ഐക്യവും സമരസതയും രണ്ടാണ്. ഹിന്ദു ഐക്യം എന്നാല്‍ എല്ലാ ഹിന്ദു വിഭാഗങ്ങളുടെയും കൂടിച്ചേരലാണ്. വ്യത്യസ്ത അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് പൊതുതാല്‍പ്പര്യത്തെ ലക്ഷ്യമാക്കി ഒന്നിച്ചുകൂടുന്നു. ഐക്യം എപ്പോള്‍ വേണമെങ്കിലും ശിഥിലമാകാം, ഭഞ്ജിക്കപ്പെടാം. എന്നാല്‍ സമരസത അങ്ങനെയല്ല. വൈവിധ്യമെന്നോ വൈരുദ്ധ്യമെന്നോ തോന്നുമെങ്കിലും ആന്തരികമായ അനുഭൂതി ഒന്നാകുന്നതാണ് സമരസത!
വര്‍ക്കല ശിവഗിരിയില്‍ ശ്രീനാരായണ ഗുരുദേവനെ കാണാന്‍ മഹാത്മാഗാന്ധി ചെന്നു. അവിടെവച്ച് വിശദമായ ചര്‍ച്ച നടന്നു. ഹിന്ദുത്വത്തിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച്, ദര്‍ശനങ്ങളെ സംബന്ധിച്ച്, വര്‍ണവ്യവസ്ഥയെപ്പറ്റി, ജാതീയതയെക്കുറിച്ച് ഒക്കെ ചോദ്യവും ഉത്തരവും സംവാദവും നടത്തി. അതില്‍ വര്‍ണത്തിന്റെ പരിണാമത്തെപ്പറ്റിയും സ്വഭാവവ്യതിയാനങ്ങളെ സംബന്ധിച്ചും ഗാന്ധിജിക്ക് ചില കാഴ്ചപ്പാടുണ്ടായിരുന്നു. വ്യത്യസ്തതകള്‍ പ്രകൃതിയുടെ ഭാവമാണല്ലോ. അതിനെ അംഗീകരിക്കേണ്ടതല്ലെ? ഇതായിരുന്നു മഹാത്മാവിന്റെ വാദം. ഗുരുദേവന്‍ അടുത്തുനിന്ന ശിഷ്യരോട് അവിടെ നില്‍ക്കുന്ന മാവില്‍നിന്ന് പലപ്രായത്തിലുള്ള ഇല പറിച്ചുകൊണ്ടുവരാന്‍ പറഞ്ഞു. ഇളംതളിരും പഴുത്തതും പച്ചയും മൂത്തതും ഒക്കെയായ മാവില പറിച്ചുകൊണ്ടുവന്നു. അത് ഒരോന്നും വേറെ വേറെ ചവയ്ക്കാന്‍ ഗുരു ഗാന്ധിജിയോട് നിര്‍ദ്ദേശിച്ചു. അതുകഴിഞ്ഞ് അതിന്റെ രുചി വെവ്വേറെയോ ഒന്നുതന്നെയോ എന്നു ചോദിച്ചു. ഗാന്ധിജിക്കു സംശയമുണ്ടായില്ല, ഒരേ രസം തന്നെ! വലിയൊരാശയം പ്രസംഗിക്കാതെ അനുഭവത്തിലൂടെ ബോധ്യപ്പെടുത്തി ഗുരു മഹാത്മാവിനെ.
