നിരാശാവാദികള്‍ നിരാശരാവുകയും ഭാരതം വീണ്ടുമൊരിക്കല്‍ കൂടി പൂത്തുലയുകയും ചെയ്തു എന്നാണ് 2026-27 ലെ ഒന്നാം പാദവര്‍ഷത്തിലെ ജിഡിപി വളര്‍ച്ചയെക്കുറിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചത്. കോവിഡ് കാലം മുതല്‍ ലോകസാമ്പത്തികരംഗം നിരന്തരം പ്രതിസന്ധിയിലായിരുന്നു. ഉക്രൈന്‍- റഷ്യ യുദ്ധം, ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം, പിന്നെ അമേരിക്ക -ഇറാന്‍ യുദ്ധം, അത് പിന്നീട് ഹോര്‍മോസ് അടച്ചിടുന്നതിനും ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതിനും ഇടയാക്കിയത് പല രാജ്യങ്ങളിലും വന്‍വിലക്കയറ്റവും ഇന്ധന ക്ഷാമവുമൊക്കെയുണ്ടാക്കി. ഇതിനൊക്കെയിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരന്തരം കൈക്കൊണ്ട വ്യാപാര ഉപരോധ നടപടികളും വ്യവസ്ഥയില്ലാത്ത നികുതി നയങ്ങളുമൊക്കെ ചേര്‍ന്നുള്ള പ്രതിസന്ധികള്‍ ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചാറിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജിഡിപി വളര്‍ച്ചയുള്ള രാജ്യം ഭാരതമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെക്കാലമായി തുടരുന്ന സാമ്പത്തിക -രാഷ്ട്രീയ- വിദേശ നയങ്ങളുടെ വിജയമാണിത്. പ്രത്യേകിച്ച് ഹോര്‍മുസ് അടച്ച സാഹചര്യത്തില്‍, അമേരിക്കന്‍ ഉപരോധങ്ങളെ മറികടന്നുകൊണ്ട് പല വഴികളിലൂടെ എണ്ണ ഇറക്കുമതി ചെയ്ത് രാജ്യത്ത് എണ്ണ വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചുനിര്‍ത്തിയും ഇന്ത്യന്‍ രൂപയുടെ മൂല്യം കുറച്ചുകൊണ്ട് കയറ്റുമതി പന്ത്രണ്ട് ശതമാനം വരെ വര്‍ദ്ധിപ്പിച്ചും രാജ്യത്തിനകത്ത് അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍ നിക്ഷേപം നടത്തിയും വികസനത്തില്‍ പൊതു -സ്വകാര്യ നിക്ഷേപം പന്ത്രണ്ട് ശതമാനം വരെ വര്‍ദ്ധിപ്പിച്ചും വളരെ കരുതലോടെയും കുറെയൊക്കെ സാഹസികവുമായ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യം ശ്രദ്ധിച്ചതാണ്.
