- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
- സനാതന ധര്‍മ്മത്തിന്റെ ശംഖൊലി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 7)
പൂനെയിലെ ഇരട്ടക്കൊലപാതകം ബ്രിട്ടീഷ് സിംഹാസനത്തെ പിടിച്ചുലച്ചു. ഭാരതീയരോട് ക്രൂരത കാണിക്കുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കുള്ള ശക്തമായ താക്കീതായിരുന്നു അത്. അടുത്ത പ്രഭാതത്തില്‍ സര്‍ക്കാര്‍ മന്ദിരത്തിലേക്കുള്ള വഴികളെല്ലാം അടച്ചു. സമീപസ്ഥലത്തു നിന്ന് രണ്ടും വാളുകളും മറ്റും കിട്ടിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ അവ സഹായിച്ചില്ല.
കൊലപാതകത്തെപ്പറ്റി അന്വേഷിക്കാന്‍ ബോംബെ സര്‍ക്കാര്‍ വലിയൊരു സംഘം ഉദ്യോഗസ്ഥരെ ഇംഗ്ലണ്ടില്‍ നിന്നും വരുത്തി. രഹസ്യ വിഭാഗ തലവനായ ബ്രൂയിന് അന്വേഷണത്തിന്റെ പൂര്‍ണമായ ചുമതല നല്‍കി. കുറ്റം തെളിയിക്കാന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് 20,000 രൂപയുടെ ഇനാം പ്രഖ്യാപിക്കപ്പെട്ടു. പ്രവിശ്യാ സര്‍ക്കാരിന്റെ ആസ്ഥാനത്തെ വിറപ്പിക്കുകയും ആയിരക്കണക്കിനു നാഴികയകലെ സാമ്രാജ്യ തലസ്ഥാനത്തെ നടുക്കുകയും ചെയ്ത ആ സംഭവം പൂനെയിലെ നാട്ടുകാരുടെ ജീവിതത്തില്‍ ഒരു ചെറു അലപോലും ഇളക്കിയില്ല. തിലകന്റെ സാന്നിദ്ധ്യവും ശക്തമായ നേതൃത്വവും ജനങ്ങള്‍ക്കു നല്‍കിയ ആത്മവിശ്വാസമാണ് അവിടെ പ്രതിഫലിച്ചത്.
റാന്‍ഡിന്റെ മരണത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ വലിയ മര്‍ദ്ദന നടപടികള്‍ക്കു തുടക്കം കുറിച്ചു. തിലകന്‍ കേസരിയിലൂടെ ഇതിനെ ശക്തിയുക്തം എതിര്‍ത്തു. സര്‍ക്കാര്‍ തിലകനെയും വെറുതെവിട്ടില്ല. ജൂലായ് 27ന് തന്റെ സുഹൃത്തായ അഡ്വ.ദാജി ആബാ ജിയുമൊത്ത് ബോംബയിലെത്തിയ തിലകനെ ഗവര്‍ണര്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. റാന്‍ഡിന്റെ കൊലപാതകം നടത്തിയ പ്രതികളെ കിട്ടാത്തതിന്റെ വാശിയാണ് അവര്‍ തിലകനോട് തീര്‍ത്തത്.
പൂനെയിലെ രഹസ്യാന്വേഷണവകുപ്പ് ക്രമേണ കൊലപാതകത്തിന്റെ ചുരുളുകളഴിച്ചു. ചാപേക്കര്‍ ക്ലബ്ബില്‍പെട്ട ഗണേശ് ശങ്കര്‍ ദ്രവിഡ് എന്നയാളെ അന്വേഷണോദ്യോഗസ്ഥനായ ബ്രൂയിന്‍ പ്രലോഭനത്തില്‍ കുടുക്കി. ദാമോദറാണ് റാന്‍ഡിന്റെ കൊലയാളിയെന്ന് അയാള്‍ വിവരം നല്‍കി. പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തി. ആഗസ്റ്റ് 9ന് ദാമോദറിനെ അറസ്റ്റു ചെയ്തു. പക്ഷെ ബാലകൃഷ്ണ അപ്രത്യക്ഷനായി.
