- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ എതിര്‍ത്തിട്ടും കന്യാകുമാരിയില്‍ വിവേകാനന്ദ സ്മാരകം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 41)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
റഷ്യയില്‍ ബോള്‍ഷെവിക് വിപ്ലവം നടക്കുന്നതിനും വളരെ മുന്‍പേ ഭാരതത്തില്‍ സോഷ്യലിസം എന്ന ആശയം എത്തിയിട്ടുണ്ട്. പക്ഷേ ഭാരതത്തിന്റെ പ്രതിഭ അതിനെ സമീപിച്ചത് മറ്റൊരു രീതിയിലാണെന്ന് മാത്രം. സ്വാമി വിവേകാനന്ദനെയും മഹര്‍ഷി അരവിന്ദനെയും പോലുള്ളവര്‍ സോഷ്യലിസത്തിന് ആത്മീയമായ ഒരു അടിത്തറയാണ് വേണ്ടതെന്ന് പറയുകയുണ്ടായി. ലോകത്ത് പുരോഹിതരുടെയും (ബ്രാഹ്മണര്‍) പടയാളികളുടെയും (ക്ഷത്രിയര്‍) കച്ചവടക്കാരുടെയും (വൈശ്യര്‍) ഭരണം വന്നുകഴിഞ്ഞെന്നും, ഇനി വരാനുള്ളത് തൊഴിലാളികളുടെ (ശൂദ്രര്‍) ഭരണമാണെന്നും സ്വാമി വിവേകാനന്ദന്‍ പ്രവചിച്ചു. ‘ശൂദ്രരാജ്’ എന്ന പ്രയോഗത്തിന് ഏറെ പ്രചാരം ലഭിക്കുകയുണ്ടായി. ഇങ്ങനെയൊരു ഭരണ വ്യവസ്ഥിതിയുടെ ഗുണദോഷങ്ങളെക്കുറിച്ചും സ്വാമിജി വ്യക്തമാക്കിയിട്ടുണ്ട്.
സോഷ്യലിസം എന്ന ആശയത്തെക്കുറിച്ച് ഇതു മാത്രമല്ല സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളത്. സോഷ്യലിസം എന്ന വാക്ക് രണ്ട് അര്‍ത്ഥത്തില്‍ സ്വാമിജി ഉപയോഗിച്ചിട്ടുണ്ട്. വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ ഇങ്ങനെ പറയുന്നുണ്ട്: ‘വ്യക്തിസ്വാതന്ത്ര്യം സാമൂഹ്യ ആധിപത്യത്തിനായി ബലിയര്‍പ്പിക്കുന്നതാണ് ആദ്യത്തേത്. വ്യക്തിസ്വാതന്ത്ര്യം സാമൂഹ്യ ആധിപത്യത്തിനുവേണ്ടി നല്‍കണമെന്ന തത്ത്വമാണ് സോഷ്യലിസമായി അറിയപ്പെടുന്നത്…
സ്ഥാപനങ്ങളുടെയും അച്ചടക്കത്തിന്റെയും ശക്തിയാല്‍ വ്യക്തി സമൂഹത്തിന് ശാശ്വതമായി കീഴ്‌പ്പെട്ടതിന്റെയും, നിര്‍ബന്ധിതമായ ആത്മത്യാഗം വരിക്കുന്നതിന്റെയും ഫലങ്ങളും പരിണിതഫലങ്ങളും തെളിയിക്കുന്ന ഉദാഹരണങ്ങള്‍കൊണ്ട് ജ്വലിക്കുന്നതാണ് നമ്മുടെ മാതൃഭൂമി.'(1)
സോഷ്യലിസം എന്നതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഭാരതം കടുത്ത സോഷ്യലിസ്റ്റാണെണെന്നും സ്വാമി വിവേകാനന്ദന്‍ അഭിപ്രായപ്പെടുന്നു. അതേസമയം വ്യക്തിവികാസത്തെ തടയുകയും വ്യക്തിസ്വാതന്ത്ര്യത്തെ നിയമത്തിന്റെ തടവിലാക്കുകയും ചെയ്യുന്നത് സോഷ്യലിസത്തിന്റെ ദോഷങ്ങളായും സ്വാമിജി കണ്ടെത്തുന്നു.
