ഭാഗവതത്തിന്റെ രചനയെക്കുറിച്ച് സത്യാര്‍ത്ഥപ്രകാശത്തില്‍ കൊടുത്തിട്ടുള്ള മറ്റൊരു വാദഗതി ഇനിപ്പറയുന്നു.
‘നീലകണ്ഠകൃതമായ ദേവിഭാഗവത ടികയുടെ മുഖവുരയില്‍ വിഷ്ണുഭാഗവതം ബോപദേവ കൃതമിതിവദന്തി എന്നാണ്. ഷാജഹാന്റെ സമകാലികനായ കവിന്ദ്രാചാര്യന്റെ പുസ്തക സൂചി പ്രതത്തില്‍ (ബറോഡയില്‍ അച്ചടിച്ചത്) ബോപ ദേവ കൃതമായ ഭാഗവതം എന്നു കാണുന്നുണ്ട്.’
ഈ വാദത്തിന്റെ നിലയെന്തെന്ന് നോക്കാം: മുക്താഫല, ഹരിലീല, പരമഹംസപ്രിയ എന്നീ മൂന്ന് കൃതികളാണ് ശ്രീമദ് ഭാഗവതത്തെ അവലംബിച്ച് ബോപദേവന്‍ രചിച്ചിട്ടുള്ളത്. കൈവല്യദീപിക എന്ന പേരില്‍ മുക്താഫലയ്ക്ക് ഒരു വ്യാഖ്യാനം മന്ത്രി ഹേമാദ്രി രചിച്ചിട്ടുണ്ട്. കൈവല്യദീപികയുടെ ഉപസംഹാരത്തില്‍ ബോപദേവന്റെ കൃതികളെ ഹേമാദ്രി എണ്ണിപ്പറയുന്നുണ്ട്. [Muktaphala & Kaivalyadipika with Critical Notes and Introduction by Durgamohan Bhattacharya, Calcutta Oriental Series No.5, 1944].
‘യസ്യ വ്യാകരണേ വരേണ്യഘടനാ സ്ഫീതാ പ്രബന്ധാ ദശ:
പ്രഖ്യാതാ നവ വൈദ്യകേങ്കഥ തിഥിനിര്‍ധാരാര്‍ത്ഥം ഏകോത്ഗത:
സാഹിത്യേ ത്രയ ഏവ ഭാഗവതതത്വോക്തോ ത്രയഃതസ്യ ച
ഭൂഗീര്‍വാണ ശിരോമണേരിഹ ഗുണാ കേകേ ന ലോകോത്തര:’
ബോപദേവനാണ് ശ്രീമദ് ഭാഗവതം രചിച്ചതെങ്കില്‍ സമകാലീനനായിരുന്ന ഹേമാദ്രിയുടേതായ മേല്‍ ശ്ലോകത്തില്‍ ഭാഗവതവും ബോപദേവകൃതിയായി പരാമര്‍ശിക്കപ്പെടുമായിരുന്നു. എന്നാല്‍ ബോപദേവന്റേതായി ഭാഗവത തത്വനിരൂപണാത്മകമായ മൂന്ന് കൃതികള്‍ – ‘ഭാഗവതതത്വോക്തോ ത്രയഃ’ – എന്നാണവിടെ പ്രസ്താവിച്ചിരിക്കുന്നത്. ഭാഗവത തത്വനിരൂപണാത്മകമായ മുക്താഫലയുടെ വ്യാഖ്യാനമായി ഹേമാദ്രി കൈവല്യദീപിക രചിച്ചതിന് ശേഷമാണ് ബോപദേവന്‍ ഭാഗവതം രചിച്ചതെന്ന് പറഞ്ഞാല്‍ പിതാവിന് മുമ്പേ ജനിച്ച പുത്രന്‍ എന്ന് പറയുന്നത് പോലെ യുക്തിഹീനമാകും. മാത്രമല്ല കൈവല്യദീപികയില്‍ സിദ്ധാന്തം സമര്‍ത്ഥിക്കാനായി പലയിടങ്ങളിലും ഭാഗവതശ്ലോകങ്ങള്‍ പ്രമാണമായി ഹേമാദ്രി ഉദ്ധരിക്കുന്നുണ്ട്. തന്റെ സമകാലീനനായ ബോപദേവന്റെ കൃതിയായിരുന്നുവെങ്കില്‍ ഭാഗവതത്തിന് ഹേമാദ്രി സിദ്ധാന്ത പ്രാമാണ്യത കല്പിക്കുമായിരുന്നില്ല.
