- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- സനാതന ധര്‍മ്മത്തിന്റെ ശംഖൊലി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 7)
ഗണേശോത്സവവും ശിവാജി ഉത്സവവും ജനപ്രീതി നേടുന്ന സന്ദര്‍ഭത്തില്‍ തന്നെ തിലകന്‍ കേസരിയിലൂടെ ഇവയുടെ പ്രാധാന്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. കേവലം ചടങ്ങുകള്‍ക്കപ്പുറം ആശയപരമായ സംവാദങ്ങള്‍ക്കും ഇത് ഇടയാക്കി. പല തരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടായി. ഛത്രപതി ശിവാജി നേരിട്ടതിനു സമാനമായ സാഹചര്യമാണ് നേരിടുന്നതെന്നും അതുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്തി സ്വാതന്ത്ര്യം വീണ്ടെടുക്കണമെന്നുമുള്ള ധാരണ വര്‍ദ്ധിച്ചുവന്നു.
ശിവാജിയുടെ നടപടികളുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ജനങ്ങള്‍ക്കിടയില്‍ ഉണ്ടായി. അഫ്‌സല്‍ഖാനെ അദ്ദേഹം കൊന്നത് ചതിയിലൂടെയല്ലേ, ഇത് ധര്‍മ്മത്തിനു നിരക്കുന്നതാണോ തുടങ്ങിയ ചോദ്യങ്ങള്‍ ചിലര്‍ ഉന്നയിച്ചു. എല്ലാ സംശയങ്ങള്‍ക്കും തിലകന്‍ കേസരിയിലൂടെ കൃത്യമായ ഉത്തരം നല്‍കി. അഫ്‌സല്‍ഖാന്റെ വധത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി: ”ശിവാജി അഫ്‌സല്‍ ഖാനെ വധിച്ചത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണെന്നു കരുതുക. അതു ശരിയോ തെറ്റോ എന്നാണല്ലോ ചോദ്യം. അതിനെ വിലയിരുത്തേണ്ടത് പീനല്‍ കോഡിന്റെയോ മനുസ്മൃതിയുടെയോ യാജ്ഞവല്‍ക്യസ്മൃതിയുടെയോ ഒന്നും അടിസ്ഥാനത്തിലില്ല. നിയമങ്ങള്‍ സമൂഹത്തിന്റെ നിലനില്പിനുവേണ്ടി സമൂഹം തന്നെ നിര്‍മ്മിക്കുന്നതാണ്. അവ സാധാരണ ജനങ്ങള്‍ അനുസരിക്കേണ്ടതാണ്. എന്നാല്‍ മുഴുവന്‍ സമാജത്തിന്റെയും സംരക്ഷണത്തിന്റെ ചുമതലയുള്ള മഹാരാജാക്കന്മാര്‍ക്കും എല്ലാവരുടെയും ക്ഷേമം കാംക്ഷിക്കുന്ന മഹര്‍ഷിമാര്‍ക്കും ഇവ ബാധകമല്ല. തന്റെ ഒരു വയര്‍ നിറയ്ക്കാന്‍ വേണ്ടിയല്ല ശിവാജി ജീവിച്ചത്. അദ്ദേഹം അഫ്‌സല്‍ഖാനെ വധിച്ചത് സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയാണ്. ഇത് ശരിയാണോ എന്ന ചോദ്യത്തിന്റെ ഉത്തരം മഹാഭാരതത്തില്‍ തന്നെയുണ്ട്. ഭഗവദ്ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് ധര്‍മ്മനിര്‍വ്വഹണത്തിനുവേണ്ടി സ്വന്തം ബന്ധുക്കളോട് യുദ്ധം ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഫലം കാംക്ഷിക്കാതെ ധര്‍മ്മം നിര്‍വ്വഹിക്കണമെന്നാണു പറയുന്നത്. ഭാരതത്തെ ഭരിക്കാന്‍ മ്ലേച്ഛന്മാര്‍ക്ക് (ബ്രിട്ടീഷുകാര്‍ക്ക്) ദൈവം ചെമ്പുതകിടില്‍ എഴുതിക്കൊടുത്തിട്ടൊന്നുമില്ല.”
