സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍, ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു പരാമര്‍ശമുള്ളത് ചിലരെങ്കിലും ശ്രദ്ധിച്ചു കാണും. സിപിഎമ്മിലെ പുതിയ അംഗങ്ങളില്‍ അഞ്ചിലൊരാള്‍ കൊഴിയുന്നു എന്നായിരുന്നു ആ റിപ്പോര്‍ട്ടിലെ പരാതി. നാട് നന്നാവാന്‍ പോകുന്നുവെന്നും മലയാളി യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നുവെന്നും ഉള്ള വസ്തുതകളുടെ ശുഭസൂചനയാണ് കോടിയേരിയുടെ ഈ വെളിപ്പെടുത്തലില്‍ നിലീനമായിക്കിടക്കുന്നത്.
മട്ടന്നൂരിലെ വിലാപശബ്ദം എതിരൊലിക്കുന്ന ശുഹൈബിന്റെ വീട്ടിലും തങ്ങളുടെ നയങ്ങളെ ചോദ്യം ചെയ്തു എന്ന കുറ്റത്തിന് കുലംകുത്തി എന്നു വിളിച്ച് അമ്പത്തൊന്നു വെട്ടു വെട്ടി കാലപുരിക്കയച്ച ടി.പി. ചന്ദ്രശേഖരന്റെ വീട്ടിലും തലശ്ശേരിയിലെ മുഹമ്മദ് ഫസലിന്റെ വീട്ടിലും ഷുക്കൂറിന്റെ വീട്ടിലും ഒക്കെ വേതാളനൃത്തമാടിയ, ‘ഇന്ദ്രനേയും ചന്ദ്രനേയും പേടിക്കാ’ത്ത ഈ ‘വണ്‍ ടു ത്രീ’ക്കാര്‍ നല്കിയ ‘വരമ്പത്തുകൂലി’യുടെ അനന്തരഫലങ്ങളാണ് അണികളുടെ ഈ കൂടുമാറ്റത്തിന് കാരണമെന്ന് ഇനിയെങ്കിലും സിപിഎം കോട്ട വാഴുന്ന തമ്പുരാന്മാര്‍ക്ക് ബോധമുദിച്ചാല്‍ നന്ന്.
റഷ്യയില്‍ സ്റ്റാലിന്‍ തുടങ്ങിവച്ച ഉന്മൂലന പ്രത്യയശാസ്ത്രത്തിന് ഇനി അധികം വിള കൊയ്യാനാവില്ലെന്ന പരോക്ഷസന്ദേശം കൂടി ഈ കൊഴിഞ്ഞുപോക്ക്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാര്‍ക്ക് നല്കുന്നുണ്ട്. പശ്ചിമ ബംഗാളില്‍ സിപിഎം ഭരണകാലത്ത് നടന്ന കൂട്ടക്കൊലകളുടെ ശേഷപത്രമായി അവിടെ കമ്മ്യൂണിസ്റ്റ് കക്ഷി നേരിട്ട ബലക്ഷയത്തില്‍ നിന്ന് പാഠം പഠിക്കതെ പോയതാണ് ആ പ്രസ്ഥാനത്തിനു പിണഞ്ഞ ഏറ്റവും വലിയ അബദ്ധം. 1977 മുതല്‍ 2009 വരെ ബംഗാളി കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള ഡി.ബന്ദോപാധ്യായയുടെ റിപ്പോര്‍ട്ടനുസരിച്ച് 55408 കൊലകളാണ് അക്കാലയളവില്‍ð അവിടെ അരങ്ങേറിയത്. നന്ദിഗ്രാം, സിംഗൂര്‍ കൂട്ടക്കൊലയും 17 ആനന്ദമാര്‍ഗികളെ കൊന്ന് കെട്ടിത്തൂക്കിയ ബിജോണ്‍ സേതു വംശഹത്യയും ഒക്കെ അന്ന് ജനമനസ്സുകളില്‍ ഭീതി വിതച്ച സംഭവങ്ങളായിരുന്നു.