ദാമോദറിനെ കോടതി വിചാരണ ചെയ്തു. കുറ്റം സമ്മതിച്ച അയാള്‍ താന്‍ ഇതൊരു കുറ്റമായി കാണുന്നില്ലെന്നു പറഞ്ഞു. റാന്‍ഡിന്റെ ക്രൂരതകള്‍ക്കു പരിഹാരം കാണാന്‍ മറ്റൊരു വഴി ഉണ്ടായിരുന്നില്ല. ദേശസ്‌നേഹിയെന്ന നിലയില്‍ റാന്‍ഡിനെ വധിക്കേണ്ടത് തന്റെ കടമയാണെന്നായിരുന്നു ദാമോദറിന്റെ നിലപാട്. കോടതി അയാള്‍ക്ക് വധശിക്ഷയാണ് വിധിച്ചത്. ഹൈക്കോടതിയില്‍ അപ്പില്‍ പോയെങ്കിലും ഫലമുണ്ടായില്ല.
തൂക്കുമരവും പ്രതീക്ഷിച്ച് ജയിലില്‍ കഴിയവേ അതേ ജയിലില്‍ കഴിയുന്ന തിലകനെ കാണാന്‍ ദാമോദര്‍ അധികൃതരോട് അപേക്ഷിച്ചു. അപേക്ഷ അനുവദിക്കപ്പെട്ടു. തിലകനെ കണ്ടപ്പോള്‍ രണ്ട് ആവശ്യങ്ങളാണ് ദാമോദര്‍ ഉന്നയിച്ചത്. തിലകന്റെ ഗീതാരഹസ്യത്തിന്റെ ഒരു കോപ്പി തരണമെന്നായിരുന്നു ഒന്നാമത്തെ ആവശ്യം. തന്റെ മൃതദേഹം സാധാരണക്കാരെ കൊണ്ട് സംസ്‌ക്കരിപ്പിക്കണം എന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. രണ്ടും തിലകന്‍ സാധിച്ചുകൊടുത്തു.
അധികൃതരുടെ അനുവാദം വാങ്ങി തിലകന്‍ തന്റെ ഗീതാരഹസ്യത്തിന്റെ ഒരു കോപ്പി ഒപ്പിട്ട് ദാമോദറിനു നല്‍കി. തിലകന്‍ നല്‍കിയ ഗീത കൈയില്‍ പിടിച്ചുകൊണ്ട്, ‘ദേഹിനോƒസ്മിന്‍ യഥാ ദേഹേ, കൗമാരം യൗവനം ജരാ, തഥാ ദേഹാന്തരപ്രാപ്തി, ധീരസ്തത്ര ന മുഹ്യതി’ എന്ന ഗീതാശ്ലോകം ചൊല്ലിക്കൊണ്ട് അയാള്‍ കൊലക്കയറിനെ സമീപിച്ചു. സ്വാതന്ത്ര്യത്തിന്റെ ബലിവേദിയില്‍ ഒരു യോദ്ധാവ് കൂടി ബലിയര്‍പ്പിക്കപ്പെട്ടു. 1898 ഏപ്രില്‍ 18നാണ് ദാമോദറിനെ തൂക്കിക്കൊന്നത്.
ദാമോദറിന്റെ ആഗ്രഹപ്രകാരം തിലകന്‍ കേസരിയുടെ മാനേജരായ വിദ്വാംസിനെ കൊണ്ട് മൃതദേഹം ഏറ്റെടുപ്പിക്കുകയും വൈദിക ചടങ്ങുകളോടെ തന്നെ സംസ്‌ക്കരിക്കുകയും ചെയ്തു.