ഗണേശോത്സവങ്ങളും ശിവാജി ഉത്സവങ്ങളും അതിന്റെ ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കെ 1895-1897 കാലഘട്ടത്തില്‍ മധ്യഭാരതത്തിലുടനീളം പ്ലേഗ് പടര്‍ന്നു പിടിച്ചത് രാജ്യത്തെ സ്ഥിതിഗതികള്‍ ഗുരുതരമാക്കി. ജനങ്ങളെ രോഗത്തില്‍ നിന്നു രക്ഷിക്കുന്നതിനു പകരം നികുതിപിരിവ് ഊര്‍ജ്ജിതമാക്കിയും കര്‍ശനനിയമങ്ങള്‍ നടപ്പിലാക്കിയും ബ്രിട്ടീഷുകാര്‍ ജനദ്രോഹനടപടികള്‍ തുടരുകയാണ് ചെയ്തത്. 1897 ഫെബ്രുവരി 4ന് പാസ്സാക്കിയ പകര്‍ച്ചവ്യാധി നിയന്ത്രണനിയമം ഉദ്യോഗസ്ഥര്‍ക്ക് അമിതമായ അധികാരങ്ങള്‍ നല്‍കി. കൂനിന്മേല്‍ കുരുവെന്നപോലെ പൂനെയിലെ പ്ലേഗ് കമ്മീഷണറായി കുപ്രസിദ്ധനായ റാന്‍ഡിനെ നിയമിച്ചത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. അയാളുടെ ക്രൂരമായ നടപടികള്‍കൊണ്ട് ജനങ്ങള്‍ അങ്ങേയറ്റം ബുദ്ധിമുട്ടിലായി. ഈ സാഹചര്യത്തിലാണ് ദേശസ്‌നേഹികളും യുവാക്കളുമായ ചാപേക്കര്‍ സഹോദരന്മാര്‍ അയാളെ വധിച്ചത്.
റാന്‍ഡിന്റെ വധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പൂനെ നഗരത്തില്‍ വലിയൊരു പോലീസ് സേനയെ നിയോഗിച്ചു. ജനങ്ങള്‍ക്കെതിരെ മര്‍ദ്ദന നടപടികള്‍ ആരംഭിച്ചു. അവര്‍ പരിഭ്രാന്തരായി. കേസരിയുടെ താളുകളിലൂടെ തിലകന്‍ ജനങ്ങളെ ആശ്വസിപ്പിക്കുകയും അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊടുക്കുകയും ചെയ്തു. അതേസമയം ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നിശിതമായ ആക്രമണം അഴിച്ചു വിടുകയും ചെയ്തു. തൂലിക പടവാളാക്കിയ ഒരു പോരാട്ടമായിരുന്നു അത്. ‘സര്‍ക്കാരിന്റെ തലച്ചോര്‍ യഥാസ്ഥാനത്തു തന്നെയോ’ തുടങ്ങിയ ശീര്‍ഷകങ്ങളോടെയാണ് കേസരിയില്‍ തിലകനെഴുതിയ മുഖപ്രസംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
കേസരിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ ഇന്ത്യന്‍ പീനല്‍കോഡിലെ 124-എ വകുപ്പുപ്രകാരം രാജ്യദ്രോഹകുറ്റം ചുമത്തി തിലകന്റെ പേരില്‍ കേസെടുത്തു. 1897 ജൂലായ് 27-ന് തന്റെ സുഹൃത്തായ അഡ്വ. ദാജി ആബാജിഖരേയുമൊത്ത് ബോംബെയിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ അറസ്റ്റുചെയ്തു. വിചാരണയ്ക്കുശേഷം 18 മാസത്തെ കഠിനതടവിനു ശിക്ഷിച്ചു. പ്രിവി കൗണ്‍സിലില്‍ അപ്പീലിന് അനുമതിക്കായി അപേക്ഷിച്ചെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു. പ്രത്യേക അനുമതിക്കായി അപേക്ഷിച്ചപ്പോള്‍ പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ അഷ്‌ക്വിത് തിലകനുവേണ്ടി ഹാജരായെങ്കിലും അനുമതി ലഭിച്ചില്ല. അങ്ങനെ 18 മാസവും തിലകന്‍ ജയിലില്‍ കഴിഞ്ഞു.
