- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- എന്തൊരു പരീക്ഷണം (ഹാറ്റാചുപ്പായുടെ മായാലോകം 56)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ദേവേശിയും മുയല്‍ക്കുഞ്ഞുങ്ങളും മുറ്റത്തോടിക്കളിയ്ക്കുകയാണ്. അവരെ നോക്കിക്കൊണ്ട് ആദിമൂപ്പന്‍ ശബ്ദം താഴ്ത്തിപ്പറഞ്ഞു.
”മാന്ത്രികത്തൊപ്പീം ചുപ്പായും തട്ടിന്‍പൊറത്ത് അടച്ചിരുന്നാല്‍, കൊഴപ്പങ്ങളൊന്നും പരിഹരിക്കാന്‍ പറ്റില്ല. അവരു പൊറത്തെറങ്ങി സഞ്ചരിക്കണം. മഴ നനഞ്ഞും മണ്ണിലുരുണ്ടും ഇളവെയ്‌ലുകൊണ്ടും മരച്ചില്ലകളിലും പൊഴേലും പൂഴിയിലുമൊക്കെ കുത്തി മറിഞ്ഞും അവര് സന്തോഷിക്കണം… അന്നേരമവര്‍ക്ക് നഷ്ടപ്പെട്ടുപോയ സിദ്ധികളും തിരിച്ചു കിട്ടും… എന്നാലേ പ്രശ്‌നത്തിന് പരിഹാരമാകൂ”
”അതേയ് ആദിമൂപ്പാ” മമ്മ മൂപ്പന്റെയടുത്തേയ്ക്കു നീങ്ങി നിന്നാണ് ചോദിച്ചത് ”ദേവൂട്ടിയ്‌ക്കെന്താ ചെയ്യാനൊള്ളത് ആ കാര്യത്തില്? തൊപ്പീം ചുപ്പായും പുറത്തിറങ്ങി മഴേം വെയിലും കൊണ്ടു നടന്നാല്‍ മതിയെങ്കില്‍, ഉടനെ തന്നെ അവരെ പുറത്തിറക്കി വിട്ടാല്‍ മതിയല്ലോ”
”ങ്ഹും… ങ്ഹും…” മൂപ്പന്‍ അങ്ങനെയല്ലെന്നു തലയാട്ടി. ”എന്തുകൊണ്ടാണ് രൈരൂ ആശാന്‍ തൊപ്പിയേം ചുപ്പായേം ഇവ്‌ടെ കൊണ്ടുവന്ന് താമസിപ്പിച്ചതിനു ശേഷം അവര് പൊറത്തെറങ്ങാതെ തട്ടിന്‍പൊറത്തുതന്നെ ഒളിച്ചു താമസിച്ചതെന്ന് കിടാവുവേണം തൊപ്പിയോടു ചോദിച്ചു മനസ്സിലാക്കാന്‍… വെറുതെയല്ല അവരങ്ങനെ ചെയ്തത്… തക്കതായ കാരണമൊണ്ടാകും… പിന്നെ….”
മൂപ്പന്‍ വീണ്ടും ദേവേശിയെ തിരിഞ്ഞു നോക്കി. അവളിപ്പോള്‍ മുയല്‍കുഞ്ഞുങ്ങള്‍ക്ക് അരിപ്പൂച്ചെടിയുടെ പൂവിതളുകള്‍ വായില്‍ വെച്ചു കൊടുക്കുകയാണ്.
”പിന്നെ….?” മമ്മ ആകാംക്ഷയോടെ ചോദിച്ചു
”പിന്നെ,” മൂപ്പന്‍ തുടര്‍ന്നു ”ഈ കിടാവ് വേണം തൊപ്പിയേം ചുപ്പായേം കൊണ്ട് മൂന്ന് ദെവസം പൊറത്തെറങ്ങി നടക്കാന്‍… വെയ്‌ലത്തും മഴയത്തും നിലാവിലും, പൂഴിയിലും പുല്ലിലും ചെളിയിലും പച്ചമണ്ണിലുമെല്ലാം അവര്‌ടെ കൂടെ കളിച്ചു നടക്കണം…. മൂന്നു ദെവസം വീട്ടിനുള്ളില് കേറാമ്പാടില്ല…. വീട്ടിലൊണ്ടാക്കുന്നതൊന്നും കഴിക്കാമ്പാടില്ല….?
