എസ്.കെ. പൊറ്റക്കാടിന്റെ മനോഹരമായ യാത്രാവിവരണത്തില്‍ പറയുന്ന ബാലിദ്വീപിനെകുറിച്ച് കേള്‍ക്കുമ്പോള്‍തന്നെ മനസ്സിലെത്തുക രാമായണത്തിലെ കഥാപാത്രത്തെയാണ്. അതുപോലെതന്നെ മുസ്ലിം ജനതക്ക് വലിയ സ്ഥാനമുള്ള രാജ്യമായ ഇന്തോനേഷ്യയിലെ എയര്‍വേസിന്റെ പേരെന്താണ്? രാമായണത്തിലെ ജടായുവിനെ ഓര്‍മ്മപ്പെടുത്തുന്ന ‘ഗരുഡന്‍’ എന്ന പേരാണ്. എഴുത്തച്ഛന്റെ കൃതിക്കുശേഷമാണ് മലയാളികളുടെ ദൈനംദിനജീവിതത്തില്‍ കുറേക്കൂടി രാമായണം പോലെയുള്ള കാര്യങ്ങള്‍ വേരോടാന്‍ തുടങ്ങിയത്. ആ വേരോട്ടം അവരുടെ കുടുംബബന്ധങ്ങളിലെ ജീവിതങ്ങളില്‍പ്പോലും കാണാനാകുമായിരുന്നു. മലയാളി ദമ്പതിമാര്‍ തങ്ങള്‍ക്ക് ജനിക്കുന്നത് മകളാണെന്നു വരികില്‍ പാര്‍വ്വതിയെന്നോ ലക്ഷ്മിയെന്നോ ഒക്കെ പേരിടാറുള്ള സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. എന്നാല്‍ സീത എന്ന് നാമകരണം ചെയ്യുന്നതിന് അത്ര പ്രചാരമില്ല. എന്തുകൊണ്ടാവാം അങ്ങനെ? ആലോചിച്ചുചെല്ലുമ്പോള്‍ മനസ്സിലാവുന്ന ഒരറിവ് സീത എന്നത് നമ്മള്‍ ശീലിച്ച പുണ്യഗ്രന്ഥത്തിലെ ദു:ഖിതയായ കഥാപാത്രമായിരുന്നു. ജീവിതത്തിന്റെ തീക്ഷ്ണങ്ങളായ അനുഭവപശ്ചാത്തലങ്ങളുള്ള ദുഖ:പുത്രി. ഒത്തിരി ദുരിതവും വേദനയും അനുഭവിച്ചവര്‍. കേട്ടറിഞ്ഞു, വായിച്ചറിഞ്ഞ ഒരറിവിന്റെ ഉള്ളില്‍ നിന്നുകൊണ്ട് ശരാശരിക്കാരിയായൊരു വീട്ടമ്മ ‘സീത’ എന്ന് തന്റെ പൊന്നുമോള്‍ക്ക് പേരിടാന്‍ തുനിയാതിരിക്കുമ്പോള്‍ താനറിഞ്ഞ കഥാപാത്രത്തിന്റെ ദുരന്തങ്ങള്‍ ആ പേരിലൂടെ മകളേയും പിന്‍തുടര്‍ന്നെങ്കിലോ എന്ന ഭയങ്ങളുണ്ടാവാം.