1897 നവംബറില്‍ തിലകന്‍ ജയിലില്‍ കഴിയുമ്പോഴാണ് അതേ ജയിലിലുണ്ടായിരുന്ന ദാമോദര്‍ ചാപേക്കറെ വധശിക്ഷക്കു വിധിക്കുന്നതും ശിക്ഷ നടപ്പാക്കുന്നതും. അതുകൊണ്ടാണ് തിലകന്‍ ഒപ്പിട്ട ഭഗവദ്ഗീത അദ്ദേഹത്തിന്റെ കൈയില്‍ നിന്നു തന്നെ സ്വീകരിച്ചശേഷം കൊലക്കയറിനെ സമീപിക്കാന്‍ ചാപേക്കര്‍ക്ക് കഴിഞ്ഞത്.
തിലകനെ വിട്ടയക്കാന്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. അന്താരാഷ്ട്രതലത്തിലും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായി. ഒടുവില്‍ സര്‍ക്കാര്‍ രണ്ടു നിബന്ധന വെച്ചു. ഒന്ന് – വിട്ടയച്ചാല്‍ സ്വീകരണങ്ങളില്‍ പങ്കെടുക്കരുത്. രണ്ട് – സര്‍ക്കാരിനെതിരെ ഒന്നും പറയരുത്. ഒന്നാമത്തെ നിബന്ധന തിലകന് സ്വീകാര്യമായിരുന്നു. രണ്ടാമത്തേത് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതുകൊണ്ട് 18 മാസവും ജയിലില്‍ കഴിഞ്ഞു. 1898ലെ ദീപാവലി ദിവസമായിരുന്നു തിലകന്റെ മോചനം. അത് ജനങ്ങള്‍ വിപുലമായി ആഘോഷിച്ചു. ജയില്‍വാസക്കാലത്ത് തിലകന്‍ വേദങ്ങളുടെ കാലനിര്‍ണ്ണയം നടത്തുന്ന ‘ഓറിയോണ്‍’ എന്ന ഗ്രന്ഥം രചിച്ചിരുന്നു. ഇത് ആദ്യവര്‍ഷം തന്നെ 5000 കോപ്പികള്‍ ചെലവായി. കൂടാതെ ‘ആര്‍ട്ടിക് ഹോം ഓഫ് ദ ആര്യന്‍സ്’ എന്ന ഗ്രന്ഥവും അദ്ദേഹം എഴുതിയിരുന്നു.
ലോകമാന്യതിലകനും സ്വാമി വിവേകാനന്ദനുമായി വളരെ അടുത്ത പരിചയമുണ്ടായിരുന്നു. ചിക്കാഗോ പ്രസംഗത്തിനു മുമ്പുള്ള പരിവ്രാജകകാലത്ത് വിവേകാനന്ദന്‍ (അന്നത്തെ പേര് വിദിഷാനന്ദന്‍) ഭാരതം മുഴുവന്‍ സഞ്ചരിച്ചിരുന്നുവല്ലോ. ആ യാത്രയ്ക്കിടയിലാണ് 1892-ല്‍ ഒരു ദിവസം ട്രെയിനില്‍ വെച്ച് അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. ബോംബെയില്‍ നിന്ന് പൂനെയിലേക്കുള്ള യാത്രയില്‍ രണ്ടാം ക്ലാസ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്നു തിലകന്‍. അദ്ദേഹം സ്വാമിയെ തന്റെ വീട്ടിലേക്കു ക്ഷണിക്കുകയും വിവേകാനന്ദന്‍ ഏതാനും ദിവസം തിലകന്റെ അതിഥിയായി താമസിക്കുകയും ചെയ്തു. രാജ്യം നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് അവര്‍ ആഴത്തില്‍ വിലയിരുത്തുകയും പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്തിരുന്നു. തിലകന്‍ രാഷ്ട്രീയരംഗത്തും സ്വാമിജി ആത്മീയരംഗത്തും ശക്തമായ പ്രവര്‍ത്തനം തുടരാമെന്ന ധാരണയിലെത്തിയാണ് അവര്‍ പിരിഞ്ഞത്. പിന്നീടുള്ള സ്വാമി വിവേകാനന്ദന്റെ വളര്‍ച്ച തിലകനെ വളരെ സന്തോഷിപ്പിച്ചു. പക്ഷെ 1902ല്‍ സ്വാമിജി സമാധിയായത് അത്രതന്നെ ദുഃഖിപ്പിക്കുകയും ചെയ്തു. തിലകന്‍ കേസരിയിലൂടെ സ്വാമിജിയുടെ മഹത്വം ചൂണ്ടിക്കാണിച്ചു. സ്വാമിജി തനിക്കയച്ച ഒരെഴുത്ത് 1898ല്‍ കേസരിയില്‍ നടന്ന പോലീസ് റെയ്ഡില്‍ നഷ്ടപ്പെട്ടതായും തിലകന്‍ ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു.
