‘മുത്തശ്ശന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ താടി എവിടെയാണ് വെക്കുക – പുതപ്പിന്റെ അടിയിലോ, മുകളിലോ?’ പേരക്കുട്ടി ആകാംക്ഷയോടെ ചോദിച്ചു. മുത്തശ്ശന്‍ ചിന്തിക്കാന്‍ തുടങ്ങി. താന്‍ എവിടെയാണ് താടി വെക്കാറുള്ളത് – പുതപ്പിന്റെ അടിയിലോ, മുകളിലോ? ശരിയ്ക്കും എവിടെയാണ് താടി വെക്കേണ്ടത്? ശാന്തമായി ഉറങ്ങാന്‍ കിടന്ന മുത്തശ്ശന്റെ ഉറക്കം അതോടെ പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ!
സമാനമായ ഒരു സംഭവമാണ് ഏതാണ്ട് ഒരു വര്‍ഷം മുമ്പ് രാജസ്ഥാനില്‍ നടന്നത്. അവിടത്തെ നിരവധി ആശുപത്രികളിലെ പ്രസവവാര്‍ഡുകളില്‍ ഗര്‍ഭിണികള്‍ക്ക് ആശ്വാസമേകുന്ന വിധത്തില്‍ ശാന്തമായ, അവര്‍ക്കുവേണ്ടി പ്രത്യേകം ചിട്ടപ്പെടുത്തിയ ഒരു സംഗീതം കേള്‍പ്പിച്ചിരുന്നു. പെട്ടെന്നാണ്, ഒരു ദിവസം ഏതോ മതേതരവാദി ഗായത്രി മന്ത്രമാണ് ഗര്‍ഭിണികളെ കേള്‍പ്പിക്കുന്നത് എന്നു തിരിച്ചറിഞ്ഞത്. അതോടെ എതിര്‍പ്പായി, ചര്‍ച്ചയായി, ബഹളമായി. ഗര്‍ഭിണികള്‍ അവര്‍ക്കു ലഭിച്ചിരുന്ന സമാധാനത്തെ പോലും സംശയിക്കുന്ന വിധത്തില്‍ വിവാദം വളര്‍ന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്‍ക്കത്തയില്‍ വന്ദേമാതര ശതാബ്ദി ആഘോഷിക്കുന്നതിനുവേണ്ടി സാഹിത്യ അക്കാദമി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത ഈ ലേഖകന്‍ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന മൗലവി ലിയാഖത്ത് ഹുസൈന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. സ്വദേശി കാലഘട്ടത്തില്‍ നിരവധി ഹിന്ദു, മുസ്ലീം യുവാക്കള്‍ക്ക് വന്ദേമാതരം പാടിക്കൊടുത്തുകൊണ്ട് സ്വാതന്ത്ര്യസമരത്തില്‍ അണിചേരാന്‍ പ്രേരണ നല്‍കിയ മഹാനായിരുന്നു അദ്ദേഹം. വന്ദേമാതരം എങ്ങനെയാണ് ജനങ്ങളെ ഒന്നിപ്പിച്ചതെന്നും പിന്നീട് വിഘടനവാദികള്‍ എങ്ങനെ അതിനെതിരെ തിരിഞ്ഞെന്നും ഞാന്‍ പറഞ്ഞപ്പോള്‍ വേദിയിലുണ്ടായിരുന്ന ഒരു അഹിന്ദു നേതാവ് ആവേശപൂര്‍വ്വം കയ്യടിച്ചു. അല്പം കഴിഞ്ഞ് ‘മതേതര ഹിന്ദു’ വായ ഒരു പ്രൊഫസര്‍ ഒരു പ്രത്യേക മതത്തിന് എങ്ങനെയാണ് ഭൂമിയെ മാതാവായി ഇന്നു കാണാന്‍ കഴിയുകയെന്ന ചോദ്യം ഉന്നയിച്ചപ്പോഴും അയാള്‍ കയ്യടിച്ചു. പ്രൊഫസറുടെ ‘ഇന്ന്’ എന്ന പ്രയോഗമാണ് എന്നെ ഏറെ ചിന്തിപ്പിച്ചത്. നാം ഇന്നിന്റെ നിര്‍മ്മാതാക്കളാണ്. ഇന്നലെ നേടിയ എന്തെങ്കിലും നേട്ടത്തെ ഇന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ഇന്നു ചെയ്യുന്നു എന്നതുകൊണ്ടുമാത്രം നമുക്ക് എങ്ങനെയാണ് അതിനെ ന്യായീകരിക്കാന്‍ കഴിയുക?
