വീട്ടുതടങ്കലില്‍ നിന്നും മോചിതനായ ശേഷവും ഉണ്ണീന്‍സാഹിബ് ഹിന്ദു ആചാരപ്രകാരമുള്ള ജീവിതം തുടര്‍ന്നു. കല്ലടി ഉണ്ണിക്കമ്മുവാകട്ടെ ഉണ്ണീന്റെ ഹിന്ദു ധര്‍മ്മത്തോടുള്ള ആഭിമുഖ്യത്തില്‍ കുപിതനായി മകളെ മണ്ണാര്‍ക്കാട്ടേക്ക് കൊണ്ടുപോയി. ഈ ബന്ധത്തില്‍ ഉണ്ണീന്‍ സാഹിബിന് രണ്ടുകുട്ടികളുണ്ടായിരുന്നു. മൊയ്തുവും മൊയ്തുട്ടിയും. മക്കളെ ഹിന്ദുആശയത്തില്‍ ഉറപ്പിച്ചുനിര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെ ഉണ്ണീന്‍ സാഹിബ് അവരെ ദല്‍ഹിയിലെ ബിര്‍ള സ്‌കൂളില്‍ ചേര്‍ത്തു. 1943 ആയപ്പോഴേക്കും ഹിന്ദു ധര്‍മ്മത്തിലേക്കുള്ള മടക്കം ഇനി താമസിച്ചു കൂടാ എന്നു തീരുമാനിച്ചു. ദല്‍ഹിയില്‍ നിന്നും മക്കളെ വരുത്തി. ഉണ്ണീന്‍ സാഹിബിന്റെ സഹോദരന്‍ ആലിപ്പുവും സനാതനധര്‍മ്മത്തിലേക്ക് മടങ്ങാന്‍ സന്നദ്ധനായി. ഈ വിവരമറിഞ്ഞ മതപുരോഹിതന്മാര്‍ തീരുമാനം മാറ്റി മുസല്‍മാനായി ജീവിതം തുടരാന്‍ ഉണ്ണീന്‍ സാഹിബിനോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും എന്റെ മുത്തശ്ശി ചെയ്ത തെറ്റ് താന്‍ തിരുത്തുകയാണെന്ന മറുപടിയാണു നല്‍കിയത്. 1944 മെയ് മാസത്തില്‍ കോഴിക്കോട് ആര്യസമാജത്തില്‍വച്ച് ബുദ്ധസിങ്ങിന്റെ കാര്‍മ്മികത്വത്തില്‍ ഉണ്ണീന്‍ സാഹിബും സഹോദരനും മക്കളും ഹിന്ദു ധര്‍മ്മത്തിലെത്തി. ഉണ്ണീന്‍ സാഹിബ് രാമസിംഹന്‍ എന്ന പേരും അനുജന്‍ ആലിപ്പു ദയാസിംഹന്‍ എന്ന പേരും സ്വീകരിച്ചു. മൊയ്തുവും മൊയ്തുട്ടിയും ഫത്തേ സിംങ്ങ്, ജ്വരാവര്‍ സിംഗ് എന്നീ പേരുകളാണിട്ടത്. കൊടുംക്രൂരനായ ഭരണാധികാരി വസീര്‍ഖാന്‍ മതം മാറാന്‍ പറഞ്ഞപ്പോള്‍ അതിനു വിസമ്മതിച്ചതിന്റെ പേരില്‍ ജീവനോടെ കല്ലറക്കുളളില്‍ അടച്ചു പൂട്ടി വീരബലിദാനികളായ കുട്ടികളായിരുന്നു ആ പേരിന്നുടമകള്‍. ഗുരു ഗോബിന്ദ് സിംഗിന്റെ ഈ മക്കളുടെ പേര് ഉണ്ണീന്‍ സാഹിബ് ബോധപൂര്‍വ്വം നിര്‍ദ്ദേശിച്ച പേരുകളായിരുന്നു.
രാമസിംഹന്‍ ഹിന്ദു ധര്‍മ്മം പ്രചരിപ്പിക്കുന്നു
ഹിന്ദു ധര്‍മ്മത്തിലേക്ക് മടങ്ങി വന്ന് രാമസിംഹനായ ശേഷം നേരത്തെ ബംഗ്ലാവിനോടു ചേര്‍ന്നു നിര്‍മ്മിച്ച പള്ളി ഹിന്ദു ധര്‍മ്മ പ്രചാരകര്‍ക്കും സന്ന്യാസിമാര്‍ക്കുമൊക്കെയായി തുറന്നുകൊടുത്തു. ബംഗ്ലാവില്‍ ബ്രാഹ്മണരായ രണ്ട് പാചകക്കാരെ നിയമിച്ചു. അതിലൊരാള്‍ തൃശ്ശൂരിലെ രാജു അയ്യരായിരുന്നു. ഹിന്ദുസമൂഹത്തിലെ കുട്ടികള്‍ക്ക് സനാതനധര്‍മ്മം പഠിപ്പിക്കുന്നതിന് സംവിധാനമുണ്ടാക്കാന്‍ രാമസിംഹന്‍ പരിശ്രമിച്ചു. ഖുര്‍ആന്‍ പാരായണം മുഴങ്ങിയിരുന്ന ബംഗ്ലാവില്‍ ഭാഗവതത്തിന്റേയും രാമായണത്തിന്റേയും വരികളുയര്‍ന്നു. മാംസ ഗന്ധം നീങ്ങി ചന്ദനത്തിരിയുടേയും കര്‍പ്പൂരത്തിന്റേയും ഗന്ധമുയര്‍ന്നു.
