- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
- സനാതന ധര്‍മ്മത്തിന്റെ ശംഖൊലി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 7)
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ സായുധ സംഘര്‍ഷത്തിന്റെയും ആശയസംഘര്‍ഷത്തിന്റെയും നിരവധി അദ്ധ്യായങ്ങളുണ്ട്. തോക്കുകൊണ്ടു മാത്രമല്ല വാക്കുകൊണ്ടും ശത്രുവിനോ ടു പോരാടാമെന്നു തെളിയിക്കുകയും അതിന്റെ ഫലമായി മൂന്നുതവണ ജയില്‍വാസം വരിക്കുകയും നാടുകട ത്തലിനു വിധേയമാകുകയും ചെയ്ത പ്രമുഖസ്വാതന്ത്ര്യസമര യോദ്ധാവായിരുന്നു ലോകമാന്യ ബാലഗംഗാധര തിലകന്‍.
‘സ്വരാജ്യം എന്റെ ജന്മാവകാശമാണ്, ഞാനത് നേടുക തന്നെ ചെയ്യും’ എന്ന തിലകന്റെ പ്രഖ്യാപനം ഭാരതത്തിന്റെ നാനാദിക്കുകളിലും മുഴങ്ങി. അത് അനേകം യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും മനസ്സില്‍ സ്വാതന്ത്ര്യത്തിന്റെ അഗ്നിജ്വാലകള്‍ പടര്‍ത്തി. കേസരി, മറാത്ത എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ അദ്ദേഹം നടത്തിയ സിംഹഗര്‍ജ്ജനം വെള്ളക്കാരന്റെ ഉറക്കം കെടുത്തുന്നതായിരുന്നു. അവര്‍ തിലകനെ ‘ഇന്ത്യന്‍ അസ്വസ്ഥതയുടെ പിതാവ്’ എന്നു വിളിച്ചു. ‘ഇന്ത്യന്‍ അണ്‍റസ്റ്റ്’ എന്ന ഗ്രന്ഥമെഴുതിയ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ വാലന്റയ്ന്‍ ചിരോള്‍ ആണ് തിലകനെ, ആദ്യമായി ഇങ്ങനെ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യസമരത്തിന്റെ ആദ്യദശകങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തിപ്രാപിക്കുന്നതിനു മുമ്പുതന്നെ ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത് തിലകനാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ജനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ രണവീഥികളില്‍ പ്രകമ്പനം സൃഷ്ടിച്ചു. അവര്‍ തിലകനെ ‘ലോകമാന്യ’ എന്നു വിളിച്ച് ആദരിച്ചു. ലാലാലജ്പത്‌റായ്, ബിപിന്‍ചന്ദ്രപാല്‍ എന്നിവരോടൊപ്പം തിലകനെ യും ചേര്‍ത്ത് ‘ലാല്‍, ബാല്‍, പാല്‍’ എന്ന നേതൃത്രയം ഭാരതത്തിന്റെ ഭാവിഭാഗധേയം മാറ്റിമറിച്ചു. നിവേദന സം ഘടനയായിരുന്ന കോണ്‍ഗ്രസ്സിനെ ഒരു സമരാത്മക സംഘടനയാക്കി മാറ്റിയതില്‍ സുപ്രധാന പങ്കുവഹിച്ചത് തിലകനാണ്. ‘ആധുനിക ഭാരതത്തിന്റെ സ്രഷ്ടാവ്’ എന്നാണ് മഹാത്മാഗാന്ധി തിലകനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഗണേശോത്സവത്തിലൂടെയും ശിവാജി ഉത്സവത്തിലൂടെയും സ്വാതന്ത്ര്യസമരത്തില്‍ ജനങ്ങളെ അണിനിരത്തിയത് തിലകനാണ്. ആനിബസന്റിനോടൊപ്പം 1916ല്‍ ഹോംറൂള്‍ ലീഗ് തുടങ്ങി സ്വയംഭരണം ആവശ്യപ്പെട്ടതും അദ്ദേഹമാണ്. പ ണ്ഡിതനായിരുന്ന തിലകന്‍ ജയില്‍ വാസക്കാലത്താണ് ‘ഗീതാ രഹസ്യം’ എഴുതിയത്.
