- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
- സനാതന ധര്‍മ്മത്തിന്റെ ശംഖൊലി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 7)
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദം ബ്രിട്ടീഷ് ഭരണത്തിന്റെ കൊടുംക്രൂരതകളാല്‍ ഭാരതീയരുടെ ജീവിതം ദുസ്സഹമായ ഒരു കാലഘട്ടമായിരുന്നു. ദാരിദ്ര്യവും പട്ടിണിയും വെള്ളക്കാരുടെ കണ്ണില്‍ ചോരയില്ലാത്ത നികുതി പിരിവും മൂലം നേരത്തെ തന്നെ അവശരായിക്കൊണ്ടിരുന്ന ജനങ്ങളുടെ ഇടയിലേക്കാണ് കൂട്ടത്തോടെ മനുഷ്യരുടെ ജീവന്‍ അപഹരിക്കുന്ന പ്ലേഗ് രോഗവും പടര്‍ന്നുപിടിച്ചത്. ബലപ്രയോഗത്തിലൂടെ രോഗവ്യാപനം തടയാനുള്ള അധികൃതരുടെ ശ്രമം കൂനിന്മേല്‍ കുരുവെന്നപ്പോലെ ജനജീവിതം നരകസമാനമാക്കി.
1896 ഒക്‌ടോബറില്‍ മുംബൈയിലാണ് ആദ്യമായി പ്ലേഗ് രോഗം പടര്‍ന്നുപിടിച്ചത്. രോഗത്തിന്റെ സ്വഭാവങ്ങളെകുറിച്ചോ കാരണങ്ങളെ കുറിച്ചോ ധാരണയില്ലാതെ ജനങ്ങള്‍ കൂട്ടത്തോടെ എങ്ങോട്ടെന്നറിയാതെ പലായനം ചെയ്യാന്‍ തുടങ്ങി. അനേകം പേര്‍ മരിച്ചു. രോഗം ബാധിച്ച ആളുകള്‍ തീവണ്ടിയിലും മറ്റു വാഹനങ്ങളിലും തിങ്ങി നിറഞ്ഞ് യാത്ര ചെയ്തതുകൊണ്ട് രോഗവ്യാപനത്തിന്റെ തോതും വര്‍ദ്ധിച്ചു. ഈ രോഗത്തിന്റെ ഉറവിടം ഇംഗ്ലണ്ടായിരുന്നതുകൊണ്ട് ഇംഗ്ലീഷുകാരായ ഡോക്ടര്‍മാര്‍ വളരെവേഗം ഇതിനെ തിരിച്ചറിഞ്ഞു. 1665-ല്‍ പ്ലേഗ് രോഗം ലണ്ടന്‍ നഗരത്തെ താറുമാറാക്കിയത് അവര്‍ക്കറിയാമായിരുന്നു. എങ്കിലും ഇന്ത്യക്കാരെ പ്ലേഗില്‍ നിന്നു രക്ഷിക്കുന്നതിനേക്കാള്‍ അവര്‍ക്കു താല്പര്യം രോഗം വീണ്ടും ഇംഗ്ലണ്ടില്‍ എത്താതിരിക്കാനായിരുന്നു. അതുകൊണ്ട് പ്ലേഗിനെ ഇന്ത്യക്കുള്ളില്‍ തടഞ്ഞു നിര്‍ത്താന്‍ ആവശ്യമായ നടപടികളെല്ലാം ചെയ്തു. രാജ്യത്തിനുള്ളില്‍ രോഗം പടര്‍ന്നുപിടിക്കുന്നത് തടയാന്‍ ശ്രമിച്ചതുമില്ല.