മനുഷ്യനെ സംബന്ധിച്ചിടത്തോളം ലോകത്തെ അവന്റെ ആദ്യത്തെ സര്‍ഗ്ഗാവിഷ്‌ക്കാരത്തിനുള്ള മാദ്ധ്യമമായി മാറിയത് ഗുഹാ ചിത്രങ്ങളാണ്. പല വിധത്തിലുള്ള വ്യതിയാന പരിണാമങ്ങള്‍ക്കും ഗുഹാചിത്രങ്ങള്‍ വിധേയമായിരുന്നു. അതിനുശേഷം രണ്ടാംഘട്ട പരിണാമ ദശയിലാണ് ചുവര്‍ ചിത്രങ്ങളുടെ വികാസം സംഭവിക്കുന്നത്. നൂറ്റാണ്ടുകള്‍ അതിജീവിച്ച മനോഹരങ്ങളായ ചുവര്‍ ചിത്രങ്ങളുടെ അമൂല്യങ്ങളായ കാഴ്ചകളായിരുന്നു ഇവിടെയുള്ള ക്ഷേത്രങ്ങളുടെ ശ്രീകോവിലുകളിലും കൊട്ടാരങ്ങളുടെ അകത്തളങ്ങളിലും മറ്റും നിറഞ്ഞിരുന്നത്. പുതിയ കാലത്ത് ചുവര്‍ചിത്രകലയെ ഇത്രയേറെ ജനകീയവത്ക്കരിച്ച സ്ഥാപനങ്ങളില്‍ ഏറ്റവും പ്രമുഖമായ സ്ഥാനം വഹിച്ചൊരിടം ഗുരുവായൂര്‍ ദേവസ്വം ചുവര്‍ചിത്രപഠനകേന്ദ്രം തന്നെയാണ്. ഇന്ന് കാണുന്നവിധമുള്ള സാങ്കേതിക വിദ്യകളുടെ പുരോഗതി ഇല്ലാതിരുന്ന കാലത്ത്, വരയ്ക്കാനും എഴുതാനുമൊക്കെയായി പേപ്പറോ, ക്യാന്‍വാസോ പോലെയുള്ള വസ്തുക്കളെക്കുറിച്ച് സങ്കല്‍പ്പംപോലുമില്ലാതിരുന്ന ജനതക്കിടയിലും ഭാവനകള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. വരകളുടെ ലോകത്തും വരികളുടെ ലോകത്തും അപാരങ്ങളായ സങ്കല്‍പ്പങ്ങളില്‍ എക്കാലവും അവര്‍ യഥേഷ്ടം വിഹരിച്ചിരുന്നു. ”ചിത്രണകലയിലെ” താളിയോല പാരമ്പര്യത്തിലേയ്ക്ക് നാം എത്തിച്ചേരുന്നത് അത്തരം സന്ദര്‍ഭങ്ങളിലാണ്. കടലാസൊക്കെ വരുന്നതിന് തൊട്ടുമുന്‍പ് താളിയോലയെയാണ് നാം ആശ്രയിച്ചിരുന്നത്. താളിയോലയെ സംബന്ധിച്ച് വലിയൊരു നേട്ടം സാധാരണ കാലാവസ്ഥയിലെ പ്രശ്‌നങ്ങളൊന്നും തന്നെ അതിനെ ബാധിക്കില്ല എന്നതാണ്. മാത്രമല്ല നാരായം ഉപയോഗിച്ചുചെയ്യുന്ന അതിലെ വരികളും വര്‍ണ്ണങ്ങളും അത്രവേഗം മാഞ്ഞുപോകില്ലെന്ന നേട്ടവുമുണ്ട്. നേട്ടം പോലെതന്നെ കോട്ടവും. വരക്കാനുള്ള സ്ഥലത്തിന്റെ പരിമിതിയായിരുന്നു അതില്‍ പ്രധാനം. രണ്ടാമത് ഇന്ന് നമ്മള്‍ എത്രയും സുഖകരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പേനയുടേയോ പെന്‍സിലിന്റേയോ ഒക്കെ മട്ടില്‍ വളരെ ലാഘവത്തോടെ താളിയോലയില്‍ പെരുമാറാനാവില്ല. അതിലെ തൂലിക നാരായമാണ്. കടലാസിന്റെ സ്ഥാനത്ത് കട്ടിയുള്ള ഓലയാണ്. ഉത്തരേന്ത്യയിലൊക്കെ അക്കാലം താളിയോലയുടെ സ്ഥാനത്ത് ഗ്രന്ഥരചനയ്ക്കായി ഉപയോഗപ്പെടുത്തിയിരുന്നത് ‘ഭൂര്‍ജപത്രം’ എന്നറിയപ്പെടുന്ന മരത്തൊലിയായിരുന്നു. പനയോലകളാണ് ദക്ഷിണേന്ത്യയില്‍ ഇതിനായി വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നത്.
ആധുനിക അച്ചടിമാധ്യമത്തിലെ ചിത്രണ പദ്ധതികളോട് താരതമ്യം ചെയ്യാവുന്ന മൂലരൂപമായി താളിയോലയിലെ രചനകളെ വിശേഷിപ്പിക്കാം. 9-10 നൂറ്റാണ്ടുകളില്‍ ഇന്നത്തെ ബീഹാറിലേയും ബംഗാളിലേയും പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭരണം നടത്തിയിരുന്ന ‘പാല’ രാജവംശജരായ ഭരണാധികാരികളുടെ കാലം ബുദ്ധമത സംബന്ധിയായ ചിത്രങ്ങള്‍ വഹിക്കുന്ന താളിയോലകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു. കേരളത്തില്‍ ചിത്രരാമായണത്തിലേക്കുവരുമ്പോള്‍ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം നമ്മുടെ ചുവര്‍ ചിത്രങ്ങള്‍ക്കെന്നതുപോലെ ഈ നാട്ടില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പ്രമുഖമായ താളിയോല ചിത്രണ ഗ്രന്ഥമായ ‘ചിത്രരാമായണ’ത്തിനും വിഷയം രാമകഥതന്നെയാണ്. ലോകത്ത് കണ്ടെത്തിയിട്ടുള്ള ഏറ്റവും പ്രാചീനമായ ‘ചിത്രകഥാ’ഗ്രന്ഥവും താളിയോലയിലെ ഏക ‘ചിത്രകഥയും ചിത്രരാമായണം തന്നെയാണ്. 1453 ലാണ് ഈ അമൂല്യ ഗ്രന്ഥത്തിന്റെ പൂര്‍ത്തീകരണം നടന്നത്.