ബാഹ്യമായി എത്രമാത്രം വ്യത്യസ്തമെന്നു തോന്നിയാലും ആന്തരികഭാവം, ആത്മഭാവം ഒന്നുതന്നെ. അവിടെ രണ്ടില്ല. ഇതാണ് ആത്മീയത. ഈ അറിവും അതുമൂലമുള്ള അനുഭൂതിയുമാണ് സമൂഹത്തിലുണ്ടാകേണ്ടത്. ഈ അനുഭൂതിയുടെ അഭാവത്തിലാണ് ഉച്ചനീചത്വവും ജാതീയതയും തലപൊക്കിയത്. അതിന് യഥാര്‍ത്ഥ പരിഹാരം ഓരോ വ്യക്തിയിലും ഈ ആത്മഭാവത്തെ ഉണര്‍ത്തലാണ്. കഴിഞ്ഞ നൂറുവര്‍ഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്തുകൊണ്ടിരിക്കുന്നത് അതുതന്നെയാണ്. ജാതിചിന്ത കൊടികുത്തി വാണിരുന്ന കാലത്താണ് ‘ഹിന്ദുക്കള്‍ നാമൊന്നാണേ’ എന്ന ആദര്‍ശവുമായി ഏതാനും ചെറുപ്പക്കാരെ കൂട്ടി ഡോ: കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ശാഖ തുടങ്ങിയത്. ആകെയുള്ള പ്രഖ്യാപനം ‘നമ്മള്‍ ഇന്നു ശാഖ തുടങ്ങുന്നു’ എന്നതു മാത്രമായിരുന്നു. ഒന്നിച്ചു ജീവിക്കുക, ഒന്നാവുക എന്നതായിരുന്നു കാര്യപദ്ധതി.
ഒരിക്കലും സംഘം ഏതെങ്കിലും ജാതിക്കെതിരായി കലാപം നടത്തുന്ന ജാതിവിരുദ്ധ സംഘടനയായിരുന്നില്ല. ജാതിവിരുദ്ധ പ്രചാരണമായിരുന്നില്ല മാര്‍ഗം, സ്വന്തം ജാതിയെക്കുറിച്ചു ചിന്തിക്കാതെ അതിനതീതമായ ബോധത്തിലേയ്ക്ക് ഉണര്‍ത്തുകയായിരുന്നു സംഘരീതി. സമരസത കലാപംകൊണ്ടു നേടാവുന്നതല്ല. സ്‌നേഹത്തിലൂടെയും സേവനത്തിലൂടെയും മാത്രമേ സാധ്യമാകൂ.
ആര്‍എസ്എസ്സിന്റെ ആദ്യകാലത്തെ ശിബിരങ്ങളില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി ചിലര്‍ ഒന്നിച്ചു കഴിയാന്‍ മടിച്ചവരുണ്ട്. പക്ഷേ ദീര്‍ഘനാളത്തെ അത്തരം ശിബിരത്തില്‍ ആദ്യത്തെ ഒന്നോ രണ്ടോ ദിവസം മാത്രമേ വേറിട്ടു നില്‍ക്കാന്‍ അത്തരക്കാര്‍ക്കു കഴിഞ്ഞുള്ളൂ. അതിനോടകം അതിന്റെ സങ്കുചിതത്വവും യുക്തിഹീനതയും അത്തരക്കാര്‍ക്കു ബോധ്യമായി. അവര്‍ സംഘഗംഗയില്‍ – ഹിന്ദുഭഗീരഥിയില്‍ -ചേര്‍ന്നൊഴുകി; ലയിച്ചുചേര്‍ന്നു!
അടല്‍ ബിഹാരി വാജ്‌പേയിയുടെ ജ്യേഷ്ഠന്‍ ഇത്തരമൊരടയാളമാണ്. അദ്ദേഹം ശിബിരത്തില്‍ പങ്കെടുത്തു. ശിബിരത്തില്‍ ജാതിയോ ഗോത്രമോ ഭാഷയോ പ്രദേശമോ നോക്കാതെ എല്ലാവരും ഒന്നിച്ചാണ് താമസിക്കേണ്ടത്. ഒന്നിച്ചുണ്ടാക്കുന്ന ഭക്ഷണം, ശിബിരാര്‍ത്ഥികള്‍തന്നെ ഊഴമിട്ട് വിളമ്പണം. എല്ലാവരും ഒരേ വരിയില്‍ ഇരിക്കണം. ഒന്നിച്ച് പ്രാര്‍ത്ഥിച്ച് ആഹാരം കഴിക്കണം. അദ്ദേഹത്തിന് ആദ്യദിവസം അങ്ങനെ കഴിയാന്‍ മനസ്സു വന്നില്ല. തനിക്ക് ഭക്ഷണം സ്വന്തമായി ഉണ്ടാക്കാന്‍ സാമഗ്രികളും പാത്രങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ പ്രശ്‌നം ഡോക്ടര്‍ജിയുടെ അടുത്തെത്തിച്ചു. മറ്റൊന്നും പറയാതെ അവ നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. എല്ലാവരും ഒന്നിച്ചിരുന്ന് ഒരു മടിയും കൂടാതെ ആഹ്ലാദത്തോടെ കഴിക്കുമ്പോള്‍ താന്‍ മാത്രം ഒറ്റയ്ക്ക് ഉണ്ടാക്കിക്കഴിക്കുന്നതിലെ ജാള്യത പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല. രണ്ടാം ദിവസം താന്‍ പ്രത്യേകം വയ്ക്കുന്നില്ല, മറ്റുള്ളവരോടൊപ്പം തനിക്കും മതി എന്നുപറഞ്ഞു. പരിവര്‍ത്തനം ആന്തരികമായിരുന്നു. സമ്മര്‍ദ്ദമോ സംഘര്‍ഷമോ വേണ്ടിവന്നില്ല.