റാന്‍ഡിനെ വധിച്ചശേഷം ബാലകൃഷ്ണ ചാപേക്കര്‍ പൂനെയില്‍ നിന്ന് ഹൈദരാബാദിലേക്ക് കടന്ന് അവിടെ ഒരു കാട്ടിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. അധികകാലം അങ്ങനെ കഴിയാന്‍ അയാള്‍ ആഗ്രഹിച്ചില്ല. പൂനെയിലേക്കു മടങ്ങുന്നതിനിടയില്‍ പോലീസിന്റെ പിടിയിലായി. കോടതി വിചാരണയ്ക്കുശേഷം ബാലകൃഷ്ണയെയും തൂക്കിക്കൊല്ലാന്‍ വിധിച്ചു. വിധി കേട്ടപ്പോള്‍ ‘വളരെ നന്നായി’ എന്നു മാത്രമാണ് അയാള്‍ പറഞ്ഞത്.
അതിനിടെ ഇളയ ചാപേക്കര്‍ സഹോദരന്‍ വാസുദേവിനെയും പോലീസ് പിന്തുടര്‍ന്നിരുന്നു. പക്ഷെ അയാളെ പ്രതിയാക്കിയിരുന്നില്ല. നിത്യേന പോലീസ് സ്റ്റേഷനില്‍ വന്ന് ഒപ്പിടണമായിരുന്നു. വാസുദേവിനെ ബ്രൂയിന്‍ ചോദ്യം ചെയ്തിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാലകൃഷ്ണയ്‌ക്കെതിരെ മുഖ്യസാക്ഷിയായി അയാളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ നിശ്ചയിച്ചു.
വിചാരണ ആരംഭിച്ചതോടെ കൊലക്കുറ്റത്തില്‍ ജ്യേഷ്ഠനെതിരെ മുഖ്യസാക്ഷിയാകേണ്ടി വന്നതില്‍ വാസുദേവ് ദുഃഖിച്ചു. ചാപേക്കര്‍ ക്ലബ്ബിലെ ദേശസ്‌നേഹനിര്‍ഭരമായ അന്തരീക്ഷത്തില്‍ വളര്‍ന്ന അയാള്‍ വിധിക്കു കീഴടങ്ങാനല്ല, അതിനെ ലംഘിക്കാനാണ് നിശ്ചയിച്ചത്. ജ്യേഷ്ഠനോടൊപ്പം തൂക്കിലേറാന്‍ ആഗ്രഹിച്ചു. സ്വാതന്ത്ര്യസമരത്തില്‍ ഏര്‍പ്പെട്ട യുവാക്കളെ ഏതാനും ആയിരങ്ങളുടെ പ്രലോഭനത്തില്‍ ഒറ്റിക്കൊടുത്ത ദ്രാവിഡ് സഹോദരന്മാരെ ശിക്ഷിക്കാനും തീരുമാനിച്ചു.
അതിനിടെ ഒറ്റിക്കൊടുത്തതിനു പ്രതിഫലമായി നല്‍കേണ്ട 20,000 രൂപ നല്‍കാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നതുമൂലം ദ്രാവിഡ് സഹോദരന്മാരുമായുള്ള അവരുടെ ബന്ധം വഷളാകാന്‍ തുടങ്ങി. മാത്രമല്ല സമൂഹം അവരെ വെറുപ്പോടും അറപ്പോടും കൂടി വീക്ഷിക്കാനും തുടങ്ങി. പ്രതിഫലമായി 5,000 രൂപ വീതം അവര്‍ക്ക് ലഭിച്ചെങ്കിലും പലരും ‘കഴുത്തറപ്പന്‍’ എന്നു വിളിക്കാന്‍ തുടങ്ങിയതോടെ കുടുംബത്തിലെ വരും തലമുറകള്‍ക്കുപോലുമുള്ള നിത്യശാപമാണ് ഏറ്റുവാങ്ങിയതെന്ന് ക്രമേണ അവര്‍ക്കു ബോദ്ധ്യമായി.
