാതെ കാടുകളില്‍ അലയേണ്ടിവന്നു.
വാസുദേവിനെ പിടിക്കാനുള്ള ചുമതലയുമായി ബോംബെ സര്‍ക്കാര്‍ മേജര്‍ ദാനിയലിനെ സ്‌പെഷല്‍ ഓഫീസറായി നിയമിച്ചു. വന്‍സൈന്യവുമായി നാട് മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും അവര്‍ക്കും വാസുദേവിനെ കണ്ടെത്താനായില്ല. സഹപ്രവര്‍ത്തകരുടെ മരണവും ആവശ്യത്തിനു ധനമില്ലാത്തതും മൂലം വിപ്ലവ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് വാസുദേവിന് നേരിടേണ്ടിവന്നത്. കൂടാതെ പനി ബാധിച്ച് അവശനുമായി. സ്വയം ശിരച്ഛേദം ചെയ്താലോ എന്നു പോലും ആലോചിച്ചു.
അവശനിലയില്‍ സഹപ്രവര്‍ത്തകനായ ഗോഗോടേയുടെ വീട്ടിലെത്തിയെങ്കിലും വാസുദേവ് അവിടെയുള്ള വിവരം എങ്ങനെയോ ഇംഗ്ലീഷുകാര്‍ക്കു ലഭിച്ചു. അവര്‍ വീടുവളഞ്ഞു, പക്ഷെ വാസുദേവും ഗോഗോടേയും തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു. 14 വര്‍ഷത്തിനുശേഷമാണത്രേ ഗോഗോടേ വീട്ടില്‍ തിരിച്ചെത്തിയത്. 1879 ജൂലായ് 20-ന് വാസുദേവ് ദേവര്‍ നഭാഗി എന്ന സ്ഥലത്തെത്തി. എവിടെയും അഭയം കിട്ടാതെ ക്ഷേത്രത്തില്‍ തീര്‍ത്ഥാടകരുടെ ഇടയില്‍ കിടന്നുറങ്ങി. പരിശോധനയ്ക്കുവേണ്ടി അവിടെയെത്തിയ മേജര്‍ ദാനിയല്‍ വാസുദേവിനെ തിരിച്ചറിഞ്ഞു. ഊരിയ വാളുമായി വാസുദേവിന്റെ മേല്‍ ചാടിവീണ് കീഴ്‌പ്പെടുത്തി. ബന്ധനസ്ഥനാക്കി പൂനെയിലേക്കു കൊണ്ടുവന്നു.
1879 ആഗസ്റ്റ് 31-ന് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. സെഷന്‍സ് കോടതിയില്‍ ഒക്‌ടോ.22ന് വിചാരണ ആരംഭിച്ചു. ആ ധീരപുരുഷനെ കാണാന്‍ നിരവധി ആളുകളാണ് കോടതിയില്‍ തടിച്ചുകൂടിയത്. വാസുദേവിനുവേണ്ടി വാദിക്കാന്‍ വക്കീലന്മാരായി ആരുമുണ്ടായിരുന്നില്ല. ‘പ്രതിയുടെ വക്കീല്‍ ഹാജരുണ്ടോ’ എന്നു മജിസ്‌ട്രേറ്റ് മൂന്നു പ്രാവശ്യം ചോദിച്ചു. പെട്ടെന്ന് ‘ഞാനുണ്ട്’ എന്നു പറഞ്ഞുകൊണ്ട് മഹാരാഷ്ട്രയിലെ പൊതുകാര്യപ്രസക്തനായ ഗണേശ് വാസുദേവ ജോഷി മുന്നോട്ടുവന്നു.
