ആഗസ്റ്റ് 12
കര്‍ക്കടക വാവ്
ഈ ഭൂമുഖത്ത് ജനിക്കുന്ന ഓരോമനുഷ്യനും തന്റെ ജീവിത യാത്രയില്‍ നിവര്‍ത്തിക്കേണ്ടതായ അഞ്ചു കടങ്ങള്‍ ഉണ്ട് എന്ന് ഹൈന്ദവ ധര്‍മ്മശാസ്ത്രങ്ങള്‍ പറയുന്നു. പിതൃക്കളോടുള്ള കടം, ദേവതകളോടുള്ള കടം, ഋഷിമാരോടുള്ള കടം, മാനവ സമൂഹത്തോട് ഉള്ള കടം, സര്‍വ്വ ചരാചരങ്ങളോടുമുള്ള കടം എന്നിവയാണ് അവ. നമുക്ക് ഈ ശരീരത്തെ സമ്മാനിച്ച ഈ ജന്മത്തിന് ഹേതുവായ അച്ഛനമ്മമാരോടും ശൃംഖലാ ബദ്ധമായ പൂര്‍വ്വ പരമ്പരകളോടുമുള്ള കടമാണ് ഒന്നാമത്തേത്. പിതൃഋണം. ഈ കടത്തില്‍ നിന്നു മോചനം നേടാനുള്ള മാര്‍ഗ്ഗത്തെ പിതൃയജ്ഞം എന്നു പറയുന്നു.
നമ്മുടെ ജീവിതത്തില്‍ സ്വാഭാവികമായ പ്രയത്‌നത്തിനപ്പുറമായി അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങളെ സമ്മാനിക്കുന്നത് പ്രാപഞ്ചിക സൂക്ഷ്മ ശക്തികളായ ദേവതകളാണ്. അവരോടുള്ള കടം ദേവഋണം. ഈ കടത്തില്‍ നിന്ന് മോചനം നേടുവാനുള്ള പദ്ധതികളാണ് ദേവയജ്ഞം. ഒരു നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നതു മുതല്‍ യാഗങ്ങളും ഹോമങ്ങളും ക്ഷേത്രോപാസനയും തീര്‍ത്ഥാടനവും എല്ലാം ദേവയജ്ഞത്തിന്റെ പരിധിയില്‍ വരുന്നു.
ധര്‍മ്മശാസ്ത്രങ്ങളാകുന്ന അറിവുകളെ കണ്ടെത്തി മാനവരാശിക്ക് സമ്മാനിച്ചത് ഭാരതീയ ഋഷി പരമ്പരയാണ്. ഈ അറിവുകളെ ലോകത്തിനും നമുക്കോരോരുത്തര്‍ക്കും ലഭ്യമാക്കിയ ഋഷീശ്വരന്മാരോടുള്ള കടമാണ് ഋഷി ഋണം. ആര്‍ഷ സംസ്‌കൃതി നമുക്ക് പകര്‍ന്ന് തന്ന അറിവുകളെ പഠിക്കുകയും വരും തലമുറയെ പഠിപ്പിക്കുകയും ചെയ്യുക വഴി ഋഷിമാരോടുള്ള കടത്തില്‍ നിന്നും മോചനം നേടാം. ഇതത്രെ ഋഷിയജ്ഞം. ഒരു മനുഷ്യനും സ്വതന്ത്രനല്ലെന്നും ശൃംഖലാ ബദ്ധമായ മാനവസമൂഹത്തിലെ ഒരു കണ്ണി മാത്രമാണെന്നും വ്യക്തിയും സമൂഹവും തമ്മില്‍ അംഗ – അംഗീ ബന്ധം അഥവാ അവയവവും ശരീരവും തമ്മിലെന്നതുപോലെയുള്ള ബന്ധം ആണുള്ളതെന്നുമാണ് ഭാരതീയ സാമൂഹ്യ വീക്ഷണം. സമൂഹത്തില്‍ നിന്ന് ഇങ്ങോട്ട് പോഷണാര്‍ത്ഥം പലതും സ്വീകരിക്കുന്നതിനാല്‍ ഓരോ വ്യക്തിയും സമൂഹത്തോടും ഇതര മനുഷ്യരോടും കടപ്പെട്ടിരിക്കുന്നു. ഇതാണ് നൃഋണം. അതിഥിപൂജയും സാമൂഹ്യ സേവനവുമാകുന്ന നൃയജ്ഞത്തിലൂടെയാണ് ഈ കടം നിവര്‍ത്തിക്കേണ്ടത്.