1856 ജൂലായ് 23ന് മഹാരാഷ്ട്രയിലെ രത്‌നഗിരിയിലാണ് ബാലഗംഗാധരതിലകന്‍ ജനിച്ചത്. അച്ചന്‍ ഗംഗാധര്‍ പാന്ത് തിലകന്‍ സ്‌കൂള്‍ അദ്ധ്യാപകനും സംസ്‌കൃത പണ്ഡിതനുമായിരുന്നു. വീട്ടില്‍ നിന്നു തന്നെ പാരമ്പര്യമായി സംസ്‌കൃതജ്ഞാനവും വേദാദ്ധ്യയനവും ബാലിനു ലഭിച്ചു. ഗണിതത്തിലായിരുന്നു ബാലിന് ഏറ്റവും താല്പര്യം.
ഒരിക്കല്‍ ക്ലാസില്‍ അധ്യാപകന്‍ കണക്കു പഠിപ്പിക്കുകയായിരുന്നു. അദ്ദേഹം കുട്ടികളോട് ഒരു ചോദ്യം ചോദിച്ചു: ”അഞ്ച് ചെമ്മരിയാടുകള്‍ ഇരുപത്തഞ്ച് ദിവസം കൊണ്ടു തിന്നുതീര്‍ക്കുന്ന പുല്ല് 20 ദിവസം കൊണ്ട് അതേ തോതില്‍ എത്ര എണ്ണത്തിനു തികയും?” ചോദ്യം തീര്‍ന്നതും ബാല്‍ 7 എന്ന് ഉത്തരം വിളിച്ചു പറഞ്ഞതും ഒരുമിച്ചായിരുന്നു. സഹപാഠികളും അദ്ധ്യാപകനും അമ്പരന്നു. ‘നീ ഒന്നും എഴുതിയിട്ടുപോലുമില്ലല്ലോ, പിന്നെ എങ്ങനെ ഇത്രവേഗം ഉത്തരം കിട്ടി?” അധ്യാപകന്‍ ചോദിച്ചു. ‘ഞാന്‍ മനക്കണക്കായി ചെയ്തതാണ് സാര്‍’ എന്നായിരുന്നു ബാലിന്റെ മറുപടി. ഗണിതശാസ്ത്രത്തിലുള്ള തിലകന്റെ താല്പര്യം പിന്നീട് അദ്ധ്യാപകനായപ്പോഴും തുടര്‍ന്നു. ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചാല്‍ താന്‍ കണക്കു പഠിപ്പിക്കാന്‍ പോകുമെന്നാണ് ആ ഗണിതസ്‌നേഹി ഒരിക്കല്‍ പറഞ്ഞത്.
സ്വതന്ത്രചിന്ത ബാലിന് ജന്മസിദ്ധമായിരുന്നു. മറ്റൊരിക്കല്‍ ക്ലാസില്‍ നിലക്കടലത്തോട് ചിതറിക്കിടക്കുന്നതു കണ്ട അദ്ധ്യാപകന്‍ കുട്ടികളെ ചോദ്യം ചെയ്തു. ആരും കുറ്റം സമ്മതിച്ചില്ല. എല്ലാവര്‍ക്കും രണ്ടടി വീതം ശിക്ഷയായി കൊടുക്കാന്‍ അദ്ധ്യാപകന്‍ തീരുമാനിച്ചു. പക്ഷെ, അദ്ദേഹം അടിക്കാന്‍ വന്നപ്പോള്‍ കൈനീട്ടാന്‍ ബാല്‍ മാത്രം തയ്യാറായില്ല. ‘തെറ്റ് ചെയ്യാത്ത ഞാന്‍ എന്തിന് അടി വാങ്ങണം’ ഇതായിരുന്നു ബാലിന്റെ ചോദ്യം. പ്രശ്‌നം ഹെ ഡ്മാസ്റ്ററുടെ അടുത്തെത്തി. ബാലിനെ സ്‌കൂളില്‍ നിന്നു പുറത്താക്കി. പിറ്റെ ദിവസം അച്ഛന്‍ ഗംഗാധര്‍ പന്ത് വന്ന് മകന്റെ നിലപാടിനെ ന്യായീകരിച്ചതോടെ ബാലിനെ സ്‌കൂളില്‍ തിരിച്ചെടുത്തു. ജീവിതത്തിലുടനീളം സത്യസന്ധവും ധീരവുമായ ഇത്തരം നിലപാടുകളാണ് തിലകന്‍ സ്വീകരിച്ചത്.
