മല്ലിക സാരാഭായിയുടെ ചാന്‍സലര്‍ ഭരണത്തില്‍ കേരള കലാമണ്ഡലം വിപ്ലവാത്മകമായ തീരുമാനമെടുത്തു എന്നാണ് പത്രങ്ങള്‍ പറയുന്നത്. കലാമണ്ഡലത്തിലെ കോഴ്‌സുകള്‍ക്ക് ലിംഗവിവേചനം ഉണ്ടാവില്ല എന്നാണ് തീരുമാനം. കഥകളി പഠിക്കാന്‍ മുമ്പ് ആണ്‍കുട്ടികള്‍ക്കേ പ്രവേശനമുണ്ടായിരുന്നുള്ളു. അതു മാറ്റി. ഇപ്പോള്‍ നങ്ങ്യാര്‍ കൂത്തും മോഹിനിയാട്ടവും പഠിക്കാന്‍ ആണ്‍കുട്ടികള്‍ക്കും അവസരമുണ്ട് എന്നാണ് തീരുമാനം. ആര്‍ക്കാണ് ഈ തീരുമാനമുണ്ടായതിന്റെ ക്രെഡിറ്റ് നല്‍കേണ്ടത്? മല്ലിക സാരാഭായിക്കോ കലാമണ്ഡലം സത്യഭാമക്കോ?
സത്യഭാമ ആര്‍.എല്‍.വി. രാമകൃഷ്ണനെ ഒരു അഭിമുഖത്തിനിടയില്‍ അധിക്ഷേപിച്ചത് വലിയ വാര്‍ത്തയായി. തുടര്‍ന്നാണ് കലാമണ്ഡലം ഭാരവാഹികള്‍ ഈ തീരുമാനമെടുക്കാന്‍ നിര്‍ബ്ബന്ധിതരായത്. ഇതുവരെ പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന കോഴ്‌സുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷം ലിംഗഭേദമില്ലാതെ പ്രവേശനം നല്‍കുമെന്നാണ് വി.സി. ബി.അനന്തകൃഷ്ണന്‍ പറഞ്ഞത്. കുറേ കാലമായി കലാമണ്ഡലം ഇടതുഭരണത്തിലായിരുന്നു. അന്നൊന്നും ലിംഗസമത്വത്തെക്കുറിച്ച് ചിന്തയുണ്ടായിരുന്നില്ല. മല്ലിക സാരാഭായി ചാന്‍സലറായിട്ടും കുറച്ചുകാലമായി. സമത്വവാദിയായ മല്ലികയും മാറ്റത്തെക്കുറിച്ച് ചിന്തിച്ചില്ല – കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പെണ്‍കുട്ടികള്‍ക്കുള്ള കോഴ്‌സായതിനാല്‍ രാമകൃഷ്ണന്‍ മോഹിനിയാട്ടം പഠിച്ചത് കലാമണ്ഡലം സത്യഭാമയ്ക്ക് ഒട്ടും ഇഷ്ടമായില്ല. ആ വെറുപ്പാണ് അഭിമുഖത്തില്‍ പുറത്തു ചാടിയത്. ഏതായാലും സഖാക്കള്‍ക്ക് ലിംഗ സമത്വ ചിന്ത ഉണ്ടാകണമെങ്കില്‍ സത്യഭാമമാര്‍ ഉണ്ടായിക്കൊണ്ടിരിക്കണം എന്നു സാരം.