സ്വരാജ്യം എന്ന ആശയം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതോടൊപ്പം സ്വദേശി ഉല്പന്നങ്ങളുടെ പ്രചരണത്തിനും വിദേശവസ്തുക്കളുടെ ബഹിഷ്‌ക്കരണത്തിനും തിലകന്‍ നേതൃത്വം നല്‍കി. കേവലം ബ്രിട്ടീഷുകാരോടുള്ള എതിര്‍പ്പു മാത്രമായിരുന്നില്ല സ്വദേശി ചിന്തയ്ക്കു പ്രാധാന്യം നല്‍കാന്‍ തിലകനെ പ്രേരിപ്പിച്ചത്. ഭാരതത്തിലെ അസംസ്‌കൃത വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് ശേഖരിച്ച് ഇംഗ്ലണ്ടില്‍ കൊണ്ടുപോയി ഉല്പന്നങ്ങളാക്കി മാറ്റി ഭാരതത്തില്‍ തന്നെ കൊണ്ടുവന്ന് കൂടിയ വിലയ്ക്കു വില്‍ക്കുന്ന ഇംഗ്ലീഷുകാരുടെ മനോഭാവത്തോടുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന തരത്തിലായിരുന്നു ഇംഗ്ലീഷുകാരുടെ ക്രയവിക്രയങ്ങള്‍.
ദേശീയ വിദ്യാഭ്യാസം, സ്വദേശി ആചരണം, പൂര്‍ണ്ണസ്വരാജ് തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി തിലകന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. സ്വദേശി വിപണി, സ്വദേശ തുണി നിര്‍മ്മാണശാലകള്‍, തീപ്പെട്ടി നിര്‍മ്മാണം എന്നിവയെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. വിദേശ കടലാസുകളില്‍ പരീക്ഷയെഴുതാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ശിക്ഷയായി ചൂരലടികള്‍ ഏറ്റുവാങ്ങേണ്ടി വന്നു. വിദേശവസ്ത്രദഹനം വ്യാപകമായി. സവര്‍ക്കറെ പോലുള്ളവരുടെ നേതൃത്വത്തില്‍ ഇതിനുവേണ്ടി വലിയ തീക്കുണ്ഡങ്ങള്‍ തന്നെ ഒരുക്കി. 1895 മുതല്‍ ജംഷെഡ്ജി ടാറ്റയോടൊപ്പം ചേര്‍ന്ന് തിലകന്റെ നേതൃത്വത്തില്‍ സ്വദേശി കോ-ഓപ്പറേറ്റീവ് സ്റ്റോറുകള്‍ തുറന്നിരുന്നു.
തിലകനെ വീണ്ടും നിയമക്കുരുക്കിലാക്കാനുള്ള ഒരവസരം ബ്രിട്ടീഷ് സര്‍ക്കാരിനു വീണുകിട്ടി. ബാബാ മഹാരാജ് എന്നൊരാള്‍ തന്റെ സ്വത്തുകള്‍ തിലകന്റെ ട്രസ്റ്റിഷിപ്പിലാക്കിയിരുന്നു. ഇതിനെതിരെ അയാളുടെ ഭാര്യ കേസ് കൊടുത്തു. അതിനിടെ അയാള്‍ കൊല്ലപ്പെട്ടു. തിലകനെ കുറ്റവാളിയാക്കി ഇംഗ്ലീഷ് പത്രങ്ങള്‍ അപവാദപ്രചരണം നടത്തി. പോലീസ് അദ്ദേഹത്തെ കയ്യാമമിട്ട് റോഡിലൂടെ നടത്തി അപമാനിച്ചു. കോടതികള്‍ ശിക്ഷിച്ചെങ്കിലും പ്രിവി കൗണ്‍സില്‍ വെറുതെവിട്ടു. ഒരു ബ്രിട്ടീഷുകാരന്‍ തിലകനാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ ചെയ്യിക്കുന്നതെന്ന് ആരോപിച്ച് ലേഖനമെഴുതി. പതിനാലു വര്‍ഷം അയാള്‍ക്കെതിരെ കേസു നടത്തിയ തിലകന്‍ അയാളെക്കൊണ്ടും ലേഖനം പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങളെക്കൊണ്ടും മാപ്പു പറയിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകം വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മിതവാദി നേതാക്കളുടെ നിയന്ത്രണത്തിലായിരുന്നു. പൂര്‍ണ്ണസ്വാതന്ത്ര്യം എന്ന ലക്ഷ്യം പോലും അക്കാലത്ത് കോണ്‍ഗ്രസ്സിനുണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സിനെ സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടിയുള്ള ഒരു സമരാത്മക സംഘടനയാക്കാന്‍ മഹാരാഷ്ട്ര കേന്ദ്രമാക്കി തിലകനും പഞ്ചാബ് കേന്ദ്രമാക്കി ലാലാലജ്പത്‌റായും ബംഗാള്‍ കേന്ദ്രമാക്കി ബിപിന്‍ചന്ദ്രപാലും പരിശ്രമിച്ചു. ‘ലാല്‍, ബാല്‍, പാല്‍’ എന്നാണ് ജനങ്ങള്‍ അവരെ സ്‌നേഹപൂര്‍വ്വം വിളിച്ചത്.
