- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയവര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 29)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
ദീര്‍ഘകാലത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഫലമായി 1947 ആഗസ്റ്റ് 15-ന് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നിര്‍ഭാഗ്യവശാല്‍ രാജ്യം രണ്ടായി വെട്ടിമുറിക്കപ്പെട്ടു. ഭാരതത്തെ മാതാവായി കണ്ട് പൂജിച്ചിരുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വേദനാജനകമായിരുന്നു ഈ വിഭജനം. വന്ദേമാതരം ഉദ്‌ഘോഷിച്ചു കൊണ്ട് സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച നിരവധി വിപ്ലവകാരികളുടെ ജന്മദേശങ്ങള്‍ ഒറ്റ രാത്രികൊണ്ട് നമുക്ക് അന്യാധീനമായി. ഇക്കൂട്ടത്തില്‍ ഒരു പ്രദേശമായിരുന്നു പാകിസ്ഥാനില്‍ ഉള്‍പ്പെട്ടു പോയ സിന്ധ്. അവിടുത്തെ ഒരു വീരവിപ്ലവകാരിയായിരുന്നു ഹേമു കലാനി.
1924 മാര്‍ച്ച് 11 ന് സിന്ധിലെ സുക്കൂര്‍ പട്ടണത്തില്‍ പെസുമല്‍ കലാനിയുടെയും ജെതി ബായിയുടെയും മകനായാണ് ഹേമു കലാനി ജനിച്ചത്. കുട്ടിക്കാലത്തു തന്നെ സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായ ഹേമുവിന്റെ ആദര്‍ശ പുരുഷന്‍ ഭഗത്‌സിംഗ് ആയിരുന്നു. ഭഗത്‌സിംഗിനെ തൂക്കിലേറ്റിയപ്പോള്‍ അദ്ദേഹം അനുഭവിച്ച വേദന അറിയുന്നതിന് ഹേമു സ്വയം കഴുത്തില്‍ കയറുമുറുക്കി നോക്കുമായിരുന്നു. തിലക് മുന്‍സിപ്പല്‍ ഹൈസ്‌കൂളിലെ ഹെഡ് മാസ്റ്റര്‍ ഡോ.മംഗാറാം ഒരിക്കല്‍ ഹേമു അപകടകരമായ ഈ കൃത്യം ചെയ്യുന്നതു കണ്ടു. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ ഭഗത്‌സിംഗിനെയും സഹപ്രവര്‍ത്തകരെയും പോലെ തനിക്കും ഒരു ദിവസം രാജ്യത്തിനു വേണ്ടി തൂക്കിലേറണമെന്ന് ഹെമു പറഞ്ഞു.
സ്വരാജ്യ സേന എന്ന പേരില്‍ ഒരു സംഘടന മംഗാറാം തുടങ്ങിയിരുന്നു. ദേശസ്‌നേഹത്താല്‍ പ്രചോദിതനായി ഹേമുവിനെ കണ്ടതില്‍ അദ്ദേഹം സന്തോഷിക്കുകയും സംഘടനയില്‍ അംഗമാക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദേശസ്‌നേഹവും അച്ചടക്കവും വളര്‍ത്തുകയായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം.
ഒരിക്കല്‍ ഹേമുവിന്റെ പിതാവ് പട്ടണത്തിലൂടെ നടക്കുമ്പോള്‍ രണ്ടു ബ്രിട്ടീഷ് പോലീസുകാര്‍ നിരപരാധിയായ ഒരു ഇന്ത്യക്കാരനെ നിര്‍ദ്ദയം മര്‍ദ്ദിക്കുന്നതു കണ്ടു. ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ അവര്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. വിവരമറിഞ്ഞ് രോഷാകുലനായ ഹേമു കൈത്തോക്കുമായി പോലീസ് സ്റ്റേഷനിലേക്കു പുറപ്പെട്ടു. വഴിയില്‍ വെച്ച് ഡോ. മംഗാറാമിനെ കണ്ടു. അദ്ദേഹം ഹേമുവിനെ ശാന്തനാക്കി തിരിച്ചയച്ചു.