2002 ല്‍ ഗുജറാത്ത് കലാപകാലത്ത് അന്‍സാരിയുടെ പടം വച്ച്, ‘’ബിജെപി മുസ്ലീങ്ങളെ വേട്ടയാടുന്നു’വെന്ന് വാവിട്ടു കരഞ്ഞ് ന്യൂനപക്ഷ രാഷ്ട്രീയം കളിച്ച അതേ കമ്മ്യൂണിസ്റ്റുകാര്‍ തന്നെയാണ് അതിനുമുമ്പ്, 2000 ജൂലായ് 27ന് ബംഗാളിലെ നാനൂരില്‍ 11 മുസ്ലീം കര്‍ഷക സഹോദരങ്ങളെ കൊന്നുതള്ളിയത്. ഈ കൃത്യത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് എപ്പോഴും പോലെ കൈകഴുകി രക്ഷപ്പെടാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിച്ചെങ്കിലും അബ്ദുള്‍ ഖലീക് എന്ന ദൃക്‌സാക്ഷി തന്റെ മൊഴിയില്‍ ഉറച്ചുനിന്നതിനാല്‍ðകേസ് തേച്ചു മായ്ച്ചു കളയാന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനായില്ല. കൊല്ലപ്പെട്ടവര്‍ തൃണമൂല്‍ðകോണ്‍ഗ്രസ്സുകാരായിരുന്നു എന്നും ആ ഒരു കാരണം കൊണ്ടുമാത്രമാണ് അവര്‍ വധിക്കപ്പെട്ടത് എന്നും അന്ന് അബ്ദുള്‍ ഖലീക് പൊലീസുകാരോട് സാക്ഷി പറഞ്ഞു. പിന്നീട് അബ്ദുള്‍ ഖലീക്കിനു നേരെയും കമ്മ്യൂണിസ്റ്റ്കാര്‍ ആക്രമം അഴിച്ചുവിട്ടതും അദ്ദേഹം പരുക്കുകളോടെ രക്ഷപ്പെട്ടതും എല്ലാം അന്ന് വര്‍ത്തനമാനപ്പത്രങ്ങളിലെ വാര്‍ത്തയായിരുന്നു. ഈ ദാരുണ സംഭവങ്ങളുടെ സഹതാപ വിള കൊയ്താണ് പിന്നീട് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിന്റെ അധികാരക്കസേര പിടിച്ചടക്കിയത്. സായുധവിപ്ലവത്തില്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ് ഇന്ന് ആയുധമെടുക്കാന്‍ മടിക്കാത്ത തീവ്രവാദികള്‍ കൂടുതലും ഉള്ളത്. കേരളത്തിലെ പുന്നപ്ര സമരവും ആന്ധ്രയിലെ തെലുങ്കാന വിപ്‌ളവവും എല്ലാം ആ വസ്തുതയ്ക്കാണ് സാക്ഷി ചൊല്ലുന്നത്. ആന്ധ്രയിലെ പോലീസ് സ്റ്റേഷന്‍ ആക്രമണങ്ങളും ഛത്തീസ്ഗഡിലെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമണങ്ങളും പോലുള്ള രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ കമ്മ്യൂണിസ്റ്റുകാരന്‍ മടിയേതും കാണിക്കാത്തതും തങ്ങളില്‍ ഉറങ്ങുന്ന ഈ തീവ്രവാദവാഞ്ഛ കൊണ്ടുതന്നെയാണ്.
1962ല്‍ ചൈന ഭാരതത്തെ ആക്രമിച്ചപ്പോള്‍, മുതലാളിത്തരാജ്യവും സോഷ്യലിസ്റ്റ് രാജ്യവും തമ്മിലുള്ള യുദ്ധം എന്നാണ് നമ്മുടെ നാടിന്റെ ചോറു തിന്നുകൊണ്ട് അന്ന് ഇഎംഎസ്സിനേയും അച്യുതമേനോനെയും പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പ്രതികരിച്ചത്. പോരാത്തതിന് ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശത്തിനു വേണ്ടിയുള്ള തര്‍ക്കം എന്നായിരുന്നു ഇന്ത്യാ- ചൈനാ യുദ്ധത്തെ കമ്മ്യൂണിസ്റ്റുകാര്‍ വിശേഷിപ്പിച്ചത്. ആഗോളരാഷ്ട്രീയത്തിന്റെ വിലാസത്തില്‍ ദേശഭക്തിയുടെ അതിരു താണ്ടുന്നത് പണ്ടേ ഇവരുടെ ശീലമായിരുന്നു.
സ്വാത്രന്ത്യ സമരക്കാലത്ത് നിസ്സഹകരണപ്രസ്ഥാനത്തോടനുബന്ധിച്ച്, ഇറക്കുമതി തുണിത്തരങ്ങളും മറ്റു വിദേശി ഉല്‍പ്പന്നങ്ങളും ബഹിഷ്‌ക്കരിക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തപ്പോള്‍ ബ്രിട്ടനിലെ തൊഴിലാളികളുടെ തൊഴിലുറപ്പിന്റെ പേരും പറഞ്ഞ് ബ്രിട്ടിഷ് പക്ഷത്ത് ഉറച്ചു നിന്ന കമ്മ്യൂണിസ്റ്റുകാരന്റെ രാജ്യസ്‌നേഹത്തിന്റെ യഥാര്‍ത്ഥ മുഖം ചരിത്രത്തിന്റെ താളുകളില്‍ ഉണര്‍ന്നുതന്നെóകിടക്കുന്നുണ്ട്. അന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് മഹാത്മാഗാന്ധി ‘ബൂര്‍ഷ്വാ നേതാവും’ ‘കുരുടന്‍ മിശിഹാ’യും ഒക്കെ ആയിരുന്നു. രാജ്യത്തിനു വേണ്ടി പോരാടി മരണംപോലും ദുരൂഹമാക്കിക്കൊണ്ട് ഇന്നും ഭാരതീയന്റെ മനസ്സില്‍ ജീവിക്കുന്ന നേതാജി അവര്‍ക്കന്ന് ‘ജപ്പാന്റെ കാല്‍നക്കി’യായിരുന്നു. സ്വതന്ത്രഭാരതത്തെ 18 കഷ്ണങ്ങളായി വിഭജിക്കാനാണ് കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യപ്രാപ്തിയുടെ ശുഭശോഭന വേളയില്‍ ബ്രിട്ടിഷുകാരോട് ആവശ്യപ്പെട്ടത്.
