കേന്ദ്രത്തില്‍ നല്ല ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാരിന് അതുകൊണ്ടുതന്നെ സമ്പദ്‌വ്യവസ്ഥയെ ത്വരിതഗതിലാക്കുന്നതിനുള്ള പരിഷ്‌ക്കരണ നടപടികള്‍ കൈക്കൊള്ളാന്‍ വേണ്ടത്ര ധൈര്യം ലഭിച്ചിരിക്കുകയാണ്. ഭാരതത്തിന്റെ മുഖ്യ ഉപജീവനമായതിനാല്‍ കാര്‍ഷികമേഖല നല്‍കുന്ന അത്ര പിന്തുണ സമ്പദ്‌വ്യവസ്ഥയ്ക്ക് മറ്റൊരു മേഖലയും നല്‍കുന്നില്ല. ഗ്രാമീണ ഭാരതത്തിന്റെ സമ്പദ്ഘടന പരിശോധിക്കുകയാണെങ്കില്‍ നിര്‍മ്മാണ മേഖലയ്ക്കും അനുബന്ധ സേവനങ്ങള്‍ക്കും അത് വലിയ ഉത്തേജനം നല്‍കുന്നതായി കാണാന്‍ കഴിയും. അതുകൊണ്ട് ഭാരതത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് ഒരു ‘ത്വരിതവേഗം’ നല്‍കാന്‍ ഇതിനു കഴിയും. കാര്‍ഷിക സമ്പദ്‌വ്യവസ്ഥ തകരുമ്പോള്‍ രാജ്യത്തിന്റെ വളര്‍ച്ചയുടെ എഞ്ചിന്‍ മൂക്ക് കുത്തുമെന്ന കാര്യം തീര്‍ച്ചയാണ്. ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ദേശവ്യാപകമായി നടന്ന കര്‍ഷകസമരങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്.
പാരിസ്ഥിതികമായ ഒരു വന്‍ദുരന്തം ആസന്നമായിരിക്കുകയാണ്. അതാണ് ആഗോളതാപനം. ഈ വിഷയത്തില്‍ സപ്തംബര്‍ ആദ്യം നടക്കുന്ന ഒരു ഉച്ചകോടിയിലേക്ക് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചിരിക്കുകയാണ്. വിഷയത്തിന്റെ ഗൗരവമാണ് ഇത് സൂചിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ പാരിസ്ഥിതിക ദുരന്തത്തിന്റെ കേന്ദ്രസ്ഥലത്തു നില്‍ക്കുന്നത് ജലമാണ്.
ഉദാഹരണത്തിന് കേരളത്തിലെ അവസ്ഥ നോക്കാം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ദശകങ്ങളായി ഉണ്ടാകാത്ത തരത്തില്‍ ശക്തിയായ മഴ ഉണ്ടായി. അണക്കെട്ടുകള്‍ നിറഞ്ഞുകവിഞ്ഞു. അതോടെ തെറ്റായ വിവരങ്ങള്‍ ലഭിച്ച വൈദ്യുതമന്ത്രി എല്ലാ അണക്കെട്ടുകളും തുറന്നുവിടാന്‍ ഉത്തരവു നല്‍കുകയും ഈ മനഷ്യനിര്‍മ്മിത ദുരന്തത്തില്‍, പ്രളയത്തില്‍ പ്രത്യേകിച്ച് ദക്ഷിണ കേരളം ഒന്നാകെ മുങ്ങിയതു മൂലം ആയിരക്കണക്കിന് ജനങ്ങള്‍ക്ക് വീടുള്‍പ്പെടെ സകലതും നഷ്ടമാകുകയും ചെയ്തു. പക്ഷെ ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം വൈകിയതു മൂലം കുടിവെള്ളത്തിന് കടുത്ത ദൗര്‍ലഭ്യമാണ് കേരളത്തില്‍ ഉണ്ടായത്. സര്‍ക്കാരിലെ ‘പദ്ധതി ആസൂത്രകര്‍’ ക്ക് മഴവെള്ള സംഭരണത്തിനുള്ള യാതൊരു പദ്ധതിയും ഇല്ലാത്തതിനാല്‍ കഴിഞ്ഞ ആഗസ്തില്‍ ആകാശത്തുനിന്നുവീണ മഴവെള്ളത്തിന്റെ 99 ശതമാനവും മനുഷ്യജീവന് കനത്ത ആഘാതമേല്പിച്ചുകൊണ്ട് അറബിക്കടലിലേക്ക് ഒഴുകിപ്പോവുകയാണുണ്ടായത്. ഇത് ഒരു പ്രധാന ചോദ്യം ഉയര്‍ത്തുന്നു. ജലവിഭവമാനേജ്‌മെന്റിന് നമുക്ക് കൃത്യമായ ഒരു പദ്ധതിയുണ്ടോ?