ഹേമുവിന് വളരെ നല്ല ശാരീരികക്ഷമത ഉണ്ടായിരുന്നു. നന്നായി വ്യായാമം ചെയ്യുമായിരുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകുകയുള്ളൂ എന്ന് ഹേമുവിന് അറിയാമായിരുന്നു.
സുക്കൂര്‍ പട്ടണത്തില്‍ ബ്രിട്ടീഷുകാര്‍ പതിവായി ഗുസ്തി മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ മത്സരം കാണാന്‍ പോയ ഹേമു, കരുത്തനായ ഒരു ബ്രിട്ടീഷുകാരന്‍ ഒരു ഇന്ത്യക്കാരനെ മലര്‍ത്തിയടിക്കുന്നതു കണ്ടു. അവന്‍ ബ്രിട്ടീഷുകാരനെ വെല്ലുവിളിക്കുകയും ഒടുവില്‍ അയാളെ പരാജയപ്പെടുത്തുകയും ചെയ്തു. ഈ സംഭവം നാട്ടുകാര്‍ക്കിടയില്‍ വലിയ ചലനം സൃഷ്ടിച്ചു. നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ ഒരു വലിയ പ്രകടനം നടത്തുകയും അതു കാണാനെത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സര്‍ക്കാര്‍ യോഗങ്ങള്‍ നിരോധിച്ചു. വിദ്യാര്‍ത്ഥികളും വിട്ടുകൊടുത്തില്ല. ഹേമുവിന്റെ നേതൃത്വത്തില്‍ മുന്നൂറോളം പേര്‍ സംഘടിക്കുകയും അവര്‍ നിരോധനാജ്ഞയെ വെല്ലുവിളിക്കുകയും ചെയ്തു. ഡോ. മംഗാറാമും മറ്റു നേതാക്കന്മാരും അവരെ അഭിസംബോധന ചെയ്തു.
വിദ്യാര്‍ത്ഥികള്‍ ‘സ്വാതന്ത്ര്യസേന’ എന്ന പേരില്‍ സംഘടന രൂപീകരിക്കുകയും അറസ്റ്റു ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പിറ്റെ ദിവസവും പ്രകടനം നടത്തുകയും ചെയ്തു. പോലീസ് വീണ്ടും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും നിരവധി പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ പോലീസുകാര്‍ക്കുനേരെ ഇഷ്ടിക വലിച്ചെറിഞ്ഞു. തുടര്‍ന്ന് പോലീസ് വെടിവെച്ചു. മംഗാറാമിനെയും മറ്റും അറസ്റ്റു ചെയ്തു. ഹേമുവും രണ്ടു സുഹൃത്തുക്കളും പിടികൊടുക്കാതെ ഒളിവില്‍ പോയി. അന്നു രാത്രി പോലീസുകാര്‍ ഒരു ഗ്രാമത്തിനു തീവെച്ചു. വിവരമറിഞ്ഞ് അവിടെയെത്തിയ ഹേമുവും കൂട്ടുകാരും പോലീസുകാരുടെ കൈയില്‍ നിന്ന് തോക്കു തട്ടിപ്പറിക്കുകയും നിരവധി പോലീസുകാരെ വെടിവെച്ചു കൊല്ലുകയും ചെയ്തു.
1942 ല്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ ‘പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക’ എന്ന ഒരു ആഹ്വാനം ഗാന്ധിജി ജനങ്ങള്‍ക്കു നല്‍കിയിരുന്നു. മാര്‍ഗ്ഗം ഗാന്ധിജിയുടേതില്‍ നിന്നു വിഭിന്നമായിരുന്നെങ്കിലും വിപ്ലവകാരികളെ ആവേശം കൊള്ളിച്ച ഒരു ആഹ്വാനമായിരുന്നു ഇത്. വിപ്ലവകാരിയായിരുന്ന നാഥ് ഹരി ബോംബെയില്‍ നിന്നു കൊണ്ടുവന്ന ഗ്രനേഡുകള്‍ ഉപയോഗിച്ച് അദ്ദേഹവും ഹേമുവും സിന്ധ് ജയിലിലായിരുന്ന ഡോ. മംഗാറാമിനെ രക്ഷപ്പെടുത്താന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. കൂടുതല്‍ പോലീസുകാര്‍ ഉണ്ടായിരുന്നതു കൊണ്ട് പദ്ധതി വിജയിച്ചില്ല. ഹിര എന്ന വിപ്ലവകാരി കൊല്ലപ്പെട്ടു. ഹേമുവും നാഥ് ഹരിയും പിടികൊടുക്കാതെ രക്ഷപ്പെട്ടു.
ദേശീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ആയുധങ്ങളും വെടിക്കോപ്പുകളുമായി ഒരു തീവണ്ടി സിന്ധിലേക്കു വരുന്നതായി ഒളിവിലായിരുന്ന ഹേമുവിന് വിവരം കിട്ടി. തീവണ്ടി മറിക്കാനും ആയുധങ്ങള്‍ നശിപ്പിക്കാനും വിപ്ലവകാരികള്‍ തീരുമാനിച്ചു. ഹേമുവിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര സേനയുടെ ഒരു സംഘം 1942 ഒക്ടോബര്‍ 23 ന് രാത്രി സൂക്കൂറിനടുത്തുള്ള റെയില്‍ പാളത്തിലെ ഫിഷ് പ്ലേറ്റുകള്‍ നീക്കം ചെയ്തു. ബ്രിട്ടീഷ് പോലീസിന് ഉടന്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ സംഭവ സ്ഥലത്തെത്തിയതു കൊണ്ട് തീവണ്ടി അപകടത്തില്‍ പെട്ടില്ല. സഹപ്രവര്‍ത്തകരോട് രക്ഷപ്പെടാന്‍ പറഞ്ഞ ഹേമു പോലീസിനു കീഴടങ്ങി.
സൈനിക കോടതി ഹേമുവിനെ വിചാരണ ചെയ്ത് ജീവപര്യന്തം തടവിനു ശിക്ഷിച്ചു. പക്ഷെ കേസ് ഉയര്‍ന്ന കോടതിയിലെത്തിയപ്പോള്‍ അത് വധശിക്ഷയാക്കി മാറ്റി. ഭഗത്‌സിംഗിനെ പോലെ രാജ്യത്തിനു വേണ്ടി തൂക്കിലേറ്റപ്പെടാന്‍ അവസരം ലഭിച്ചതറിഞ്ഞ ഹേമു സന്തോഷിച്ചു. തൂക്കിലേറ്റപ്പെടുന്നതിനു മുമ്പ് തന്നെ സന്ദര്‍ശിച്ച ദുഃഖിതയായ അമ്മയെ ഹേമു ആശ്വസിപ്പിച്ചത് കുട്ടിക്കാലത്ത് അമ്മ തന്നെ പഠിപ്പിച്ച ഭഗവദ്ഗീതയിലെ ആത്മാവ് അനശ്വരമാണെന്ന ഭാഗം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു. തന്റെ വരും ജന്മവും രാജ്യത്തിനു വേണ്ടി സമര്‍പ്പിക്കുമെന്ന ദൃഢപ്രതിജ്ഞയെടുത്ത ആ ധീര ദേശാഭിമാനിയെ 1943 ജനുവരി 21 ന് സുക്കൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് തൂക്കിക്കൊന്നു. ഹേമുവിന്റെ ജന്മദേശം അന്യാധീനമായെങ്കിലും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട്.
ഭായി ബാല്‍ മുകുന്ദ്
ഹേമു കലാനിയെ പോലെ വിഭജനത്തിനു ശേഷം പാകിസ്ഥാനിലായ പ്രദേശത്ത് ജനിച്ച ധീര വിപ്ലവകാരിയായിരുന്നു ഭായി ബാല്‍ മുകുന്ദ്. ഇപ്പോള്‍ പാകിസ്ഥാനിലുള്ള പഞ്ചാബിലെ ഝലം ജില്ലയില്‍ 1889 ലാണ് ബാല്‍ മുകുന്ദ് ജനിച്ചത്. അദ്ദേഹത്തിന്റെ പൂര്‍വികനായിരുന്ന ഭായി മാടി റാമും ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വ്യക്തിയായിരുന്നു. പിതാവ് ഭായി മാത്തുരാ ദാസ് ബിരുദധാരിയും അദ്ധ്യാപകനുമായിരുന്നു.