രാജ്യസ്‌നേഹത്തിന്റെ കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ പുലര്‍ത്തിപ്പോരുന്ന ഈദൃശങ്ങളായ ഇരട്ടത്താപ്പ് ഭാരത സ്വാതന്ത്ര്യലബ്ധിയോടുള്ള അവരുടെ കാഴ്ചപ്പാടിലും പച്ചവെള്ളംപോലെ വ്യക്തമാണ്. നൂറ്റാണ്ടുകള്‍ നീണ്ട സമരമുറകളിലൂടെ നമ്മള്‍ നേടിയെടുത്ത സാതന്ത്ര്യത്തെക്കുറിച്ച്, ‘രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആഗോളതലത്തില്‍ ഉണ്ടായ സാമ്പത്തിക ക്ഷീണം സഹിക്കാന്‍ വയ്യാതെ, ബ്രിട്ടിഷുകാര്‍ സ്വമേധയാ തന്നിട്ടു പോയതാണ് നമ്മള്‍ ഇന്നനുഭവിക്കുന്ന സാതന്ത്ര്യ’മെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കക്ഷിപരമായ നിലപാട്. സ്വാതന്ത്ര്യലബ്ധിയില്‍ ഗാന്ധിജിക്ക് വലിയ പങ്കൊന്നുമില്ലെന്നും അവര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഗോദ്‌സെയുടെ കാര്യമെത്തുമ്പോള്‍, ‘ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയെ കൊന്ന ആര്‍.എസ്.എസ്സുകാരനായ ഘാതകന്‍’ എന്ന് മുതലക്കണ്ണീരൊഴുക്കി വലിയ വായില്‍ നിലവിളിച്ച് ഇരട്ടത്താപ്പിന്റെ ഇരുളകത്തു നിന്നുകൊണ്ട് അവര്‍ ഗോദ്‌സെയെ ദുഷിക്കുന്നു. ഗാന്ധിവധത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുലര്‍ത്തുന്ന വീക്ഷണത്തില്‍ പ്രകടമാകുന്ന ഈ അവസരവാദത്തിന്റെ അരോചകത ജനങ്ങള്‍ മനസ്സിലാക്കിത്തുങ്ങിയിരിക്കുന്നു.
തങ്ങള്‍ പറയുന്നതെന്തും അണ്ണാക്കു തൊടാതെ വിഴുങ്ങാന്‍ മടിക്കുന്നവരെല്ലാം കമ്മ്യൂണിസ്റ്റുകാരുടെ കണക്കുപുസ്തകത്തില്‍ അസഹിഷ്ണുക്കളാണ്. 2010 ജനുവരി 10 ന് പയ്യന്നൂരിലെ ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ വെച്ച് എഴുത്തുകാരനായ പോള്‍ സഖറിയ ആക്രമിക്കപ്പെട്ടത് പലരുടെയും ഓര്‍മ്മയിലുണ്ടാവും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പഴയ അധിനായകന്മാരെ തന്റെ പ്രസംഗത്തിലൂടെ വിമര്‍ശിച്ചതായിരുന്നു സഖറിയ ചെയ്ത അപരാധം. അന്ന് പ്രാണനും കയ്യില്‍പ്പിടിച്ച് അവിടെനിന്ന് ഓടിരക്ഷപ്പെട്ട അദ്ദേഹം തിരുവനന്തപുരത്തെത്തിയാണ് തിരിഞ്ഞുനോക്കിയത്. പണ്ട,് എം.വി ദേവന്റെ കണ്ണൂരിലുള്ള വീട് ആക്രമിക്കപ്പെട്ടതും അദ്ദേഹത്തിന്റെ ആശയപ്രകടനങ്ങളോടുള്ള അസഹിഷ്ണുത കൊണ്ടുതന്നെയായിരുന്നു. സംഭവസമയത്ത് വീട്ടില്‍ ഇല്ലായിരുന്നതുകൊണ്ടാണ് അദ്ദേഹം ദേഹോപദ്രവമേല്ക്കാതെ രക്ഷപ്പെട്ടത.് അച്യുതാനന്ദന്റെ പക്ഷത്ത് അചഞ്ചലനായി ഉറച്ചു നിന്ന കെ.സി ഉമേഷ്ബാബുവിന് നേരിടേണ്ടി വന്ന വധഭീഷണികളും ശാരീരിക പീഡനങ്ങളും നിരവധിയായിരുന്നു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനായിരുന്ന ടി.പി. ശ്രീനിവാസന്‍, കോവളത്തു വെച്ച് നടന്ന ഗ്ലോബല്‍ എജുക്കേഷന്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ നിരന്നു നിന്നിരുന്ന പോലീസുകാരുടെ മുമ്പില്‍ വെച്ചാണ് സഖാക്കന്മാരുടെ അടിയേറ്റുവീണത്. വെറും കാണികളെപ്പോല അത് നോക്കിക്കൊണ്ടുനിന്നിരുന്ന പോലീസുകാരുടെ നിഷ്‌ക്രിയതയ്ക്ക് പിന്നില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭരണബലം തന്നെയായിരുന്നു എന്ന് പറയേണ്ടതില്ലല്ലൊ!