1905-ല്‍ നടന്ന ബംഗാള്‍ വിഭജനത്തോടെ അരവിന്ദഘോഷും അവര്‍ക്കൊപ്പം ചേര്‍ന്നു. വിഭജനത്തിനെതിരെ അതിശക്തമായ പ്രക്ഷോഭം നടന്നു. വന്ദേമാതരം ചൊല്ലിക്കൊണ്ട് ജനങ്ങള്‍ കൂട്ടംകൂട്ടമായി സമരത്തില്‍ പങ്കെടുത്തു. വിജയത്തിലെത്തിയ ഒരു പ്രക്ഷോഭമായിരുന്നു അത്. ദേശീയ വിദ്യാഭ്യാസം, സ്വദേശി ആചരണം തുടങ്ങിയവയെല്ലാം വലിയ പരിപാടി കളായി മാറി. 1911ല്‍ ബ്രിട്ടീഷുകാര്‍ക്ക് ബംഗാള്‍ വിഭജനം റദ്ദാക്കേണ്ടിവന്നു. ഉണരുന്ന ദേശീയ ശക്തിയെ ഭയന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റാനും അവര്‍ നിര്‍ബ്ബന്ധിതരായി. വന്ദേമാതരപ്രക്ഷോഭം എന്നും ബംഗാള്‍ വിഭജന വിരുദ്ധപ്രക്ഷോഭം അറിയപ്പെട്ടു.
1908ല്‍ രാജ്യത്തെ നടുക്കിയ ഒരു ബോംബ് സ്‌ഫോടനം ബംഗാളില്‍ ഉണ്ടായി. കിംഗ്‌സ്‌ഫോര്‍ഡ് എന്ന ഒരു മജിസ്‌ട്രേറ്റ് ദേശസ്‌നേഹികളായ യുവാക്കളെ ക്രൂരമായി ശിക്ഷിച്ചിരുന്നു. വന്ദേമാതരം ചൊല്ലിയതിന് സുശീല്‍കുമാര്‍ സെന്‍ എന്ന വിദ്യാര്‍ത്ഥിയെ ചാട്ടവാര്‍ കൊണ്ട് മര്‍ദ്ദിച്ചിരുന്നു. അയാള്‍ക്ക് തക്കശിക്ഷ കൊടുക്കാന്‍ വിപ്ലവകാരികള്‍ തീരുമാനിച്ചു. വിപ്ലവകാരികളെ ഭയന്ന് സര്‍ക്കാര്‍ കിംഗ്‌സ്‌ഫോര്‍ഡിനെ മുസഫര്‍പൂരിലേക്കു മാറ്റി. അവിടെയെത്തിയ – ഖുദിറാം ബോസ്, പ്രഫുല്ലചാക്കി എന്നീ വിപ്ലവകാരികള്‍ കിംഗ്‌സ് ഫോര്‍ഡിനെ വധിക്കാന്‍ നടത്തിയ ബോംബേറില്‍ കുതിരവണ്ടിയില്‍ യാത്രചെയ്തിരുന്ന രണ്ട് മദാമ്മമാര്‍ വധിക്കപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് പ്രഫുല്ലചാക്കി സ്വയം വെടിവെച്ച് മരിച്ചു. ഖുദിറാം ബോസിനെ തൂക്കിക്കൊന്നു.