ചക്ബാല്‍ ഗ്രാമത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബാല്‍ മുകുന്ദ് ലാഹോറിലെ ഡി.എ.വി. കോളേജില്‍ ചേര്‍ന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി. കുട്ടിക്കാലം മുതല്‍ ദേശഭക്തനായിരുന്ന അദ്ദേഹം തുടര്‍ന്ന് ലാലാ ലജ്പത് റായിയുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം പിന്നാക്കം നില്‍ക്കുന്ന ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു. ഒപ്പം അദ്ധ്യാപക ജോലിയും ചെയ്തു.
വിപ്ലവകാരിയായ റാഷ് ബിഹാരി ബോസ് 1910-ല്‍ ഉത്തരഭാരതത്തില്‍ വിപ്ലവ സംഘടന രൂപീകരിക്കുന്നതിന് നിയോഗിക്കപ്പെട്ടു. ഭായി ബാല്‍ മുകുന്ദും ഈ സംഘടനയില്‍ ചേര്‍ന്നു. ക്രമേണ ലാഹോറിലെ ചുമതലക്കാരനായി. ലിബര്‍ട്ടി എന്ന പേരിലുള്ള ലഘുലേഖ വ്യാപകമായി പ്രചരിപ്പിച്ചതിന് പോലീസിന്റെ നോട്ടപ്പുള്ളിയായി. രഹസ്യമായി ദില്ലിയിലേക്കു കടന്ന അദ്ദേഹം കേംബ്രിഡ്ജ് മിഷന്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനാവുകയും വിപ്ലവ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു. ദില്ലിക്കും ലാഹോറിനുമിടയില്‍ നിരന്തരം യാത്ര ചെയ്ത ബാല്‍ മുകുന്ദ് ബോംബുകളും തോക്കുകളും ഉപയോഗിക്കുന്നതില്‍ പ്രത്യേക പരിശീലനം നേടുകയും ചെയ്തു.
1912 ലാണല്ലോ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ആഘോഷപൂര്‍വ്വം കല്‍ക്കത്തയില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റിയത്. ഇതിന്റെ ഭാഗമായി 1912 ഡിസംബര്‍ 23-ന് ഒരു ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. റാഷ് ബിഹാരി ബോസും ഭായി ബാല്‍ മുകുന്ദും അമീര്‍ ചന്ദും ചേര്‍ന്ന് ബ്രിട്ടീഷുകാരെ ഞെട്ടിക്കാന്‍ ഒരു പദ്ധതി തയ്യാറാക്കി. വൈസ്രോയി ചാള്‍സ് ഹാര്‍ഡിങ്ങ് പ്രഭുവും പത്നിയും ആനപ്പുറത്ത് സഞ്ചരിച്ചു കൊണ്ടുള്ള ഘോഷയാത്ര ചാന്ദ്‌നി ചൗക്കിലെത്തിയപ്പോള്‍ അവിടെ ഒരു ബോംബ് സ്ഫോടനം നടന്നു. വൈസ്രോയി രക്ഷപ്പെട്ടെങ്കിലും പത്‌നി സംഭവത്തില്‍ കൊല്ലപ്പെട്ടു. പുതിയ തലസ്ഥാനത്തിലും വിപ്ലവകാരികളില്‍ നിന്നുള്ള വെല്ലുവിളി ഉണ്ടാകുമെന്ന് ബ്രിട്ടീഷുകാര്‍ക്ക് മനസ്സിലായി. എങ്കിലും പ്രതികളെ പെട്ടെന്നൊന്നും അവര്‍ക്ക് പിടിക്കാനായില്ല.
