- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ബിജെപിയെ ചെറുക്കാന്‍ ചരിത്രപരമായ മണ്ടത്തരം
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
1950കള്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രതീക്ഷയുടെ കാലഘട്ടമായിരുന്നു.1952 ലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം ലഭിക്കുകയും, ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയാവുകയും ചെയ്തു. കോണ്‍ഗ്രസ്സിന് രാഷ്ട്രീയ ബദലായി കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഉയര്‍ന്നുവരുമെന്നും, നെഹ്‌റുവിനു പകരക്കാരനായി ഒരു കമ്മ്യൂണിസ്റ്റുകാരന്‍ പ്രധാനമന്ത്രിയാവുമെന്നും പലരും സ്വപ്‌നം കണ്ടു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എ.കെ. ഗോപാലന്‍ പാര്‍ലമെന്റിലെ ആദ്യ പ്രതിപക്ഷ നേതാവായതും, കമ്മ്യൂണിസ്റ്റു പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ അധികാരത്തില്‍ വന്നതുമായിരുന്നു ഇങ്ങനെയൊരു പ്രതീതി സൃഷ്ടിച്ചത്. നെഹ്‌റുവാണെങ്കില്‍ പ്രഖ്യാപിത സോഷ്യലിസ്റ്റും, സോവിയറ്റ് യൂണിയന്റെ ആരാധകനുമായിരുന്നല്ലോ. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ ഏതുവിധേനയും സഹായിക്കാന്‍ സോവിയറ്റ് ഭരണകൂടം സന്നദ്ധവുമായിരുന്നു. സ്വാഭാവികമായും നെഹ്‌റുവിന്റെ പിന്മുറക്കാരന്‍ തങ്ങളില്‍ ഒരുവനായിരിക്കുമെന്ന് കമ്മ്യൂണിസ്റ്റുകള്‍ ആഗ്രഹിച്ചുപോയി. ഈ ആഗ്രഹം മുന്‍നിര്‍ത്തിയാണ് അതുവരെ പാര്‍ലമെന്ററി ജനാധിപത്യത്തെ ശക്തമായി എതിര്‍ത്തിരുന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. പക്ഷേ ചരിത്രത്തിന്റെ ഗതി മറ്റൊന്നായിരുന്നു. ഭാരതം സ്വാതന്ത്ര്യം നേടിയശേഷവും ദേശീയ താല്‍പ്പര്യം പാടെ വിസ്മരിച്ചുകൊണ്ട് സോവിയറ്റ് യൂണിയനുവേണ്ടിയും ചൈനയ്ക്കുവേണ്ടിയുമുള്ള ദാസ്യവൃത്തി തുടര്‍ന്ന കമ്മ്യൂണിസ്റ്റുകള്‍ രാഷ്ട്രീയ മുഖ്യധാരയില്‍ ഒറ്റപ്പെട്ടു. പക്ഷേ അപ്പോഴും തങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ അധികാരം പിടിക്കുമെന്ന വ്യാജ പ്രതീക്ഷ അണികള്‍ക്ക് നല്‍കുന്നതില്‍ വിജയിച്ചു.