തീവ്ര കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന കെ. മാധവന്‍ 1996ല്‍ നടത്തിയ പ്രസ്താവന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ രക്തദാഹികളുടെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തുന്നുണ്ട്. പാര്‍ട്ടിയുടെ നിയന്ത്രണത്തിന് വഴങ്ങിയില്ലായിരുന്നുവെങ്കില്‍ പ്രസ്ഥാനത്തിലെ ആരാച്ചാരന്മാര്‍, തന്നെ ഭൂമുഖത്തു നിന്നു തന്നെ തുടച്ചുമാറ്റുമായിരുന്നു എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. പ്രസ്ഥാനത്തിലെ സഹയാത്രികര്‍ക്കുതന്നെ ഇതാണവസ്ഥയെങ്കില്‍ പുറത്തുള്ളവരുടെ ദുര്‍ഗതിയെക്കുറിച്ച് വിലപിച്ചിട്ടു കാര്യമില്ലല്ലൊ!
2001 നവമ്പര്‍ 4 ന് ‘മലയാള മനോരമ’ പ്രസിദ്ധീകരിച്ച കെ. മാധവനുമായുള്ള അഭിമുഖ സംഭാഷണത്തില്‍ പലയിടത്തും അദ്ദേഹം ഇങ്ങനെ മനസ്സു തുറക്കുന്നുണ്ട്. അന്ന് കാസര്‍ക്കോട്ട് ഒളിവില്‍ കഴിയുകയായിരുന്ന നായനാരുടെ അറിവോടെയും ആശിസ്സുകളോടെയും, കേളപ്പനെ വക വരുത്താന്‍ കമ്മ്യൂണിസ്റ്റുകാര്‍ പദ്ധതിയിട്ടതിനെക്കുറിച്ചും ആ അഭിമുഖത്തില്‍ മാധവന്‍ വെളിപ്പെടുത്തുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാരുടെ അക്രമരാഷ്ട്രീയത്തെ വിമര്‍ശിച്ച കാരണത്താല്‍ ആയിരുന്നു കമ്മ്യൂണിസ്റ്റുകാരന് ‘കേരള ഗാന്ധി’, കേളപ്പന്‍ അപ്രിയനായത്. സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ സ്‌നേഹിച്ചിരുന്ന ആ ഗാന്ധിശിഷ്യന്റെ അക്രമവിരുദ്ധത കടുത്ത കമ്മ്യൂണിസ്റ്റു വിരോധമായിട്ടാണ് ചെഗുവേരയുടെ പിന്‍ഗാമികള്‍ക്ക് അനുഭവപ്പെട്ടത്. സ്റ്റാലിന്റെയും പോള്‍പോട്ടിന്റെയും മുറ ശീലമാക്കിയവര്‍ക്ക് അങ്ങനെ അനുഭവപ്പെട്ടില്ലെങ്കിലല്ലേ അദ്ഭുതപ്പെടേണ്ടതുള്ളു?
സാതന്ത്ര്യസമരത്തില്‍ തന്റെ സഹയാത്രികനായിരുന്ന കേളപ്പനെ വധിക്കുന്നതില്‍ തനിക്കുള്ള വിയോജിപ്പ് പാര്‍ട്ടി നടത്തിയിരുന്ന രഹസ്യയോഗങ്ങളില്‍ മാധവന്‍ പ്രകടിപ്പിച്ചു. മാധവന്റെ എതിര്‍പ്പിനെ ചെവിക്കു പുറത്തിട്ട സഖാക്കന്മാര്‍, കയ്യൂരില്‍ വെച്ചു നടത്താന്‍ തീരുമാനിച്ചിരുന്ന യോഗത്തില്‍ വെച്ച് കേളപ്പന്റെ കഥ കഴിക്കാന്‍ തീരുമാനിച്ചു. അതിനെ എതിര്‍ത്ത മാധവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് യോഗം തീരുമാനമെടുത്തത്. മനസ്സില്ലാമനസ്സോടെയാണെങ്കിലും കേളപ്പനെ വധിക്കാനുള്ള തീരുമാനം അംഗീകരിക്കാന്‍ രക്തനിര്‍ലീനമായ തന്റെ പാര്‍ട്ടി സ്‌നേഹം മാധവന് പ്രേരകമായി. അന്നതിന് സമ്മതിച്ചില്ലായിരുന്നുവെങ്കില്‍ സഖാക്കള്‍ തന്നെയും കൊലപ്പെടുത്തുമായിരുന്നു വെന്ന് മാധവന്‍ പ്രസ്തുത അഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
തൊഴിലാളി വര്‍ഗത്തിന്റെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും രക്ഷകരെന്ന വിലാസത്തില്‍ ഇനിയധികം കാലം മുന്നോട്ട് പോകാന്‍ കഴിയുമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ കരുതുന്നുണ്ടെങ്കില്‍ അത് വിഡ്ഢിസ്വര്‍ഗ്ഗത്തിലെ ദിവാസ്വപ്‌നം മാത്രമാണ്. തൊട്ടകൂലിയിലൂടെയും നോക്കുകൂലിയിലൂടെയും തൊഴിലാളികളെ തൊഴില്‍ ദാതാക്കളില്‍ നിന്നകറ്റിയവരാണ് ഇന്ന് കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇടം നേടിക്കൊടുത്തത്. 2015 ഓടെ ഏറെക്കുറെ 30 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ എത്തിയിട്ടുള്ളതായി ‘’ഗ്രിഫ്റ്റ്’ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇവര്‍ ഒരു വര്‍ഷം കേരളത്തിനു പുറത്തേക്കയക്കുന്നത് 17500 കോടി രൂപയാണ്. നിരവധി പേര്‍ തൊഴിലിലായ്മാ വേതനത്തിനപേക്ഷിച്ച് കാത്തിരിക്കുന്ന കേരളത്തിലേക്കാണ് തൊഴിലന്വേഷകരുടെ ഈ മഹാ പ്രവാഹം എന്നുള്ളതാണ് ആരെയും അത്ഭുതപ്പെടുത്തുന്ന വിരോധാഭാസം!