34 cm x 5 cm വലുപ്പത്തില്‍ 98 ഓലകള്‍. മൂന്നോ നാലോ രംഗങ്ങള്‍ വീതം ഓരോ വശത്തും രചിച്ചിരിക്കുന്നു. ഏതാണ്ട് 818 ചിത്രാവലിയിലാണ് രാമകഥ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ ഇതില്‍ പകര്‍ത്തിയിട്ടുള്ളത്. തിരുവനന്തപുരം മാനുസ്‌ക്രിപ്റ്റ് ലൈബ്രറി 1934 ലാണ് ഈ ഗ്രന്ഥം സംരക്ഷിക്കുവാന്‍ ഏറ്റെടുക്കുന്നത്. അതുപോലെ 1997 ല്‍ കേരള സര്‍വ്വകലാശാല ചിത്രരാമായണത്തെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. ഇങ്ങനെ ചില വലിയ നന്മകള്‍ സംഭവിച്ചതു കൊണ്ടുകൂടിയാണ് പുതിയ തലമുറയ്ക്ക് വിശിഷ്ടമായൊരു പാരമ്പര്യത്തെ അനുഭവിക്കാന്‍ സാധിക്കുന്നതെന്ന് നിസ്സംശയം പറയാം.
നമ്മള്‍ പ്രത്യക്ഷത്തില്‍ കാണുന്ന സൗന്ദര്യങ്ങളെ നന്നായി ആസ്വദിക്കുകയും അവിടം കൊണ്ട് നിര്‍ത്തി സന്തോഷിക്കുകയും ചെയ്യുന്നു. അച്ഛന്റെ പേര് എന്താണെന്ന് ചോദിച്ചാല്‍ നമുക്കെല്ലാവര്‍ക്കും അറിയാം. അച്ഛന്റെ അച്ഛന്റെ പേരിനും നമ്മള്‍ ഉത്തരം പറയും. എന്നാല്‍ അച്ഛന്റെ അച്ഛന്റെ അച്ഛന്റെ പേരിനെ തിരക്കുമ്പോള്‍ പതുക്കെ നമ്മള്‍ പരുങ്ങാന്‍ തുടങ്ങും. ആ അച്ഛന്റേയും അപ്പുറത്തേക്കുപോകുമ്പോള്‍ ഭൂരിപക്ഷവും ദിക്കു മുട്ടിനില്‍ക്കും. ഇതാണ് അതിന്റെയൊരു രീതി.
ചരിത്രബോധം എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം വലിയ കുറവ് തന്നെയാണ്. കുടുംബവൃക്ഷങ്ങള്‍ നമ്മളാല്‍ രൂപപ്പെട്ടുകൊണ്ടേ യിരിക്കുന്നു. കഴിഞ്ഞ കുറേ നാളുകളായി ചരിത്രബോധത്തിന്റെ കാര്യത്തിലും ഭേദപ്പെട്ട പുരോഗതി നമ്മുടെ കാഴ്ചപ്പാടുകളില്‍ വന്നിട്ടുണ്ട്. ചരിത്രബോധം വേണമെന്നും കുടുംബബന്ധങ്ങള്‍ വേണമെന്നുമൊക്കെയുള്ള ചിന്താഗതി കൂടുതല്‍ ശക്തമായിട്ടുണ്ട്. അത്തരത്തില്‍ നല്ലൊരു കുടുംബ സങ്കല്‍പ്പത്തില്‍ പെടുത്താവുന്ന ഒന്നുകൂടിയാണ് രാമായണം. ഒരുവേള, അത്തരമൊരു സങ്കല്‍പ്പത്തിന് പാളിച്ചകള്‍ സംഭവിച്ചാല്‍, അല്ലെങ്കില്‍ നന്മനിറഞ്ഞ ഒരു സമൂഹത്തെ രൂപീകരിക്കാനുള്ള സംസ്‌കൃത മനസ്സിനെ എവിടേയോ കൈമോശം വന്ന സമയത്തായിരിക്കണം, എഴുത്തച്ഛന്‍ ആദ്ധ്യാത്മ രാമായണം എന്ന ഔഷധം കൊണ്ട് അതിനെ ചികിത്സിക്കാമെന്ന് കരുതിയത്.
