- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- സുഖ്‌ദേവും രാജ്‌ഗുരുവും (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 27)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
ഭഗത് സിംഗ്, രാജ്ഗുരു എന്നിവരോടൊപ്പം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ച ധീര വിപ്ലവകാരിയായിരുന്നു സുഖ്‌ദേവ് താപ്പര്‍. ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്ന സുഖ്‌ദേവ് നിരവധി വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. 1931 മാര്‍ച്ച് 23 ന് തന്റെ 23-ാമത്തെ വയസ്സില്‍ സുഖ്‌ദേവിനെ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു.
1907 മെയ്15 ന് പഞ്ചാബിലെ ലുധിയാനയിലാണ് സുഖ് ദേവ് ജനിച്ചത്. അച്ഛന്‍ രാംലാല്‍ താപ്പര്‍. അമ്മ റാലി ദേവി. അച്ഛന്റെ അകാല മരണശേഷം അമ്മാവനായ ലാലാ അചിന്ത് റാമാണ് സുഖ്‌ദേവിനെ വളര്‍ത്തിയത്. മറ്റൊരു അമ്മാവനായ ലാലാ ആനന്ദ് റാം ഒരു സ്വാതന്ത്ര്യ സമര പോരാളിയായിരുന്നു. സുഖ്‌ദേവ് ജനിക്കുമ്പോള്‍ അദ്ദേഹം പട്ടാള നിയമമനുസരിച്ച് ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു.
സുഖ്‌ദേവിന്റെ പ്രാഥമിക വിദ്യാഭ്യാസം ല്യാല്‍ പൂരിലായിരുന്നു. അഞ്ചാം വയസ്സില്‍ ആര്യ സ്‌കൂളില്‍ പ്രവേശനം ലഭിച്ച സുഖ്‌ദേവ് 1922 ല്‍ ഹൈസ്‌കൂള്‍ പരീക്ഷ പാസായി.
ഉപരിപഠനത്തിനു വേണ്ടിയാണ് സുഖ്‌ദേവ് ലാഹോറിലേക്കു പോയത്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ അടങ്ങാത്ത സ്വാതന്ത്ര്യദാഹമാണ് സുഖ്‌ദേവിനുണ്ടായിരുന്നത്. വിപ്ലവകാരികളുമായി സമ്പര്‍ക്കത്തില്‍ വന്നതോടെ ഭാരതത്തിന്റെ സ്വാതന്ത്ര്യം നേടുന്നതിന് ഏതറ്റംവരെയും പോകാന്‍ സുഖ്‌ദേവ് മാനസികമായി തയ്യാറായി. ഡി.എ.വി. കോളേജില്‍ പഠിക്കുമ്പോള്‍ ഭഗത് സിംഗ് അവിടെ വിദ്യാര്‍ത്ഥിയായിരുന്നു. ഭഗത് സിംഗിന്റെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ സോഷലിസ്റ്റ് റിപ്പബ്ലിക്ക് അസോസിയേഷന്റെ പ്രവര്‍ത്തനം നിലവില്‍ വന്നപ്പോള്‍ സുഖ്‌ദേവും അതില്‍ ചേരുകയും നല്ലൊരു സംഘാടകനായി മാറുകയും ചെയ്തു. ഒപ്പം നൗജവാന്‍ ഭാരത സഭയിലും അംഗമായി. ചന്ദ്രശേഖര്‍ ആസാദ്, ജതീന്ദ്രനാഥ ദാസ്, സചീന്ദ്രനാഥ് സന്യാല്‍ എന്നിവരായിരുന്നു സംഘടനയ്ക്കു പിന്നിലെ മാര്‍ഗദര്‍ശകര്‍.
പഞ്ചാബിലും ഉത്തര ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലും യാത്ര ചെയ്ത് വിപ്ലവകാരികളെ സംഘടിപ്പിക്കുന്നതില്‍ സുഖ്‌ദേവ് പ്രധാന പങ്കു വഹിച്ചു. പഞ്ചാബിലെ വിപ്ലവ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ നേതൃത്വവും ക്രമേണ അദ്ദേഹത്തിന്റെ ചുമതലയിലായി.
നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിരുന്നു സുഖ്‌ദേവ്. വിപ്ലവപ്രസ്ഥാനത്തിലേക്കു വരുന്നതിനു മുമ്പ് കൈയില്‍ ‘ഓം’ എന്ന് പച്ച കുത്തിയിരുന്നു. പക്ഷെ പിന്നീട് പോലീസിന് തിരിച്ചറിയാന്‍ ഇത് ഒരു തെളിവാകുമെന്നു കരുതി മായ്ക്കാന്‍ ശ്രമിച്ചു. കൈയില്‍ ആസിഡ് ഒഴിച്ച് മായ്ക്കാന്‍ ശ്രമിച്ചപ്പോള്‍ പൊള്ളലേറ്റു. പനിയും വന്നു. എന്നിട്ടും വിവരം ആരോടും പറഞ്ഞില്ല. സംഭവമറിഞ്ഞ ഭഗത് സിംഗും ചന്ദ്രശേഖര്‍ ആസാദും ദേഷ്യപ്പെട്ടു. ‘തിരിച്ചറിയല്‍ ചിഹ്നം നശിപ്പിക്കണം. ആസിഡിന്റെ ശക്തി അറിയുകയും വേണം.’ ഇതായിരുന്നു സുഖ്‌ദേവിന്റെ മറുപടി. ചിഹ്നം പൂര്‍ണ്ണമായി മായ്ക്കുന്നതിന് കൈയ്ക്കു കീഴെ മെഴുകുതിരി കത്തിച്ചു വെക്കാനും തയ്യാറായി.
1929 ലെ ലാഹോര്‍ ഗൂഢാലോചന കേസില്‍ ഒന്നാം പ്രതിയായത് സുഖ്‌ദേവാണ്. ബ്രിട്ടീഷുകാരെ ഞെട്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ലാഹോറിലെ സെന്‍ട്രല്‍ അസംബ്ലി ഹാളില്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ ഭഗത് സിംഗിനും രാജ്ഗുരുവിനുമൊപ്പം സുഖ്‌ദേവും ഉണ്ടായിരുന്നു. അസംബ്ലിയിലെ ബോംബു സ്‌ഫോടനത്തിനു ശേഷവും ഒളിവിലിരുന്നുകൊണ്ട് സുഖ്‌ദേവ് വിപ്ലവപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. യശ്പാലിന്റെയും മറ്റു സഹപ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഒരു ബോംബു ഫാക്ടറി സ്ഥാപിച്ചു. ഇത് പോലീസ് കണ്ടെത്തുകയും സുഖ്‌ദേവിനെ അറസ്റ്റു ചെയ്യുകയും ചെയ്തു.
ജയിലില്‍ അടയ്ക്കപ്പെട്ട സുഖ്‌ദേവ് തടവുകാരോടുള്ള മനുഷ്യത്വരഹിതമായ സമീപനത്തില്‍ പ്രതിഷേധിച്ചു നടന്ന നിരാഹാര സമരത്തിലും പങ്കെടുത്തു. വിചാരണ വേളയില്‍ തന്റെ കേസിന്റെ കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തി. കാരണം ശത്രുവിന്റെ കോടതിയില്‍ നിന്നും അദ്ദേഹം നീതി പ്രതീക്ഷിച്ചിരുന്നില്ല. 1931 മാര്‍ച്ച് 23 ന് തന്റെ പ്രിയ സഹപ്രവര്‍ത്തകരായ ഭഗത് സിംഗിന്റെയും രാജ്ഗുരുവിന്റെയും ഒപ്പം സുഖ്‌ദേവിനെയും ലാഹോര്‍ ജയിലില്‍ തൂക്കിലേറ്റി. വധശിക്ഷക്കു മുമ്പ് സുഖ്‌ദേവ് വിപ്ലവ സമരതന്ത്രത്തെ തള്ളിപ്പറഞ്ഞതില്‍ പ്രതിഷേധിച്ച് മഹാത്മാഗാന്ധിക്ക് ഒരു കത്തെഴുതിയിരുന്നു. 1931 ഏപ്രില്‍ 23ന്റെ ‘യംഗ് ഇന്ത്യ’യില്‍ ഈ കത്ത് പ്രസിദ്ധീകരിക്കപ്പെട്ടു.