ഈ സംഭവത്തെ തുടര്‍ന്ന് അരവിന്ദഘോഷ് ഉള്‍പ്പെടെ അനേകം പേരെ പ്രതികളാക്കി ജയിലിലടച്ചു. ഒരു വര്‍ഷം കഴിഞ്ഞ് അരവിന്ദഘോഷ് അടക്കം കുറേ പേരെ കുറ്റവിമുക്തമാക്കിയെങ്കിലും ഏതാനും പേര്‍ ശിക്ഷിക്കപ്പെട്ടു. തിലകന്‍ പൂര്‍ണ്ണമായും വിപ്ലവകാരികളുടെ പക്ഷത്തായിരുന്നു. അവരെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം കേസരിയില്‍ ലേഖനങ്ങളെഴുതി. കൊലക്കും ദേശദ്രോഹത്തിനും പ്രേരിപ്പിക്കുന്നു എന്നാരോപിച്ച് തിലകന്റെ പേരില്‍ കേസെടുത്തു. വിചാരണക്കു ശേഷം ആറുവര്‍ഷത്തെ നാടുകടത്തലിനും ഏകാന്തതടവിനും ശിക്ഷിച്ചും. ബര്‍മ്മയിലെ കുപ്രസിദ്ധമായ മാണ്ഡലെ ജയിലിലേക്കാണ് തിലകനെ നാടുകടത്തിയത്. സ്വാതന്ത്ര്യസമരത്തിനേറ്റ കനത്ത പ്രഹരമായിരുന്നു ഈ നാടുകടത്തല്‍.
ജയില്‍വാസക്കാലം ‘ഗീതാരഹസ്യം’ എന്ന പ്രൗഢ ഗ്രന്ഥം രചിക്കാനാണ് തിലകന്‍ ചെലവഴിച്ചത്. ഗീതയ്ക്ക് ലോകമാന്യതിലകന്‍ എഴുതിയ വ്യാഖ്യാനം ഭാരതീയ ആദ്ധ്യാത്മികതയുടെ സുമധുരഫലമാണെന്നാണ് അരവിന്ദഘോഷ് അഭിപ്രായപ്പെട്ടത്. പരിശ്രമം, ജീവിതം, കര്‍മം എന്നിവയുടെ മഹിമ ആധികാരിക വാക്കുകളില്‍ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മാണ്ഡലെ തടവുകാലത്താണ് തിലകന്റെ ഭാര്യ സത്യഭാമ അന്തരിച്ചത്. അതോടൊപ്പം കോണ്‍ഗ്രസ്സിലെ ഭിന്നതകളും അദ്ദേഹത്തെ ദുഃഖിപ്പിച്ചു. തടവുകാലത്ത് മാപ്പെഴുതിക്കൊടുത്താല്‍ ശിക്ഷ ഇളവു കിട്ടുമെന്നു പറഞ്ഞപ്പോള്‍ ”തടവു കഴിഞ്ഞാലും മരണത്തിനുമുമ്പ് അഞ്ചോ ആറോ കൊല്ലം നാടിനെ സേവിക്കാനാകും, മാപ്പെഴുതിക്കൊടുക്കുന്നത് ഇന്നുതന്നെ മരിക്കുന്നതിനു തുല്യമാണ്” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ആ നിര്‍ദ്ദേശം നിരസിച്ചു.
1914 ജൂണ്‍ 16ന് തിലകന്‍ ജയില്‍ മോചിതനായി. അപ്പോഴേയ്ക്കും ഒന്നാം ലോകമഹായുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങിയിരുന്നു. ആഗസ്റ്റില്‍ യുദ്ധം തുടങ്ങിയതോടെ ബ്രിട്ടീഷുകാര്‍ സമ്മര്‍ദ്ദത്തിലായി. സ്വാതന്ത്ര്യസമരം ശക്തിപ്പെടുത്താന്‍ ഇതാണ് ഏറ്റവും നല്ല സമയമെന്ന് തിലകന്‍ കരുതി. 1916ല്‍ ആനിബസന്റിനോടൊപ്പം ഹോം റൂള്‍ പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കം കുറിച്ചു. ലാലാലജ്പത്‌റായ്, ബിപിന്‍ ചന്ദ്രപാല്‍ തുടങ്ങിയവരുമായി ചേര്‍ന്ന് അവര്‍ രാജ്യമാസകലം പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റ് അഴിച്ചു വിട്ടു. തിലകനെ ബ്രിട്ടീഷുകാര്‍ ഒന്നാം നമ്പര്‍ ശത്രുവായിക്കരുതി. ആ വര്‍ഷം തിലകന്റെ ഷഷ്ടിപൂര്‍ത്തിക്ക് ജനങ്ങള്‍ ഒരു ലക്ഷം രൂപയുടെ ‘തിലക് പേഴ്‌സ് ഫണ്ട്’ സ്വരൂപിച്ചു സമര്‍പ്പിച്ചു. കേസുകളുടെ നടത്തിപ്പിനും മറ്റുമായിരുന്നു ഈ തുക. 20,000 രൂപ നല്ല നടപ്പിന് ജാമ്യമായി കെട്ടിവെക്കാനുള്ള കത്തായിരുന്നു ജന്മദിനത്തില്‍ബ്രിട്ടീഷ് ഭരണകൂടത്തില്‍ നിന്ന് തിലകനു ലഭിച്ച സമ്മാനം.