അച്ഛന് പൂനെയിലേക്ക് സ്ഥലംമാറ്റം ആയതോടെ ബാലിന്റെ പഠനവും അവിടെയായി. ദേശീയബോധത്തിന്റെ വിളനിലമായിരുന്ന പൂനെ നഗരം ബാലിന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ വീരസാഹസിക കഥകള്‍ മുത്തച്ഛനില്‍ നിന്നു പകര്‍ന്നു കിട്ടിയിരുന്നു. പൂനെയിലെ ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നാണ് ബാല്‍ മെട്രിക്കുലേഷന്‍ പാസ്സായത്.
പതിനാറാം വയസ്സില്‍ തിലകന്റെ അച്ഛനും അമ്മയും മരിച്ചു. അധികം വൈകാതെ സത്യഭാമ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. തുടര്‍ന്നും പഠിക്കാന്‍ തന്നെയായിരുന്നു തിലകന്റെ തീരുമാനം. 1877ല്‍ പൂനെയിലെ ഡക്കാന്‍ കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. എം.എ യ്ക്കു ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കാതെ എല്‍.എല്‍.ബിക്കു പഠിക്കാന്‍ ബോംബയിലേക്കു പോയി. അവിടത്തെ ഗവ. ലോ കോളേജില്‍ നിന്ന് 1879ല്‍ എല്‍.എല്‍.ബി. ബിരുദം നേടി. ബി.എ. പാസ്സായവര്‍ക്കു തന്നെ വലിയ ജോലി സാദ്ധ്യത ഉണ്ടായിരുന്ന അക്കാലത്ത് രണ്ട് ബിരുദങ്ങള്‍ നേടിയിട്ടും സര്‍ക്കാര്‍ ജോലി ഉള്‍പ്പെടെ ഒരു ജോലിയും അദ്ദേഹത്തെ ആകര്‍ഷിച്ചില്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കുംവേണ്ടി പ്രവര്‍ത്തിക്കാനായിരുന്നു തീരുമാനം.
വിദ്യാഭ്യാസ രംഗത്താണ് തിലകന്‍ ആദ്യം പ്രവര്‍ത്തിച്ചത്. സാമാന്യജനങ്ങളെ അറിവുള്ളവരാക്കാനും അവരില്‍ ദേശീയബോധമുണര്‍ത്താനുമായി തിലകന്‍ പരിശ്രമിച്ചു. ഇതിനുവേണ്ടി അദ്ധ്യാപകനായും വിദ്യാലയങ്ങളുടെ സംഘാടകനായും പ്രവര്‍ത്തിച്ചു. ഭാരതത്തില്‍ ദേശീയ വിദ്യാഭ്യാസത്തിനുതുടക്കം കുറിച്ചവരില്‍ ഒരാള്‍ തിലകനാണ്.
വിഷ്ണുശാസ്ത്രി ചിപ്പൂങ്കര്‍, ഗോപാല്‍ ഗണേശ് ആഗാര്‍ക്കാര്‍ തുടങ്ങിയ സുഹൃത്തുക്കളോടൊപ്പം സെക്കണ്ടറി വിദ്യാഭ്യാസത്തിനുവേണ്ടി തിലകന്‍ 1880ല്‍ പൂനെയില്‍ ന്യൂ ഇംഗ്ലീഷ് സ്‌കൂള്‍ തുടങ്ങി. ഭാരതീയ യുവാക്കളുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അത് വന്‍ വിജയമായത്തോടെ 1884ല്‍ ഡക്കാന്‍ എഡ്യുക്കേഷന്‍ സൊസൈറ്റിക് രൂപം നല്‍കുകയും നിരവധി വിദ്യാലയങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 1885ല്‍ ഫര്‍ഗൂസന്‍ കോളേജ് സ്ഥാപിച്ചു. ബോംബെ കോളേജ്, ഗ്രേറ്റര്‍ മഹാരാഷ്ട്ര കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ് എക്കണോമിക്‌സ് എന്നിവയും തുടങ്ങി. ഫര്‍ഗൂസന്‍ കോളേജില്‍ തിലകന്‍ ഗണിതശാസ്ത്രം പഠിപ്പിച്ചിരുന്നു. അദ്ദേഹത്തി ന്റെ നേതൃത്വത്തില്‍ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളായി മാറി. വിദ്യാര്‍ത്ഥികളെല്ലാം ദേശസ്‌നേഹികളാവണമെന്ന ലക്ഷ്യത്തോടെ, ഭാരതീയ സംസ്‌കാരത്തിലും ദേശീയതയിലും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വിദ്യാഭ്യാസ പദ്ധതിയാണ് ഈ സ്ഥാപനങ്ങളില്‍ നടപ്പാക്കിയത്. ഒപ്പം ഒരു മേഖലയിലും യുവാക്കള്‍ പിന്തള്ളപ്പെടരുത് എന്ന ലക്ഷ്യത്തോടെ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കി. ഈ സ്ഥാപനങ്ങളില്‍ പഠിച്ച പലരും പിന്നീട് സ്വാതന്ത്ര്യസ്മര പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി. കൂടുതല്‍ സമയം പൊതുപ്രവര്‍ത്തനത്തിനു ചെലവഴിക്കുന്നതിനുവേണ്ടി 1890ല്‍ തിലകന്‍ വിദ്യാഭ്യാസരംഗത്തുനിന്ന് പിന്മാറി.
വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ തിലകന്‍ ജനങ്ങളെ സ്വാതന്ത്ര്യത്തെക്കുറിച്ച് ബോധ വല്‍ക്കരിക്കുന്നതിനുവേണ്ടി ‘കേസരി’ എന്ന മറാത്തി ദിനപത്രവും ‘മറാത്ത’ എന്ന ഇംഗ്ലീഷ് വാരികയും ആരംഭിച്ചിരുന്നു. കേസരി മറാത്ത എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് 1881-ലാണ് ഇവ തുടങ്ങിയത്. അഗാര്‍കര്‍, ചിപ്പൂങ്കര്‍ തുടങ്ങിയവര്‍ ഇക്കാര്യത്തിലും തിലകന്റെ ഒപ്പമുണ്ടായിരുന്നു. ഇവരായിരുന്നു പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാര്‍. തിലകന്‍ മൂര്‍ച്ചയേറിയ വാക്കുകളിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്തെ അതിനിശിതമായി വിമര്‍ശിച്ചു. 1897ലും 1908ലും തിലകന്‍ ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ നരസിംഹ ചിന്താമന്‍ കേല്‍ക്കര്‍ കേസരിയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു.
1880കളില്‍ ബോംബെ പ്രസിഡന്‍സിയുടെ ദക്ഷിണ ഭാഗത്തുള്ള കോലാപ്പൂര്‍ രാജ്യത്തിലെ ശിവാജി ആറാമന്‍ രാജാവിന് മാനസികരോഗമാണെന്നു പറഞ്ഞുകൊണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും അവരെ പിന്താങ്ങുന്ന ഇംഗ്ലീഷ് പത്രങ്ങളും വ്യാപകമായ പ്രചരണം അഴിച്ചുവിട്ടിരുന്നു. ഇതിനെതിരെ കേസരിയിലൂടെ തിലകന്‍ ശക്തമായി പ്രതികരിക്കുകയും ലേഖനങ്ങളും കത്തുകളും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ഏറ്റുമുട്ടല്‍ വലിയ സംവാദങ്ങള്‍ക്ക് വഴിവെച്ചു. രാജാവിന് മാനസിക പ്രശ്‌നമുണ്ടാക്കിയതിനു പിന്നില്‍ മഹാദേവോ ബാര്‍വെ എന്ന ഉദ്യോഗസ്ഥനാണെന്ന് കേസരി ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ അയാള്‍ തിലകനും അഗാര്‍ക്കര്‍റിനുമെതിരെ കേസുകൊടുത്തു. വിചാരണയ്ക്കുശേഷം കോടതി രണ്ടുപേരെയും നാലുമാസത്തെ തടവിനു ശിക്ഷിച്ചു. ബോംബെയിലെ ദോംഗ്രി ജയിലിലായിരുന്നു ഇരുവരെയും അടച്ചത്. 1882 ജൂലായ് 16നായിരുന്നു ഈ വിധി. തിലകന്റെ ആദ്യത്തെ ജയില്‍വാസമായിരുന്നു ഇത്.