2026 ജൂലായ് മാസത്തില്‍ ഐ എം എഫ് പറഞ്ഞത് ലോകത്തില്‍ ഏറ്റവും വേഗം വളരുന്നതും ആഗോള വളര്‍ച്ചയ്ക്കുള്ള മുഖ്യഎഞ്ചിനും ഭാരതമാണെന്നാണ്. ഈ പാദ വര്‍ഷവളര്‍ച്ച 7.0 ശതമാനമായിരിക്കും എന്നായിരുന്നു നേരത്തെ ആര്‍ബിഐ പോലും പ്രവചിച്ചത്. യഥാര്‍ത്ഥ (റിയല്‍) ജിഡിപി വളര്‍ച്ച 2025-26 ഒന്നാം പാദ വര്‍ഷത്തില്‍ 6.9 ശതമാനമായിരുന്നു. അതുപോലെ മൊത്തം മൂല്യവര്‍ധന (ജിവിഎ)7.0 ശതമാനവും. എന്നാല്‍ നോമിനല്‍ ജിഡിപി 8.1 ശതമാനമാണ് വളര്‍ന്നത്. 2026-27 ആദ്യപാദവര്‍ഷത്തിലെ ജിവിഎ 8.2 ശതമാനവും നോമിനല്‍ ജിഡിപി 10.3 ശതമാനവും വളര്‍ന്നു. അതായത്, ഈ കാലയളവില്‍ നിശ്ചിത വിലയില്‍ ജിഡിപി 81.36 ലക്ഷം കോടി രൂപയുടെതും നോമിനല്‍ ജിഡിപി 88.27 ലക്ഷം കോടി രൂപയുടേതുമായി ഉയര്‍ന്നു. 2022-23 അടിസ്ഥാന വര്‍ഷമായി എടുത്ത് പുതിയ വില-ഉത്പാദന സൂചികയുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച ജിഡിപി നിര്‍ണയരീതി ഉപയോഗിച്ചുള്ള ആദ്യ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നത്.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമായത് 2014 മുതല്‍ തുടര്‍ന്നുവരുന്ന സുസ്ഥിരമായ ഭരണസംവിധാനവും മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി കൈക്കൊണ്ട നടപടികളുമാണ്. ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന നയവുമായി ആവിഷ്‌ക്കരിച്ച പിഎം ജന്‍ധന്‍ യോജന, സുരക്ഷ യോജന, മുദ്രലോണ്‍, കൃഷിസഞ്ചയന്‍ യോജന, ആത്മ നിര്‍ഭര്‍ ഭാരത് തുടങ്ങിയ അനേകം സാമ്പത്തിക ശാക്തീകരണ പരിപാടികള്‍ ഇന്നും തുടരുന്നു. നോട്ടുനിരോധനം, ജിഎസ്ടി എന്നിവ രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കരണത്തിന് കരുത്തു പകര്‍ന്നുവെന്ന് വിമര്‍ശകര്‍ പോലും ഇന്ന് സമ്മതിക്കുന്നു. അതിന്റെ തുടര്‍ച്ചയായാണ് ബാങ്ക് അക്കൗണ്ട് – ആധാര്‍ – പാന്‍ – ജി എസ്ടി – റേഷന്‍ കാര്‍ഡ് എന്നിവയെ ഒന്നിപ്പിച്ചുകൊണ്ട് സമഗ്രമായ ഡിജിറ്റല്‍ ലിങ്ക് സംവിധാനവും തുടര്‍ന്ന് ഡിജിറ്റല്‍ പണമിടപാടും വ്യാപകമാക്കിയത്. ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും കരുത്തുറ്റതും വലുതുമായ ഡിജിറ്റല്‍ ഇടപാട് ഭാരതത്തിന്റെ യുപിഐ സംവിധാനമാണ്. മൊബൈല്‍ ഫോണ്‍ നിര്‍മാണ പദ്ധതിയ്ക്ക് ജൂലായില്‍ തുടക്കമിട്ടു. 2030-31 കാലയളവിലേക്ക് 62,500 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. അതുപോലെ ചെറുകിട വ്യവസായങ്ങള്‍ക് (എംഎസ്എംഇ) അധികവായ്പ കൊടുക്കാനായി 2.55 ലക്ഷം കോടി രൂപ നീക്കിവെച്ച ഈസിഎല്‍ജിഎസ് പദ്ധതി, കെമിക്കല്‍ പാര്‍ക്കുകള്‍ക്ക് 3030 കോടി രൂപ ചെലവില്‍ ഭവ്യ രസായന്‍ പദ്ധതി, സെമി കണ്ടക്ടര്‍ രണ്ട് പദ്ധതിയ്ക്ക് 1.27ലക്ഷം കോടി രൂപ, 2026-27 മുതല്‍ 2030-31 വരെ കിസാന്‍ സമ്മാന്‍ നിധിയിലേക്ക് 3.15 ലക്ഷം കോടി രൂപ എന്നിവ വകയിരുത്തിക്കഴിഞ്ഞു. ഭാരത് മാരിടൈം ഇന്‍ഷുറന്‍സ്, സമുദ്രമന്ഥന്‍, ഗോബര്‍ധന്‍, പിഎം സൂര്യ സരോവര്‍, മിഷന്‍ കോട്ടണ്‍ അങ്ങനെ അനേകം പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കികൊണ്ടിരിക്കുന്നതുകൊണ്ടാണ് സാമ്പത്തികശക്തിയായി ഭാരതം ഉയരുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ ഇപ്പോഴത്തെ വേഗത മനസ്സിലാക്കണമെങ്കില്‍ കഴിഞ്ഞ രണ്ട് ദശകങ്ങളിലെ സാമ്പത്തിക ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കേണ്ടതുണ്ട്.