1917ല്‍ ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ ഭാഗമായി രൂപംകൊണ്ട ഉടമ്പടിയില്‍ തിലകനും ജിന്നയും ഒപ്പുവെച്ചു. കോണ്‍ഗ്രസ്സില്‍ ഐക്യം സ്ഥാപിക്കുന്നതിലും അദ്ദേഹം വിജയിച്ചു. 1918ല്‍ ഒരു കേസ്സിന്റെ ആവശ്യത്തിനുവേണ്ടി തിലകന്‍ ഇംഗ്ലണ്ടിലേക്കുപോയി. അക്കാലത്ത് അവിടത്തെ ലേബര്‍ പാര്‍ട്ടി ഉയര്‍ന്നുവരാവുന്ന ശക്തിയാണെന്നു മനസ്സിലാക്കി അവരുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് ആ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴാണ് ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചത്.
1909-ലെ മിന്റോ-മോര്‍ലി പരിഷ്‌ക്കാരങ്ങളിലൂടെ ഭാരതത്തിന് പരിമിതമായ അധികാരങ്ങള്‍ നല്‍കുന്നതിനെ തിലകന്‍ സ്വാഗതം ചെയ്തിരുന്നു. ഒന്നാം ലോകമഹായുദ്ധം തുടങ്ങിയ സമയത്ത് ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും യുദ്ധം കഴിഞ്ഞതോടെ അവര്‍ അതെല്ലാം മറന്ന് കൂടുതല്‍ കര്‍ശനമായ റൗലറ്റ് ആക്ട് നടപ്പാക്കുകയാണ് ചെയ്തത്. തിലകന്‍ ഇംഗ്ലണ്ടിലായിരുന്നപ്പോഴാണ് 1919ല്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നത്. ഭാരതത്തില്‍ തിരിച്ചെത്തിയ അദ്ദേഹം അമൃതസറില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മാണ്ഡലെ ജയിലില്‍ വെച്ചുതന്നെ തിലകന് പ്രമേഹരോഗം ഉണ്ടായിരുന്നു. 1920-ല്‍ അദ്ദേഹത്തിന്റെ 64-ാം ജന്മദിനം വിപുലമായി ആഘോഷിക്കപ്പെട്ടു. അനാരോഗ്യം മൂലം കുറച്ചുനാള്‍ ബോംബെയില്‍ ചികിത്സയില്‍ കഴിഞ്ഞു. 1920 ആഗസ്റ്റ് 1ന് ഭാരതാംബയുടെ സ്വാതന്ത്ര്യത്തിന്റെ ഈ മുന്നണിപ്പോരാളി അന്തരിച്ചു. ബോംബെയിലെ ചൗപ്പാട്ടിയില്‍ നടന്ന തിലകന്റെ ശവസംസ്‌കാരച്ചടങ്ങില്‍ 2 ലക്ഷം പേരാണ് പങ്കെടുത്തത്. കോണ്‍ഗ്രസ്സിനെ ശക്തമായ ബഹുജന സംഘടനയാക്കി മാറ്റിയതിലും സ്വാതന്ത്ര്യസമരത്തെ ബഹുജനപ്രക്ഷോഭമാക്കിയതിലും മുഖ്യപങ്ക് വഹിച്ച ലോകമാന്യ തിലകന് സ്വാതന്ത്ര്യസമര ചരിത്രത്തിലുള്ള സ്ഥാനം അദ്വിതീയമാണ്.
(തുടരും)