16, 17 നൂറ്റാണ്ടുകള്‍ എന്നുപറയുന്നത് വളരെയധികം പ്രശ്‌നങ്ങള്‍ നിറഞ്ഞ, സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതചര്യയുടെ ഒരു കാലഘട്ടം കൂടിയായിരുന്നു. കേരളത്തിലും തെന്നിന്ത്യയിലും മാത്രമല്ല ഇന്ത്യയില്‍തന്നെ ഭക്തിപ്രസ്ഥാനം വളരെ ശക്തമായ കാലത്ത് രാമായണത്തിന്റെ പദാവലികളിലൂടെ രാമനെത്തന്നെ എഴുത്തച്ഛന്‍ ഉയര്‍ത്തികാട്ടിയത് വേറിട്ട ഒരു കാഴ്ചപ്പാടായിരുന്നു.
എഴുത്തച്ഛനു തൊട്ടുമുമ്പുള്ള ചെറുശ്ശേരി 15-ാം നൂറ്റാണ്ടില്‍ കൃഷ്ണഗാഥയാണ് രചിക്കുകയുണ്ടായത്. എല്ലാവര്‍ക്കും രസിക്കാനും വലിയ തോതില്‍ വായിക്കപ്പെടാനുമുള്ള ചേരുവകള്‍ കൃഷ്ണന്റെ ജീവിതത്തിലൂടെ അവതരിപ്പിക്കുകയാണ് കൂടുതല്‍ ഉത്തമമെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം. രാമനെന്ന വ്യക്തി നമുക്കൊരനിവാര്യതയായി തീരുന്നു. ഒരു ‘ഐക്കണാ’യിക്കൂടി ആ തേജസ്സിനെ മലയാളികള്‍ ശരിക്കും ഉപയോഗപ്പെടുത്തി. വര്‍ഷത്തിലെ 12 മാസങ്ങളില്‍ ഒരിക്കല്‍ കര്‍ക്കിടക കാലത്ത് രാമായണത്തിന്റെ വഴികളില്‍ നന്മയിലേക്കൊരു ചികിത്സ. രാമായണമാസമെന്ന അതിന്റെ പുണ്യം ബാക്കിവരുന്ന 11 മാസത്തേയും ഉദ്ദേശിച്ചാണ്. ചികിത്സയാണ് നടക്കുന്നത്. രണ്ടാമതു വരുന്ന വിഷയമാണ് അതിന്റെ ഫലം എത്രത്തോളം ഉണ്ട് എന്നത്. പക്ഷെ അപ്പോഴും മലയാളികള്‍ കൂടുതലും ചായ്‌വ് പുലര്‍ത്തുന്നത് കൃഷ്ണനോടുതന്നെ.
ഗുരുവായൂരപ്പനെ തൊഴാന്‍ വര്‍ഷം മുഴുവന്‍ സമയമുണ്ടെന്നിരിക്കെ രാമന്റെ കാര്യത്തില്‍ ഒരൊറ്റമാസവും നാലമ്പലദര്‍ശനക്കാലവും വന്നുചേര്‍ന്നു. രാമനോടുള്ള ചിന്ത നമുക്കിടയില്‍ രൂപപ്പെടുന്നത് സീതയെ ഉപേക്ഷിക്കാന്‍ മാത്രം ഇവനാരെന്ന ചോദ്യത്തിന്റെ മനസ്സോടുകൂടിയാണ്. പക്ഷെ അതു സ്വയം ആര്‍ജ്ജവത്തോടെ ഉരുത്തിരിഞ്ഞ ഒന്നാണെന്ന് തോന്നുന്നില്ല. അര്‍ത്ഥവും സമ്പര്‍ക്കവും കൃത്യമായറിഞ്ഞ് അതാവശ്യപ്പെടുന്ന അറിവുതലത്തില്‍ രാമായണത്തെ പാരായണം ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം നിത്യജീവിതത്തിലും അല്ലാതെയും അവന്‍ തേടുന്ന, അനുഭവിക്കുന്ന കുറേയേറെ ഉത്തരങ്ങളുടെ ഖനികൂടിയായി ആ ഗ്രന്ഥത്തെ അനുഭവപ്പെടും. ഉത്തരങ്ങള്‍ ഉള്ള സ്ഥിതിക്ക് സ്വാഭാവികമായി അതിന്റെ ചോദ്യങ്ങളും പറയാതെ പറഞ്ഞെന്ന രീതിയും അതിലുണ്ടാകുമല്ലോ.
