ന്യൂദല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയെ നരേന്ദ്രമോദി അപ്പടി കാവിവല്‍ക്കരിച്ചു കളഞ്ഞു. 2026-ലെ ബ്രിക്‌സിന്റെ ചിഹ്നം ബിജെപിയുടെ ചിഹ്നമായ താമര. അതിന്റെ നടുക്കത്തെ ദളത്തിന് കാവിനിറമാണ് കൊടുത്തത്. അഞ്ച് അംഗരാജ്യങ്ങളെ ഉദ്ദേശിച്ചാണ് അഞ്ച് ദളങ്ങളെങ്കില്‍ നടുക്കത്തെ ദളത്തിന് ത്രിവര്‍ണ്ണമല്ലേ കൊടുേക്കണ്ടത്? അവിടെ തുടങ്ങുന്നു ഉച്ചകോടിയുടെ കാവിവത്കരണം. ഇതിനായി തിരഞ്ഞെടുത്ത സ്ഥലം ദല്‍ഹി യിലെ ഭാരത് മണ്ഡപം. അതിലും ഉണ്ട് കാവിവല്‍ക്കരണം. അതിന്റെ മുമ്പില്‍ വെച്ചിരിക്കുന്ന കൂറ്റന്‍ നടരാജവിഗ്രഹവും കാവിവല്‍ക്കരണം തന്നെ. അതിന്റെ പശ്ചാത്തലത്തിലാണ് മോദി മറ്റു രാജ്യത്തലവന്മാരെ കൈകോര്‍ത്ത്പിടിച്ച് ഫോട്ടോയ്ക്ക് പോസ്‌ചെയ്തത്. അവിടെയും കണ്ടത് ഹിന്ദുത്വ ശൈലി. പഹല്‍ഗാം ഭീകരാക്രമണത്തെ ഉച്ചകോടി സംയുക്ത പ്രമേയത്തിലൂടെ എതിര്‍ത്തതിനു പിന്നിലും ഉണ്ട് മോദിയുടെ കാവിവല്‍ക്കരണ അജണ്ട. ഇവിടെ പ്രതിപക്ഷത്തെ കോണ്‍ഗ്രസ്സും ഇടതു സഖാക്കളും പഹല്‍ഗാം പ്രശ്‌നത്തില്‍ മോദിയെ പ്രതിക്കൂട്ടിലാക്കാന്‍ ഇസ്ലാമിക ഭീകരരോട് മൃദുസമീപനം സ്വീകരിച്ചപ്പോള്‍ സന്തോഷിച്ച പാകിസ്ഥാന്റെ സഹായിയായിരുന്നു ചൈന. ആ ചൈനയും കൂടിയാണ് ഈ പ്രമേയം പാസ്സാക്കിയത്. മോദി അവിടെയും നിര്‍ത്തിയില്ല. അതിര്‍ത്തി കടന്നുള്ള ഭീകരതയേയും അതിനുള്ള ധനസഹായത്തേയും എതിര്‍ക്കുന്ന പ്രമേയത്തെ ബ്രിക്‌സില്‍ ചൈന ഉള്‍പ്പെടെയുള്ളവര്‍ അംഗീകരിച്ചു. ഇതൊക്കെ കാവിക്കാരുടെ വിജയമല്ലെങ്കില്‍ പിന്നെ എന്താണ്? ഇത്ര പച്ചയ്ക്ക് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതു കണ്ടിട്ടും ആകെ പ്രതികരിച്ചത് പഴയ കോണ്‍ഗ്രസ് സര്‍ക്കാരിലെ ധനകാര്യ- ആഭ്യന്തരമന്ത്രി ചിദംബരം മാത്രമാണ്. ഈ ഉച്ചകോടി കൊണ്ട് എന്ത് ഗുണം എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. അതിനുള്ള മറുപടി കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍ തന്നെ പറഞ്ഞതോടെ ആശാനും കളംവിട്ടു.