ഇതിനിടെ രോഗം 120 മൈല്‍ അകലെയുള്ള പൂനെയിലുമെത്തി. മുംബൈയിലെ അതേ രീതിയിലാണ് ഇവിടെയും പ്ലേഗ്‌രോഗത്തെ അധികൃതര്‍ നേരിട്ടത്. മാത്രമല്ല ലോകമാന്യ തിലകന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം ശക്തമായി നടന്നുവന്ന സ്ഥലമായിരുന്നതിനാല്‍ ജനങ്ങളുടെ അഹങ്കാരം പ്ലേഗിലൂടെ ഇല്ലാതാകട്ടെയെന്ന വിചാരമായിരുന്നു അവര്‍ക്ക്. അതുമൂലം പ്ലേഗിനെ നിയന്ത്രിക്കാനുള്ള നടപടികള്‍ നഗരസഭകളുടെയും ജില്ലാബോര്‍ഡുകളുടെയും മാത്രം ചുമതലയാക്കി. ജനങ്ങളുടെ വിശ്വാസം കണക്കിലെടുത്തുള്ള യാതൊരു നടപടിയും ഉണ്ടായില്ല.
തിലകന്റെ ജനപ്രീതി തടയുക എന്ന ലക്ഷ്യത്തോടെ 1897 ഫെബ്രുവരി 4ന് നിയമനിര്‍മ്മാണ സഭ പട്ടാളഭരണത്തിനു സമാനമായ അടിയന്തരാധികാരങ്ങള്‍ സര്‍ക്കാരിനു നല്‍കുന്ന നിയമം അംഗീകരിച്ചു. പ്ലേഗിനെ നിയന്ത്രിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും അധികൃതര്‍ ആവശ്യപ്പെടുന്ന എന്തു കാര്യത്തോടും യോജിക്കാത്തവര്‍ക്ക് ഏതു ശിക്ഷയും നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥ ഉണ്ടായിരുന്നു. കലക്ടര്‍മാര്‍ക്ക് തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ള അധികാരമാണ് ഈ നിയമം മൂലം ലഭിച്ചത്.
നിയമം കര്‍ശനമായി നടപ്പാക്കുന്നതിനുവേണ്ടി 1897 ഫെബ്രുവരി 17ന് സതാറയിലെ അസിസ്റ്റന്റ് കലക്ടറായിരുന്ന വാള്‍ട്ടര്‍ ചാള്‍സ് റാന്‍ഡിനെ പൂനെയിലെ പ്ലേഗ് കമ്മീഷണറായി നിയമിച്ചു. ഭാരതീയരോട് യാതൊരു ബഹുമാനവുമില്ലാത്ത ഐസിഎസ് ഉദ്യോഗസ്ഥനായിരുന്നു റാന്‍ഡ്. കുപ്രശസ്തനായ അയാളെ സുല്‍ത്താന്‍ എന്നാണ് സത്താറക്കാര്‍ വിളിച്ചിരുന്നത്.
റാന്‍ഡ് അധികാരമേറ്റെടുത്തോടെ പൂനെയിലെ അന്തരീക്ഷം കൂടുതല്‍ ഭയാനകമായി. പ്ലേഗ് സംഹാരതാണ്ഡവമാടുന്നതിനിടയില്‍ ജനങ്ങളോട് പകപോക്കുന്ന തരത്തിലായിരുന്നു റാന്‍ഡിന്റെ നടപടികള്‍. ജനങ്ങളുടെ പങ്കാളിത്തമുള്ള ഒരു സേവനസംരംഭത്തിനും അയാള്‍ അനുവാദം നല്‍കിയില്ല. പ്ലേഗ് ബാധയുണ്ടെന്ന സംശയം പറഞ്ഞ് അനേകം വീടുകളും കടകളും തീവെച്ചു നശിപ്പിച്ചു. റാന്‍ഡിന്റെ സഹായത്തിനു രണ്ടു പട്ടാള ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു. അവരുടെ കൊടും ക്രൂരത നിമിത്തം ജനങ്ങള്‍ ഭയവിഹ്വലരായി. പ്ലേഗ് ബാധിത വീടുകളുടെ ശുചീകരണത്തിനെന്നുപറഞ്ഞ് വീടുകളില്‍ കയറിയ ഭടന്മാര്‍ കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കുകയും പൂജാമുറിയിലും അടുക്കളയിലും വരെ കടന്നുകയറുകയും ചെയ്തു. വീടുകള്‍ കൊള്ളയടിക്കുകയും വിഗ്രഹങ്ങള്‍ തകര്‍ക്കുകയും ചെയ്തു. സ്ത്രീകളെ മാനഭംഗപ്പെടുത്തിയ സംഭവങ്ങളും ഉണ്ടായി. വെള്ളപ്പട്ടാളക്കാരുടെ ഇത്തരം പൈശാചിക കൃത്യങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നില്ല.