മമ്മ അതുകേട്ടു നടുങ്ങിപ്പോയി. തന്റെ ഓമനക്കുട്ടിയെ ഒറ്റയ്ക്ക് പുറത്തു താമസിപ്പിക്കാനോ? അതും രാത്രിയും പകലുമൊക്കെ? സിറ്റിയില്‍ വളര്‍ന്ന കുട്ടിയാണവള്‍. ചെമ്പൂക്കാവില്‍ ഓര്‍മ്മവെച്ചതില്‍പ്പിന്നെ ആദ്യമായാണ് അവള്‍ വന്നു താമസിക്കുന്നത്. അവളെ തനിച്ചുവിടുന്ന പ്രശ്‌നമേയില്ല.
”മൂപ്പാ, ഒര് കാര്യം ചെയ്യാം… കുട്ടി തനിച്ചു പുറത്തു കഴിയുന്നത് ശര്യല്ല. ഞാനും ഒപ്പമുണ്ടാകും… തൊപ്പിയ്ക്കും ചുപ്പാകാബ്രായ്ക്കുമൊപ്പം, ഞാനുമെന്റെ ദേവൂം കൂടി മൂന്നു ദിവസം വീട്ടിനു പുറത്തു കഴിയാം…. അതാവുമ്പോള്‍” മമ്മയെ പറഞ്ഞുതീര്‍ക്കാന്‍ അനുവദിക്കാതെ മൂപ്പന്‍ ഇടയ്ക്കു കയറിപ്പറഞ്ഞു.
ഏയ്…. അത് പറ്റില്ല്യ… കിടാവ് തനിച്ചു വേണം… അവറ്റേടെ കൂട്ടത്തില്‍ കഴിയാന്‍… ന്നുവെച്ചാല്‍, പ്രകൃതിയെ വിശ്വസിക്കാന്‍ പഠിക്കണംന്നാ അര്‍ ത്ഥം… രൈരൂ ആശാന്‍ പ്രകൃതിയെ വിശ്വസിച്ചാണ് ജീവിച്ചത്…. പ്രകൃതീടെ നിലനില്പിനുവേണ്ട്യാ ആള് മരിച്ചതും…. അപ്പോ, നമ്മടെ ഈ കിടാവും പ്രകൃതിയെ വിശ്വസിച്ച്, പ്രകൃതീല് ഒറ്റയ്ക്കു കഴിയണം… എന്നാലേ കരിന്തൂറുകണ്ണന്മാരെ ഇല്ലായ്മ ചെയ്യാമ്പറ്റൂ…”
മമ്മയുടെ മുഖം അസ്വസ്ഥമായി. കരിന്തൂറുകണ്ണന്മാരെ നശിപ്പിച്ചേ പറ്റൂ; പക്ഷേ അതിനുവേണ്ടി ദേവേശിയെ പരീക്ഷണവസ്തുവാക്കാന്‍ പറ്റില്ല. ഒരിക്കലും താനത് അനുവദിക്കില്ല. ”പിന്നെ, മൂന്നു ദെവസം പൂര്‍ത്തിയായാല്‍ മാത്രമേ തൊപ്പിയ്ക്കും ചുപ്പായ്ക്കും മാന്ത്രിക സിദ്ധികള് തിരിച്ചു കിട്ടൂ… ആ മൂന്നു ദെവസം, കരിന്തൂറുകണ്ണന്മാര് കിടാവിനേം തൊപ്പിയേം ചുപ്പായേം ആക്രമിച്ചാല്… പിന്നെ രക്ഷയില്ല… അതുകൊണ്ട്, മൂന്നു ദെവസം ആ ഭീകരന്മാര്‌ടെ കണ്ണില്‍ പ്പെടാതെ വേണം കഴിയാന്‍… ഒരു കാര്യം കൂടീണ്ട്… കിടാവ് തൊപ്പിയോടു ചോദിച്ചറിയണം, എന്തുകൊണ്ടാണ് ഈ മുന്നൂറ്റാമ്പത് കൊല്ലം അവര് പൊറത്തെറങ്ങാതിരുന്നതെന്ന്… എത്രേം പെട്ടെന്ന് ഇതൊക്കെ നടക്കട്ടെ… എത്രേം പെട്ടെന്ന്…” മൂപ്പന്‍ പറഞ്ഞു നിര്‍ത്തി.
(തുടരും)






