‘…അത് വ്യക്തിത്വത്തെ അടിച്ചമര്‍ത്തുന്നു. ഞാന്‍ ഒരു തച്ചന്റെ വീട്ടില്‍ ജനിച്ചതുകൊണ്ട് ഞാനും ഒരു തച്ചനാകേണ്ടിവരും; ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് ബുദ്ധനു മുമ്പുണ്ടായിരുന്ന ഭാരതത്തെക്കുറിച്ചാണ്. എന്നാല്‍ ഇന്ന് നിങ്ങള്‍ ‘സോഷ്യലിസം’ എന്ന് വിളിക്കുന്നതിനെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്! ചില നല്ല കാര്യങ്ങള്‍ വരും; പക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് മനുഷ്യരാശിക്കുമേല്‍ ഒരു ശാപമായി മാറും. സ്വാതന്ത്ര്യമാവണം മുദ്രാവാക്യം. സ്വതന്ത്രരാകൂ! സ്വതന്ത്രമായ ശരീരം, സ്വതന്ത്രമായ മനസ്സ്, സ്വതന്ത്രമായ ആത്മാവ്…
നിയമം മരണമാണ്. ഒരു രാജ്യത്ത് എത്ര കൂടുതല്‍ നിയമങ്ങളുണ്ടോ, ആ രാജ്യത്തിന് അത്രയും ദോഷകരമാണ്.’ (2)
തൊഴിലാളിയും മൂലധനവും തമ്മിലെ വൈരുദ്ധ്യത്തെക്കുറിച്ചും ജനാധിപത്യത്തിലൂടെയോ സാമൂഹ്യ വിപ്ലവത്തിലൂടെ തൊഴിലാളികളുടെ ഭരണം വരുമെന്ന് പറയുന്നതിനെക്കുറിച്ചുമുള്ള ആധുനിക സോഷ്യലിസത്തെക്കുറിച്ചും സ്വാമി വിവേകാനന്ദന്‍ ബോധവാനായിരുന്നു. ഈ സോഷ്യലിസത്തിന്റെ ആഗോള വരവ് സ്വാമിജി കടന്നു കാണുകയും ചെയ്തിരുന്നു. ‘ഈ പുതിയ ശക്തിയുടെ പ്രഭാതകിരണങ്ങള്‍ ഇതിനകം പാശ്ചാത്യ ലോകത്തിന്റെ ആകാശത്ത് പതുക്കെ ഉദിച്ചുതുടങ്ങിയിരിക്കുന്നു… സോഷ്യലിസം, അരാജകത്വവാദം, വിഗ്രഹഭഞ്ജകത്വം എന്നിവപോലുള്ള മറ്റു പ്രസ്ഥാനങ്ങള്‍ സാമൂഹിക വിപ്ലവത്തിന്റെ മുന്നണിപ്പോരാളികളാണ്.'(3)
കച്ചവടക്കാരുടെ ഭരണത്തിലൂടെ കലയുടെയും സംസ്‌കാരത്തിന്റെയും അറിവിന്റെയും വ്യാപനം സംഭവിച്ചതിനാല്‍ അടിച്ചമര്‍ത്തലും യുദ്ധവുമൊന്നുമില്ലാതെ കുറച്ചുമാത്രം ജോലി ചെയ്യാനും ഭൗതികാവശ്യങ്ങളിലൂടെ സംതൃപ്തിയനുഭവിക്കാനും ജനങ്ങള്‍ ആഗ്രഹിക്കും. ഈ പ്രതീക്ഷകള്‍ സമൂഹത്തെ സോഷ്യലിസത്തിലേക്ക് നയിക്കും. രണ്ടു കാരണങ്ങളാല്‍ താനും ഒരു സോഷ്യലിസ്റ്റാണെന്ന് സ്വാമി വിവേകാനന്ദന്‍ പ്രഖ്യാപിക്കുകയുണ്ടായി. കാരണം ഒരു സാമൂഹ്യ പുനഃക്രമീകരണം നടക്കും. തീരെ ഭക്ഷണം ഇല്ലാത്തവര്‍ക്ക് പകുതി ഭക്ഷണമെങ്കിലും കിട്ടും. പട്ടിണി കിടക്കുന്നവര്‍ക്ക് ഇത് വലിയ കാര്യമാണല്ലോ. സുഖവും വേദനയും ഒരേ ആളുകള്‍ തന്നെ അനുഭവിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ ഇവ എല്ലാവരും പങ്കുവയ്ക്കുന്നത്. ഇങ്ങനെയാണ് സ്വാമിജി ചിന്തിച്ചത്. അതേസമയം സോഷ്യലിസ്റ്റുകള്‍ ആകാന്‍ പോകുന്നവര്‍ക്ക് സ്വാമിജി രണ്ട് മുന്നറിയിപ്പുകള്‍ നല്‍കി. മനുഷ്യ നന്മയെ അടിസ്ഥാനപ്പെടുത്തിയില്ലെങ്കില്‍ പുതിയ നാഗരികത സൃഷ്ടിക്കാന്‍ കഴിയില്ലെന്നായിരുന്നു ആദ്യത്തേത്. നന്മയെ നിയമവല്‍ക്കരിക്കാന്‍ കഴിയില്ല. തന്റെ കാലത്തെ വിപ്ലവകാരികള്‍ ഇതേക്കുറിച്ച് ബോധവാന്മാര്‍ ആയിരുന്നുവെന്നും, അവര്‍ തന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും വേദാന്തവും കമ്മ്യൂണിസവും സമന്വയിപ്പിക്കുകയെന്ന ആഗ്രഹവുമായി തന്നെ സമീപിക്കുകയും ചെയ്തിരുന്നതായും സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ലോകത്തെ നന്മതിന്മകള്‍ ആകെത്തുകയില്‍ ഒന്നുതന്നെയാണ്. ഭൗതിക ലോകത്തില്‍ നിരാശവന്ന് മനുഷ്യര്‍ ദൈവത്തിലേക്ക് തിരിയും എന്നതായിരുന്നു രണ്ടാമത്തെ മുന്നറിയിപ്പ്. പാശ്ചാത്യ കമ്മ്യൂണിസത്തിന് ചില പരിമിതികള്‍ ഉണ്ടെന്നും സ്വാമിജി തിരിച്ചറിഞ്ഞു.
