അന്തരീക്ഷത്തിലെ ചൂടുകൊണ്ടാണോ അതോ തിരഞ്ഞെടുപ്പു ചൂടുകൊണ്ടാണോ എന്നറിയില്ല സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ സഖാവും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ‘പ്രേതം.. പ്രേതം’ എന്ന് പുലമ്പിക്കൊണ്ട് പരക്കം പായുകയാണ്. യു.ഡി.എഫിലും എല്‍.ഡി.എഫിലും ഈ അസുഖം കാര്യമായി പകരുന്നുണ്ടെങ്കിലും ഈ രണ്ടു പേര്‍ക്കാണ് കലശല്‍. തറ സിനിമ, നുണ സിനിമ എന്നൊക്കെ വിളിച്ചു പറയുന്നുമുണ്ട്. രാത്രി ഉറങ്ങാന്‍ കിടന്നാല്‍ കേരള സ്റ്റോറി സിനിമയുടെ പോസ്റ്റര്‍ സ്വപ്‌നം കാണുന്നു. അഫ്ഗാന്‍ ജയിലിലെ മലയാളി പെണ്‍കുട്ടികളുടെ ചിത്രം തെളിയുന്നു. വിയര്‍ത്തുകുളിച്ച് ഞെട്ടിയുണര്‍ന്ന് എന്തൊക്കെയോ പിറുപിറുക്കുന്നു. ഈ രോഗം അത്ര നിസ്സാരമല്ല എന്നു രണ്ടു മുന്നണിക്കാര്‍ക്കും ബോധ്യമായിരിക്കുന്നു.
കൊറോണ ചൈനയിലാണ് പൊട്ടിപ്പുറപ്പെട്ടതെങ്കില്‍ കേരളാ സ്റ്റോറി ഫോബിയ എന്ന ഈ അസുഖം ക്ലിഫ്ഹൗസിലാണ് ആദ്യം കണ്ടത്. കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷം മുമ്പ് 2022 നവംബറില്‍ കേരളാസ്റ്റോറിയുടെ ടീസര്‍ ഇറങ്ങിയ വേളയില്‍ തന്നെ കാരണഭൂതനും മരുമകന്‍ മന്ത്രിക്കും കനത്ത പനി വന്നു. ഈ സിനിമ ആര്‍.എസ്.എസ്സിന്റെ നുണ ഫാക്ടറിയില്‍ ഉണ്ടായതാണെന്നും റിയല്‍ കേരള സ്റ്റോറി തന്റെ ഭരണത്തില്‍ കേരളം നമ്പര്‍ വണ്‍ ആയതാണെന്നും കാരണഭൂതന്‍ പനിച്ചു വിറച്ചു പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്നു. അന്നു ചിലര്‍ക്കൊക്കെ ഇതേ ലക്ഷണം കണ്ടിരുന്നെങ്കിലും സിനിമ തിയേറ്ററുകളില്‍ റിക്കാര്‍ഡ് നിലനിര്‍ത്തി ഓടിയപ്പോള്‍ പനികൊണ്ടു കാര്യമില്ലെന്നു ബോധ്യമായി. എന്നിട്ടും കൊറോണ വിട്ടുപോയിട്ടില്ല എന്നു പറഞ്ഞപോലെ ഈ രോഗം ക്ലിഫ് ഹൗസ് വിട്ടുപോയില്ല എന്നു ഇപ്പോള്‍ ബോധ്യമായി. കാരണഭൂതന്‍ സഖാവും മരുമകന്‍ സഖാവും ഇപ്പോള്‍ പറയുന്നത് റിയല്‍ കേരള സ്റ്റോറി തങ്ങളുടെ നമ്പര്‍ വണ്‍ അല്ല സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുള്‍ റഹീം എന്ന ഫറൂഖ് കാരനെ രക്ഷിക്കാന്‍ ആക്ഷന്‍ കമ്മറ്റിക്കാര്‍ മുപ്പത്തിനാലു കോടി ചുരുങ്ങിയ ദിവസം കൊണ്ടു പിരിച്ചുണ്ടാക്കിയതാണെന്നാണ്. സീറോ മലബാര്‍ സഭയുടെ കീഴിലെ ഇടുക്കി, താമരശ്ശേരി, തലശ്ശേരി രൂപതകളിലെ പള്ളികളിലെ ചെറുപ്പക്കാര്‍ക്കായി കെ.സി.വൈ.എം. എന്ന യുവജനവിഭാഗം കേരള സ്റ്റോറി എന്ന സിനിമ പ്രദര്‍ശിപ്പിച്ചതാണ് വീണ്ടും ക്ലിഫ് ഹൗസില്‍ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായത്. അത് രണ്ടു മുന്നണിയിലേക്കും പടരുകയും ചെയ്തു ഒരു കൊല്ലം കഴിഞ്ഞിട്ടും ഈ നേതാക്കള്‍ക്ക് കേരള സ്റ്റോറി എന്നു കേള്‍ക്കുമ്പോഴേയ്ക്കും ഫോബിയ കലശലാകണമെങ്കില്‍ അതിലെന്തോ സത്യമുണ്ടെന്നും ആ സിനിമ ഒന്നു കണ്ടു നോക്കാം എന്നും മലയാളി യുവാക്കള്‍ ചിന്തിച്ചു തുടങ്ങി. നോക്കണേ ഒരു സിനിമയുടെ സ്വാധീനശക്തി!