പൂനെ നഗരം മുഴുവന്‍ ഇംഗ്ലീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു. അവരുടെ അതിക്രമം അസഹ്യമായപ്പോള്‍ ലോകമാന്യ തിലകന്‍ ഒരുനിവേദനം തയ്യാറാക്കി ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തു. ഗവര്‍ണര്‍ അത് റാന്‍ഡിനു തന്നെ അയച്ചുകൊടുത്തപ്പോള്‍ അയാളത് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു. തിലകന്‍ കേസരിയിലൂടെ വെള്ളക്കാര്‍ക്കെതിരെ ആഞ്ഞടിച്ചു. ”നാം പാവങ്ങളും നിസ്സഹായരുമായതുകൊണ്ടാണ് ഈ അതിക്രമങ്ങളൊക്കെ സഹിക്കേണ്ടിവന്നത്. ഈ ‘റാന്‍ഡിസ’വും അവസാനിച്ചേ പറ്റൂ. ഈ ഗതികേട് ഇല്ലാതാക്കാനുള്ള ദൃഢനിശ്ചയം ഒരിക്കല്‍ ജനങ്ങളുടെ മനസ്സില്‍ ഉദിച്ചുയരും.”
ബ്രിട്ടീഷ് ഭരണത്തിനെതിരെ ആറേഴു വര്‍ഷത്തെ നിരന്തര പ്രചരണം കൊണ്ട് ലോകമാന്യ തിലകന് സാധിക്കാത്തത് രണ്ടു മാസത്തെ റാന്‍ഡ് ഭരണത്തിനു നേടാന്‍ കഴിഞ്ഞു. ജനങ്ങളുടെ അസംതൃപ്തി സഹിക്കാവുന്നതിലപ്പുറമായി. ഈ ഏകാധിപത്യവാഴ്ചയെ എങ്ങനെ സഹിക്കുമെന്നു ചോദിച്ചുകൊണ്ട് തിലകന് എഴുത്തുകളുടെ നിലയ്ക്കാത്ത പ്രവാഹമുണ്ടായി. പട്ടാളക്കാരെ മര്യാദയ്ക്ക് പെരുമാറാന്‍ അനുശാസിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കി.
ആരെല്ലാം എന്തെല്ലാം മുന്നറിയിപ്പു നല്‍കിയിട്ടും ഇംഗ്ലീഷുകാരുടെ കിരാതഭരണം തുടര്‍ന്നു. തന്നിഷ്ടക്കാരായ അവരുടെ മനോഭാവത്തെക്കുറിച്ച് വിപ്ലവകാരിയായ ശൈലേന്ദ്രനാഥ് ഘോഷ് ഒരിക്കല്‍ ഇങ്ങനെയാണ് പറഞ്ഞത്. ”ബ്രിട്ടീഷ് ഭരണാധികാരികളുടെ ചെവി തികച്ചും ബധിരമാണ്. വെടിയൊച്ചയല്ലാതെ ഒന്നും അവരെ ഉണര്‍ത്തുകയില്ല.” പൂനെയിലെ സ്ഥിതിയും സമാനമായിരുന്നു. റാന്‍ഡിനെ വകവരുത്തുകയല്ലാതെ ദേശീയാപമാനം ഇല്ലാതാക്കാന്‍ വേറെ പ്രതിവിധിയുണ്ടായിരുന്നില്ല.
ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ വധിച്ചതു കൊണ്ടുമാത്രം സര്‍വ്വശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്തെ മറിച്ചിടാനാകുമെന്ന് വിപ്ലവകാരികളിലാരും വ്യാമോഹിച്ചിരുന്നില്ല. പലരും കരുതുന്നതുപോലെ ഒരു ആവേശത്തിന്റെ പുറത്ത് എന്തെങ്കിലും കാട്ടിക്കൂട്ടുന്നവരായിരുന്നില്ല ഭാരതീയ വിപ്ലവകാരികള്‍. നല്ല വിദ്യാഭ്യാസവും ബുദ്ധിശക്തിയുമുള്ള അവര്‍ സാഹചര്യങ്ങളെ അതിന്റെ സമഗ്രതയില്‍ വിലയിരുത്തിയിരുന്നു. കിരാതമായ ഇംഗ്ലീഷുകാരുടെ ഭരണത്തിനു തടയിടണമെങ്കില്‍ ഭരണാധികാരികളുടെ മനസ്സില്‍ സ്ഥിരമായ ഭയം സൃഷ്ടിക്കണം. അതേ സമയം ജനങ്ങളില്‍ ആത്മവിശ്വാസവും സ്വേച്ഛാധിപത്യത്തെ ചെറുക്കാന്‍ മനോധീരതയും സൃഷ്ടിക്കുകയും വേണം. ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്ന വ്യക്തി സ്വയം ബലിദാനിയായിത്തീരും എന്ന കാര്യവും തീര്‍ച്ചയാണ്. പക്ഷെ കഴുമരത്തില്‍ നിന്ന് അയാള്‍ നല്‍കുന്ന സന്ദേശം പിന്‍തലമുറക്കാര്‍ക്ക് എന്തും സഹിച്ചും തിന്മകളെ എതിര്‍ക്കാനും സ്വാതന്ത്ര്യ ബലിവേദിമേല്‍ കൂടുതല്‍ കൂടുതല്‍ രക്തം സമര്‍പ്പിക്കാനും പ്രേരണയാകും.
ഭീകരവാഴ്ചയുടെ മുഖ്യപ്രയോക്താവായ റാന്‍ഡിനെ വെറുതെ വിടരുതെന്നു തീരുമാനിക്കപ്പെട്ടു. പക്ഷെ ആര് ആ ദൗത്യം ഏറ്റെടുക്കും? പൂച്ചയ്ക്കാര് മണികെട്ടും എന്ന ചോദ്യം ഇവിടെയും ഉയര്‍ന്നുവന്നു. സദാ ജാഗ്രതയോടെ, സര്‍വ്വത്ര സുരക്ഷാ സന്നാഹങ്ങളോടെ മുന്നേറുന്ന റാന്‍ഡിനെ കൈകാര്യം ചെയ്യുക അത്ര ചെറിയ വെല്ലുവിളിയായിരുന്നില്ല. പക്ഷെ ആ സാഹസിക കൃത്യം ഏറ്റെടുക്കാന്‍ അതിസമര്‍ത്ഥരായ ദേശസ്‌നേഹികളുടെ ഒരു ”സഹോദര സംഘം” മുന്നോട്ടുവന്നു. അവരെയാണ് സ്വാതന്ത്ര്യസമര ചരിത്രം ‘ചാപേക്കര്‍ സഹോദരന്മാര്‍’ എന്ന് അടയാളപ്പെടുത്തിയത്.
ദാമോദര്‍ ഹരി ചാപേക്കര്‍ (1870-1898), ബാലകൃഷ്ണ ഹരി ചാപേക്കര്‍ (1873-1899), വാസുദേവ് ഹരി ചാപേക്കര്‍ (1879-1899) എന്നീ മൂന്നു പേരാണ് ചാപേക്കര്‍ സഹോദരന്മാര്‍ എന്നറിയപ്പെടുന്നവര്‍. പൂനെക്ക് സമീപമുള്ള ചിന്‍ചൗഡ് ഗ്രാമത്തിലാണ് അവര്‍ ജനിച്ചത്. സമ്പന്നമായ ഒരു കുലീന ബ്രാഹ്‌മണ കുടുംബമായിരുന്നു അവരുടേത്. അച്ഛന്‍ ഹരിപന്ത് ചാപേക്കര്‍ മഹാരാഷ്ട്രയിലെ പ്രശസ്തനായ ഒരു കീര്‍ത്തനക്കാരനായിരുന്നു.
അച്ഛന്‍ കീര്‍ത്തനാലാപനം ചെയ്യുമ്പോള്‍ മക്കളായ ദാമോദറും ബാലകൃഷ്ണനും പിന്നില്‍ നിന്ന് പക്കമേളം വായിക്കുമായിരുന്നു. കുട്ടിക്കാലം മുതലേ മൂന്നു സഹോദരന്മാരും കളികളിലും കായികാഭ്യാസങ്ങളിലും വലിയ താല്‍പര്യം കാണിച്ചിരുന്നു. ഇത് അവരില്‍ ധൈര്യവും സാഹസിക മനോഭാവവും വളര്‍ത്തി.