ഇന്നു പലരും ചോദിക്കുന്ന ചോദ്യം, ഓരോരോ ജാതിപ്രശ്‌നം ഉണ്ടാകുമ്പോഴും (പലപ്പോഴും കൃത്രിമം) സംഘമെന്താണ് ഇടപെടാത്തത് എന്നാണ്. സംഘം ഒരു ജാതിവിരുദ്ധ പ്രസ്ഥാനമല്ല. മേല്‍പ്പറഞ്ഞ തരത്തിലുള്ള മാനസികപരിവര്‍ത്തനമാണ് ലക്ഷ്യം. അതാണ് നിലനില്‍ക്കുക. നമ്മുടെ നവോത്ഥാനനായകരുടെയെല്ലാം മാര്‍ഗങ്ങള്‍ അതായിരുന്നു. അത് ഒറ്റദിവസംകൊണ്ട് സൃഷ്ടിച്ചെടുക്കുക സാധ്യമല്ല. സാവകാശവും എന്നാല്‍ സ്ഥിരവും ഉറപ്പുള്ളതുമാണ് അത്തരം മാറ്റം.’

സാമൂഹ്യപരിവര്‍ത്തനം മാനസിക പരിവര്‍ത്തനത്തിലൂടെയേ നടപ്പാക്കാന്‍ പാടുള്ളൂ. അതല്ലാതെ ഒറ്റദിവസംകൊണ്ട് അത് സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ വലിയ സംഘര്‍ഷത്തിന് ഇടയാക്കും. ചോരപ്പുഴ ഒഴുകും. അമേരിക്കയില്‍ കറുത്തവരും വെളുത്തവരും തുല്യരാണ് എന്ന് ഏബ്രഹാം ലിങ്കണ്‍ നിയമം പ്രഖ്യാപിച്ചു. നിമിഷനേരംകൊണ്ട് വലിയ കലാപം പൊട്ടിപ്പുറപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന് നടന്നത്. പത്തുലക്ഷം ആള്‍ക്കാരാണ് ഏതാനും ദിവസങ്ങള്‍കൊണ്ട് കൊല്ലപ്പെട്ടത്. എന്നുമാത്രമല്ല ഈ കലാപത്തിന്റെ ഇടയില്‍ ഒരു കലാപകാരിയുടെ വെടിയേറ്റ് സമത്വം പ്രഖ്യാപിച്ച ലിങ്കണ്‍തന്നെ കൊല്ലപ്പെട്ടു.