മുസ്ലീം പ്രമാണിയായ ഉണ്ണീന്‍ സാഹിബ് ആര്യസമാജത്തിലെത്തി ഹിന്ദു ധര്‍മ്മം സ്വീകരിച്ച വാര്‍ത്ത മാതൃഭൂമി പത്രം റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ മുസ്ലീം മത പുരോഹിതന്മാര്‍ പരിഭ്രമിച്ചു. ധാരാളം മുസ്ലീങ്ങള്‍ മതം ഉപേക്ഷിക്കുമെന്ന് അവര്‍ ഭയപ്പെട്ടു. തുടര്‍ന്ന്, ഉണ്ണീന്‍ സാഹിബിന് ഭ്രാന്താണെന്നും അദ്ദേഹം സ്വമനസ്സാലെ ഹിന്ദുധര്‍മ്മം സ്വീകരിച്ചതല്ല എന്നുമുള്ള ഒരു കുപ്രചാരണം നടത്തി. ഇതുകേട്ട രാമസിംഹന്‍ ക്ഷുഭിതനാവുകയും യഥാര്‍ത്ഥ വസ്തുതകള്‍ കാണിച്ചും സ്വമനസ്സാലെയാണ് താനും അനുജനും മക്കളും ഹിന്ദുധര്‍മ്മം സ്വീകരിച്ചതെന്നും തനിക്ക് മാനസികമായി ഒരു തകരാറുമില്ലെന്നു പ്രസ്താവിച്ചും ‘അറിയിപ്പ്’ എന്ന തലക്കുറിപ്പോടെ ഒരു നോട്ടീസ് പ്രസിദ്ധീകരിച്ച് വിതരണം ചെയ്തു. ജനങ്ങള്‍ ഈ കുറിപ്പിലെ വിവരം അറിഞ്ഞതോടെ മഹല്ല് മേധാവികള്‍ അസ്വസ്ഥരായി. തുടര്‍ന്ന് 1944 ജൂണ്‍ മൂന്നിന് ചെമ്മങ്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി ചേര്‍ന്നു. അതിന്റെ പ്രസിഡന്റായ പി.സി. എച്ച്. മുഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ 25 പേര്‍ പങ്കെടുത്തു. ഇതില്‍ കിളിയ മണ്ണില്‍ തറവാട്ടില്‍ നിന്നും നാലു പേര്‍ പങ്കെടുത്തു.
ഒരാള്‍ രാമസിംഹന്റെ മറ്റൊരു സഹോദരനായ കിളിയമണ്ണില്‍ മേലയില്‍ കുഞ്ഞഹമ്മതും, മറ്റുള്ളവര്‍ കിളിയമണ്ണില്‍ മായന്‍, മൊയ്തീന്‍ കുട്ടി, അബൂബക്കര്‍ എന്നിവരുമാണ്. കുഞ്ഞഹമ്മത് രാമസിംഹനോടൊപ്പം ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങിവന്ന് ഇസ്ലാം മതത്തിലേക്ക് തിരിച്ചുപോയ ആളാണത്രെ. ഉണ്ണീന്‍ സാഹിബിന്റെ മാതൃക പിന്തുടര്‍ന്ന് മലബാറില്‍ നിന്നും ധാരാളം മുസ്ലീങ്ങള്‍ ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ സംഭവിക്കുന്നത് തടയണമെങ്കില്‍ സ്വബോധത്തോടെയല്ല ഉണ്ണീന്‍ സാഹിബ് ഹിന്ദു ധര്‍മ്മം സ്വീകരിച്ചതെന്നു പ്രചരിപ്പിക്കണം. മാതൃഭൂമി വാര്‍ത്തയും ഉണ്ണീന്‍ സാഹിബിന്റെ നോട്ടീസും തെറ്റാണെന്ന് വരുത്തിത്തീര്‍ക്കണം. അതിനായി നേരത്തെ ഉണ്ണീന്‍ സാഹിബിന് ഭ്രാന്താണെന്നു വരുത്താനുള്ള ശ്രമത്തെ ഇതിനോടു ബന്ധപ്പെടുത്തി നോട്ടീസ് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ‘തെറ്റിദ്ധരിക്കാതിരിക്കാന്‍’ എന്ന തലക്കെട്ടോടെ മഹല്ലിലുടനീളം പ്രസ്തുത നോട്ടീസ് വിതരണം ചെയ്തു. മഞ്ചേരി ഫാത്തിമ പ്രസ്സില്‍ നിന്നും അച്ചടിച്ചു പ്രസിദ്ധീകരിച്ച നോട്ടീസ് ഇപ്രകാരമായിരുന്നു:
തെറ്റിദ്ധരിക്കാതിരിപ്പാന്‍