പട്ടാളക്കാരനാകാന്‍ ദാമോദര്‍ വളരെയേറെ ആഗ്രഹിച്ചു. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സ്വന്തമായി ഒരു ജിംനേഷ്യവും ക്ലബ്ബും നടത്തിയിരുന്ന അദ്ദേഹം ലോകമാന്യ തിലകന്റെ കടുത്ത ആരാധകനായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ അക്കാലത്തെ നയമനുസരിച്ച് മഹാരാഷ്ട്ര ബ്രാഹ്‌മണര്‍ക്ക്, പട്ടാളത്തില്‍ ചേരാന്‍ അനുവാദമുണ്ടായിരുന്നില്ല. ‘സൈന്യത്തില്‍ എനിക്കൊരവസരം തരൂ, ഞാന്‍ 400 ബ്രാഹ്‌മണരുടെ ഒരു കുപ്പിണി ഉണ്ടാക്കാം’ എന്ന് അയാള്‍ അധികൃതരോട് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഏതെങ്കിലും നാട്ടുരാജ്യത്തിന്റെ സൈന്യത്തില്‍ ദാമോദറിനെ എടുപ്പിക്കാന്‍ തിലകനും ശ്രമിച്ചെങ്കിലും അതും ഫലവത്തായില്ല.
പട്ടാളത്തില്‍ ചേരാനുള്ള ശ്രമം വിഫലമായെങ്കിലും ദാമോദര്‍ നിരാശനായില്ല. തന്റെ സഹോദരന്മാരേയും അനേകം ദേശസ്‌നേഹികളായ യുവാക്കളെയും ഒരുമിച്ചു ചേര്‍ത്ത് ചാപേക്കര്‍ ക്ലബ്ബിനു രൂപം നല്‍കി. തിലകനെയാണ് അവര്‍ ആദര്‍ശമൂര്‍ത്തിയായി കണ്ടിരുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ചാപേക്കര്‍ ക്ലബ്ബ് ദേശസ്‌നേഹികളായ യുവാക്കളുടെ ഒരു വലിയ കേന്ദ്രമായിത്തീര്‍ന്നു. അവര്‍ ആയുധങ്ങള്‍ ശേഖരിച്ചും അവയുടെ ഉപയോഗത്തില്‍ പരിശീലനം നേടിയും ശക്തിയുടെ ഉപാസകരായി മാറി.
1897ല്‍ ഇംഗ്ലണ്ടിലെ രാജ്ഞി വിക്‌ടോറിയയുടെ കിരീടധാരണത്തിന്റെ 60-ാം വാര്‍ഷികം അവരുടെ കോളനികളിലും വിപുലമായി ആഘോഷിക്കപ്പെട്ടു. ജനങ്ങള്‍ പ്ലേഗ് ബാധ മൂലം ദുരിതമനുഭവിച്ച കാലഘട്ടമായിരുന്നു അത്. എന്നിട്ടും നിര്‍ബ്ബന്ധിത പിരിവിലൂടെ സര്‍ക്കാരിന്റെ ഖജാന നിറയ്ക്കാനായിരുന്നു അധികൃതരുടെ ശ്രമം. ആ വര്‍ഷം റിക്കാര്‍ഡ് പിരിവ് നടത്തിയത് ബ്രിട്ടീഷ് ഭരണത്തിന്റെ കരാളമുഖം തുറന്നുകാണിക്കുന്നു. ആകെ 97,32,000 രൂപ റവന്യൂ പിരിവു നടത്തി. 1893-94 വര്‍ഷത്തെ അപേക്ഷിച്ച് 2,20,400 രൂപ കൂടുതലായിരുന്നു ഇത്. എന്നിട്ടും ബ്രിട്ടീഷുകാരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാനും അവരെ സ്തുതിക്കാനുമായിരുന്നു നമ്മുടെ നാട്ടിലെ പലര്‍ക്കും താല്പര്യം.