കമ്മ്യൂണിസ്റ്റുകാരന്റെ കര്‍ഷകത്തൊഴിലാളികളോടുള്ള സ്‌നേഹത്തിന്റെ ഗഹനത നമ്മള്‍ പണ്ട് പശ്ചിമ ബംഗാളിലെ നന്ദിഗ്രാമത്തില്‍ കണ്ടതാണല്ലൊ. സി.പി.എം അണികളുടേയും ഇടതുപക്ഷ ഗവണ്‍മെന്റിന്റേയും പിന്തുണയോടെ ബംഗാളിലെ നന്ദിഗ്രാമില്‍ 14 കര്‍ഷകര്‍ കൊല്ലപ്പെട്ടത് 2007 മാര്‍ച്ച് 14 നായിരുന്നു. നിരവധി സ്ത്രീകള്‍ അന്ന് ബലാത്സംഗത്തിനിരയായി. കോര്‍പ്പറേറ്റുകള്‍ക്കായി കര്‍ഷകരെ കൊന്നൊടുക്കുന്ന ഇടതു മോഡല്‍ ഭരണമാണ് അന്ന് നന്ദിഗ്രാമില്‍ അരങ്ങേറിയത്. ഇന്തോനേഷ്യയിലെ സലീം ഗ്രൂപ്പിന് കെമിക്കല്‍ ഹബ് നിര്‍മ്മിക്കാന്‍ പതിനായിരം ഏക്കര്‍ ഭൂമി പ്രതേ്യക സാമ്പത്തിക മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് അസ്വസ്ഥതകള്‍ ആരംഭിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷക രക്ഷാസമിതിയുണ്ടാക്കി കര്‍ഷകര്‍ തെരുവിലിറങ്ങി.
2007 ജനുവരി മുതല്‍ മാര്‍ച്ച് വരെ റോഡ് ഉപരോധിച്ച് അവര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. തടയാനെത്തിയ സിപിഎം പ്രവര്‍ത്തകരേയും പോലീസിനേയും അവര്‍ പ്രതിരോധിച്ചു നിന്നു. ഒടുവില്‍ 3000 പോലീസുകാരെ പ്രതിഷേധ ഭൂമിയിലേക്കയച്ച് കര്‍ഷകരെ ഏതു വിധേനയും അവിടെ നിന്നൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. അവരുടെ കൂടെ 400 ഓളം സി.പി.എം പ്രവര്‍ത്തകരും ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പോലീസുകാരുടെ മൂന്നാംമുറയില്‍ 14 കര്‍ഷകര്‍ വെടിയേറ്റു വീണു. പതിനാലല്ല, മുപ്പതാണ് ശരിയായ കണക്കെന്നാണ് പ്രദേശവാസികളുടെ സ്വകാര്യഭാഷ്യം.
തുടര്‍ന്ന്, സര്‍ക്കാര്‍ നടപടികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും ബലാത്സംഗത്തിനിരയായവര്‍ക്ക് രണ്ടു ലക്ഷവും നല്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. പ്രദേശത്ത് വീണ്ടും സി.പി.എംകാര്‍ അഴിഞ്ഞാടി. മൂന്നു സ്ത്രീകള്‍ തെരുവില്‍ നഗ്നരാക്കപ്പെട്ടു. യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന് ഇടതുപക്ഷ ചായ്‌വുള്ള മേധാ പട്കര്‍ പോലും അന്ന് വെളിപ്പെടുത്തി. സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുണര്‍ന്നതോടെ സലീം ഗ്രൂപ്പുകാര്‍ പദ്ധതി ഉപേക്ഷിച്ചു സ്ഥലം വിട്ടു. കര്‍ഷകര്‍ക്ക് ഭൂമി തിരികെ ലഭിച്ചു. ആ അവസരം മുതലെടുത്ത്, ബംഗാളിന്റെ ഭരണ ഭൂമികയില്‍ നിന്ന് സി.പി.എമ്മിനെ തുടച്ചെറിഞ്ഞ് പകരം മമതാ ബാനര്‍ജിയുടെ തൃണമുല്‍ കോണ്‍ഗ്രസ്സ് അധികാരം പിടിക്കുന്നത് ഈ സംഭവപരമ്പരകളെ തുടര്‍ന്നാണ്.
