പുതച്ചുമൂടിക്കിടക്കുന്ന നീലക്കുറുക്കനെ നീലി കുത്തിപ്പൊക്കി. അവള്‍ പറഞ്ഞു. ‘എവിടെയെങ്കിലും പോയി ഒരു കോഴിയെ പിടിച്ചുകൊണ്ടുവാ – കുറുക്കച്ചാ.’ നീലിക്ക് എന്നും ചിക്കന്‍ ബിരിയാണി വേണമെന്ന് നിര്‍ബ്ബന്ധമാണ്. എല്ലാ ദിവസവും എവിടെ നിന്നാണ് കോഴിയെ കിട്ടുക? പോരാത്തതിന് നാട്ടില്‍ നിന്നും ധാരാളം കോഴികള്‍ കളവുപോയതിനാല്‍ ജനം ജാഗ്രതയിലായിരുന്നു. ഒപ്പം കോഴികളും.
ഒരു ദിവസം വൈകിട്ട് ജാനുവെല്ല്യമ്മ കോഴിക്കൂട് അടയ്ക്കാന്‍ മറന്നു. ഇതു തന്നെ ചാന്‍സ്. നീലക്കുറുക്കന്‍ പമ്മിപ്പമ്മി കോഴിക്കൂടിന്റെ അടുത്തെത്തി. നിമിഷനേരത്തിനുള്ളില്‍ സ്വര്‍ണ്ണത്തൂവലുള്ള പൂവന്‍കോഴിയെ കൂട്ടില്‍ നിന്നും വായിലാക്കി മുന്‍പിന്‍ നോക്കാ തെ അവന്‍ ഓടി.
മുറ്റത്ത് വെള്ളമെടുത്തു കൊണ്ടുനിന്ന ജാനുവെല്യമ്മ ആ കാഴ്ച കണ്ട് അലറി വിളിച്ചു.
‘എന്റെ കോഴിയെ കുറുക്കന്‍ കൊണ്ടുപോണെ… ഓടിവരണേ…’
ജാനുവെല്ല്യമ്മയുടെ കരച്ചില്‍ കേട്ടതും വടിയും കല്ലുമായി നാട്ടുകാര്‍ കുറുക്കന്റെ പുറകെ പാഞ്ഞു.
കുറുക്കന്‍ കോഴിയെ കടിച്ചുപിടിച്ച് മുമ്പില്‍. തൊട്ടുപിറകില്‍ ജനക്കൂട്ടം. ഇരുവരും മത്സരിച്ച് ഓടുകയാണ്. ആ വെപ്രാളത്തിലും കുറുക്കന്റെ വായിലിരുന്ന പൂവന്‍കോഴി കുറുക്കനെ ഉപദേശിച്ചു.
‘കോഴിയെ ഞാന്‍ വിലയ്ക്കു വാങ്ങിയതാണ് മോഷ്ടിച്ചതല്ല എന്ന് വിളിച്ചു പറയൂ. അല്ലെങ്കില്‍ അവര്‍ നിങ്ങളെ വളഞ്ഞിട്ടു തല്ലിക്കൊല്ലും.’
കുറുക്കന്‍ അതു പറയാന്‍ വാ തുറന്നതും പൂവന്‍കോഴി ആകാശം നോക്കി പറന്നു. ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ ഒരു മരക്കൊമ്പില്‍ പോയിരുന്നു.
കുറുക്കന്‍ തനിക്കു പറ്റിയ മണ്ടത്തരമോര്‍ത്ത് ഇളിഭ്യനായി. കോഴിയുടെ വാക്കുകള്‍ വിശ്വസിച്ച താനൊരു വിഡ്ഢിയാണ്. അവന്‍ നാട്ടുകാരുടെ കയ്യില്‍ പെടാതെ കാട്ടിലേയ്ക്ക് ഓടി രക്ഷപ്പെട്ടു.
നീലിയുടെ വായില്‍ നിന്ന് വഴക്കുകേള്‍ക്കേണ്ടിവരുമല്ലോ എന്നായിരുന്നു അവന്റെ ആശങ്ക.






