പക്ഷെ കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയ ദാമോദര്‍ ചാപേക്കര്‍ സ്വന്തം നിലയില്‍ ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്തുകൊണ്ടിരുന്നു. ഇംഗ്ലീഷുകാര്‍ക്ക് ആരാണെന്നു പോലും കണ്ടുപിടിക്കാന്‍ കഴിയാത്ത തരത്തില്‍ നാട്ടില്‍ നടത്തിയ പല പ്രതിഷേധങ്ങളുടെയും പിന്നില്‍ താനായിരുന്നുവെന്ന് ദാമോദര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ബോംബെയില്‍ വിക്‌ടോറിയയുടെ മാര്‍ബിള്‍ പ്രതിമയുടെ മുഖത്ത് കരിതേച്ച് ചെരിപ്പുമാല അണിയിച്ചതും ഇതില്‍പെടും.
സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളില്‍ ദാമോദര്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കവേയാണ് പ്ലേഗ് ബാധയും റാന്‍ഡിന്റെ കടുത്ത നടപടികളും ഉണ്ടാകുന്നത്. അദ്ദേഹം ഇതില്‍ അങ്ങേയറ്റം ക്ഷുഭിതനായിരുന്നു. അയാളും സഹോദരന്മാരും ചേര്‍ന്ന് റാന്‍ഡിനെ ശിക്ഷിക്കാന്‍ തീര്‍ച്ചയാക്കി. അതീവ രഹസ്യമായി ആയുധങ്ങള്‍ സംഭരിക്കുകയും റാന്‍ഡിനെ വധിക്കാന്‍ ആവശ്യമായ ആസൂത്രണം നടത്തുകയും ചെയ്തു.
1897 ജൂണ്‍ 22 ചൊവ്വാഴ്ചയാണ് പൂനെയില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടധാരണത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ നടന്നത്. റാന്‍ഡിനെ ശിക്ഷിക്കാന്‍ ആ ദിവസം തന്നെയാണ് ദാമോദറും കൂട്ടുകാരും തെരഞ്ഞെടുത്തത്; ദിവസങ്ങള്‍ക്കുമുമ്പ് റാന്‍ഡിന്റെ നീക്കങ്ങള്‍ അവര്‍ ശ്രദ്ധിച്ചു മനസ്സിലാക്കിയിരുന്നു. ഭിഡെ എന്ന ഒരു സുഹൃത്തും ഇക്കാര്യത്തില്‍ അവരെ സഹായിച്ചു. കണ്ടാല്‍ പാവമായിരുന്ന അയാള്‍ക്ക് സര്‍ക്കാര്‍ മന്ദിരത്തിലും മറ്റും അനായാസമായി പോകാന്‍ കഴിഞ്ഞിരുന്നു. ആഘോഷപരിപാടിയുടെ എല്ലാ വിശദാംശങ്ങളും ഭിഡേ ദാമോദറിനെ അറിയിച്ചു.
അങ്ങനെ ആ ദിവസം വന്നെത്തി. അന്ന് സര്‍ക്കാര്‍ മന്ദിരത്തില്‍ റാന്‍ഡ് അടക്കമുള്ള ഇംഗ്ലീഷുകാര്‍ക്ക് ഗംഭീര സ്വീകരണവും വിരുന്നും ഏര്‍പ്പാടു ചെയ്തിരുന്നു. പരിസരമാകെ ദീപാലങ്കാരങ്ങള്‍ നടത്തിയിരുന്നു. അന്നു പകല്‍ മുഴുവന്‍ ദാമോദര്‍ വീട്ടില്‍ ഉപവസിക്കുകയും തന്റെ ദൗത്യത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. സന്ധ്യയോടെ അനുജന്‍ ബാലകൃഷ്ണനുമൊത്ത് വേണ്ടത്ര ആയുധങ്ങളുമെടുത്ത് നേരത്തെ നിശ്ചയിച്ച സ്ഥലത്തേക്കു പോയി.
