മലയാളക്കരയുടെ മാര്‍ക്‌സിസ്റ്റ് (അസുര)ചക്രവര്‍ത്തി കാരണഭൂതന്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരു വിളംബരം നടത്തി. ചാനല്‍ കുഴല്‍ വിളിക്കാരും മാധ്യമ ചെണ്ടക്കാരും ഈ വിളംബരം നാടാകെ പാട്ടാക്കി. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യത്തിന്റെ പേറ്റന്റ് അസീമുള്ള ഖാന്‍ എന്ന മുസ്ലിമിനാണെന്നും അതിനാല്‍ ആര്‍.എസ്.എസ്സുകാര്‍ക്ക് ആ മുദ്രാവാക്യം നിഷിദ്ധമാണെന്നുമാണ് വിളംബരം. സാധാരണ ചക്രവര്‍ത്തിമാര്‍ വലിച്ചുനീട്ടി വളച്ചു കെട്ടിയാണ് വിളംബരം പ്രഖ്യാപിക്കുക. അതുപോലെ മുസ്ലിം ഉണ്ടാക്കിയ മുദ്രാവാക്യം ആര്‍. എസ്.എസ്സുകാര്‍ എങ്ങനെ വിളിക്കും എന്ന വളച്ചുകെട്ടലിന്റെ ചുരുക്കം ആര്‍.എസ്.എസ്സുകാര്‍ ഇനി ഈ മുദ്രാവാക്യം വിളിക്കരുത് എന്നു തന്നെയാണ്. എന്നാല്‍ സഖാക്കള്‍ ഭാരതമാതാവിന്റെ ചിത്രം വെച്ച് പരിപാടി നടത്തുകയും ഭാരത് മാതാ കീ ജയ് വിളിക്കുകയും ചെയ്യുമോ? അക്കാര്യം കാരണഭൂതന്‍ ഏറ്റെടുക്കുന്നുമില്ല. ചുരുക്കത്തില്‍ ഈ മുദ്രാവാക്യം ഞങ്ങള്‍ വിളിക്കുകയുമില്ല, നിങ്ങള്‍ വിളിക്കാനും പാടില്ല എന്നാണ് വിളംബരത്തിന്റെ ചുരുക്കം. പുരാണകാലത്ത് നാരായണായ നമ: എന്ന മന്ത്രം ജപിക്കരുത് എന്ന കല്പനയിറക്കിയ അസുരചക്രവര്‍ത്തി ഉണ്ടായിരുന്നു – ഹിരണ്യാക്ഷന്‍. എന്താണ് കാരണഭൂതന് ആര്‍.എസ്.എസ്സിനോടും ഭാരത് മാതാ കീ ജയ് മുദ്രാവാക്യത്തോടും ഇത്ര അലര്‍ജി? പുറത്ത് പോലീസ് കാവലിരിക്കെ അകത്ത് വാതിലിന് ഉറപ്പുള്ള സാക്ഷയില്ലെങ്കില്‍ രാത്രി ഉറക്കം വരാത്ത സഖാവിനെക്കുറിച്ച് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ആര്‍.എസ്.എസ്സിനെയാണ് സഖാവിന് പേടി. ഇയ്യിടെയാണ് ഇടത് ബുദ്ധിജീവികളായ പാര്‍ശ്വവര്‍ത്തികള്‍ സ്‌ഫോടനാത്മകമായ ഒരു വിവരം കാരണഭൂതനെ അറിയിച്ചത് – ഭാരത് മാതാ കീ ജയ് മുദ്രാവാക്യത്തിന്റെ കര്‍ത്താവ് അസീമുള്ള ഖാന്‍ ആണെന്നും അതു പുറത്തുവിട്ട് ആര്‍.എസ്.എസ്സിന്റെ ആത്മവീര്യം തകര്‍ക്കണമെന്നുമായിരുന്നു ആ ഉപദേശം. ഇന്ത്യാരാജ്യത്ത് മുസ്ലിങ്ങള്‍ രണ്ടാം കിട പൗരന്മാരാണെന്നും കേരളത്തില്‍ സി.എ. എ. നടപ്പാക്കില്ല എന്നും മുസ്ലിം ഭൂരിപക്ഷ ജില്ലകളില്‍ പ്രസംഗിച്ച് മുസ്ലിങ്ങളെ കയ്യിലെടുക്കുമ്പോള്‍ ഇത്തരം നമ്പറുകള്‍ കൊണ്ട് കണ്ണഞ്ചിപ്പിക്കാം എന്ന തന്ത്രം ചില്ലറ രാഷ്ട്രീയമല്ലല്ലോ. ഈ അസുര ബുദ്ധിക്കു മുമ്പില്‍ ഹിരണ്യാക്ഷന്റെ നാരായണനാമ വിരോധം എത്ര നിസ്സാരം.