1913 മെയ് 17 ന് ലാഹോറിലെ ലോറന്‍സ് ഗാര്‍ഡനില്‍ നിരവധി ഇംഗ്ലീഷ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഒരു യോഗം നടന്നിരുന്നു. അവിടെയും ഒരു ബോംബ് സ്‌ഫോടനമുണ്ടായി. കുറ്റവാളികളെ കണ്ടെത്തുന്നതിന് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ദീനാനാഥ് എന്ന ഒരു വ്യക്തിയെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചപ്പോള്‍ അയാള്‍ക്കു പിടിച്ചുനില്‍ക്കാനായില്ല. ബാല്‍ മുകന്ദിന്റെയും അമീര്‍ ചന്ദിന്റെയും പേരുകള്‍ അയാള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് 1914 ഫെബ്രുവരിയില്‍ ജോഡ്പൂരില്‍ വെച്ച് ബാല്‍ മുകുന്ദിനെ അറസ്റ്റ് ചെയ്തു.
ദല്‍ഹി ഗൂഢാലോചന കേസ് എന്നറിയപ്പെട്ടിരുന്ന ഈ കേസിന്റെ വിധി 1914 ഒക്ടോബര്‍ 5 -നാണ് പ്രസ്താവിച്ചത്. ബാല്‍ മുകന്ദ്, അമീര്‍ ചന്ദ്, അവഥ് ബിഹാരി, ബസന്ത് കുമാര്‍ വിശ്വാസ് എന്നിവരെ വധശിക്ഷക്കും ലാലാ ഹനുമന്ത് സഹായിയെ ആന്‍ഡമാനിലേക്കു നാടുകടത്താനുമാണ് ശിക്ഷിച്ചത്. വിധി കേട്ട ബാല്‍ മുകുന്ദ് ഇങ്ങനെ പറഞ്ഞു: ‘എന്റെ മുന്‍ഗാമി മാട്ടിറാമിനെപോലെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.’ 1915 മെയ് 11 ന് അമ്പാല സെന്‍ട്രല്‍ ജയിലില്‍ വെച്ച് ഭായ് ബാല്‍ മുകുന്ദിനെ തൂക്കിക്കൊന്നതോടെ സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തില്‍ മഹനായ ഒരു വിപ്ലവകാരിയുടെ ജീവിതം കൂടി ഹോമിക്കപ്പെട്ടു.
വാഞ്ചി അയ്യര്‍
രക്തസാക്ഷിത്വം വരിച്ച ധീര ദേശാഭിമാനിയായ വാഞ്ചി അയ്യര്‍ എന്ന വാഞ്ചിനാഥന്‍ ദക്ഷിണ ഭാരതത്തിലെ പ്രമുഖ വിപ്ലവകാരിയായി അറിയപ്പെടുന്നു. പുനലൂരിലെ വനംവകുപ്പ് ജീവനക്കാരനായിരുന്ന അദ്ദേഹം തിരുനെല്‍വേലി കളക്ടറായിരുന്ന ആഷിനെ വെടിവച്ചുകൊന്നശേഷം ആത്മാഹുതി ചെയ്തു. സ്വാതന്ത്ര്യ സമരരംഗത്തെ വിപ്ലവകാരികളില്‍ പ്രമുഖനായ വി.വി.എസ്.അയ്യരുടെ അനുയായിയായിരുന്നു വാഞ്ചി. അദ്ദേഹത്തിന് ആയുധ പരിശീലനം നല്‍കിയതും ആഷിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയതും വി.വി. എസ്. അയ്യരാണെന്ന് പറയപ്പെടുന്നു.
ശെങ്കോട്ടയിലെ രഘുപതി അയ്യരുടെയും രുക്മിണി അമ്മാളുടെയും മകനായി 1884 ലാണ് വാഞ്ചിനാഥന്‍ ജനിച്ചത്. ശങ്കരനെന്നായിരുന്നു യഥാര്‍ത്ഥ പേര്. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരത്തെ മൂലം തിരുനാള്‍ മഹാരാജ കോളേജില്‍ നിന്ന് എം.എ ബിരുദം നേടി, സര്‍ക്കാരില്‍ ഉയര്‍ന്ന ഉദ്യോഗം നേടി. കോളേജ് പഠന കാലത്തു തന്നെ പൊന്നമ്മാളെ വിവാഹം കഴിച്ചിരുന്നു.