‘ഇന്ത്യയില്‍ നമുക്കുള്ളത് സാമൂഹ്യ കമ്മ്യൂണിസമാണ്; അതിനെ ചുറ്റിപ്പറ്റിയും അതിന്മേലും അദ്വൈതത്തിന്റെ പ്രകാശം-അതായത് ആത്മീയ വ്യക്തിവാദം-പരന്നുകിടക്കുന്നു. വ്യക്തിവാദ ചിന്തയാല്‍ വേലികെട്ടപ്പെട്ട സോഷ്യലിസ്റ്റ് സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്.'(4)
ഇ.എം.എസും ബസുവും പണം നല്‍കിയില്ല
റഷ്യന്‍ മേധാവിത്വത്തില്‍ നിന്നും വിധേയത്വത്തില്‍ നിന്നും വേര്‍പെട്ട് കമ്മ്യൂണിസത്തിന് ഒരു ഇന്ത്യന്‍ പാത അന്വേഷിച്ചവരുണ്ട്. മലയാളിയായ കെ. ദാമോദരനെ പോലുള്ളവര്‍ ഇതിനെക്കുറിച്ച് ഒരു പരിധിവരെ ആത്മാര്‍ത്ഥമായി ചിന്തിച്ചവരാണ്. പക്ഷേ ഇവരെയൊന്നും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വച്ചുപൊറുപ്പിച്ചില്ല. അപ്പോഴും തങ്ങളുടെ റഷ്യന്‍ പാതയോ ചൈനീസ് പാതയോ അല്ലെന്ന് ഇടയ്ക്കിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവകാശപ്പെട്ടു കൊണ്ടിരിക്കുന്നു. കമ്മ്യൂണിസത്തിന് ഒരു ഇന്ത്യന്‍ പാത സാധ്യമാണെങ്കില്‍ സോഷ്യലിസത്തെ കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ ചിന്തകളെ അവഗണിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പില്‍ക്കാലത്ത് രൂപപ്പെട്ട ഇടതു പാര്‍ട്ടികളും ഇതാണ് ചെയ്തത്. സ്വാമി വിവേകാനന്ദന്‍ ഒരു ഹിന്ദുവായിരുന്നു. അതുകൊണ്ടും, ഹിന്ദു ധര്‍മ്മത്തില്‍ അഭിമാനിച്ചിരുന്നതുകൊണ്ടുമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ശത്രുവായത്. അതേസമയം ക്രിസ്തുമതത്തില്‍ വേരുകളുള്ളതും, ലാറ്റിന്‍ അമേരിക്കയില്‍ ഉടലെടുത്തതുമായ വിമോചന ദൈവശാസ്ത്രത്തെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ വാരിപ്പുണര്‍ന്നു. അവിടെ മതം അവര്‍ക്ക് തടസ്സമായിരുന്നില്ല. പ്രകടമായ ഇരട്ടത്താപ്പ് ആയിരുന്നു ഇത്.
ആധുനിക ഭാരതത്തില്‍ ഏതെങ്കിലും വിധത്തില്‍ വിവേകാനന്ദന്റെ പ്രഭാവം ഉണ്ടാവുന്നതിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആശയപരമായും സംഘടനാപരമായും അധികാരം ഉപയോഗിച്ചും എതിര്‍ത്തുപോന്നു. സ്വാമി വിവേകാനന്ദന്റെ ജീവിത ദൗത്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ സ്മാരകം നിര്‍മ്മിക്കുന്നതിനെ കേരളത്തിലെയും പശ്ചിമബംഗാളിലെയും ഇടതു സര്‍ക്കാരുകള്‍ ശക്തമായി എതിര്‍ത്തു. ഇതുമായി ഒരുതരത്തിലും സഹകരിക്കാന്‍ അവര്‍ തയ്യാറായില്ല.
കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരക നിര്‍മ്മാണത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ടത് ആര്‍എസ്എസ് പ്രചാരകന്‍ ഏകനാഥ് റാനഡെ ആയിരുന്നു. ഒരര്‍ത്ഥത്തില്‍ ഇത് വിവേകാനന്ദന്റെ ജന്മനാടായ ബംഗാളില്‍ ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിച്ചതിന്റെയും വിവേകാനന്ദനെക്കുറിച്ചുള്ള പഠനത്തിന്റെയും തുടര്‍ച്ചയായിരുന്നു. മതമഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ 1893ല്‍ ചിക്കാഗോയിലേക്ക് പോകുന്നതിന് മുന്‍പ് സ്വാമികള്‍ ധ്യാനമിരുന്ന കന്യാകുമാരിയിലെ ശ്രീപാദപ്പാറയില്‍ വിവേകാനന്ദ സ്മാരകം വേണമെന്നത് ചരിത്രപരമായ ഒരു ആവശ്യമായിരുന്നു. 1963 ല്‍ സ്വാമി വിവേകാനന്ദന്റെ നൂറാം ജന്മദിനം രാജ്യമെങ്ങും ആഘോഷിക്കാന്‍ തയ്യാറെടുത്തപ്പോള്‍, സ്വാമിജിയുടെ പാദസ്പര്‍ശം കൊണ്ട് പവിത്രമായതും, തന്റെ ജീവിതലക്ഷ്യം എന്താണെന്ന് കണ്ടറിയുകയും ചെയ്ത കന്യാകുമാരിയിലെ ശ്രീപാദപ്പാറയില്‍ ഉചിതമായ ഒരു സ്മാരകം ഉയരണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. ഈ ആഗ്രഹത്തിന്റെ സഫലീകരണത്തിന് നിരവധി പ്രതിബന്ധങ്ങള്‍ വന്നുചേര്‍ന്നതിനാല്‍ വിവേകാനന്ദ ശിലാ സ്മാരകകമ്മിറ്റി ആര്‍എസ്എസ്സിനെ സമീപിക്കുകയായിരുന്നു. ഈ പ്രതിസന്ധികളെയെല്ലാം ധീരമായി തരണം ചെയ്യുന്നതില്‍ കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം, പ്രത്യേകിച്ച് കടലിനോട് മല്ലടിച്ച് മത്സ്യബന്ധനം ജീവനോപാധിയാക്കിയകോഴിക്കോട് ജില്ലയിലെ വെള്ളയില്‍ നിന്നുള്ള ധീരരായ സ്വയംസേവകര്‍ വഹിച്ച പങ്ക് ഐതിഹാസികമാണ്. അന്നത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുടെ നിര്‍ദ്ദേശപ്രകാരമാണ് സംഘത്തിന്റെ സര്‍കാര്യവാഹായിരുന്ന ഏകനാഥ് റാനഡെ വിവേകാനന്ദ സ്മാരക നിര്‍മ്മാണത്തിന്റെ ചുമതല ഏറ്റെടുത്തത്. രാഷ്ട്ര നവനിര്‍മ്മാണത്തിനുവേണ്ടി നിലകൊള്ളുന്ന ആര്‍എസ്എസ്സിന്റെയും ആഗ്രഹമായിരുന്നു ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിരവധി സംഘടനകളും സൃഷ്ടിച്ച നൂറുകണക്കിന് തടസ്സങ്ങള്‍ മറികടന്ന ശേഷമാണ് ഈ മഹത്തായ സ്മാരകം ഉയര്‍ന്നുവന്നത്. കോടിക്കണക്കിന് ആളുകളാണ് ഈ സ്മാരക നിര്‍മാണത്തിന് സംഭാവന നല്‍കിയത്.
കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറത്താണ് ഈ സ്മാരകം ഉയരുന്നതെങ്കിലും അന്ന് സംസ്ഥാനം ഭരിച്ചിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും, വിവേകാനന്ദന്റെ ജന്മനാടായ പശ്ചിമ ബംഗാളില്‍ ജ്യോതി ബസുവിന്റെ നേതൃത്വത്തില്‍ ഭരണം നടത്തിയിരുന്ന ഇടതു സര്‍ക്കാരും ഒരു രൂപപോലും സംഭാവന നല്‍കാന്‍ തയ്യാറായില്ല. ഈ രണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ ഒഴികെ മറ്റെല്ലാ സംസ്ഥാന സര്‍ക്കാരുകളും വിവേകാനന്ദ സ്മാരകത്തിനുവേണ്ടി പണം സംഭാവന ചെയ്യുകയുണ്ടായി. ഏക്‌നാഥ്ജി പരമാവധി ശ്രമിച്ചിട്ടും ഇടതു സര്‍ക്കാരുകള്‍ വിമുഖത പ്രകടിപ്പിച്ചു. സഹായം തേടി ജ്യോതി ബസുവിനെയാണ് റാനഡെ ആദ്യം സമീപിച്ചത്. ”വിവേകാനന്ദന്റെ കാര്യത്തിനായി എന്റെ അടുത്തേക്ക് വരാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു? ഞാന്‍ ഒരു കമ്മ്യൂണിസ്റ്റാണ്” എന്നായിരുന്നു ജ്യോതി ബസുവിന്റെ പ്രതികരണം. എന്നാല്‍ റാനഡെ പറഞ്ഞ കാര്യങ്ങള്‍ സ്വാധീനിച്ചതോടെ ബസു പറഞ്ഞു: ”എന്റെ ഭാര്യയെ കാണൂ. ഞാന്‍ എറണാകുളത്ത് പാര്‍ട്ടിയുടെ സമ്മേളനത്തിന് പോയപ്പോള്‍ അവര്‍ കന്യാകുമാരിയില്‍ പോയിരുന്നു.” ബസുവിന്റെ ഭാര്യ ഒരു ചെറിയ തുക സംഭാവന ചെയ്തു. പക്ഷേ ഇടത് സര്‍ക്കാര്‍ അതിന് തയ്യാറായില്ല.
മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിനെ സമീപിച്ച് വിവേകാനന്ദ സ്മാരക നിര്‍മ്മാണത്തിന്റെ ആവശ്യകതയെ കുറിച്ച് റാനഡെ ബോധ്യപ്പെടുത്തിയെങ്കിലും ‘ഒരു പൈസ പോലും തരില്ല’ എന്നായിരുന്നു ഇ.എം.എസിന്റെ പ്രതികരണം. ഇത്ര മോശമായി പെരുമാറിയ മറ്റൊരാള്‍ ഇല്ലായിരുന്നു.
തമിഴ്‌നാട്ടിലെ പ്രമുഖ കമ്മ്യൂണിസ്റ്റു നേതാവ് കല്യാണസുന്ദരത്തെയും റാനഡെ സഹായ അഭ്യര്‍ത്ഥനയുമായി സമീപിച്ചു. ”നിങ്ങള്‍ എന്റെ അടുത്ത് വന്നതിലൂടെ എന്നെ തോല്‍പ്പിച്ചു കളഞ്ഞിരിക്കുന്നു. കാരണം ഞാന്‍ കമ്മ്യൂണിസ്റ്റാണെന്ന് അറിയുന്നതിനാല്‍ നിങ്ങള്‍ എന്റെ അടുത്ത് വരില്ലെന്നാണ് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറഞ്ഞുകൊണ്ടിരുന്നത്. വിവേകാനന്ദനില്‍ നിന്ന് എനിക്ക് വളരെ പ്രചോദനം ലഭിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാം.” ഇതായിരുന്നു കല്യാണസുന്ദരത്തിന്റെ പ്രതികരണം. /’
സ്മാരകത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിലെ തടസ്സങ്ങള്‍ നീക്കുന്നതിനായി ലോക്‌സഭാംഗങ്ങളില്‍ 50 ശതമാനത്തിലധികം പേരുടെ ഒപ്പുകള്‍ റാനഡെ ശേഖരിച്ചു. ഇടതു പാളയത്തില്‍ നിന്ന് എം.പി.യായ രേണു ചക്രവര്‍ത്തി മാത്രമാണ് സഹകരിക്കാന്‍ തയ്യാറായത്. അവര്‍ മറ്റ് ചില കമ്മ്യൂണിസ്റ്റ് എം.പിമാരുടെ ഒപ്പുകളും ശേഖരിച്ചുകൊടുത്തു. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ നിഖില്‍ ചക്രവര്‍ത്തിയുടെ ഭാര്യയാണ് രേണു ചക്രവര്‍ത്തി. മൊത്തം 323 എംപിമാരുടെ ഒപ്പു ശേഖരിക്കാന്‍ റാനഡക്ക് കഴിഞ്ഞു. അതേസമയം ബംഗാളിയും കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രിയായുമായിരുന്ന ഹുമയൂണ്‍ കബീര്‍, കന്യാകുമാരിയിലെ പ്രകൃതി സൗന്ദര്യം നശിക്കുമെന്ന കാരണം കണ്ടുപിടിച്ച് വിവേകാനന്ദ സ്മാരകത്തെ എതിര്‍ത്തു. പക്ഷേ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് അന്നത്തെ രാഷ്ട്രപതി വി.വി. ഗിരി 1970 സപ്തംബര്‍ രണ്ടിന് വിവേകാനന്ദശിലാസ്മാരകം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. അന്നുമുതല്‍ ഈ സ്മാരകത്തെ ശത്രുതാമനോഭാത്തോടെയാണ് ഇടതു പാര്‍ട്ടികള്‍ കാണുന്നത്.