നാട്ടില്‍ എന്തെങ്കിലും ഒരു തൊഴില്‍ ചെയ്ത് ജീവിച്ചു കളയാമെന്നു കരുതിയാല്‍ അവരോട് കമ്യൂണിസ്റ്റുകാരന്റെ സമീപനം എങ്ങനെയുണ്ടാവുമെന്ന് എല്ലാവര്‍ക്കും അറിയാം. തൊഴില്‍ സ്ഥാപനങ്ങളുടെ ‘കല്ലിടീല്‍ച്ചടങ്ങി’ന്റെ അന്നുതന്നെ ഇവരുടെ കൊടികുത്തുത്ഘാടനവും നടന്നുകഴിഞ്ഞിരിക്കും. തൊഴില്‍ സംരംഭകന്‍ ‘ചെറിയ മീനാ’ണെങ്കില്‍ പിന്നെ പറയുകയും വേണ്ട. പ്രസ്തുത വസ്തുതയ്ക്ക്് പിന്‍ബലമേകുന്ന ഈ സംഭവം നടന്നിട്ട് അധികകാലമൊന്നും ആയിട്ടില്ല. 18 വര്‍ഷം ദുബായില്‍ ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയ കോഴിക്കോട് കോട്ടൂളി സ്വദേശിയായ ശ്രീനിവാസന്‍ ഏറാടി നാട്ടിലെത്തിയത് ഇനി വിദേശജീവിതം വേണ്ട എന്ന് തീരുമാനിച്ചിട്ടായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള 86 സെന്റ് ഭൂമിയില്‍ മത്സ്യകൃഷി ചെയ്യാന്‍ തീരുമാനിച്ചു, ഏറാടി. മത്സ്യകൃഷിയോടനുബന്ധിച്ച് കുളം നിര്‍മ്മിക്കുന്നതില്‍ വ്യാപൃതനായ ഏറാടിയുടെ പണി പകുതിപോലുമാവുന്നതിനു മുമ്പ് ഡി.വൈ.എഫ്.ഐക്കാരന്‍ അവിടെയെത്തി കൊടി കുത്തി! പ്രസ്തുത സ്ഥലം റോഡിനു വേണ്ടി അക്വയര്‍ ചെയ്തിട്ടുള്ളതാണെന്നായിരുന്നു വിപ്ലവനായകന്മാരുടെ കണ്ടുപിടുത്തം. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് യാതൊരു വിവരവും ഭൂവുടമയായ ഏറാടിയ്ക്ക് അതുവരെ ലഭിച്ചിരുന്നില്ല. ആ പശ്ചാത്തലത്തില്‍ കൊടികുത്തലുകാര്‍ക്ക് എങ്ങനെ ഇങ്ങനെ ഒരു വെളിപാടുണ്ടായി എന്നറിയാന്‍ ഒരാള്‍ക്ക് പാഴൂര്‍ പടിപ്പുര നിരങ്ങേണ്ട കാര്യമൊന്നുമില്ല.
അട്ടപ്പാടിയിലെ വനവാസികളുടെ കണ്ണീരായിരുന്നു ഒരുകാലത്ത് കമ്മ്യൂണിസ്റ്റുകാരുടെ ഉപജീവനം. അതേ അട്ടപ്പാടിയിലാണ് മധു എന്ന വനവാസി യുവാവ് വനവാസികള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന കമ്മ്യൂണിസ്റ്റു സഖാക്കളുടെ കൈക്രിയകളുടെ ഫലമായി നിര്‍ദ്ദയം വധിക്കപ്പെട്ടത്. പട്ടികജാതിക്കാരേയും വനവാസികളെയും പാര്‍ട്ടിക്കൊപ്പം അണിനിരത്തുക എന്ന നിഗൂഢലക്ഷ്യത്തോടെ അന്ന് അവര്‍ ഒഴുക്കിയ മുതലക്കണ്ണീരിന്റെ അര്‍ത്ഥശൂന്യത ഈ ക്രൂരക്രിയയിലൂടെ ഇന്ന് മറനീക്കി വെളിച്ചത്ത് വന്നിരിക്കുന്നു. പട്ടികജാതി ക്ഷേമസമിതി, ആദിവാസി ക്ഷേമസമിതി എന്നൊക്കെ കുറെ ‘ഒറ്റലു’കള്‍ ഒരുക്കിവച്ച് അതിലേക്കൊഴുകിവരുന്ന കേന്ദ്രസഹായധനം ധൂര്‍ത്തടിച്ചു കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇനി അധികകാലം ജനങ്ങളെ വഞ്ചിക്കാനാവുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് അവരുടെ വ്യാമോഹം മാത്രമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി കേന്ദ്രത്തില്‍ നിന്നൊഴുകിയെത്തിയ പണം എത്രത്തോളം ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ആ പണം എവിടെയാണ് പോയിച്ചേര്‍ന്നത് എന്നും തിരക്കാന്‍ ഒരു അന്വേഷണക്കമ്മീഷനെ നിയോഗിച്ചാലറിയാം ഇന്നുവരെ കേരളം മാറി മാറി ഭരിച്ച കോണ്‍ഗ്രസ്സ് കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ വനവാസികളോടുള്ള സഹാനുഭൂതിയുടെ തനിനിറം!
