”നിരഹങ്കാരമായ ആത്മസമര്‍പ്പണ ഭാവന സംഘകാര്യകര്‍ത്താവിന് പ്രചണ്ഡമായ മനോബലം നേടികൊടുക്കുന്നു. ഈ മനോബലം കാര്യകര്‍ത്താവിന് അദമ്യമായ ആത്മവിശ്വാസം പ്രദാനം ചെയ്യുന്നു. ഇതിന്റെ ഫലമായി, അസാധ്യമെന്നോ, കഠിനമെന്നോ തോന്നുന്ന കാര്യങ്ങള്‍ സംഘപ്രവര്‍ത്തനത്തിനുവേണ്ടി അങ്ങേയറ്റം പരിശ്രമത്തിലൂടെ സാധ്യമാക്കി തീര്‍ക്കുന്നതില്‍ ആ കാര്യകര്‍ത്താവ് വിജയിക്കുന്നു” – മാനനീയ ദത്തോപന്ത് ഠേംഗ്ഡിജിയുടെ വാക്കുകളാണിവ.
മാന്യ. ശേഷാദ്രിജിയുടെ അവസാന നാളുകളില്‍ അദ്ദേഹം ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ മാനനീയ സേതുവേട്ടന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. തന്റെ ആരോഗ്യവിവരത്തെക്കുറിച്ച് അന്വേഷിക്കാന്‍ അവസരം കൊടുക്കാതെ, ശേഷാദ്രിജി, സേതുവേട്ടന്റെ ക്ഷേമത്തെക്കുറിച്ചാണ് അന്വേഷിച്ചത്. സേതുവേട്ടന്‍, യാത്ര പറഞ്ഞു പിരിയാന്‍ എഴുന്നേറ്റപ്പോള്‍ ക്ഷേത്രപ്രചാരകന്‍ എന്ന നിലയ്ക്ക് ഹിന്ദിയില്‍ വായിക്കുകയും സംസാരിക്കുകയും ചെയ്യുന്നതോടൊപ്പം, ഹിന്ദിയില്‍ ബൗദ്ധിക് നടത്താനും ശീലിക്കണമെന്ന് ശേഷാദ്രിജി സേതുവേട്ടനെ ഉപദേശിച്ചു.
അതൊരു ആജ്ഞയായി കണക്കാക്കി സേതുവേട്ടന്‍ ആ ഉപദേശം സാര്‍ത്ഥകമാക്കാനുള്ള ശ്രമം ആരംഭിച്ചു. അദ്ദേഹം ഒരു ബൗദ്ധിക് ആദ്യം മലയാളത്തിലെഴുതി തയ്യാറാക്കി, പരിമിതമായ ഹിന്ദി പരിജ്ഞാനം ഉപയോഗിച്ച് അത് ഹിന്ദിയിലേക്ക് വിവര്‍ത്തം ചെയ്തു. പിന്നീട്, മാന്യ. ഹരിയേട്ടന്റെ സഹായത്തോടെ തെറ്റുകള്‍ തിരുത്തി. അത് ഹൃദിസ്ഥമാക്കിയശേഷം ഹിന്ദിയിലുള്ള തന്റെ ആദ്യത്തെ ബൗദ്ധിക് നടത്തി.






