കൃത്യം 7.30ന് റാന്‍ഡ് സര്‍ക്കാര്‍ മന്ദിരത്തിന്റെ അകത്തേക്ക് പോകുന്നത് അവര്‍ കണ്ടു. എങ്ങും പ്രകാശം നിറഞ്ഞുനില്‍ക്കുന്ന ആ സമയം തങ്ങളുടെ കൃത്യത്തിനു പറ്റിയതായി അവര്‍ക്കു തോന്നിയില്ല. പരിപാടി കഴിയുന്നതുവരെ അവര്‍ കാത്തിരുന്നു. 11.30 ആയപ്പോള്‍ ദാമോദര്‍ മുഖ്യകവാടത്തിനുസമീപം നിലയുറപ്പിച്ചു. റോഡില്‍ അല്പം അകലത്തായി ബാലകൃഷ്ണയും നിന്നു. രണ്ടു പേരുടെ കൈയിലും പിസ്റ്റള്‍ ഉണ്ടായിരുന്നു. റാന്‍ഡ് ഒരു തരത്തിലും രക്ഷപ്പെടരുത് എന്ന് ഉറപ്പിച്ചിരുന്നതിനാല്‍ മുന്നില്‍ കിട്ടിയാല്‍ രണ്ടുപേരും വെടിവെക്കണമെന്നായിരുന്നു തീരുമാനം. പുറത്തിറങ്ങുന്ന ഓരോ സായിപ്പിനെയും അയാള്‍ നിരീക്ഷിച്ചു. പെട്ടെന്നാണ് റാന്‍ഡിന്റെ കുതിരവണ്ടി മുന്നില്‍ പെട്ടത്. അത് റോഡിലേക്കിറങ്ങുന്നതുവരെ ദാമോദര്‍ കാത്തുനിന്നു. തൊട്ടുപിന്നാലെ റാന്‍ഡിന്റെ അംഗരക്ഷകന്‍ ലഫ്.അയേഴ്സ്റ്റും ഭാര്യയും മറ്റൊരു വണ്ടിയിലുണ്ടായിരുന്നു.
റാന്‍ഡിന്റെ വണ്ടി റോഡിലൂടെ മുന്നോട്ടെടുത്തതും ദാമോദര്‍ അതിന്റെ പിന്നാലെ ഓടാന്‍ തുടങ്ങി. പിന്നിലൂടെ ചാടി വണ്ടിയില്‍ കയറിയതും റാന്‍ഡിന്റെ പിന്നില്‍ വെടിവെച്ചതും ഒരുമിച്ചായിരുന്നു. കുതിരവണ്ടിക്കാരന്‍ ഉറക്കെ കരയാന്‍ തുടങ്ങി. വെടിവെച്ചശേഷം ദാമോദര്‍ ഓടിമറയുന്നത് പിന്നാലെയെത്തിയ അയേഴ്‌സ്റ്റ് കണ്ടു. പടക്കം പൊട്ടിച്ചതാണെന്നാണ് അയാള്‍ വിചാരിച്ചത്.
അതേസമയം റോഡരികില്‍ നിന്നിരുന്ന ബാലകൃഷ്ണ അയേഴ്‌സിറ്റിന്റെ വണ്ടിയില്‍ ചാടിക്കയറി അയാളുടെ തലയ്ക്കു പിന്നില്‍ വെടിവെച്ചു. ഭാര്യയുടെ മടിയിലേക്കു മറിഞ്ഞുവീണ അയാള്‍ തല്‍ക്ഷണം മരിച്ചു. നഗരമാകെ മരണത്തിന്റെ കരിനിഴല്‍ പടര്‍ത്തിയ കാളരാത്രിയായിരുന്നു അത്. വെടിയൊച്ച കേട്ട് വെകിളി പിടിച്ച കുതിരകള്‍ വണ്ടികളും കൊണ്ടു പാഞ്ഞു. അവയെ നിയന്ത്രിക്കാന്‍ കഴിയാതെ വണ്ടിക്കാര്‍ മുറവിളി കൂട്ടി. റാന്‍ഡിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പതിനൊന്ന് ദിവസം മരണത്തോട് മല്ലടിച്ചശേഷം 1879 ജൂലായ് 3ന് കുപ്രസിദ്ധനായ ആ കമ്മീഷണര്‍ അന്ത്യശ്വാസം വലിച്ചു. ചാപേക്കര്‍ സഹോദരന്മാരുടെ വിജയം സുനിശ്ചിതമായിരുന്നു.
(തുടരും)