2004 ല്‍ തുടങ്ങിയ ഒന്നാം യുപിഎ ഭരണത്തിലെ സാമ്പത്തിക വികസനത്തിനു പശ്ചാത്തലമൊരുക്കിയത് ആദ്യ എന്‍ഡിഎ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളായിരുന്നു. ദേശീയ പാത വികസനത്തിനുവേണ്ടി ഗോള്‍ഡന്‍ ക്വാര്‍ട്ടിലേറ്ററല്‍ പദ്ധതി, ടെലികോം പരിഷ്‌കരണം, വ്യാപാര ഉദാരീകരണം, ധനകാര്യ മേഖലയിലെ പരിഷ്‌കാരങ്ങള്‍, ഊര്‍ജം – അടിസ്ഥാന മേഖല പരിഷ്‌കരണം, വാറ്റ് നികുതി സമ്പ്രദായം എന്നിവ പിന്നീട് വന്ന യുപിഎ സര്‍ക്കാരും മുന്നോട്ടു കൊണ്ടുപോയി. എന്നാല്‍ രണ്ടാം യുപിഎ ഭരണകാലത്ത് അടിസ്ഥാന സൗകര്യവികസനം, കോര്‍പ്പറേറ്റ് മേഖല എന്നിവ അവഗണിക്കപ്പെട്ടു. ചുവപ്പ് നാട, വന്‍ അഴിമതികള്‍, വിലക്കയറ്റം, വര്‍ദ്ധിച്ച പലിശ, വലിയ ബഡ്ജറ്റ് കമ്മി എന്നിവ 2009-2014 കാലത്തെ സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടുവലിച്ചു. ജിഡിപി വളര്‍ച്ച 2009-10 ല്‍ 8.5 ശതമാനത്തില്‍ നിന്ന്, 2010 -11ല്‍ 10.3 ശതമാനമായി ഉയര്‍ന്ന് 2011-12 ല്‍ 6.6 ശതമാനമായും, 2012-13 ല്‍ 4.7 ശതമാനമായും 2013-14 ല്‍ 5.0 ശതമാനമായും കുറഞ്ഞു.
ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെങ്കിലും ആഭ്യന്തര കാരണങ്ങളാണ് അന്നത്തെ സാമ്പത്തിക പിന്നോട്ടടിക്ക് മുഖ്യ കാരണമായതെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. അന്ന് ഡോ. മന്‍മോഹന്‍ സിംഗ് ആയിരുന്നു പ്രധാന മന്ത്രിയെങ്കിലും രാജ്യത്തെ ഭരണാധിപ സോണിയ ഗാന്ധിയായിരുന്നു. അവര്‍ യുപിഎ അധ്യക്ഷയായി പിന്നില്‍ നിന്ന് ഭരിച്ചു. അതിന്റെയൊക്കെ ഗതികേട് അന്നത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ കടന്നുകൂടി. രാജ്യം അതുവരെ കണ്ടിട്ടില്ലാത്തവിധം വിലക്കയറ്റവും കള്ളപ്പണ ഇടപാടുകളും പുറത്തു വരാന്‍ തുടങ്ങി. റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ രാജ്യത്താകെ ശക്തമായ സ്വാധീനമുണ്ടാക്കിയ കാലമായിരുന്നു അത്. ബാങ്കിംഗ് മേഖലയിലെ പ്രശ്‌നവും ഗുരുതരമായി. ബാങ്കുകളുടെ കിട്ടാക്കടം പെരുകി. വ്യാജ കമ്പനികള്‍ ഉണ്ടാക്കി പണം തട്ടുന്ന രീതി വ്യാപകമായി. അവസരം മുതലെടുത്ത് അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ നിത്യസംഭവമായി. കാശ്മീരില്‍ പോലീസിനും സൈന്യത്തിനും നേരെ കല്ലേറ് പതിവായി.