മനുഷ്യര്‍ മാത്രമല്ല; ഇതരജീവജാലങ്ങളും സസ്യലതാദികളും എന്നുവേണ്ട ഭൂമിയും പ്രകൃതിയും പരിസ്ഥിതിയും എല്ലാം നമ്മുടെ ജീവിത പോഷണത്തിന് സഹായകമാവുന്നതിനാല്‍ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളില്‍ രൂപപ്പെട്ട സര്‍വ്വ ചരാചരങ്ങളോടും ഉള്ള കടമാണ് ഭൂത ഋണം. ഉറുമ്പിനും കാക്കയ്ക്കും ഉള്‍പ്പെടെ ഭക്ഷണം നല്‍കുകയും ഭൂമിയെയും നദികളെയും അന്തരീക്ഷത്തെയും പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുകയും ഒക്കെ ചെയ്യുന്ന ഭൂതയജ്ഞത്തിന്റെ നിര്‍വ്വഹണമാണ് ഈ കടം വീട്ടാനുള്ള ഉപാധി.
ഇപ്രകാരം പഞ്ചമഹായജ്ഞങ്ങളുടെ നിര്‍വ്വഹണം മനുഷ്യന്റെ ജീവിത പ്രയാണപഥത്തില്‍ അനുപേക്ഷണീയമാണ് എന്ന് കാണാം.
ഇതില്‍ ഒന്നാമത്തേതായ പിതൃയജ്ഞമാണ് പ്രതിപാദ്യവിഷയം.
നമ്മുടെ ഭൗതിക ശരീരത്തെ നമുക്ക് സമ്മാനിച്ച അച്ഛനമ്മമാരോടും അവരുടെ അച്ഛനമ്മമാരോടും അങ്ങിനെ പിന്നിലേക്ക് നീളുന്ന വംശപരമ്പരകളോടും ഉള്ള ഓരോ മനുഷ്യന്റെയും കടമാണ് പിതൃ ഋണം എന്ന് വ്യക്തമാക്കിയല്ലോ.
ഈ കടത്തെ നിവര്‍ത്തിക്കുന്നതിനുള്ള വിശിഷ്ടമായ പദ്ധതി പൂര്‍വ്വ സൂരികളായ ആചാര്യന്മാര്‍ നമുക്ക് പകര്‍ന്നു തന്നിട്ടുള്ളതാണ് പഞ്ചമഹായജ്ഞങ്ങളില്‍ പ്രഥമവും പ്രധാനവുമായ പിതൃയജ്ഞം.
ജീവിച്ചിരിക്കുന്ന മാതാപിതാക്കളുടെയും പൂര്‍വ്വികരുടെയും ക്ഷേമം ഉറപ്പു വരുത്തുകയും ഇഹലോക വാസം വെടിഞ്ഞ പൂര്‍വ്വികര്‍ക്കായി മരണാനന്തര ക്രിയകള്‍, ശ്രാദ്ധ തര്‍പ്പണാദികള്‍ ഇവ അനുഷ്ഠിക്കുകയും ചെയ്യുന്നതെല്ലാം വിശിഷ്ടമായ പിതൃയജ്ഞത്തിന്റെ പരിധിയില്‍ വരും.
പിതൃയജ്ഞത്തിന്റെ ഏറ്റവും ശ്രേഷ്ഠവും സുന്ദരവുമായ നിര്‍വ്വഹണ പദ്ധതികളിലൊന്നാണ് കര്‍ക്കടക വാവുബലി. കര്‍ക്കടക വാവിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് അല്പം ചിന്തിക്കാം.
അമാവാസി അഥവാ കറുത്തവാവ് പിതൃപ്രീതികരമായ കര്‍മ്മങ്ങള്‍ക്ക് വിശേഷമാണ്. ഭാരതീയ ഇതിഹാസമായ രാമായണകാവ്യത്തിലെ കഥാഗതിക്ക് ആദ്യമായി ഗതി മാറ്റം വരുത്തുന്നത് വിശ്വാമിത്രന്‍ ആണല്ലോ.
‘ഞാനമാവാസ്യ തോറും പിതൃദേവാദികളെ ധ്യാനിച്ചു ചെയ്തീടുന്ന ഹോമത്തെ…..’ മുടക്കുന്നവരില്‍ നിന്ന് ആചാര – അനുഷ്ഠാനങ്ങളെ രക്ഷിക്കാന്‍ രാമദേവനെ അയക്കേണമെന്നാണ് ഭരണാധികാരിയോടുള്ള വിശ്വാമിത്രന്റെ ആവശ്യം.
രാമായണത്തിന്റെ സമാരംഭം തന്നെ അമാവാസിയിലെ പിതൃകര്‍മ്മങ്ങളുടെ പ്രാധാന്യം വിളംബരം ചെയ്തു കൊണ്ടാണ് എന്ന് സുവ്യക്തം.