ബോപദേവന്റെ സമകാലീനനായ ഹേമാദ്രി നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ വെളിച്ചത്തില്‍, നീലകണ്ഠന്‍, കവിന്ദ്രാചാര്യന്‍ തുടങ്ങിയവരുടെ പില്‍ക്കാല പരാമര്‍ശങ്ങള്‍ നിഷ്പ്രയോജനങ്ങളായി ഭവിക്കുന്നുവെന്ന് വ്യക്തമാണല്ലോ. ഭാഗവതകാരനായ ബോപദേവന്‍ എന്ന കല്പന മുഖവിലയ്‌ക്കെടുക്കേണ്ടുന്ന ഒന്നല്ല എന്ന വസ്തുതയ്ക്ക് ഇതിന്മേല്‍ തെളിവുകളുടെ ആവശ്യമില്ലല്ലോ.
പത്താം ശതാബ്ദം
1920 ല്‍ Farquhar എന്ന ചരിത്രകാരന്‍ ഭാഗവതകാരനായ ബോപദേവനെന്ന വാദത്തിന്റെ നിരര്‍ത്ഥകതയെ തുറന്നു കാട്ടി. ഇതിനായി ബോപദേവന് അര നൂറ്റാണ്ട് മുന്‍പ് ജീവിച്ചിരുന്ന വൈഷ്ണവ പരമ്പരയിലെ മധ്വാചാര്യര്‍ ഭാഗവതപുരാണത്തെ അടിസ്ഥാനമാക്കി ശുദ്ധദ്വൈതമതമെന്ന തന്റെ സമ്പ്രദായത്തെ സ്ഥാപിച്ചതിനെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് [Farquhar, J. N., An Outline of the Religious Literature of India, p. 231, 1920].
ഒമ്പതാം നൂറ്റാണ്ടാവാം ഭാഗവത രചനാകാലമെന്ന പൗരസ്ത്യപൈതൃക ഗവേഷകനായിരുന്ന എഫ്.ഇ.പര്‍ഗിറ്ററുടെ (1922) അഭിപ്രായത്തെ ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ അനുകൂലിച്ചിരുന്നു [Pargiter, Ancient Indian Historical Tradition. London, Oxford University Press, 1922].-
മറാത്തി ചരിത്രകാരനായിരുന്ന സി.വി.വൈദ്യ, റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധത്തില്‍ പത്താം നൂറ്റാണ്ടിലാകാം ഭാഗവത രചന നടന്നതെന്ന്, അഭിപ്രായപ്പെട്ടു [C.V. Vaidya, Journal of the Bombay Branch of the Royal Asiatic Society, 1925]
ദ്വൈതസിദ്ധാന്തിയായ മധ്വാചാര്യരുടെ സൈദ്ധാന്തിക സ്വാധീനം ഭാഗവതത്തില്‍ ഇല്ലായെന്നതാണ് ഭാഗവതത്തിന് പ്രസ്തുത പഴക്കം കല്‍പ്പിക്കാന്‍ സി.വി.വൈദ്യ എടുത്തുകാണിക്കുന്ന കാരണങ്ങളിലൊന്ന്. ബുദ്ധനെ ദശാവതാരങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാലും സാംഖ്യാചാര്യനായ കപിലനെ വിഷ്ണുവിന്റെ അവതാരമായി പരാമര്‍ശിക്കുന്നതിനാലും ശങ്കരാചാര്യരുടെ കാലഘട്ടമായ എട്ടാം നൂറ്റാണ്ടിനും ഏറെ കാലങ്ങള്‍ക്ക് ശേഷം ഉണ്ടായ കൃതിയാണ് ഭാഗവതമെന്നും വൈദ്യ അഭിപ്രായപ്പെടുന്നു. എന്നാല്‍ മഹാഭാരതത്തിലും (ശാന്തിപര്‍വം 348, 42 – 43) ശ്രീബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി അവതരിപ്പിച്ചിട്ടുള്ളതിനാല്‍ പ്രസ്തുത മാനദണ്ഡം യുക്തമല്ലായെന്ന് ജെ.എല്‍. ശര്‍മ്മ തുടങ്ങിയവര്‍ വാദിച്ചു. ഭാഗവതപുരാണത്തിന് മധ്വാചാര്യരുടെ കാലത്തുണ്ടായിരുന്ന പ്രാമാണ്യതയെ ആസ്പദമാക്കി, ഭാഗവതം രചിക്കപ്പെട്ടത് പത്താം നൂറ്റാണ്ടിലാകാമെന്ന നിര്‍ദ്ദേശം ചരിത്രകാരനായ ഭണ്ഡാര്‍ക്കര്‍(R.G.Bhandarkar, Vaisnavism, Saivism, Minor Religious Systems, 1965 p.49.) 1965 ല്‍ അവതരിപ്പിച്ചു. ചരിത്രകാരന്മാരായ ദാസ്ഗുപ്തയും വിന്റര്‍നിട്‌സും ഈ അഭിപ്രായത്തെ പിന്താങ്ങി.