‘ഗുജറാത്ത് കലാപത്തില്‍ ബി.ജെ.പിക്കാര്‍ ശൂലം കുത്തി ഗര്‍ഭസ്ഥശിശുവിനെ എടുത്തമ്മാനമാടി’ എന്ന് വ്യാജപ്രചാരണം നടത്തിയ അതേ സഖാക്കളാണ് കുറച്ചു മാസങ്ങള്‍ക്കു മുമ്പ് കോടഞ്ചേരി വേളങ്കോട് കോളനിയിലെ തേനാംകുഴി ജോത്സ്‌നയുടെ ഗര്‍ഭസ്ഥശിശുവിനെ ഒറ്റത്തൊഴിക്ക് പുറത്തേക്ക് തെറിപ്പിച്ചത്. കമ്മ്യൂണിസ്റ്റുകാര്‍ അന്നു നടത്തിയ വ്യാജപ്രചാരണങ്ങള്‍ക്ക് കാലം കാത്തുവച്ച മറുപടിയാണിത്.
അഴിമതി നിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ വലിയ വായില്‍ നിലവിളിച്ച് രംഗപ്രവേശം ചെയ്ത, ദരിദ്രന്മാരായിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കന്മാരൊക്കെ ഇന്ന് കോടീശ്വരന്മാരായത് എങ്ങനെയെന്ന് വെളിപ്പെടുത്താന്‍ അവര്‍ മഹാമനസ്സു കാണിക്കുമെങ്കില്‍ ചുരുളഴിയുന്ന കഥകള്‍ തീര്‍ച്ചയായും അഴിമതി ജടിലങ്ങള്‍ തന്നെ ആയിരിക്കും. കോടിയേരിയുടെ മക്കള്‍ ദുബായില്‍ തുടങ്ങിയ ബിസിനസ്സിന്റെ പിന്നാമ്പുറക്കഥകള്‍ കമ്മ്യൂണിസ്റ്റ് കക്ഷിയെത്തന്നെ നാണം കെടുത്തിയിരിക്കുകയാണ്. അധികാര ദുഷ്പ്രയോഗത്തിന്റെ നഗ്നമായ അരങ്ങേറ്റമാണല്ലൊ കോടിയേരിയുടെ ‘മക്കള്‍പുരാണ’ത്തില്‍ വ്യക്തമായി പ്രകടമായത്.
ഇ.പി.ജയരാജന്‍ ഭരണത്തിന് പുറത്തായതും തന്റെ അധികാരമുപയോഗിച്ച് ഉദ്യോഗതലത്തിന്റെ ഉന്നതങ്ങളില്‍ സ്വജനങ്ങളെ നിയമിച്ച കുറ്റത്തിനാണ്. രണ്ട് ദശകങ്ങളോളം കഴിഞ്ഞിട്ടും ഇന്നും വിധി കാത്തു കിടക്കുന്ന‘’ലാവ്‌ലിന്‍’ അഴിമതി കേരളത്തിന്റെ വര്‍ത്തമാനകാല മുഖ്യമന്ത്രിയെത്തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണല്ലൊ. പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവായ അച്യുതാനന്ദന്‍പോലും ഈ വിഷയത്തില്‍ പിണറായി വിജയനോടുള്ള തന്റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നതാണ്. ഇതിലൊന്നും വലുതായി അത്ഭുതപ്പെടാന്‍ ഒന്നുമില്ല. കാരണം, കമ്മ്യൂണിസ്റ്റുകാര്‍ തന്നെയാണ് ആദ്യമായി കേരളത്തില്‍ അധികാരത്തില്‍ വന്ന ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണകാലത്ത്, അഴിമതിക്ക് ഹരിശ്രീ കുറിച്ചത്. ടെണ്ടറുകള്‍പോലും ക്ഷണിക്കതെയാണ് നിലവിലുണ്ടായിരുന്ന വിലയെക്കാള്‍ വളരെ കൂടിയ നിരക്കില്‍ അന്ന് 5000 ടണ്‍ അരി ആന്ധ്രയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ‘
ആന്ധ്രാ അരികുംഭകോണം എന്ന പേരില്‍ അക്കാലത്ത് പത്രമാധ്യമങ്ങള്‍ വലിയ കോലാഹലമാക്കിയ വാര്‍ത്തയായിരുന്നു ഇത്. ഈ ഇറക്കുമതിയിലൂടെ സമ്പാദിച്ച അഴിമതിപ്പണം പാര്‍ട്ടി ഫണ്ടിലേക്കാണ് ഒഴുകിപ്പോയത് എന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ അവകാശപ്പെട്ടത്. അഴിമതിയിലൂടെ അസ്ഥിവാരമുറപ്പിച്ച പാര്‍ട്ടിയുടെ പിന്‍ഗാമികള്‍ അഴിമതി നടത്തിയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു!