അതുപോലെ 2009-2014 നും ഇടയില്‍ 9813 മാവോ ഭീകരാക്രമണ സംഭവങ്ങള്‍ ആണ് രാജ്യത്തെ പല ഭാഗങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്യപ്പട്ടത്. വന്‍വ്യവസായങ്ങളും വലിയ ഖനികളുമൊക്കെയുള്ള വടക്കു കിഴക്കന്‍ മേഖലകള്‍ പലതും മാവോയിസ്‌റ് പിടിയിലായിരുന്നു. അതിര്‍ത്തി കടന്നുവരുന്ന കള്ളനോട്ടും അഴിമതിയിലൂടെ മറിഞ്ഞ കണക്കില്‍പ്പെടാത്ത പണവുമൊക്കെ തീവ്രവാദപ്രവര്‍ത്തങ്ങള്‍ക്ക് വളമായി. ഇതിന്റെ പ്രത്യാഘാതങ്ങള്‍ പിന്നീട് രാജ്യത്തെ മൂലധനത്തെയും നിക്ഷേപത്തെയും പ്രതികൂലമായി ബാധിച്ചു.
ജിഡിപി വളര്‍ച്ചാനിരക്ക് വര്‍ദ്ധന കെട്ടിച്ചമച്ചതും യാഥാര്‍ത്ഥ്യത്തെ മൂടിവെച്ചു കൊണ്ടുള്ളതും സ്ഥിതി വിവര കണക്കുകൊണ്ടുള്ള കണ്‍കെട്ട് വിദ്യയാണെന്നും വിമര്‍ശനം ഉന്നയിക്കുന്നവരുണ്ട്. ചിലര്‍ പറയുന്നത് രാജ്യത്തെ കോര്‍പ്പറേറ്റ് ശക്തികളുടെ സമ്പത്ത് മാത്രമേ കൂടിയിട്ടുള്ളൂ എന്നാണ്. അവര്‍ പ്രധാനമന്ത്രി ജന്‍ ധന്‍യോജനയുടെ നിലവിലെ സ്ഥിതി നോക്കണം. 2014 ആഗസ്റ്റ് മാസത്തില്‍ തുടങ്ങിയ പദ്ധതിയാണ്. ഇപ്പോള്‍ പന്ത്രണ്ട് കൊല്ലമായി. ആകെ അക്കൗണ്ട് എണ്ണം 59.09.കോടി. 2026 ആഗസ്റ്റ് വരെ ആകെ നിക്ഷേപം 3.17 ലക്ഷം കോടി രൂപ.
പ്രധാനമന്ത്രി പറഞ്ഞതുപോലെ പലരും ഇപ്പോള്‍ നിരാശവാദികളായിരിക്കുന്നു. ഭരണനേതൃത്വത്തിന്റെ ആത്മാര്‍ത്ഥത, നീതിബോധം, സമര്‍പ്പണമനോഭാവം എന്നിവയാണ് ഏത് സാഹചര്യത്തെയും അതിജീവിക്കാനും മുന്നോട്ടുപോകാനും ഏതൊരു സമൂഹത്തെയും സന്നദ്ധമാക്കുക. അതുള്ളതുകൊണ്ടാണ് വലിയ പ്രതിസന്ധികള്‍ മുന്നില്‍ വന്നിട്ടും ഉറച്ച മനസ്സോടെ ഭാരതത്തിന് അവയെയൊക്കെ അതിജീവിക്കാനും ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഉയരാനും കഴിയുന്നത്. അതിന്റെ ഏറ്റവും പുതിയ അടയാളപ്പെടുത്തലായി ജിഡിപിയിലെ ഈ വളര്‍ച്ചയെ കാണാം.





