എന്നാല്‍ ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയതിനെ ചോദ്യം ചെയ്തവരോട് വെല്ലുവിളിക്കുകയല്ല ഗുരു ചെയ്തത്, ‘നാം നമ്മുടെ ശിവനെയാണല്ലോ പ്രതിഷ്ഠിച്ചത്’ എന്നായിരുന്നു സൗമ്യമായി മറുപടി. പത്തനംതിട്ട മയിലാടുംപാറയില്‍ പുലയ സമുദായത്തില്‍ ജനിച്ച തപസ്വി ഓമല്‍ വിഗ്രഹപ്രതിഷ്ഠ നടത്തിയപ്പോള്‍ അതിനുള്ള അധികാരം എന്ത് എന്ന് ചില മനുഷ്യരൂപികള്‍ ചോദിച്ചു. എന്റെ തപസ്സാണ് എന്റെ യോഗ്യത എന്നായിരുന്നു അക്ഷോഭ്യമായ മറുപടി. ചോദ്യം ചെയ്തവര്‍ ഉത്തരം കേട്ട് യാതൊന്നും മിണ്ടാതെ തിരിച്ചുപോയി. 1936ല്‍ ക്ഷേത്രപ്രവേശന വിളംബരം നടന്നു. ഒരു കലാപവും നടന്നില്ല. കാരണം സമൂഹമനസ്സിലാണ് ആദ്യം പരിവര്‍ത്തനം സൃഷ്ടിച്ചത്. അതിന് തുല്യംചാര്‍ത്തുകയേ ഭരണാധികാരിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ.
മഹാത്മാ അയ്യങ്കാളിയെ കൊട്ടാരത്തിന്റെ പ്രവേശന കവാടത്തില്‍ തടഞ്ഞ കാവല്‍ക്കാര്‍ക്ക് എന്തു ശിക്ഷ നല്‍കണമെന്ന് ദിവാന്‍ അയ്യങ്കാളിയോടു ചോദിച്ചു. എനിക്കവരോടു വിരോധമൊന്നുമില്ല, എന്റെ ആള്‍ക്കാര്‍ക്ക് നീതി കിട്ടണം, അത്രയേ വേണ്ടൂ എന്നായിരുന്നു പ്രതികരണം. സംഘര്‍ഷമല്ല സമന്വയമാണ് മാര്‍ഗമെന്ന് ദീര്‍ഘദര്‍ശികളായ നവോത്ഥാനനായകര്‍ക്ക് അറിയാമായിരുന്നു. അതിനു വേഗത കുറവായിരിക്കാം. എന്നാല്‍ സ്ഥായീഭാവം അതിനാണ്. സംഘര്‍ഷം താല്‍ക്കാലിക നേട്ടമുണ്ടാക്കിയേക്കാം. എന്നാല്‍ അതിന്റെ തിരയൊടുങ്ങിയാല്‍ വീണ്ടും പഴയത് ആവര്‍ത്തിക്കും. മാനസികപരിവര്‍ത്തനം അങ്ങനെയല്ല. അത് സംസ്‌ക്കാരമായി പരിണമിക്കും. ആചാരമായി തുടരും. തലമുറകളിലേക്ക് പകരും. സമാജം ഒന്നാകും.

സംഘത്തിന്റെ ഈ ശൈലി വ്യാപകമാക്കേണ്ടതുണ്ട്. ഭിന്നതകളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ മുമ്പത്തേതിലും കൂടുതലാണ് ഇന്ന്. മുമ്പ് അത് മതപരിവര്‍ത്തനവാദികളുടെ മാത്രം ആവശ്യമായിരുന്നുവെങ്കില്‍ ഇന്നങ്ങനെയല്ല. ഇടതുപക്ഷം എന്ന പേരില്‍ നിരവധി അരാജകവാദപ്രസ്ഥാനങ്ങള്‍, ദേശീയവിരുദ്ധ രാഷ്ട്രീയപാര്‍ട്ടികള്‍, മതതീവ്രവാദപ്രസ്ഥാനങ്ങള്‍, അന്താരാഷ്ട്ര ലോബികള്‍, ഹിന്ദുവിരുദ്ധ കൂലിയെഴുത്തുകാര്‍ തുടങ്ങി അനേകം പേരുടെ ആക്രമണങ്ങള്‍ ഹിന്ദുസംസ്‌ക്കാരത്തിനും സമൂഹത്തിനും നേരെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതിനെയെല്ലാം അതിജീവിക്കണമെങ്കില്‍ കഠിനപ്രയത്‌നം ആവശ്യമാണ്.