മധ്വാചാര്യര്‍ ഭാഗവതത്തിന് രചിച്ച ഭാഷ്യമാണ് ‘ഭാഗവത താത്പര്യ നിര്‍ണ്ണയം’. മധ്വാചാര്യരുടെ ജീവിതകാലം സി.ഇ 1238-1317 ആണ്. ബോപദേവന്റെ സമകാലീനനായിരുന്ന ഹേമാദ്രിയുടെ കാലഘട്ടമാകട്ടെ സി.ഇ 1260-1309. ഭാഗവതം ബോപദേവകൃതിയായിരുന്നുവെങ്കില്‍ ‘ഭാഗവത താത്പര്യ നിര്‍ണ്ണയം’ എന്ന വിപുലമായ ഭാഷ്യം മധ്വാചാര്യര്‍ രചിക്കുമായിരുന്നില്ല എന്ന് ഇതിനാല്‍ തന്നെ വ്യക്തമാണല്ലോ. വ്യാസകൃതമാണ് ഭാഗവതമെന്ന് മധ്വാചാര്യരുടെ ഗീതാഭാഷ്യത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. മാത്രമല്ല മധ്വാചാര്യരുടെ കാലത്ത് ഭാഗവതത്തിന് ചില പാഠാന്തരങ്ങളുണ്ടായിരുന്നുവെന്ന വസ്തുത നാരായണ പണ്ഡിതാചാര്യ (സി.ഇ 1350) രചിച്ച മധ്വാചാര്യരുടെ ജീവചരിത്രഗ്രന്ഥമായ ‘മാധവവിജയ’ത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. (മാധവവിജയം – IV, 49 52).
എട്ടാം ശതാബ്ദത്തിലെ അദ്വൈതവേദാന്ത ആചാര്യനായ ശങ്കരാചാര്യരുടെയും (700 ? 750 ? സി.ഇ), പന്ത്രണ്ടാം ശതാബ്ദത്തിലെ (1017-137 സി.ഇ.) വൈഷ്ണവ ആത്മീയാചാര്യനായിരുന്ന രാമാനുജാചാര്യരുടെയും കൃതികളില്‍ ഭാഗവതത്തെ പരാമര്‍ശിച്ചു കാണുന്നില്ല എന്നതുകൊണ്ട് ഇവര്‍ക്ക് ശേഷമാണ് ഭാഗവതം രചിക്കപ്പെട്ടതെന്ന വാദം പ്രഥമദൃഷ്ട്യാ ഗണനീയമെന്നു തോന്നാമെങ്കിലും മറ്റു അനുബന്ധ തെളിവുകള്‍ കൂടി പരിശോധിക്കാതെ ഒരു അന്തിമ നിര്‍ണ്ണയത്തിലെത്താനാകില്ല.
ശങ്കരാചാര്യര്‍ വേദങ്ങളെയാണ് പരമപ്രമാണമായി സ്വീകരിച്ചത്. അദ്ദേഹത്തിന്റേതായ പ്രസ്ഥാനത്രയ ഭാഷ്യങ്ങളില്‍ ശ്രുതിപ്രമാണങ്ങള്‍ക്ക് പുറമെ മഹാഭാരതം, ബ്രാഹ്‌മണങ്ങള്‍, സ്മൃതിഗ്രന്ഥങ്ങള്‍ തുടങ്ങിയ സ്മൃതി പ്രമാണങ്ങളെയും ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൃതികളില്‍ ചുരുക്കം ചിലയിടങ്ങളില്‍ മാത്രമേ പുരാണങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ കാണാനാകൂ. ഗീതാ ഭാഷ്യത്തില്‍ ‘ഭഗവാന്‍’ എന്ന ശബ്ദത്തെ നിര്‍വചിക്കുന്നതിന് വിഷ്ണുപുരാണത്തില്‍ നിന്ന് പ്രമാണശ്ലോകം അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ബ്രഹ്‌മസൂത്രഭാഷ്യത്തില്‍ പുരാണങ്ങളും ഇതിഹാസങ്ങളും ഏവര്‍ക്കും അദ്ധ്യയനം ചെയ്യാവുന്നതാണെന്ന് അദ്ദേഹം സാമാന്യമായി പ്രസ്താവിക്കുന്നുണ്ട്. പുരാണങ്ങള്‍ക്ക് ശങ്കരാചാര്യര്‍ പൊതുവില്‍ അമിത പ്രാധാന്യം നല്കിയിട്ടില്ലാത്ത സ്ഥിതിക്ക് ഭാഗവത പുരാണത്തെക്കുറിച്ച് മൗനം പാലിച്ചത് കൊണ്ട് മാത്രം അദ്ദേഹത്തിന്റെ കാലശേഷമാണ് ഭാഗവതം രചിക്കപ്പെട്ടതെന്നത് അത്ര ബലവത്തായ അനുമാനമല്ല.