കോണ്‍ഗ്രസ്-ഇടത് വര്‍ഗ സഹകരണം
ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ പാര്‍ട്ടിയായി മദ്രകുത്തുമ്പോഴും കോണ്‍ഗ്രസ്സിനോട് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പില്‍ക്കാലത്തെ ഇടതു പാര്‍ട്ടികളും സ്‌നേഹദ്വേഷ ബന്ധമാണ് പുലര്‍ത്തിയത്.1957 ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ വിമോചന സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നെഹ്‌റു പിരിച്ചുവിട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന് തടസ്സമായില്ല. പില്‍ക്കാലത്ത് കേരളത്തിലും പശ്ചിമബംഗാളിലും അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാരുകള്‍ കോണ്‍ഗ്രസ്സുമായി ഒത്തുതീര്‍പ്പുകളില്‍ ഏര്‍പ്പെടുകയും, നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സര്‍ക്കാരുകളില്‍ നിന്ന് വഴിവിട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. ‘മുതലാളിത്ത ജന്മിത്വ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധമായ പശ്ചിമബംഗാളിലെ ഇടത് മുന്നണി സര്‍ക്കാരിന് പരിമിതമായ അധികാരങ്ങളാണുള്ളത്. ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി ഭാരതത്തിന്റെ ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ അധികാരങ്ങള്‍ നല്‍കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഞങ്ങളുടെ സര്‍ക്കാരിനോട് ശത്രുത മനോഭാവം പുലര്‍ത്തുന്നതിനാല്‍ ഞങ്ങള്‍ പ്രത്യേക കുറവുകള്‍ നേരിടുകയും ചെയ്യുന്നു’ (1) എന്നു പറഞ്ഞ് മുഖ്യമന്ത്രി ജ്യോതി ബസു ഈ വര്‍ഗസഹകരണത്തെയും ഒത്തുതീര്‍പ്പുകളെയും ന്യായീകരിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്.നമ്പൂതിരിപ്പാടും ഇതേ ന്യായീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
പാര്‍ട്ടിയുടെയും വ്യക്തികളുടെ പോലും സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സുമായും ഭരണകൂടങ്ങളുമായും ഒത്തുകളിക്കാന്‍ ഇടതു പാര്‍ട്ടികള്‍ മടിച്ചിട്ടില്ല. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലം ഇതിന് സാക്ഷ്യം വഹിക്കുകയുണ്ടായി. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തും സീതാറാം യെച്ചൂരിയും സിപിഎം ജനറല്‍ സെക്രട്ടറിമാരായിരുന്ന കാലത്ത് കോണ്‍ഗ്രസ് ദല്ലാളുകളെപ്പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ്സിനെക്കൊണ്ടു പോലും ഈ നിലപാടിന് അനുകൂലമായി തീരുമാനങ്ങളെടുപ്പിച്ചു.
ഹിന്ദുത്വ-ദേശീയ ശക്തികള്‍ക്ക് മുഖ്യധാരയില്‍ സ്വീകാര്യത ലഭിക്കുകയും ബിജെപി രാഷ്ട്രീയമായി ശക്തിയാര്‍ജിക്കുകയും ചെയ്തതോടെ ഇടതു പാര്‍ട്ടികള്‍ മുഖംമൂടി അഴിച്ചുവച്ച് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തുടങ്ങി. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. അടിയന്തരാവസ്ഥയ്ക്കു ശേഷം മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നത് രാജ്യത്തെ ആദ്യ കോണ്‍ഗ്രസ്സിതര സര്‍ക്കാരായിരുന്നു. ബിജെപിയുടെ മുന്‍ രൂപമായ ഭാരതീയ ജനസംഘം ഉള്‍പ്പെട്ടിരുന്ന ഈ സര്‍ക്കാരില്‍ ഇടതു പാര്‍ട്ടികള്‍ക്ക് പ്രാതിനിധ്യമുണ്ടായിരുന്നില്ല. ആര്‍എസ്എസ് ബന്ധമുള്ള ജനസംഘത്തിന്റെ സ്വാധീനം വര്‍ദ്ധിക്കുമെന്ന് ഭയന്ന് ഈ സര്‍ക്കാരിനെ അട്ടിമറിച്ചതില്‍ കോണ്‍ഗ്രസ്സിനൊപ്പം ഇടതുപാര്‍ട്ടികളും സന്തോഷിച്ചു.
വി.പി.സിംഗ് സര്‍ക്കാര്‍ അധികാരത്തിലേറുന്നു
സ്വതന്ത്ര ഭാരതത്തില്‍ മറ്റൊരു കോണ്‍ഗ്രസ്സിതര സര്‍ക്കാരും ഇടതു പാര്‍ട്ടികളുടെ കുത്തിത്തിരിപ്പുകള്‍മൂലം അട്ടിമറിക്കപ്പെടുകയുണ്ടായി. 1989 ലെ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിനു അന്ത്യം കുറിച്ച് വി.പി. സിംഗിന്റെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യത്തെ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു. 1984 ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ബോഫോഴ്‌സ് തോക്കിടപാട് ഉള്‍പ്പെടെയുള്ള അഴിമതിയില്‍ മുങ്ങുകയും, പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ന്നടിയുകയുംചെയ്തു.