സ്വാമി വിവേകാനന്ദനും ഇടതുപക്ഷ കാപട്യവും
പശ്ചിമ ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തിലെത്തിയപ്പോള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് സ്വാമി വിവേകാനന്ദനെ നീക്കം ചെയ്തു. 1990 ല്‍ പോലും വിവേകാനന്ദനെക്കുറിച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ആശയക്കുഴപ്പത്തിലായിരുന്നു. 1992 ല്‍, കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ ആറ് മുതല്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വിവേകാനന്ദനെക്കുറിച്ച് വെളിപാടുകള്‍ ഉണ്ടാവാന്‍ തുടങ്ങി. അയോധ്യയില്‍ നിലനിന്നിരുന്ന തര്‍ക്കമന്ദിരം തകര്‍ന്നതു മുതലായിരുന്നു ഇത്. ഇതോടെ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രകടമായ രീതിയില്‍ സംഘ പരിവാറിനെ ‘യഥാര്‍ത്ഥ ഹിന്ദുമതം’ എന്താണെന്ന് ഉപദേശിക്കാന്‍ രംഗത്തെത്തി. അതിനായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ സീതാറാം യെച്ചൂരി ഒരു ലഘുപുസ്തകവും, സിപിഐ സെക്രട്ടറി എ. ബി. ബര്‍ധന്‍ മറ്റൊരു ലഘുപുസ്തകവും പ്രസിദ്ധീകരിച്ചു.
പരമ്പരാഗതമായി ഹിന്ദുവിരുദ്ധരായിരുന്നവര്‍ പെട്ടെന്ന് ‘യഥാര്‍ത്ഥ ഹിന്ദുക്കള്‍’ ആയി മാറുകയും, യഥാര്‍ത്ഥ ഹിന്ദുക്കളെ ‘കപട ഹിന്ദുക്കള്‍’ എന്ന വിഭാഗത്തിലേക്ക് തള്ളുകയും ചെയ്തു! ഈ രണ്ട് പുസ്തകങ്ങളും ഇതിനുവേണ്ടി ഇന്ത്യയിലുടനീളം വിവിധ ഭാഷകളില്‍ അച്ചടിച്ച് പ്രചരിപ്പിച്ചു. എന്നാല്‍ സണ്‍ഡെ മാസികയില്‍ എഴുതിയ ‘ങ്യവേ െമയീൗ േവേല ടംമാശ’ എന്ന പേരിലും ‘ഝൗീമേയഹല ഝൗീലേ’െ എന്ന പേരിലുമുള്ള അരുണ്‍ ഷൂരിയുടെ രണ്ട് ലേഖനങ്ങള്‍ ഈ പ്രചാരണത്തിന്റെ അടിത്തറ തന്നെ തകര്‍ത്തുകളഞ്ഞു.
‘ഒറ്റപ്പെട്ട ചില ഉദ്ധരണികള്‍ കൊണ്ട് ഒരാളുടെ സമഗ്രജീവിതത്തെയും പ്രവര്‍ത്തനത്തെയും എതിര്‍ക്കാനാവില്ല; കാരണം സ്വാമി വിവേകാനന്ദന്റെ ജീവിതവും പ്രവര്‍ത്തനവും നിങ്ങള്‍ ഇതുവരെ പ്രചരിപ്പിച്ചിരുന്നതിന്റെ നേര്‍വിപരീതമാണ്. അതിനാല്‍ വിവേകാനന്ദനെ നിങ്ങള്‍ എത്രത്തോളം ആശ്രയിക്കുന്നുവോ, അത്രത്തോളം സ്വാമിജി നിങ്ങളിലേക്ക് തന്നെ തിരിച്ചടിക്കും. പെട്ടെന്ന് ഒരാളെ നിങ്ങള്‍ക്ക് ഉപകാരപ്പെടുന്നവനായി തോന്നുമ്പോള്‍, അതിന് മുന്‍പ് ആ മനുഷ്യനെ ക്കുറിച്ച് നിങ്ങള്‍ എന്താണ് പറഞ്ഞിരുന്നതെന്ന് ഒരിക്കലും മറക്കരുത്; മറ്റുള്ളവര്‍ അതു മറന്നിട്ടുണ്ടാകാനിടയില്ല. ഒടുവില്‍, ഒരാളെ ഉദ്ധരിക്കാനുള്ള നിങ്ങളുടെ ഉദ്ദേശ്യം പ്രഖ്യാപിക്കുന്നതിന് മുന്‍പ് അയാളെ വായിച്ചിരിക്കണം.”