ചെമ്മങ്കടവു ജുമാ അത്തുപള്ളിയില്‍ വെച്ചു ഒരടിയന്തരയോഗം കൂടി താഴെ പറയുന്ന പ്രമേയംപാസ്സാക്കിയിരിക്കുന്നു. ഖാന്‍ സാഹിബ് കിളിയ മണ്ണില്‍ മൊയ്തു സാഹിബു അവര്‍കളുടെ മൂത്ത മകന്‍ ഖാന്‍ സാഹിബ് കിളിയമണ്ണില്‍ ഉണ്ണീന്‍ സാഹിബിന് 1931 മുതല്‍ക്ക് ഇടക്കിടെ ചിത്തഭ്രമം ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഇന്നും അദ്ദേഹത്തിന് ചിത്തഭ്രമമാണെന്നുള്ളതും ആയ പരമാര്‍ത്ഥം, അദ്ദേഹത്തെ അറിയുന്നവരെ ആരേയും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. 1931ല്‍ ആണ് അദ്ദേഹത്തിന് ആദ്യം ചിത്തഭ്രമം പിടിപെട്ടത്. അന്ന് അദ്ദേഹത്തെ ഡോക്ടര്‍ എ.കെ.കുഞ്ഞാലു സാഹിബും ജ്യേഷ്ഠന്‍ ജ: ഏനിക്കുട്ടി വൈദ്യരും ശ്രീ. പൂങ്കുടില്‍ നമ്പൂതിരിയും മറ്റനവധി വൈദ്യന്മാരും ചികിത്സിക്കുകയുണ്ടായി. പിന്നീട് 1943ല്‍ അദ്ദേഹത്തിന് വീണ്ടും ചിത്തഭ്രമം പിടിപെടുകയും അത് ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. തന്മൂലം അദ്ദേഹം ഇപ്പോഴും പൂങ്കുടില്‍ നമ്പൂതിരി, ഏനിക്കുട്ടി വൈദ്യര്‍, ചാലിയം അബുസ്സ ആദത്ത് ശിഹാബുദ്ധീന്‍ അഹമ്മത് കോയ തങ്ങള്‍ അവര്‍കള്‍, പാണക്കാട് പി.എം.എസ്. പൂക്കോയ തങ്ങള്‍ അവര്‍കള്‍, കൂട്ടായി ശ്രുതിപ്പെട്ട അയത്രസ്‌കോയ തങ്ങളുടെ മകന്‍ (മറ്റു തങ്ങന്മാരും), പ്രസിദ്ധ വെദ്യന്‍ പട്ടിശ്ശേരി നാരായണന്‍ നായര്‍, മലപ്പുറം വൈദ്യ വിശാരദന്‍ ഗോവിന്ദന്‍ വൈദ്യര്‍ മുതലായ കേരളത്തിലെ പേരെടുത്ത വൈദ്യന്മാരുടേയും മന്ത്രവാദികളുടേയും ചികിത്സയിലാണെന്ന വസ്തുത സുപ്രസിദ്ധമാണ്. ഖാന്‍ സാഹിബ് കിളിയ മണ്ണില്‍ ഉണ്ണീന്‍ സാഹിബിനെ ‘ആര്യസമാജ’ ത്തില്‍ ചേര്‍ത്തിട്ടുള്ളതായി ആര്യസമാജം സിക്രട്ടറി ‘മാതൃഭൂമി’ യില്‍ പ്രസിദ്ധം ചെയ്തിട്ടുള്ളതിനും, ചിത്തഭ്രമം പിടിപെട്ടിട്ടുള്ള ഉണ്ണീന്‍ സാഹിബു തന്നെയും പുറപ്പെടുവിച്ചിട്ടുള്ള നോട്ടീസിനും യാതൊരു അടിസ്ഥാനവും സ്ഥിരതയും ഇല്ലെന്ന് ഈ യോഗം സുദൃഢമായി സവ്യസനം പ്രസ്താവിക്കുകയും തെറ്റിദ്ധരിക്കാതിരിക്കാന്‍ പൊതുജനങ്ങളോട് പ്രത്യേകിച്ച് മുസ്ലീങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. മേല്‍ പ്രസ്താവിച്ച പരമാര്‍ത്ഥങ്ങളെക്കുറിച്ച് അന്വേഷിക്കാതെ ആര്യസമാജം സിക്രട്ടറിയുടെ കുറിപ്പ് പ്രസിദ്ധം ചെയ്ത മാതൃഭൂമി പത്രക്കാരോട് ഈ യോഗത്തിന്റെ വിജ്ഞാപനവും കൂടി പ്രസിദ്ധം ചെയ്ത് പൊതുജനങ്ങളുടെയിടയില്‍ പടര്‍ന്നു പിടിച്ചിട്ടുള്ള തെറ്റിദ്ധാരണ അകറ്റുവാന്‍ ഈ യോഗം അപേക്ഷിക്കുന്നു. ഈ പ്രമേയത്തിന്റെ പകര്‍പ്പുകള്‍ വേണ്ടപ്പെട്ടവരെ അറിയിക്കാനും ഈ വിഷയത്തില്‍ വേണ്ടുന്നതെല്ലാം പ്രവൃത്തിക്കുവാനും ഈ യോഗം ഇന്നത്തെ യോഗാദ്ധ്യക്ഷനെ അധികാരപ്പെടുത്തിയിരിക്കുന്നു.