സംഘത്തിന്റെ നൂറു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഏറ്റവും മര്‍മ്മപ്രധാനമായ ഇടം ഈ സമരസതയാണ്. സ്വന്തം വീട്ടില്‍നിന്ന് അതാരംഭിക്കണം. നവോത്ഥാന ആചാര്യന്മാരുടെയൊക്കെ ഛായാചിത്രം മടികൂടാതെ പൂമുഖത്തുണ്ടാകട്ടെ. കുടുംബാംഗങ്ങളിലെല്ലാം ആ ഭാവം ഉറപ്പാക്കണം. അയല്‍പക്കത്തുള്ളവരിലേക്ക് ആ അനുഭൂതി പകരണം. കുടുംബ ആഘോഷങ്ങളില്‍ അതിനുള്ള ഇടം കണ്ടെത്തണം. ക്ഷേത്രങ്ങളും പൊതു ആഘോഷങ്ങളും സമരസത ഊട്ടിയുറപ്പിക്കുന്ന വേദികളാകണം. സര്‍വ്വോപരി ബുദ്ധിപരമായ പുഷ്ടിപ്പെടുത്തല്‍ നടക്കണം. ഓരോ സമുദായത്തിലെയും ഉല്‍പ്പതിഷ്ണുക്കള്‍ ഇത്തരമൊരു സമീപനം കൈക്കൊണ്ടാല്‍ ആയിരം പ്രസംഗത്തേക്കഴിഞ്ഞും അത്ഭുതകരമായ പരിവര്‍ത്തനം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയും. സമുദായസംഘടനകളുടെ സമ്മേളനങ്ങള്‍ ഇതര സമുദായങ്ങള്‍ക്കെതിരായ വെല്ലുവിളികള്‍ ആകാതിരിക്കട്ടെ.
സ്വന്തം സമുദായോദ്ധാരണവും ഇതര സമൂഹങ്ങളോടുള്ള സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കുന്ന തരത്തിലായിരിക്കണം സമ്മേളനങ്ങളും പ്രമേയങ്ങളും പ്രഖ്യാപനങ്ങളും. ഓരോ സമുദായവും അവരുടെ ആചാര്യനെ അല്ലെങ്കില്‍ നവോത്ഥാനനായകനെ പിന്തുടരുന്നത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ ഒരു കാര്യം പ്രത്യേകം ചെയ്യുന്നത് നല്ലതാണ്. അവരുടെ ഔപചാരിക സമ്മേളനങ്ങളിലും പരിപാടികളിലും ഇതര സമുദായാചാര്യന്മാരുടെ ചിത്രങ്ങള്‍ ആദരവോടെ പ്രദര്‍ശിപ്പിക്കാന്‍ കഴിയണം. മറ്റു മുദായങ്ങളില്‍ ജനിച്ച നവോത്ഥാന നായകരുടെ ജന്മദിനാഘോഷങ്ങളും അനുസ്മരണ പരിപാടികളും നടത്തണം. കാരണം ഓരോ നവോത്ഥാനനായകരും നമ്മെ പഠിപ്പിച്ചത് മുഴുവന്‍ സമൂഹത്തെയും ഒന്നായി കാണാനാണ്. സഹോദരസമുദായങ്ങള്‍ എന്നാണ് അവര്‍ മുമ്പ് വിശേഷിപ്പിച്ചിട്ടുള്ളത്. ആ സാഹോദര്യവും സമത്വവും നമ്മള്‍ തുടരുന്നു എന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് ഏറ്റവും ഉചിതമായ നടപടിയാണ് ഇതര സമുദായാചാര്യന്മാരുടെയും നായകരുടെയും ജന്മദിനാഘോഷവും സ്മൃതിദിന പരിപാടിയും നടത്തുക എന്നത്. അതുപോലെതന്നെ സമുദായ സംഘടനാനേതാക്കള്‍ അവരുടെ വീടുകളില്‍ മുഴുവന്‍ ആചാര്യന്മാരുടെയും ചിത്രങ്ങള്‍ പൂമുഖത്തുതന്നെ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായാല്‍ അതൊരു വലിയ സന്ദേശമായി മാറും.