വിചാരണകാലം മുഴുവന്‍ കോടതി മുറികള്‍ ജനനിബിഡമായിരുന്നു. ദിവസേന അദ്ദേഹത്തെ ജയിലില്‍ നിന്നു കോടതിയിലേക്കും തിരിച്ചും കൊണ്ടുപോകുമ്പോള്‍ വഴിയരികില്‍ ആയിരക്കണക്കിന് ജനങ്ങള്‍ കൂടിനിന്ന് അഭിവാദ്യമര്‍പ്പിക്കുമായിരുന്നു. വാസുദേവിനു വേണ്ടി വാദിച്ച വക്കീല്‍ ഇങ്ങനെയാണ് ഉപസംഹരിച്ചത്. ”വാസുദേവ് ബല്‍വന്തിന്റെ കൃത്യങ്ങളെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടാവാം. എന്നാല്‍ അദ്ദേഹത്തെ ഈ സാഹസികമായ മാര്‍ഗത്തിനു പ്രേരിപ്പിച്ച വികാരങ്ങളും ചേതനയും എല്ലാവരുടെയു അഭിനന്ദനത്തിനു വിധേയമാകുമെന്ന് നിസ്സംശയം പറയാം.” വധശിക്ഷയാണ് വാസുദേവ് പ്രതീക്ഷിച്ചതെങ്കിലും ജീവപര്യന്തം തടവാണ് ലഭിച്ചത്. വിചാരണയുടെ ഒടുവില്‍ കോടതിയില്‍ നല്‍കിയ വാസുദേവിന്റെ ഈ പ്രസ്താവന അദ്ദേഹത്തിന്റെ ദേശീയബോധത്തിന്റെ ഉദാത്തഭാവം പ്രസ്ഫുരിപ്പിക്കുന്നു.
”ഇന്ത്യന്‍ ജനത ഇന്ന് മരണത്തിന്റെ പുമുഖത്തുനില്‍ക്കുകയാണ്. വറുതിയും ഭക്ഷ്യക്ഷാമവും കൊണ്ട് പൊറുതിമുട്ടിയ സാധാരണ ജനങ്ങളെ ബ്രിട്ടീഷ് സര്‍ക്കാറും ഉദ്യോഗസ്ഥരും ചേര്‍ന്ന് ചവിട്ടിമെതിച്ചുകൊണ്ടിരിക്കുന്നു. ഭാരതത്തിന്റെ സന്തതികളായ ഞങ്ങള്‍ അങ്ങേയറ്റത്തെ അറപ്പോടും വെറുപ്പോടും കൂടിയാണ് വീക്ഷിക്കപ്പെടുന്നത്. എന്റെ പരിപാടികള്‍ വിജയിച്ചിരുന്നെങ്കില്‍ അതു വലിയ നേട്ടമാകുമായിരുന്നു. ഒരു ഇന്ത്യന്‍ റിപ്പബ്ലിക്ക് സ്ഥാപിക്കുകയായിരുന്നു എന്റെ അഭിലാഷം. ദൈവിക പ്രവൃത്തിക്കായി ദധീചി മഹര്‍ഷി സ്വന്തം നട്ടെല്ലുതന്നെ നല്‍കി. എന്റെ ഈ ബലിദാനവും ഈശ്വരീയകാര്യത്തിനു പ്രയോജനമാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഭാരതവാസികളേ, എന്തുകൊണ്ട് എനിക്കും ദധീചിയെപ്പോലെ യാതനയനുഭവിച്ചുകൂടാ? എന്റെ ബലിദാനവും അടിയറവെപ്പുംകൊണ്ട് അടിമത്തത്തില്‍ നിന്ന് നിങ്ങളുടെ ഉയര്‍ത്തെഴുന്നേല്പ് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് ഞാന്‍ അതിന് പ്രയത്‌നിക്കാതിരിക്കണം? എന്റെ അന്തിമപ്രണാമം കൈക്കൊണ്ടാലും.”
