ക്വട്ടേഷന്‍ സംഘത്തെ തള്ളിപ്പറയുന്നവര്‍ക്ക് വല്ല അവാര്‍ഡും ഉണ്ടെങ്കില്‍ അതു കിട്ടേണ്ടത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ്. താന്‍ മാത്രമേ ക്വട്ടേഷന്‍ സംഘത്തെ തള്ളിപ്പറഞ്ഞിട്ടുള്ളു എന്ന് അദ്ദേഹം നെഞ്ചുവിരിച്ച് പ്രഖ്യാപിച്ചിരിക്കയാണ്. അദ്ദേഹത്തിന്റെതായി വെളിപ്പാടുകള്‍ വേറെയുമുണ്ട്. ക്വട്ടേഷന്‍ സംഘത്തിന് രാഷ്ട്രീയമില്ല എന്നതായിരുന്നു അതിലൊന്ന്. എല്ലാപാര്‍ട്ടിയിലും ക്വട്ടേഷന്‍ സംഘങ്ങളുണ്ട് എന്നതാണ് രണ്ടാമത്തേത്. മുമ്പ് ഇസ്ലാമിക വര്‍ഗ്ഗീയത എന്നു കേട്ടപ്പോള്‍ വര്‍ഗ്ഗീയതക്ക് മതമില്ല, എല്ലാമതത്തിലും വര്‍ഗ്ഗീയവാദികള്‍ ഉണ്ട് എന്ന് സിദ്ധാന്തിച്ച് ഇസ്ലാമിക വര്‍ഗ്ഗീയതയെ ന്യായീകരിച്ചില്ലേ, അതുപോലുള്ള മാര്‍ക്‌സിയന്‍ ദര്‍ശനം. ഈ വെളിപാടിനും ക്വട്ടേഷന്‍ സംഘത്തെ വെല്ലുവിളിക്കാനുള്ള ധീരതയ്ക്കും അവാര്‍ഡു നല്‍കുക തന്നെ വേണം.
മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉണ്ട് എന്നു സഖാവ് ജയരാജന്‍ സമ്മതിക്കുന്നു. സഖാവ് അടിച്ചുവാരി കോരി പുറത്തുകളഞ്ഞ ക്വട്ടേഷന്‍ മാലിന്യങ്ങള്‍ മറ്റൊരു ജയരാജന്റെ കാന്തിക വലയത്തിലാണ്. അതിനാല്‍ എത്രകളഞ്ഞാലും, കിട്ടുന്നതിന്റെ മൂന്നിലൊന്ന് പാര്‍ട്ടിയ്ക്ക് ലവി കൊടുക്കുന്ന സംഘം പാര്‍ട്ടിയ്ക്കകത്തു തന്നെ ഉണ്ടാവും. ഈ ക്വട്ടേഷന്‍ സംഘത്തെ പി.ജയരാജന്‍ പാലൂട്ടി വളര്‍ത്തിയത് ആര്‍.എസ്. എസ്. ഉന്മൂലനത്തിനായിരുന്നു. കണ്ണൂരിലെ ആര്‍.എസ്.എസ്സിനെ കൊന്നുതീര്‍ക്കാന്‍. അതു നടപ്പില്ലെന്നു കണ്ടപ്പോള്‍ ഉന്മൂലന സിദ്ധാന്തത്തിനു പകരം അനുകരണ സിദ്ധാന്തം പ്രയോഗിച്ചു. ശാഖയ്ക്കു പകരം മാര്‍ഷ്യല്‍ ക്ലാസ്, പഥസഞ്ചലനത്തിനുപകരം റെഡ് വളണ്ടിയര്‍ മാര്‍ച്ച്, സേവാഭാരതിയ്ക്കുപകരം സാന്ത്വന ചികിത്സ. പാര്‍ട്ടിക്കാര്‍ക്ക് ആവേശമായ ഇത്തരം പരിപാടി പി.ജെ. ആര്‍മി വഴി നടപ്പാക്കാന്‍ തുടങ്ങി. എന്നാല്‍ പാര്‍ട്ടി നേതൃത്വം പി.ജയരാജന്റെ ജില്ലാ സെക്രട്ടറി സ്ഥാനം തന്ത്രത്തില്‍ തെറിപ്പിച്ചതോടെ ഇവരുടെ വഴിയടഞ്ഞു. ക്രിമിനല്‍ സംഘം ക്വട്ടേഷന്‍ സംഘമായി മാറി. സ്വര്‍ണ്ണക്കടത്തും തട്ടിക്കൊണ്ടുപോകലും തൊഴിലായി. ഇതെല്ലാം പുറത്തായതോടെ അനുകരണസിദ്ധാന്തവും പരാജയപ്പെട്ടിരിക്കയാണ്. ആര്‍. എസ്.എസ്സും മാര്‍ക്‌സിസ്റ്റും രണ്ടു സംസ്‌കാരമാണ് എന്ന് സഖാക്കള്‍ എന്നാണവോ തിരിച്ചറിയുക?