ഇന്നത്തെക്കാലത്ത് അനായാസമായി ചെയ്യാന്‍ കഴിയുന്ന മറ്റൊരു കാര്യം മിശ്രവിവാഹമാണ്. ഏതെങ്കിലും സമുദായത്തിന്റെയോ നേതാക്കളുടെ ആഹ്വാനമില്ലാതെതന്നെ ധാരാളം മിശ്രവിവാഹങ്ങള്‍ ഹിന്ദുസമൂഹത്തില്‍ നടക്കുന്നുണ്ട്. അത് പക്ഷേ വിവാഹിതരാകുന്നവരുടെ മാത്രം താല്‍പര്യത്തെ മുന്‍നിര്‍ത്തിയാണ്. അതുകൂടാതെ ബോധപൂര്‍വ്വം പ്രഖ്യാപിച്ചുകൊണ്ട് മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കാന്‍ സാംസ്‌കാരിക സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും ശ്രമിച്ചാല്‍ അത് കൂടുതല്‍ വ്യാപകമാകും. അത്തരം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാനും അനുമോദിക്കാനും ഉല്‍പതിഷ്ണുക്കളായ എല്ലാവരും സമുദായഭേദമെന്യേ തയ്യാറായാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ആകെ ശ്രദ്ധിക്കാനുള്ള കാര്യം ഓരോരുത്തരുടെയും നിലവാരത്തിനും തരത്തിനും ചേരുന്നതായിരിക്കണം ആലോചനകള്‍ എന്നുമാത്രം. അല്ലെങ്കില്‍ അത് കുടുംബകലഹത്തിനും സമുദായങ്ങളില്‍ അഭിപ്രായ വ്യത്യാസത്തിനും ഇടയാക്കും. തരത്തോടു തരം ചേരുകയാണ് വേണ്ടത്. സത്യസന്ധമായ പ്രണയവിവാഹങ്ങളില്‍ ഒരുപക്ഷേ ഇതു ബാധകമായി എന്നു വരില്ല. പക്ഷേ സാമാന്യമായി, പരസ്പരം അറിഞ്ഞും പ്രോത്സാഹിപ്പിച്ചും ചെയ്യുന്ന മിശ്രവിവാഹങ്ങളില്‍ അത്തരമൊരു സമീപനം എടുക്കുന്നതാണ് ആരോഗ്യകരമായ സാമൂഹ്യ സംവിധാനങ്ങള്‍ക്ക് നല്ലത്.
ഏതായാലും ജാതിസമുദായങ്ങള്‍ തമ്മില്‍ നവോത്ഥാനകാലത്തെപ്പോലെതന്നെ സഹകരിക്കുകയും സമന്വയിക്കുകയും സമചിന്തയുള്ളവരായി മാറുകയും ചെയ്യേണ്ടതുണ്ട്. അതിനെ തടയാനും ശത്രുത വളര്‍ത്താനും വെറുപ്പ് പ്രചരിപ്പിക്കാനും താല്പരകക്ഷികള്‍ ശ്രമിച്ചുകൊണ്ടിരിക്കും. അതില്‍ മത തല്‍പര്യമുള്ളവരും രാഷ്ട്രീയനേട്ടം കൊയ്യാന്‍ ആഗ്രഹിക്കുന്നവരും ഉണ്ടാകാം. അവരെ കരുതിയിരിക്കുക എന്നുള്ളതാണ് യഥാര്‍ത്ഥ സമുദായ താല്‍പര്യവും ദേശീയ താല്‍പര്യവും ഉള്ളവര്‍ ചെയ്യേണ്ടത്.
