എ.കെ.ജി സെന്ററിലെ പാര്‍ട്ടി ക്ലാസിന്റെ എല്‍. പി. സെക്ഷന്റെ കുട്ടിബഞ്ചിലിരുന്നു വിദ്യാഭ്യാസ മന്ത്രി മന്ത്രിയപ്പൂപ്പന് ശിവന് കുട്ടി ഹോംവര്‍ക്ക് ചെയ്യുകയാണ്. ഒപ്പം മറ്റൊരു കുട്ടി കൂടിയുണ്ട്. മുഖ്യമന്ത്രി വിജയന് ‘കുട്ടി’. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ്കുമാര്‍ രണ്ടാള്‍ക്കും കൂടി നല്കിയ ഹോംവര്‍ക്ക്’പി.എം – ശ്രീ’ എന്നു നൂറുവട്ടം ഇമ്പോസിഷന്‍ എഴുതാനായിരുന്നു. പൊതുവെ കേന്ദ്രത്തോട് കുറുമ്പു കാണിക്കുന്ന ശിവന് കുട്ടി ‘ഞാന്‍ എഴുതൂല’ എന്ന് ശുണ്ഠിയെടുത്തു പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി പല തവണ ഉപദേശിച്ചിട്ടും കുട്ടി ശുണ്ഠി വിട്ടില്ല. കയ്യില്‍ കൊടുത്ത കടലാസ് കീറിയെറിഞ്ഞ് പാര്‍ട്ടി ധിക്കാരത്തോടെ കണ്ണുരുട്ടി കാണിച്ചു. അവസാനം കേന്ദ്രത്തില്‍ നിന്നു പറഞ്ഞു മാര്‍ക്ക് തരില്ല, പാസ്സാക്കി വിടില്ല. അതോടെ വിജയന് കുട്ടിക്കും ശിവന് കുട്ടിക്കും വിരട്ടല്‍ ഫലിക്കില്ല എന്നു മനസ്സിലായി. പിന്നെ ശിവന്‍കുട്ടിയുടെ കരച്ചിലായിരുന്നു. വിജയന് കുട്ടി തൊട്ടും തലോടിയും നിന്നപ്പോള്‍ ശിവന് കുട്ടി സ്ലേറ്റെടുത്തു വിതുമ്പിക്കൊണ്ട് ഇമ്പോസിഷന്‍ എഴുതാന്‍ തുടങ്ങി. എന്നിട്ടും രോഷം തീരാത്തതുകൊണ്ട് കേരളത്തിന്റെ സാഹചര്യം പരിഗണിച്ചേ പി.എം.ശ്രീ നടപ്പിലാക്കു എന്നു പിറുപിറുത്തു കൊണ്ടിരിക്കുന്നു. ബഞ്ചിലിരുന്നു ശിവന്‍കുട്ടിയും വിജയന് കുട്ടിയും രണ്ടു കയ്യിലെയും വിരലുകളില്‍ കണക്കു കൂട്ടുകയാണ്. പി.എം.ശ്രീ സംസ്ഥാനത്തെ 332 സ്കൂളില്‍ നടപ്പാക്കിയാല്‍ കേന്ദ്രം നല്കാന് പോകുന്നത് 1008 കോടി. നടപ്പാക്കിയില്ലെങ്കില്‍ നഷ്ടം വരുന്നത് 978.50 കോടി. 2023-24 വര്‍ഷത്തില്‍ സമഗ്രശിക്ഷ കേരളയുടെ ഫണ്ടില്‍ വരാന്‍ പോകുന്നത് 187.78 കോടി. 2024-25 വര്‍ഷത്തില്‍ എസ്. എസ്.കെയില്‍ കിട്ടാന്‍ പോകുന്നത് 385.35 കോടി. സ്റ്റാര്‍ട്ട്സ് പദ്ധതിയില്‍ കിട്ടുന്നത് 165.40 കോടി. പി.എം.ശ്രീ നടപ്പാക്കിയാല്‍ ഇതെല്ലാം കിട്ടും. ഇല്ലെങ്കില്‍ കിട്ടുക വട്ടപ്പൂജ്യം. അപ്പോള്‍ വിദ്യാഭ്യാസത്തിന് കരുവന്നൂരിലെ പാര്‍ട്ടി അക്കൗണ്ടില്‍ നിന്ന് കാശു കിട്ടിയില്ലെങ്കില്‍ അടുത്ത അധ്യായന വര്‍ഷം കട്ടപ്പൊക! അതിനും വകയില്ല. അവിടെ ഇ.ഡി.കാവലിരിക്കയല്ലേ? അതുകൊണ്ട് വിജയന് കുട്ടിയും ശിവന് കുട്ടിയും കേന്ദ്രത്തിന് മുമ്പില്‍ നല്ല കുട്ടികളാകാന്‍ തീരുമാനിച്ചു. പി.എം.ശ്രീ എന്നു നൂറല്ല ആയിരം തവണ ഇമ്പോസിഷന്‍ എഴുതാനും തയ്യാര്‍. ദേശീയ വിദ്യാഭ്യാസ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ല എന്നു പുരപ്പുറത്തു കയറി നിന്നു പ്രസംഗിച്ചവരാണ് ഇവര്‍. ഇപ്പോള്‍ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കുമുമ്പില് ഏത്തമിട്ട് ധാരണപത്രം ഒപ്പിട്ടിരിക്കയാണ് ഈ മഹാന്മാര്.