പണ്ട് കമ്മ്യൂണിസം പുഷ്പിച്ചും കായ്ച്ചും നിന്നിരുന്ന റഷ്യയില്‍ നിന്നു വന്ന പുടിനും ചൈനയില്‍നിന്നു വന്ന ഷീ ജിന്‍ പിങ്ങുമൊക്കെ ബ്രിക്‌സില്‍ പങ്കെടുത്തത് ഭാരതമണ്ഡപത്തിലാണ്. അതിലും ഉണ്ട് കാവിവല്‍ക്കരണത്തിന്റെ കളി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ശംഖിന്റെ മാതൃകയില്‍ കര്‍ണ്ണാടകയിലെ ബസവ കല്യാണപട്ടണത്തില്‍ (ബീദര്‍ ജില്ല) ബസവണ്ണ പണിത അനുഭവമണ്ഡപത്തിന്റെ മാതൃകയിലാണ് ഈ മണ്ഡപം പണിതത്. 1972 ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് പ്രഗതി മൈതാനിയില്‍, 1950കളിലെ ബ്രിട്ടീഷ് വാസ്തുവിദ്യാ രീതിയായ ബ്രൂട്ടലിസ്റ്റ് രീതിയില്‍ പണിത ഹാള്‍ ഓഫ് നാഷണ്‍സ് എന്ന കൂറ്റന്‍ കെട്ടിടം 2017-ല്‍ മോദി സര്‍ക്കാര്‍ പൊളിച്ചു കളഞ്ഞാണ് തല്‍സ്ഥാനത്ത് ഭാരത് മണ്ഡപം പണിതത്. സൂര്യശക്തി അല്ലെങ്കില്‍ സൗരോജ്ജം, പഞ്ചഭൂതങ്ങള്‍ (ഭൂമി, ആകാശം, ജലം, വായു, അഗ്‌നി), ശൂന്യത്തില്‍ നിന്ന് ഐ.എസ്.ആര്‍. ഓവിലേക്ക് എന്നീ കാഴ്ചപ്പാട് പ്രതിഫലിക്കുന്ന ഭാരതീയ ശില്പരീതിയാണ് ഇതിന്റെ നിര്‍മ്മാണത്തിനായി സ്വീകരിച്ചത്. രാജ്യം ബ്രിട്ടീഷ് അടിമത്തം ഉപേക്ഷിച്ചിട്ടും ചില ഭരണാധികാരികള്‍ രാജ്യതലസ്ഥാനത്ത് അഭിമാനകരമായ ഒരു കെട്ടിടം പണിയാന്‍ ബ്രിട്ടന്റെ ശില്പരീതി സ്വീകരിച്ചതില്‍ വേദന തോന്നിയതുകൊണ്ടാവാം, പാര്‍ലമെന്റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത അവസരത്തില്‍ ഭാരതീയമായ പാര്‍ലമെന്ററി സമ്പ്രദായത്തിന് അടിത്തറയിട്ട 12-ാം നൂറ്റാണ്ടിലെ ബസവണ്ണ സ്ഥാപിച്ച അനുഭവ മണ്ഡപത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചിരുന്നു. ഹാള്‍ ഓഫ് നാഷന്‍സ് ഭാരത് മണ്ഡപമാക്കി മാറ്റിയ ‘കാവിക്കാര്‍’ ബ്രിക്‌സിലൂടെ കാവിയുടെ സന്ദേശം ലോകത്തിന്റെ മുമ്പിലെത്തിച്ചിരിക്കയാണ്.
തലവര:
ഇരുപത്തൊന്ന് സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ നിയമം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.
കേരളത്തില്‍ നടപ്പാക്കേണ്ട സിവില്‍ നിയമം ഏതെന്ന് കാന്തപുരം പറഞ്ഞിട്ടുണ്ട്. സതീശന്‍ അത് അനുസരിക്കും






