1911 ജൂണ്‍ 17ന് തിരുനെല്‍വേലി ജില്ലാ കളക്ടറായിരുന്ന ആഷ് കുടുംബ സമേതം കൊടൈക്കനാലിലേക്കുള്ള യാത്രാ മദ്ധ്യേ മണിയാച്ചി സ്റ്റേഷനിലെത്തി. ഒന്നാം ക്ലാസ് കമ്പാര്‍ട്ട്‌മെന്റില്‍ സിലോണ്‍ ബോട്ട് മെയില്‍ കാത്തിരുന്ന ആഷിനെ ബല്‍ജിയന്‍ നിര്‍മ്മിത ബ്രൗണിംഗ് പിസ്റ്റള്‍ ഉപയോഗിച്ച് അടുത്തു നിന്ന് വാഞ്ചി വെടിവെച്ചു. നെഞ്ചില്‍ വെടിയേറ്റ ആഷ് ഉടനെ മരിച്ചു. അടുത്തുള്ള ശൗചാലയത്തിലേക്ക് ഓടിക്കയറിയ വാഞ്ചിയെ വായ്ക്കുള്ളില്‍ വെടിവച്ച് മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തി. ഭാരത് മാതാ അസോസിയേഷന്‍ സംഘടനാംഗമായിരുന്നു വാഞ്ചി. ബ്രിട്ടീഷ് സിംഹാസനത്തെ വിറപ്പിച്ച വിപ്ലവകാരികളില്‍ വാഞ്ചി അയ്യര്‍ക്കും സുപ്രധാനമായ സ്ഥാനമാണുള്ളത്.
ചെമ്പകരാമന്‍ പിള്ള
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി ജീവന്‍ ബലിയര്‍പ്പിച്ച മലയാളിയായിരുന്നു ചെമ്പകരാമന്‍ പിള്ള. ഇന്ത്യയെ വിദേശാധിപത്യത്തില്‍ നിന്നു മോചിപ്പിക്കാന്‍ കഴിയും എന്നുറച്ചു വിശ്വസിച്ച സ്വരാജ്യ സ്‌നേഹിയായിരുന്നു അദ്ദേഹം.
1891 സപ്തംബര്‍ 15ന് തിരുവനന്തപുരത്തു ജനിച്ചു. ഇപ്പോള്‍ ഏജീസ്സ് ഓഫീസ് ഇരിക്കുന്ന സ്ഥലത്തായിരുന്നു വീട്. പോലീസ് കോണ്‍സ്റ്റബിള്‍ ചിന്നസ്വാമിപിള്ളയുടെയും നാഗമ്മാളിന്റെയും മകനായിരുന്നു. ഗാന്ധാരി അമ്മന്‍കോവിലിനടുത്തുള്ള സ്‌കൂളിലായിരുന്നു പഠനം.
സ്ട്രിക്ള്‍ലാണ്ട് എന്ന യൂറോപ്യനുമായി പരിചയത്തിലായി. 1907 ല്‍ അദ്ദേഹം മടങ്ങിയപ്പോള്‍ ചെമ്പകരാമനേയും കൂടെ കൊണ്ടുപോയി. അവിടെ ഉന്നത പഠനം നടത്തി. ഇറ്റലിയിലും ജര്‍മ്മനിയിലും ഉപരിപഠനം നടത്തി.