ഈ ലേഖനമെഴുതുന്ന ജൂണ്‍ പകുതിയില്‍ ഭാരതത്തിന്റെ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിലൂടെയുള്ള മഴയുടെ അളവ് 43% കുറവാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ആഗ്രഹപ്രകാരം യൂറോപ്പിലെ, പ്രത്യേകിച്ച് ജര്‍മ്മനിയിലെ ജൂതന്മാര്‍ക്കുവേണ്ടി മധ്യേഷ്യയിലെ മണലാരണ്യത്തില്‍ രൂപംനല്‍കിയ ഇസ്രായേലിന്റെ ചരിത്രം നാം മനസ്സിലാക്കേണ്ടതുണ്ട്. മുഴുവന്‍ തരിശുഭൂമിയായിരുന്ന പ്രദേശം. ഏഴു ദശകങ്ങള്‍ക്കുശേഷം ഇസ്രയേലിനെ നോക്കൂ. ലോകത്തിലെ ഏറ്റവും മികച്ച ഓറഞ്ച് ഉല്പാദിപ്പിക്കുന്നത് അവിടെയാണ്. ‘ജാഫ’ എന്ന പേരിലറിയപ്പെടുന്ന പ്രത്യേകമായ ജലസേചനപദ്ധതി അവിടത്തെ ജലവിഭവ ഗവേഷകരുടെ മസ്തിഷ്‌ക്കത്തില്‍ നിന്ന് രൂപമെടുത്തതാണ്. അതിന്റെ സമീപപ്രദേശങ്ങളെ നോക്കൂ. അവ ഇപ്പോഴും മരുഭൂമിയായി കിടക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച ജലശുദ്ധീകരണ സംവിധാനവും ഇസ്രായേലിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുവര്‍ഷം മുമ്പ് അവിടെ സന്ദര്‍ശിച്ചിരുന്നു.
വെള്ളത്തിന്റെ കാര്യത്തില്‍ കേരളം സമ്പന്നമാണെങ്കിലും അത് സംരക്ഷിക്കുന്നതിന് യാതൊരു സംവിധാനവുമില്ല. പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ജലവിഭവ മാനേജ്‌മെന്റിനെ കുറിച്ചു പഠിക്കാന്‍ ഒരു പ്രതിനിധി സംഘത്തെ ഇസ്രായേലിലേക്ക് അയച്ചിരുന്നു. പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇക്കാര്യത്തില്‍ യാതൊന്നും സംഭവിച്ചില്ല.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂന്നു വലിയ വെല്ലുവിളികളെയാണ് പുതിയ സര്‍ക്കാരിന് നേരിടാനുള്ളത്. ആദ്യത്തേതും പ്രധാനപ്പെട്ടതുമായ കാര്യം പരമ്പരാഗതമായി വരള്‍ച്ച ബാധിച്ച പ്രദേശങ്ങളിലെ ജലദൗര്‍ലഭ്യം പരിഹരിക്കുകയാണ്. ഭാരതത്തില്‍ ഇപ്പോഴും വലിയൊരു ഭാഗം കൃഷിയും മഴയെ ആശ്രയിച്ചാണ് നടക്കുന്നത്. പഞ്ചാബിലും ആന്ധ്രയിലും മാത്രമാണ് മികച്ച ജലസേചന സംവിധാനങ്ങള്‍ ഉള്ളത്. മഹാരാഷ്ട്രയിലെ ബിടി പരുത്തിയുടെ കാര്യം നോക്കുക. വിദര്‍ഭ മേഖലയില്‍ ഇത് പരാജയപ്പെടാനും ആയിരക്കണക്കിനു പരുത്തി കര്‍ഷകര്‍ ആത്മഹത്യ ചെയ്യാനും കാരണം മഴയുടെ അഭാവമാണ്. ബിടി പരുത്തിക്കാകട്ടെ നല്ല വിളവു ലഭിക്കണമെങ്കില്‍ നല്ല അളവില്‍ വെള്ളം ലഭിക്കണം. ആഗസ്റ്റ് – സപ്തംബറില്‍ ആരംഭിക്കുന്ന വേനല്‍ക്കാലത്ത് പരുത്തി വിതച്ചാല്‍ തുടര്‍ന്ന് വടക്കു കിഴക്കന്‍ കാലവര്‍ഷം ലഭിച്ചില്ലെങ്കില്‍ പരുത്തികൃഷി ഒന്നാകെ ഉണങ്ങിപ്പോകാം. വിദര്‍ഭ ഒന്നാകെ മണലാരണ്യമാകും. 2019നകം 99 പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന ലക്ഷ്യമിട്ടിട്ടുള്ളത്. നെല്ലിനും കരിമ്പിനും താങ്ങുവില ഉള്ളതിനാല്‍ അനുയോജ്യമല്ലാത്ത ഇടങ്ങളിലും കുറഞ്ഞ വെള്ളം ആവശ്യമായ ഈ വിളകള്‍ കര്‍ഷകര്‍ കൃഷി ചെയ്തുവരുന്നു. ആഭ്യന്തരമായി ആവശ്യമായതിലധികം പഞ്ചസാര ഭാരതം ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും കരിമ്പുമേഖലയിലെ കുത്തകക്കാരുടെയും പഞ്ചസാരലോബിയുടെയും വൃത്തികെട്ട രാഷ്ട്രീയത്തിന്റെയും ഫലമായി രാജ്യാന്തര വിപണിയേക്കാള്‍ കൂടുതലാണ് ഇവിടുത്തെ വില. കരിമ്പ് കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതിനെ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ ചോദ്യം ചെയ്തിട്ടുമുണ്ട്.