എല്ലാ അമാവാസി വേളകളും പിതൃക്രിയകള്‍ക്ക് വിശേഷമെന്നിരിക്കെ കര്‍ക്കടക മാസത്തിന് പ്രത്യേക പ്രാധാന്യം കൈവരുന്നതെങ്ങനെ എന്ന് നോക്കാം. മനുഷ്യരുടെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഒരു ദിവസമാണ്. അതിനാല്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടുക എന്നാണ് ആചാരം. ശ്രദ്ധയോടെ നിര്‍വ്വഹിക്കുന്ന അഥവാ ശ്രദ്ധയോടെ നിര്‍വ്വഹിക്കേണ്ട കര്‍മ്മം ആകയാല്‍ ശ്രാദ്ധം എന്ന പേര് സിദ്ധിക്കുകയുണ്ടായി. തൃപ്തി വരുത്തുന്നതായ ക്രിയ തര്‍പ്പണം എന്ന് പ്രസിദ്ധി നേടി. പൂര്‍വ്വികനായ വ്യക്തിയെ ഉദ്ദേശിച്ച് എല്ലാ വര്‍ഷവും മരിച്ച തിഥിയിലോ നാളിലോ ശ്രാദ്ധം അനുഷ്ഠിക്കുക സാധാരണ പതിവാണ്. ഇത് ഏകോദ്ദിഷ്ട ശ്രാദ്ധം എന്ന് അറിയപ്പെടുന്നു.
എന്നാല്‍ എല്ലാ പിതൃക്കളെയും ഉദ്ദേശിച്ച് അമാവാസികളില്‍ അനുഷ്ഠിക്കുന്ന ശ്രാദ്ധം പാര്‍വ്വണ ശ്രാദ്ധം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എല്ലാ പിതൃക്കളെയും ഉദ്ദേശിച്ചുള്ള കര്‍മ്മത്തിന് വര്‍ഷത്തില്‍ ഒരു അമാവാസി പ്രധാനമായി കണക്കാക്കേണ്ടി വരുമ്പോള്‍ അത് കര്‍ക്കടക മാസത്തിലെ അമാവാസിയാകുന്നു.
കര്‍ക്കടകം മുതല്‍ ധനു വരെയുള്ള മലയാള മാസങ്ങള്‍ ദക്ഷിണായനം എന്നും മകരം മുതല്‍ മിഥുനം വരെയുള്ള മലയാളമാസങ്ങള്‍ ഉത്തരായനം എന്നും അറിയപ്പെടുന്നു.
ഉത്തരായന കാലം ദേവകള്‍ക്കും ദക്ഷിണായനം പിതൃക്കള്‍ക്കും പ്രാധാന്യമുള്ളതാണ്. ആയതിനാല്‍ പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസി കര്‍ക്കടകമാസത്തിലെ കറുത്തവാവ് തന്നെ.
പിതൃക്കള്‍ക്ക് ഏറ്റവും പ്രീതികരമായ ദക്ഷിണായന സമാരംഭത്തിലെ ആദ്യത്തെ അമാവാസി തിഥിയിലനുഷ്ഠിക്കുന്ന പിതൃകര്‍മ്മങ്ങള്‍ സ്വീകരിച്ച് സന്തുഷ്ടരാകുന്ന പിതൃക്കള്‍ നല്‍കുന്ന അനുഗ്രഹത്താല്‍ വംശ പരമ്പരയ്ക്ക് എല്ലാ അഭീഷ്ടങ്ങളും ആയുരാരോഗ്യ സമ്പത് സമൃദ്ധിയും സിദ്ധമാവുന്നു.
‘തലമുറകളുടെ മുന്നോട്ടുള്ള ആരോഗ്യകരമായ പ്രയാണത്തിനുള്ള ഊര്‍ജ്ജമാണ് പിതൃപ്രീതിയിലൂടെ കൈവരിക്കാനാവുന്നത്.

വാവുബലി നിര്‍വ്വഹിക്കുന്നതിന് പ്രാധാന്യമുള്ള സ്ഥാനങ്ങളെക്കുറിച്ച് പ്രാചീനമായ ഒരു ചൊല്ലുണ്ട്, ഇല്ലം, നെല്ലി, വല്ലം എന്നാണത്. ഇല്ലം എന്നതുകൊണ്ട് സ്വഭവനം എന്നും നെല്ലി എന്നതിനാല്‍ തിരുനെല്ലി എന്നും വല്ലം എന്നത് കൊണ്ട് തിരുവല്ലം എന്നും ആണ് അര്‍ത്ഥമാക്കുന്നത്. സ്വഭവനത്തിന് ആണ് ഇവയില്‍ ഏറ്റവും പ്രാധാന്യമുള്ളത്.