ഡോ: അംബേദ്കര്‍ക്ക് 1950 ജനുവരി 11ന് നരേന്ദ്ര പാര്‍ക്കില്‍ വച്ച് നല്‍കിയ സ്വീകരണത്തിന് മറുപടി പറയവെ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ഇതുവരെ നമ്മുടെ രാജനീതി ശത്രുതാമനോഭാവത്തോടെയാണ് നടന്നുപോന്നത്. എന്റെ വീക്ഷണത്തില്‍ അസ്പൃശ്യരുടെ കൂട്ടത്തിലെ എല്ലാ നേതാക്കളും സങ്കുചിത മനോഭാവക്കാരായിരുന്നു. അങ്ങനെ പെരുമാറുകയും ചെയ്തിരുന്നു. ഈ തെറ്റിന് കുറച്ചൊക്കെ ഞാനും ഉത്തരവാദിയാണ്. നമുക്ക് എന്തു സംഭവിക്കും എന്ന് ഭയം ഉണ്ടായിരുന്നു. അധികാരം ഹിന്ദുക്കളുടെ കയ്യില്‍ ആയാല്‍ എന്താകും എന്നുമുണ്ടായിരുന്നു. ഇതുവരെ നാം നമ്മുടെ ആളുകളുടെ, നമ്മുടെ സമൂഹത്തിന്റെ ഹിതമാണ് നോക്കിയത്. അതിനപ്പുറത്തേക്കും നോക്കേണ്ടതുണ്ട്. പക്ഷേ അതോടൊപ്പം നമ്മുടെ നാടിനു ലഭ്യമായിരിക്കുന്ന സ്വാതന്ത്ര്യം എങ്ങനെ കാത്തുരക്ഷിക്കാന്‍ ആകും എന്നും ആലോചിക്കേണ്ടതുണ്ട്. ഇതിനുമുമ്പും നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടെങ്കിലും വീണ്ടും അടിമത്തത്തിലേക്ക് പോകുന്ന അവസ്ഥയും ഉണ്ടായി. ആദ്യം മുസ്ലീ ങ്ങളും പിന്നീട് ഇംഗ്ലീഷുകാരും നമ്മുടെ സ്വാതന്ത്ര്യം പിടിച്ചെടുത്തു. ഉന്നതവര്‍ഗ്ഗങ്ങള്‍ക്ക് സ്വാതന്ത്ര്യം എത്രത്തോളം ആവശ്യമുണ്ടോ അത്രത്തോളംതന്നെ താണവര്‍ഗ്ഗങ്ങള്‍ക്കും ഉണ്ട്. എന്നാല്‍ വീണ്ടും അന്യരുടെ കൈയില്‍ പെട്ടുപോവുകയാണെങ്കില്‍ അത് ദുര്‍ഭാഗ്യം തന്നെയാകും. അതുകൊണ്ട് ഈ നാടിന്റെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കര്‍ത്തവ്യമാണെന്ന് കണക്കാക്കണം. ഈ നാട്ടില്‍ ഇംഗ്ലീഷുകാര്‍ ഭരണം നടത്തുകയായിരുന്നു. അപ്പോള്‍ ആര്‍ക്ക്, എന്ത് അധികാരം നല്‍കണം, ഏതു പാര്‍ട്ടിക്ക് അധികാരം നല്‍കണം എന്നതെല്ലാം അവരുടെ കൈയില്‍ ആയിരുന്നു. അന്ന് നാം മറ്റു പാര്‍ട്ടികളില്‍ നിന്ന് അകന്നുനിന്നു. ഇപ്പോള്‍ ഇംഗ്ലീഷുകാര്‍ ഇവിടെനിന്നു പോയിരിക്കുന്നു. അതുകൊണ്ട് മറ്റു പാര്‍ട്ടികളുമായി സഹാനുഭൂതിയോടെയുള്ള പെരുമാറ്റമാണ് വേണ്ടത്. നിയമപരമായ രീതിയില്‍ നമുക്കു പുരോഗതി വേണമെങ്കില്‍ നാം ഏതെങ്കിലും ഒക്കെ പാര്‍ട്ടികളുമായി, അല്ലെങ്കില്‍ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണം. ഇതിന്റെയര്‍ത്ഥം നാം മുന്‍പുണ്ടായിരുന്ന ശത്രുതകള്‍ മറക്കണം എന്നു തന്നെയാണ്. മുമ്പത്തെപ്പോലെ ഒറ്റയ്ക്ക് മുന്നേറാം എന്ന നയംകൊണ്ട് ഇനി പ്രയോജനമില്ല!’ (ഡോക്ടര്‍ അംബേദ്കര്‍ സാമൂഹ്യ വിപ്ലവയാത്ര – ദത്തോപന്ത് ഠേംഗ്ഡി)

കാലങ്ങള്‍ക്കുമുന്‍പുള്ള സമുദായ അകല്‍ച്ചയും സ്പര്‍ദ്ധയും മാറ്റിവെച്ച് പുതിയ സമാജജീവിതം കെട്ടിപ്പടുക്കാനാണല്ലോ നമ്മുടെ ആചാര്യന്മാരും നവോത്ഥാനനായകരും നമ്മളെ പഠിപ്പിച്ചത്. അതില്‍നിന്ന് നാം പിന്‍തിരിഞ്ഞുകൂടാ. അവര്‍ തെളിച്ചുതന്ന വഴിയെ നടക്കുക മാത്രമേ നാം ചെയ്യേണ്ടതുള്ളൂ. അതിനുപകരം അവരെ ആരാധിക്കുകയും അവര്‍ പറഞ്ഞ വഴി ഉപേക്ഷിക്കുകയുമാണെങ്കില്‍ നാം വീണ്ടും രാഷ്ട്രശത്രുക്കളുടെ കൈകളിലെ പാവയായി അധ:പതിക്കും. അങ്ങനെ സംഭവിക്കരുത്.