1988 ആയപ്പോഴേക്കും സ്ഥിതിഗതികള്‍ വലിയതോതില്‍ മാറിത്തുടങ്ങി. അലഹാബാദ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച വി. പി. സിംഗ് ജയിച്ചു. ഇതോടെ രാജീവ് ഗാന്ധി രാഷ്ട്രീയമായി ഒന്നുകൂടി ദുര്‍ബ്ബലനായി. 1988 അവസാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ‘നാഷണല്‍ ഫ്രണ്ട്’ എന്ന പേരില്‍ രാജ്യവ്യാപകമായ ഒരു സഖ്യം രൂപീകരിച്ചു. വി.പി. സിംഗ് ജനതാദള്‍ സ്ഥാപിച്ചു. 1989 ലെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാജീവിന് മൂന്ന് വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്: തന്റെ ‘മിസ്റ്റര്‍ ക്ലീന്‍’ പ്രതിച്ഛായ തകര്‍ത്ത വി. പി. സിംഗ്, അഴിമതിവിരുദ്ധരും ദേശീയ ചിന്താഗതിക്കാരായ വോട്ടര്‍മാരുടെ പിന്തുണയാര്‍ജിച്ച ബിജെപി, പ്രാദേശിക പാര്‍ട്ടികളുടെ ഉയര്‍ച്ച. ഇത് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന്റെ പിടി ദുര്‍ബ്ബലമാക്കിയിരുന്നു.
വിശ്വഹിന്ദു പരിഷത്ത് ആരംഭിച്ച രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയുടെ ജനകീയാടിത്തറ വിപുലമായതോടെ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ ബിജെപിയുടെ പിന്തുണ ആവശ്യമാണെന്ന് നാഷണല്‍ ഫ്രണ്ട് തിരിച്ചറിഞ്ഞു. അയോധ്യയില്‍ പുതിയ രാമക്ഷേത്രത്തിനായുള്ള ശിലാസ്ഥാപന ചടങ്ങ് നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിക്കുകയും ചെയ്തു. ശിലാസ്ഥാപന ചടങ്ങ് നടത്താന്‍ അനുമതി ലഭിച്ചു. ഇതിനെതിരെ ചില മുസ്ലിം മതമൗലികവാദ സംഘടനകള്‍ രംഗത്തിറങ്ങി. രാജീവ് ഗാന്ധി ഹിന്ദു വോട്ട് ബാങ്കിനെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ നിരാശയോടെ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, സിംഗ് ബിജെപിയുമായി സഹകരിക്കാന്‍ നിര്‍ബന്ധിതനായി. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ പിളരുന്നത് തടയാന്‍, ഇരു പാര്‍ട്ടികളും സീറ്റ് ധാരണയിലെത്തി. തെരഞ്ഞെടുപ്പ് ഫലത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ഉണ്ടായില്ല. തൂക്കുപാര്‍ലമെന്റ് നിലവില്‍ വന്നു.
1989 ഡിസംബറില്‍ വി.പി. സിംഗ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി വിരോധത്തില്‍ സര്‍ക്കാര്‍ തകര്‍ന്നു. ബിജെപിയും ഇടതു പാര്‍ട്ടികളും സര്‍ക്കാരില്‍ ചേരാതെ പുറത്തുനിന്ന് പിന്തുണച്ചു. തുടക്കത്തില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ഭരണം മുന്നോട്ടുപോയി. ബിജെപി ആത്മാര്‍ത്ഥമായ പിന്തുണ നല്‍കുകയും ചെയ്തു. പക്ഷേ ഇടതു പാര്‍ട്ടികള്‍ പതിവുപോലെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ തുടങ്ങി. ഭരണത്തില്‍ ബിജെപിക്ക് പ്രാമുഖ്യം ലഭിക്കുന്നതായി അവര്‍ കരുതി. ബിജെപിയെയും പ്രധാനമന്ത്രി വി.പി. സിംഗിനെയും അകറ്റാനുള്ള ശ്രമങ്ങള്‍ ഇടത് പാര്‍ട്ടികള്‍ തുടങ്ങി. രാമജന്മഭൂമിയിലെ തര്‍ക്കകെട്ടിടം ഒരു തള്ളുകൊടുത്താല്‍ താഴെ വീഴാവുന്നതേയുള്ളൂ എന്നു പറഞ്ഞിരുന്ന വി.പി. സിംഗ് പിന്നീട് നിലപാട് മാറ്റുകയും, ബിജെപിയില്‍ നിന്ന് അകലാനും തുടങ്ങി. ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്ന് ഇടതു പാര്‍ട്ടികള്‍ പൂര്‍വാധികം ശക്തിയോടെ വിമര്‍ശിക്കാന്‍ തുടങ്ങി. അയോധ്യ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതാണ് ഇതിന് അവര്‍ കാരണമായി കണ്ടുപിടിച്ചത്. കാതലായ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ച ചെയ്ത് ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന നിലപാടിലേക്ക് വി.പി. സിംഗ് മാറി. ഇതിന് നിന്നുകൊടുക്കാന്‍ ബിജെപി തയ്യാറായിരുന്നില്ല. ഇനി അധികനാള്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ വി. പി. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ബിജെപി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് എതിരായിരുന്നില്ല. ജനസംഘം ഉള്‍പ്പെട്ട ജനതാ പാര്‍ട്ടിയുടെ സര്‍ക്കാരായിരുന്നല്ലോ മണ്ഡല്‍ കമ്മീഷനെ നിയോഗിച്ചത്. റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപ്പാക്കാതിരുന്നത് ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. ഇടതുപാര്‍ട്ടികള്‍ സാമ്പത്തിക സംവരണത്തിന്റെ വക്താക്കളായി രുന്നു. എന്നിട്ടും ബിജെപിയെ സവര്‍ണ പാര്‍ട്ടിയായി മുദ്രകുത്തി ഒറ്റപ്പെടുത്തി ജനകീയാടിത്തറ തകര്‍ക്കാനാണ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന പ്രഖ്യാപനത്തിലൂടെ വി.പി.സിംഗ് ലക്ഷ്യമിട്ടത്.
1989 ജൂണില്‍ ഹിമാചല്‍ പ്രദേശിലെ പാലംപൂരില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം അയോധ്യ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഈ പ്രക്ഷോഭത്തിന്റെ പല ഘട്ടങ്ങളും പിന്നിട്ടിരുന്നു.
അധികം വൈകാതെ എല്‍. കെ.അദ്വാനി ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് സീതാരാമ രഥയാത്ര പ്രഖ്യാപിച്ചു. ഇതില്‍നിന്ന് പിന്മാറാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും ബിജെപി അതിന് തയ്യാറായില്ല. നിശ്ചയിച്ച തീയതിയില്‍ തന്നെ സീതരാമരഥയാത്ര ആരംഭിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലും ദല്‍ഹിയിലുമൊക്കെ യാത്രയെ സ്വീകരിക്കാന്‍ ജനലക്ഷങ്ങള്‍ ഒഴുകിയെത്തി. വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുമെന്ന് പ്രവചിച്ച് യാത്ര നിര്‍ത്തിവയ്പ്പിക്കാന്‍ സര്‍ക്കാരും ഇടതുപാര്‍ട്ടികളും പരമാവധി ശ്രമിച്ചു. ഒരു കലാപവും ഉണ്ടായിരുന്നില്ല. അങ്ങനെയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇടതുപാര്‍ട്ടികളും ഇസ്ലാമിക വര്‍ഗീയ ശക്തികളും ശ്രമിച്ചത്. അധികാരത്തിന് പുറത്തായ കോണ്‍ഗ്രസ്സിന്റെ പിന്തുണയും ഇതിന് ലഭിച്ചു. യാത്ര നിര്‍ത്തിവയ്ക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു അദ്വാനിയെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ പ്രേരിതവും വര്‍ഗീയ പ്രീണനത്തിന്റെ ഭാഗവുമായ ഈ ആവശ്യം അദ്വാനി നിരസിച്ചു.
ഭാരതത്തിന്റെ ചരിത്രത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത രാമരഥയാത്ര ബീഹാറില്‍ പ്രവേശിച്ചു. മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ നിര്‍ദ്ദേശ പ്രകാരം സമസ്തിപൂരില്‍ രഥയാത്ര തടഞ്ഞ് അദ്വാനിയെ അറസ്റ്റ് ചെയ്ത തടങ്കലിലാക്കി. 1990 നവംബറില്‍ ബിജെപി പിന്തുണ പിന്‍വലിച്ചതോടെ വി.പി.സിംഗ് സര്‍ക്കാര്‍ നിലംപതിച്ചു. ഇടതു പാര്‍ട്ടികളുടെ കിംഗ് മേക്കര്‍ കളിക്ക് കനത്ത തിരിച്ചടിയേറ്റു.