വൈഷ്ണവ സമ്പ്രദായത്തിലെ പ്രധാന ഗ്രന്ഥമായ ഭാഗവതം വൈഷ്ണവാചാര്യനായ രാമാനുജന്റെ കാലത്തുണ്ടായിരുന്നെങ്കില്‍ അദ്ദേഹം അതിനെ പ്രമാണമാക്കാതിരിക്കില്ല എന്നതാണ് ഭാഗവതപുരാണം രാമാനുജാചാര്യന് ശേഷമുണ്ടായ കൃതിയാണെന്ന് കരുതുന്നവര്‍ ഉന്നയിക്കുന്ന വാദം. മറ്റൊരു പ്രമാണ ഗ്രന്ഥത്തില്‍ നിന്നുള്ള ഉദ്ധരണികളുടെ അഭാവം കൊണ്ട് മാത്രം ആ ഗ്രന്ഥത്തെപ്പറ്റി ഗ്രന്ഥകാരന്‍ അജ്ഞനായിരുന്നുവെന്നു കരുതാനാകില്ല. അദ്ധ്യാത്മിക സിദ്ധാന്തപരമായ കാരണങ്ങള്‍ കൊണ്ടാവാം ഭാഗവതത്തെക്കുറിച്ച് രാമാനുജാചാര്യര്‍ നിശ്ശബ്ദനായത്. രാമാനുജാചാര്യന്‍ പാഞ്ചരാത്ര ആഗമ സമ്പ്രദായത്തിന്റെ പ്രചാരകനായിരുന്നതിനാല്‍ അദ്വൈത വേദാന്തപരമായ അനവധി ആഖ്യാനങ്ങളുള്ള ഭാഗവതത്തെയപേക്ഷിച്ച് വിഷ്ണുപുരാണത്തെയാണ് അദ്ദേഹം പ്രമാണമായി സ്വീകരിച്ചതെന്നു ന്യായമായും കരുതാം. പാഞ്ചരാത്ര സിദ്ധാന്തത്തിന് സ്വീകാര്യമല്ലാത്ത ശൈവ-വൈഷ്ണവ സമന്വയപരമായ ആഖ്യാനങ്ങളുള്ളതിനാലും ഭാഗവതത്തെ അദ്ദേഹം അവഗണിച്ചുവെന്ന് ഊഹിക്കാം. വൈകുണ്ഠവാസിയായ ശ്രീമന്നാരായണനാണ് പരബ്രഹ്‌മമെന്ന സിദ്ധാന്തം പിന്തുടര്‍ന്ന അദ്ദേഹത്തിന് ശ്രീകൃഷ്ണനെ പരബ്രഹ്‌മമായി അവതരിപ്പിക്കുന്ന ഭാഗവതം പ്രമാണമായിരുന്നിരിക്കില്ല. മാത്രമല്ല, രാമാനുജാചാര്യരുടെ വേദാന്ത തത്വസാരം എന്ന കൃതിയില്‍ ഭാഗവത പുരാണത്തിലുള്ള (10.8.7) വേദസ്തുതി ഉദ്ധരിച്ചിട്ടുള്ളതിനാല്‍ രാമാനുജാചാര്യന്‍ ഭാഗവതത്തെ പരാമര്‍ശിച്ചിട്ടില്ല എന്ന വാദം വ്യര്‍ത്ഥവുമാണ് [The Date of Bhagavata Purana, B.N. Krishnamurti Sarm-a, Annals of the Bhandarkar Oriental Research Institute of Poona Vol. XIV, 193233].