ഷൂരിയുടെ ലേഖനങ്ങള്‍ അതിശക്തവും ആക്രമണാത്മകവുമായിരുന്നതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവയെ അവഗണിക്കാനായില്ല. സണ്‍ഡെ മാസികയില്‍ ‘Of Shourie and Vivekananda’ എന്ന തലക്കെട്ടില്‍ എ. ബി. ബര്‍ധന്‍ ഒരു വിശദമായ മറുപടി എഴുതി. അതില്‍ ഉന്നയിച്ച പ്രധാന കാര്യങ്ങള്‍ ഇവയാണ്:കമ്മ്യൂണിസ്റ്റുകാര്‍ പെട്ടെന്ന് വിവേകാനന്ദനെ ഉദ്ധരിക്കാന്‍ തുടങ്ങിയതല്ല. വിവേകാനന്ദന്റെ പങ്കിനെയും ലോകവീക്ഷണത്തെയും കുറിച്ചുള്ള കമ്മ്യൂണിസ്റ്റുകളുടെ സമീപനം വളരെക്കാലമായി അനുകൂലമായിരുന്നുവത്രേ. ഇത് തെളിയിക്കാനായി 1970 ല്‍ സിപിഐ പ്രസിദ്ധീകരിച്ച ബിനോയ് റോയ് രചിച്ച ‘Sociopolitical Views of Vivekananda’ എന്ന പുസ്തകത്തെ ബര്‍ധന്‍ ഉദ്ധരിക്കുന്നു.
മാര്‍ക്‌സിസ്റ്റുകളെന്ന നിലയില്‍ വിവേകാനന്ദന്റെ വിപ്ലവാത്മകവും മാനവികത നിറഞ്ഞതുമായ ഉപദേശങ്ങളെ ഇന്ത്യയിലെയും ലോകത്തിലെയും ജനങ്ങള്‍ക്ക് പ്രചോദനമേകുന്ന സന്ദേശമായി ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
കമ്മ്യൂണിസ്റ്റുകാര്‍ നമ്മുടെ സംസ്‌കാരത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നവരോ അതില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടവരോ അല്ല. ഇത് തെളിയിക്കുന്നതിനായി, രാഹുല്‍ സാംകൃത്യായന്‍, എസ്. എ. ഡാങ്കെ, റാം വിലാസ് ശര്‍മ്മ എന്നിവരുള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് എഴുത്തുകാരുടെയും മറ്റു പണ്ഡിതന്മാരുടെയും പേരുകള്‍ ബര്‍ധന്‍ നിരത്തുകയും, അവരുടെ സംഭാവനകള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
വിവേകാനന്ദന്‍ ഒരു വിപ്ലവകാരിയായിരുന്നു, ഒരു സോഷ്യലിസ്റ്റായിരുന്നു, മതനിരപേക്ഷ വ്യക്തിയായിരുന്നു. അരുണ്‍ ഷൂരി വിവേകാനന്ദനെ ഒരു മുസ്ലീം വിരുദ്ധ പോരാളിയായി ചിത്രീകരിച്ചിരിക്കുന്നു. ഷൂരിയുടെയും സംഘ പരിവാറിന്റെയും വിവേകാനന്ദനെക്കുറിച്ചുള്ള കാഴ്ചപ്പാട്, വിവേകാനന്ദന്റെ യഥാര്‍ത്ഥ നിലപാടിന് തികച്ചും വിരുദ്ധമാണ്.
ഇന്ത്യയുടെ സാമൂഹിക, സാംസ്‌കാരിക, ആത്മീയ വികസനത്തിനായി തിരയുന്ന എല്ലാവര്‍ക്കും ദീര്‍ഘകാലം മതിയാകുന്നത്ര ആശയസമ്പത്ത് വിവേകാനന്ദന്റെ കൃതികളിലുണ്ട്. ആരും വിവേകാനന്ദനെ തങ്ങളുടേതായി കൈവശപ്പെടുത്താന്‍ ശ്രമിക്കരുത്. വിവേകാനന്ദന്‍ സംഘ പരിവാറിന്റെയോ അരുണ്‍ ഷൂരിയുടെയോ കുത്തകയല്ല.
