- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- ധര്‍മ്മസങ്കടം (ഹാറ്റാചുപ്പായുടെ മായാലോകം 57)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ദേവേശിയ്ക്ക് ആദിമൂപ്പന്റെ സമ്മാനമായി മുയല്‍ക്കുട്ടികളെ കിട്ടിയതോടെ അവള്‍ സന്തോഷം കൊണ്ടു മതിമറന്നു. ആറു മുയല്‍ക്കുട്ടികള്‍! എന്തൊരു ഓമനത്തമാണ് അവയ്ക്ക്! പഞ്ഞിപോലെയുള്ള രോമക്കുപ്പായം. ചുവന്ന ചില്ലുകള്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍. മമ്മയ്‌ക്കൊപ്പം ജീപ്പില്‍ കയറിയപ്പോള്‍ മുതല്‍ ദേവേശി മുയല്‍ക്കുട്ടികളെപ്പറ്റി സംസാരിച്ചുകൊണ്ടേയിരുന്നു.
”മമ്മാ, ഈ മുയല്‍ക്കുഞ്ഞുങ്ങള്‍ക്ക് എന്തൊക്കെ പേരുകളാ ഇടുന്നത്? പിന്നെ ഇവരെ നമ്മടെ ബെഡ്‌റൂമില് കിടത്തിയുറക്കാം, അല്ലേ?
ആ മൂപ്പന്‍ മുത്തച്ഛന്‍ പറഞ്ഞത്, ഇവര്‍ക്ക് കിടക്കാന്‍ ചാക്കും വൈയ്‌ക്കോലും മതീന്നാ പക്ഷേ, അത് വേണ്ട. വൈയ്‌ക്കോല് ദേഹത്തു കുത്തിയാല് പാവങ്ങള്‍ക്ക് വേദനയെടുക്കും…. പിന്നെ മമ്മാ, എനിക്കെന്റെ ഫ്രണ്ട്‌സിനെയൊക്കെ വിളിച്ചു കാണിച്ചു കൊടുക്കണം ഇവരെ… അവര്‍ക്കൊക്കെ സന്തോഷമാവും മമ്മാ…. മഞ്ഞുകട്ടിപോലെ വെളുത്ത ഇതിന് സ്‌നോവൈറ്റ്ന്നു പേരിടാം; ഈ തവിട്ടു മുയല്‍ക്കുഞ്ഞിന് പീനട്ട് എന്നിട്ടാലോ? പിന്നെ മമ്മാ, ഞാമ്പറയുന്നതൊന്നും കേള്‍ക്കുന്നില്ലേ, മമ്മാ?”
സത്യത്തില്‍ മമ്മയൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. മമ്മയുടെ മനസ്സു മുഴുവന്‍ ആദിമൂപ്പന്‍ പറഞ്ഞ കാര്യങ്ങളായിരുന്നു. കരിന്തൂറുകണ്ണന്മാരെ നശിപ്പിച്ചില്ലെങ്കില്‍ നാടുനശിച്ചുപോകും. ആളുകള്‍ തമ്മില്‍ത്തല്ലിയും അപകടങ്ങളില്‍പ്പെട്ടും മരിക്കും. കൃഷി നശിക്കും. ചെടികളും മരങ്ങളും ഉണങ്ങിക്കരിഞ്ഞു പോകും. പുഴയും കുളവും കിണറും വറ്റും.
അങ്ങനെ സംഭവിക്കാന്‍ പാടില്ല – ഒരു കാരണവശാലും. പക്ഷേ അതു തടയണമെങ്കില്‍ തന്റെ പ്രിയപ്പെട്ട പേരക്കുട്ടി ദേവേശിയ്ക്കു മാത്രമേ കഴിയൂ; അവളെ ഇത്രയേറെ അപകടങ്ങളുള്ളപ്പോള്‍മൂന്നു ദിവസം വീടിനു പുറത്തു കഴിയാന്‍ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയുന്നില്ല; കരിന്തൂറുകണ്ണന്മാര്‍ അവളെ ആക്രമിച്ചാലോ? പെരുമ്പാമ്പും വിഷപ്പാമ്പുകളുമുണ്ട് പറമ്പില്‍. തേളും പഴുതാരയും വിഷച്ചിലന്തികളുമുണ്ട്. ദുഷ്ടന്മാരായ മനുഷ്യരുമുണ്ട്. പോരെങ്കില്‍ മഴനനഞ്ഞും വെയിലേറ്റും തന്റെ കുട്ടി വശംകെട്ടുപോവില്ലേ? വീടിനു പുറത്ത് അവള്‍ എവിടെ കിടന്നുറങ്ങും? എന്ത് ഭക്ഷണം കഴിക്കും? അവള്‍ കൊച്ചുകുട്ടിയാണ്; പേടിയാവില്ലേ അവള്‍ക്ക്? അതുമാത്രമോ, ദേവേശിയുടെ അച്ഛനോടും അമ്മയോടും താന്‍ എന്തു പറയും?