വിപ്ലവപ്രസ്ഥാനത്തിന്റെ വ്യാപ്തിയും ശക്തിയും അതില്‍ പ്രകടമാണ്. 1915 മുതല്‍ തടവിലാക്കപ്പെട്ട ഡസന്‍ കണക്കിന് ഗദര്‍ പാര്‍ട്ടി തടവുകാര്‍ ഇപ്പോഴും ജയിലുകളില്‍ നരകിക്കുകയാണെന്ന് സുഖ്‌ദേവ് ഗാന്ധിജിക്കെഴുതി. കൂടാതെ നിരവധി കേസുകളിലായി അനേകം വിപ്ലവകാരികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെ ജയിലിലുണ്ടായിരുന്നു. അര ഡസനിലധികം തടവുകാര്‍ വധശിക്ഷ കാത്തു കഴിയുകയായിരുന്നു. ഈ സാഹചര്യത്തില്‍ വിപ്ലവകാരികളുമായി ചര്‍ച്ച നടത്തി അവരെ സമാധാന സമരങ്ങളിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്മാറാന്‍ സുഖ്‌ദേവ് ഗാന്ധിജിയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ് ഈ കത്ത്.
ശിവറാം രാജ്ഗുരു
ഭഗത് സിംഗിനൊപ്പം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് ശ്രദ്ധേയനായ വിപ്ലവകാരിയാണ് ശിവറാം രാജ്ഗുരു. ലാലാ ലജ്പത് റായിയെ മര്‍ദ്ദിച്ചു കൊന്നതിനു പകരംവീട്ടാന്‍ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ സാന്‍ഡേഴ്‌സനെ വെടിവെച്ച വ്യക്തിയെന്ന നിലയിലാണ് സ്വാതന്ത്ര്യ സമരചരിത്രത്തില്‍ രാജ്ഗുരു ഓര്‍മ്മിക്കപ്പെടുന്നത്. ഭഗത് സിംഗിനെ കുറിച്ചുള്ള അദ്ധ്യായത്തില്‍ ഈ സംഭവം വിവരിച്ചിട്ടുണ്ടല്ലോ.
സാന്‍ഡേഴ്‌സന്‍ വധത്തിനു ശേഷം ഭഗത് സിംഗും രാജ്ഗുരുവും ചന്ദ്രശേഖര്‍ ആസാദും മറ്റു വിപ്ലവകാരികളും ലാഹോറില്‍ തന്നെ ഒളിവില്‍ കഴിയുകയായിരുന്നു. അവരെ പിടികൂടാനായി പോലീസ് നഗരം മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇനിയും അവിടെ കഴിയുന്നത് സുരക്ഷിതമല്ലെന്നു കരുതി സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ അവര്‍ തീരുമാനിച്ചു.
ഭഗത് സിംഗും കൂട്ടരും പോലീസിനെ വെട്ടിച്ച് ലാഹോറില്‍ നിന്നു രക്ഷപ്പെട്ടത് വളരെ സമര്‍ത്ഥമായാണ്. ഒരു ദിവസം വൈകുന്നേരം ലാഹോര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ കാറില്‍ നിന്ന് ഒരു അമേരിക്കക്കാരന്‍ പുറത്തിറങ്ങി. ഇന്ത്യക്കാരനായ ഒരു പരിചാരകനും ഒരു മദാമ്മയും അയാളെ അനുഗമിച്ചു. പ്ലാറ്റ്‌ഫോമില്‍ ഒരു സന്യാസിയും ഉണ്ടായിരുന്നു. തീവ്രവാദികളെ പിടിക്കാന്‍ വലവിരിച്ചു നിന്ന പോലീസിന്റെയും സിഐഡിമാരുടെയും ഇടയിലൂടെ അവര്‍ നടന്ന് ട്രെയിന്‍ കയറി. അമേരിക്കന്‍ വേഷത്തിലെത്തിയത് ഭഗത് സിംഗായിരുന്നു. പരിചാരകന്‍ രാജ്ഗുരുവും മദാമ്മ ദുര്‍ഗാ ദാബിയുമായിരുന്നു. സന്യാസിവേഷത്തിലെത്തിയത് ചന്ദശേഖര്‍ ആസാദായിരുന്നു.