ഹിന്ദുക്കളുടെ ഇടയില്‍ നിലനിന്നിരുന്ന അയിത്തം തുടങ്ങിയ അനാചാരങ്ങള്‍ ഇല്ലാതാക്കാനും തിലകന്‍ ശ്രമമാരംഭിച്ചു. അതിനിടെ ഹിന്ദു പെണ്‍കുട്ടികളുടെ വിവാഹപ്രായം പത്തില്‍ നിന്നും പന്ത്രണ്ടാക്കുന്ന ഒരു നിയമം ‘ഏജ് ഓഫ് കണ്‍സെന്റ്’ എന്ന പേരില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നു. വിവാഹപ്രായം പതിനാറാക്കണമെന്നായിരുന്നു തന്റെ അഭിപ്രായമെങ്കിലും തിലകന്‍ ഈ നിയമത്തെ നഖശിഖാന്തം എതിര്‍ത്തു. ഹിന്ദുമതത്തിലെ പരിഷ്‌ക്കാരങ്ങള്‍ മതത്തിന്റെ ഉള്ളില്‍ നിന്നു തന്നെ വരണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ ലക്ഷ്യത്തിനുവേണ്ടി ഒരു സാമൂഹ്യപരിഷ്‌ക്കര്‍ത്താവിന്റെ കാഴ്ചപ്പാടോടെ തിലകന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
1890 മുതല്‍ തിലകന്‍ സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ തുടങ്ങി. 1885ല്‍ ആരംഭിച്ച ഇന്ത്യന്‍ നാഷനന്‍ കോണ്‍ഗ്രസ് 1905 വരെ സ്വാതന്ത്ര്യത്തെ ഒരു ലക്ഷ്യമായി പോലും എടുത്തിരുന്നില്ല. എങ്കിലും തിലകന്‍ കോണ്‍ഗ്രസിനെ ഒരു ദേശീയ സംഘടനയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ബ്രിട്ടീഷുകാര്‍ക്കെതിരെ കര്‍ക്കശമായ സമരമുറകള്‍ സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 1891ല്‍ തിലകന്‍ ബോംബെ പ്രൊവിന്‍ഷ്യല്‍ പൊളിറ്റിക്കല്‍ കോണ്‍ഗ്രസ്സിന്റെ സെക്രട്ടറിയായി. 1895ല്‍ പൂനെ മുന്‍സിപ്പല്‍ കൗണ്‍സിലിലെയും ബോംബെ ലജിസ്‌ലേറ്റീവ് കൗണ്‍സിലിലെയും അംഗമായി തിലകന്‍ തെരഞ്ഞെടുക്കപ്പെട്ടു. 1894ല്‍ ബോംബെ സര്‍വകലാശാലയുടെ സെനറ്റില്‍ ഫെലോ ആകുവാനും കഴിഞ്ഞു.
1893-ല്‍ ബോംബെയില്‍ നടന്ന ഹിന്ദു-മുസ്ലീം കലാപം ജനങ്ങളുടെ മനസ്സില്‍ വലിയ ആശങ്ക ഉണര്‍ത്തി. കലാപങ്ങള്‍ക്ക് എങ്ങനെയെങ്കിലും പരിഹാരമുണ്ടാക്കണമെന്ന് പലരും ചിന്തിച്ചുതുടങ്ങി. ഹിന്ദുക്കളും മുസ്ലീങ്ങളുമായും, മുസ്ലീങ്ങളും പാഴ്‌സികളുമായും മുമ്പും നിസ്സാര കാരണങ്ങളുടെ പേരില്‍ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുത്താന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്നും ആക്രമിക്കാന്‍ വരുന്നവരെ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നുമുള്ള അഭിപ്രായവും യുവാക്കള്‍ക്കിടയില്‍ വളര്‍ന്നുവന്നു.
മുസ്ലീങ്ങള്‍ മുഹറത്തിന്റെ പേരില്‍ സംഘടിക്കുകയും വിപുലമായ ആഘോഷങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അതേസമയം ഗണേശോത്സവങ്ങള്‍ വീടുകളിലും ക്ഷേത്രങ്ങളിലും നാമമാത്രമായാണ് നടന്നിരുന്നത്. ബുദ്ധിശാലിയും ദീര്‍ഘദര്‍ശിയുമായ തിലകന്റെ മനസ്സില്‍ ഗണേശോത്സവത്തിന്റെ അനന്തസാദ്ധ്യതകള്‍ തെളിഞ്ഞുകണ്ടു. കലാപത്തിനു വിധേയമാകുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കി അവരെ സംഘടിപ്പിക്കുവാനും സ്വാതന്ത്ര്യബോധം ഉണര്‍ത്താനും ഗണേശോത്സവത്തിനു കഴിയുമെന്ന് അദ്ദേഹം മനസ്സിലാക്കി. തുടര്‍ന്ന് തിലകന്റെ പരിശ്രമങ്ങള്‍ ഈ വഴിക്കു തിരിഞ്ഞു.