ബര്‍ലിനിലെ ഇന്ത്യക്കാരെ സംഘടിപ്പിച്ചു. വീരേന്ദ്രനാഥ ചതോപാധ്യായ, ലാലാ ഹര്‍ദയാല്‍, ഭൂപേന്ദ്ര നാഥ ദത്ത്, ഡോ.പ്രഭാകര്‍, ഏ.സി.നമ്പ്യാര്‍ എന്നിവരോടൊപ്പം ഇന്ത്യന്‍ ഇന്റിപെന്റന്‍സ് കമ്മറ്റി രൂപവല്‍ക്കരിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനെ തോല്‍പ്പിക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങളില്‍ പിള്ള ഏര്‍പ്പെട്ടു. സൂറിച്ചില്‍ നിന്നും പ്രോ ഇന്ത്യ എന്നൊരു പത്രം തുടങ്ങി. ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ എംഡന്‍ എന്ന മുങ്ങിക്കപ്പലില്‍ ചെമ്പകരാമനും ഉണ്ടായിരുന്നു. 1914 സപ്തംബര്‍ 22ന് എംഡന്‍ മദ്രാസ്സില്‍ ഷെല്‍ വര്‍ഷിച്ചു.
1919 ല്‍ കാബൂളില്‍ വിപ്ലവകാരികള്‍ സ്ഥാപിച്ച സ്വതന്ത്ര ഭാരത സര്‍ക്കാരിന്റെ പ്രസിഡന്റ് ഡോ.രാജാ മഹേന്ദ്ര പ്രസാദും പ്രധാനമന്ത്രി ബര്‍കത്തുള്ളയും വിദേശകാര്യ മന്ത്രി ചെമ്പകരാമനും ആയിരുന്നു. സര്‍ദാര്‍ കെ.എം.പണിക്കര്‍, എം.എന്‍.റോയ്, ജവഹര്‍ലാല്‍ നെഹ്രു എന്നിവര്‍ ജര്‍മ്മനിയില്‍ ചെമ്പരാമന്‍പിള്ളയുടെ അതിഥികളായെത്തിയിരുന്നു. 1923-ല്‍ കെനിയയിലെ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യസമരത്തെ അനുകൂലിക്കുന്നതിനുവേണ്ടി ബര്‍ലിനില്‍ പൊതുസമ്മേളനം വിളിച്ചുകൂട്ടി. 1924 ല്‍ ഭാരതത്തില്‍ നിന്നുള്ള കൗതുക വസ്തുക്കളുടെ ഒരു പ്രദര്‍ശനം യൂറോപ്പില്‍ സംഘടിപ്പിച്ചു. ലീഗ് ഓഫ് ഒപ്രസ്ഡ്‌നേഷന്‍സ് എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. 1933ല്‍ സുഭാഷ് ബോസുമായി ബന്ധപ്പെട്ടു. ആസാദ് ഹിന്ദു ഗവണ്‍മെന്റ് അങ്ങനെയാണു രൂപമെടുക്കുന്നത്. യൂറോപ്പിലെത്തിയ മണിപ്പൂരുകാരി ലക്ഷ്മിഭായി ആയിരുന്നു ഭാര്യ.
1933ല്‍ രോഗാതുരനായി നാസികളില്‍ നിന്നും നിരവധി ഉപദ്രവങ്ങള്‍ നേരിട്ടു. അദ്ദേഹത്തിന്റെ ശരീരത്തില്‍ വിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. അതേത്തുടര്‍ന്ന് 1934 മെയ് 26 ന് ബെര്‍ലിനിലെ പ്രഷ്യന്‍ സ്റ്റേറ്റ് ഹോസ്പിറ്റലില്‍ വച്ച് 43-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു. ഇന്ത്യന്‍ പതാക പാറുന്ന കപ്പലില്‍ നാട്ടിലേക്കു മടങ്ങണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചില്ല.
1935 ല്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം ഭാര്യ മുംബൈയില്‍ കൊണ്ടു വന്നു. 1966 സപ്തംബര്‍ 19 ന് ഐ.എന്‍.എസ്., ദല്‍ഹി എന്ന യുദ്ധകപ്പലില്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം കേരളത്തില്‍ കൊണ്ടുവന്നു. 1966 ഒക്ടോബര്‍ 2ന് അത് കന്യാകുമാരിയില്‍ ഒഴുക്കപ്പെട്ടു. സ്വാതന്ത്യത്തിനു വേണ്ടിയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയ അനശ്വരനായ വിപ്ലവകാരിയായിരുന്നു ചെമ്പകരാമന്‍ പിള്ള.
(പരമ്പര അവസാനിച്ചു)
Comments