ദ്രാവിഡ് സഹോദരന്മാരോട് പ്രതികാരം ചെയ്യാന്‍ വാസുദേവ് തയ്യാറെടുത്തു. ചാപേക്കര്‍ ക്ലബ്ബില്‍ പോയി സാഠേ, റാനഡേ എന്നീ രണ്ടുപേരുടെ വിശ്വാസമാര്‍ജ്ജിച്ചു. അവരുടെ സഹായത്തോടെ കരുക്കള്‍ നീക്കി. 1899 ഫെബ്രുവരി 8ന് രാത്രി 9 മണിക്ക് വാസുദേവും റാനഡെയും പഞ്ചാബി വേഷത്തില്‍ ദ്രാവിഡിന്റെ വീട്ടിലെത്തി വാതിലില്‍ മുട്ടി. ഭിഡെ വഴിയില്‍ കാത്തുനിന്നു. വാതില്‍ തുറന്ന, ദ്രാവിഡിനോട് ബ്രൂയിന്റെ അടുത്തുനിന്നുവരികയാണെന്നും ഉടനെ പോലീസ് ചൗക്കിയിലെത്താന്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. ദ്രാവിഡ് പെട്ടെന്നു വിശ്വസിക്കുന്ന കളവായിരുന്നു അവര്‍ പറഞ്ഞത്. കേട്ട ഉടനെ ദ്രാവിഡ് സഹോദരന്മാര്‍ വാസുദേവിനോടൊപ്പം പുറത്തേക്കിറങ്ങി.
ഏതാണ്ട് നൂറടി നടന്ന് റോഡിലെ വളവു തിരിഞ്ഞപ്പോള്‍ വാസുദേവും റാനഡെയും തിരിഞ്ഞു നിന്ന് അവര്‍ക്കു നേരെ നിറയൊഴിച്ചു. ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടുമ്പോഴേക്കും വാസുദേവും കൂട്ടരും ഇരുളില്‍ മറഞ്ഞു. വെടികൊണ്ട് രക്തത്തില്‍ കുളിച്ചു വീണ രണ്ടുപേരെയും ആശുപത്രിയിലാക്കിയെങ്കിലും പിറ്റെ ദിവസം അന്ത്യശ്വാസം വലിച്ചു.
ഒരു ഇരട്ടക്കൊലപാതകം കൂടി നടന്നതോടെ പൂനെ നഗരം അക്ഷരാര്‍ത്ഥത്തില്‍ ഭയന്നു വിറച്ചു. റാന്‍ഡിന്റെ വധത്തെ തുടര്‍ന്നുണ്ടായ ഭീതിജനകമായ അവസ്ഥ നഗരം ഒരിക്കല്‍ക്കൂടി അനുഭവിച്ചു. ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മാപ്പുസാക്ഷിയെ വകവരുത്തിയ സംഭവങ്ങളില്‍ ഒന്നാണിത്.
ദ്രാവിഡ് സഹോദരന്മാരുടെ കൊലപാതകത്തെത്തുടര്‍ന്ന് പ്രതികളെ കണ്ടുപിടിക്കാന്‍ പോലീസ് നഗരം മുഴുവന്‍ അരിച്ചുപൊറുക്കി. ചാപേക്കര്‍ ക്ലബ്ബ് അംഗങ്ങളെ മുഴുവന്‍ അറസ്റ്റു ചെയ്തു. ഇതില്‍ വാസുദേവും റാനഡെയും ഭിഡേയും ഉള്‍പ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ വാസുദേവ് പോലീസിന്റെ ഇരട്ടക്കുഴല്‍ തോക്കെടുത്ത് ബ്രൂയിനെയും മറ്റും വെടിവെക്കാന്‍ നോക്കിയത് ഉദ്വേഗജനകമായ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. പോലീസിനു നല്‍കിയ മൊഴിയില്‍ ജ്യേഷ്ഠന്‍ ദാമോദറിനെ ഒറ്റിക്കൊടുത്തതിന്റെ പകവീട്ടാനാണ് താനിതു ചെയ്തതെന്ന് വാസുദേവ് പറഞ്ഞു. കൊലയ്ക്കുപയോഗിച്ച റിവോള്‍വര്‍ റാനഡെയുടെ വീട്ടില്‍ നിന്നു പോലീസ് കണ്ടെടുത്തു.