അഹിന്ദുക്കളും മതേതര ഹിന്ദുക്കളും ചേര്‍ന്ന് വിശിഷ്ടമായ നമ്മുടെ പാരമ്പര്യത്തെ ഹിന്ദു മതവുമായി ബന്ധപ്പെടുത്തി ആശയക്കുഴപ്പത്തിലാക്കുന്നത് എത്രത്തോളം ബുദ്ധിപരവും പ്രായോഗികവുമാണ്? ബുദ്ധിക്കപ്പുറമുള്ള ഒരു തലത്തില്‍ നിന്നുകൊണ്ട് പദത്തെയും ശബ്ദത്തെയും സമന്വയിപ്പിച്ച് അതിസൂക്ഷ്മതലത്തില്‍ ജ്ഞാനത്തെയും പ്രേരണയെയും ഉണര്‍ത്തുന്ന ഒന്നാണ് മന്ത്രം. ഓരോ വാക്കിന്റെയും ശബ്ദത്തിന്റെയും പിന്നിലുള്ള വികാരത്തിന്റെ പേരില്‍ ഈ സ്വാധീനത്തെ കുറിച്ച് വിവാദത്തിലേര്‍പ്പെടുന്നത് ശരിയാണോ? ഒരു പ്രത്യേക ശബ്ദവും വാക്കും എപ്പോഴും ഒരു ശക്തിയെ മാത്രമാണ് ഉണര്‍ത്തുന്നത് എന്നു പറയാമോ? പിന്നെ എന്തിനാണ് ഗായത്രി മന്ത്രം ചൊല്ലുമ്പോള്‍ ഒരു പ്രത്യേക ഫലം മാത്രമാണ് ഉണ്ടാകുന്നതെന്ന് വാശിപിടിക്കുന്നത്? ജനങ്ങളെ ഹിന്ദുക്കള്‍ എന്നു വിളിക്കുന്നതിന് എത്രയോ മുമ്പ് ഋഷിമാര്‍ ചിട്ടപ്പെടുത്തിയ വേദമന്ത്രങ്ങളുടെ കുത്തക എന്തിന് ഇന്നത്തെ ഹിന്ദുക്കള്‍ക്കു മാത്രമായി വിട്ടുകൊടുക്കണം? യോഗയും ധ്യാനവും പോലെ വേദമന്ത്രങ്ങളും എല്ലാവര്‍ക്കും അവകാശപ്പെട്ടതല്ലേ? രാഷ്ട്രത്തിന്റെ മാത്രമല്ല, മുഴുവന്‍ മാനവ സമൂഹത്തിന്റെയും പാരമ്പര്യമാണിവ. ആയുര്‍വ്വേദത്തെ അതിന്റെ ഉറവിടം ഹിന്ദുവാണെന്നതു കൊണ്ട് അഹിന്ദുക്കളും യുനാനിയെ ഗ്രീസില്‍ നിന്ന് മധ്യകാലഘട്ടത്തില്‍ കൊണ്ടുവന്നത് മുസ്ലീം വൈദ്യന്മാരാണെന്നതുകൊണ്ട് അമുസ്ലീങ്ങളും തള്ളിക്കളയുന്നില്ലല്ലോ!