ജ്യോതി ബസുവിന്റെ പ്രധാനമന്ത്രി മോഹം
1996 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനാല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും 13 ദിവസം മാത്രമാണ് അധികാരത്തിലിരുന്നത്. ഇതേതുടര്‍ന്ന് വിവിധ പ്രാദേശിക പാര്‍ട്ടികളും ഇടതുപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ‘യുണൈറ്റഡ് ഫ്രണ്ട്’ എന്ന സഖ്യം രൂപീകരിച്ചു. ബിജെപിയെ അധികാരത്തിനു പുറത്തു നിര്‍ത്താന്‍ മാത്രമായിരുന്നു ഇത്. സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ചെങ്കിലും ആരാവണം പ്രധാനമന്ത്രിയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമായി. കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ഈ അവസരം മുതലെടുക്കാന്‍ ഇടതുപാര്‍ട്ടികള്‍, പ്രത്യേകിച്ച് 32 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന സിപിഎമ്മിലെ ഒരു വിഭാഗം കരുക്കള്‍ നീക്കി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിനെ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ പ്രധാനമന്ത്രിയാക്കാനായിരുന്നു പദ്ധതി. ബസു അത് സ്വീകരിക്കാന്‍ തയ്യാറായിരുന്നുവെങ്കിലും പാര്‍ട്ടിയിലെ കിടമത്സരം തടസ്സമായി. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തും സീതാറാം യെച്ചൂരിയും ബസുവിനുവേണ്ടി വാദിച്ചെങ്കിലും പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി കേന്ദ്ര കമ്മറ്റിയിലെയും പൊളിറ്റ് ബ്യൂറോയിലെയും പ്രബല വിഭാഗം എതിര്‍ത്തതോടെ ബസുവിന്റെ മോഹം പൊലിഞ്ഞു.
ജ്യോതി ബസുവിന്റെ ജീവചരിത്രം എഴുതിയ സുരഭി ബാനര്‍ജി ഇത് സംബന്ധിച്ച അന്തര്‍ നാടകങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ജ്യോതി ബസു ഭാരതത്തിന്റെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയാകുന്നതിന്റെ വക്കിലെത്തിയിരുന്നുവെന്നും, യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നും സുരഭി വെളിപ്പെടുത്തുന്നുണ്ട്:
‘1996 മെയ് 15 രാത്രിയായിരുന്നു അത്. ഇന്ദിരാഭവന്‍ നിശ്ശബ്ദതയില്‍ മുങ്ങിക്കിടന്നു. രാത്രി പതിനൊന്ന് മണിക്ക് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗേറ്റുകള്‍ തുറന്ന് ബസുവിന്റെ വാഹനവ്യൂഹത്തെ അകത്തേക്ക് കടത്തിവിട്ടു. അഞ്ച് മിനിറ്റിനുശേഷം ബസു തന്റെ കിടപ്പുമുറിയിലെത്തി. ആഴത്തില്‍ നെടുവീര്‍പ്പിട്ട് കിടക്കയിലേക്ക് പതിഞ്ഞു. തല കഠിനമായി വേദനിക്കുന്നുണ്ടായിരുന്നു; തന്റെ ബാം എവിടെയെന്ന് ബസു തിരഞ്ഞു’.
‘സര്‍ക്കാര്‍ രൂപീകരിക്കാനുള്ള മത്സരം മെയ് ഒന്‍പതിന് ആരംഭിച്ചിരുന്നു. എന്നാല്‍ താല്‍ക്കാലികമായെങ്കിലും ഭൂരിപക്ഷം നേടാന്‍ ആവശ്യമായത്ര സമയമുണ്ടെങ്കിലും പരസ്പര ഭിന്നതകള്‍ മാറ്റിവെക്കാന്‍ ഒരു പാര്‍ട്ടിക്കും കഴിയില്ലെന്ന് തോന്നി. സാഹചര്യം ചര്‍ച്ച ചെയ്യുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ജ്യോതി ബസു ദല്‍ഹിയിലെത്തി. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ബിജെപിക്കായിരുന്നു. കോണ്‍ഗ്രസ്സും മൂന്നാം മുന്നണിയും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഉറച്ചുനിന്നതിനാല്‍ ബിജെപി സര്‍ക്കാര്‍ നിലനില്‍ക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് തോന്നിയെങ്കിലും, യുദ്ധം ജയിച്ചുവെന്ന രീതിയിലായിരുന്നു ബിജെപി.’