കാര്‍ഷിക ഉല്പന്നങ്ങളുടെ വിറ്റഴിക്കലാണ് അടുത്ത വെല്ലുവിളി. യൂറോപ്പിലെതുപോലെ ഒരു ‘പൊതു കമ്പോളത്തെ’ കുറിച്ച് ഭാരതം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഉദാഹരണത്തിന് മുന്തിരിപോലുള്ള ഒരു കാര്‍ഷിക ഉല്പന്നത്തിന്റെ വില നോക്കുക. ഉത്തര ബല്‍ജിയത്തില്‍ നിന്ന് സ്‌പെയിനിന്റെ തെക്കേ അറ്റംവരെ ഒരാള്‍ യാത്ര ചെയ്യുകയാണെങ്കില്‍ മുന്തിരിയുടെ വിലയില്‍ കിലോയ്ക്ക് ഒരു രൂപയില്‍ കൂടുതല്‍ വ്യത്യാസം എവിടെയും ഉണ്ടാകില്ല. അതേസമയം ഭാരതത്തില്‍ മുന്തിരി ഉല്പാദിപ്പിക്കുന്ന മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് തെക്കോട്ട് വന്ന് ചെന്നൈയിലെത്തുമ്പോള്‍ 40-50 രൂപയുടെ വ്യത്യാസം ഉണ്ടാകുന്നു. ഇടനിലക്കാരാണ് ഈ വ്യത്യാസം വര്‍ദ്ധിപ്പിക്കുന്നത്. മാതൃകാ കാര്‍ഷികോല്പന്ന വിലനിര്‍ണ്ണയ സമിതി നിയമം പാസ്സാക്കിയിട്ട് ഒന്നര ദശാബ്ദം പിന്നിട്ടെങ്കിലും സംസ്ഥാനങ്ങളെകൊണ്ട് ഇത് നടപ്പാക്കിക്കാന്‍ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. സ്റ്റേറ്റ്/യുടി അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ്, ലൈവ്‌സ്റ്റോക്ക് മാര്‍ക്കറ്റിംഗ് (പ്രെമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) നിയമം 2017 കേന്ദ്രം കൊണ്ടുവന്നിട്ടുണ്ടെങ്കിലും അത് ഇപ്പോഴും നിശ്ചലാവസ്ഥയിലാണ്.
താങ്ങുവിലയേക്കാള്‍ പ്രാധാന്യമുള്ള മറ്റൊരു ഘടകവും കാര്‍ഷികോല്പന്നത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ പരിഗണിക്കാനില്ല. ഒരു വിള ഉല്പാദിപ്പിക്കാന്‍ കര്‍ഷകന് ചിലവാകുന്നതിന്റെ 50 ശതമാനത്തില്‍ കൂടുതലായിരിക്കണം താങ്ങുവിലയെന്ന് കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. 2018ലെ ഖാരിഫ് മുതല്‍ ഇതിനു പ്രാബല്യമുണ്ട്. പക്ഷെ ഉല്പന്നശേഖരണം അത്രയ്ക്ക് വിപുലമായതിനാല്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ ഇതിന്റെ പരിധിയില്‍ പെടാതെ പോകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ അവരുടെ ഉല്പന്നങ്ങള്‍ റോഡില്‍ വലിച്ചെറിയാന്‍ ഇതാണ് കാരണം. വളരെ പാവപ്പെട്ട, അരികുവല്‍ക്കരിക്കപ്പെട്ട കര്‍ഷകര്‍ക്ക് വഞ്ചിക്കപ്പെട്ടതായി തോന്നുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ മോദി സര്‍ക്കാരിന് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നു മാത്രമല്ല കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനുമുണ്ട്.