ഭാഗ്യദോഷവും ശത്രുദോഷവും മറ്റും തീര്‍ക്കാന്‍ ചില ഒടിയന്‍ വിദ്യകള്‍ പ്രയോഗിക്കുന്നവരെക്കുറിച്ച് കേട്ടിട്ടില്ലേ. ഇത്തരത്തില്‍ ചിലര്‍ നിയമസഭയുടെ ചുമരില്‍ ‘ഭാഗ്യദോഷം തീര്‍ത്തുകൊടുക്കും’ എന്ന ബാനറും വെച്ച് ഇരയേയും കാത്തിരിപ്പുണ്ട് എന്നാണ് തിരുവനന്തപുരത്തുകാര്‍ പറയുന്നത്. ഭാഗ്യദോഷവും ശത്രുദോഷവും തങ്ങള്‍ തീര്‍ത്തുകൊടുത്തതിന്റെ കണക്കും അവരുടെ കയ്യിലുണ്ട്. നരേന്ദ്രമോദിയുടെ കേന്ദ്രസര്‍ക്കാരിന്റെ ശത്രുദോഷം ചുരുങ്ങിയത് പതിനെട്ടുതവണയെങ്കിലും തങ്ങള്‍ തീര്‍ത്തുകൊടുത്തു എന്നാണ് ഇക്കൂട്ടരുടെ അവകാശവാദം.
2019 ജൂണ്‍ 17ന് ഝാര്‍ഖണ്ഡില്‍ തബ്‌റീസ് അന്‍സാരി എന്ന യുവാവിനെ ബൈക്ക് മോഷ്ടിച്ചു എന്ന പേരില്‍ ജനക്കൂട്ടം തല്ലിക്കൊന്നത് ഒച്ചപ്പാടായപ്പോള്‍ തലവേദനയായത് മോദി സര്‍ക്കാരിന്. വൈകിയില്ല മുഖ്യന്‍ വിജയന്‍ സഖാവും പ്രതിപക്ഷനേതാവ് ചെന്നിത്തല ഗാന്ധിയും ഒറ്റക്കെട്ടായി നിയമസഭയില്‍ പ്രമേയം പാസാക്കി. പിന്നെ ഈ തലവേദന എന്തെന്ന് കേന്ദ്രസര്‍ക്കാര്‍ അറിഞ്ഞിട്ടേയില്ല. തല്ലിക്കൊല്ലല്‍ കേസ്സില്‍ പിന്നീടാരും ചര്‍ച്ചയേ നടത്തിയിട്ടില്ല. തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് നല്‍കിയത് ഒച്ചപ്പാടായപ്പോളും ഈ രണ്ടുപേരും ചേര്‍ന്നു ഏകകണ്ഠമായ പ്രമേയം പാസാക്കല്‍ എന്ന ഒടിയന്‍ വിദ്യപ്രയോഗിച്ചു. ഫലമോ? ഇപ്പോള്‍ അദാനി പ്രശ്‌നം ആരും ചര്‍ച്ച ചെയ്യുന്നേയില്ല. പൗരത്വനിയമം മൂലം കേന്ദ്ര സര്‍ക്കാര്‍ പ്രതക്കൂട്ടിലായപ്പോഴാണ് കേരള നിയമസഭ വീണ്ടും ഏകകണ്ഠമായപ്രമേയം പാസാക്കിയത്. പിന്നെ കണ്ടത് ഷഹീന്‍ബാഗിലെ ടെന്റും പൊളിച്ച് സമരക്കാര്‍ സ്ഥലം വിടുന്നതാണ്. ഈ പ്രമേയമാരണ മന്ത്രത്തിന് അത്രയ്ക്കാണ് ശക്തി. കര്‍ഷകനിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം ഏകകണ്ഠമായി പാസാക്കി എന്നു കേട്ടതോടെ മോദിയ്ക്ക് സമാധാനമായി. ദല്‍ഹിയില്‍ കര്‍ഷകസമരം നടത്തുന്നവര്‍ക്ക് ഇനി അധികനാള്‍ അവിടെ കഴിയാനാകില്ല. കേരള നിയമസഭയുടെ പ്രമേയത്തിന്റെ മാരണപ്രയോഗത്തില്‍ അതിന്റെ കഥകഴിഞ്ഞതുതന്നെ.