പോലീസുകാര്‍ വരുന്നുണ്ടോ എന്നു നിരീക്ഷിച്ചു മുന്നറിയിപ്പു നല്‍കുക മാത്രമായിരുന്നു തന്റെ പങ്ക് എന്ന് സാഠേ കുറ്റസമ്മതം നല്‍കി. വിചാരണയ്ക്കുശേഷം ബാലകൃഷ്ണ, വാസുദേവ് എന്നീ ചാപേക്കര്‍ സഹോദരന്മാരും റാനഡെയും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. സാഠേയ്ക്ക് ഏഴു വര്‍ഷത്തെ കഠിനതടവും ലഭിച്ചു. 1899 മെയ് 8ന് വാസുദേവിനെയും മെയ് 9ന് റാനഡെയെയും മെയ് 12ന് ബാലകൃഷ്ണയെയും തൂക്കിക്കൊന്നു. അങ്ങനെ സ്വാതന്ത്ര്യസമരത്തിലെ ഐതിഹാസികമായ ഒരു സംഭവത്തിനു തിരശ്ശീല വീണു.
വിചാരണയിലുടനീളം പ്രസന്നവദരരായാണ് ചാപേക്കര്‍ സഹോദരന്മാര്‍ പ്രതിക്കൂട്ടില്‍ നിന്നത്. വധശിക്ഷ വിധിക്കപ്പെട്ടപ്പോഴും ഒരു തരത്തിലുള്ള വിഷാദഭാവവും അവര്‍ക്കും റാനഡെയ്ക്കും ഉണ്ടായിരുന്നില്ല. അഭിമാനപൂര്‍വ്വം പ്രാര്‍ത്ഥനകളോടെയാണ് അവര്‍ കഴുമരത്തെ സമീപിച്ചത്.

രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തന്റെ മൂന്നു മക്കളെയും സമര്‍പ്പിച്ച അവരുടെ അമ്മയും ധീരയായ ഒരു വനിതയായിരുന്നു. വിവരമറിഞ്ഞ ഭഗിനി നിവേദിത പൂനെയില്‍ വന്ന് ആ അമ്മയെ സന്ദര്‍ശിച്ച് പ്രണാമങ്ങള്‍ അര്‍പ്പിച്ചു. പ്രാര്‍ത്ഥനയും പൂജയുമായി ഒരു ഭക്തയുടെ ജീവിതം നയിക്കുകയായിരുന്നു അവര്‍. ആശ്വാസവചനങ്ങള്‍ക്ക് പ്രസക്തിയുണ്ടായിരുന്നില്ല. പരാതിയോ ദുഃഖമോ അവര്‍ക്കുണ്ടായിരുന്നില്ല. അവരിലൂടെ ഭാരതത്തിന്റെ മഹത്വം ഒരിക്കല്‍കൂടി ഭഗിനി നിവേദിതയ്ക്ക് ബോദ്ധ്യമായി. ഭാരതമാതാവിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ തയ്യാറായി മുന്നോട്ടുവന്ന അനേകം അമ്മമാരുടെ പ്രതിനിധിയായിരുന്നു അവര്‍. ഇത്തരം ധീരരായ അമ്മമാരിലൂടെ ഭാരതമാതാവ് തന്റെ മുന്നോട്ടുള്ള പ്രയാണം തുടര്‍ന്നു.
(തുടരും)