എന്ന്
ചെമ്മങ്കടവു മഹല്ല് ജമാഅത്തു പ്രസിഡന്റ് (ഒപ്പ്)
യോഗത്തില്‍ ഹാജരായവരുടെ പേരുകളും നോട്ടീസിനു ചുവടെയുണ്ട്. നോട്ടീസ് വ്യാപകമായി വിതരണം ചെയ്‌തെങ്കിലും കാര്യമായ പ്രതികരണങ്ങളൊന്നുമുണ്ടായില്ല. ഈ നോട്ടീസില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് നോട്ടീസിലെ വരികള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. നോട്ടീസില്‍ പേരു പറയുന്ന ഒമ്പതുപേരും പേരെടുത്തു പറയാത്ത മറ്റ് അനവധി വൈദ്യന്മാരും മന്ത്രവാദികളും ചികിത്സിച്ചുവെന്നാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ അക്രമ സ്വഭാവം കാണിക്കുന്ന ഒരു മുഴുത്ത ഭ്രാന്തനായിരിക്കണം ഉണ്ണീന്‍സാഹിബ്. ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ അനവധിയാണ്. ഒരു മുഴുത്ത ഭ്രാന്തന്‍ എങ്ങനെയാണ് ഒരു റബ്ബര്‍ എസ്റ്റേറ്റ് പരിപാലിച്ചത്? ധനവിനിയോഗം അടക്കമുള്ള കാര്യങ്ങള്‍ ചെയ്തത്? മുഴുത്തഭ്രാന്തനെ ഹിന്ദു ധര്‍മ്മത്തിലേക്ക് കൊണ്ടുവന്നു എന്നു വരുത്തിത്തീര്‍ത്ത് ആര്യസമാജത്തിന്റെ പ്രവര്‍ത്തനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കൂടി ഉദ്ദേശിച്ചാണ് നോട്ടീസു പ്രസിദ്ധീകരിച്ചത് എന്നു വ്യക്തമാണ്. ഉണ്ണീന്‍ സാഹിബും അനുജന്‍ ആലിപ്പുവും ഉണ്ണീന്‍ സാഹിബിന്റെ രണ്ടു മക്കളും ഒരേ സമയമാണ് ഹിന്ദു ധര്‍മ്മം സ്വീകരിച്ചത്. അപ്പോള്‍ മറ്റുള്ളവര്‍ എന്തുകൊണ്ടാണ് ഹിന്ദു ധര്‍മ്മം സ്വീകരിച്ചത്? അവര്‍ക്കും ഭ്രാന്തായിരുന്നുവോ? എന്തുകൊണ്ടാണ് ഉണ്ണീന്‍ സാഹിബിനെ മാത്രം കേന്ദ്രീകരിച്ചത്? മുസ്ലീങ്ങളോടാണ് തെറ്റിദ്ധരിക്കാതിരിക്കാന്‍ നോട്ടീസു പറയുന്നത്. ഇതില്‍ നിന്നും രാമസിംഹനെ പിന്തുടര്‍ന്ന് ധാരാളം മുസ്ലീങ്ങള്‍ ഹിന്ദു ധര്‍മ്മം സ്വീകരിക്കാന്‍ ഒരുങ്ങിയിരുന്നുവെന്ന കാര്യം നിസ്തര്‍ക്കമാണ്. അതിനെ തടയിടാന്‍ മാത്രം നെയ്തുകൂട്ടിയ അക്ഷരങ്ങളായിരുന്നു നോട്ടീസ്.

(തുടരും)




