ഗണേശോത്സവങ്ങള്‍ വിപുലമായി സംഘടിപ്പിക്കാന്‍ തുടങ്ങിയതോടെ അവയില്‍ യുവാക്കളുടെ പങ്കാളിത്തവും വര്‍ദ്ധിച്ചുവന്നു. ഗജരൂപത്തില്‍ വന്ന് അസുരരെ വധിക്കുന്ന ഗണപതി അടിമത്തത്തിന്റെ മേല്‍ വിജയം നേടുന്ന ദേശീയശക്തിയുടെ പ്രതീകമായി മാറി. ഗണേശോത്സവങ്ങളോടനുബന്ധിച്ചു നടന്ന വിപുലമായ യോഗങ്ങളില്‍ ദേശഭക്തി ഉണര്‍ത്തുന്ന ശ്ലോകങ്ങളും ഗാനങ്ങളും ആലപിക്കപ്പെട്ടു. പ്രസംഗങ്ങളില്‍ തിലകനുള്‍പ്പെടെയുള്ള നേതാക്കള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും ആഞ്ഞടിച്ചു. ലക്ഷ്യം നേടാന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കണമെന്ന ആഹ്വാനവുമുണ്ടായി.
ഗണേശോത്സവങ്ങള്‍ വിപുലവും വ്യാപകവുമായതോടെ തിലകന്റെ ശ്രദ്ധ മറ്റൊരിടത്ത് പതിഞ്ഞു. 1680 ഏപ്രില്‍ 14-ന് ദിവംഗതനായ, ഹിന്ദു സാമ്രാജ്യസ്ഥാപകന്‍ ഛത്രപതി ശിവാജിയുടെ അന്ത്യവിശ്രമസ്ഥാനം റായ്ഗഢ് കോട്ടയില്‍ തകര്‍ന്നുകിടക്കുന്നുണ്ടായിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ശിവാജിയുടെ ശവകുടീരത്തെ നന്നാക്കാനും സംരക്ഷിക്കാനും തയ്യാറായാല്‍ അത് ദേശീയപ്രസ്ഥാനത്തിന് ഒരു മുതല്‍ക്കൂട്ടാകുമെന്നു തിലകന്‍ കരുതി. മാത്രമല്ല ഇതേ കോട്ടയില്‍ വെച്ചാണല്ലോ മുഗളരടക്കമുള്ള ശത്രുക്കളെ പരാജയപ്പെടുത്തിയശേഷം ശിവാജി ഹിന്ദുസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി അഭിഷേകം ചെയ്യപ്പെട്ടത്.
തിലകന്‍ പ്രതീക്ഷിച്ചതുപോലെ ശിവാജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ജനമനസ്സുകളില്‍ ആവേശത്തിന്റെ അലയടികള്‍ സൃഷ്ടിച്ചു. 1895 മാര്‍ച്ച് 15-ന് റായ്ഗഢില്‍ നടന്ന ആദ്യത്തെ ആഘോഷം തന്നെ ജനങ്ങളുടെ വമ്പിച്ച സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. അതോടെ ശിവാജി ഉത്സവങ്ങളും നാടൊട്ടുക്കും നടക്കാന്‍ തുടങ്ങി. ഉത്സവങ്ങളില്‍ പ്രസംഗങ്ങളും ഗാനങ്ങളും പതിവായിരുന്നു. ശിവാജി ശ്ലോകങ്ങള്‍ എന്നറിയപ്പെടുന്ന പുതിയൊരു ഇനവും കൂട്ടിച്ചേര്‍ക്കപ്പെട്ടു.
ഇവയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് യുവാക്കള്‍ കായികപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ക്ലബ്ബുകള്‍, സംഘടനകള്‍ എന്നിവ തുടങ്ങി. ഇങ്ങനെയാണ് സാവര്‍ക്കര്‍ സഹോദരന്മാരും മറ്റും സജീവമായ നേതൃത്വം വഹിച്ചിരുന്ന ‘മിത്ര മേള’ ആരംഭിച്ചത്. ഇതാണ് പിന്നീട് ‘അഭിനവ ഭാരത സൊസൈറ്റി’യായി മാറി സ്വാതന്ത്ര്യത്തിനുവേണ്ടി പല വിപ്ലവ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചത് ഇത്തരം സംഘടനകളാണ്. ശിവജി ഉത്സവങ്ങളില്‍ മുസ്ലീം സുല്‍ത്താന്മാരെ തോല്പിച്ച ഛത്രപതിയുടെ വീരകഥകള്‍ കേട്ട ജനങ്ങള്‍ സ്വയം ചോദിക്കാന്‍ തുടങ്ങി; ‘എന്തുകൊണ്ട് നമുക്കും ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി ഭാരതത്തിന്റെ സ്വാതന്ത്ര്യം വീണ്ടെടുത്തു കൂടാ?’
(തുടരും)