നമ്മുടെ അടിസ്ഥാന ഗ്രന്ഥങ്ങളിലെല്ലാം ഒന്നെന്ന പ്രഖ്യാപനമാണുള്ളത്. വേദങ്ങളും ഉപനിഷത്തുകളും ഭഗവദ്ഗീതയും ഇതിഹാസങ്ങളുമെല്ലാം സമരസതയുടെ തത്വങ്ങളാണ് പ്രഖ്യാപിക്കുന്നത്. ആ മുത്തുകള്‍ കണ്ടെടുത്ത് സമൂഹത്തില്‍ പ്രചരിപ്പിക്കണം, പ്രഘോഷിക്കണം. എവിടെയോ കിടക്കുന്ന ജീര്‍ണ്ണതകളുടെ ശ്ലോകവരികളെ ഉദ്ധരിക്കുന്ന വിഭജനവാദികളുടെ കാപട്യം തുറന്നുകാട്ടണം. ജാതിയുടെ വ്യാപാരികളെ സമൂഹം സ്വയം പുറംകാലുകൊണ്ട് അടിച്ചോടിക്കുന്ന തരത്തില്‍ സമൂഹത്തെ ബുദ്ധിപരമായി സജ്ജമാക്കണം. അധ:പതനമാഗ്രഹിക്കുന്നവരെല്ലാം ബുദ്ധിയെ കെടുത്തുകയാണ് ചെയ്യുക. അതിനെ അതിജീവിക്കാന്‍ എല്ലാ മേഖലകളിലും സത്യം വിളിച്ചു പറയുന്ന ബൗദ്ധികമല്ലന്മാരെ സൃഷ്ടിക്കണം. വേദം അഥവാ വിദ്യയുടെ ഉപാസകരായിരുന്നല്ലോ ഭാരതീയര്‍. ഉപാസന അസ്തമിച്ചപ്പോള്‍ സമൂഹത്തിന്റെ ഊര്‍ജ്ജസ്വലത നഷ്ടപ്പെട്ടു. ഒഴുക്കു നഷ്ടപ്പെട്ട സമാജജീവിതം അഴുക്കുചാലായി മാറിയത് നാം കണ്ടു. ബൗദ്ധികാടിമത്തം രാഷ്ട്രത്തിന്റെ അടിമത്തമായി പരിണമിച്ചു. ഇനി അത് ആവര്‍ത്തിക്കരുത്. അതുകൊണ്ട് വിദ്യോപാസന തിരിച്ചുകൊണ്ടുവരുക. അറിവിന് അയിത്തമില്ല. അവിടെ മാത്രമേ സമഭാവമുള്ളൂ. സമാജത്തില്‍ സമരസത കൊണ്ടുവരാന്‍ അറിവിന്റെ വിതരണംകൊണ്ടു സാധിക്കട്ടെ. അത് ജീവിതത്തിന്റെ അനുഭൂതിയായി മാറട്ടെ!





