വിധിപ്രസ്താവത്തിനുശേഷം വാസുദേവിനെ അടച്ചുമൂടിയ വാഹനത്തില്‍ പൂനെ ജയിലിലേക്കു കൊണ്ടുപോയി. അവിടെ നിന്ന് കുപ്രസിദ്ധമായ ഏഡന്‍ കോട്ടയില്‍ നരകയാതന അനുഭവിക്കാന്‍ കപ്പല്‍ കയറ്റി. യെമനിലുള്ള ഒരു തുറമുഖ നഗരമാണ് ഏഡന്‍. അവിടെയുള്ള ജയിലില്‍ അടച്ചെങ്കിലും വാസുദേവിന്റെ ഉള്ളിലുള്ള വിപ്ലവാവേശത്തെ അണയ്ക്കാന്‍ അവിടത്തെ നരകയാതനകള്‍ക്കു കഴിഞ്ഞില്ല. 1883 ഫെബ്രുവരിയില്‍ അദ്ദേഹം ജയില്‍ ചാടി. കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി, ഭാഷയറിയാത്ത നാട്ടിലൂടെ, നിസ്സഹായനായി 26 കിലോമീറ്റര്‍ നടന്നു. ജയിലധികൃതര്‍ പിന്തുടര്‍ന്നെത്തി പിടികൂടി വീണ്ടും ജയിലലടച്ചു. ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായി 1883 ഫെബ്രുവരി 17ന് ആ ധീരയോദ്ധാവ് തടവറയില്‍ അന്ത്യശ്വാസം വലിച്ചു.
1857ലെ സ്വാതന്ത്ര്യസമരത്തിനുശേഷം ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച ആദ്യയോദ്ധാവും ബലിദാനിയുമായിരുന്നു വാസുദേവ് ബല്‍വന്ത് ഫട്‌കേ. അതുപോലെ ബ്രിട്ടീഷ് ഭരണത്തിലെ ആദ്യരാഷ്ട്രീയ തടവുകാരനും അദ്ദേഹമായിരുന്നു. കോണ്‍ഗ്രസ് രൂപംകൊള്ളുന്നതിനു മുമ്പു തന്നെ ‘ഇന്ത്യന്‍ റിപ്പബ്ലിക്’ എന്ന ആശയം മുന്നോട്ടുവെക്കുകയും അതിനുവേണ്ടി പോരാടി ജനങ്ങളുടെ മുന്നില്‍ ഉജ്ജ്വലമായ മാതൃക കാണിക്കുകയും ചെയ്തത് വാസുദേവാണ്.
ജനങ്ങള്‍ ഭയത്തോടെയാണെങ്കിലും അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കിയിരുന്നു. വാസുദേവിന്റെ മരണശേഷം പലരും ആ ധീരതയെ വാഴ്ത്തുകയും ത്യാഗപൂര്‍ണ്ണമായ ആ സ്മരണക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ‘ഒരു രാജ്യസ്‌നേഹി എന്ന നിലയ്ക്ക്, അവിസ്മരണീയനായ ആ വീരന്റെ സ്മരണയെ ഞങ്ങള്‍ ആദരിക്കുന്നു. ആത്മഹത്യാപരമായ മാര്‍ഗം സ്വീകരിക്കുമ്പോഴും തന്റെ സര്‍വസ്വവും അയാള്‍ രാജ്യത്തിന് സമര്‍പ്പിച്ചു’ എന്നാണ് ജസ്റ്റിസ് മാധവറാവു റാനഡെ എഴുതിയത്. ”ഹിമാലയതുല്യം മഹാനായ വ്യക്തി” എന്നാണ് അമൃതബസാര്‍ പത്രിക വാസുദേവിനെ വിശേഷിപ്പിച്ചത്. ‘മഹത്തായ ഉദ്ദേശ്യങ്ങള്‍ സാധിക്കുന്നതിനായി ഈ ലോകത്തേക്ക് വല്ലപ്പോഴും അയക്കപ്പെടുന്ന മഹാത്മാക്കളുടെ പല സ്വഭാവങ്ങളും ഉള്‍ക്കൊണ്ടയാളായിരുന്നു വാസുദേവ് ബല്‍വന്ത് ഫട്‌കേ. അദ്ദേഹത്തിന്റെ ആത്മാവ് ശുദ്ധമായിരുന്നു. ആ ഹൃദയം ഭാരതത്തോടുള്ള ഭക്തികൊണ്ട് നിറഞ്ഞുതുളുമ്പി.”
(തുടരും)