വിവേകാനന്ദനെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് സമീപനം, അടിച്ചമര്‍ത്തപ്പെട്ടവരുടെയും സംസാരശേഷിയില്ലാത്ത കോടിക്കണക്കിന് ജനങ്ങളുടെയും ബോധവല്‍ക്കരണത്തെയും, സ്വത്തുടമവര്‍ഗത്തിന്റെ പ്രത്യേകാവകാശങ്ങള്‍ ഇല്ലാതാക്കി തൊഴിലാളികള്‍ക്ക് ദേശീയ സമ്പത്തില്‍ അര്‍ഹമായ പങ്ക് ലഭ്യമാക്കാനുള്ള സ്വാമിജിയുടെ വിപ്ലവാത്മക സമീപനത്തെയും അസ്പൃശ്യതയ്‌ക്കെതിരായ പ്രബോധനങ്ങളെയും എല്ലാറ്റിനുമുപരിയായി ആത്മശുദ്ധിയെക്കുറിച്ചുള്ള ഉപദേശങ്ങളെയും മുന്‍നിര്‍ത്തുന്നതാണ്. പിന്നീട് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഈ രാജ്യത്തിലെ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകള്‍ ഈ ആശയങ്ങള്‍ സ്വീകരിച്ചു. ഇങ്ങനെ പോകുന്നു ബര്‍ധന്റെ വാദഗതികള്‍. ഇതായിരുന്നു വിവേകാനന്ദനെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റുകളുടെ വീണ്ടുവിചാരങ്ങള്‍.
വിവേകാനന്ദനെ തള്ളാനും കൊള്ളാനും കഴിയാത്തതിലെ ആശയക്കുഴപ്പമാണ് ഇടതു പാര്‍ട്ടികള്‍ പ്രകടിപ്പിച്ചത്. വിവേകാനന്ദനെ കുത്തകയാക്കാന്‍ ആര്‍എസ്എസ് ഒരിക്കലും ശ്രമിച്ചിട്ടില്ല, അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. വിവേകാനന്ദന്‍ ആര്‍എസ്എസ് അംഗമായിരുന്നില്ലല്ലോ. ഭക്തി പ്രസ്ഥാനത്തില്‍ നിന്ന് തുടങ്ങി പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാള്‍ നവോത്ഥാനം ഉള്‍പ്പെടെയുള്ള ഹിന്ദു ഉണര്‍വിന്റെ അനേകം തരംഗങ്ങള്‍ക്കൊടുവില്‍ ഉദിച്ചുവന്ന ഏറ്റവും ശ്രേഷ്ഠനായ ഹിന്ദു മാതൃകയായിരുന്നു സ്വാമി വിവേകാനന്ദന്‍. സ്വാമിജിയുടെ ദര്‍ശനം അടിസ്ഥാനപരമായി ഹിന്ദു ദര്‍ശനമായിരുന്നു, എന്നാല്‍ അത് സമസ്ത മനുഷ്യരാശിക്കുവേണ്ടിയുള്ളതായിരുന്നു.
വിവേകാനന്ദനെ കമ്മ്യൂണിസ്റ്റുകള്‍ക്കും ഉദ്ധരിക്കാം. എന്നാല്‍ അതിന് മുന്‍പ് സ്വാമിജിയെ അധിക്ഷേപിച്ചതിന് അവര്‍ മാപ്പ് പറയണം. അതുവരെ സ്വാമിജിയെ ഉദ്ധരിക്കാന്‍ അവര്‍ക്ക് യാതൊരു അര്‍ഹതയുമില്ല. ഏത് രാജ്യത്തെയും കമ്മ്യൂണിസ്റ്റുകള്‍ വസ്തുതകളെയല്ല, സ്വന്തം പ്രചാരണമാണ് വിശ്വസിക്കാറുള്ളത്. കമ്മ്യൂണിസ്റ്റുകളുടെ പ്രതികരണങ്ങള്‍ പലപ്പോഴും യഥാസമയം പ്രവര്‍ത്തിക്കാറില്ല. കുറഞ്ഞത് അമ്പത് വര്‍ഷമെങ്കിലും വൈകിയാണ് അവ പ്രകടമാകാറുള്ളത്. വളരെ വൈകി മാത്രം വിവേകാനന്ദനില്‍ നന്മയും വിപ്ലവ സ്വഭാവവും കണ്ടെത്തിയ കമ്മ്യൂണിസ്റ്റുകള്‍ ഒരുപക്ഷേ ഇനി കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിലും അഭിമാനിക്കാന്‍ തുടങ്ങുമായിരിക്കും.
അടുത്തത്:
മഹാ പരിവര്‍ത്തനത്തിന്റെ പടിവാതില്‍ക്കല്‍
അടിക്കുറിപ്പുകള്‍:-
1.COMPLETE WORKS OF SWAMI VIVEKANANDA, VOL-2
2.COMPLETE WORKS OF SWAMI VIVEKANANDA, VOL-3
3.Ibid
4.COMPLETE WORKS OF SWAMI VIVEKANANDA, VOL-8




