വയനാട് ജില്ലയിലെ മഹാവിഷ്ണു ക്ഷേത്രമായ തിരുനെല്ലി, തിരുവനന്തപുരം ജില്ലയിലെ പരശുരാമ ക്ഷേത്രമായ തിരുവല്ലം എന്നീ പുണ്യ സ്ഥാനങ്ങള്‍ക്കുള്ള പ്രാധാന്യവും ഈ ചൊല്ലിനാല്‍ പറയപ്പെട്ടിരിക്കുന്നു.
കര്‍മ്മം അനുഷ്ഠിക്കുന്നയാള്‍ക്ക് ദേഹശുദ്ധി, മന:ശുദ്ധി, വാക്ശുദ്ധി ഇവ നിര്‍ബ്ബന്ധമായത് കൊണ്ട് കര്‍ക്കടക വാവിന്റെ തലേന്ന് തന്നെ ഇതിനായി ഒരുങ്ങണം.
‘ഒരിക്കല്‍’ എന്ന വ്രതാനുഷ്ഠാനത്തോടെയാണ് ശരീരമനസ്സുകളെ കര്‍മ്മ നിര്‍വ്വഹണത്തിന് സജ്ജമാക്കുന്നത്.
ചടങ്ങുകളുടെ നിര്‍വ്വഹണം ആചാര്യന്റെ മാര്‍ഗ്ഗദര്‍ശനത്തിലാകുന്നതാണ് അഭികാമ്യം. കാലദേശ ജനവിഭാഗവ്യത്യാസങ്ങള്‍ക്കനുസരിച്ച് ആചരണങ്ങളില്‍ നേരിയ ഭേദഗതികള്‍ ഉണ്ടാവാമെങ്കിലും കര്‍ക്കടക വാവുബലി നിര്‍വ്വഹണത്തിന്റെ സാമാന്യമായ ഘടന കേരളത്തിലെമ്പാടും ഒരേ മാതൃകയിലെന്നു കാണാം.
‘ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നര്‍മ്മദാ സിന്ധു കാവേരി
ജലേങ്കസ്മിന്‍ സന്നിധിം കുരു’
എന്നി പ്രകാരം ഭാരത ഭൂമിയുടെ വിഭിന്ന ദേശങ്ങളില്‍ പ്രവഹിക്കുന്ന സപ്ത പുണ്യ നദികളെയും
‘അയോദ്ധ്യാ മഥുരാ മായാ
കാശീ കാഞ്ചീ അവന്തികാ
പുരി ദ്വാരാവതീ ചൈവ
സപ്‌തൈതാ മോക്ഷദായകാ’ എന്നിങ്ങനെ സപ്ത പുണ്യസ്ഥാനങ്ങളെയും സാന്നിധ്യപ്പെടുത്തുന്നു.
ദേശകാല സങ്കല്പം ചെയ്ത് പീഠം ഒരുക്കി പിതൃക്കളെ മന്ത്രപുരസ്സരം ആവാഹിച്ച് ആചാര്യന്റെ മാര്‍ഗ്ഗനിര്‍ദ്ദേശാനുസരണം ശ്രാദ്ധമൂട്ടി ഭക്തി ശ്രദ്ധാപുരസ്സരം നമസ്‌കരിച്ച് പിതൃക്കള്‍ക്ക് തൃപ്തി വരുത്തി സ്വസ്ഥാനത്തേക്ക് ഉദ്വസിച്ച് അനുഗൃഹീതരാവുന്നു.
ഇപ്രകാരം പിതൃയജ്ഞത്തിന്റെ നിര്‍വ്വഹണത്തിനുള്ള അത്യധികം വിശിഷ്ടമായ വേളയാണ് മലയാള ജനതയെ സംബന്ധിച്ചിടത്തോളം കര്‍ക്കടക മാസത്തിലെ കറുത്തവാവ്.
‘ഭൂതകാലത്തിന്‍
പ്രഭാവത്തുക്കളാല്‍
ഭൂതിമത്തായൊരു
ഭാവിയെ തീര്‍ക്ക നാം’
എന്ന കവി വാക്യം പ്രസിദ്ധമാണല്ലോ.
വംശപരമ്പരയിലെ പൂര്‍വ്വികര്‍ക്ക് തൃപ്തിയെ പ്രദാനം ചെയ്യുന്ന തര്‍പ്പണം നിര്‍വ്വഹിക്കുക വഴി അനുഗൃഹീതരായി പുരോഗതിയിലേക്ക് ചരിക്കാന്‍ നമുക്കേവര്‍ക്കും സാധിക്കുമാറാകട്ടെ.





