‘മതേതര’ ഹിന്ദു രാഷ്ട്രീയക്കാരാണ്, പ്രത്യേക സങ്കുചിത മാനസികാവസ്ഥ കാരണം അവരുടെ വിചിത്രമായ പെരുമാറ്റങ്ങളിലൂടെ മറ്റുള്ളവരെ ഈ പാരമ്പര്യത്തില്‍ നിന്ന് അകറ്റുന്നത് എന്നതാണ് ദുഃഖകരമായ വസ്തുത. 1998 ഒക്‌ടോബര്‍ 22-ന്റെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. അന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി മുരളി മനോഹര്‍ ജോഷി വിളിച്ചുചേര്‍ത്ത സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം സരസ്വതീവന്ദനത്തോടെ, നല്ല അന്തരീക്ഷത്തില്‍ തുടങ്ങാന്‍ പുറപ്പെട്ടപ്പോള്‍ കേന്ദ്രത്തിലെ ഭരണകക്ഷിയുടേത് ഒഴിച്ചുള്ള മന്ത്രിമാര്‍ യാതൊരു വിദ്യാഭ്യാസവുമില്ലാത്ത ആളുകളെ പോലെ ആക്രോശിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തു. ഈ മാന്യന്മാര്‍ക്ക് അല്പമെങ്കിലും വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സമ്പന്നമായ പാരമ്പര്യം അവരുടെ മതേതര നിലപാടിനെ തകിടം മറിക്കുമെന്ന് ചിന്തിക്കുമായിരുന്നോ? കൃത്രിമമായ ഒരു ആശയവാദത്തെ മുന്നോട്ടുവെച്ച് സംഘാടകരെ ബുദ്ധിമുട്ടിക്കുക മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. അത്യന്തം ശ്രേഷ്ഠമായ ഒരു പ്രാര്‍ത്ഥനയെ കുറിച്ചുള്ള അവരുടെ അജ്ഞതയാണ് ഇതിലൂടെ വെളിപ്പെട്ടത്. മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ഈ സംരക്ഷകര്‍ക്ക് മതപൂര്‍വ്വ കാലഘട്ടത്തിലെ ആദ്ധ്യാത്മിക സവിശേഷതയായ സരസ്വതീ സങ്കല്പത്തെ കുറിച്ചുള്ള അജ്ഞതയും പ്രകടമായി.
ശരിയാണ്, ഹിന്ദുക്കള്‍ സരസ്വതിയെ ആരാധിക്കുന്നവരാണ്. കൂടാതെ ഗായത്രിയിലും മറ്റനേകം മന്ത്രങ്ങളിലുമുള്ള സൂര്യനെയും അവര്‍ ആരാധിക്കുന്നുണ്ട്. എന്നുവെച്ച് സൂര്യന്‍ മറ്റുള്ളവര്‍ തള്ളിക്കളയേണ്ട, ഹിന്ദുക്കളുടെ മാത്രമായ സവിശേഷ പാരമ്പര്യത്തിന്റെ ഭാഗമാണോ? വാരാണസിയിലും ഹരിദ്വാറിലും നിത്യേന സായാഹ്നത്തില്‍ ആരതി നടത്തിക്കൊണ്ട് ഗംഗ ആരാധ്യദേവതയാണെന്ന് ഹിന്ദുക്കള്‍ തുടര്‍ച്ചയായി തെളിയിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഗംഗയിലെ ജലം ഉപയോഗിക്കുന്നതില്‍ നിന്നും, മറ്റു ചില ഹിന്ദുക്കളെപോലെ മലിനീകരിക്കുന്നതില്‍ നിന്നും ആരെങ്കിലും അഹിന്ദുക്കളെ തടയുന്നുണ്ടോ? ശരിയാണ്, ഹിമാലയവും ഹിന്ദുക്കള്‍ക്ക് ഒരു ആരാധ്യദേവതയാണ്.
‘മതേതര ഹിന്ദുക്കള്‍’ അവരുടെ ആശയങ്ങളില്‍ ഗൗരവമുള്ളവരാണെങ്കില്‍ അഹിന്ദുക്കളായ നമ്മുടെ സഹോദരീസഹോദരന്മാരെ സമ്പന്നമായ പൊതുപാരമ്പര്യത്തില്‍ നിന്ന് അകറ്റാതിരിക്കത്തക്കവിധം അവരുടെ കാഴ്ചപ്പാടുകളെ വിശാലമാക്കുകയാണു വേണ്ടത്. ജാതീയതയുടെ വേലിക്കെട്ടിനുള്ളില്‍ ഹിന്ദു സമൂഹത്തെ തളച്ചിടാനുള്ള കുത്സിത ശ്രമങ്ങളില്‍ നിന്നു പിന്മാറാനും അവര്‍ തയ്യാറാകേണ്ടതുണ്ട്.
(കടപ്പാട്: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്)
വിവ: സി.എം. രാമചന്ദ്രന്‍