ശ്രീശുകന്റെ കഥ കേട്ടിട്ടില്ലേ. എല്ലാം ഗുരുനാഥനില്‍ നിന്നും ഹൃദിസ്ഥമാക്കിയതാണ്. പറയുന്ന കാര്യങ്ങളെക്കുറിച്ച് നന്നായി അറിവുള്ളതാണ്. എങ്കില്‍കൂടി ഒരു ബോദ്ധ്യം വരുന്നില്ല. ഏത് ഗുരുവില്‍നിന്നും അറിവുകള്‍ കിട്ടുമ്പോള്‍ ഇതെനിക്ക്മുമ്പറിയാവുന്ന കാര്യമായിരുന്നല്ലോ എന്ന തോന്നലുകൂടിയുണ്ടായി. രാമായണത്തെ സംബന്ധിച്ചിടത്തോളം അത്തരം ബോദ്ധ്യങ്ങളുടെ തലങ്ങളുണ്ട്. ഇതുതന്നെയായിരുന്നുവോ എന്ന സംശയത്തിന്റെ തലങ്ങളുമുണ്ട്. ശരാശരിക്കാരനല്ല ആരെ സംബന്ധിച്ചും ഇങ്ങനെയൊക്കെ സംഭവിക്കുന്നതാണ്.
ഓരോ വാക്കും അക്ഷരരൂപമാകുമ്പോള്‍ അതില്‍ വരകൂടിയാണല്ലോ സംഭവിക്കുന്നത്. ഒറ്റപ്രവൃത്തി. 2 കാര്യങ്ങള്‍ നടക്കുന്ന സൂത്രവിദ്യ. വരയായ വാക്കാണ് ഏറ്റവും നല്ലത്. ചിത്രരാമായണമെന്നു പറയുമ്പോള്‍ അത് ചിത്രങ്ങളുടെ രാമായണമാണ്. ചിത്രങ്ങളെക്കൊണ്ടുള്ള രാമായണം, ചിത്രങ്ങളായിതീരാന്‍ പാകത്തിന് ഒരുങ്ങികിടക്കുന്ന രാമായണം എന്നൊക്കെ അതിന് കാഴ്ചപ്പാടുകളുണ്ട്. എത്രയോ ചിത്രംചിത്രം രത്‌നഭൂഷിതമിദം’എന്ന് കേട്ടിട്ടില്ലേ? ചിത്രമെന്നു പറയുമ്പോള്‍ അതിന് അതിമനോഹരമായ അത്ഭുതം എന്നൊരര്‍ത്ഥമുണ്ട്. അത്ഭുതം ഇവിടെ വാക്കുകളില്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല. വരകളിലും കൂടിയാണ്. ഒരു കവി തന്റെ ജീവിതത്തില്‍, തന്റെ അനുഭവതലങ്ങളില്‍ അറിവുകളില്‍ സമാഹരിച്ച വാക്കുകള്‍കൊണ്ട് ഒരു കാര്യത്തെ, താന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥതലങ്ങളെ, ഭാവനകളെ തന്റെ വായനക്കാരിലേക്ക് എത്തിക്കുവാന്‍ എത്രമാത്രമാണോ പ്രയത്‌നിക്കുന്നത് അതുപോലെതന്നെയാണ് ഒരു കലാകാരനും വരകള്‍കൊണ്ടും വര്‍ണ്ണങ്ങള്‍കൊണ്ടും തന്റെ സൃഷ്ടിയുടെ മുമ്പിലെത്തുന്ന ആസ്വാദകന് താന്‍ ഉദ്ദേശിച്ച സംഗതികളെ മനസ്സിലാക്കിക്കൊടുക്കാന്‍ പ്രയത്‌നിക്കുന്നത്. എഴുത്തച്ഛന്റെ രാമായണത്തിലെ വാ ങ്മയ ചിത്രങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ആ വസ്തുത കൂടുതല്‍ കൂടുതല്‍ ബോദ്ധ്യപ്പെടുന്ന ഒന്നായിത്തീരുന്നു.