രാമാനുജാചാര്യരുടെ ഭാഗവതാവലംബമെന്ന മാനദണ്ഡത്തെ പരിഗണിക്കാതെ തന്നെ ഭാഗവതം പത്താം നൂറ്റാണ്ടിനു മുമ്പ് പ്രചാരത്തിലിരുന്നുവെന്ന് തെളിയിക്കുന്ന ഒന്നാണ് അറേബ്യന്‍ പണ്ഡിതനായ അല്‍-ബിറൂനിയുടെ (1030 സി.ഇ.) താരിഖ് അല്‍-ഹിന്ദ് എന്ന കൃതി. പ്രസ്തുത കൃതിയില്‍ വിഷ്ണു പുരാണത്തെ ആസ്പദമാക്കി പതിനെട്ട് പുരാണങ്ങളുടെ നാമാവലി ചേര്‍ത്തിരിക്കുന്നതില്‍ അഞ്ചാമതായി ഭാഗവത പുരാണത്തെ അല്‍-ബിറൂനി പേരെടുത്ത് പറയുന്നുണ്ട്. – [Sachau, Alberuni’s India, Vol. I, p. 131]. ഇതിന് പുറമെ പത്താം നൂറ്റാണ്ടിലെ കാശ്മീരി ശൈവ സിദ്ധാന്ത ആചാര്യനായ അഭിനവ ഗുപ്തന്റെ ഗീതാവ്യാഖ്യാനത്തില്‍ ഭാഗവതപുരാണത്തെ പേരെടുത്ത് പരാമര്‍ശിച്ചുകൊണ്ട് ശ്ലോകങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നതില്‍ നിന്നും ഭാഗവതപുരാണം പത്താം നൂറ്റാണ്ടിനു മുമ്പ് പ്രസിദ്ധമായിരുന്നുവെന്ന് തെളിയുന്നുണ്ട്.
അഞ്ചും ആറും ശതകങ്ങള്‍
ഭാഗവതപുരാണത്തിന്റെ രചനാകാലം അഞ്ചും ആറും നൂറ്റാണ്ടുകളിലാകാമെന്ന നിഗമനത്തിലെത്തിയ ഏതാനും പഠനങ്ങള്‍ ഇനി പരിശോധിക്കാം. ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗൗഡപാദാചാര്യന്റെ പ്രശിഷ്യനാണ് ശങ്കരാചാര്യര്‍ എന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഗൗഡപാദാചാര്യരുടെ കൃതികളായ ഉത്തരഗീതാഭാഷ്യത്തിലും സാംഖ്യകാരികാ-വൃത്തിയിലും ഭാഗവതത്തെ പരാമര്‍ശിക്കുകയും ശ്ലോകങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ ആറാം നൂറ്റാണ്ടിനും മുമ്പ് ഭാഗവതം പ്രചാരത്തിലിരുന്നുവെന്ന് കൃഷ്ണമൂര്‍ത്തി ശര്‍മ്മ സിദ്ധാന്തിക്കുന്നു [The Date of Bhagavata Purana, B.N. Krishnamurti Sarma, Annals of the Bhandarkar Orienta-l Research Institute of Poona Vol. XIV, 1932-33].
എന്നാല്‍ ഉത്തരഗീതാഭാഷ്യത്തിലെ പ്രസ്തുത ഭാഗവത ശ്ലോകങ്ങള്‍ പ്രാചീന കൈയെഴുത്ത് പ്രതികളിലില്ലാത്തതിനാല്‍ പില്‍ക്കാല കൂട്ടിച്ചേര്‍ക്കലുകളാകാമെന്ന് ഡോക്ടര്‍ രാജേന്ദ്ര ചന്ദ്ര ഹസ്ര തന്റെ പഠനത്തില്‍ അഭിപ്രായപ്പെടുന്നു. ഭാഗവതത്തില്‍ തമിഴ് വൈഷ്ണവരായ ആഴ്‌വാര്‍മാരെപ്പറ്റി പതിനൊന്നാം സ്‌കന്ധത്തിലും (XI, 5, 3840) വൈഷ്ണവസമ്പ്രദായം സ്വീകരിച്ച ഹൂണവംശീയരെപ്പറ്റി രണ്ടാം സ്‌കന്ധത്തിലും (II, 4, 18; II, 7, 46) പരാമര്‍ശങ്ങളുള്ളതിനാല്‍ ആറാം നൂറ്റാണ്ടിന്റെ ആദ്യപകുതിയാകാം ഭാഗവത രചനാകാലമെന്നാണ് ഹസ്രയുടെ അനുമാനം. [HAZRA R.C.,The Bhagavata Purana, New Indian Antiquary Vol 1, 1938, P-522-528].
(തുടരും)