‘കരടിച്ചേട്ടാ, കുറച്ചു തേന്‍ തരുമോ?’
കലം നിറയെ മധുരമുള്ള തേനുമായി വരുന്ന
ബില്ലുക്കരടിയോട് ചില്ലു അണ്ണാന്‍ ചോദിച്ചു.
‘കരടിച്ചേട്ടാ, ചങ്ങാതീ കലത്തിനുള്ളി
ലെന്താണ്?
മധുരം കിനിയും തേനാണേല്‍ തരുമോ
നീയെന്‍ ചേട്ടായീ.’
‘ഏയ്, ഇത് തേനൊന്നുമല്ല, അപ്പൂപ്പനുള്ള
കുറച്ചു മരുന്നാണ്.’
‘വേഗം ചെല്ലട്ടെ, കഷായം വയ്ക്കാന്‍
നേരമായി.’
ചില്ലു ഒന്നും മിണ്ടിയില്ല.
കരടിക്കുട്ടന്‍ തിരക്കുപിടിച്ച് തേന്‍
കുടവുമായി മുന്നോട്ടു നടന്നുകൊണ്ടു പറഞ്ഞു.
‘അപ്പൂപ്പനുള്ള കഷായം വയ്ക്കാന്‍ പച്ചമരുന്നാണു കൂട്ടുകാരാ, ഒട്ടുമേനേരം കളയാനില്ല
എത്തിച്ചിടട്ടെ ഞാന്‍ വേഗമിന്ന്.’
എന്നിട്ട് ഒരൊറ്റ ഓട്ടം.
അന്തംവിട്ടുള്ള ഓട്ടത്തിനിടയില്‍ ഒരു
കല്ലില്‍ത്തട്ടി അവന്‍ തലയും കുത്തി മറിഞ്ഞു.
തേന്‍കുടം ഒരു പാറയുടെ മുകളിലേക്ക്
തെറിച്ചുവീണ് പൊട്ടിത്തകര്‍ന്നു.
‘അയ്യോ കഷ്ടം കഷായമരുന്നു മുഴുവനും
പോയി അല്ലേ ചേട്ടാ.?!’
ചില്ലു ഉറക്കെ വിളിച്ചുചോദിച്ചു.
‘അതെയതെ, ആര്‍ക്കും കൊടുക്കാതെ കഴിക്കാന്‍ നോക്കിയാല്‍ മധുരിക്കുന്ന തേന്‍ പോലും കഷായത്തേക്കാള്‍ കൈപ്പുള്ളതായി മാറും.’
തൊട്ടടുത്ത ചില്ലയിലിരുന്ന് കാക്കമ്മ പറഞ്ഞത് സങ്കടത്തോടെ തലയില്‍ കൈവെച്ചിരുന്ന കരടിക്കുട്ടന്‍ ശ്രദ്ധിച്ചതേയില്ല.






