അതു മാത്രമല്ല, ‘മതത്തിന്റെ പേരില്‍ വിഭജനമുണ്ടാക്കി ബി.ജെ.പി രാജ്യത്തെ മതസാഹോദര്യം നശിപ്പിക്കുന്നു’വെന്ന് പ്രചരിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടിതന്നെയാണ് മതപ്രീണനം നടത്തി മുസ്ലീങ്ങളുടെ വോട്ടു നേടാന്‍ ഇ.എം.എസ്സിന്റെ ഭരണകാലത്ത് മുസ്ലീം ഭൂരിപക്ഷമുള്ള മലപ്പുറം ജില്ല രൂപീകരിച്ചത് എന്ന വസ്തുതയും ആരും മറന്നുകൂടാത്തതാണ്. പിന്നീട് ഇന്ത്യന്‍ യൂനിയന്‍ മുസ്ലീംലീഗ്, ദേശീയ ലീഗ് തുടങ്ങിയ മുസ്ലീം വര്‍ഗ്ഗീയകക്ഷികളുടെ കൂടെനിന്നുകൊണ്ട് ‘മതേതര’’രാഷ്ട്രീയം പയറ്റി കേരളരാഷ്രീയമണ്ഡലത്തെത്തന്നെ മലീമസമാക്കിയത് കമ്മ്യൂണിസ്റ്റുകാരായിരുന്നു.
ശബരിമലക്കാലത്ത് ‘ആര്‍പ്പോ ആര്‍ത്തവം’ നടത്തി വിശ്വാസികളെ വേദനിപ്പിച്ച്, തിരഞ്ഞെടുപ്പടുത്തപ്പോള്‍ ക്ഷേത്രത്തില്‍ കയറിയിറങ്ങി, ഞാനൊരു കന്നി അയ്യപ്പനാണേ, എന്നെയങ്ങ് കയറ്റി വിട്ടേക്കണേ എന്നു പറഞ്ഞുകൊണ്ട് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ ജനങ്ങളെക്കുറിച്ച് എന്താണ് മനസ്സിലാക്കി വെച്ചിരിക്കുന്നത് എന്നത് പകല്‍പോലെ സുതാര്യമാണല്ലൊ.
ജനങ്ങള്‍ എല്ലാം മറന്നിരിക്കുന്നുവെന്നും അവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ കാണാതെ സുഷുപ്തി കൊള്ളുകയാണ് എന്നും വിശ്വസിക്കുന്ന ‘മര്യാദരാമന്‍’ ചമയുന്ന കമ്മ്യൂണിസ്റ്റുകാരുടെ ഈദൃശങ്ങളായ ഇരട്ടത്താപ്പിലേക്ക് അല്പം വെളിച്ചം പായിക്കാനാണ,് ഇങ്ങനെ ചില കാര്യങ്ങള്‍ പറഞ്ഞത്. പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്ന പഴംചരിത്രങ്ങളുടെ മനസ്സുറപ്പിക്കുന്ന ബോധ്യപ്പെടുത്തലുകളാണ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശോഷിപ്പിന് കാരണം.
കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചൊറു മാന്തിക്കുന്നതുപോലെ അണികളെ വെട്ടാനും കൊല്ലാനും നിയോഗിച്ച് ആ രക്തംകൊണ്ട് അധികാരസിംഹാസനങ്ങളുടെ അടിത്തറ ബലപ്പെടുത്തുവാന്‍ ബദ്ധശ്രദ്ധരാണ് ഇന്ന് കമ്മ്യൂണിസ്റ്റു നേതാക്കന്മാര്‍.
പണക്കൊഴുപ്പ് നല്കിയ അഹങ്കാരത്തിന്റെയും തിമിരം ബാധിച്ച കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ പ്രത്യയശാസ്ത്രം മറന്നിരിക്കുന്നു. അതിനുള്ള ശിക്ഷയാണ് കൊടിയേരി വേപഥുപ്പെടുന്ന അണികളുടെ ഈ കൊഴിഞ്ഞു പോക്ക്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗത്വശോഷണത്തിന്റെ കാരണമറിയാന്‍ ഇവിടെ ഒരു സര്‍വ്വേയുടേയും ആവശ്യമില്ല. കണ്ണും കാതും തുറന്നിരുന്ന് മറ്റുള്ളവര്‍ അവരെ വിലയിരുത്തുന്നത് ശ്രദ്ധിക്കുകയും അതനുസരിച്ച് ഒരാത്മപരിശോധനയ്ക്ക് പാര്‍ട്ടിയെ വിധേയമാക്കുകയും ചെയ്താല്‍ മാത്രം മതിയാകും. നിലനില്പ്പുതന്നെ അപകടത്തിലായിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരം ഭരിക്കുന്നവര്‍ ഇനിയെങ്കിലും കണ്ണു തുറക്കുന്നുവെങ്കില്‍ അത് ഗുണം ചെയ്യുക പാര്‍ട്ടിക്കുതന്നെയാണ്, ഒട്ടും നിലനില്പ്പര്‍ഹിക്കാത്ത രാഷ്ട്രീയ കക്ഷിയാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്ന വസ്തുത നിസ്തര്‍ക്കമാണെങ്കിലും!