- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- അഭിമാനക്കണ്ണീര്‍ (ഹാറ്റാചുപ്പായുടെ മായാലോകം 54)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
”ആരോഗ്യവകുപ്പിലെ സാറമ്മാരും പോലീസുകാരും ഒക്കെ വന്നിട്ടൊണ്ട്. പക്ഷേ, ആരു വന്നിട്ടെന്താ കാര്യം? എണ്ണിയാല് തീരാത്ത അത്രേമല്ലേ?”
”ഇവറ്റയൊക്കെ എവിടുന്നു വന്നു? അതാ മനസ്സിലാകാത്തത്? ഇത്രയും കാലം കണ്ടിട്ടില്ലാത്ത നാശങ്ങള്!”
”എനിക്കു തോന്നുന്നത് പൂവള്ളീലെ ഭീമനാഞ്ഞിലി വീണില്ലേ, അതിനകത്തെങ്ങാനും ഇവറ്റയിരുന്നതായിരിക്കുമെന്നാ.”
”അല്ലേല്, ഇവറ്റേടെ മൊട്ട കാണുമായിരിക്കും. അതൊക്കെ വിരിഞ്ഞ് പൊറത്തെറങ്ങ്യതാണെന്നാ എന്റെ തോന്ന്‌ല്.”
”ഏതാണേലും ഉഗ്രവെഷമാ… കൂപ്പില്‍ പണിയെടുക്കാന്‍ പോകുന്ന കൊമ്പനാനയല്ലേ ചെരിഞ്ഞത്!”
പഞ്ചായത്ത് പ്രസിഡന്റ് ഷണ്‍മുഖന്‍, വാര്‍ഡ് മെമ്പര്‍ ടോമി, പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ നവീന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ചര്‍ച്ച നടക്കുന്നത്. പ്രശ്‌നം തികച്ചും ഗുരുതരമാണ്; നാട്ടില്‍ എല്ലായിടത്തും കരിന്തൂറുകണ്ണന്മാര്‍! അടുക്കളയിലും കിടപ്പുമുറിയിലും തൊഴുത്തിലും കടകളിലും എന്തിന്, പോലീസ് സ്റ്റേഷനില്‍പോലും അവറ്റ എത്തിയിരിക്കുന്നു! ഹെഡ്‌കോണ്‍സ്റ്റബിള്‍ തോമാച്ചനെ കടിക്കുകയും ചെയ്തു! തോമാച്ചന്‍ നാട്ടുകാരെ കിടുകിടെ വിറപ്പിച്ചിരുന്ന ആളായിരുന്നു; പറഞ്ഞിട്ടെന്തു കാര്യം, ഇപ്പോള്‍ ഐസിയുവില്‍ ബോധമില്ലാതെ കിടപ്പിലാണ്.
”ഇവറ്റയെ കൂട്ടത്തോടെ നശിപ്പിച്ചിട്ടും പ്രയോജനമുണ്ടാകുന്നില്ലല്ലോ. വീണ്ടും അതില്‍ക്കൂടുതലല്ലേ വരുന്നത്?”
”ഇനീപ്പോ എന്താ ചെയ്യാ സാറമ്മാരേ? നിങ്ങളു വേണ്ടേ മറുപടി പറയ്യാന്‍?’
കരിന്തൂറുകണ്ണന്റെ കടിയേറ്റ് വാഴക്കൃഷി മുഴുവന്‍ നശിച്ചുപോയ വാസപ്പന്റെയാണ് ആ ചോദ്യം.
”ഇന്ന് വൈകുന്നേരം ഈ വിഷയം ചര്‍ച്ച ചെയ്യാനായി കളക്ടര്‍ യോഗം വിളിച്ചിട്ടുണ്ട്. നോക്കാം. എന്തെങ്കിലും പരിഹാരമുണ്ടാകും. നിങ്ങള് സമാധാനിക്ക്, ഡോക്ടര്‍ നവീന്റെ മറുപടി ആളുകളെ ഒന്നു തണുപ്പിച്ചു. പക്ഷേ ആ ‘തണുപ്പിക്കല്‍’ കൊണ്ടു ഫലമുണ്ടായില്ല. കരിന്തൂറുകണ്ണന്മാരിറങ്ങിയ നെല്‍പാടങ്ങള്‍ കരിഞ്ഞുണങ്ങി. തെങ്ങിന്റെ മണ്ട ഉണങ്ങിപ്പോയി. എന്തിന്, ചിലരുടെ വീടിന്റെ ഭിത്തികള്‍ പോലും ഇടിഞ്ഞു വീണു!
* * *
മമ്മ ദേവേശിയുടെ മുടി ചീക്കി, കുളിപ്പിന്നല്‍ പിന്നിക്കൊടുക്കുന്നതിനിടയിലാണ് പറഞ്ഞത്:
”കുട്ടാ, നമുക്ക് ആദിമൂപ്പനെ കാണാന്‍ പോകാം.”
ദേവേശി അദ്ഭുതത്തോടെ തിരിഞ്ഞു നോക്കി
”എന്തിനാ മമ്മാ?”
”വേണം. കരിന്തൂറുകണ്ണന്മാരുടെ ശല്യം കൂടുകല്ലേ? എന്താ ചെയ്യേണ്ടതെന്നു ചോദിക്കാം മൂപ്പനോട്… മൂപ്പന് നമ്മളെ സഹായിക്കാമ്പറ്റും… പിന്നെ” മമ്മ ഒന്നു നിര്‍ത്തിയിട്ടു തുടര്‍ന്നു ”അതിനിടേല്, ഇതുവരെ മോള് തട്ടിന്‍പുറത്തു നിന്ന് മനസ്സിലാക്കിയതെല്ലാം മമ്മയോടു പറയണം…. അതുംകൂടി മൂപ്പനോടു പറയാല്ലോ”
ദേവേശി ജീപ്പിന്റെ മുന്‍സീറ്റില്‍ കയറിയിരുന്നു. മമ്മ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു. പാണ്ഡവന്‍ കാടെത്തുന്നതുവരെ ദേവേശി, താന്‍ തട്ടിന്‍പുറത്തു കണ്ടതും തൊപ്പി പറഞ്ഞതുമെല്ലാം വിസ്തരിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ചുപ്പാകാബ്രാകളെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്ന രൈരൂ മുത്തച്ഛന്റെ കഥ കേട്ടപ്പോള്‍, മമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ദേവേശി കണ്ടു. ഒന്നിനും കൂസലില്ലാത്ത മമ്മ കരയുകയോ?
”മമ്മാ, എന്തിനാ കരയുന്നേ?” അവള്‍ മമ്മയുടെ കയ്യില്‍ തൊട്ടു കൊണ്ടാണു ചോദിച്ചത്.
”കരഞ്ഞതല്ല മുത്തേ, സന്തോഷം കൊണ്ടും അഭിമാനംകൊണ്ടും മമ്മേടെ മനസ്സു നിറഞ്ഞുപോയതാ… രൈരൂ മുത്തച്ഛന്‍ എത്ര വലിയ ആളായിരുന്നു! ഈ ഭൂമീടെ, പ്രകൃതീടെ നിലനില്പിനുവേണ്ടി മരിക്കാന്‍ പോലും തയ്യാറായ ആള്‍!”
(തുടരും)






