എന്നാല്‍ ബിജെപി ഇതര രണ്ട് പ്രധാന ശക്തികള്‍ തമ്മില്‍ ഒന്നിച്ചുവരുന്നത് ബുദ്ധിമുട്ടാണെന്ന് തോന്നി. അവര്‍ക്കിടയില്‍ അത്രയധികം അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ‘നരസിംഹറാവു ഇതര, ബിജെപി ഇതര സര്‍ക്കാര്‍’ രൂപീകരണത്തില്‍ ചേരുമെന്നായിരുന്നു മൂന്നാം മുന്നണിയുടെ പ്രതീക്ഷ. പി.വി. നരസിംഹറാവു തന്റെ ദുര്‍ബ്ബലമായ കോണ്‍ഗ്രസ്സിന് പിന്തുണ ഉറപ്പാക്കാനും, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാനും ശ്രമിക്കുകയായിരുന്നു. ഇടതുപാര്‍ട്ടികള്‍ തമ്മില്‍ തമ്മില്‍ തര്‍ക്കിക്കുകയും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയും ചെയ്തു.
ബസു അപ്പോഴും കല്‍ക്കത്തയിലായിരുന്നു. ദല്‍ഹിയിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിനിടയില്‍ വി.പി.സിംഗിന്റെ ഫോണ്‍ വന്നു.
”ജനതാദളുമായും മറ്റ് സഖ്യകക്ഷികളുമായും ഞാന്‍ ചര്‍ച്ച നടത്തിയെന്നും, അവരെല്ലാം ഏകകണ്ഠമായി എന്നെ അവരുടെ നേതാവും പ്രധാനമന്ത്രിയുമായി കാണാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നോട് പറഞ്ഞു.” ഇതില്‍ ബസു സന്തോഷവാനായിരുന്നുവത്രേ.
താന്‍ ദല്‍ഹിയിലേക്ക് വരികയാണെന്നും, നമുക്ക് നേരില്‍ കണ്ട് ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സംസാരിക്കാമെന്നും ബസു വി.പി. സിംഗിനോട് പറഞ്ഞു.(2)
ബിജെപിയുടെ കുതിപ്പും ഇടതുപക്ഷ കിതപ്പും
ദല്‍ഹിയിലേക്കുള്ള വിമാനം വൈകി. രാത്രി പത്തര കഴിഞ്ഞാണ് ബസു ബംഗഭവന്റെ നാലാം നിലയിലുള്ള തന്റെ സ്യൂട്ടില്‍ പ്രവേശിച്ചത്. കോണ്‍ഗ്രസ് നേതാക്കളും വ്യവസായ പ്രമുഖരും മൂന്നാം മുന്നണിയുടെ അംഗങ്ങളും ഉള്‍പ്പെടെ ഫോണ്‍വിളിച്ചവരെല്ലാം ബസു പ്രധാനമന്ത്രിയാകാന്‍ സമ്മതിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പുതിയ സാഹചര്യത്തില്‍ ആവേശഭരിതനായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തുമായി ചെറിയൊരു സംഭാഷണം നടത്തിയപ്പോള്‍ ബസു തന്റെ സംശയങ്ങള്‍ പ്രകടിപ്പിച്ചു.
”സഖ്യത്തില്‍ നിയന്ത്രണം ചെലുത്താന്‍ ഞങ്ങള്‍ക്ക് മതിയായ ശക്തിയുണ്ടായിരുന്നില്ല. ഇത്ര വൈവിധ്യമാര്‍ന്ന ഒരു കൂട്ടായ്മയെ ഞാന്‍ എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു? അതിനുപുറമേ, കോണ്‍ഗ്രസ്സിന്റെ മുന്‍കാല റെക്കോര്‍ഡ് നോക്കുമ്പോള്‍, അവര്‍ പെട്ടെന്ന് പിന്തുണ പിന്‍വലിച്ചേക്കാം, ആര്‍ക്കറിയാം.” (3)
തേഡ് ഫ്രണ്ടിന്റെ അസ്ഥിരമായ ഭാവിയെക്കുറിച്ച് ബസുവിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവത്രേ. അതേസമയം ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിഞ്ഞുവെന്നാണ് സുരഭി ബാനര്‍ജി എഴുതുന്നത്.
”മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍, എന്റെ ആരോഗ്യം നല്ലതല്ലെങ്കിലും, സമവായ സ്ഥാനാര്‍ഥിയായി എന്നെത്തന്നെ മുന്നോട്ടുവെക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ തീരുമാനം കേന്ദ്ര കമ്മറ്റിയുടേതാണ്.”
പൊളിറ്റ്ബ്യൂറോയിലെ ഭൂരിപക്ഷം പേര്‍ക്ക് മറിച്ചായിരുന്നു അഭിപ്രായം. സര്‍ക്കാരിന്റെ ഭാഗമാകുന്നതിനെ അവര്‍ എതിര്‍ത്തു.
യോഗം പോകുന്ന രീതിയില്‍ ബസു നിരാശനും ദുഃഖിതനുമായി.(4)
എന്തു വിലകൊടുത്തും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ വേണ്ടിയായിരുന്നു താന്‍ പ്രധാനമന്ത്രിയാവാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നാണ് ജ്യോതി ബസു ജീവചരിത്രകാരിയോട് പറഞ്ഞത്.
പൊളിറ്റ്ബ്യൂറോ ഒരു തീരുമാനത്തിലെത്താത്തതിനാല്‍ വിഷയം കേന്ദ്ര കമ്മറ്റിയുടെ മുമ്പാകെ വയ്ക്കണമെന്ന് ബസു നിര്‍ദേശിച്ചു.
”പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം അവരുടെ മനസ്സിലുള്ളത് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും, കേന്ദ്ര കമ്മറ്റിയുടെ നിലപാടിനായി ഞാന്‍ കാത്തിരുന്നു. ഒരു പുതിയ നേതാവിനെ കണ്ടെത്തണമെന്ന് പറയാന്‍ ഞാന്‍ മുലായത്തെ വിളിച്ചു. പുതിയ സാഹചര്യത്തില്‍ നാം ഒരു തെറ്റ് ചെയ്യുകയാണെന്ന് എനിക്ക് തോന്നിയിരുന്നു എന്നത് നിഷേധിക്കാനാവില്ല.”(5)
പ്രധാനമന്ത്രിയാവാന്‍ തീവ്രമായി ആഗ്രഹിക്കുകയും, അത് സാധിക്കാതെ വന്നപ്പോള്‍ കടുത്ത നിരാശനാവുകയും ചെയ്ത ജ്യോതി ബസുവിനെയാണ് ഇവിടെ കാണുന്നത്. ബിജെപിയെ അധികാരത്തിനു പുറത്തുനിര്‍ത്താന്‍ ആഗ്രഹിച്ച ബസുവിന്റെ കണ്‍മുന്നില്‍ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരുണ്ടാക്കുകയും ഭരണകലാവധി പൂര്‍ത്തിയാക്കുകയും ചെയ്തു. എക്കാലത്തേക്കും അധികാരത്തിന് പുറത്തായത് ബസുവിന്റെ പാര്‍ട്ടിയാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്തുനിര്‍ത്താന്‍ ശ്രമിച്ചത് ചരിത്രപരമായ വിഡ്ഢിത്തമായിരുന്നെങ്കില്‍ ഇടതുപാര്‍ട്ടികളെ അധികാരത്തിന്റെ പുറമ്പോക്കുകളിലേക്ക് ആട്ടിപ്പായിച്ചത് ചരിത്രത്തിന്റെ പ്രതികാരമായിരുന്നു.
അടുത്തത്:
ബാബറി മസ്ജിദിന്റെ പതനം ഇടതുപക്ഷത്തെ പഠിപ്പിച്ചത്
അടിക്കുറിപ്പുകള്‍:-
1.Jyoti Basu, Chief Minister of the state from 1977 to 2000, West Bengal information and cultural affairs Department publication.
2.Jyoti Basu, the authorized biography,
Surabhi Banerjee
3.Ibid
4.Ibid
5.Ibid




