അവരറിഞ്ഞാല്‍ സഹിക്കാന്‍ പറ്റുമോ ഇങ്ങനെയൊരു പരീക്ഷണം?
വേണ്ട. ആ പരീക്ഷണത്തിനു താന്‍ തയ്യാറല്ല. കരിന്തൂറുകണ്ണന്മാര്‍ നാടു നശിപ്പിക്കട്ടെ. എല്ലാവരും ചത്തൊടുങ്ങട്ടെ. എന്നാലും ദേവുക്കുട്ടിയെ കഷ്ടപ്പെടുത്താന്‍ തനിക്കു കഴിയില്ല.
മമ്മ ദീര്‍ഘമായി നിശ്വസിച്ചു.
പക്ഷേ അടുത്ത നിമിഷം മമ്മയുടെയുള്ളില്‍ കുറ്റബോധം നിറഞ്ഞു. അന്യനാട്ടില്‍ച്ചെന്ന്, അവിടെയുള്ള കുറച്ചു വിചിത്രജീവികളെ രക്ഷിക്കാന്‍ വേണ്ടി, സ്വന്തം ജീവന്‍ പോലും നഷ്ടപ്പെടുത്തിയ രൈരൂമുത്തച്ഛന്റെ പിന്മുറക്കാരിയായ താന്‍, ഇങ്ങനെ സ്വാര്‍ത്ഥത കാണിക്കാമോ? ഈ നാടിന്റെ, ഭൂമിയുടെ നിലനില്പിനുവേണ്ടി ഏതു കഷ്ടപ്പാടും ഏറ്റെടുക്കുകയല്ലേ വേണ്ടത്?
”മമ്മാ…. ഈ ബ്ലാക്ക് മുയല്‍ക്കുട്ടിക്ക് ക്ലൗഡ് എന്നു പേരിടാം, അല്ലേ? മമ്മാ ഞാമ്പറയുന്നത് ശ്രദ്ധിക്ക് മമ്മാ…”
ദേവേശി മമ്മയുടെ തോളത്തു പിടിച്ചു കുലുക്കി. മമ്മ ചിന്തയില്‍ നിന്നുണര്‍ന്നു. ജീപ്പ് റോഡ് സൈ ഡിലേയ്ക്ക് ഒതുക്കി നിര്‍ത്തിയിട്ട്, അവളുടെ നെറ്റിയിലുമ്മ വെച്ചു. അപ്പോഴാണ് ദേവേശിയതു കണ്ടത്. മമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്.!
”എന്തുപറ്റി മമ്മാ? എന്തിനാ കരയുന്നേ? പറയ് മമ്മാ, പറയ്! ഞാനില്ലേ മമ്മേടെയൊപ്പം? പിന്നെന്തിനാ കരയുന്നത്?”
ദേവേശി മമ്മയുടെ കണ്ണുനീരൊപ്പിക്കൊടുത്തു. അതോടെ മമ്മ അവളെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി. ദേവേശിക്ക് അത്ഭുതവും പേടിയും സങ്കടവും തോന്നി. തന്റെ മമ്മയ്ക്ക് ഇതെന്തുപറ്റി? മുന്‍പൊരിക്കല്‍ കാട്ടില്‍ നിന്നിറങ്ങി വന്ന ഒരു തടിയന്‍ പുലിയെക്കണ്ട്, ചന്ദ്രപ്പൂപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ പേടിച്ചോടിയപ്പോള്‍ പുലിയുടെ കണ്ണില്‍ നോക്കി വടി വീശി അതിനെ ഓടിച്ചയാളാണ് മമ്മ എന്നു കേട്ടിട്ടുണ്ട്. ഇപ്പോഴെന്താ സംഭവിച്ചത്?
(തുടരും)






