1908 ആഗസ്റ്റ് 24 ന് പൂനെയിലാണ് ശിവറാം ഹരി രാജ്ഗുരു ജനിച്ചത്. രാജ്ഗുരു എന്നത് കുടുംബപേരാണ്. അച്ഛന്‍ ഹരി രാജ്ഗുരുവും അമ്മ പാര്‍വതി ദേവിയും ശിവറാമിന് ആറു വയസ്സുള്ളപ്പോള്‍ മരിച്ചു. മൂത്ത സഹോദരനായ ദിന്‍ കര്‍ ഹരി രാജ്ഗുരു അവനെ പൂനെയിലെ ഒരു മറാത്തി വിദ്യാലയത്തില്‍ ചേര്‍ത്തെങ്കിലും പഠനത്തേക്കാള്‍ അവന് താല്പര്യം സ്‌പോര്‍ട്‌സിലായിരുന്നു. 1924 ല്‍ ആരോടും പറയാതെ വീടുവിട്ടിറങ്ങി. കൈയില്‍ ആകെ ഉണ്ടായിരുന്നത് ഒന്‍പത് പൈസ മാത്രം. 130 കിലോമീറ്റര്‍ നടന്ന് നാസിക്കിലെത്തിയ ശിവറാം പിന്നീട് കാല്‍നടയായും തീവണ്ടിയിലുമായി ത്സാന്‍സി, കാണ്‍പൂര്‍, ലക്‌നൗ വഴി കാശിയില്‍ എത്തി. ഒരു സംസ്‌കൃത വിദ്യാലയത്തില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കി. പ്രൈമറി സ്‌കൂളില്‍ ജോലി നേടിയെങ്കിലും പത്രപ്രവര്‍ത്തകനും വിപ്ലവകാരിയുമായ മുനേശ്വര്‍ അവസ്തിയുമായി സമ്പര്‍ക്കത്തില്‍ വരികയും വിപ്ലവ സംഘടനയില്‍ അംഗമാകുകയും ചെയ്തു.
രാജ്ഗുരു കരുത്തുള്ള സ്വഭാവത്തിന്റെ ഉടമയായിരുന്നു. അചഞ്ചലനായിരുന്നു. അദ്ദേഹം ഏറ്റെടുത്ത ചുമതലകള്‍ കഴിവിന്റെ പരമാവധി കൃത്യതയോടെ നിറവേറ്റി. വിപ്ലവ സംഘടനയില്‍ വളരെയേറെ വിശ്വസ്തനുമായിരുന്നു. നിരവധി പ്രവിശ്യകളില്‍ രാജ്ഗുരു സംഘടനയുടെ ഘടകങ്ങള്‍ സ്ഥാപിച്ചു. ഭക്ഷണമില്ലാതെ ദിവസങ്ങളോളം കഴിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതേസമയം തന്റെ സഹപ്രവര്‍ത്തകര്‍ പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്തു.
സാന്‍ഡേഴ്‌സന്‍ വധത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞ രാജ്ഗുരു വിപ്ലവ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു. ജനങ്ങളെ കര്‍മനിരതരാക്കാന്‍ സാന്‍ഡേഴ്‌സന്‍ വധവും അദ്ദേഹം അവരോട് വിവരിക്കാറുണ്ടായിരുന്നു. ഒരു സി.ഐ.ഡി. ഏജന്റായ ശരത് കേഷ്‌കര്‍ രാജ്ഗുരുവുമായി സൗഹൃദത്തിലായി. അയാള്‍ രഹസ്യ വിവരങ്ങളെല്ലാം ചോര്‍ത്തിയ ശേഷം പോലീസിനെ വിവരമറിയിച്ചു. 1928 സപ്തംബര്‍ 30 ന് പൂനെയിലെ ഒരു മോട്ടോര്‍ ഗ്യാരേജില്‍ വെച്ച് പോലീസ് രാജ്ഗുരുവിനെ അറസ്റ്റ് ചെയ്തു.
ഭഗത് സിംഗിനും സുഖ് ദേവിനുമൊപ്പം 1931 മാര്‍ച്ച് 23 നാണ് രാജ്ഗുരുവിനെ തൂക്കിലേറ്റിയത്. ആ ദിവസം വൈകുന്നേരം ജയില്‍ അധികൃതര്‍ തന്റെ തടവറയില്‍ എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മരിക്കാനുള്ള ഞങ്ങളുടെ സമയം സമാഗതമായിരിക്കുന്നു. ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ മൂന്നു ധീരരായ സഹപ്രവര്‍ത്തകരെ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി തൂക്കിലേറ്റും. അവര്‍ അനശ്വരരായിത്തീരും. വന്ദേമാതരം.’
(തുടരും)